ഈ അരുംകൊലകള്‍ക്ക് അറുതി വേണ്ടേ?

പത്രാധിപർ

2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25

അങ്ങനെ കേരളത്തില്‍ രണ്ടു യുവാക്കള്‍കൂടി അരിഞ്ഞു വീഴ്ത്തപ്പെട്ടിരിക്കുന്നു! 1948 സെപ്റ്റംബര്‍ 12ന് സി.പി.ഐ പ്രവര്‍ത്തകനായ മൊയാരത്ത് ശങ്കരന്റെ കൊലയില്‍ തുടങ്ങിയ രാഷ്ട്രീയ പകപോക്കല്‍ കൊലപാതകം കൃപേഷ്, ശരത്‌ലാല്‍ എന്നീ യുവാക്കളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതത്തില്‍ എത്തിനില്‍ക്കുന്നു. ഈ അരുംകൊലകള്‍ നമ്മുടെ നാട്ടില്‍ അറുതിയില്ലാതെ തുടരുക തന്നെ ചെയ്യും. 'ഇങ്ങോട്ടു കിട്ടിയാല്‍ അങ്ങോട്ടും കൊടുക്കും,' 'വരമ്പത്തുവച്ചുതന്നെ കൂലികൊടുക്കും' എന്നൊക്കെ പരസ്യമായി പ്രഖ്യാപിച്ച് അണികളെ അക്രമത്തിനും കൊലപാതകത്തിനും പ്രേരിപ്പിക്കുന്ന നേതാക്കളുള്ള കാലത്തോളം മറിച്ചാകാന്‍ തരമില്ല. 

ഒരു കൊലപാതകം കഴിഞ്ഞാലുടന്‍ കൊല്ലപ്പെട്ട വ്യക്തിയുടെ പാര്‍ട്ടിക്കാര്‍ കേരളത്തിലുടനീളം കൊല്ലപ്പെട്ടയാളുടെ വര്‍ണ ചിത്രം പ്രിന്റ് ചെയ്ത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ചിലപ്പോള്‍ ആ പാര്‍ട്ടിയുടെ എത്ര പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടോ അവരുടെയൊക്കെ ഫോട്ടോയും കണ്ടേക്കാം. അതിന്റെ തലക്കെട്ടും അടിക്കുറിപ്പുമൊക്കെ വായിച്ചാല്‍ ചിലപ്പോള്‍ കണ്ണുനിറയും. പാര്‍ട്ടിക്കാരനെങ്കില്‍ പ്രതികാര ചിന്ത പതഞ്ഞുപൊങ്ങിയെന്നും വരും. 

ഏതു പാര്‍ട്ടിയുടെയും രക്തസാക്ഷി പട്ടികയിലൂടെ ഒന്ന് കണ്ണോടിക്കുക. അതില്‍ ഒരൊറ്റ ഉന്നത നേതാവിനെയോ നേതാവിന്റെ മക്കളെയോ കണ്ടെത്താന്‍ കഴിയില്ല. കാരണം അവരൊക്കെ ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളില്‍ പോയിരിക്കുകയാവും. അല്ലെങ്കില്‍ വമ്പന്‍ കമ്പനികളിലോ സര്‍ക്കാര്‍ തലത്തിലോ ഉന്നതമായ ജോലികള്‍ ചെയ്യുന്നവരായിരിക്കും. തല്ലാനും കൊല്ലാനും ചാവാനുമൊന്നും അവരെ കിട്ടില്ല. അല്ലെങ്കിലും പാര്‍ട്ടിയെ വിയര്‍പ്പും ചോരയും കൊടുത്ത് വളര്‍ത്തേണ്ട ചുമതല സാധാരണക്കാര്‍ക്കാണല്ലോ. സ്ഥാനമാനങ്ങളുടെയും അധികാരത്തിന്റെയും സുഖശീതളിമ ആസ്വദിക്കുക എന്ന ഭാരിച്ച പണി സാധാരണക്കാര്‍ക്ക് താങ്ങാനാവില്ലല്ലോ; അതിന് ഉന്നത നേതാക്കള്‍ തന്നെ വേണം.

രാഷ്ട്രീയത്തിന്റെ ബാനറില്‍ എന്ത് അക്രമവും കാണിക്കാം, സംഘര്‍ഷവും കലാപവുമുണ്ടാക്കാം, കൊലപാതകം നടത്താം; അതില്‍ പങ്ക്‌കൊള്ളുന്നവര്‍ ഒന്നും ഭയപ്പെടേണ്ടതില്ല, പിടിയിലായാലും പാര്‍ട്ടി രക്ഷപ്പെടുത്തും എന്ന ഒരു അലിഖിത നിയമം നാട്ടിലുള്ളതുപോലെ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റംപറയാന്‍ പറ്റില്ല. കാരണം അത് അനുഭവപാഠമാണ്. എന്നാല്‍ ചെറിയൊരു കശപിശ മതത്തിന്റെ പേരില്‍ നടന്നാല്‍ വിശിഷ്യാ അതില്‍ മുസ്‌ലിം നാമധാരികളുണ്ടെങ്കില്‍ അതില്‍ ഭീകരതയും തീവ്രവാദവും ഐ.എസ് ബന്ധവും മറ്റും ഇഴകീറി പരിശോധിച്ച് കണ്ടെത്തുവാന്‍ ശ്രമിക്കുന്നതില്‍ വല്ലാത്തൊരു ആവേശം ചില സംഘടനകളും മാധ്യമങ്ങളും കാണിക്കുന്നത് നാം കാണുന്നു. 

ഒരുകാര്യമേ പറയാനുള്ളൂ; മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും എന്നല്ല ഒന്നിന്റെ പേരിലും മനുഷ്യര്‍ തമ്മില്‍ പോരടിക്കരുത്. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കരുത്. മനുഷ്യന്‍ മനുഷ്യനെ വെട്ടിനുറുക്കരുത്. വിധവകളുടെയും അനാഥബാല്യങ്ങളുടെയും നിരാലംബ കുടുംബങ്ങളൂടെയും എണ്ണം കൂട്ടരുത്. ഇത് അവസാനിപ്പിച്ചേ മതിയാകൂ. സാക്ഷര കേരളത്തിന് അപമാനമുണ്ടാക്കുന്നതാണ് ഈ മാനവികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍.