റഫാലും അലോക്‌വര്‍മയും പിന്നെ കേന്ദ്ര സര്‍ക്കാറും

പത്രാധിപർ

2019 ജനുവരി 26 1440 ജുമാദുല്‍ അവ്വല്‍ 19

സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മയാണിപ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ താരം. ഒരു പാതിരാവില്‍ എടുത്ത തീരുമാനപ്രകാരം സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റിയ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്നോണം സുപ്രീം കോടതി സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി. പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പെട്ട നിയമന സമിതി ഒരാഴ്ചക്കകം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ 48 മണിക്കൂറിനകം സമിതി യോഗം ചേരുകയും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പോടെ വീണ്ടും വര്‍മയെ പുറത്താക്കുകയുമാണ് ചെയ്തത്. മോദി സര്‍ക്കാര്‍ വെച്ചുനീട്ടിയ പുതിയ പദവി അലോക് വര്‍മ നിരസിക്കുകയും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പേഴ്‌സണല്‍ വകുപ്പ് സെക്രട്ടറിക്ക് താന്‍ സര്‍വീസില്‍നിന്ന് വിരമിച്ചതായി കണക്കാണമെന്ന് പറഞ്ഞ് കത്തെഴുതുകയും ചെയ്തതോടെ കേന്ദ്രസര്‍ക്കാരിന്റെ അനീതിക്ക് ഇരയായ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. 

സി.ബി.ഐ ഡയറക്ടറായി വര്‍മ തുടര്‍ന്നാല്‍ റഫാല്‍ ഇടപാടിലെ അഴിമതിയാരോപണത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കാത്തത് എന്നത് കേവലം ആരോപണമായി തള്ളിക്കളാന്‍ കഴിയുന്നതല്ല. 

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) തഴഞ്ഞ് റിലയന്‍സ് ഡിഫന്‍സിനെ തേടി റഫാല്‍ ജെറ്റ് കരാറെത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് പ്രധാന കാരണമായിട്ടുള്ളത്. ഒരു വിമാനം പോലും നിര്‍മിച്ച് പരിചയമില്ലാത്ത വ്യവസായിയെ റഫാല്‍ ഇടപാടില്‍ മോദി പങ്കാളിയാക്കി എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണവും വന്നെത്തി നില്‍ക്കുന്നത് ഇവിടെ തന്നെയാണ്. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ ഇടപാടിന്റെ പ്രഖ്യാപനത്തിന് കേവലം പത്തു ദിവസം മുന്‍പ് മാത്രം രൂപീകൃതമായ ഒരു കമ്പനിക്ക് സാങ്കേതികവിദ്യ കൈമാറാനുള്ള ഫ്രഞ്ച് കമ്പനിയുടെ തീരുമാനത്തിലെ ദുരൂഹത ചൂടാറാതെ ഇപ്പോഴും നിലകൊള്ളുന്നു. കേവലം അഞ്ചു ലക്ഷം രൂപ മാത്രം അംഗീകൃത മൂലധനമുള്ള ഒരു നവാഗത കമ്പനിയെ കോടികളുടെ ഇടപാടില്‍ പങ്കാളികളാക്കിയതിലെ അനൗചിത്യം നേരത്തെ തന്നെ വിവാദമായ ഒരു വസ്തുതയാണ്. 

2008 ജനുവരി 25ന് യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ പ്രതിരോധ രംഗത്ത് ആയുധ ഉപകരണ കൈമാറ്റം സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവെക്കുന്നത്. ഈ കരാറിനെത്തുടര്‍ന്ന് 2012 ജനുവരി 31ന് ഇന്ത്യന്‍ വേ്യാമസേനക്ക് 126 റഫാല്‍ പോര്‍വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാനും 126 വിമാനങ്ങളില്‍ 108  എണ്ണവും ബംഗളൂരു ആസ്ഥാനമായ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ നിര്‍മിക്കുമെന്നും ധാരണയായതാണ്. മൊത്തം വിമാനങ്ങളില്‍ 18  എണ്ണം മാത്രമാണ് പൂര്‍ണമായും ഫ്രാന്‍സില്‍ നിര്‍മിക്കുക. വിമാനമൊന്നിന് 526.10 കോടിയായിരുന്നു വില കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ പുതിയ കരാറില്‍ വിമാനമൊന്നിന് 1670.70 കോടിയും! 

മുമ്പ് നിലവിലുണ്ടായിരുന്ന കരാറിലെ എല്ലാ നിബന്ധനകളെയും കാറ്റില്‍പറത്തിയാണ് പുതിയ കരാറില്‍ ഒപ്പിടാന്‍ പ്രധാനമന്ത്രി തയാറായത്. പുതിയ കരാറില്‍ 126 വിമാനങ്ങള്‍ എന്നുള്ളത് വെട്ടിച്ചുരുക്കി 36 എണ്ണമാക്കി മാറ്റിയതോടൊപ്പം, വിമാനം നിര്‍മിക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനു പകരം ഫ്രഞ്ച് കമ്പനിയായ ഡാസള്‍റ്റ് ഏവിയേഷനോടൊപ്പം  പ്രധാനമന്ത്രിയുടെ ഇഷ്ട തോഴരിലൊരാളായ സ്വകാര്യ വ്യവസായിയായ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന് പങ്കാളിയാകാന്‍ അവസരം നല്‍കുകയും ചെയ്തു.

41,205 കോടി രൂപയുടെ അധിക തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന ചോദ്യം ആസന്നമായ തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാറിനെ വെള്ളംകുടിപ്പിക്കുമെന്നതില്‍ സംശയമില്ല.