കേരളത്തെ ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിക്കാന്‍ കാരണമെന്ത്?

പത്രാധിപർ

2019 മാര്‍ച്ച് 08 1440 റജബ് 02

'കേരളം ഒരു ഭ്രാന്താലയമാണ്' എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചിട്ട് 125 വര്‍ഷം തികഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം കേരളത്തെ അങ്ങനെ വിശേഷിപ്പിച്ചത് എന്ന ചോദ്യത്തിനുത്തരമായി കേരളത്തിന്റെ അന്നത്തെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് അറിയുന്ന ആര്‍ക്കും പറയാനുണ്ടാവുക ജാതീയതയും അനുബന്ധ കാര്യങ്ങളുമാണ് എന്നായിരിക്കും. എന്നാല്‍ ഇതിന് പുതിയൊരു വ്യാഖ്യാനം കൊണ്ടുവന്നിരിക്കുന്നു ഒ.രാജഗോപാല്‍ എം.എല്‍.എ. 

''അയിത്താചാരം നിലനിന്നതുകൊണ്ടല്ല കേരളത്തെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നുവിളിച്ചത്. അയിത്തം ഇന്ത്യയുടെ എല്ലാഭാഗത്തും നിലനിന്നിരുന്നു. എന്നാല്‍ അന്നുവരെ അകറ്റി നിര്‍ത്തിയവരെ അവര്‍ മതംമാറി, പേരും മാറി വരുമ്പോള്‍ സ്വീകരിച്ച് പൂമുഖത്തിരുത്തുന്നതു കണ്ടിട്ടാണ് കേരളത്തെ വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ചത്''-ഭാസ്‌കര്‍ റാവുജി സ്മാരക സമിതി ഫെബ്രുവരി 24ന് കോഴിക്കോട്ട് സംഘടിപ്പിച്ച 'കേരള നവോത്ഥാനം: ചരിത്രവും വര്‍ത്തമാനവും' സെമിനാറിലാണ് അദ്ദേഹം ഈ വിചിത്രമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

മനുഷ്യരെ മനുഷ്യരായി പരിഗണിച്ച് തുല്യസ്ഥാനം നല്‍കി ആദരിച്ചത് കണ്ടിട്ടാണ് പോല്‍ 'കേരളം ഭ്രാന്താലയം' എന്ന് വിവേകാന്ദന്‍ വിശേഷിപ്പിച്ചത്! ജാതിവിവേചനം ആക്ഷേപാര്‍ഹമല്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തെറ്റല്ല. എന്നാല്‍ ജാതീയതയുടെ ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചനം തേടി മതംമാറുന്നതാണ് ഭ്രാന്തന്‍ പ്രവര്‍ത്തനം എന്നതായിരുന്നു വിവേകാന്ദന്റെ വീക്ഷണം എന്ന രാജഗോപാലിന്റെ കണ്ടെത്തല്‍ ജാതീയതയെയും അയിത്താചരണത്തെയും നിലനിര്‍ത്താനും പരിപോഷിപ്പിക്കുവാനുമുള്ള ആഗ്രഹത്തില്‍നിന്ന് ഉടലെടുത്തതായേ വിവേകമുള്ളവര്‍ക്ക് മനസ്സിക്കാന്‍ കഴിയൂ.

വാസ്തവത്തില്‍ കേരളത്തിലൂടെ കടന്നുപോയ വിദേശികളായ നിരീക്ഷകരുടെ പലവിധത്തിലുള്ള പരാമര്‍ശങ്ങളുടെ തനിയാവര്‍ത്തനമാണ് വിവേകാനന്ദന്‍ നടത്തിയത്. അവരെല്ലാം പറഞ്ഞത് കേരള സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവം ജാതീയതയാണ് എന്നായിരുന്നു.

തീണ്ടാപ്പാട്, തൊടലിനെ സംബന്ധിച്ച കര്‍ക്കശമായ നിബന്ധനകള്‍, ദേവാലയങ്ങളില്‍ മാത്രമല്ല വീടുകളിലും തൊടിയില്‍പോലുമുണ്ടായിരുന്ന അവര്‍ണര്‍ക്കും അടിയാന്മാര്‍ക്കുമുള്ള വിലക്കുകള്‍, വഴി നടത്തത്തിനുള്ള വിലക്കുകള്‍, കിണറുകളും കുളങ്ങളും ഉപയോഗിക്കുന്നതിനുള്ള വിലക്കുകള്‍, വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കുള്ള ക്രൂരമായ ശിക്ഷകള്‍ തുടങ്ങിയവയാല്‍ പൊറുതിമുട്ടിക്കഴിയുകയായിരുന്നു ഇവിടുത്തെ താഴ്ന്ന ജാതിക്കാര്‍. ഈ ഭ്രാന്തിനെതിരെ രംഗത്തിറങ്ങിയവരില്‍ മുന്‍നിരക്കാരനായ സഹോദരന്‍ അയ്യപ്പന്‍ എഴുതിയതില്‍നിന്ന് അതിന്റെ രൂക്ഷത വ്യക്തമാകും:

''തീണ്ടലും തൊടീലും ഇനി അരനിമിഷം നമ്മുടെ നാട്ടില്‍ നിന്നുകൂടാ. അതു ഭ്രാന്താചാരമാണ്. മനുഷ്യനെ ദ്രോഹിക്കയും ൈദവത്തെ നിന്ദിക്കയും ചെയ്യുന്ന പൈശാചികാചാരമാണ്. അതിന്റെ ചവിട്ടടിയില്‍ പെട്ട് അവകാശവും അഭിമാനവും മറന്നു നാം ഇ്രതനാളും കഴിച്ചുകൂട്ടി. ഇനി അതു പാടില്ല. നേക്കുക, നമ്മുടെ നാട്ടില്‍ നമ്മൂടെ  നിലയെന്ത്? എല്ലാ രാജ്യക്കാര്‍ക്കും ജന്മഭൂമി സ്വര്‍ഗത്തിലും വലുത്. നമുക്കോ അതു നരകത്തിലും കഠിനം. നമുക്ക് പട്ടിക്കും പൂച്ചക്കും നടക്കാവുന്ന പെരുവഴിയില്‍ നടന്നുകൂടാ... മിഠായി വില്‍ക്കാന്‍ വരുന്ന തുളുനാടന്‍ പോറ്റിയും തുണിക്കെട്ടും പേറിവരുന്ന പാണ്ടിപ്പട്ടരും കൂടി നമ്മുെട നാട്ടില്‍ നമ്മള്‍ വെട്ടിയുണ്ടാക്കിയ റോഡില്‍ വെച്ച് നമ്മളോട് വഴിമാറാന്‍ ഒച്ചയാട്ടുന്നു. കൊന്തയും തൊപ്പിയും ഇടുമ്പോള്‍ നമുക്കു കിട്ടുന്ന സ്വാതന്ത്ര്യം, മുടിയും ഭസ്മക്കുറിയും ഉള്ളപ്പോള്‍ നമുക്ക് അനുഭവിച്ചുകൂടാ...''(സഹോദരന്‍ അയ്യപ്പന്‍, കേരള നവോത്ഥാനവും യുക്തിചിന്തയും, പേജ് 46).