മതംമാറ്റവും പാര്‍ട്ടിമാറ്റവും

പത്രാധിപർ

2019 സെപ്തംബര്‍ 07 1441 മുഹര്‍റം 08

''ഇസ്‌ലാം മതം സ്വീകരിക്കാനുള്ള 27കാരിയായ ഹിന്ദു ദന്തഡോക്ടറുടെ ആഗ്രഹത്തിന് തടസ്സം നില്‍ക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏതൊരു മതവിശ്വാസവും തിരഞ്ഞെടുക്കാനുള്ള മൗലികാവകാശമുണ്ടെന്നും ജസ്റ്റിസുമാരായ എം.സത്യനാരായണന്‍, ബി.പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു'' ഈ മാസം 24ന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്.

മതനിരപേക്ഷ ഇന്ത്യയിലെ, ഭരണഘടന അനുവദിച്ചുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഓരോ പൗരനിലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോട് മതിപ്പും ആദരവുമുണ്ടാക്കുന്ന ഒരു വിധിയാണിത്. ഇന്ത്യയെ ഏകശിലാരാജ്യമാക്കി മാറ്റാനുള്ള സ്ഥാപിത താല്‍പര്യക്കാര്‍ക്ക് മാത്രമെ ഇതില്‍ അസംതൃപ്തി തോന്നുകയുള്ളൂ. നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതപരിവര്‍ത്തനം നടത്തുന്നത് കുറ്റകൃത്യമാണെന്ന് ഭരണഘടന പറയുന്നു. ഇതിന്റെ മറവില്‍ ഒരാളുടെ ഇഷ്ടപ്രകാരം അയാള്‍ തന്റെ വിശ്വാസ മാര്‍ഗം തിരഞ്ഞെടുക്കുന്നതിന് തടയിടാനുള്ള ശ്രമം ആസൂത്രിതമായി നടന്നുവരുന്നുണ്ടെന്നതില്‍ സംശയമില്ല.

യഥാര്‍ഥത്തില്‍ മനസ്സില്‍ നടക്കുന്ന ഈ മാറ്റംകൊണ്ട് സമൂഹത്തിനോ രാജ്യത്തിനോ എന്ത് നഷ്ടമാണ് വരാനിരിക്കുന്നത്? മതപരിവര്‍ത്തനം ഒരു കുറ്റകൃത്യമാണെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതും കുറ്റമാകേണ്ടതല്ലേ? വാസ്തത്തില്‍,  ഉറങ്ങിയെഴുന്നേല്‍ക്കും മുമ്പ് പാര്‍ട്ടിമാറുന്ന, കോടികളുടെ പണക്കിലുക്കത്തില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്ന, വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ചുകൊണ്ട് പാര്‍ട്ടി മാറി ഭരണത്തെ അട്ടിമറിക്കുന്ന, കോടിക്കണക്കിന് രൂപയുടെ നഷ്ടം നാട്ടിന് വരുത്തിവെച്ച് ഇടക്കാല തെരഞ്ഞെടുപ്പിന് വഴിവെക്കുന്ന കാലുമാറല്‍ രാഷ്ട്രീയം വരുത്തിവെക്കുന്ന തരത്തിലുള്ള നഷ്ടം രാജ്യത്തിനോ സമൂഹത്തിനോ കുടുംബത്തിനോ ഒരാളുടെ മതംമാറ്റം വരുത്തിവെക്കുന്നുണ്ടോ? ഒരിക്കലുമില്ല. പിന്നെ എന്തിനീ പുകിലുകളെല്ലാം?

ഭരണഘടനയനുസരിച്ച് ഇന്ത്യ ഒരു ജനാധിപത്യ സെക്കുലര്‍ റിപ്പബ്‌ളിക്കാണ്. ഇതനുസരിച്ച് രാഷ്ട്രം  മതങ്ങള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നില്ല. രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല. പക്ഷേ, പൗരന്മാര്‍ക്ക് ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും അത് ആചരിക്കാനും അവകാശമുണ്ട്. ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള അവകാശവും പൗരനുണ്ട്.

ബലപ്രയോഗം, വഞ്ചന, പ്രലോഭനം എന്നിവ മൂലമുള്ള മതം മാറ്റമാണ് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാക്കപ്പെട്ടിരിക്കുന്നത്. മാനസാന്തരത്തിനു വിധേയനാകാന്‍ ഒരു വ്യക്തിക്ക് അവകാശമില്ലെന്ന് ഭരണഘടനയോ സുപ്രീം കോടതിയോ പറഞ്ഞിട്ടില്ല. ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം രണ്ടു വ്യക്തികള്‍ക്കുള്ള മൗലികാവകാശം നിയമാനുസൃതം പ്രയോഗിക്കുന്നതിന്റെ ഫലമായിട്ടു സംഭവിക്കാം. ഒരു വ്യക്തിക്ക് തന്റെ മതം പ്രചരിപ്പിക്കാനുള്ള മൗലികാവകാശവും മറ്റേ വ്യക്തിക്ക് മനസ്സാക്ഷി സ്വാതന്ത്ര്യവും തനിക്ക് ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും അത് അഭ്യസിക്കാനുമുള്ള അവകാശവും നല്‍കുന്നു. യഥാര്‍ഥവും ആത്മാര്‍ഥവുമായ മതപരിവര്‍ത്തനത്തില്‍ ഒരുവന്‍ മറ്റൊരുത്തന്റ മതത്തെ ബലംപ്രയോഗിച്ചു മാറ്റുന്നില്ല. ഹൃദയപരിവര്‍ത്തനത്തിനു വിധേയനായി സ്വാതന്ത്ര്യത്തോടെ തന്റെ മതത്തില്‍ നിന്നു മാറുകയും ബോധ്യവും മനസ്സാക്ഷിയുമനുസരിച്ച് പുതിയ മതം സ്വീകരിക്കുകയുമാണു ചെയ്യുന്നത്.