നസ്ഖ്: പ്രമാണങ്ങള്‍ എന്തു പറയുന്നു?

ഫൈസല്‍ പുതുപ്പറമ്പ്

2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2
ക്വുര്‍ആനിന്റെ ആധികാരികത ചോദ്യം ചെയ്യാന്‍ വിമര്‍ശകര്‍ എക്കാലത്തും ഉപയോഗിച്ചിരുന്ന പ്രചാരണായുധമാണ് നസ്ഖ്. ഗഹനമായ പഠനത്തിന് താല്‍പര്യമില്ലാത്തവരെയും ദുര്‍ബല വിശ്വാസികളെയും തെറ്റുധരിപ്പിക്കാന്‍ എടുത്തുപയോഗിക്കുന്ന ക്വുര്‍ആനിലെ നസ്ഖിനെയും മന്‍സൂഖിനെയും കുറിച്ചുള്ള വസ്തുതകള്‍ മനസ്സിലാക്കുന്നതോടെ അതിന്റെ ദൈവികതയും  യുക്തിഭദ്രതയും ഏതൊരാള്‍ക്കും ബോധ്യപ്പെടും.

ക്വുര്‍ആനിക വിജ്ഞാനീയങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് 'നസ്ഖ്' അഥവാ ദുര്‍ബലപ്പെടുത്തപ്പെട്ട വചനങ്ങളെ കുറിച്ചുള്ള അറിവ്. അല്ലാഹു അവതരിപ്പിച്ച ഒരു നിയമത്തെയോ വചനത്തെയോ അവന്‍ തന്നെ മാറ്റം വരുത്തി പുതിയ നിയമം അവതരിപ്പിക്കുന്നതിനാണ് നസ്ഖ് എന്ന് സാങ്കേതികമായി പറയുന്നത്. ഇത് അറിയാത്ത ഒരാള്‍ മതം കൈകാര്യം ചെയ്താല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അതിനാല്‍ സ്വഹാബിമാര്‍ മുതലുള്ളവര്‍ മതം കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനയോഗ്യതയായി നാസിഖ്, മന്‍സൂഖ് (ദുര്‍ബലപ്പെടുത്തപ്പെട്ട വചനം/നിയമം ആദ്യ വചനത്തെ ദുര്‍ബലമാക്കി എന്നറിയിക്കുന്ന പുതിയ നിയമം/വചനം) എന്നിവയെക്കുറിച്ചുള്ള അറിവിനെ കണക്കാക്കിയിരുന്നു. ഒരിക്കല്‍ നാലാം ഖലീഫ അലി(റ) പള്ളിയില്‍ ഉദ്ബോധനം നടത്തുന്ന ഒരാള്‍ക്കരികിലൂടെ കടന്നുപോയി. അദ്ദേഹം ചോദിച്ചു. ''നിനക്ക് നാസിഖ് മന്‍സൂഖ് അറിയുമോ?'' അയാള്‍ പറഞ്ഞു: ''ഇല്ല.'' അലി(റ) പറഞ്ഞു: ''എങ്കില്‍ നീ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്തു.'' ഇത്തരം ആളുകള്‍ ഇനി മുതല്‍ ഉദ്ബോധനം നടത്തരുതെന്ന കല്‍പന പോലും അലി(റ) പുറപ്പെടുവിക്കുകയുണ്ടായിട്ടുണ്ട്. മഹാനായ ഇബ്നു അബ്ബാസ്(റ)ല്‍ നിന്നും സമാനമായ സംഭവം ഉദ്ധരിക്കപ്പെട്ടുന്നുണ്ട്.

ഈ രംഗത്തെ അജ്ഞത പല തെറ്റിദ്ധാരണകള്‍ക്കും ഒരുവേള ക്വുര്‍ആന്‍ നിഷേധങ്ങളിലേക്കും വരെ പലരെയും കൊണ്ടെത്തിക്കുന്നു.

എന്താണ് നസ്ഖ്?

കോപ്പി ചെയ്യല്‍, ഉദ്ധരിക്കല്‍, ഒഴിവാക്കല്‍, ഉയര്‍ത്തല്‍ എന്നൊക്കെ അതിന് അര്‍ഥം പറയാം.

ക്വുര്‍ആനിലെ നസ്ഖ് എന്ന് പറയുമ്പോള്‍ 'ഉയര്‍ത്തല്‍' എന്നതാണ് അര്‍ഥം. ഒരു വചനം/നിയമം മാറ്റി പകരം മറ്റൊരു നിയമം കൊണ്ടുവരല്‍ എന്നര്‍ഥം.

അഥവാ ക്വുര്‍ആനിലോ ഹദീസിലോ അല്ലാഹു നിയമമാക്കി പഠിപ്പിച്ച ഒരു കാര്യത്തെ ക്വുര്‍ആനിന്റെയോ ഹദീസിന്റെയോ വചനത്തിലൂടെ അല്ലാഹു തന്നെ മാറ്റം വരുത്തി പുതിയ നിയമം അറിയിക്കലാണ് നസ്ഖ്.

എന്ത് കൊണ്ട് നസ്ഖ്?

മനുഷ്യര്‍ക്ക് ഓരോ അവസരത്തിലും ഏറ്റവും നല്ലത് ഏത് എന്നും ഒരു നിയമം നടപ്പാക്കുന്ന രംഗത്ത് എങ്ങനെയാണ് അത് വേണ്ടത് എന്നും ഏറ്റവും നന്നായി അറിയാവുന്നവന്‍ അല്ലാഹു മാത്രമാണ്. അതിനാല്‍ തന്റെ അടിമകള്‍ക്ക് ഏറ്റവും വലിയ നന്മ എന്താണോ അതിനനുസൃതമായി അല്ലാഹു നിയമങ്ങള്‍ പഠിപ്പിക്കുന്നു.

അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നസ്ഖ്. ചിലരെങ്കിലും തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് എല്ലാം അറിയുന്ന അല്ലാഹുവിന് എന്താണ് നസ്ഖിന്റെ ആവശ്യം, ആദ്യമെ യഥാര്‍ഥ നിയമം പഠിപ്പിച്ചാല്‍ പോരേ എന്നൊക്കെ ചോദിച്ചുകൊണ്ടാണ്.

നസ്ഖിനെ കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് ഈ ചോദ്യം ഉടലെടുക്കുന്നത്. വിശ്വാസ സംബന്ധമായ കാര്യങ്ങളിലോ ചരിത്രപരമായ കാര്യങ്ങള്‍ വിവരിക്കുന്ന വചനങ്ങളിലോ ഒരിക്കലും നസ്ഖ് ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അല്ലാഹുവിന് എല്ലാം അറിയില്ലേ, പിന്നെന്തേ അന്ന് അങ്ങനെ പറഞ്ഞു, ഇപ്പോള്‍ ഇങ്ങനെ മാറ്റിപ്പറഞ്ഞു എന്നൊക്കെയുള്ള ചോദ്യം പ്രസക്തമാകുമായിരുന്നു. മൊത്തം സമൂഹത്തിന് പൊതു നന്‍മയായി പഠിപ്പിച്ച ഒരു കാര്യവും നസ്ഖ് ചെയ്തിട്ടില്ല. സ്വഭാവ സംബന്ധമായി അല്ലാഹു ഒരിക്കല്‍ അവതരിപ്പിച്ച നിയമവും നസ്ഖ് ചെയ്യപ്പെട്ടിട്ടില്ല.

എന്നാല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യണം എന്ന് നിര്‍ദേശിച്ച് കൊണ്ട് ഒരു നിയമം അവതരിപ്പിക്കുകയും പിന്നീട് ഇനി മുതല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്ത് കൊള്ളുക എന്ന് അതില്‍ ഭേദഗതി നല്‍കുകയും ചെയ്യുന്നു. അതാണ് നസ്ഖ്. ഇത് ശരിയല്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ?

അത് തന്നെയും വഹ്യ് അവതരിച്ച് കൊണ്ടിരുന്ന കാലത്ത്, ഒരു ജനസമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്ന കാലഘട്ടത്തില്‍ മാത്രം. വഹ്യ് പൂര്‍ത്തിയായതിന് ശേഷം പിന്നെ നസ്ഖില്ല.

കാലങ്ങളായി അവര്‍ ശീലിച്ചുവന്ന തെറ്റായ ഒരു ശീലത്തെ മാറ്റിയെടുക്കുന്നതിലോ ജീവിത രീതിയെ തന്നെ മാറ്റിമറിക്കുന്ന പുതിയ ഒരു ശീലം ഉണ്ടാക്കിയെടുക്കുന്നതിലോ ആണ് അധിക നസ്ഖും ഉണ്ടായിട്ടുള്ളത്.

രണ്ട് ഉദാഹരണങ്ങള്‍ കാണുക:

1. മദ്യനിരോധനം

കാലങ്ങളായി മദ്യത്തില്‍ മുഴുകി ജീവിച്ച് വരുന്ന ഒരു ജനവിഭാഗത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഇസ്ലാം നടപ്പാക്കിയത് നാല് ഘട്ടങ്ങളിലായിട്ടാണ്:

1. അത് നല്ല ഒരു പാനീയമല്ല എന്ന് ആദ്യം പറഞ്ഞുവെച്ചു.

''ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു). അതില്‍ നിന്ന് ലഹരി പദാര്‍ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു.''

2. അതില്‍ കുറച്ചൊക്കെ നേട്ടങ്ങള്‍ ഉണ്ടെങ്കിലും അതിലേറെ വലിയ ഭവിഷ്യത്തുകള്‍ ഉണ്ട് എന്ന് അറിയിച്ചു.

''(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാള്‍ വലുത്...''(2:219).

3. നമസ്‌കാര സമയത്ത് ലഹരി ബാധിതരായി വരാന്‍ പാടില്ല എന്ന് പറഞ്ഞു.

''സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ...'' (4:43).

4. ക്വുര്‍ആനില്‍ അവസാനമിറങ്ങിയ അധ്യായങ്ങളില്‍ ഒന്നായ അഞ്ചാം അധ്യായം സൂറതുല്‍ മാഇദയിലൂടെ മദ്യം പൂര്‍ണമായും നിരോധിച്ചു.

''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം...''(5:90).

ഇന്ന് നാം ജീവിതത്തില്‍ പാലിക്കേണ്ടത് നാലാമതായി പറഞ്ഞതാണ്. അതിനര്‍ഥം മറ്റു മൂന്ന് ക്വുര്‍ആന്‍ വചനങ്ങള്‍ നഷ്ടപ്പെട്ടു പോയി എന്നാണോ? അല്ലാഹുവിന് ആദ്യമെ സമ്പൂര്‍ണ നിരോധനം പ്രഖ്യാപിച്ചാല്‍ മതിയായിരുന്നില്ലേ എന്ന് സാമാന്യബുദ്ധിയുള്ള ഒരാള്‍ ചോദിക്കുമോ?

ആഇശ(റ) പറയുന്ന ഒരു സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചത് നോക്കു:

''അല്ലാഹു ആദ്യം അവതരിപ്പിച്ചത് നരക സ്വര്‍ഗങ്ങളെ പരാമര്‍ശിക്കുന്ന വചനങ്ങള്‍ അടങ്ങിയ അധ്യായങ്ങളാണ്. പിന്നീട് ജനങ്ങള്‍ മതം ഉള്‍ക്കൊണ്ടവരായി തീര്‍ന്നപ്പോഴാണ് നിയമങ്ങള്‍ അവതരിച്ചത്

നിങ്ങള്‍ മദ്യപിക്കരുത് എന്ന വചനമായിരുന്നു ആദ്യമായി അവതരിച്ചിരുന്നതെങ്കില്‍ ഞങ്ങള്‍ ഒരിക്കലും മദ്യം ഉപേക്ഷിക്കുകയില്ലെന്ന് അവര്‍ പറയുമായിരുന്നു

നിങ്ങള്‍ വ്യഭിചരിക്കരുത് എന്നായിരുന്നു ആദ്യമേ അവതരിപ്പിച്ചതെങ്കില്‍ അവര്‍ പറയുമായിരുന്നു - ഞങ്ങള്‍ ഒരിക്കലും വ്യഭിചാരം ഉപേക്ഷിക്കുകയില്ല എന്ന്.'' (ബുഖാരി)

 

2. നോമ്പ്

റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ട് നിയമം അവതരിച്ച ആദ്യഘട്ടത്തില്‍ അല്ലാഹു പറഞ്ഞു: ''...(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായച്ഛിത്തമായി നല്‍കേണ്ടതാണ്...'' (2:184).

എന്നാല്‍ പിന്നീട് അല്ലാഹു പറഞ്ഞു: ''... നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്...''(2:185).

ഈ ഉദാഹരണങ്ങളില്‍ നിന്ന് എന്താണ് നസ്ഖ് എന്ന് കൃത്യമായി ഗ്രഹിക്കാമല്ലോ

നസ്ഖ് മൂന്ന് രൂപത്തില്‍ വരാം:

1. വചനം നിലനില്‍ക്കും; നിയമം ഇല്ലാതാകും. മുകളില്‍ പറഞ്ഞ ഉദാഹരണം തന്നെ ഇതിന് തെളിവ്.

2. നിയമം നിലനിലനില്‍ക്കും; വചനം ഇല്ലാതാകും. ഉദാ: വിവാഹിതന്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞ് കൊല്ലണമെന്ന നിയമം.

ആ നിയമം നബി ﷺ യുടെ കാലം മുതല്‍ ഇന്ന് വരെ നിലനില്‍ക്കുന്നുണ്ട്. ക്വുര്‍ആനില്‍ പാരായണം ചെയ്യപ്പെടുന്ന വചനമായി തന്നെ ആദ്യഘട്ടത്തില്‍ ഇത് അവതരിച്ചിരുന്നു. പിന്നീട് അല്ലാഹു ആ വചനം ഒഴിവാക്കി. ക്വുര്‍ആനില്‍ നിന്ന് അത് ഒഴിവാക്കിയെങ്കിലും ധാരാളം ഹദീസുകളില്‍ അത് സ്ഥിരപ്പെട്ട് കിടക്കുന്നു.

3. വചനവും നിയമവും എടുത്തുകളയും. ഉദാ: മുലകുടി ബന്ധം.

പത്ത് തവണ മുലയൂട്ടിയാലാണ് ഒരു കുട്ടിക്ക് ഒരു സ്ത്രീയുമായി മുലകുടി ബന്ധം സ്ഥിരപ്പെടുക എന്ന് ക്വുര്‍ആനില്‍ വചനമായി തന്നെ ആദ്യം അവതരിച്ചിരുന്നു. പിന്നീട് ആ വചനവും ആ നിയമവും മാറ്റപ്പെട്ടു.

ആഇശ(റ) പറയുന്നു: ''പത്ത് തവണ മുലയൂട്ടണമെന്ന നിയമം അല്ലാഹു ക്വുര്‍ആനില്‍ വചനമായി ആദ്യം അവതരിപ്പിച്ചിരുന്നു. പിന്നീട് അത് അഞ്ച് തവണ മുലയൂട്ടിയാല്‍ മതി എന്ന നിയമം മുഖേന ദുര്‍ബ്ബലപ്പെടുത്തപ്പെട്ടു. പ്രവാചക വിയോഗത്തിന് ശേഷവും (ഈ വചനം ദുര്‍ബലപ്പെടുത്തപ്പെട്ടു എന്നറിയാത്തവര്‍) അത് പാരായണം ചെയ്തിരുന്നു'' (ബുഖാരി). അഥവാ അത്രയും അവസാന കാലത്താണ് പ്രസ്തുത നിയമത്തില്‍ ഭേദഗതിയുണ്ടായത് എന്നര്‍ഥം (ഫത്ഹുല്‍ ബാരി).

ചില വചനങ്ങള്‍ അല്ലാഹു നീക്കം ചെയ്യുമ്പോള്‍ അന്ന് അത് ഹൃദിസ്ഥമാക്കിയിരുന്നവരുടെ മനസ്സുകളില്‍ നിന്ന് പോലും അത് മായ്ക്കപ്പെട്ട് പോയ സംഭവം ഉണ്ട്. എന്ന് മാത്രമല്ല അത് എഴുതിവെച്ച രേഖയില്‍ നിന്ന് പോലും സ്വയം മാഞ്ഞ് പോയ സംഭവങ്ങളുമുണ്ട്.

അബൂ ഉമാമ(റ) പറയുന്നു: ''ഒരു സംഘം സ്വഹാബിമാര്‍ ഒരു രാത്രിയില്‍ ക്വുര്‍ആനിലെ ഒരു അധ്യായം പാരായണം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ക്കത് ഓര്‍മ കിട്ടാത്ത വിധം അത് മറപ്പിക്കപ്പെട്ടിരിക്കുന്നു! അങ്ങനെ പ്രഭാതത്തില്‍ അവര്‍ ഒന്നടങ്കം നബിയെ സമീപിച്ച് കാര്യം പറഞ്ഞു. അപ്പോള്‍ നബി ﷺ  പറഞ്ഞു: 'ആ അധ്യായം ഇന്നലെ രാത്രി ദുര്‍ബലപ്പെടുത്തപ്പെട്ടിരിക്കുന്നു.' അവരുടെ മനസ്സില്‍ നിന്ന് മാത്രമല്ല രേഖപ്പെടുത്തി വെച്ച എല്ലാ രേഖയില്‍ നിന്നും അത് മാഞ്ഞ് പോകുകയുമുണ്ടായി എന്ന് അവര്‍ പറയുന്നു'' (ബൈഹക്വി). ചുരുക്കത്തില്‍ ഇതാണ് നസ്ഖ്.

ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ടോ ഹദീസ് കൊണ്ടോ നസ്ഖ് ചെയ്യാം. അതു പോലെ ഹദീസിനെയും ക്വുര്‍ആന്‍ കൊണ്ടോ ഹദീസ് കൊണ്ടോ നസ്ഖ് ചെയ്യാം.

ഉദാഹരണം: ബൈതുല്‍ ബുക്വദ്ദസ് ക്വിബ്‌ലയാക്കാനുള്ള നിര്‍ദേശം ഹദീഥിലാണുള്ളത്. എന്നാല്‍ ആ നിയമം മാറ്റി ഇനി മുതല്‍ കഅ്ബയെ ക്വിബ്‌ലയാക്കണമെന്ന നിര്‍ദേശം വന്നത് ക്വുര്‍ആനിലാണ്.

ക്വബ്ര്‍ സിയാറത്ത് പാടില്ലെന്ന നിര്‍ദേശം വന്നത് ഹദീഥിലാണ്. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ ക്വബ്റുകള്‍ സന്ദര്‍ശിച്ചു കൊള്ളുക എന്ന ഭേദഗതിയും ഹദീസില്‍ തന്നെയാണ് വന്നത്. ക്വുര്‍ആനും ഹദീസും വഹ്യ് ആണ് എന്ന് അംഗീകരിക്കുന്നവര്‍ക്ക് ഇതില്‍ സന്ദേഹമില്ല.

ചിലര്‍ക്കുള്ള സംശയം നിയമം ദുര്‍ബലമാക്കപ്പെട്ട ഒരു വചനം പിന്നെയും ക്വുര്‍ആനില്‍ നില നിര്‍ത്തുന്നതിന്റെ യുക്തി എന്ത് എന്നാണ്. ധാരാളം യുക്തികള്‍ അതിലുണ്ട്.

വചനത്തില്‍ ഉള്‍ക്കൊള്ളുന്ന നിയമം മാത്രമെ ദുര്‍ബലമാകുന്നുള്ളൂ. എന്നാല്‍ വചനത്തിന്റെ അമാനുഷികത, ഭാഷാസാഹിത്യത്തിലെ ദൈവികത, പാരായണത്തിന്റെ പ്രതിഫലം എന്നിവയൊന്നും ദുര്‍ബലമാകുന്നില്ല. അവയെല്ലാം ഇന്നും നില നില്‍ക്കുന്നു. മാത്രവുമല്ല അത് പഴയകാല നിയമങ്ങളെ ഓര്‍മിപ്പിക്കുകയും അത്വഴി കൂടുതല്‍ നന്ദിയുള്ളവരാകാനും സാധിക്കും എന്നത് കൂടി ലക്ഷ്യമാണ്

വചനം എടുത്തു മാറ്റുകയും നിയമം നിലനില്‍ക്കുകയും ചെയ്യുന്നതിന്റെ യുക്തി മറ്റൊന്നാണ്. അഥവാ ഒരു വചനം ക്വുര്‍ആനില്‍ കണ്ടില്ലെങ്കില്‍ പോലും അല്ലാഹുവും റസൂലും ഒരു നിയമം നിശ്ചയിച്ചാല്‍ അത് പിന്തുടരാനുള്ള വിശ്വാസിയുടെ സന്നദ്ധത പ്രവൃത്തിപഥത്തിലൂടെ ബോധ്യപ്പടലാണ് മുഖ്യ ലക്ഷ്യം. ക്രൈസ്തവര്‍ തങ്ങളുടെ വേദഗ്രന്ഥങ്ങളിലുള്ള വചനങ്ങള്‍ തന്നെ മറച്ചുവെച്ച് അവയെ മറികടക്കാനാണ് ശ്രമിച്ചതെങ്കില്‍ വിശ്വാസികള്‍ വചനം കണ്ടില്ലെങ്കില്‍ പോലും അല്ലാഹുവും പ്രവാചകനും പറഞ്ഞാല്‍ പിന്നെ ചോദ്യം ചെയ്യാതെ അതംഗീകരിക്കാന്‍ സന്നദ്ധരാണ് എന്ന് തെളിയിക്കുന്നു ഇതിലൂടെ. അതോടൊപ്പം നിഷേധികളെയും കപടന്മാരെയും വേര്‍തിരിച്ച് അറിയാനും ഇത് നിമിത്തമാകുന്നു.

അല്ലാഹു പറയുന്നു: ''ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല'' (16:101).

അല്ലാഹുവിനറിയാം ഒരോ കാലഘട്ടത്തിലെയും മനുഷ്യര്‍ക്ക് ഏത് തരം നിയമം വേണമെന്ന്. അല്ലാഹുവിനേ അറിയൂ,  മറ്റാര്‍ക്കും അറിയില്ല.

നസ്ഖ് ക്വുര്‍ആനില്‍ മാത്രമല്ല, എല്ലാ കാലത്തുമുള്ള മതനിയമങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

ആദം നബി(അ)യുടെ കാലത്ത് സഹോദരി, സഹോദരന്മാര്‍ക്ക് പരസ്പരം വിവാഹം ചെയ്യാമായിരുന്നു. കാരണം അന്ന് അതേ നിര്‍വാഹമുള്ളു. അതല്ലാത്ത സ്ത്രീകള്‍ അന്ന് ലോകത്തില്ലായിരുന്നു. എന്നാല്‍ തൗറാത്തില്‍ അതിനെ നിഷിദ്ധമാക്കിക്കൊണ്ട് നിയമം വന്നു.

യഅ്ക്വൂബ് നബി ﷺ യുടെ കാലഘട്ടത്തില്‍ ഒന്നിലധികം സഹോദരികളെ ഒരേസമയം ഒരാള്‍ക്ക് വിവാഹം കഴിക്കാമായിരുന്നു. എന്നാല്‍ തൗറാത്ത് അവതരിച്ചതോടെ ആ നിയമം നിര്‍ത്തലാക്കി.

 ഏത് തരം ജീവികളെയും ഭക്ഷിക്കാമെന്നായിരുന്നു നൂഹ് നബി(അ)യുടെ കാലത്തെ നിയമം. എന്നാല്‍ മൂസാനബി(അ)യുടെ കാലത്ത് അതില്‍ ഭേദഗതികള്‍ ഉണ്ടായി.

വിവാഹ മോചിതയായ സ്ത്രീയെ വിവാഹം ചെയ്യാമെന്ന് ബൈബിള്‍ പഴയ നിയമം പറയുമ്പോള്‍ അത് അനുവദനീയമല്ലെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. മുന്‍കാല സമൂഹങ്ങളിലെ പല നിയമങ്ങളെയും മാറ്റിക്കൊണ്ടാണ് ക്വുര്‍ആനും ഹദീഥുമാകുന്ന പ്രമാണങ്ങള്‍ അവതരിച്ചത് തന്നെ.

ഇങ്ങനെയൊക്കെയാണെങ്കിലും ചില വിമര്‍ശകര്‍ സ്വന്തം സമാധാനത്തിനായി പറയാറുള്ളത് 'മത നിയമങ്ങളില്‍ വൈരുധ്യം ഉണ്ടെന്ന വാദത്തിന് മറുപടി പറയാനാവാതെ കുഴഞ്ഞതിനാല്‍ വിശ്വാസികള്‍ കണ്ടെത്തിയ ഒരു ഉപായമാണ് ഇത്' എന്നാണ്! ഈ വിഷയം ഗ്രഹിച്ച ഒരു സത്യാനേഷി അങ്ങനെ പറയില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നസ്ഖ് മുന്‍കാല വേദങ്ങളില്‍ തന്നെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് തര്‍ക്കമില്ല.

നസ്ഖ് ഉണ്ടെന്നും ഉണ്ടാവാമെന്നും ആദ്യമായി പഠിപ്പിച്ചത് ക്വുര്‍ആന്‍ തന്നെയാണ്. അല്ലാഹു പറയുന്നു: ''വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനെക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?'' (2:106).

''അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുകയും. (താന്‍ ഉദ്ദേശിക്കുന്നത്) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്റെ പക്കലുള്ളതാണ്'' (13:39).

''ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല'' (16:1).

''നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ.'' (87:6).

2. നബി ﷺ യുടെ ധാരാളം വചനങ്ങളില്‍ നസ്ഖുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപാദിച്ചു കാണാം.

3. സ്വഹാബിമാര്‍ക്കിടയില്‍ നിരാക്ഷേപം അംഗീകരിക്കപ്പെട്ട കാര്യമാണ് നസ്ഖ്, ഇത് അറിയാത്തവന്‍ മതം കൈകാര്യം ചെയ്യാന്‍ പോലും പാടില്ല എന്നാണവര്‍ മനസ്സിലാക്കിയിരുന്നത്.

4. മുസ്ലിം ലോകം (അഹ്ലുസ്സുന്ന) ഏകോപിച്ച് സ്വീകരിച്ചു പോന്ന കാര്യമാണ് നസ്ഖ്.

ഗ്രന്ഥ രചനാ രീതി നിലവില്‍വന്ന കാലം മുതല്‍ തന്നെ ഈ വിഷയകമായ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.

ഹിജ്‌റ 117ല്‍ മരണപ്പെട്ട താബിഈ പ്രമുഖനായ ഇമാം ക്വതാദയാണ് അറിയപ്പെട്ടിടത്തോളം ആദ്യമായി ഈ വിഷയത്തില്‍ ഒരു സ്വതന്ത്രരചന നിര്‍വഹിച്ചത്. അന്നുമുതല്‍ ഇന്നുവരെയായി ദശക്കണക്കിന് ഗ്രന്ഥങ്ങള്‍ ഈ വിഷയകമായി മാത്രം രചിക്കപ്പെട്ടിട്ടുണ്ട്

ഇതെല്ലാം ഈ വിഷയത്തിലുള്ള സ്വതന്ത്ര കൃതികളാണെങ്കില്‍ തഫ്സീര്‍, ഉസ്വൂലു തഫ്സീര്‍, ഉസൂലുല്‍ ഫിക്ഹ്, ഉലൂമുല്‍ ക്വുര്‍ആന്‍ എന്നീ വിജ്ഞാനീയങ്ങളില്‍ വിരചിതമായ ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും ഈ വിഷയം പ്രത്യേകം അധ്യായങ്ങളായി തന്നെ പ്രതിപാദിച്ചത് കാണാം.

 ഏറ്റവും ചുരുങ്ങിയത് മുഹമ്മദ് അമാനി മൗലവി(റഹി) രചിച്ച വിശുദ്ധ ക്വുര്‍ആന്‍ വ്യഖ്യാനത്തിന്റെ ആമുഖം ഒന്ന് വായിക്കുകയെങ്കിലും ചെയ്താല്‍ ഈ വിഷയത്തില്‍ കൃത്യമായ ഒരു കാഴ്ചപ്പാട് ലഭിക്കും.