അക്ഷമരാകുന്നവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല

പത്രാധിപർ

2019 ഒക്ടോബര്‍ 12 1441 സഫര്‍ 13

ക്ഷമ എന്നത് മനുഷ്യന്റെ ഏറ്റവും വലിയ ഗുണമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും അടക്കം ജീവിതത്തിലെ ഏതേതു മേഖലയിലും ക്ഷമ അനിവാര്യമാണ്. ക്ഷമ അനിവാര്യമായ മറ്റൊരു മേഖലയാണ് ഇസ്‌ലാമിക പ്രബോധനവും ആദര്‍ശശുദ്ധിയോടെയുള്ള ജീവിതവും. ഇസ്‌ലാമിക പ്രബോധകന്മാര്‍ ക്ഷമിച്ചേ പറ്റൂ. എങ്കില്‍ മാത്രമെ പ്രബോധനം ഭംഗിയായി മുന്നോട്ട് പോകൂ. ആളുകള്‍ ഉദ്‌ബോധനത്തോട് പുറംതിരിഞ്ഞ് നിന്നേക്കാം. ആരോപണങ്ങളും ആേക്ഷപങ്ങളും ഉന്നയിക്കപ്പെട്ടേക്കാം. ഉപദ്രവിക്കപ്പെട്ടേക്കാം. ഇങ്ങനെയുള്ള ഏത് ഘട്ടത്തിലും, അല്ലാഹുവിന്റെ തൃപ്തി ലക്ഷ്യംവെക്കുന്ന ഒരു ഇസ്‌ലാമിക പ്രബോധകന് ക്ഷമിക്കാന്‍ കഴിയണം. അല്ലാഹു പറയുന്നു:

''ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക...'' (ക്വുര്‍ആന്‍ 46:35).

''അവര്‍ (അവിശ്വാസികള്‍) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 73:10).

അല്ലാഹുവിന്റെ സ്‌നേഹവും സഹായവും പിന്‍ബലവും ലഭിക്കുന്നവരാണ് ക്ഷമാലുക്കള്‍: ''...ക്ഷമാലുക്കളെ അല്ലാഹു ഇഷ്ടപ്പെടുന്നു'' (ക്വുര്‍ആന്‍ 3:146).

''...തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു'' (ക്വുര്‍ആന്‍ 8:46).

സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ലുക്വ്മാന്‍ൗതന്റെ മകനെ ഉപദേശിച്ചപ്പോള്‍ കുട്ടത്തില്‍ ക്ഷമയെക്കുറിച്ചും പറയുന്നത് കാണാം:  ''എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്'' (ക്വുര്‍ആന്‍ 31:17).

മതരംഗത്ത് നേതൃത്വം വഹിക്കുന്നവരില്‍ ക്ഷമ അനിവാര്യമാണ്: ''അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്‍പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 32:24).

ക്ഷമിക്കുന്നവര്‍ക്ക് അല്ലാഹു വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്: ''...ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്''(ക്വുര്‍ആന്‍ 39:10).

 മനുഷ്യനെ നന്മയില്‍നിന്ന് തടയാനും തിന്മ ചെയ്യിക്കാനും പിശാച് സദാ ശ്രമിച്ചുകൊണ്ടിരിക്കും. അത്‌കൊണ്ടു തന്നെ നന്മ ചെയ്യാനും തിന്മ വെടിയാനും ക്ഷമ ആവശ്യമാണ്. ഒരു യഥാര്‍ഥ മുസ്‌ലിമായി ജീവിക്കുന്നവന്‍ അസാമാന്യമായ വിധം ക്ഷമയവലംബിക്കുന്നവനായിരിക്കും. ഏത് തെറ്റും ചെയ്യുവാനുള്ള സാഹചര്യമുണ്ടായിട്ടും അവയില്‍നിന്ന് വിട്ടുനില്‍ക്കുവാന്‍ ക്ഷമാലുക്കള്‍ക്കേ കഴിയൂ. അല്ലാഹു പറയുന്നു:

''അവര്‍ ക്ഷമിച്ചതു കൊണ്ട് ഇന്നിതാ ഞാനവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു. അതെന്തെന്നാല്‍ അവര്‍ തന്നെയാകുന്നു ഭാഗ്യവാന്‍മാര്‍'' (മുഅ്മിനൂന്‍ 111).