എന്തുകൊണ്ട് സാമ്പത്തിക സംവരണം?

പത്രാധിപർ

2019 ഫെബ്രുവരി 02 1440 ജുമാദുല്‍ അവ്വല്‍ 25

ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്‍ക്കുന്നത് സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്. ഭരണഘടനയുടെ മൂന്നാം ഭാഗത്ത് മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണ് സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്തമാക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമായ തുല്യനീതി, ജാതി,മത,വംശ,ദേശ,ലിംഗ ഭേദങ്ങളിലധിഷ്ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,5,16 വകുപ്പുകള്‍ തന്നെയാണ് സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്. നിര്‍ദേശക തത്ത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ 46ഉം ഇതോട് ചേര്‍ത്തു വായിക്കാം. പ്രാതിനിധ്യമാണ് സംവരണ തത്ത്വത്തിന്റെ അടിസ്ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടുപോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രാതിനിധ്യം എല്ലാ മേഖലയിലും ഉറപ്പുവരുത്തുക എന്നതാണത്. 

'ജാതി,മത,വര്‍ഗ,ഭേദമന്യെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും സര്‍വതോന്മുഖമായ ഉന്നമനത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കാം' (ആര്‍ട്ടിക്കിള്‍ 15(3).

'സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്...'  (ആര്‍ട്ടിക്കിള്‍ 15(4).

'സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവര്‍ക്ക്...' (ആര്‍ട്ടിക്കിള്‍ 16(4). ഇവിടെ പറഞ്ഞിരിക്കുന്ന പിന്നാക്ക വിഭാഗം എന്നത് ആര്‍ട്ടിക്കിള്‍ 15(4)ലെ സാമൂഹികമായും വിദ്യാഭ്യാസപരമായും  പിന്നാക്കം നില്‍ക്കുന്ന വിഭാഗമാണെന്ന് സുപ്രീംകോടതി വ്യാഖ്യാനിച്ചിട്ടുണ്ട്. 

'സാമൂഹിക അനീതികളില്‍നിന്നും എല്ലാവിധ ചുഷണങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടേണ്ട ദുര്‍ബല വിഭാഗങ്ങള്‍ക്ക്'(ആര്‍ട്ടിക്കിള്‍ 46)

'പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക്...' (അവസാനം പറഞ്ഞ 3 വകുപ്പുകള്‍ പ്രകാരവും).

ഇവിടെയൊന്നും സാമ്പത്തിക സംവരണത്തിന് സാധ്യതയില്ല. ആര്‍ട്ടിക്കിള്‍ 46ലെ അവശ വിഭാഗങ്ങളുെട സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് സാമ്പത്തിക സംവരണ വാദികള്‍  ഉയര്‍ത്തിക്കാട്ടുന്നത്. ദുര്‍ബല വിഭാഗം എന്ന പ്രയോഗത്തിന് സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗം എന്ന വ്യാഖ്യാനമാണിവര്‍ നല്‍കുന്നത്. സാമൂഹിക അനീതിയില്‍നിന്നും മറ്റു ചൂഷണങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടണം എന്ന ഭാഗം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. 

സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സുപ്രീംകോടതിയുടെ നിലപാടും ഇതുതന്നെയായിരുന്നു. ഏതെങ്കിലും ഒരു ജാതിയിലെ വ്യക്തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കുന്നത് ന്യായമല്ല. ഭരണഘടനാപരമായി വ്യക്തികള്‍ക്കല്ല വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണം. ദരിദ്രര്‍ എന്ന നിലയ്ക്ക് സംവരണമേര്‍പ്പെടുത്തുകയാണെങ്കില്‍ അത് എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രര്‍ക്ക് മാത്രമായി സംവരണം ഏര്‍പെടുത്തുന്നത് ആര്‍ട്ടിക്കിള്‍ 14,15,16 വകുപ്പുകളുടെ ലംഘനമാണ്. 

അതുകൊണ്ടാണ് സാമ്പത്തിക സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്‍ ചുട്ടെടുക്കാന്‍ വ്യഗ്രത കാണിച്ചിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയെടുക്കുന്ന തിരക്കിലാണ്. ലക്ഷ്യം ഒന്നു മാത്രം; അടുത്ത അഞ്ചുവര്‍ഷം കൂടി നേതാക്കള്‍ക്ക് ഭരണത്തിന്റെ 'അച്ചാ ദിന്‍' അനുഭവിക്കണം. ജനങ്ങള്‍ 'അച്ചാ ദിന്‍' സ്വപ്‌നത്തില്‍ മാത്രം കണ്ട് സായൂജ്യമടയുകയും വേണം!