ക്വുര്‍ആനും പൂര്‍വ വേദങ്ങളും മിഷണറി സാഹിത്യങ്ങളിലെ മിഥ്യകളും

ഉസ്മാന്‍ പാലക്കാഴി

2019 ജൂണ്‍ 29 1440 ശവ്വാല്‍ 26
വ്യത്യസ്ത ദേശങ്ങളിലേക്കും സമൂഹങ്ങളിലേക്കുമായി നിരവധി പ്രവാചകന്മാര്‍ നിയോഗിതരായിട്ടുണ്ട്. അവരില്‍ പലര്‍ക്കും വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ സ്വാര്‍ഥ താല്‍പര്യക്കാരുടെകൈക്രിയകള്‍ നിമിത്തം പലതിലും പുതിയ ആശയങ്ങള്‍ കടത്തിക്കൂട്ടപ്പെടുകയും നിലവിലുള്ളത് നശിപ്പിക്കപ്പെടുകയും ചെയ്തു. മുന്‍ വേദഗ്രന്ഥങ്ങളിലെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിച്ചു കൊണ്ടും ലോകര്‍ക്ക് മുഴുവന്‍ മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടുമാണ് ക്വുര്‍ആന്‍ അവതീര്‍ണമായത്. എന്നാല്‍ ക്വുര്‍ആന്‍ പൂര്‍ണമല്ലെന്നും അത് മറ്റുള്ള വേദഗ്രന്ഥങ്ങളിലെ വികല ആശയങ്ങളെ സത്യപ്പെടുത്തുന്നുവെന്നുമുള്ള ധാരണ പരത്തുന്ന മിഷണറി രചനകള്‍ ദുരുപദിഷ്ടിതവും സത്യത്തിന് നിരക്കാത്തതമാണ്.

ഒരു ട്രെയിന്‍ യാത്രയിലായിരുന്നു. പാസഞ്ചര്‍ ട്രെയിനാണ്. വലിയ തിരക്കൊന്നുമില്ല. ചൂടുള്ള കാപ്പി ആസ്വദിച്ച് കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു മധ്യവയസ്‌കന്‍ എല്ലാവര്‍ക്കും ലഘുലേഖ പോലെ എന്തോ വിതരണം ചെയ്തുകൊണ്ട് മുന്നിലെത്തിയത്. എനിക്കുനേരെയും നീട്ടി. ഞാനത് വാങ്ങി; രണ്ട് നോട്ടീസുകളും ഒരു ലഘുലേഖയും. അറബി ഭാഷയില്‍ തന്നെ ക്വുര്‍ആന്‍ സൂക്തങ്ങള്‍ അടങ്ങിയ ലഘുലേഖ യാത്രക്കാരായ മുസ്‌ലിം സ്ത്രീകളും പുരുഷന്മാരും സാകൂതം വായിക്കുന്നു.  ഇത്തരത്തിലുള്ള കുറെ ലഘുലേഖകളും ഗ്രന്ഥങ്ങളും കണ്ടും വായിച്ചും പരിചയമുള്ളതിനാല്‍ മാത്രം അത് ക്രിസ്ത്യന്‍ സാഹിത്യമാണെന്ന്  മനസ്സിലായി.

അദ്ദേഹം കമ്പാര്‍ട്ട്‌മെന്റിലെ എല്ലാവര്‍ക്കും നോട്ടീസ് വിതരണം ചെയ്ത ശേഷം കുറച്ചപ്പുറമുള്ള ഒരു സീറ്റില്‍ ചെന്നിരുന്നു. ഞാന്‍ എഴുന്നേറ്റ് അദ്ദേഹത്തിന്റെ സമീപം ചെന്നിരുന്നു. കൈകൊടുത്ത് പരിചയപ്പെട്ടു. സംസാരിക്കാന്‍ ഒരാളെ കിട്ടിയ ഉടന്‍ അയാള്‍ വാചാലനായി. യേശുവില്‍ വിശ്വസിക്കേണ്ടതിന്റെ അനിവാര്യതയടക്കം കുറെ പറഞ്ഞുതന്നു. ബൈബിളിന്റെ ദൈവികത, ത്രിയേകത്വ സിദ്ധാന്തം, ആദിപാപം, ക്രൂശീകരണം തുടങ്ങിയ വിഷയങ്ങളിലുള്ള എന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. 'ക്വുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ തന്നെ ഞാന്‍ പറഞ്ഞതെല്ലാം നിങ്ങള്‍ക്ക് മനസ്സിലാക്കാം' എന്നു പറഞ്ഞ് 'അല്‍നൂര്‍' എന്ന് പേരുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ പഴയ ഏതാനും കോപ്പികള്‍ തന്ന് അടുത്ത സ്‌റ്റോപ്പില്‍ അദ്ദേഹം ഇറങ്ങി.

ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യരാജ്യമാണ്. എല്ലാവര്‍ക്കും അവനവന് ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും അതിന്റെ വിശ്വാസാചാരങ്ങള്‍ കൊണ്ടുനടക്കാനും അത് പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട്. ആശയ സംവാദങ്ങള്‍ നടത്തുവാനും മാന്യമായി വിമര്‍ശിക്കുവാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുവാനും അനുവാദമുണ്ട്. ഈ സ്വാതന്ത്ര്യം നിലനില്‍ക്കുക തന്നെ വേണം. പരസ്പരം അറിയാനും അറിയിക്കാനും ശ്രമിക്കുന്നത് മനസ്സുകളെ തമ്മില്‍ അടുപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനമാണെന്നതില്‍ സംശയമില്ല. അതില്‍ അസഹിഷ്ണുത കാണിക്കുക എന്നത് കുടുസ്സായ ചിന്താഗതിയുടെ അടയാളമാണ്.  

എന്നാല്‍ മനഃപൂര്‍വം തെറ്റുധരിപ്പിക്കുകയും പ്രമാണങ്ങളെ വികലമാക്കി ചിത്രീകരിക്കുകയും ചെയ്യുക എന്നത് ശരിയല്ല. അത് സത്യസന്ധമായ പ്രവര്‍ത്തനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

'അല്‍നൂര്‍' എന്ന പേരില്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു സ്വതന്ത്ര ക്രൈസ്തവ ത്രൈമാസികയായിരുന്നു അത്. മുസ്‌ലിം സമൂഹത്തിലേക്ക് ക്രൈസ്തവ ചിന്താഗതികള്‍ പ്രസരിപ്പിക്കുക, ഇസ്‌ലാമിന്റെ ആദര്‍ശത്തെയും മൂല്യങ്ങളെയും തങ്ങളാലാവും വിധത്തില്‍ വികലമായി ചിത്രീകരിക്കുക തുടങ്ങിയവയാണ് അല്‍നൂറിന്റെ ലക്ഷ്യമെന്ന് അതിന്റെ പേജുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോള്‍ തന്നെ ബോധ്യമായി.

ക്രൈസ്തവ സമൂഹത്തിന് അപരിചിതമായ ഒരു പേര് തിരഞ്ഞെടുക്കുകയും ആ പേരില്‍ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണം 'സ്വതന്ത്ര ക്രൈസ്തവ പ്രസിദ്ധീകരണ'മാണെന്ന് വാദിക്കുകയും ചെയ്യുന്നതിലെ ഉദ്ദേശം എന്തെന്ന് മനസ്സിലാവാന്‍ അതിബുദ്ധിയൊന്നും വേണ്ടല്ലോ.

അല്‍നൂര്‍ ത്രൈമാസികയുടെ (2005 ജൂലൈ- ആഗസ്റ്റ് - സെപ്തംബര്‍) ലക്കത്തില്‍ കെ.വി സെബാസ്റ്റ്യന്‍ കുന്നത്തു കുഴിയില്‍ എന്ന വ്യക്തിയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ബൈബിളിന്റെ പരിശുദ്ധി: ഖുര്‍ആന്റേയും ഹദീസിന്റെയും അടിസ്ഥാനത്തില്‍' എന്ന, മുസ്‌ലിംകളെ മാത്രം ഉദ്ദേശിച്ചുള്ള ലേഖനത്തെ ഒന്ന് പരിശോധനാ വിധേയമാക്കാം. ലേഖകന്‍ എഴുതുന്നു:

''മുഹമ്മദിന്റെ കാലത്ത് പഴയ നിയമവും പുതിയ നിയമവും ജനങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ഒട്ടേറെ വാക്യങ്ങള്‍ ഖുര്‍ആനില്‍ കാണാം. സൂറ: 10:94ല്‍ അല്ലാഹു ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു: 'നാം നിനക്ക് നല്‍കിയ സന്ദേശങ്ങളില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ നിനക്ക് മുമ്പുള്ള ദൈവിക സന്ദേശങ്ങള്‍ പാരായണം ചെയ്തുക്കൊണ്ടിരിക്കുന്നവരോട് (പൂര്‍വ്വവേദക്കാരോട്) ഒന്ന് ചോദിച്ചു നോക്കുക'' (10:94) യഹൂദരും ക്രൈസ്തവരുമാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്ന പൂര്‍വ്വ വേദക്കാര്‍. അവര്‍ പരായണം ചെയ്യുന്ന ദൈവിക ഗ്രന്ഥങ്ങള്‍ തൗറാത്തും ഇഞ്ചീലും'' (പേജ്: 6).

ലേഖകന്‍ ഉദ്ധരിക്കുന്ന 10:94ന്റെ യഥാര്‍ഥ അര്‍ഥം: ''ഇനി നിനക്ക് നാം അവതരിപ്പിച്ചു തന്നതിനെപറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക് മുമ്പുതന്നെ വേദഗ്രന്ഥം വായിച്ചുവരുന്നവരോട് ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്'' (10:94).

തൗറാത്തും ഇഞ്ചീലും മുഹമ്മദ് നബി ﷺ യുടെ കാലത്ത് യഥാര്‍ഥ രൂപത്തില്‍ നിലനിന്നിരുന്നു എന്നതിനല്ല ഈ വാക്യം തെളിവാകുന്നത്. മുഹമ്മദ് നബി ﷺ യുടെ ദൗത്യം, അദ്ദേഹത്തിന് നല്‍കപ്പെട്ട ക്വുര്‍ആനിന്റെ ദൈവികത എന്നിവയാണ് ഈ വാക്യത്തിലൂടെ സ്ഥിരീകരിക്കപ്പെടുന്നത്. ക്വുര്‍ആനിന്റെയും അന്തിമ ദൂതന്‍ന്റെയും ആഗമനത്തെ കുറിച്ച് തൗറാത്തിലും ഇഞ്ചീലിലും സുവ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. പൂര്‍വ വേദക്കാര്‍ ആ പരാമര്‍ശങ്ങള്‍ പരായാണം ചെയ്തുവരുന്നതുമാണ്. എന്നാല്‍ പിന്നീട് അത്തരം പരാമര്‍ശങ്ങള്‍ അവയില്‍ നിന്നും നീക്കം ചെയ്യപ്പെടുകയോ അവയില്‍ അവ്യക്ത വരുത്തുകയോ ഉണ്ടായി.

ക്വുര്‍ആനിന്റെ ശരിവെക്കല്‍ എങ്ങനെ?

മനുഷ്യനിര്‍മിതങ്ങളും ദൈവിക മാര്‍ഗദര്‍ശനത്തിന് നിരക്കാത്തതുമായ അനേകം പരാമര്‍ശങ്ങളുള്ളവയാണ് പുതിയ-പഴയനിയമങ്ങള്‍. ക്വുര്‍ആനിന്റെ സാക്ഷീകരണം നേടിയവയാണ് ഇവ എന്ന് വരുത്തിത്തീര്‍ത്തുകൊണ്ട് തെറ്റുധരിപ്പിക്കും വിധം തുടര്‍ന്ന് എഴുതുന്നു:

''ഇഞ്ചീലിനെകുറിച്ചും ഖുര്‍ആന്‍ ഇതേ സാക്ഷ്യം നല്‍കുന്നു: അതില്‍ (ഇഞ്ചീലില്‍) മാര്‍ഗനിര്‍ദേശവും  പ്രകാശവുമുണ്ട്. അതിന്റെ മുന്നിലുള്ള തൗറാത്തിനെ ശരിവെച്ചുകൊണ്ടും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്  മാര്‍ഗനിര്‍ദേശവും തത്വേപദേശവുമായിക്കൊണ്ടാണത് വന്നിരിക്കുന്നത്(5.46)''

''തൗറാത്തിനെ ശരിവെച്ചുകൊണ്ട് ഇഞ്ചീല്‍ വന്നതുപോലെ തൗറാത്തിനൊപ്പം ഇഞ്ചീലിനെയും ശരിവെക്കാനാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അല്ലാഹു പലതവണ വ്യക്തമാക്കുന്നത് കാണാം. തൗറാത്തിനെ കുറിച്ച് പറയുന്നു: ''അള്ളാഹു അവതരിപ്പിക്കുന്നതില്‍ വിശ്വസിക്കുക; എന്ന് ഉപദേശിച്ചാല്‍  അവരുടെ (യഹൂദരുടെ) മറുപടി ഞങ്ങള്‍ക്ക് അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുന്നു. യഥാര്‍ത്ഥത്തിലോ അത് സത്യമായ സന്ദേശമാണ്. അവരുടെ പക്കലുള്ളതിനെ ശരിവെക്കുന്നതിനും. സൂറ: 2/91,3/3, 35/31, 12/11, 46/30 തുടങ്ങിയ വാക്യങ്ങളിലൊക്കെ പൂര്‍വ്വ വേദങ്ങള്‍ സത്യസന്ദേശമെന്ന് സാക്ഷ്യപ്പെടുത്തുന്നത് കാണാം''(പേജ് 6).

ക്വുര്‍ആനിന് മുമ്പ് വിവിധ കാലഘട്ടങ്ങൡലായി അല്ലാഹു അവതരിപ്പിച്ച തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നിവയെ അവയുടെ യഥാര്‍ഥ ഘടനയിലും സന്ദേശങ്ങളിലും ദൈവിക സ്വഭാവത്തിലും ക്വുര്‍ആന്‍ അംഗീകരിക്കുകയും അവയുടെ ആശയപരമായ തുടര്‍ച്ചയെ ക്വുര്‍ആന്‍ പ്രതിനിധീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ വസ്തുതയിലേക്ക് വെളിച്ചം വീശുന്ന നിരവധി പരാമര്‍ശങ്ങള്‍ ക്വുര്‍ആനിലുണ്ട് താനും. എന്നാല്‍ അവയൊന്നും ആധുനിക ക്രിസ്തുമതത്തിന്റെ പ്രമാണങ്ങളായ പുതിയ-പഴയ നിയമ ബൈബിളുകളുടെ സത്യതക്ക് തെളിവാകുന്നില്ല. 5:46 വാക്യമെന്ന നിലയില്‍ അല്‍നൂര്‍ ലേഖകന്‍ ഉദ്ധരിക്കുന്നതിന്റെ യഥാര്‍ഥ വാക്യരൂപത്തിലും പരാമര്‍ശിക്കപ്പെടുന്നത് ഇഞ്ചീല്‍ എന്ന ദൈവിക ഗ്രന്ഥം അതിന്റെ യഥാര്‍ഥ ഘടനയില്‍ മുമ്പുള്ള തൗറാത്തിനെ ആശയപരമായും താത്വികമായും പിന്തുടരുന്നു എന്ന സത്യമാണ്. മറിച്ച് ആധുനിക ബൈബിളിനെ (പുതിയനിയമം, പഴയനിയമം) സാക്ഷീകരിക്കുന്നു എന്ന വാദത്തിന് 5:46 തെളിവാകുകയില്ല. പ്രസ്തുത വാക്യം അതിന്റെ യഥാര്‍ഥ രൂപത്തില്‍ ഇപ്രകാരമാണ്:

''അവരെ (ആ പ്രവാചകന്‍മാരെ) തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മറിയമിന്റെ മകന്‍ ഈസായെ തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്‍മാര്‍ഗ നിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇഞ്ചീലും അദ്ദേഹത്തിന് നാം നല്‍കി. അതിന് മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സദുപദേശവുമത്രെ അത് ''(5:46).

ഈ വാക്യം സ്ഥിരീകരിക്കുന്നത് ക്രൈസ്തവ സുവിശേഷത്തെയല്ല; ഈസാനബി(അ)ക്ക് നല്‍കപ്പെട്ടിരിക്കുന്നതും ക്വുര്‍ആനിന് മുമ്പ് അവതീര്‍ണമായിരുന്നതും അല്ലാഹു ഈസാനബി(അ)യിലൂടെ അക്കാലത്തെ മുസ്‌ലിം സമൂഹത്തിന് നല്‍കിയിരുന്നതുമായ ദൈവിക ഗ്രന്ഥത്തെ കുറിച്ചാണ്. അതുകൊണ്ട് തന്നെ ഈ വാക്യം ക്രൈസ്തവ ആദര്‍ശത്തെ പിന്തുണക്കുന്നതല്ല.

2:91ന്റെ ആശയം യഹൂദ, ക്രൈസ്തവര്‍ക്കെല്ലാം ബാധകമാണ്. പ്രസ്തുത വാക്യത്തില്‍ ''അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ക്വുര്‍ആന്‍)'' എന്ന പരാമര്‍ശം, പ്രസ്തുത വിഭാഗങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്ന വേദങ്ങളുടെ യഥാര്‍ഥ മൂല്യഘടനയെ കുറിച്ചുള്ളതാണ്. അല്‍നൂര്‍ ലേഖകന്‍, ബൈബിള്‍ പുതിയ-പഴയനിയമ പുസ്തകങ്ങള്‍ക്ക് ക്വുര്‍ആനിന്റെ പിന്തുണ ഉറപ്പിക്കാനായി ചൂണ്ടിക്കാട്ടിയ മറ്റുവാക്യങ്ങളെ ഇപ്രകാരം വായിക്കാം:

1. ''അല്ലാഹു അവതരിപ്പിച്ചതില്‍ (ക്വുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ക്വുര്‍ആന്‍)'' (2:91).

2. ''അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൗറാത്തും ഇഞ്ചീലും അവതരിപ്പിച്ചു'' (3:3).

3. ''നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്. തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്‍മാരെ പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു'' (35:31).

4. ''തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത, അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും എല്ലാ കാര്യത്തെയും സംബന്ധിച്ച് ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് കാരുണ്യവും ആകുന്നു അത്'' (12:111).

5. ''അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസാക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴികാട്ടുന്നു'' (46:30).

ഇത്തരം വാക്യങ്ങളിലെല്ലാം ഉപയോഗിക്കുന്ന 'സത്യപ്പെടുത്തല്‍' (തസ്ദീക്വ്) ആക്ഷരികമായ സത്യപ്പെടുത്തലല്ല. ആശയത്തിലും പൊതുദര്‍ശനത്തിലും ഊന്നിയുള്ള സത്യപ്പെടുത്തലാണ്. പൂര്‍വ വേദങ്ങള്‍ അവയുടെ യഥാര്‍ഥ ഘടനയില്‍, ആശയവൈകല്യങ്ങളിലകപ്പെടാതെ നിലനിന്നിരുന്ന കാലത്ത് അവയ്ക്ക് ദൈവിക ഗ്രന്ഥ പരിഗണന ഉണ്ടായിരുന്നെന്നും ദൈവിക ഗ്രന്ഥങ്ങളെ അവയുടെ യഥാര്‍ഥ ഘടനയില്‍ ക്വുര്‍ആന്‍ സാക്ഷീകരിക്കുന്നുണ്ട് എന്നും പൂര്‍വ വേദങ്ങളിലൂടെ ആദിമദൂതന്‍മാര്‍ക്ക് നല്‍കപ്പെട്ട സത്യസന്ദേശങ്ങളാണ് ക്വുര്‍ആനിലൂടെ മനുഷ്യരാശിക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് എന്നുമാണ് മുകളില്‍ ഉദ്ധരിച്ച വാക്യങ്ങളുടെ താല്‍പര്യം. മിഷണറി എഴുത്തുകാര്‍ പറയുന്നത് പോലെ, ഇന്നത്തെ പഴയ പുതിയ നിയമങ്ങള്‍ക്കുള്ള സാക്ഷ്യങ്ങളല്ല അവയൊന്നും.

സുവിശേഷങ്ങളും ക്വുര്‍ആനും

സുവിശേഷങ്ങളെ ക്വുര്‍ആന്‍ അംഗീകരിക്കുന്നുണ്ട് എന്ന വാദം 'അല്‍നൂര്‍' എഴുത്തുകാരന്‍ ഉന്നയിക്കുന്നുണ്ട്. ഇഞ്ചീല്‍ എന്ന പൂര്‍വവേദത്തെ ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും പുതിയ നിയമത്തിലെ സുവിശേഷങ്ങളെ ആ പരാമര്‍ശം ബാധിക്കുകയില്ല. കാരണം ഇഞ്ചീലും പുതിയ നിയമത്തിലെ സുവിശേഷങ്ങളും പൂര്‍ണമായ രൂപത്തില്‍ ഒന്നല്ല എന്നതുതന്നെ. ഈ വസ്തുത മറച്ചുവെച്ചുകൊണ്ട് അപ്പോസ്തലന്മാരും അല്ലാത്തവരും എഴുതിയ സുവിശേഷങ്ങള്‍ക്ക് ദൈവിക പദവി നല്‍കാനാണ് അല്‍നൂര്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നത്.

'ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം' എന്നു പറഞ്ഞുകൊണ്ടാണ്  മാര്‍ക്കോസ് തന്റെ ഗ്രന്ഥം ആരംഭിക്കുന്നത്.

'കാലസമ്പൂര്‍ത്തിയില്‍ ദൈവം തന്റെ പുത്രന്‍ വഴി നമ്മോട് സംസാരിച്ചതിനെ' കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ഹൈബ്രായ ലേഖനകര്‍ത്താവ് തന്റെ രചന ആരംഭിക്കുന്നത.് ''പൂര്‍വ കാലങ്ങളില്‍ പ്രവാചകന്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി നമ്മോട് സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്ന് സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു'' (ഹെബ്രായര്‍ 1:1-2).

''ഇവിടെയെല്ലാം വെളിവാക്കുന്നത് ഈശോമിശിഹായെ അവിടുത്തെ സമഗ്രതയില്‍ വിശ്വാസ സമൂഹത്തിന്, തലമുറകള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് ബൈബിള്‍ രചിക്കപ്പെട്ടത് എന്നാണ്. ഈശോയുടെ വാക്കുകളും പ്രവൃത്തികളുമാണ് അവയുടെ വിഷയം. അവ ഒരു തെറ്റും കൂടാതെ നിര്‍വ്വഹിക്കപ്പെട്ടു. ക്രിസ്താബ്ദം അമ്പതുകളില്‍ മത്തായിയും അറുപതുകളില്‍ മാര്‍ക്കോസും എഴുപതിനടുത്ത് ലൂക്കോയും 90 കളില്‍ യോഹന്നാനും അറിയിച്ച സുവിശേഷം തന്നെയാണ് ഇന്നും സഭ കയ്യിലേന്തുന്നതും തലമുറകള്‍ക്ക് കൈമാറിയതയും'' (അല്‍നൂര്‍, പേജ് 8).

മാര്‍ക്കോസിന്റെ സുവിശേഷം രചിച്ചത് മാര്‍ക്കോസ് ആകയാല്‍ അത് ക്രിസ്തുവിന്റെ സുവിശേഷമല്ല. മാര്‍ക്കോസിന്റെ സുവിശേഷമാണ്. അല്‍നൂര്‍ ലേഖകന്‍ തന്നെ ആ സുവിശേഷത്തെ വിൡക്കുന്നത് 'മാര്‍ക്കോസിന്റെ ഗ്രന്ഥം എന്നാണ്' എന്നിരിക്കെ പ്രസ്തുത സുവിശേഷം ക്രിസ്തുവിന്റെ സുവിശേഷമല്ല. 'ക്രിസ്തുവിന്റെ സുവിശേഷം' എന്ന് പറയുമ്പോള്‍ ക്രിസ്തുവിനെക്കുറിച്ച് പണ്ട് വന്നിട്ടുള്ള സുവിശേഷമെന്നും ക്രിസ്തുവിന് ദൈവത്തില്‍നിന്ന് ലഭിച്ച സുവിശേഷമെന്നും അര്‍ഥമുണ്ട്. ഇതില്‍ അല്‍നൂര്‍ ലേഖകന്‍ പരിഗണിക്കുന്നത് രണ്ടാമത്തെ അര്‍ഥമാണ്. രണ്ടാം അര്‍ഥം പരിഗണിക്കുന്നതിലൂടെ മാര്‍ക്കോസിന്റെ രചന, ക്രിസ്തുവിലൂടെ ലഭിച്ച ദൈവികസന്ദേശമാണ് എന്ന് വരുത്തുകയാണ് ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യത്തിന്  മാര്‍ക്കോസിന്റെ സുവിശേഷം തന്നെ എതിരാണ്. മാര്‍ക്കോസിന്റെ സുവിശേഷം ക്രിസ്തുവിന് ദൈവത്തില്‍ നിന്ന് ലഭിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അല്‍നൂര്‍ ലേഖകന്‍ ആഗ്രഹിച്ചതെങ്കിലും പ്രസ്തുത സുവിശേഷത്തിന്റെ ആരംഭത്തിലെ പരാമര്‍ശം മാര്‍ക്കോസിന്റെ സുവിശേഷത്തിന് ബാധകമല്ലെന്ന് ആ പരാമര്‍ശത്തിന്റെ പൂര്‍ണരൂപത്തില്‍ നിന്ന് ഗ്രഹിക്കാം:

''ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം: 'അവന്‍ നിനക്ക് മുമ്പായി എന്റെ ദൂതനെ അയക്കുന്നു. അവന്‍ നിന്റെ വഴി ഒരുക്കും. കര്‍ത്താവിന്റെ വഴി ഒരുക്കുവീന്‍, അവന്റെ പാത നിരപ്പാക്കുവീന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്ക്' എന്നിങ്ങനെ യെശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന പോലെ...'' (മാര്‍ക്കോസ് എഴുതിയ സുവിശേഷം 1:1-3).

മാര്‍ക്കോസിന്റെ സുവിശേഷത്തെയല്ല അദ്ദേഹം തന്റെ ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ 'ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം' എന്ന് സൂചിപ്പിച്ചത്. മറിച്ച് ക്രിസ്തുവിനെ കുറിച്ചുള്ള മുന്‍ പ്രവചനത്തെയാണ്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ട് വായനക്കാരെ തെറ്റുധരിപ്പിക്കുവാനും മാര്‍ക്കോസിന്റെ സുവിശേഷത്തെ ദൈവത്തില്‍ നിന്നുള്ള സുവിശേഷമാക്കാനുമാണ് 'അല്‍നൂര്‍' ലേഖകന്‍ ശ്രമിക്കുന്നത്. ഹെബ്രായ ലേഖനത്തിന്റെ തുടക്കത്തില്‍ പൂര്‍വകാലങ്ങളില്‍ ദൈവം മാര്‍ഗദര്‍ശനത്തിനായി ദൂതന്മാരെ അയച്ച കാര്യം സമ്മതിക്കുന്നു. അതിനു ശേഷമാണ് ക്രിസ്തുവിന്റെ ദൈവപുത്രവാദം ഉന്നയിക്കുന്നത്. നാലു സുവിശേഷങ്ങളും പുതിയ നിയമത്തിലെ ലേഖനങ്ങളും പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ക്രിസ്തുവിനെ കുറിച്ചുള്ള ശരിയായ അറിവ് മറച്ചുവെക്കാനും അദ്ദേഹത്തിന് ദൈവത്തില്‍ നിന്ന് ലഭിച്ച വേദഗ്രന്ഥമായ ഇന്‍ജീലിന്റെ ആശയങ്ങള്‍ വികലമാക്കി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ബോധബോധപൂര്‍വം തന്നെ നടന്നിട്ടുണ്ട് എന്നാണ്. ക്രിസ്തുവിന് നല്‍കപ്പെട്ടിരുന്ന യഥാര്‍ഥ ഇന്‍ജീലിന്റെ പ്രതിപാദ്യങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളുമായിരുന്നില്ല; മറിച്ച് ദൈവിക ഉല്‍ബോധനങ്ങള്‍ മാത്രമായിരുന്നുവെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. വിവിധ കാലഘട്ടങ്ങളിലായി വിവിധ വ്യക്തികള്‍ എഴുതിയ കൃതികളാണ് ക്രൈസ്തവര്‍ ഇന്‍ജീല്‍ എന്ന് തെറ്റായി വിശേഷിപ്പിക്കുന്ന സമാഹാരത്തിന്റെ ഉള്ളടക്കമെന്നതിനാലും അക്കാര്യം അല്‍നൂര്‍ ലേഖകന്‍ തന്നെ സമ്മതിച്ചുതരികയും ചെയ്യുന്നതിനാലും ആ കൃതിയെ ദൈവിക ഗ്രന്ഥമെന്ന് പറയാവതല്ല.

(അവസാനിച്ചില്ല)