കൃതജ്ഞതയുള്ളവനാണ് സത്യവിശ്വാസി

പത്രാധിപർ

2019 നവംബര്‍ 23 1441 റബിഉല്‍ അവ്വല്‍ 26

എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് മനുഷ്യരെല്ലാം ഈ ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നത്. നാം ജനിക്കുന്നതിനു മുമ്പുതന്നെ ജീവിക്കാനാവശ്യമായ രൂപത്തില്‍ ഭൂമിയെ സംവിധാനിച്ചത്, അന്തരീക്ഷം സൃഷ്ടിച്ചത്, സൂര്യനെ ഭൂമിയില്‍നിന്ന് കൃത്യമായ അകലത്തില്‍ നിലനിര്‍ത്തിയത്, വായുവും വെള്ളവും ഒരുക്കിയത്... ഗര്‍ഭാശയത്തില്‍ നമ്മെ ഘട്ടംഘട്ടമായി വളര്‍ത്തിയത്. പിറന്നപ്പോഴേക്കും വിശപ്പകറ്റാന്‍ മുലപ്പാല്‍ സംവിധാനിച്ചത്, കേള്‍ക്കാനും കാണാനും ചിന്തിക്കാനും കഴിവു നല്‍കിയത്...?

ഇതെല്ലാം കനിഞ്ഞേകിയ സ്രഷ്ടാവിനെ ഓര്‍ക്കലും അവന് നന്ദികാണിക്കലും ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. അല്ലാഹു പറയുന്നു: ''ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. എന്നോട്‌നിങ്ങള്‍ നന്ദികാണിക്കുക; നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്'' (ക്വുര്‍ആന്‍ 2:152).

അനുഗ്രഹങ്ങളെ അല്ലാഹു നിര്‍ദ്ദേശിച്ച രൂപത്തില്‍ വിനിയോഗിച്ചു കൊണ്ടായിരിക്കണം നാം കൃതജ്ഞത പ്രകാശിപ്പിക്കേണ്ടത്. നബി ﷺ  ഇക്കാര്യം കൃത്യമായി ശ്രദ്ധിച്ചിരുന്നതായി ഹദീഥുകളില്‍ കാണാം. ആഇശ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ  തന്റെ ഇരുപാദങ്ങളിലും നീരുകെട്ടുമാറ് രാത്രി നിന്ന് നമസ്‌കരിച്ചിരുന്നു. ഞാന്‍ ചോദിച്ചു: 'പ്രവാചകരേ, അങ്ങയുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങളെല്ലാം മാപ്പ് ചെയ്തിരിക്കെ അങ്ങെന്തിന് ഇപ്രകാരം പ്രവര്‍ത്തിക്കണം?' നബി ﷺ  പറഞ്ഞു: 'ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടേ?'' (ബുഖാരി, മുസ്‌ലിം).

അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിച്ചാലുള്ള ഗുണവും നന്ദികേട് കാണിച്ചാലുള്ള ദോഷവും അവനവന് തന്നെയെന്ന് അല്ലാഹു മനുഷ്യരെ  ഉണര്‍ത്തുന്നുണ്ട് ''...വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉല്‍കൃഷ്ടനുമാകുന്നു'' (27:40).

അനുഗ്രഹങ്ങള്‍ ഏറെ ആസ്വദിച്ച് ജീവിക്കുമ്പോഴും മനുഷ്യരില്‍ ഭൂരിപക്ഷവും നന്ദികാണിക്കുന്നില്ല. ''...നിങ്ങള്‍ നന്ദിപൂര്‍വം പ്രവര്‍ത്തിക്കുക. തികഞ്ഞ നന്ദിയുള്ളവര്‍ എന്റെ ദാസന്‍മാരില്‍ അപൂര്‍വമത്രെ''(34:13).

മനുഷ്യരുടെ നന്ദികേടിന്റെ  ആഴമെത്രയെന്ന് സുന്ദരമായ ഒരു ഉപമയിലൂടെ അല്ലാഹു വിശദീകരിക്കുന്നത് ക്വുര്‍ആനില്‍ നമുക്ക് കാണാം. തനിക്ക് ഭക്ഷണവും വെള്ളവും നല്‍കുന്ന യജമാനനോടുള്ള നന്ദിസൂചകമായി യജമാനന്‍ പറയുന്നത്  കുതിര അനുസരിക്കുന്നു. യുദ്ധക്കളത്തിലേക്ക് കുതിച്ചുപായുന്നു. എന്നാല്‍ മനുഷ്യര്‍ അനേകം അനുഗ്രങ്ങള്‍  നല്‍കിയ അല്ലാഹുവിനോട് നന്ദികാണിക്കുവാന്‍ തയ്യാറാവുന്നില്ല. അല്ലാഹു പറയുന്നു:

''കിതച്ചു കൊണ്ട് ഓടുന്നവയും, അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും, എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും, അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും അതിലൂടെ (ശത്രു) സംഘത്തിന്റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം. തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ'' (ക്വുര്‍ആന്‍ 100:1-6).

സ്രഷ്ടാവിനോട് നന്ദി കാണിച്ചാല്‍ അവന്‍ അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചു തരും: ''നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍  നിങ്ങള്‍ക്ക് അനുഗ്രഹം വര്‍ധിപ്പിച്ച് തരുന്നതാണ്. എന്നാല്‍ നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും'' (14:7).

സ്രഷ്ടാവിനോട് കൃതജ്ജത കാണിക്കുക. അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ നമ്മില്‍നിന്ന് തിരിച്ചെടുക്കാന്‍ വിചാരിച്ചാല്‍ നമ്മള്‍ നിസ്സഹായരായിരിക്കുമെന്ന് അറിയുക.