ജോറാകുന്ന ഫുള്‍ജാറുകള്‍ നല്‍കുന്ന സന്ദേശം

പത്രാധിപർ

2019 ജൂണ്‍ 22 1440 ശവ്വാല്‍ 19

മലയാളി എന്നാല്‍ മാറ്റത്തിന്റെ പര്യായമാണ്. സകല മേഖലകളിലും മലയാളി മാറ്റത്തിന്റെ പാതയിലാണ്. ഈ മാറ്റത്തിനിടയില്‍ തനിമയാര്‍ന്ന കേരള സംസ്‌കൃതിയെ അപകര്‍ഷതാബോധത്തോടെ മലയാളി വീക്ഷിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പുറമെനിന്ന് വരുന്നതെന്തും, പുതുതായി പുറപ്പെടുന്നതെന്തും മലയാളിക്ക് സ്വീകാര്യമാണ്. അന്ന-പാനീയ രംഗത്തും ഈ മാറ്റം കാണാവുന്നതാണ്.

കരിക്കിന്‍ വെള്ളവും നാടന്‍ സര്‍ബത്തും മോരിന്‍വെള്ളവും ഇന്ന് പഴഞ്ചനാണ്. പകരം കോളകളും മറ്റു 'കളര്‍വെള്ള'ങ്ങളും നുണഞ്ഞ് 'സ്റ്റാന്‍ഡേര്‍ഡ് കീപ്പ്' ചെയ്യുന്നു. കുലുക്കി സര്‍ബത്തും കടന്ന് ഇപ്പോള്‍ 'ഫുള്‍ ജാര്‍ സോഡ'യില്‍ നാം എത്തി നില്‍ക്കുന്നു. ഫുള്‍ ജാര്‍ സോഡ ഇന്ന് കേരളമാകെ നുരഞ്ഞു പൊന്തുകയാണ്. ഗള്‍ഫ് നാടുകളിലുള്ള മലയാളികളും ചെറിയ ഗ്ലാസ് വലിയ ഗ്ലാസിലിട്ട് നുരയും പതയും പൊങ്ങുന്നത് കണ്ട് ആഹ്ലാദിക്കുകയാണ്. ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങൡ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്.

പുതിയതിനെയൊക്കെ അവഗണിക്കണമെന്നും പഴയതിനെ മാത്രം പുണരണമെന്നുമല്ല ഇപ്പറഞ്ഞതിനര്‍ഥം. വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെല്ലാം മലയാളികള്‍ മുന്നില്‍ നില്‍ക്കുന്നുവെങ്കില്‍ അതിന്റെ കാരണം അഭികാമ്യമായ മാറ്റത്തിന്റെ ചിന്താഗതി തന്നെയാണ്. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ ഒരു ചെയിഞ്ച് ആഗ്രഹിച്ച് പുതിയതിന്റെ പിന്നാലെ പോകുമ്പോള്‍ വരും വരായ്കകളെ കുറിച്ച് ചിന്തിക്കേണ്ടതില്ലേ?

കപ്പയും കര്‍മൂസയും ചേനത്തണ്ടും ചേമ്പുമൊക്കെ ചേര്‍ത്തുകൊണ്ടുള്ള ആരോഗ്യ പ്രദമായ നാടന്‍ കൂട്ടാന്‍ പഴമക്കാരുടെ പഴക്കം പറച്ചിലുകളില്‍ മാത്രം കടന്നുവരുന്ന ഒന്നായി മാറിയിരിക്കുന്നു. ഷവര്‍മ, ബ്രോസ്റ്റ്, അല്‍ഫഹം, ഗ്രില്‍ഡ് ഫിഷ്, കുഴിമന്തി അങ്ങനെയങ്ങനെ കടല്‍ കടന്നെത്തുന്ന രുചിഭേദങ്ങള്‍ക്ക് പിന്നാലെ പരക്കം പായുമ്പോള്‍ നാടന്‍ ചോറും മോര് കാച്ചിയതും ബീഫ് വരട്ടും തേങ്ങാച്ചോറുമൊക്കെ തരംതാണതും വിരുന്നുകാര്‍ക്ക് വിളമ്പാന്‍ പാടില്ലാത്ത വിധം സ്റ്റാന്‍ഡേര്‍ഡ് കുറഞ്ഞതുമായി വിലയിരുത്തപ്പെടുന്നു. സാമ്പാറും ചോറും രോഗികളുടെ ഭക്ഷണമായി മാറിക്കൊണ്ടിരിക്കുന്നു.

അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അന്നസംസ്‌കൃതി മലയാളിയെ ഇന്ന് മാറാരോഗങ്ങളുടെ തടവറയിലേക്കാണ് ആനയിക്കുന്നത്. മലയാളിയുടെ ഭക്ഷ്യസംസ്‌കാരത്തില്‍ ഏറ്റവും വലിയ മാറ്റം െകാണ്ടുവന്നത് റെസ്‌റ്റോറന്റ് സംസ്‌കാരമാണ്. കൗമാരക്കാരെ പ്രത്യേകമായും ഇന്ന് ഫാസ്റ്റ്ഫുഡ് ജ്വരം പിടിമുറുക്കിയിരിക്കുന്നു. അടുക്കളയില്‍നിന്നും റെസ്‌റ്റോറന്റിലേക്കുള്ള മലയാളിയുടെ മാറ്റം ശുദ്ധ ഭക്ഷണത്തില്‍നിന്നും മായം കലര്‍ന്നവയിലേക്കുള്ള മാറ്റം കൂടിയാണ്. പൊണ്ണത്തടിയും കാന്‍സര്‍ അടക്കമുള്ള രോഗങ്ങളും ഫാസ്റ്റ് ഫുഡ് സംസ്‌കാരം സമ്മാനിച്ചുകൊണ്ടിരിക്കുന്നു എന്ന് അറിയാമെങ്കിലും വരുന്നേടത്തുവെച്ച് കാണാം എന്ന നിലപാടിലാണ് നമ്മള്‍!

ഫാസ്റ്റ് ഫുഡിലെ പ്രധാന ആകര്‍ഷക ഘടകം അതിന്റെ നിറവും മണവും രുചിയുമാണ്. തിളച്ചുമറിയുന്ന എണ്ണയില്‍ മുങ്ങിമൊരിഞ്ഞ് ചുവന്ന് മുമ്പിലെത്തുന്ന ചിക്കന്‍ ഫ്രൈ കണ്ടാല്‍ തന്നെ വായില്‍ വെള്ളമൂറും. എന്നാല്‍ ഇതില്‍ ഉപയോഗിച്ച എണ്ണയെക്കുറിച്ചോ നിറത്തെക്കുറിച്ചോ അജിനമോട്ടോയെക്കുറിേച്ചാ ആരും ചിന്തിക്കാറില്ല. ചട്ടിയില്‍ തിളച്ചുമറിയുന്ന കൊഴുത്ത എണ്ണക്ക് കറുത്ത നിറവും ചിക്കന്‍ ഫ്രൈക്ക് ചുവപ്പു നിറവും! സോപ്പിട്ട് കഴുകിയാല്‍ പോലും പോകാത്ത ചുവപ്പുനിറം കൈകളില്‍ ബാക്കിയാകുന്നു. അപ്പോള്‍ വയറ്റിലെ അവസ്ഥ എന്തായിരിക്കും?

അടുക്കളയെ നാം തിരിച്ചുപിടിച്ചില്ലെങ്കില്‍ വിവിധ രോഗങ്ങള്‍ നമ്മെ വരിഞ്ഞുമുറുക്കുമെന്ന് തിരിച്ചറിയുക.