വിദ്യാഭ്യാസ രംഗത്തെ അഴിച്ചുപണി

പത്രാധിപർ

2019 ജൂലായ് 13 1440 ദുല്‍ക്വഅദ് 10

നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഏതു മേഖലയിലായാലും പൊളിച്ചെറിയപ്പെടുന്നത് മൂലക്കല്ല് തന്നെയായിരിക്കും. കാലഹരണപ്പെട്ടു എന്ന് പറഞ്ഞ് നിയമങ്ങളെല്ലാം ഇന്ന് പുതുക്കി എഴുതുകയാണ്. ചട്ടങ്ങള്‍ തിരുത്തിക്കുറിക്കുകയാണ്. കൊള്ളലാഭം നേടിയെടുക്കാനുള്ള മേഖലയായി വിദ്യാഭ്യാസത്തെയും നോക്കിക്കാണുന്നതാണ് നവലിബറല്‍ രീതി. ഇത്തരമൊരു കാലത്ത് വിദ്യാഭ്യാസ മേഖലയെ ആകെ അഴിച്ചുപണിയുന്നതില്‍ അസ്വഭാവികത ഒട്ടുമില്ല. ആറര പതിറ്റാണ്ടായി നിലനിന്നുപോന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി) പിരിച്ചുവിട്ട് പകരം ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന് രൂപം കൊടുക്കുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. കഴിഞ്ഞ കുറച്ചുകാലമായി ആദായകരമല്ലാത്ത സ്‌കൂള്‍ എന്നും ആദായമില്ലാത്ത ആശുപത്രി എന്നും കേട്ടും പറഞ്ഞും ശീലിച്ചുപോയ നമ്മുടെ ശീലക്കേടിന് പറ്റിയ തരത്തിലാണ് അതിവേഗം കാര്യങ്ങള്‍ മാറിമറിയുന്നത.്

ഡോക്ടര്‍ എസ്. രാധാകൃഷ്ണനെ പോലുള്ള ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ ദീര്‍ഘകാലത്തെ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ഒരു സംവിധാനത്തെ ഇങ്ങനെ ഒരു പൊളിച്ചെഴുത്ത് നടത്താന്‍ നിയുക്തനായതാകട്ടെ വീര്‍ സവര്‍ക്കര്‍ അവാര്‍ഡ് നേടിയ പ്രൊഫ. ഹരി ഗൗതമാണ്!

സര്‍ക്കാരിന് വിധേയരായ ഉദേ്യാഗസ്ഥ പ്രമാണിമാരുടെ തേര്‍വാഴ്ച ഒഴിവാക്കാന്‍ വേണ്ടി തന്നെയാണ് ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ യു.ജി.സിയുടെ ഘടന നിര്‍ദേശിച്ചത്. യുജിസിക്ക് 10 അംഗങ്ങളാണുള്ളത്. നാലുപേര്‍ സര്‍വകലാശാല അധ്യാപകര്‍, 4 പേര്‍ വിവിധ തുറകളിലെ വിദഗ്ധര്‍ അല്ലെങ്കില്‍ വൈസ് ചാന്‍സലര്‍മാര്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായി രണ്ടുപേരും. അടിമുടി അധികാര കേന്ദ്രീകരണത്തിനായി നിലകൊള്ളുന്ന ഒരു ഭരണത്തിന്‍കീഴില്‍ വച്ചുപൊറുപ്പിക്കാന്‍ ആവുന്നതല്ല ഈ വിശാല ജനാധിപത്യ ബോധം. വിദ്യാഭ്യാസ വിചക്ഷണര്‍ക്കാണ്, ഉദേ്യാഗസ്ഥ ദുഷ്പ്രഭുക്കള്‍ക്കും മൂലധന താല്‍പര്യ സംരക്ഷകര്‍ക്കുമല്ല യു.ജി.സിയില്‍ സ്ഥാനം എന്നാണ് ഡോക്ടര്‍ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചത്. അതാണ് മാറ്റിമറിക്കുന്നത്. യു.ജി.സിക്ക് പകരം നിലവില്‍ വരുന്ന ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്റെ ഘടന സര്‍ക്കാരിന് പറ്റിയ തരത്തിലാണ് പാകപ്പെടുത്തിയിരിക്കുന്നത്. ഒരു ചെയര്‍പേഴ്‌സണ്‍, ഒരു വൈസ് ചെയര്‍ പേഴ്‌സണ്‍, പിന്നെ പന്ത്രണ്ട് അംഗങ്ങളും. അതില്‍ മൂന്നുപേര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായ ഐ.എ.എസ് ഓഫീസര്‍മാര്‍. പിന്നെ ഒരു വ്യവസായ പ്രമുഖന്‍! എ.ഐ.ടി.ഇ.സി, നാഷണല്‍ കൗണ്‍സില്‍ ഓഫ് ടീച്ചേഴ്‌സ് എഡ്യുക്കേഷന്‍ മുതലായ സ്ഥാപനങ്ങളുടെ തലവന്മാരായ നാലുപേരും. അക്കാദമിക് മികവല്ല, ബ്യൂറോക്രസിയും മണിയോക്രസിയും ഒത്തുചേര്‍ന്ന അധികാരപ്രമത്തതയാണ് കാര്യങ്ങള്‍ തീരുമാനിക്കുക എന്ന് സാരം.

 യു.ജി.സിയുടെ ധനവിനിയോഗ അധികാരമാകെ മാനവ വികസന മന്ത്രാലയം തിരിച്ചു പിടിച്ചിരിക്കുകയാണ് പുതിയ നിയമത്തിലൂടെ. ആര്‍ക്ക് കാശ് കൊടുക്കണം എന്ന് മാത്രമല്ല ഏത് കോഴ്‌സിന് എന്തെല്ലാം പാഠഭാഗങ്ങള്‍ ആവാമെന്നും ഈ പുതിയ കമ്മീഷന്‍ വഴി സര്‍ക്കാരിന് കല്‍പിക്കാനാവും.  നിയമം ലംഘിക്കുന്ന സര്‍വകലാശാല മേധാവികളെയും കലാലയ അധികൃതരെയും മൂന്നുവര്‍ഷം തടവിന് വിധേയരാക്കാന്‍ അധികാരമുള്ള പുതിയ ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ സ്വാഭാവികമായും യുക്തിചിന്തയ്ക്ക് കൂച്ചുവിലങ്ങിടാനും കപടശാസ്ത്ര പ്രചാരണത്തിന് കൂട്ടുനില്‍ക്കാത്തവരെ തുറുങ്കിലടക്കാനുമാണ് അത് ഉപയോഗപ്പെടുത്തുക.

''ജനാധിപത്യത്തിന്റെ ആധാരം വ്യക്തിവികാസത്തിനുള്ള സ്വാതന്ത്ര്യമാണ്. വിദ്യാഭ്യാസത്തിനു മേല്‍  ഭരണകൂടത്തിന് മാത്രമുള്ള നിയന്ത്രണാധികാരം ഏകാധിപത്യത്തിന്റെ നിഷ്ഠൂര ശാസന നിലനിര്‍ത്തുന്നതിന് സഹായകമായ മുഖ്യഘടകമാണ.് അത്തരം ഭരണകൂടങ്ങള്‍ക്ക് കീഴില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നോക്കിനടത്തുന്നതും നിയന്ത്രിക്കുന്നതുമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂലിപ്പട്ടാളക്കാരെ പോലെയാണ് പെരുമാറുക'' എന്ന ഡോ.എസ് രാധാകൃഷ്ണന്റെ നിരീക്ഷണം പ്രസക്തമാകുന്നത് ഇവിടെയാണ്.