വര്‍ധിക്കുന്ന കൊലപാതകങ്ങളോ സംസ്‌കാരത്തിന്റെ അടയാളം?

പത്രാധിപർ

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

കോഴിക്കോട് താമരശ്ശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടയില്‍ നടന്ന, ഒരു കുടുംബത്തിലെ 6 പേരുടെ മരണം കൊലപാതകമായിരുന്നു എന്ന വാര്‍ത്ത കേട്ട് മൂക്കത്ത് വിരല്‍വെക്കാത്തവരുണ്ടാകില്ല. ഒരു സ്ത്രീയാണ് തന്റെ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയുമടക്കം ആറു പേരെ വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയിരിക്കുന്നത് എന്നതാണ് കൊലപാതകങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ ഈ കൊലപാതകങ്ങളെ വ്യത്യസ്തമാക്കുന്നതും ആളുകളെ അമ്പരപ്പിക്കുന്നതും.  

എത്രയെത്ര അരുംകൊലകളാണ് നമ്മുടെ നാട്ടില്‍ നടന്നിട്ടുള്ളത്. നമ്മള്‍ അതിന്റെയൊക്കെ പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്തകള്‍ കേള്‍ക്കും, വായിക്കും; അയ്യോ പാവം എന്നു പറയും. നാളെ അതിനെക്കാള്‍ ക്രൂരമായ പീഡനത്തിന്റെയും കൊലയുടെയും വാര്‍ത്ത നമ്മെ തേടിയെത്തും.അതോടെ ഇന്നു വന്ന വാര്‍ത്തയെ നാളെ എല്ലാവരും മറക്കും.

അമ്മയെന്നോ പെങ്ങളെന്നോ വൃദ്ധരെന്നോ പിഞ്ചുകുഞ്ഞുങ്ങളെന്നോ വ്യത്യാസമില്ലാതെ പീഡിപ്പിച്ച് കൊലപ്പെടുത്തുക, കവര്‍ച്ചക്ക് ശേഷം ദൃക്‌സാക്ഷിയെ കൊലപ്പെടുത്തുക, കാമുകന്റെ/കാമുകിയുടെ കൂടെ ജീവിക്കാന്‍ ഭാര്യയെ/ഭര്‍ത്താവിനെ കൊല്ലുക, അവിഹിതം കണ്ടതിന് സ്വന്തം മക്കളെ/മാതാപിതാക്കളെ കൊല്ലുക എന്നിങ്ങനെ സ്വാര്‍ഥതാല്‍പര്യത്തിന് വേണ്ടിയുള്ള കൊലപാതകങ്ങളാണ് അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ നടക്കുന്നത്.

കൊലപാതകം ഒരു പ്രവണതയാണ്. കൊലനടത്തുന്നവന്‍ താനൊരു ജീവനെയാണ് ഇല്ലാതാക്കുന്നത് എന്ന് ചിന്തിക്കുന്നില്ല. ജാതി, മതം, വര്‍ഗം, വര്‍ണം, ദേശം, ഭാഷ, രാഷ്ട്രീയം തുടങ്ങി വിവിധ കാര്യങ്ങളുടെ പേരില്‍ ലോകത്ത് കൊലപാതകങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്വത്തിനു വേണ്ടിയുള്ള കൊലപാതകങ്ങളും കുറവല്ല.

സമൂഹം കൊലപാതകികള്‍ക്ക് ആദരവ് കൊടുക്കുന്നു എന്ന വേദനാജനകമായ കാഴ്ചയും നമ്മുടെ രാജ്യത്ത് കണ്ടുതുടങ്ങിയിട്ടുണ്ട്. പത്തു വയസ്സ് പോലും തികയാത്ത പിഞ്ചു കുഞ്ഞിനെ ക്ഷേത്രത്തില്‍ തടവില്‍ പാര്‍പ്പിച്ച് ദിവസങ്ങളോളും കൂട്ടാളികളുമായി ചേര്‍ന്ന് മയക്ക് മരുന്ന് നല്‍കി അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വേണ്ടി 'ജനാധിപത്യത്തിലൂടെ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധി' യാണ് കൊടിപിടിച്ചിറങ്ങിയത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിത്താഴെയിട്ട് ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വികലാംഗനും ഭിക്ഷാടകനുമായ കൊലയാളിക്കുവേണ്ടി, ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന പ്രമുഖനായ അഭിഭാഷകന്‍ വാദിച്ച ചരിത്രവും നാം കണ്ടതാണ്. ആള്‍ക്കുട്ട കൊലപാതകങ്ങളും പുതുമയുള്ള വാര്‍ത്തയല്ലാതായിരിക്കുന്നു നമുക്ക്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2016ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ ആകെ 4,889 കൊലപാതകങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഏറ്റവുമധികം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഉത്തര്‍പ്രദേശിലാണ്. രാജ്യത്ത് നടന്ന ആകെ കൊലപാതകങ്ങൡ 16.1 ശതമാനമാണ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്. 8.5 ശതമാനത്തോടെ തൊട്ടുപിന്നില്‍ ബീഹാറും. എന്നാല്‍ കുറ്റകൃത്യനിരക്കില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ്. തൊട്ടുപിന്നില്‍ കേരളവും. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, കവര്‍ച്ച, അക്രമണം, തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.

സാംസ്‌കാരികമായി ഉയര്‍ന്നവര്‍, വിദ്യാസമ്പന്നര്‍, ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഉന്നതികള്‍ കീഴടക്കിക്കൊണ്ടിരിക്കുന്നവര്‍... ഇങ്ങനെയൊക്കെ വിശേഷിപ്പിക്കപ്പെടുന്നവരും അതിന്റെ പേരില്‍ സ്വയം അഭിമാനിക്കുന്നവരുമായവര്‍ക്കിടയില്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുന്നുവെന്നത് ആശങ്കാജനകമാണ്. കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ ലഭിക്കാത്തതും രക്ഷപ്പെടാന്‍ ഏറെ പഴുതുകളുള്ളതും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുവാന്‍ വലിയ കാരണമാണ്.