നല്ലത് പറയുക, നന്നായി പറയുക

പത്രാധിപർ

2019 നവംബര്‍ 30 1441 റബിഉല്‍ ആഖിര്‍ 03

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് നാവ്. അല്ലാഹു നല്‍കിയ മഹത്തായ ഒരനുഗ്രഹം. അപാരമാണ് നാവിന്റെ ശക്തി. അതിനെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഉപയോഗിക്കണമെന്നാണ് ഇസ്‌ലാമിക നിര്‍ദേശം.

വായില്‍ വരുന്നതൊക്കെ മൊഴിഞ്ഞാല്‍ അപകടത്തില്‍ ചാടും. സാമൂഹ്യ ജീവിതത്തില്‍ അനര്‍ഥങ്ങളും അപകടങ്ങളും വരുത്തുന്ന വാക്കുകള്‍ സത്യവിശ്വാസികള്‍ വെടിയണം. നമ്മള്‍ പുറത്തുവിടുന്ന ഓരോ വാക്കും അല്ലാഹുവിന്റെ മലക്കുകള്‍ രേഖപ്പെടുത്തുന്നുണ്ടെന്ന കാര്യം മറക്കരുത്. അന്യരുടെ മനസ്സിനെ വേദനിപ്പിക്കുന്ന സംസാരം പാടില്ല.

അഹങ്കാരം സ്ഫുരിക്കുന്ന വാക്കുകള്‍, കുത്തിപ്പറയല്‍, ശാപവാക്കുകള്‍, അശ്ലീല ഭാഷണം, ഏഷണി, പരദൂഷണം, പരിഹാസം ഇവയെല്ലാം പരസ്പര സ്‌നേഹത്തെയും സൗഹാര്‍ദത്തെയും തകര്‍ക്കുന്നവയത്രെ.  

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം.  നബി ﷺ  പറയുന്നു: ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.''

 അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും...'' (ക്വുര്‍ആന്‍. 33:70-71).  

വാക്കുകള്‍ നല്ലതെങ്കില്‍ അവ മാനുഷിക ബന്ധങ്ങളെ ദൃഢീകരിക്കും. മോശമെങ്കില്‍ ബന്ധങ്ങളെ നശിപ്പിക്കും. നല്ല വാക്കുകള്‍ ഉപയോഗപ്പെടുത്തി നന്നായി സംസാരിക്കുന്നവന്‍ സമൂഹത്തില്‍ആദരണീയനായിരിക്കും. സന്ദര്‍ഭത്തിനനുസരിച്ച് വാക്കുകള്‍ വേണ്ടവിധം കൈകാര്യം ചെയ്യുവാന്‍ ശ്രദ്ധിക്കണം. സന്ദര്‍ഭവും വസ്തുതകളും മനസ്സിലാക്കി, അനുയോജ്യമായ സ്വയം നിയന്ത്രണത്തോടു കൂടി വേണം വാക്കുകള്‍ ഉപയോഗിക്കാന്‍.

എല്ലാ കാര്യത്തിലുമെന്ന പോലെ സംസാരത്തിലും മിതത്വം പാലിക്കണം. എല്ലാവര്‍ക്കും സമയം വിലയേറിയതാണ്. അതുകൊണ്ട് കൂടുതല്‍ സംസാരിച്ച് വിഷമിപ്പിക്കുന്നത് ശരിയല്ല. വായില്‍ തോന്നുന്നതെല്ലാം അടുക്കും ചിട്ടയുമില്ലാതെ വിളിച്ചു പറയുന്നതും ഭൂഷണമല്ല.

ഒരാളുടെ സംഭാഷണം ശ്രമിച്ചാല്‍ തന്നെ അവന്‍ അറിവുള്ളവനാണോ അല്ലേ എന്ന് അറിയാന്‍ സാധിക്കും. വിവരമുള്ളവര്‍ കൂടുതല്‍ സംസാരിച്ചു സമയം മെനക്കെടുത്താന്‍ ശ്രമിക്കില്ല. 'അറിവിന്റെ ആത്മാവ് മിതത്വമാണ്' എന്ന് ഷേക്‌സ്പിയര്‍ പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. കൂടുതല്‍ പറയുന്നതിലല്ല കുറച്ച് കാര്യമാത്ര പ്രസക്തമായി പറയുന്നതാണ് അറിവിന്റെ അടയാളം.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സനോട് ഒരാള്‍ ചോദിച്ചു: ''പത്തു മിനിറ്റ് സംസാരിക്കുന്നതിന് വേണ്ടി താങ്കള്‍ എത്ര സമയം തയ്യാറെടുപ്പ് നടത്തുന്നു?''

''രണ്ടാഴ്ച'' വില്‍സന്റെ മറുപടി.

''ഒരു മണിക്കൂര്‍ പ്രസംഗിക്കുന്നതിനോ?''

''ഒരാഴ്ച.''

''മൂന്നുമണിക്കൂര്‍ സംസാരിക്കുവാനോ?''

''ഞാന്‍ ഇപ്പോള്‍ തന്നെ തയ്യാറാണ്'' വില്‍സന്‍ പറഞ്ഞു.

കുറച്ച് പറയാന്‍, നന്നായി പറയാന്‍ നല്ല തയ്യാറെടുപ്പ് വേണം. കഴമ്പില്ലാത്ത കാര്യങ്ങള്‍ മണിക്കൂര്‍ കണക്കിന് പറയുവാന്‍ ഒരു തയ്യാറെടുപ്പിന്റെയും ആവശ്യമില്ല എന്ന് സാരം.