സഹകരണം മനുഷ്യത്വത്തിന്റെ അടയാളം

പത്രാധിപർ

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

മലയാളികള്‍ നന്മയുടെ കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാകും ചിലപ്പോള്‍. രണ്ട് പ്രളയക്കെടുതികള്‍ അതിന്റെ ഉത്തമോദാഹരണങ്ങളാണ്. കൊടും ദുരിതത്തിലകപ്പെട്ടവരെ ജാതി, മത, പാര്‍ട്ടി വ്യത്യാസമില്ലാതെ കായികമായും സാമ്പത്തികമായും അകമഴിഞ്ഞ് സഹായിക്കുവാന്‍ മലയാളികള്‍ തയ്യാറായത് വിദേശ മാധ്യമങ്ങള്‍ പോലും വന്‍ പ്രാധാന്യത്തോടെ ലോകത്തെ അറിയിച്ചത് നാം കണ്ടതാണ്. സംസ്ഥാന ഗവണ്‍മെന്റും വിവിധ സംഘടനകളും എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. അവയുടെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.  

പരസ്പര സഹകരണത്തോടെ ജീവിക്കേണ്ടവരാണ് മനുഷ്യര്‍. ധനികരും ദരിദ്രരുമെല്ലാം പരാശ്രയം ആവശ്യമില്ലാത്ത, എല്ലാവര്‍ക്കും ആശ്രയമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. മനുഷ്യരുടെ നിലനില്‍പും പരസ്പരാശ്രയത്തിലൂടെയാണ്. ധനികന്‍ ധനവായിത്തീര്‍ന്നതിനു പിന്നില്‍ ഒരുപാട് പാവങ്ങളുടെ അധ്വാനമുണ്ടാകും. ദരിദ്രര്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ കഴിയുന്നത് ധനികരുള്ളത് കൊണ്ടാണ്.

പ്രകൃതിദുരന്തങ്ങള്‍ പോലുള്ളവയുണ്ടാകുമ്പോള്‍ മാത്രമല്ല മനുഷ്യത്വം ഉണരേണ്ടതും സഹായഹസ്തം നീട്ടേണ്ടതും. രോഗങ്ങള്‍ കൊണ്ടും പട്ടിണിയാലും കിടപ്പാടമില്ലാതെയുമൊക്കെ കഷ്ടപ്പെടുന്നവര്‍ സമൂഹത്തില്‍ എമ്പാടുമുണ്ട്. അവരെ സഹായിക്കുവാനുള്ള സന്നദ്ധതയും സന്മനസ്സും പ്രധാനമാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അത് അവരുടെ ബാധ്യതയാണ്.

ദാരിദ്ര്യവും സമ്പന്നതയും ദൈവിക പരീക്ഷണമാണ്. ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആ വിഷമാവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ധനികന്‍ തന്റെ സമ്പന്നതയില്‍ മതിമറന്ന് സ്രഷ്ടാവിനെ ധിക്കരിക്കാതിരിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യേണ്ടതുണ്ട്. തന്റെ ധനം കൊണ്ട് നരകത്തിലെത്തിച്ചേരാനും സ്വര്‍ഗത്തിലെത്തിച്ചേരാനും കഴിയുമെന്ന് അവന്‍ ഗ്രഹിക്കണം. അന്യായമായി സമ്പാദിക്കുകയും അധാര്‍മികതയുടെ മാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെലവഴിക്കേണ്ട മാര്‍ഗങ്ങളെ അവഗണിക്കുകയും ചെയ്താല്‍ ധനംകൊണ്ടുള്ള പരീക്ഷണത്തില്‍ അവന്‍ പരാജിതനാണെന്ന് വരുന്നു.

അഗതികളും അശരണരും അനാഥരുമായവരോട് അങ്ങേയറ്റം അനുഭാവം പുലര്‍ത്തുവാന്‍ കല്‍പിച്ച മതമാണ് ഇസ്‌ലാം. അവര്‍ക്കു വേണ്ടി ചെലവഴിക്കുന്നതിനെ 'അല്ലാഹുവിന്റെ മാര്‍ഗ'ത്തിലുള്ള ചെലവഴിക്കലായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് ഇസ്‌ലാം അറിയിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയിരട്ടിയായി നല്‍കുന്നു...'' (2:261).

സത്യമതത്തിനു വേണ്ടിയും സഹജീവികള്‍ക്കു വേണ്ടിയും ചെലവഴിക്കുമ്പോള്‍ അത് തങ്ങള്‍ക്കു വേണ്ടിയുള്ള ചെലവഴിക്കല്‍ തന്നെയാണ്. അഥവാ അതിന്റെ പ്രതിഫലം ചെലവഴിക്കുന്നവര്‍ക്കു തന്നെയാണ് എന്നും ക്വുര്‍ആന്‍ ഉണര്‍ത്തുന്നു: ''നിങ്ങള്‍ ധനം ചെലവഴിക്കുന്നുവെങ്കില്‍ അത് സ്വന്തം നന്മയ്ക്ക് തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചല്ലാതെ നിങ്ങള്‍ ചെലവഴിക്കുന്നില്ലല്ലോ. നിങ്ങളെന്ത് ചെലവഴിച്ചാലും അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായും നല്‍കപ്പെടുന്നതാണ്. നിങ്ങളോട് അല്‍പം പോലും അനീതി കാണിക്കുകയില്ല'' (2:272).