സഹന ജീവിതത്തിന്റെ അനിവാര്യത

പത്രാധിപർ

2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24

സന്തോഷം മാത്രം നിറഞ്ഞ ഒരു ജീവിതം ഈ ഭൂമിയില്‍ മനുഷ്യനായി ജനിച്ച ഒരാള്‍ക്കും ലഭിക്കുവാനിടയില്ല. അങ്ങനെയൊരവസ്ഥയിലല്ല അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നത്. ഇഹലോക ജീവിതത്തില്‍ സുഖവും ദുഃഖവും മാറിമാറി വന്നേക്കാം. ഒരു വിപത്ത് ബാധിച്ചാല്‍ അത് അല്ലാഹുവിന്റെ വിധിയാണെന്ന് മനസ്സിലാക്കുകയും ക്ഷമിക്കുകയും അതിന് പരലോകത്ത് പ്രതിഫലമാഗ്രഹിക്കുകയും അല്ലാഹുവിന്റെ തീരുമാനത്തിന് കീഴൊതുങ്ങുകയും ചെയ്താല്‍ ആ വ്യക്തിയുടെ ഹൃദയത്തിന് അല്ലാഹു സ്വസ്ഥതയും ദൃഢതയും നല്‍കുന്നതാണ്.

ജീവിതയാത്രയിലെ വിവിധങ്ങളായ ഘട്ടങ്ങളില്‍ ക്ഷമിക്കുന്നവനായിരിക്കണം ഒരു വിശ്വാസി. എല്ലാം അല്ലാഹുവിങ്കല്‍ നിന്നാണെന്ന് മനസ്സിലാക്കുകയും അതില്‍ തൃപ്തിയടയുകയും അതിന്ന് കീഴൊതുങ്ങുകയും ചെയ്യുക. നിരാശ, കോപം മുതലായവയില്‍ നിന്ന് നാവിനെയും ശരീരത്തെയും നിയന്ത്രിക്കുകയും തടഞ്ഞുവെക്കുകയും ചെയ്യുക.

വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ് ക്ഷമ എന്നത്. ഈമാന്‍ കാര്യങ്ങളില്‍ ഒന്നാണല്ലോ വിധിയിലുള്ള വിശ്വാസം. ആ വിശ്വാസത്തിന്റെ സദ്ഫലമാണ് പ്രയാസഘട്ടങ്ങളില്‍ ക്ഷമിക്കാന്‍ കഴിയുക എന്നത്. ഒരു വ്യക്തി ഇത്തരം മേഖലകളില്‍ ക്ഷമിക്കുന്നില്ല എങ്കില്‍ വിധിയിലുള്ള വിശ്വാസമില്ലായ്മയോ അല്ലെങ്കില്‍ വിശ്വാസ ദൗര്‍ബല്യമോ ആണ് അത് സൂചിപ്പിക്കുന്നത്.

ഉമര്‍(റ) പറയുന്നു: 'ക്ഷമകൊണ്ടാണ് ഞങ്ങളുടെ ജീവിതത്തിന്റെ നന്മ ഞങ്ങള്‍ കണ്ടത്' (ബുഖാരി).

പ്രബോധന രംഗത്തുണ്ടാകുന്ന പ്രയാസങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും മുമ്പിലും വളരെയധികം ക്ഷമ ആവശ്യമാണ്. അടുത്ത കാലത്തായി മരണപ്പെട്ടുപോയ കേരളക്കരയിലെ സലഫി പണ്ഡിതന്മാരെക്കുറിച്ച് ചിന്തിച്ചുനോക്കുക. അവരെക്കുറിച്ച് അഭിമാനത്തോടെ നാം ഓര്‍ക്കുന്നു. അവരുടെ പ്രബോധനത്തിന്റെ ഫലമായി അല്ലാഹുവിന്റെ തീരുമാനപ്രകാരം സത്യത്തിന്റെ പാതയിലണഞ്ഞവരില്‍ പലരും മുമ്പ് അവരെ കല്ലെടുത്തെിയാന്‍ മുന്നില്‍നിന്നവരാണ്. മര്‍ദനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടും തങ്ങളുടെ ദൗത്യം നിര്‍വഹിച്ച് മുന്നേറിയവരാണവര്‍.  

''യുക്തിദീക്ഷയോടുകൂടിയും സദുപേദശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല നീരിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക''(ക്വുര്‍ആന്‍ 16:125).

നന്മ കല്‍പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും സഹനം ആവശ്യമാണ്. അത് ആരോടാണെങ്കിലും ഉപയോഗിക്കുന്ന ഭാഷ മാന്യവും ശൈലി ഗുണകാംക്ഷാനിര്‍ഭരവും ആയിരിക്കണം. ലുക്വ്മാന്‍(അ) തന്റെ മകനെ ഉപദേശിക്കുന്ന ശൈലി കാണുക:

''എന്റെ കുഞ്ഞു മകനേ, നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്'' (ക്വുര്‍ആന്‍ 31:17).

ക്ഷമിക്കുന്നവര്‍ക്കേ ജീവിതവിജയം നേടാന്‍ കഴിയൂ എന്ന് തിരിച്ചറിയുക.