അവര്‍ മണ്ണുവാരി കളിക്കുകയല്ല; മണ്ണ് തിന്നുകയാണ്!

പത്രാധിപർ

2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17

തിരുവനന്തപുരം കൈതമുക്കിലെ പുറംപോക്കില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ കുട്ടികള്‍ മണ്ണുവാരിക്കളിക്കേണ്ട പ്രായത്തില്‍ മണ്ണ് വാരിത്തിന്ന് വിശപ്പടക്കുന്നു എന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്ന് പിടിക്കുകയായിരുന്നു. അതോടെ സമൂഹം ഉണര്‍ന്നു. ഭരണകൂടം ഇടപെട്ടു. ആറു കുട്ടികളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. അവരുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവയുടെ ചുമതല സമിതി വഹിക്കും എന്ന് പ്രസ്താവിച്ചു. കുട്ടികളെ സാമൂഹ്യനീതി വകുപ്പ് സംരക്ഷിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജയും പ്രഖ്യാപിച്ചു. കുട്ടികള്‍ക്ക് കുടുംബവുമായി ചേര്‍ന്ന് താമസിക്കാന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാം പെട്ടെന്നായിരുന്നു! പ്രഖ്യാപനത്തിനപ്പുറം ഏതൊക്കെ നടക്കും, എത്രകാലം മുന്നോട്ട് പോകും എന്നതൊക്കെ വഴിയെ കണ്ടറിയാം.

ഒരു സംസ്ഥാനത്ത് പട്ടിണി കിടക്കുന്ന, വിശപ്പടക്കാന്‍ നിവൃത്തിയില്ലാതെ കഴിയുന്ന എല്ലാവരെയും കാണാനും അറിയാനും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും കഴിയുകയില്ല എന്നത് വസ്തുതയാണ്. അതില്‍ അവരെ പഴിചാരുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ അവരിലേക്ക്, അല്ലെങ്കില്‍ വിവിധ വകുപ്പുകള്‍ ൈകകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലേക്ക് ഏത് മുക്കുമൂലയിലെ എന്ത് പ്രശ്‌നവും കണ്ടെത്തി ആ വിവരം എത്തിക്കുവാനും പരിഹാരം കാണുവാനുമുള്ള സംവിധാനം നമ്മുടെ നാട്ടിലില്ലേ?  

കൈതമുക്ക് അങ്ങ് ഉഗാണ്ടയിലൊന്നുമല്ല. ഭരണസിരാകേന്ദ്രം നിലകൊള്ളുന്ന തിരുവനന്തപുരത്താണ്. കോര്‍പ്പറേഷന്റെ പരിധിയില്‍ പെടുന്നതാണോ അതോ പഞ്ചായത്തില്‍ പെടുന്നതാണോ കൈതമുക്ക് എന്നറിയില്ല. ഒന്നുകില്‍ അവിടെ കൗണ്‍സിലര്‍ ഉണ്ടാകും. അല്ലെങ്കില്‍ പഞ്ചായത്ത് മെമ്പറുണ്ടാകും. അംഗന്‍വാടിയുണ്ടാകും. ഓരോ വീട്ടിലെയും വിവരങ്ങളറിയുന്ന അംഗന്‍വാടി ടീച്ചറുണ്ടാകും. പിന്നെ അയല്‍ക്കാരും നാട്ടുകാരും... ആ കുടുംബത്തിന്റെ ദയനീയാവസ്ഥ ഇവരാരും അറിയാതെ പോയതെന്തേ? ഒരു പഞ്ചായത്ത് മെമ്പര്‍ വിചാരിച്ചാല്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ന് ഒരു പ്രയാസമുണ്ടാകില്ല. വോട്ടു യാചിച്ച് ചെല്ലുമ്പോള്‍ കാണിക്കുന്ന സ്‌നേഹവും സഹാനുഭൂതിയും ജയിച്ച് കയറിയാലും കാണിക്കാന്‍ കഴിയുന്ന പൊതുപ്രവര്‍ത്തകനുള്ള പ്രദേശത്ത് ഇങ്ങനെെയാരു സംഭവം നടക്കാനുള്ള സാഹചര്യം അതിവിദൂരമാണ്.

ഈ കുട്ടികളുടെ പിതാവ് മദ്യപനാണ് എന്നാണ് വാര്‍ത്തകളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. അയാളെ സര്‍ക്കാരിന് കുറ്റം പറയാന്‍ കഴിയില്ല. കാരണം അയാള്‍ മദ്യം കുടിച്ച് സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്ന 'സര്‍ക്കാര്‍ സേവകനാണ്.' എന്തെങ്കിലുമൊക്കെ തൊഴില്‍ ചെയ്ത് അന്തസ്സായി മക്കളെ പോറ്റുന്ന പാവപ്പെട്ട സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ അനേകമുണ്ട്. ഈ കുട്ടികളുടെ അമ്മയുടെ അവസ്ഥ എന്തെന്നറിയില്ല.

സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തിനായി രൂപീകരിച്ച പല ക്ഷേമകാര്യ വകുപ്പുകളും നമ്മുടെ സംസ്ഥാനത്തുണ്ട്. അവയുടെയൊക്കെ തലപ്പത്ത് വന്‍തുക ശമ്പളം വാങ്ങി സുഖമായി വാഴുന്ന ഉദ്യോഗസ്ഥരുണ്ട്. അവരും അവരുടെ കീഴിലുള്ള ജോലിക്കാരും തങ്ങളുടെ ജോലി ആത്മാര്‍ഥമായി ചെയ്യുകയാണെങ്കില്‍, സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് -രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും കയ്യിട്ടുവാരലില്ലാതെ- അര്‍ഹരായവര്‍ക്ക് ലഭിക്കുകയാണെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കേണ്ടിവരില്ല.

ഒരു ദുരന്തം നടന്നു കഴിഞ്ഞാല്‍ മാത്രം സടകുടഞ്ഞെണീറ്റ് പരിഹാരം കാണാന്‍ ശ്രമിക്കുന്ന ശീലം ഭരണകൂടം പതിവാക്കരുത്. ദുരന്തം നടക്കാതിരിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണമാണ് വേണ്ടത്; ആര്‍ജവവും.