ഇതോ ക്ഷേമരാജ്യത്തിന്റെ അടയാളം?

പത്രാധിപർ

2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തെ വിലയിരുത്താനും അതിനനുസരിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കാനുമുള്ള അവസരമാണ് ഇന്ത്യന്‍ ജനതക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും മറ്റു സാധാരണക്കാര്‍ക്കും ഏറെ ദുരിതങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഭരണചക്രം തിരിച്ചവര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത് വന്‍ നേട്ടങ്ങളാണ് തങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നാണ്. ഒരു കാര്യം ശരിയാണ്. നേട്ടങ്ങളുണ്ടായിട്ടുണ്ട്; ചെറുതല്ല വമ്പന്‍ നേട്ടങ്ങള്‍. അതെല്ലാം വന്‍കിട മുതലാളിമാര്‍ക്കാണെന്ന് മാത്രം!

നോട്ട് നിരോധനം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പശുവിന്റെ പേരിലുള്ള നരഹത്യ, കര്‍ഷക ആത്മഹത്യകള്‍... തുടങ്ങി ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുന്ന ഒട്ടനേകം അനിഷ്ടകരമായ കാര്യങ്ങള്‍ക്കെതിരെ ജനരോഷമുയര്‍ന്നിട്ടും നമ്മുടെപ്രധാനമന്ത്രി ഇതൊന്നും തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില്‍ ലോകരാജ്യങ്ങളില്‍ കറങ്ങിനടക്കാന്‍ ധൈര്യപ്പെട്ടത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അഞ്ചുവര്‍ഷക്കാലം തന്റെ കസേര ഭദ്രമാണ് എന്ന ആത്മവിശ്വാസം കൊണ്ടായിരുന്നു.

ഇന്ത്യക്കകത്തും പുറത്തും സര്‍ക്കാരിന്റെ പരാജയത്തെ മൂടിവെക്കാനും ഇല്ലാത്ത നേട്ടങ്ങള്‍ പര്‍വതീകരിച്ച് കാണിക്കാനും അതിവിപുലമായ പബ്ലിക് റിലേഷന്‍ നെറ്റ് വഴി ഭരണകൂടം ശ്രമിച്ചുെകാണ്ടിരിക്കുന്നു. ഇന്ത്യ ഒരു സൂപ്പര്‍ പവറായിരിക്കുന്നു എന്ന് ലോകെത്ത ബോധ്യപ്പെടുത്താന്‍ വ്യഗ്രത കാണിച്ചുകൊണ്ടിരിക്കുന്നു. 

സൈനികബലവും അത്യാധുനിക യുദ്ധായുധങ്ങളും സാറ്റലൈറ്റുകളെ പോലും തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകളും മറ്റുമാണോ ഒരു ക്ഷേമരാജ്യത്തിന്റെ അടയാളം? 

ഇന്റര്‍ നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 2017 ഒക്‌ടോബറില്‍ പുറത്തിറക്കിയ 'ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സി'ല്‍ 119 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം നൂറാമതാണ്! 2016ല്‍ ഇന്ത്യ 97ാം സ്ഥാനത്തായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യ 103ാം സ്ഥാനത്താണ്. ഇന്ത്യയെക്കാള്‍ ജനസംഖ്യയുള്ള ചൈനയുടെ സ്ഥാനം 29 ആണ് എന്നോര്‍ക്കുക! കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ കാര്യത്തില്‍ ലോകത്ത് ഇപ്പോള്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. വളര്‍ച്ച മുരടിച്ച കുട്ടികളുടെ എണ്ണം ആഗോളതലത്തില്‍ 22.9 ശതമാനമാണ്. ഇന്ത്യയില്‍ ഇത് 38.4 ആണ്.   

ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ അവസ്ഥ ഇന്ന് അത്യധികം ശോചനീയമാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കാര്യമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് മോഡി പ്രചാരണത്തിനായി ഉപയോഗിച്ചത്. നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകണമെങ്കില്‍ കര്‍ഷകര്‍ക്ക് മാന്യമായ ഉല്‍പന്ന വില കിട്ടുന്നു എന്ന് ഉറപ്പാക്കണം എന്നതായിരുന്നു ആ ശുപാര്‍ശ. ഉല്‍പാദനച്ചെലവിന്റെ 50 ശതമാനവും കൂട്ടിയുള്ള വിലയാണ് അധികാരത്തിലേറിയാല്‍ തങ്ങള്‍ ഉറപ്പാക്കുക എന്നായിരുന്നു മോഡിയുടെ വാഗ്ദാനം. എന്നിട്ടിപ്പോള്‍ എന്തായി? കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു. ഒരു കിലോ ഉള്ളിക്ക് കര്‍ഷകര്‍ക്ക് ഒരു രൂപ മാത്രം കിട്ടുന്ന അവസ്ഥ വന്നു. ടണ്‍കണക്കിന് ഉള്ളി നടുറോട്ടില്‍ കൊണ്ടുപോയി തള്ളി കര്‍ഷകര്‍ പ്രതിഷേധിക്കുമ്പോള്‍ അവരുടെ മനസ്സിന്റെ വേദന കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടി മാത്രം ഭരണം കയ്യാളുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല.

വിദ്യാഭ്യാസവും ചികിത്സയും പട്ടിണികൂടാതെയുള്ള മാന്യമായ ജീവിതസാഹചര്യവും സുരക്ഷിതത്വവും എല്ലാവര്‍ക്കും ലഭ്യമാകണം. ഏത് മതത്തില്‍ വിശ്വസിക്കണം, ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നതൊക്കെ പൗരന്മാരുടെ അവകാശത്തില്‍ പെട്ടതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഇത്തരം മൗലികാവകാശങ്ങള്‍ അനുവദിച്ചുതരുന്നവരാണ് രാജ്യം ഭരിക്കേണ്ടത്. ഓര്‍ക്കുക, സമ്മതിദാനാവകാശം ശക്തമായ ഒരായുധമാണ്. അത് ബുദ്ധിപൂര്‍വം വിനിയോഗിക്കുക.