വിശ്വാസം പകര്‍ന്നുനല്‍കുന്ന ഉള്‍ക്കരുത്ത്

പത്രാധിപർ

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

സത്യവിശ്വാസം ശക്തിയുടെ ഉറവിടമാണ്. സത്യവിശ്വാസി ഏതവസ്ഥയിലും ഉന്നതനും ശക്തനും തന്നെയായിരിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും പതറാതെയും പ്രശ്‌നങ്ങളെ അതിജയിച്ചും സദ്കര്‍മനിരതനായിരിക്കാന്‍ സത്യവിശ്വാസം (ഈമാന്‍) മനഷ്യനു കരുത്തേകും.

അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കപ്പുറം ഈ ലോകത്ത് യാതൊനും സംഭവിക്കുകയില്ല. അതിനാല്‍ അവന്റെ വിധിയെ- അത് നമുക്ക് ഇഷ്ടകരമായതാണെങ്കിലും അനിഷ്ടകരമായതാണെങ്കിലും - പരീക്ഷണമായിക്കണ്ട് സ്വീകരിക്കാന്‍ നമുക്കാവണം. അല്ലാഹുവിന്റെ വിധിയുടെ വീഥിയിലൂടെ ക്ഷമയോടെ, സഹനത്തോടെ, അര്‍പ്പണബോധത്തോടെ ദൈവികനിയമങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്നവരായി ജീവിക്കുവാന്‍ കഴിയാത്തവന്‍ വിശ്വാസി എന്ന് സ്വയം അഭിമാനിക്കുന്നത് അര്‍ഥശൂന്യമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന പിഴച്ച മൂല്യങ്ങളോടും ദുഷിച്ച ആചാരങ്ങളോടും രാജിയാകാതെ നന്മ കല്‍പിക്കുവാനും

തിന്മ വിരോധിക്കുവാനുമുള്ള ആര്‍ജവം പകര്‍ന്നുതരുന്നത് ഈമാനാണ്. സ്വന്തേത്താടും മറ്റുള്ളവരോടും ചെയ്യുന്ന നന്മയും ഗുണകാംക്ഷയുമാണത്. ആ വഴിയിലുള്ള യാത്ര അത്ര സുഗമമായിരിക്കില്ല. ആ മാര്‍ഗത്തില്‍ കാണുവാന്‍ കഴിയുക പൂക്കള്‍ വിതറിയ പരവതാനിയല്ല; കല്ലും മുള്ളും വിതറിയ കരിമ്പടങ്ങളായിക്കും. എതിര്‍പ്പിന്റെ, പരിഹാസങ്ങളുടെ കൂരമ്പുകള്‍ പാഞ്ഞുവന്നേക്കാം. ഇരുട്ടിന്റെ മിത്രങ്ങള്‍ക്കെങ്ങനെ വെളിച്ചത്തെ സ്‌നേഹിക്കുവാന്‍ കഴിയും? അവരോടു നാമെന്തു പറയണമെന്ന് ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്:

''പറയുക: എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകതന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ അറിയും; അപമാനകരമായ ശിക്ഷ വന്നെത്തുന്നതും ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആര്‍ക്കാണെന്ന്'' (39:39-40).

ഈമാനിലൂടെ ആത്മബോധം നേടി, സര്‍വസ്വവും അല്ലാഹുവിന് സമര്‍പ്പിച്ച മനുഷ്യനേ ഇങ്ങനെ പ്രഖ്യാപിക്കുവാന്‍ സാധിക്കുകയുള്ളൂ. അവന്റെ മുമ്പിലുള്ളത് സ്രഷ്ടാവ് കാണിച്ചുകൊടുത്ത പാതയാണ്. അതുകൊണ്ടുതന്നെ ആരെക്കണ്ടാലും കൂടെക്കൂടിയാവാന്‍ അവനെക്കിട്ടില്ല. പ്രവാചകന്റെ താക്കീത് ആ വിഷയത്തിലുണ്ട്: ''നിങ്ങള്‍ കൂടെക്കൂടികളാകരുത്. ആളുകള്‍ നല്ലകാര്യം ചെയ്യുമ്പോള്‍ ഞാനും നല്ല കാര്യം ചെയ്യും; അവര്‍ ദുഷ്പ്രവൃത്തി ചെയ്യുമ്പോള്‍ ഞാനും ദുഷ്പ്രവൃത്തി ചെയ്യും എന്ന നിലപാടെടുക്കരുത്. ജനങ്ങള്‍ നന്മചെയ്യുമ്പോള്‍ മാത്രം അവരോടു സഹകരിക്കുക, തിന്മചെയ്യുമ്പോള്‍ അവരില്‍നിന്ന് അകന്നുമാറുക'' (തിര്‍മിദി).

മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളെയും മൂഢധാരണകളെയും മതം പഠിപ്പിക്കാത്ത ആചാരങ്ങളെയും തള്ളിപ്പറയാനും സമൂഹത്തെ ബോധവത്കരിക്കാനും ആത്മശക്തി വേണം. കറകളഞ്ഞ ഈമാനുള്ളവര്‍ക്കേ അതുണ്ടാകൂ. അല്ലാത്തവര്‍ അശക്തരാവും. പ്രാപ്തിയില്ലാത്തവര്‍ എവിടെയും ഏതുകാലത്തും നാട്ടുനടപ്പുകള്‍ക്കും ശീലാനുഷ്ഠാനങ്ങള്‍ക്കും അടിമകളായിരിക്കും. തെറ്റായാലും ശരിയായാലും സമൂഹത്തില്‍ നിലവിലുള്ള പരമ്പരാഗത വിശ്വാസങ്ങളോടും സമ്പ്രദായങ്ങളോടുമായിരിക്കും അവര്‍ക്ക് താല്‍പര്യം.  

ആത്മബോധത്തിന്റെ കരുത്തില്‍ സത്യവിശ്വാസി ആരുടെ മുമ്പിലും ചങ്കുറപ്പോടെ നിവര്‍ന്നുനില്‍ക്കുന്നവനായിരിക്കണം. ആര്‍ക്കും അവനെ സത്യമാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കാനാവില്ല. അല്ലാഹുവിന്റെ കാവല്‍ ഉള്ളതിനാല്‍ അവന്‍ മറ്റാരെയും ഭയപ്പെടേണ്ടതുമില്ല.