പ്രളയം ബാക്കിവെച്ച തിരിച്ചറിവുകള്‍

നബീല്‍ പയ്യോളി

2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29
ആണ്ടുതോറും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേട്ടുകൊണ്ടിരുന്ന പ്രളയ കദനങ്ങളിലേക്ക് കേരളത്തിന്റെ പേര് കൂടി ചേര്‍ത്തപ്പെട്ടിരിക്കുന്നു. കേരളം മറക്കാനാഗ്രഹിക്കുന്ന 2018ലെ പ്രളയക്കെടുതികള്‍ തീര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു മഹാപ്രളയത്തിലേക്ക് കേരളം കാലെടുത്ത് വെച്ചത്. പ്രളയക്കെടുതിക്കെതിരെ തീര്‍ത്ത ഭൗതിക പ്രതിരോധത്തിലേറെ മലയാളികളെ ഇരുത്തിച്ചിന്തിപ്പിച്ചത് ഈ സമയത്ത് നാം കൈക്കൊണ്ട സഹകരണ മനോഭാവത്തെയാണ്. നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ മാനവികതയുടെ ഈ സുന്ദര വചനങ്ങള്‍ കൂടി എഴുതിച്ചേര്‍ക്കുമ്പോഴേ കണക്കെടുപ്പ് പൂര്‍ത്തിയാവൂ.

കേരളം മറ്റൊരു പ്രളയത്തിന് കൂടി സാക്ഷിയായി. മഹാപ്രളയം എന്ന് നാമെല്ലാം വിശേഷിപ്പിച്ച ഒരു ദുരന്തം 2018 ആഗസ്റ്റില്‍ കഴിഞ്ഞുപോയി. 2019 ആഗസ്റ്റിലും മറ്റൊരു പ്രളയത്തിന്റെ മുഖത്ത് വിറങ്ങലിച്ചു നില്‍ക്കേണ്ടി വന്നിരിക്കുന്നു നമുക്ക്! കഴിഞ്ഞ പ്രളയത്തില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടായത് തെക്കന്‍ കേരളത്തിലായിരുന്നു എങ്കില്‍ ഇപ്പോള്‍ മലബാറിലാണ് പ്രളയത്തിന്റെ ആഘാതം കൂടുതല്‍ എന്ന് മാത്രം. തെക്ക് വടക്ക് വ്യതാസമില്ലാതെ മലയാളികള്‍ ഒന്നടങ്കം കൈമെയ് മറന്ന് ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാന്‍ രംഗത്തിറങ്ങി. പ്രത്യേകിച്ചും യുവാക്കള്‍ തങ്ങളുടെ കര്‍മശേഷി ഫലപ്രദമായി ഉപയോഗിച്ചു. സാമൂഹ്യമാധ്യമങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ദുരന്ത മുഖത്ത് സഹായഹസ്തങ്ങള്‍ നീട്ടാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങി. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നടന്ന വിഭവ സമാഹരണത്തിലും യുവത്വം നന്നായി ഇടപെട്ടു.

പെയ്തിറങ്ങിയ മഴയും ആര്‍ത്തിരമ്പിവന്ന മലവെള്ളവും നൂറില്‍പരം ആളുകളുടെ ജീവന്‍ കവര്‍ന്നു. ആയിരങ്ങളുടെ കിടപ്പാടങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ നശിച്ചു. രണ്ട് ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു. ദുരന്തമുഖത്ത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവന്നവരുടെ അനുഭവ വിവരണങ്ങള്‍ ഹൃദയഭേദകമായിരുന്നു. മനുഷ്യന്‍ എത്ര നിസ്സാരനാണെന്നും  പ്രതിസന്ധിയുടെ മലവെള്ളം ആര്‍ത്തലച്ച് വരുമ്പോള്‍ ഏത് ശക്തനും ദുര്‍ബലനായി പോകുമെന്നുമുള്ള തിരിച്ചറിവ് പ്രളയത്തിന്റെ ബാക്കിപത്രമാണ്.

ഒരു പ്രളയശേഷം കടുത്ത വേനലിനെ അഭിമുഖീകരിക്കേണ്ടി വന്ന നാം പ്രതീക്ഷയോടെയാണ് മഴയെ കാത്തിരുന്നത്. സാധാരണ ലഭിക്കേണ്ട മഴ ജൂണില്‍ 44 ശതമാനം കുറവാണ് ഈ വര്‍ഷം ലഭിച്ചത്. ജൂലൈ മാസത്തില്‍ 22 ശതമാനം കുറവായിരുന്നു മഴ. ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ രണ്ട് ആഴ്ച ലഭിച്ച മഴയാക്കട്ടെ 182 ശതമാനം കൂടുതലും! ലോകാടിസ്ഥാനത്തില്‍ തന്നെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ രാജ്യങ്ങള്‍ അതിശക്തമായ ഉഷ്ണമാണ് ഈവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് മേഖലയില്‍ 50 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട് എന്നതും ശ്രദ്ധേയമാണ്. നമ്മുടെ നാട്ടില്‍ കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ ചൂട് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം കഠിനമായിരുന്നു. മഴയുടെ കാര്യത്തിലും അത് തന്നെയാണ് അവസ്ഥ. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പ്രതീക്ഷിച്ച കാലയളവില്‍ കുറഞ്ഞ മഴയും അപ്രതീക്ഷിതമായി അതിശക്തമായ മഴയും നമ്മുടെ നാടിനെ പ്രളയത്തിലേക്ക് തള്ളിവിട്ടു. കഴിഞ്ഞ പ്രളയത്തിന്റെ പരിചയം കൊണ്ടാവാം ആ സമയത്ത് നമുക്കുണ്ടായ ഞെട്ടലും പരിഭ്രമവും ഈ പ്രളയാകാലത്ത് അതേ നിലയില്‍ കണ്ടില്ല. നമ്മുടെ മനസ്സ് അത് ഉള്‍കൊള്ളാന്‍ പ്രാപ്തമായിരിക്കുന്നു എന്നതിന്റെ സൂചനയാണ് അതെന്ന് കരുതാം.

കഠിനമായ ചൂടും ശക്തമായ മഴയും പുതിയ കാലാവസ്ഥാ ഘടനയാണ് എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പുതിയ കാലാവസ്ഥാ ഘടനയെ ഉള്‍കൊള്ളാനും അതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വൈകാതെ നടപടികള്‍ കൈക്കൊള്ളണം. ചരിത്രത്തിന്റെ ഗതിവിഗതികള്‍ കാലാവസ്ഥാ മാറ്റങ്ങളുടെ കൂടെയാണ്. മഴയും വെയിലും അതിന്റെ വിതാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ വലിയ പ്രത്യാഖാതങ്ങള്‍ക്ക് കാരണമായിത്തത്തീരും. അതിശക്തമായ ചൂട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വരള്‍ച്ച, കൃഷിനാശം തുടങ്ങിയ പ്രതിസന്ധികള്‍ക്കും കാരണമാകുമെങ്കില്‍ അതി ശക്തമായ മഴ വെള്ളപ്പൊക്കത്തിനും പലവിധ നഷ്ടങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കുറഞ്ഞ കാലയളവില്‍ ധാരാളമായി മഴ ലഭിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാനുള്ള ശേഷി നമ്മുടെ നദികള്‍ക്കും ജല സംഭരണികള്‍ക്കും ഇല്ലാതായി മാറിയിരിക്കുന്നു. അത് പ്രളയത്തിന് കാരണമായി മാറുന്നു. പ്രളയം എന്നത് ഒരു വാര്‍ഷിക പരിപാടിയായി മാറുന്നുവോ എന്ന് സംശയിക്കേണ്ട സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ പഠനങ്ങളും നടപടികളുമാണ് ഇനിയുണ്ടാകേണ്ടത്.

ദുരന്തമുഖത്ത് കണ്ണീര്‍ വാര്‍ക്കുന്നവര്‍ നമുക്ക് ചുറ്റിലും ധാരാളമുണ്ട്. സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെ അവരിലുണ്ട്. ജീവിതത്തില്‍ നേടിയ മുഴുവന്‍ സമ്പാദ്യവും ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത് നമുക്ക് ഓര്‍ക്കാന്‍ പോലും പറ്റില്ല. ദുരന്തഭൂമിയില്‍ രക്ഷപ്പെട്ടവരുടെ ദീനരോദനം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.

ഈ പ്രളയത്തില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കവളപ്പാറയിലാണ്. മറ്റൊന്ന് വയനാട്ടിലെ മേപ്പാടിക്കടുത്ത് പുത്തുമലയിലും. ഇവിടങ്ങളില്‍ ഒരു ഗ്രാമം തന്നെ ഇല്ലാതായി എന്നാണ്  മനസ്സിലാകുന്നത്. ഘോരശബ്ദം കേട്ട് ജീവനും കൊണ്ടോടിയ ചിലര്‍ കവളപ്പാറയില്‍ രക്ഷപ്പെട്ടിട്ടുണ്ട്. അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ ഹൃദയഭേദകമാണ്. 'എല്ലാം നഷ്ടമായി, ഇനി ഈ ശരീരം മാത്രം ബാക്കിയുണ്ട്' എന്ന ഒരു വൃദ്ധന്റെ വിലാപം നാം കേട്ടു. സമ്പാദിച്ചത് മുഴുവന്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത് നേര്‍ക്കുനേരെ കാണുമ്പോള്‍ ഏതൊരാളും തകര്‍ന്ന് പോകും. മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, മാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍... നഷ്ടപ്പെട്ടത് ഇവരെയൊക്കെയാണ്.

അല്ലാഹു പറയുന്നു: ''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക'' (ക്വുര്‍ആന്‍ 2:155).

പരീക്ഷണങ്ങളില്‍ പതറാതെ, നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനെ മറക്കാതെ, അവന്  കീഴൊതുങ്ങി ജീവിക്കാന്‍ കഴിയണം. അതിന് നല്ല ക്ഷമ അനിവാര്യമാണ്. യഥാര്‍ഥ വിശ്വാസിക്ക് അതിനു കഴിയും.

''തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 156-157).

ക്വുര്‍ആനിന്റെ അധ്യാപനങ്ങള്‍ നമ്മുടെ ജീവിതത്തിന് വെളിച്ചമാവുകയും കരുത്ത് നല്‍കുകയും ചെയ്യേണ്ടതുണ്ട്.

കവളപ്പാറയിലും പുത്തുമലയിലും ദുരന്തമുണ്ടായത് മലയിടിഞ്ഞാണ്. വലിയ മലയില്‍ നിന്ന് മണ്ണും വെള്ളവും പാറക്കല്ലുകളും ഒഴുകിവന്ന് താഴ്‌വരയെയാകെ ഇല്ലാതാക്കി. ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി നോക്കിനില്‍ക്കുന്ന നാം അതിന്റെ മറ്റൊരുവശത്തെ കുറിച്ച് ചിന്തിക്കുന്നില്ല. അനിയന്ത്രിതവും ആസൂത്രണരഹിതവുമായ പ്രകൃതി ചൂഷണങ്ങള്‍ ആണ് ഇത്തരം ദുരന്തങ്ങള്‍ വിളിച്ചു വരുത്തുന്നത് എന്നതാണ് യാഥാര്‍ഥ്യം. മനുഷ്യന്‍ സ്വാര്‍ഥ താല്‍പര്യങ്ങളുടെ തടവറയിലാണ്. അത് അവനില്‍നിന്ന് മനുഷ്യത്വവും കരുണയും ഇല്ലാതാക്കി മനസ്സിനിനെ ഘനീഭവിപ്പിച്ചിരിക്കുന്നു. സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യാന്‍ അവന്‍ തയ്യാറാകുന്നു.

അല്ലാഹു പറയുന്നു: ''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം'' (ക്വുര്‍ആന്‍ 30:41).

പ്രകൃതിയില്‍ എന്ത് ദുരന്തമുണ്ടായാലും ദൈവത്തെയോ പ്രകൃതിയെയോ ആക്ഷേപിക്കുന്ന രീതിയാണ് ആളുകള്‍ക്കിടയില്‍ പൊതുവില്‍ നാം കണ്ടുവരുന്നത്. അതിനപ്പുറത്ത് തന്റെയും തനിക്ക് ചുറ്റും ജീവിക്കുന്നവരുടെയും അതിക്രമങ്ങള്‍ കാണാനോ അതിനെ പ്രതിരോധിക്കാനോ അതിനെതിരായി ബോധവല്‍ക്കരണം നടത്താനോ ആരും ഒരുക്കമല്ല. എല്ലാവരും കുറ്റകരമായ മൗനത്തിലാണ്.  

കവളപ്പാറയിലും പുത്തുമലയിലും നടന്ന ദുരന്തത്തിന്റെ കാരണം പ്രകൃതി വിഭവങ്ങളുടെ അപായകരമായ രീതിയിലുള്ള ചൂഷണമാണെന്ന് കാണാനാകും. അനധികൃത ക്വാറികളും തോട്ടങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ആ മലകളുടെ ജീവനാടിയെ അറുത്ത് കളയുകയും അവ തകര്‍ന്ന് വീഴുകയും ചെയ്തിരിക്കുന്നു.

അതിക്രമത്തിനെതിരെ കണ്ണടച്ച അധികാരികളും മാഫിയകളും ചേര്‍ന്ന ഈ കളിയില്‍ നഷ്ടമായത് പാവങ്ങളുടെ ജീവനും സ്വത്തുമാണ്. പണവും രാഷ്ട്രീയ സ്വാധീനവും ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന സ്ഥിതിയിലേക്ക് നമ്മുടെ നാട് മാറിയിട്ടുണ്ട്. പ്രകൃതിവിഭവങ്ങളെ ലക്കുംലഗാനുമില്ലാതെ ചൂഷണം ചെയ്തും പ്രകൃതിയെ നശിപ്പിച്ചും പണക്കൊതിയന്മാര്‍ അവരുടെ ഖജനാവ് നിറച്ചുകൊണ്ടിരിക്കുന്നു. അതിന് ഒത്താശ ചെയ്യാന്‍ ചിലര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു. ഇതിന് അറുതിയുണ്ടാവണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രൂപത്തില്‍ പ്രകൃതിയിലുള്ള കടന്നുകയറ്റത്തെ ചെറുക്കണം.

പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടിയുള്ള (2011ല്‍ രൂപീകരിച്ചത്) ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമാണ്. മാധവ ഗാഡ്ഗില്‍ അധ്യക്ഷനായ 13 ശാസ്ത്രജ്ഞന്മാര്‍ അടങ്ങിയ സമിതി  പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആവശ്യമായ പഠനം നടത്തുകയും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. പക്ഷേ, ആ റിപ്പോര്‍ട്ട് ഫയലിനുള്ളില്‍ ഉറക്കത്തിലാണ്. അത് നടപ്പിലാക്കാനുള്ള ആര്‍ജവം മാറിമാറി വരുന്ന ഭരണാധികാരികള്‍ക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. പശ്ചിമ ഘട്ടത്തിലെ പ്രകൃതി വിലോല (ദുര്‍ബല) മേഖലകളില്‍ അനധികൃത നിര്‍മാണവും കൃഷിയും ഖനനവും ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഗാഡ്ഗില്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും അതിനെ മറികടക്കും വിധമുള്ള പ്രതിരോധങ്ങള്‍ കാര്യങ്ങളെ അട്ടിമറിച്ചു. തുടര്‍ന്ന് വന്ന കസ്തൂരി രംഗന്‍, ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടുകള്‍ക്കും അതേ അവസ്ഥ തന്നെയാണ് ഉണ്ടായത്. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കോ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുത് എന്ന് റിപ്പോട്ടുകള്‍ നിര്‍ദേശിക്കുന്നു. പൊതുസ്ഥലം സ്വകാര്യസ്ഥലമാക്കി മാറ്റുന്നതിനെയും റിപ്പോര്‍ട്ട് ശക്തമായി എതിര്‍ക്കുന്നു. ഇത്തരം പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് മുമ്പ് പാരിസ്ഥിതിക പഠനങ്ങള്‍ നടത്തണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു. പ്രകൃതി സൗഹൃദ നിര്‍മാണങ്ങളാണ് പ്രസ്തുത മേഖലകളില്‍ നടത്തേണ്ടതെന്നും കമ്മീഷനുകള്‍ എടുത്ത് പറയുന്നു. 2014ലെ ലോക് സഭാ ഇലക്ഷനിലും തുടര്‍ന്ന് വന്ന നിയമസഭാ ഇലക്ഷനിലും ഈ റിപ്പോര്‍ട്ടുകളായിരുന്നു മലയോര മേഖലയിലെ മണ്ഡലങ്ങളില്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. പക്ഷേ, അതെല്ലാം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും അപ്പുറം ഒന്നും ആയിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നു.

മലയോര മേഖലയിലും കാര്‍ഷിക ഇടങ്ങളിലും നടക്കുന്ന അനധികൃത നിര്‍മാണങ്ങളും ഖനനവും വ്യവസായങ്ങളും പ്രകൃതി ചൂഷണങ്ങളും ആയിരങ്ങളുടെ ജീവനും സ്വത്തുക്കളുമാണ് അപഹരിക്കുന്നത്. ഇത് നിര്‍ബാധം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനും പൗരന്മാര്‍ക്കും കോടികളുടെ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്ന ഗൗരവകരമായ വിഷയത്തെ ലാഘവബുദ്ധിയോടെയാണ് ഭരണകൂടവും മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും കേരളീയ സമൂഹം പൊതുവിലും നോക്കിക്കാണുന്നത്. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ രക്ഷകരായി പറന്നെത്തുന്നവര്‍ തങ്ങള്‍ തീര്‍ത്ത ദുരന്ത ഭൂമിയെക്കുറിച്ച് മൗനികളാവുന്നു. കോടികള്‍ പൊതുസമൂഹത്തില്‍ നിന്ന് പിരിച്ചു പാവങ്ങളുടെ കണ്ണീരൊപ്പാന്‍ രംഗത്ത് വരുന്നവര്‍ അതിന്റെ കാരണങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നുപോലുമില്ല. നൂറുകണക്കിന് ആളുകളുടെ ജീവന്‍ ഹോമിച്ച് കോടികള്‍ സമ്പാദിക്കുന്നവര്‍  അതില്‍ നിന്നും ഏതാനും ലക്ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത് പുണ്യാളന്‍മാരായി മാറുന്നു എന്നത് വിരോധാഭാസമാണ്. സമ്പത്തും സ്വാധീനവുമല്ല; നന്മയും കരുണയുമുള്ള മനസ്സാണ് പ്രധാനം. അതേ സമാധാനം നല്‍കുകയുള്ളൂ.

യൂഫ്രട്ടീസ് നദീ തീരത്ത് ഒരു ആട്ടിന്‍ കുട്ടി പട്ടിണികിടന്ന് ചത്താല്‍ അതിന് ഞാന്‍ ലോകത്തിന്റെ നാഥനോട് മറുപടി പറയേണ്ടിവരുമല്ലോ എന്ന് ഭയപ്പെട്ട, ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ഭരണാധികാരിയായി മാറിയ ഉമറുബ്‌നുല്‍ ഖത്ത്വാബില്‍(റ) ഇന്നത്തെ ഭരണാധികാരികള്‍ക്ക് വലിയ മാതൃകയുണ്ട്. ഭരണീയരുടെ ക്ഷേമമായിരിക്കണം ഭരണാധികാരികള്‍ക്ക് വലുത്. ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ജനപക്ഷത്ത് ആര്‍ജവത്തോടെ ഉറച്ചുനില്‍ക്കാന്‍ അവര്‍ക്ക് കഴിയേണ്ടതുണ്ട്.

ദുരിതാശ്വാസ രംഗത്ത് വ്യക്തികളും സംഘടനകളും സര്‍ക്കാരും വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. സഹായങ്ങള്‍ ചെയ്യുന്നുണ്ട്. അതെല്ലാം അര്‍ഹരായവര്‍ക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്തലും അതിലെ സുതാര്യതയും അനിവാര്യമാണ്. അതില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അഴിമതിക്കും സ്വജനപക്ഷപാതിത്തം കാണിക്കാനും ഇടനല്‍കരുത്.  പാവങ്ങളെ കണ്ണീര്‍ കുടിപ്പിക്കുന്ന ഇടപെടലുകളും ഉണ്ടാവരുത്. ദുരന്ത ബാധിതര്‍ക്ക് എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പറ്റാവുന്ന രീതിയിലാവണം സര്‍ക്കാര്‍- സര്‍ക്കാരേതര സംവിധാനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത്ത്. വട്ടം കറക്കുന്ന നടപടിക്രമങ്ങളും നിയമ നൂലാമാലകളും കൊണ്ട് പാവങ്ങളെ ബുദ്ധിമുട്ടിക്കരുത്. സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും നിയമങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. മനുഷ്യത്വപരമായ സമീപനങ്ങളാണ് ഉദേ്യാഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്. അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ സാങ്കേതികതയുടെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമമല്ല; പരമാവധി പേര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യമായ ജാഗ്രതയാണ്  ഉദേ്യാഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്.

വര്‍ഗീയ കോമരങ്ങള്‍ തങ്ങളുടെ വിത്ത് മുളപ്പിക്കാന്‍ ഇടം തിരയുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ മാനവികതയുടെ മാതൃകകള്‍ സമ്മാനിക്കുകയാണ്. മലയാളികള്‍ കാലങ്ങളായി സൂക്ഷിച്ച്് പോരുന്ന സ്‌നേഹവും സഹകരണവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്ന നാളുകളാണ് ദുരന്തങ്ങള്‍ സമ്മാനിച്ചത് എന്നത് പ്രയാസങ്ങള്‍ക്കിടയിലും മനസ്സിന് കുളിര്‍മ നല്‍കുന്നു.

നാം ചെയ്യേണ്ടത്.

ദുരന്തത്തിന് ഇരയായത് അനേകായിരങ്ങളാണ്.  അവരിലേക്ക് സഹായ ഹസ്തങ്ങള്‍ നീളണം. ആരോഗ്യവും സമ്പത്തും സ്വാധീനവും അതിന് വേണ്ടി നാം വിനിയോഗിക്കണം. ഒരാളെയെങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സാധിച്ചാല്‍ അത് നമ്മുടെ ജീവിതത്തിലെ വലിയ നേട്ടമായിരിക്കും.

'ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു' എന്ന ക്വുര്‍ആനികാധ്യാപനം  വിശ്വാസികള്‍ ഉള്‍ക്കൊള്ളണം.

ഇന്ന് അവര്‍ക്കാണെങ്കില്‍ നാളെ നമുക്കും ഇത്തരം പ്രയാസങ്ങള്‍ വരുമെന്ന തിരിച്ചറിവ് നമുക്കേവര്‍ക്കും ഉണ്ടാവണം. ഇന്ന് പ്രളയമാണെങ്കില്‍ നാളെ ഭൂകമ്പമോ കോടുങ്കാറ്റോ മറ്റോ ആയേക്കാം. സഹജീവി സ്‌നേഹത്തിന്റെയും ഔദാര്യത്തിന്റെയും മഹിതമാതൃക ലോകത്തിന് സമ്മാനിച്ച ഇസ്‌ലാമിക ആദര്‍ശം നെഞ്ചേറ്റുന്നവര്‍ക്ക് ഇതില്‍ നേതൃപരമായ പങ്കുതന്നെ വഹിക്കാനാകും.

അല്ലാഹു പറയുന്നു:

''ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം'' (ക്വുര്‍ആന്‍ 3:14).

മരണം നമ്മെ തേടിയെത്തുമ്പോള്‍ നമുക്ക് കൂട്ടായി നാം ചെയ്ത നന്മകള്‍ മാത്രമെ ഉണ്ടാകൂ. ഇതൊക്കെ അല്ലാഹുവിന്റെ വിധിയാണ,് അത് അവര്‍ക്ക് പരീക്ഷണമാണ് എന്നു പറഞ്ഞ് വീട്ടിലിരിക്കേണ്ടവരല്ല നാം. ഇത് നമുക്കും ഒരു പരീക്ഷണമാണെന്ന് തിരിച്ചറിഞ്ഞ് കൈമെയ് മറന്ന് സഹായികളായി മാറുക. നാം നല്‍കുന്ന നാണയത്തുട്ടുകളും നമ്മുടെ അധ്വാനവും പാഴായിപ്പോകില്ല. നാം ചെലവഴിച്ചത് അല്ലാഹുവിന്റെ അടുത്ത് പതിന്മടങ്ങുകളായി വളര്‍ത്തപ്പെടുന്നു എന്ന് തിരിച്ചറിയുക.

കഴിഞ്ഞ പ്രളയ കാലത്ത് ആയിരങ്ങള്‍ക്ക് സാന്ത്വനമേകാന്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് സുതാര്യമായി നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രാവശ്യം 10 കോടിയുടെ വിവിധ പദ്ധതികളാണ് നാം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഉദാരമതികളുടെ മനസ്സറിഞ്ഞ സഹായവും സഹകരണവും അതിന് ആവശ്യമാണ്.