തെളിമയാര്‍ന്ന വിശ്വാസം

പത്രാധിപർ

2019 ജനുവരി 19 1440 ജുമാദല്‍ അവ്വല്‍ 13

ലോകത്ത് നിലനില്‍ക്കുന്ന മിക്ക മതങ്ങളും ഒരു മഹാശക്തിയിലുള്ള വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഒരു വിശ്വാസത്തെ അതിന്റെ സംശുദ്ധതയിലും തെളിമയിലും പ്രാപിക്കുവാന്‍ അവയുടെ ബാലിശമായ പരികല്‍പനകള്‍ തടസ്സമാകാറുണ്ട്. ദൈവത്തെ സൃഷ്ടികളുമായി താരതമ്യം ചെയ്തുകൊണ്ടും ദൗര്‍ബല്യങ്ങള്‍ ഉള്ളവനായി ചിത്രീകരിച്ചുകൊണ്ടുമുള്ള വിശ്വാസം ഉദാഹരണം. അതിനാല്‍ സംശുദ്ധമായ വിശ്വാസത്തെ തിരിച്ചറിയുകയാണ് സ്രഷ്ടാവിന്റെ സന്ദേശങ്ങളുടെ മാര്‍ഗത്തില്‍ ജീവിക്കുവാന്‍ ഒരു മനുഷ്യന്‍ ആദ്യമായി ചെയ്യേണ്ടിയിരിക്കുന്നത്. ഇസ്‌ലാം ആരാണ് യഥാര്‍ഥ ദൈവമെന്ന് വ്യക്തമായി പഠിപ്പിക്കുന്നുണ്ട്:

''അല്ലാഹു-അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ'' (2:255).

''(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും'' (112:1-4).

സ്രഷ്ടാവിലുള്ള വിശ്വാസം അതിന്റെ ശരിയായ രൂപത്തിലല്ലെങ്കില്‍ നിഷ്ഫമായ ഒരു സങ്കല്‍പം മാത്രമായിരിക്കും അത്. വിശ്വാസത്തിന്റെ ഋജുവായ രൂപം പഠിപ്പിക്കുന്നതിന് ഇസ്‌ലാം സവിശേഷമായ പരിഗണന നല്‍കുന്നു. ഈ അധ്യാപനത്തില്‍ ഇസ്‌ലാമിനോളം കൃത്യത മറ്റൊരു മതത്തിനുമില്ല എന്നത് വസ്തുതയാണ്. വിശ്വാസം ശരിയാകാത്തിടത്ത് കര്‍മങ്ങളും മൂല്യങ്ങളും നിഷ്ഫലമായിരിക്കുക സ്വാഭാവികമാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: 

'''ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവര്‍ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല'' (4:124).

''ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടി രുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും'' (16:97).

സ്രഷ്ടാവില്‍ വിശ്വസിക്കുമ്പോള്‍ ആ സ്രഷ്ടാവിന്റെ മാര്‍ഗദര്‍ശനം ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടത് ആവശ്യമാണ്. സ്രഷ്ടാവിന്റെ താല്‍പര്യപ്രകാരമുള്ള ജീവിതം നയിക്കുകയെന്നതാണ് വിശ്വാസാധിഷ്ഠിതമായ ജീവിതത്തിന്റെ അടിത്തറ. 

''...എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല'' (ക്വുര്‍ആന്‍ 2:28).

''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ'' (ക്വുര്‍ആന്‍ 7:3).