വിനയം വിനഷ്ടമാകുന്ന വിജ്ഞാനികള്‍

പത്രാധിപർ

2019 ഫെബ്രുവരി 23 1440 ജുമാദല്‍ ആഖിര്‍ 18

സത്യവിശ്വാസികള്‍; വിശിഷ്യാ പ്രബോധകന്മാര്‍ ആരോട് പെരുമാറുമ്പോഴും തങ്ങളുടെ ഇസ്‌ലാമികമായ മേന്മ നിലനിര്‍ത്തല്‍ അനിവാര്യമാണ്. പരുഷസ്വഭാവികളോട് അതേ പരുഷതയില്‍ പെരുമാറുകയല്ല വേണ്ടത് എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ക്രൂരനും മര്‍ദകനും സ്വേഛാധിപതിയുമായ ഫിര്‍ഔനിന്റെ അടുത്തേക്ക് അല്ലാഹു മൂസാനബി(അ)യെയും ഹാറൂന്‍(അ)യെയും പറഞ്ഞയക്കുമ്പാള്‍ എങ്ങനെ പെരുമാറണമെന്ന് പറഞ്ഞുകൊടുക്കുന്നുണ്ട്:

''നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം'' (ക്വുര്‍ആന്‍ 20:43,44).

മുഹമ്മദ്‌നബിﷺ യോട് അല്ലാഹു പറഞ്ഞു: ''(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക...'' (3:159). 

പ്രബോധകര്‍ ഈ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ ആത്മപരിശോധന നടത്തുക. നാം ക്ഷണിക്കുന്നത് വിശുദ്ധ ക്വുര്‍ആനിലേക്കും നബിചര്യയിലേക്കുമാണ്. അവ രണ്ടും പഠിപ്പിക്കുന്ന ഉദാത്തമായ സ്വഭാവഗുണങ്ങള്‍ നമ്മളിലില്ലെങ്കില്‍ നമ്മുടെ പ്രബോധനം എങ്ങനെ ഫലവത്താകും? അക്ഷമയും കാര്‍ക്കശ്യവും വാശിയും തങ്ങളുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുമെന്ന തിരിച്ചറിവ് അനിവാര്യമാണ്. 

പ്രബോധകരും പ്രസംഗകരും പണ്ഡിതന്മാരുമായ അനേകംപേര്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ സൗമ്യഭാവം കൈമോശംവന്നവരായി അവരില്‍ പലരെയും നാം കാണുന്നു. തന്റെ അഭിപ്രായത്തിന് എതിരായ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ അയാളോട് ശത്രുതാമനോഭാവത്തോടെ പെരുമാറുകയും ബന്ധം വിഛേദിക്കുകയുമൊക്കെ ചെയ്യുന്നത് ഒരു പണ്ഡിതന് ചേര്‍ന്നതല്ല.  മനസ്സ് കടുത്തുപോകുക എന്നത് വിശ്വാസികളെ ബാധിക്കാന്‍ പാടില്ലാത്ത ദുര്‍ഗുണമാണെന്നതില്‍ സംശയമില്ല. അല്ലാഹു പറയുന്നു: ''...എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ''(39:22).

വിട്ടുവീഴ്ച, ക്ഷമ, വിനയം തുടങ്ങിയ ഉന്നത ഗുണങ്ങളെക്കുറിച്ച് ഗംഭീരമായി പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന പണ്ഡിതന്മാര്‍ ആ ഗുണങ്ങള്‍ തൊട്ടുതീണ്ടാത്തവരായി ജീവിക്കുകയാണെങ്കില്‍ അത് സമൂഹത്തില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കുക? 

സത്യവിശ്വാസത്താല്‍ മനസ്സ് ആര്‍ദ്രവും സൗമ്യവുമാകാത്ത ഒരു ജനവിഭാഗത്തോട് അല്ലാഹു പറഞ്ഞു: ''പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു''(2:74).