സമൂഹമാധ്യമങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും

പത്രാധിപർ

2019 ഏപ്രില്‍ 06 1440 റജബ് 29

സമൂഹ മാധ്യമങ്ങളുടെ കടന്നുവരവ് സമൂഹത്തിന് ഒട്ടേറെ ഗുണങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല; അതുപോലെ തന്നെ ദോഷങ്ങളും. പ്രളയ സമയത്ത് അതിന്റെ ഗുണഫലങ്ങള്‍ കേരളം കണ്ടതാണ്. സമൂഹമാധ്യങ്ങളെ ചിലര്‍ തെറ്റായി ഉപയോഗിക്കുന്നതിന്റെ ദുരന്തപൂര്‍ണമായ പരിണതിയും ദിനേന നമ്മള്‍ കണ്ടും കേട്ടും വായിച്ചും അറിയുന്നുമുണ്ട്.

താമസിക്കാന്‍ വീടില്ലാത്തവര്‍ക്കും വിശപ്പടക്കാന്‍ മാര്‍ഗമില്ലാതെ പട്ടിണിയില്‍ കഴിയുന്നവര്‍ക്കും ചികിത്സിക്കാന്‍ പണമില്ലാതെ ഗുരുതരമായ രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കുമൊക്കെ സഹായങ്ങള്‍ നല്‍കുക എന്നത് വളരെ വലിയ പുണ്യകര്‍മമാണെന്നതില്‍ സംശയമില്ല. സോഷ്യല്‍ മീഡിയകള്‍ ഈ രംഗത്തും ചെറുതല്ലാത്ത സഹായമാണ് ചെയ്യുന്നത്. സഹായം ആവശ്യമുള്ള വ്യക്തികളെ കണ്ടെത്തി, അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പറയിപ്പിച്ച്, ആ രംഗം വീഡിയോ ക്ലിപ്പുകളായി തല്‍സമയം ജനങ്ങളിലേക്കെത്തിച്ച് സഹായിക്കണമെന്ന് ആവശ്യപ്പെടുന്ന ചില വ്യക്തികളും സംഘടനകളും സജീവമായി രംഗത്തുണ്ട്. കോടിക്കണക്കിന് രൂപ ഇങ്ങനെ പരിച്ചെടുത്ത് അനേകം കുടുംബങ്ങളുടെ കണ്ണുനീരൊപ്പാന്‍ ഇതുവഴി അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. ഒറ്റപ്പെട്ട ചില കള്ള നാണയങ്ങളും ഈ രംഗത്ത് ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. നിഷ്‌കളങ്കമായും നല്ല രീതിയിലും ഈ സേവനം ചെയ്യുന്നവരെ സമൂഹമധ്യെ അപമാനിക്കുവാനും പിന്തിരിപ്പിക്കുവാനും സോഷ്യല്‍ മീഡിയകളിലൂടെ തന്നെ ചില അല്‍പബുദ്ധികള്‍ ശ്രമിക്കുന്നതും നമുക്ക് കാണുവാന്‍ കഴിയും. നന്മയുടെ ചെറുതിരിവെട്ടം പോലും കാണുവാന്‍ ഇഷ്ടപ്പെടാത്ത ഇവരെ സമൂഹദ്രോഹികള്‍ എന്നല്ലാതെ എന്തു വിളിക്കാന്‍!

സമീപ പ്രദേശത്തോ ദൂരസ്ഥലത്തോ ഉള്ള പ്രയാസമനുഭവിക്കുന്നവരെ സമീപിച്ച് അവരുടെ പ്രയാസങ്ങളെ തന്റെ പ്രയാസമായിത്തന്നെ കണ്ട് കാരുണ്യം വഴിെഞ്ഞാഴുകുന്ന രീതിയില്‍ ലൈവായി അവരെ ലോകത്തിന് പരിചയപ്പെടുത്തുന്ന, താന്‍ പരിശ്രമിച്ചതിന്റെ ഫലമായി നിര്‍മിച്ച വീടിന്റെ മുമ്പില്‍ നിന്ന് സെല്‍ഫിയെടുത്ത് വീഡിയോയും ചിത്രങ്ങളും അടിക്കുറിപ്പോടുകൂടി വാട്‌സാപ്പ് വഴിയും ഫെയ്‌സ്ബുക്ക് വഴിയും പ്രചരിപ്പിച്ച് ലൈക്കും ഷെയറും വാരിക്കൂട്ടുന്ന, അതോടൊപ്പം മികച്ച ജീവകാരുണ്യപ്രവര്‍ത്തകനായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ചിലര്‍ അറിഞ്ഞോ അറിയാതെയോ ചിലരെ വല്ലാതെ വേദനിപ്പിക്കാറുണ്ട്; മറ്റാരെയുമല്ല, സ്വന്തം കുടുംബത്തില്‍ പെട്ട സാധുക്കളെ.

 ഭക്ഷണത്തിന് വകയില്ലാതെയോ, ചികിത്സിക്കാന്‍ കാശില്ലാതെയോ, വെയിലും മഴയും കൊള്ളാത്ത വീടില്ലാതെയോ, പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ നിവൃത്തിയില്ലാതെയോ പ്രയാസപ്പെടുന്നവര്‍ സ്വന്തം കുടുംബത്തില്‍ ഉണ്ടായിട്ടും അവരെ തിരിഞ്ഞുനോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ ഓടിനടക്കുന്നവരുടെ പ്രവര്‍ത്തനം അവരെ സന്തോഷിപ്പിക്കുമോ, അതോ ദുഃഖിപ്പിക്കുമോ? ഇത്തരം കാര്യങ്ങളില്‍ രക്തബന്ധത്തിലുള്ള പാവങ്ങളെ സഹായിക്കുന്നതിന് മുന്‍ഗണന നല്‍കണം എന്ന ഇസ്‌ലാമികാധ്യാപനം ഇവര്‍ക്ക് അറിയാത്തതുകൊണ്ടാണോ? പേരും പ്രശസ്തിയും കിട്ടാന്‍ മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. 

'അല്‍ഹംദുലില്ലാഹ്, ജീവിതത്തില്‍ മൂന്നാമത്തെ ഹജ്ജ് കര്‍മവും ചെയ്തുകഴിഞ്ഞു,' 'അല്ലാഹുവിന് സ്തുതി, അഞ്ചാംതവണയും ഉംറ ചെയ്യാന്‍ ഹറമിലെത്തി' എന്നൊക്കെയുള്ള അടിക്കുറിപ്പോടെ ഹറമിന്റ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുത്ത് അപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നവന്‍, നാട്ടുകാരുടെയോ സന്നദ്ധ സംഘടനകളുടെയോ സഹായംകൊണ്ട് മാത്രം ജീവിതം തള്ളിനീക്കുന്ന അയല്‍വാസിയെ, അല്ലെങ്കില്‍ സ്വന്തം കുടുംബത്തില്‍ പെട്ടവരെ സഹായിക്കാന്‍ മനസ്സ് കാണിക്കാത്തവനായേക്കാം. അങ്ങനെയുള്ളവരെ നാം കണ്ടിട്ടുണ്ട്; കാണാറുണ്ട്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നവരില്‍ നിന്ന് ഈ സമീപനം ഉണ്ടാകാന്‍ പാടില്ല; ഒരിക്കലും.