നവമാധ്യമങ്ങളും 'വാചക പാതകവും'

പത്രാധിപർ

2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17

മനസ്സില്‍ മാറാല കെട്ടിയ ചില മനുഷ്യരുണ്ട്. ആ മാറാലയില്‍ പൊടിപടലങ്ങളും പ്രാണികളും പറ്റിപ്പിടിച്ചുകൊണ്ടേയിരിക്കും. അങ്ങനെ അത് എപ്പോഴും അശുദ്ധമായിരിക്കും. ഈച്ചയെ പോലെ ആ മനസ്സിന്റെ ഉടമകള്‍ വൃത്തികേടുകള്‍ മാത്രം തിരയും. അവയില്‍ മാത്രം പോയി ഇരിക്കും. അവയില്‍ നിന്ന് പകര്‍ന്നെടുക്കും.

പറഞ്ഞു വരുന്നത് നവമാധ്യമങ്ങളെ ദുരുപയോഗം ചെയ്യാന്‍ വേണ്ടി മാത്രം നടക്കുന്നവരെ കുറിച്ചാണ്. നവമാധ്യമങ്ങളെ നന്മക്കായി ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ടാല്‍ ഇക്കൂട്ടര്‍ക്ക് സഹിക്കില്ല. ആ നന്മയുടെ ഇത്തിരി വെട്ടത്തെ തല്ലിക്കെടുത്താന്‍ ഇവര്‍ തുനിഞ്ഞിറങ്ങും. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വാര്‍ത്തകള്‍ ഇവര്‍ പ്രചരിപ്പിക്കും. മത,വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പോസ്റ്റുകളും വ്യാജ വീഡിയോകളും പോസ്റ്റ് ചെയ്യും.

എങ്ങനെയൊക്കെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുക മാത്രമാണോ ചിലരുടെ ജോലിയെന്ന് ചിലപ്പോള്‍ ചിന്തിച്ചുപോകാറുണ്ട്; സോഷ്യല്‍ മീഡിയകളിലെ ചില പോസ്റ്റുകള്‍ കാണുമ്പോള്‍. അതിന് ഒരു ഉദാഹരണമാണ് ഈയിടെ പ്രത്യക്ഷപ്പെട്ട, ചേര്‍ത്തലയിലെ ഒരു ആശുപത്രിയില്‍ വാലുള്ള ഒരു കുഞ്ഞ് പിറന്നിരിക്കുന്നുവെന്നും കുഞ്ഞിനെ കാണുവാന്‍ വന്‍ജനപ്രവാഹമാണ് എന്നുമുള്ള ഒരു പോസ്റ്റ്. വാലുള്ള ഒരു കുഞ്ഞിന്റെ ഫോട്ടോകളും ഉണ്ടായിരുന്നു. എന്നാല്‍ അത് ഏതോ വിദേശ രാജ്യത്ത് നടന്ന സംഭവമാണെന്ന് അതിന്റെ നിജസ്ഥിതി അന്വേഷിച്ചിറങ്ങിയവര്‍ കണ്ടെത്തി. ഈ കുറിപ്പ് വായിക്കുന്ന ഓരോരുത്തര്‍ക്കും ഇത്തരം കബളിപ്പിക്കലിന്റെ വാര്‍ത്തകള്‍ കണ്ടതായും വായിച്ചതായും പറയാനുണ്ടാകും.

ആദര്‍ശപരമായ ഏറ്റുമുട്ടലുകള്‍ സജീവമാണിന്ന് നവമാധ്യമങ്ങളിലൂടെ. മതം, രാഷ്ട്രീയം, യുക്തിവാദം തുടങ്ങി സകല വിഷയങ്ങളിലും വ്യക്തികള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് കാണാം. ഖേദകരമെന്നു പറയട്ടെ പലരും തികച്ചും സംസ്‌കാരശൂന്യമായ രീതിയിലാണ് പ്രതികരിക്കാറുള്ളത്. യാതൊരുവിധ പ്രതിപക്ഷ മര്യാദയും പാലിക്കാതെയുള്ള വിമര്‍ശനങ്ങളായിരിക്കും നടത്തുക. ഏറ്റവും വൃത്തികെട്ട വാക്കുകളായിരിക്കും ഇവരില്‍നിന്ന് കമന്റുകളായി പുറത്തുവരുന്നത്.

വാക്കുകള്‍ കൊണ്ട് താന്‍ ചെയ്യുന്നത് മഹാപാതകമാണെന്നും അവയുണ്ടാക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ലെന്നും കടുത്ത ശത്രുതക്ക് അവ വഴിവെക്കുമെന്നും ഈ വിവേക ശൂന്യര്‍ ചിന്തിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍പ്രളയ സമയത്ത് ജനങ്ങളെ രക്ഷിക്കുന്നതില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഹിച്ച പങ്ക് വലിയതാണ്. യുവസമൂഹം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അന്ന് നേരിട്ടും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും നടത്തിയത്. എന്നാല്‍ അന്നും ചിലര്‍ ആത്മാര്‍ഥതയുള്ള ഉദാരമതികളെ ചതിക്കുവാനും അവരുടെ സങ്കടത്തില്‍ ആത്മസായൂജ്യമടയുവാനും ശ്രമിച്ചിരുന്നു. ഇന്ന സ്ഥലത്ത് ഇത്ര ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്, അവര്‍ക്ക് ഭക്ഷണം എത്തിക്കാമോ എന്ന് വ്യാജ സന്ദേശമയച്ചു ചിലര്‍. ചിലര്‍ ഫോണ്‍ ചെയ്ത് പറഞ്ഞു. അത് കേട്ട് വലിയ ചെമ്പു നിറയെ ഭക്ഷണമുണ്ടാക്കി സുമനസ്സുകള്‍ ചെല്ലുമ്പോള്‍ ആരെയും കാണാനില്ല. ഫോണ്‍ എടുക്കുന്നുമില്ല. ക്രൂരതയല്ലേ ഇതെല്ലാം?

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, അന്യരുടെ അഭിമാനം വ്രണപ്പെടുത്തുക, ചീത്തവിളിക്കുക, കബളിപ്പിക്കുക... ഇതെല്ലാം ഇസ്‌ലാം വിലക്കിയ തിന്മകളാണ്. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. എഴുതിവിടുന്നതെന്തെന്ന് നന്നായി ചിന്തിക്കണം. വാക്കുകള്‍ സൂക്ഷിക്കുക. കാണുന്നതെന്തും ഫോര്‍വേഡ് ചെയ്യുന്ന സ്വഭാവം അപകടമാണ് ക്ഷണിച്ചുവരുത്തുക.