പഠന ബോധന മാര്‍ഗങ്ങള്‍ ക്വുര്‍ആനില്‍ നിന്ന്

ഡോ.  പി.കെ  അബ്ദുറസാഖ് സുല്ലമി

2019 ജൂലായ് 13 1440 ദുല്‍ക്വഅദ് 10
അനുവാചകരുടെ തൃഷ്ണയെ പ്രോജ്വലിപ്പിക്കുമ്പോഴാണ് ഏതൊരു രചനയും ഉന്നതമാകുന്നത്. ഒരേസമയം ബുദ്ധിയെ തൃപ്തിപ്പെടുത്തുകയും മനഃശാസ്ത്രപരമായി കീഴടക്കുകയും ചെയ്യുന്ന ആശയങ്ങള്‍ കണ്ടെത്താനാവുക ക്വുര്‍ആനില്‍ മാത്രമെയുള്ളൂ. മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവ് മനുഷ്യന് നല്‍കുന്ന ഉപദേശങ്ങള്‍ അതുകൊണ്ട് തന്നെ പ്രായോഗികമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ആശയങ്ങള്‍ കൊണ്ട് മാത്രമല്ല ആശയ കൈമാറ്റ രീതി കൊണ്ടും ക്വുര്‍ആനികാധ്യാപനങ്ങള്‍ ദൈവികമെന്ന് തെളിയിക്കുന്നു.

ജീവിതത്തിന്റെ ഏത് രംഗങ്ങളില്‍ ഇടപെടുന്നവരും നിത്യേന ഗുരുനാഥന്‍മാരില്‍ നിന്നോ, ജീവിതാനുഭവങ്ങളില്‍ നിന്നോ പുതിയ പുതിയ കാര്യങ്ങള്‍ ഗ്രഹിച്ചുകൊണ്ടേയിരിക്കുമല്ലോ. അതെല്ലാം പഠനബോധന മാര്‍ഗങ്ങളാണ്. ഏതെങ്കിലും ഒരു ഗ്രന്ഥത്തെ ആധാരമാക്കിയോ, ഏതെങ്കിലും വിദ്യഭ്യാസ വിചക്ഷണന്‍മാരുടെ പഠനങ്ങളെ അടിസ്ഥാനമാക്കിയോ അല്ല ഈ ലേഖനത്തിലെ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രധാനമായും പഠന രംഗത്തും അധ്യാപനരംഗത്തും അനൗപചാരിക വിദ്യഭ്യാസ രംഗത്തുമൊക്കെ ഏറ്റവും ഫലപ്രദമെന്നും ഉപകാരപ്രദമെന്നും തോന്നുന്ന രീതികളും ബോധന മനഃശാസ്ത്രവും (Teaching Psychology) ക്വുര്‍ആനില്‍ നിന്ന് ഗ്രഹിച്ചെടുക്കാന്‍ സാധിക്കുന്ന രൂപത്തില്‍ ചിട്ടപ്പെടുത്തിയതാണ് ഇത്. മനഃശാസ്ത്ര സമീപനങ്ങളോ, പോയിന്റുകളോ മനഃശാസ്ത്രജ്ഞന്‍മാര്‍ പറയുന്ന രീതികളിലല്ല ക്വുര്‍ആന്‍ വിവരിക്കുന്നത്.

ഇന്നയിന്ന തരത്തിലുള്ള തത്ത്വങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു എന്ന് എല്ലാ കാര്യത്തിലും എടുത്ത് പറയുന്ന രീതി ക്വുര്‍ആനിനില്ല. അല്ലാഹുവും റസൂലും പറഞ്ഞത് അതേപടി ചെയ്താല്‍ മതി. അതിന്റെ ഗുണഫലമോ, അതിലൂടെ ഉണ്ടായിത്തീരുന്ന ഉപകാരമോ നമുക്ക് ലഭ്യമാവും. അതിന് വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത് എന്ന് ഉദ്ദേശിച്ചല്ല ചെയ്യേണ്ടത്. ഉദാഹരണമായി, നമസ്‌കാരം നിര്‍വഹിക്കുന്നതിലൂടെ പരലോക നേട്ടവും അല്ലാഹുവിന്റെ പ്രീതിയുമാണ് ഉദ്ദേശ്യം. അതായിരിക്കണം നിയ്യത്ത്. എങ്കിലും നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുമ്പോള്‍ കൃത്യമായി രക്തത്തിന്റെ പമ്പിംഗ് നടക്കുന്നതും അതിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ നേട്ടങ്ങളും അതിന്റെ Bye product ആയി നമുക്ക് കിട്ടുന്ന അധികമായ നേട്ടങ്ങളാണ്; പ്രധാനലക്ഷ്യമല്ല. ക്വുര്‍ആനും ഹദീസും നന്നായി പഠിക്കുമ്പോള്‍ അതിലൂടെ ലഭിക്കുന്ന വിശ്വാസ (ഈമാന്‍) വര്‍ധനവും സ്വര്‍ഗപ്രവേശനവുമാണ് ലക്ഷ്യം. എങ്കിലും അതിലൂടെ ജോലി ലഭിക്കുകയാണെങ്കില്‍ അത് നമുക്ക് അധികമായി ലഭിക്കുന്ന അനുഗ്രഹവും അനുവദനീയമായ ജോലിയുമാണ്.

മനുഷ്യസമൂഹത്തെ ഏറ്റവും ഗുണകരമായ നിലയിലേക്ക് നയിക്കാന്‍ അല്ലാഹു നടപ്പാക്കുന്ന മാര്‍ഗങ്ങളില്‍ നിന്നുള്ള ഗുണപാഠങ്ങളും മാതൃകകളും ഗ്രഹിച്ച് നമ്മുടെ പരിധിയില്‍ പഠന ബോധന മാര്‍ഗങ്ങളില്‍ പ്രയോഗവത്കരിക്കുന്നത് വിദ്യഭ്യാസ രംഗത്ത് കൂടുതല്‍ വിജയിക്കാന്‍ ഒരു നൂതന മാതൃകയായിരിക്കുക തന്നെ ചെയ്യും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം വിജ്ഞാന സമ്പാദന രംഗത്ത് ഈ കാര്യങ്ങള്‍ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആവര്‍ത്തിച്ച ചോദ്യങ്ങളിലൂടെ അംഗീകരിക്കല്‍

അധ്യാപകന്‍ തന്റെ വിദ്യാര്‍ഥിയോടോ, പിതാവ് തന്റെ മകനോടോ അവര്‍ക്ക് വേണ്ടി ചെയ്തുകൊടുത്ത സൗകര്യങ്ങള്‍ എടുത്ത് പറയുന്നു. ഉദാ. ഏത് കാര്യത്തിലാണ് നിനക്ക് ഞങ്ങള്‍ സൗകര്യം ചെയ്യാതിരുന്നത്? കുഞ്ഞായിരിക്കുമ്പോള്‍ നഴ്‌സറിയില്‍ ചേര്‍ത്തില്ലേ? സ്‌കൂളില്‍ പോകാന്‍ ബസ്സ് ഏര്‍പ്പാട് ചെയ്തില്ലേ? പഠനത്തിനാവശ്യമായ ശാസ്ത്ര സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങിത്തന്നില്ലേ? ഇങ്ങനെ തെളിവ് സഹിതം ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ 'തീര്‍ച്ചയായും എനിക്ക് നിങ്ങള്‍ സൗകര്യങ്ങള്‍ ഒരുക്കിത്തന്നിട്ടുണ്ട്. വേണ്ടതെല്ലാം ചെയ്തു തന്നിട്ടുണ്ട്. അതിന് അത്യധികം നന്ദിയുള്ളവനാണ് ഞാന്‍' എന്ന് മനസ്സറിഞ്ഞ് പറയുവാനും സംതൃപ്തനായ, നന്ദിയുള്ളവനായ വിദ്യാര്‍ഥിയായി അല്ലെങ്കില്‍ മകനായി മാറുവാന്‍ ആ കുട്ടിക്ക് കഴിയും.

ഇതേപോലെ ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും അല്ലാഹു ചെയ്തുകൊടുത്തതും തുടര്‍ന്ന് പരലോകത്ത് ചെയ്യാനിരിക്കുന്നതുമായ അനുഗ്രഹങ്ങള്‍ സൂചിപ്പിച്ച് ഒരു അധ്യായത്തില്‍(സൂറഃ അര്‍റ്വഹ്മാന്‍) 31 പ്രാവശ്യം ആവര്‍ത്തിച്ച് അല്ലാഹു ചോദിക്കുന്നു: ''അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?''

ജിജ്ഞാസ വളര്‍ത്തല്‍

ശിഷ്യന്‍മാര്‍ക്ക് ജിജ്ഞാസ വളര്‍ത്താതെ വിജ്ഞാനം നല്‍കിയാല്‍ ശ്രദ്ധ കുറയുകയും അത് മുഖേന മനസ്സില്‍ സ്വാധീനം ചെലുത്തുന്നതില്‍ കുറവ് വരികയും ചെയ്യും. ജിജ്ഞാസ വളര്‍ത്താന്‍ ക്വുര്‍ആന്‍ ഉപയോഗിച്ച ചില വചനങ്ങള്‍ നമുക്ക് കാണാം:

ഉദാ. 101ാം അധ്യായമായ അല്‍ക്വാരിഅയിലെ 1-3 വചനങ്ങള്‍.

''ആ ഭയങ്കരമായ സംഭവം! ഭയങ്കരമായ സംഭവം എന്നാല്‍ എന്താണ്? ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?''

ഈ മൂന്ന് വചനങ്ങളും പറയാന്‍ പോകുന്ന കാര്യം ജിജ്ഞാസയോടുകൂടി ശ്രദ്ധിക്കാന്‍ താല്‍പര്യമുണ്ടാക്കുന്നവയാണ്. പിന്നീട് 4,5 വചനങ്ങള്‍ മുതല്‍ കാര്യം പറയുന്നു:

''മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപോലെയും പര്‍വതങ്ങള്‍ കടഞ്ഞെടുത്ത രോമം പോലെയും ആയിത്തീരുന്ന ദിവസം.''

'അത് എന്താണെന്ന് നിനക്കറിയാമോ' എന്ന ചോദ്യത്തിന് ശേഷം വിഷയം വിശദീകരിച്ച് കൊടുക്കുന്ന ശൈലി 82:17, 82:18, 83:8, 83:19, 86:2, 90:12, 97: 2, 104:5 എന്നീ സൂക്തങ്ങളിലും കാണാം:

സന്തോഷ വാര്‍ത്ത അറിയിക്കല്‍

സത്യവിശ്വാസവും സല്‍കര്‍മവും ഉള്‍ക്കൊണ്ട് ജീവിച്ചവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന സന്തോഷവാര്‍ത്ത ജീവിതത്തിലുടനീളം ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. പ്രവര്‍ത്തന രംഗത്ത് തളരാതെ മുന്നേറുവാനും ക്ഷമ കൈകൊള്ളുവാനുമുള്ള കരുത്ത് നല്‍കുന്നു.

ഉദാ. രണ്ടാം അധ്യായത്തിലെ (അല്‍ബക്വറ) 25ാം വചനം:

''വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷ വാര്‍ത്ത അറിയിക്കുക.''

കഠിനാധ്വാനം ചെയ്ത് പഠിക്കുവാനും പതറാതെ പ്രശ്‌നങ്ങളെ നേരിടുവാനും ഇടക്കാലത്ത് വെച്ച് പഠനം നിര്‍ത്താതെ മുന്നേറുവാനും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം ലഭിക്കുവാന്‍, പഠനശേഷം വിദ്യാര്‍ഥികളെ കാത്തിരിക്കുന്ന ശോഭനമായ ഭാവിയെപ്പറ്റി അവര്‍ക്ക് അധ്യാപകര്‍ സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനുള്ള മാതൃക ഇതില്‍ നിന്ന് ലഭ്യമാവുന്നു. നല്ല കാര്യങ്ങളില്‍ ഉയര്‍ന്ന സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് സമ്മാനമുണ്ടെന്നറിയിച്ചാല്‍ അതും ഇത് പോലെ പ്രചോദനമാണ്.

ക്വുര്‍ആന്‍ ആദ്യം സന്തോഷവാര്‍ത്തയും പിന്നെ ശിക്ഷയെപ്പറ്റിയുള്ള താക്കീതുമാണ് നല്‍കുന്നത്. അതേപോലെ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യം സന്തോഷവാര്‍ത്തയാണ് നല്‍കേണ്ടത്. എന്നിട്ടും ഒരിക്കലും വഴങ്ങാത്തവരോടാണ് താക്കീത് പ്രയോഗിക്കേണ്ടത്. താക്കീത് അനിവാര്യമായ ഘട്ടത്തിലേ പ്രയോഗിക്കാവൂ. ധിക്കരിച്ചാല്‍ അധ്യാപകന്‍ ശിക്ഷ നടപ്പാക്കും എന്ന് വിദ്യാര്‍ഥികള്‍ക്ക് ഭയമുണ്ടാവണം.

കാരണം, ശിക്ഷ നടപ്പാക്കാന്‍ തക്കവണ്ണം അധികാരവും മനക്കരുത്തും ആത്മാര്‍ഥതയും ഉള്ളവനാണ് ഈ അധ്യാപകന്‍ എന്നും ശിക്ഷ നടപ്പാക്കുന്ന കാര്യത്തിലും നീതിയും ആത്മാര്‍ഥതയും ഉള്ളവനാണ് എന്നും ബോധ്യമുണ്ടെങ്കിലേ ഈ ശിക്ഷ ഗുണകരമായി മാറുകയുള്ളൂ. അല്ലാഹു മേല്‍പറഞ്ഞ എല്ലാ ഗുണങ്ങളിലും സമ്പൂര്‍ണനാണ്.

അത് കൊണ്ട് തന്നെ മനുഷ്യസമൂഹത്തെ ഏറ്റവും ഗുണകരമായ നിലയിലേക്ക് നയിക്കാന്‍ അല്ലാഹു നടപ്പാക്കുന്ന മാര്‍ഗങ്ങളില്‍ നിന്നുള്ള ഗുണപാഠങ്ങള്‍ നമ്മുടെ പരിധിയില്‍ നമുക്ക് പഠനബോധന മാര്‍ഗങ്ങളില്‍ പ്രയോഗിക്കുന്നത് ഏറ്റവും വിജയകരമായ മാതൃകയായിരിക്കും.

താക്കീത്

സാധാരണ രൂപത്തില്‍ പറഞ്ഞിട്ടും ഭവിഷ്യത്തുകള്‍ പറഞ്ഞ് കൊടുത്തിട്ടും അനുസരിക്കാത്തവരെ അനുസരിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ശാസനയാണ് താക്കീത്. അനുസരിച്ചില്ലെങ്കില്‍ ഇന്ന ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന മുന്നറിയിപ്പാണിത്. നബി ﷺ യെ അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ടാണ് അയച്ചത് എന്ന് ക്വുര്‍ആന്‍ 34ാം അധ്യായം (സബഅ്) 28ാം വചനത്തില്‍ പറയുന്നു.

വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന സന്തോഷവാര്‍ത്തയും; സത്യനിഷേധവും ദുര്‍മാര്‍ഗവുമായി ജീവിച്ചവര്‍ക്ക് നരകശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന താക്കീതുമാണ് അല്ലാഹു നല്‍കുന്നത്.

''(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്‍മാരെ വിവരമറിയിക്കുക. എന്റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക)'' (ക്വുര്‍ആന്‍ 15:49,50).

മുന്‍കഴിഞ്ഞ പ്രവാചകന്മാരൊക്കെയും അവരുടെ ജനതയോട് ഏകദൈവ വിശ്വാസം ഉള്‍ക്കൊള്ളുവാനും സല്‍കര്‍മങ്ങള്‍ ചെയ്യുവാനും തങ്ങളെ ധിക്കരിച്ച് ജീവിച്ചാല്‍ കനത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആദ് സമുദായത്തിന് വരാനിരിക്കുന്ന ഭയാനകമായ കൊടുങ്കാറ്റ് എന്ന ശിക്ഷയെപ്പറ്റി ഹൂദ് നബി(അ)മുന്നറിയിപ്പ് നല്‍കിയിരുന്നതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

''അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം! അല്ല, നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിയോ അതു തന്നെയാണിത്. അതെ വേദനയേറിയ ശിക്ഷ ഉള്‍കൊള്ളുന്ന ഒരു കാറ്റ്. അതിന്റെ രക്ഷിതാവിന്റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്'' (46:24,25).

ആസൂത്രണം

ഏതൊരു പ്രവര്‍ത്തനവും നടത്തുന്നതിന് മുമ്പ് പ്ലാനിംഗ് അത്യാവശ്യമാണ്. വലിയൊരു ബില്‍ഡിംഗിന്റെ നിര്‍മാണത്തിനു മുമ്പ് മനസ്സില്‍ ആ ബില്‍ഡിംഗ് പൂര്‍ണമായി പണിയണം. പിന്നീട് അതിനെ കമ്പ്യൂട്ടറിലെ Print out ആക്കണം. മൂന്നാം ഘട്ടത്തിലാണ് അതിന്റെ നിര്‍മാണം തുടങ്ങേണ്ടത്. ആസൂത്രണം ചെയ്ത ശേഷം പ്രവര്‍ത്തിച്ചു തുടങ്ങുന്നതാണ് യഥാര്‍ഥത്തിലുള്ള ദീര്‍ഘദൃഷ്ടി.

മദ്യം പൂര്‍ണമായും നിരോധിക്കണമെന്ന് അല്ലാഹു നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അത് അഞ്ച് ഘട്ടമായി നടപ്പിലാക്കിയത് അല്ലാഹുവിന്റെ ആസൂത്രണത്തിന് മികച്ച ഉദാഹരണമാണ്. ഒന്നാം ഘട്ടത്തില്‍ അല്ലാഹുവിലും അവന്റെ തിരുദൂതരിലുമുള്ള വിശ്വാസം വളര്‍ത്തിയെടുക്കുകയാണ് ചെയ്തത്. അത് കൊണ്ടാണ് മക്കയില്‍ അവതരിപ്പിച്ച വചനങ്ങളില്‍ വിശ്വാസം ഉറപ്പിക്കുവാന്‍ ഏറെ ശ്രദ്ധിച്ചതായി കാണുന്നത്. മാത്രമല്ല സ്വര്‍ഗജീവിതത്തില്‍ ലഹരി ബാധിക്കാത്ത രുചികരമായ മദ്യം വേണ്ടുവോളം ആസ്വദിക്കാന്‍ കഴിയുമെന്നും അറിയിച്ചു:

''സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്'' (47:15).

രണ്ടാം ഘട്ടത്തില്‍ അല്ലാഹുവും അവന്റെ ദൂതനും അവര്‍ക്ക് ഗുണകരമായത് മാത്രമെ കല്‍പിക്കുകയുള്ളൂ എന്നും അതിനാല്‍ ചോദ്യം ചെയ്യാതെയും സംശയിക്കാതെയും അനുസരിക്കണമെന്നും കല്‍പിച്ചു.

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു''(33:36).

മൂന്നാം ഘട്ടത്തില്‍ മദ്യത്തോട് വെറുപ്പുണ്ടാകാന്‍ പര്യാപ്തമായ രൂപത്തിലുള്ള സൂക്തം അവതരിപ്പിച്ചു.

''നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനവുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാള്‍ വലുത്''(2:219).

നാലാം ഘട്ടത്തില്‍ മദ്യത്തിന്റെ ഉപയോഗസമയം വെട്ടിക്കുറച്ചു. 5 നേരത്തെ നമസ്‌കാരത്തില്‍ ഓരോന്നും നിര്‍വഹിക്കുന്നതിന്റെ കുറെ മുമ്പ് തന്നെ മദ്യപാനം നിര്‍ത്തിവെക്കേണ്ടി വരുന്ന രൂപത്തില്‍ ലഹരി മുക്തമായിട്ടേ നമസ്‌കരിക്കാന്‍ വരാവൂ എന്ന കല്‍പന നല്‍കി.

''സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാത്തെ സമീപിക്കരുത്. നിങ്ങള്‍ പറയുന്നതെന്താണെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാവുന്നത് വരെ...''(4:43).

അഞ്ചാം ഘട്ടത്തില്‍ മദ്യം പരിപൂര്‍ണമായും നിരോധിച്ചു:

''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാന്‍ ഒരുക്കമുണ്ടോ?''(5:90,91).

ഈ കല്‍പന വന്നതോടെ മദ്യം പരിപൂര്‍ണമായി നിരോധിക്കപ്പെട്ടു. മദ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഇസ്‌ലാം നിഷിദ്ധമാക്കി.

''നബി ﷺ  മദ്യത്തിന്റെ കാര്യത്തില്‍ 10 വിഭാഗത്തെ ശപിച്ചു. മദ്യം നിര്‍മിക്കുന്നവന്‍, നിര്‍മിക്കാന്‍ ആവശ്യപ്പെടുന്നവന്‍, കുടിക്കുന്നവന്‍, ചുമക്കുന്നവന്‍, ചുമക്കാന്‍  ആവശ്യപ്പെടുന്നവന്‍, കുടിപ്പിക്കുന്നവന്‍, വില്‍ക്കുന്നവന്‍, അതിന്റെ വില തിന്നുന്നവന്‍, വാങ്ങുന്നവന്‍, വരുത്തി കുടിക്കുന്നവന്‍ എന്നിവരാണവര്‍'' (തുര്‍മുദി).

''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ മദ്യം വിളമ്പുന്ന തീന്‍മേശയില്‍ ഇരിക്കാതിരിക്കട്ടെ'' (അഹ്മദ്).

അവസാനം സമ്പൂര്‍ണ നിരോധനം വന്നപ്പോള്‍ മദ്യത്തിന്റെ പാത്രങ്ങള്‍ ഉടച്ചുകളയാന്‍ പോലും അത് ഉപയോഗിച്ചിരുന്നവര്‍ തയാറായി. അന്ന് മദീനയിലെ തെരുവുകളില്‍ മദ്യം ചാലിട്ടൊഴുകി എന്ന് ചരിത്രം പറയുന്നു.

അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ള തീരുമാനം ഘട്ടം ഘട്ടമായി നടപ്പാക്കിയതാണ് വിജയകരമായ പര്യവസാനത്തിലേക്ക് എത്തിയത്.

വിദ്യാഭ്യാസ രംഗത്തും ഇതര രംഗങ്ങളിലുമെല്ലാം തന്നെ നേരത്തെ തന്നെ തികഞ്ഞ ആസൂത്രണമുണ്ടെങ്കില്‍ മാത്രമെ മികച്ച ഫലം കാണുകയുള്ളൂ. ലക്ഷ്യം നിര്‍ണയിക്കുകയും അതിലേക്കെത്താനാവശ്യമായ കാര്യങ്ങള്‍ ക്രമപ്രവൃദ്ധമായി നിര്‍വഹിക്കുകയും ചെയ്യല്‍ ആവശ്യമാണ്.

തലോടല്‍ ശൈലി

വളരെ മോശമായ സ്വഭാവമുള്ള വിദ്യാര്‍ഥിയാണെങ്കിലും വിളിച്ച് സൗമ്യമായി ഉപദേശം നല്‍കിയാല്‍ ഒരുപക്ഷേ, ഫലം കണ്ടേക്കാം. വഴിതെറ്റി ജീവിച്ചുകൊണ്ടിരിക്കുന്ന മകനെ അടുത്ത് വിളിച്ച് തലോടി 'എന്റെ പ്രിയപ്പെട്ട മോനേ' എന്ന് സംബോധന ചെയ്ത് ഉപദേശിച്ചാല്‍ മാറ്റമുണ്ടായേക്കാം. അത് പോലെ മോശം സ്വഭാവമുള്ള വിദ്യാര്‍ഥികളോട് സ്‌നേഹമസൃണമായ രൂപത്തില്‍ അധ്യാപകന്‍ ഇടപഴകിയാലും അവരെ മാറ്റിയെടുക്കാന്‍ കഴിഞ്ഞേക്കാം.

ഇതിനുള്ള മാതൃക ക്വുര്‍ആനില്‍ നമുക്ക് കാണാം: ''പറയുക; സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാകരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പ് നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും അവന് കീഴ്‌പെടുകയും ചെയ്യുവിന്‍. പിന്നെ നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല'' (39:53,54).

കര്‍ക്കശമായ ശൈലിയായിരുന്നില്ല പ്രവാചകന്റെത്. അല്ലാഹു പറയുന്നു:

''അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പ്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 3:159).

ഗുണപാഠം

ഗുരുനാഥന്‍ വിദ്യാര്‍ഥികളുടെ കൂടെ ജീവിക്കുകയും എന്നാല്‍ നിലവാരമില്ലാത്തവനായി തരംതാഴാതിരിക്കുകയും ചെയ്താല്‍ വിദ്യാര്‍ഥികള്‍ക്ക് അയാളില്‍ മതിപ്പ് വര്‍ധിക്കുകയാണ് ചെയ്യുക. വിദ്യാര്‍ഥികളോട് കൂടിയാലോചിച്ച ശേഷം എടുക്കാന്‍ പറ്റുന്ന തീരുമാനങ്ങള്‍ അപ്രകാരം ചെയ്യുക. എങ്കില്‍ അവര്‍ക്ക് ഒരു പങ്കാളിത്തബോധമുണ്ടാവുകയും അവര്‍ സഹകരിക്കുകയും ചെയ്യും. (അവസാനിച്ചില്ല)