അന്യസംസ്ഥാനങ്ങളിലെ പഠനം: കുട്ടികള്‍ വഴിതെറ്റുന്നുവോ?

പത്രാധിപർ

2019 ഫെബ്രുവരി 16 1440 ജുമാദല്‍ ആഖിര്‍ 11

അന്യസംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പോകുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും വഴിവിട്ട ജീവിതം നയിക്കുന്നതിന്റെ നേര്‍ക്കാഴ്ചകളും വിവരണങ്ങളും ഇടയ്ക്കിടെ സാമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടാറുണ്ട്. ഏറെ ആശങ്കാജനകവും അപകടകരവുമായ ഈ സ്ഥിതിവിശേഷത്തെ ഗൗരവത്തിലെടുക്കുവാന്‍ രക്ഷിതാക്കളും ഭരണനേതൃത്വവും തയ്യാറായില്ലെങ്കില്‍ അനന്തരഫലം പ്രവചനാതീതമായിരിക്കുമെന്നതില്‍ സംശയമില്ല. 

അന്യസംസ്ഥാനങ്ങൡ പഠിക്കാനെത്തുന്ന മലയാളികളില്‍ മിക്കവരും തിരഞ്ഞെടുക്കുന്നത് നഴ്‌സിംഗ്, ദന്തല്‍, എഞ്ചിനീയറിംഗ്, ഫിസിയോ തെറാപ്പി, മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളാണ്. എണ്ണത്തില്‍ കുറവെങ്കിലും കേരളത്തില്‍ ഇന്ന് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഞ്ഞമില്ല. പിന്നെ ഇവരെന്തിന് കഷ്ടെപ്പട്ട് അന്യനാടുകളില്‍ ചേക്കേറുന്നു? മെറിറ്റ് ലിസ്റ്റില്‍ കയറിപ്പറ്റാന്‍ മാത്രം പഠിക്കാനുള്ള കഴിവ് അഥവാ ബുദ്ധിയില്ല എന്നത് തന്നെ പ്രധാന കാരണം. വിറ്റുപിരിച്ചും പലിശക്ക് കടം വാങ്ങിയും വിദ്യാഭ്യാസ ചന്തയില്‍ കാശിറക്കിയാല്‍ വൈകാതെ മുടക്കിയ കാശ് പശിലസഹിതം തിരിച്ചുപിടിക്കാമെന്ന രക്ഷിതാക്കളുടെ അതിമോഹം മറുവശത്തും. അതിനാല്‍ മാര്‍ക്ക് കുറഞ്ഞാലും കാശ് കൊടുത്താല്‍ അഡ്മിഷന്‍ കിട്ടുന്ന സ്ഥലം തേടി പായുന്നു. അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും സാഹചര്യ സമ്മര്‍ദങ്ങളാലോ സ്വന്തം താല്‍പര്യപ്രകാരമോ വഴിവിട്ട ജീവിതം നയിക്കുന്നു. 

പെണ്‍കുട്ടികള്‍ കോള്‍ ഗേളായി പോകുന്നതിന് പുറമെ ബംഗളൂരുവില്‍ 'ജിഗോള' സംസ്‌കാരവും പടരുന്നു എന്നും മണിക്കൂറുകള്‍ക്കു വില നല്‍കി സെക്‌സിനായി പുരുഷന്മാരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നു എന്നുമുള്ള റിപ്പോര്‍ട്ട് ഏറെ ഞെട്ടലുളവാക്കുന്നതാണ്. 'ഗേള്‍ഫ്രണ്ട് ' എന്നതിന് 'ഗേള്‍മേറ്റ്' എന്നും 'ബോയ്ഫ്രണ്ട്' എന്നതിന് 'ബോയ്‌മേറ്റ്' എന്നുമാണത്രെ പുതിയ വിളിപ്പേരുകള്‍. എന്റര്‍ടെയിന്‍മെന്റിനും പണം ഉണ്ടാക്കാനും വേണ്ടി ഏതറ്റം വരെ പോകാനും പലര്‍ക്കും മടിയില്ല. ഇതിന് ഇടപാട് നില്‍ക്കാന്‍ ധാരാളം ആന്റിമാരുണ്ട്. പിന്നെല്ലാം അവരുടെ നിയന്ത്രണത്തിലാവുമെന്നും ഇതെല്ലാം ദൈനംദിന കാഴ്ചകളാണെന്നും അവിടെ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളില്‍ ചിലര്‍ പറയുന്നു.

ലൈംഗിക ധാര്‍മികതയെ കുറിച്ചുള്ള മലയാളി വിദ്യാര്‍ഥിനികളുടെ കാഴ്ച്ചപ്പാട് ഏറെ മാറിയിരിക്കുന്നു. ഒരു ബോയ്‌മേറ്റെങ്കിലും ഇല്ലെങ്കില്‍ ക്യാമ്പസില്‍ തലയുയര്‍ത്തി നടക്കാന്‍ വയ്യാ എന്ന് ഇത്തരക്കാര്‍ ചിന്തിക്കുന്നു. അതുപോലെ വെള്ളമടിച്ച് അഴിഞ്ഞാട്ടം നടത്തുന്നതും അവിടത്തെ പതിവ് സംഭവമാണെന്നും പറയപ്പെടുന്നു.

ഇത് മാത്രമല്ല, നാട്ടിലേക്ക് വരുമ്പോഴും തിരിച്ച് പോകുമ്പോഴും ഇവരില്‍ പലരും ലൈംഗിക ബന്ധം ആസ്വദിക്കാന്‍ പുതുവഴികള്‍ തേടുന്നു. ട്രെയ്‌നിനെക്കാള്‍ ഹൈടെക് സ്ലീപ്പര്‍ ബസുകളാണ് ചില വിദ്യാര്‍ഥികള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ട്രെയിനിലെ ബര്‍ത്തിനെക്കാള്‍ സൗകര്യമായി രണ്ടു പേര്‍ക്കു കിടക്കാവുന്ന ബര്‍ത്തുകളാണ് ആധുനിക ബസ്സുകളിലുള്ളത്. കര്‍ട്ടന്റെ സ്വകാര്യത, പുതയ്ക്കാന്‍ കമ്പിളി... മറ്റ് ശല്യങ്ങളൊന്നുമില്ല!

ഉന്നത വിദ്യാഭ്യാസത്തിനായി പണം നല്‍കി മക്കളെ അന്യസംസ്ഥാനത്തേക്ക് അയച്ചത് കൊണ്ട് മാത്രം മാതാപിതാക്കളുടെ കടമ തീര്‍ന്നെന്ന് വിചാരിക്കരുത്. തങ്ങളുടെ കണ്ണിന്റെയും കാതിന്റെയും പരിധിക്ക് പുറത്താണ് മാതാപിതാക്കളെന്ന് കരുതുന്നതു കൊണ്ടും അതിലുപരി മതബോധമില്ലായ്മയുമാണ് ഇവരെ 'അതിരുകളില്ലാത്ത സ്വാതന്ത്ര്യം' ആസ്വദിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. എന്റെ മക്കള്‍ വഴി തെറ്റി പോകില്ല എന്ന മുന്‍വിധി തിരുത്തണം. താന്‍ ചെയ്യുന്ന പാപം സ്വന്തക്കാര്‍ ആരും അറിയില്ലെങ്കിലും സ്രഷ്ടാവ് എല്ലാം അറിയുന്നു എന്ന ബോധം മക്കള്‍ക്ക് പകര്‍ന്നു നല്‍കാന്‍ രക്ഷിതാക്കള്‍ക്കാകണം.