വിശുദ്ധ ക്വുര്‍ആന്‍ വിശ്വത്തിന്റെ വിളക്ക്

പത്രാധിപർ

2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10

അനേകം പ്രവാചകന്മാരെ അല്ലാഹു ഈ ലോകത്തേക്ക് നിയോഗിച്ചിട്ടുണ്ട്. അവരില്‍ ഗ്രന്ഥം നല്‍കപ്പെട്ടവരുണ്ട്; പലവിധ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടവരുണ്ട്. അല്ലാഹു അയച്ച ദൂതന്‍ തന്നെയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് നല്‍കപ്പെട്ടത്. അന്തിമ പ്രവാചകന് നല്‍കപ്പെട്ട ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വിശുദ്ധ ക്വുര്‍ആന്‍. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ യാതൊരുവിധ മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാകാതെ ഇന്നും നിലകൊള്ളുന്നു എന്നതുതന്നെ അതിന്റെ ദൈവികതക്ക് തെളിവാണ്. കോടിക്കണക്കിന് മുസ്‌ലിംകള്‍ ഒരേ ഭാഷയില്‍ അത് പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അനേകം ആളുകള്‍ക്ക് അത് മനഃപാഠമാണ്. എത്രയോ ആളുകള്‍ അതില്‍ ആകൃഷ്ടരായി ഇസ്‌ലാമിലേക്ക് കടന്നുവന്നു; ഇന്നും കടന്നുവന്നുകൊണ്ടിരിക്കുന്നു.

മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുവാനാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചത്.

''...മനുഷ്യരെ അവരുടെ രക്ഷിതാവിന്റെഅനുമതിപ്രകാരം ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്, ആകാശങ്ങളിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ(മാര്‍ഗത്തിലേക്ക് അവരെ കൊണ്ടുവരാന്‍ വേണ്ടി). സത്യനിഷേധികള്‍ക്ക് കഠിനമായ ശിക്ഷയാല്‍ മഹാനാശംതന്നെ'' (14:1,2).

ആറാം നൂറ്റാണ്ടില്‍  ഇരുളിന്റെ ലോകത്ത് ഇരുളടഞ്ഞ മനസ്സുമായി ജീവിച്ചിരുന്ന ഒരു ജനതതിയെ വെളിച്ചത്തിലേക്ക് നയിച്ചതും അവരുടെ മനസ്സുകളെ പ്രകാശമാനമാക്കിയതും ക്വുര്‍ആനായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും കയ്യൊഴിക്കുവാന്‍ അവര്‍ തയാറായത് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചിന്തയെ തട്ടിയുണര്‍ത്തിയതുകൊണ്ടായിരുന്നു.

''നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീതമായ ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാര്‍ ഉദ്ബുദ്ധരാകേണ്ടതിനും വേണ്ടി'' (38:29).

''അപ്പോള്‍, അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേല്‍ പൂട്ടുകളിട്ടിരിക്കുകയാണോ?'' (47:24).

മനുഷ്യന്റെ ഇഹപരജീവിത വിജയത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗ്രന്ഥം എന്ന നിലയ്ക്ക് അത് പഠിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്. ഒരു വിശ്വാസി ക്വുര്‍ആനുമായി അഭേദ്യമായ ബന്ധം ഉണ്ടായിരിക്കേണ്ടവനാണ്. ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവനെയും പാരായണം ചെയ്യാത്തവനെയും നബി ﷺ ഉപമിച്ചത് കാണുക:

''ക്വുര്‍ആന്‍ പാരായണം ചെയ്യുന്ന സത്യവിശ്വാസിയുടെ ഉപമ- അവന്‍ മാതളനാരങ്ങപോലെയാണ്. അതിന്റെഗന്ധം ഹൃദ്യവും രുചി നല്ലതുമാണ്. ക്വുര്‍ആന്‍ പാരായണം ചെയ്യാത്ത സത്യവിശ്വാസിയുടെ ഉപമ- അവന്‍ കാരക്കപോലെയാണ്. അതിന് സുഗന്ധമില്ല; മാധുര്യമുണ്ട്'' (ബുഖാരി, മുസ്‌ലിം).

വിശ്വത്തിന്റെ പ്രകാശമായ വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുവാനും പാരായണം ചെയ്യുവാനും പരിശ്രമിക്കുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.