കപട ദേശീയതയുടെ വിജയം; വര്‍ഗീയതയുടെയും

സുഫ്‌യാന്‍ അബ്ദുസ്സലാം

2019 ജൂണ്‍ 08 1440 ശവ്വാൽ 05
ലോകസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയുള്‍ക്കൊള്ളുന്ന എന്‍.ഡി.എ. രാജ്യത്തിന്ഭരണത്തുടര്‍ച്ചയുണ്ടാവുന്നു എന്നതിനപ്പുറം വര്‍ഗീയതയുടെയും കപട ദേശീയതയുടെയും മത വിദ്വേഷത്തിന്റെയും ആള്‍ക്കൂട്ട ഭീകരതയുടെയും പ്രണേതാക്കള്‍ തന്നെ വീണ്ടും രാജ്യത്തിന്റെ അധികാരക്കസേരയില്‍ കയറിയിരിക്കുന്നു എന്നത് മതേതരവിശ്വാസികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. തങ്ങള്‍ നെഞ്ചേറ്റുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം മറനീക്കി പുറത്തു പറഞ്ഞിട്ടും രാജ്യം മൃഗീയ ഭൂരിപക്ഷത്തില്‍ സംഘ്പരിവാര്‍ ശക്തികളെ അധികാരത്തിലേറ്റിയെങ്കില്‍ അത് രാജ്യത്തിന്നല്‍കുന്ന സന്ദേശം ആശാസ്യകരമല്ല. മതേതര വിശ്വാസികളും പാര്‍ട്ടികളും ഉപരിപ്ലവ ചര്‍ച്ചകള്‍ മാറ്റിവെച്ച് ജനമനസ്സുകളില്‍ സ്വാധീനം നേടാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങളില്‍ നിരതമാവണം.

17-ാം ലോകസഭയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ നേടിയ അപ്രതീക്ഷിതമായ മൃഗീയ ഭൂരിപക്ഷം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മതേതരത്വത്തിന്റെ കളിത്തൊട്ടിലായി ലോകം വിശേഷിപ്പിച്ച ഭാരത രാജ്യം വര്‍ഗീയതക്കും കപട ദേശീയതക്കും മുമ്പില്‍ താല്‍ക്കാലികമായി പരാജയപ്പെട്ടിരിക്കുന്നുവെന്നു വേണം പറയാന്‍. ആള്‍ക്കൂട്ട ഭീകരതയുടെയും മത വിദ്വേഷത്തിന്റെയും പൗരത്വ നിഷേധത്തിന്റെയും കടുത്ത വര്‍ഗീയ നിലപാടുകളുടെയും കഠാരകള്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ബി.ജെ.പിയും സംഘപരിവാറും ഇന്ത്യയുടെ നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു. അവ സമ്മാനിച്ച മുറിപ്പാടുകളിലൂടെ രാജ്യം കോലംകെട്ട് ലോകത്തിനു മുമ്പില്‍ നാണിച്ചു നില്‍ക്കുമ്പോഴാണ് തെരഞ്ഞെടുപ്പില്‍ നേടിയ വ്യാജ വിജയത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യ വിജയിച്ചുവെന്ന് നരേന്ദ്ര മോഡി നെഞ്ചുവിരിച്ചുകൊണ്ട് അവകാശപ്പെടുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും മോഡിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തെ വിലയിരുത്തിയതാണ്. രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥ മാത്രമല്ല, സാമ്പത്തിക സ്ഥിതിയും അപ്പാടെ തകര്‍ന്നു തരിപ്പണമായതും വിവിധ മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ ജീവിച്ചിരുന്ന മതസൗഹാര്‍ദത്തിന്റെ പൂങ്കാവനത്തില്‍ കടുത്ത വര്‍ഗീയതയുടെയും അന്യമത വിദ്വേഷത്തിന്റെയും വിത്തുകള്‍ മുളച്ചുപൊങ്ങിയതും മോഡി സര്‍ക്കാരിന്റെ ഭരണപരാജയമായി എല്ലാവരും വിലയിരുത്തി. 2014ല്‍ മോഡിയെ പ്രശംസിച്ചു കൊണ്ട് രംഗത്തുവന്ന മിക്ക മീഡിയകളും നിലപാടുകള്‍ മാറ്റി. വന്‍ ഭൂരിപക്ഷം ഉണ്ടായില്ലെങ്കിലും യു.പി.എയും ഇതര മതേതര കക്ഷികളും ഈ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുമെന്ന് അവരെല്ലാം നിരീക്ഷിച്ചു. തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതിനു മുമ്പ് രാജ്യം പൊതുവില്‍ മതേതര കക്ഷികള്‍ക്ക് സാധ്യത കല്‍പിച്ചിരുന്നു.

ഇപ്പോള്‍ ഔദ്യോഗികമായി ഫലം പുറത്തുവന്നിരിക്കുന്നു. വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. മതേതരമനസ്സുകളില്‍ ആശങ്ക പടര്‍ത്തിക്കൊണ്ട് മോഡിയും അമിത്ഷായും പരിവാരവും വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറാന്‍ പോകുന്നു. 2014ല്‍ ലഭിച്ചതിനെക്കാള്‍ സീറ്റുകള്‍ അവര്‍ നേടിയിരിക്കുന്നു. ബി.ജെ.പിക്ക് മാത്രം 303 സീറ്റുകള്‍. എന്നു പറഞ്ഞാല്‍ കേവലഭൂരിപക്ഷമായ 272 നേക്കാള്‍ 31 സീറ്റുകള്‍ ബി.ജെ.പി ഒറ്റയ്ക്ക് നേടിയിരിക്കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമാസഭാ തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യാ ടിവി-സി.എന്‍.എക്‌സ് നടത്തിയ അഭിപ്രായ സര്‍വേയില്‍ എന്‍.ഡി.എ 252 സീറ്റില്‍ ഒതുങ്ങുമെന്നും യു.പി.എ കക്ഷികള്‍ മാത്രം 146 സീറ്റുകള്‍ നേടുമെന്നും പ്രവചിച്ചിരുന്നു. നാല് മാസം പിന്നിട്ട ശേഷം ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഈ അഭിപ്രായ സര്‍വേയില്‍ വലിയൊരു മാറ്റമൊന്നും പൊതുവില്‍ ആരും നിരീക്ഷിച്ചിരുന്നില്ല.

പക്ഷേ, കാര്യങ്ങള്‍ ഇപ്പോള്‍ കൈവിട്ടുപോയിരിക്കുന്നു. എന്താണ് സംഭവിച്ചത്? രാജ്യത്ത് മതേതരത്വം മരിക്കുകയാണോ? അതോ സുതാര്യമായും സത്യസന്ധമായും നടക്കേണ്ട തെരഞ്ഞെടുപ്പുകള്‍ ചതിയുടെയും വഞ്ചനയുടെയും പ്രതീകങ്ങളായി മാറുകയാണോ? ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗിനെ കുറിച്ച് പരാതികള്‍ വര്‍ധിച്ചിരിക്കുകയാണ്. എന്തിനു കുത്തിയാലും 'താമര'യെ വിരിയിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണോ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്? ഇലക്ഷന്‍ കമ്മീഷന്‍ ഒരു നോക്കുകുത്തി മാത്രമാവുകയാണോ? കേരളത്തിലടക്കം വോട്ടിംഗ് മെഷീനുകളെ കുറിച്ച് പരാതികള്‍ വോട്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു. സാങ്കേതികമായ ചില കുഴപ്പങ്ങള്‍ മാത്രമാണെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും സംശയങ്ങള്‍ വ്യാപകമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ഇതാദ്യമായിട്ടൊന്നുമല്ല തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു 1990 വരെ രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ നടന്നത്. ബൂത്തുപിടുത്തവും അതിക്രമങ്ങളും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോഴായിരുന്നു ബാലറ്റ് പേപ്പറുകള്‍ക്ക് പകരം ഇലക്ട്രോണിക്ക് സംവിധാനമെന്ന ആശയം കടന്നുവന്നത്.

രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത് 1982ലെ ഉപതെരഞ്ഞെടുപ്പില്‍ കേരളത്തിലായിരുന്നു; എറണാകുളം ജില്ലയിലെ പറവൂര്‍ നിയോജകമണ്ഡലത്തില്‍. മണ്ഡലത്തിലെ 123 ബൂത്തുകൡ അമ്പതിടത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത്. സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കുന്ന ചെറിയ മണ്ഡലമെന്നതിനാലാണ് പറവൂരിന് നറുക്കുവീണത്. സി.പി. ഐ നേതാവ് ശിവന്‍പിള്ളയും കോണ്‍ഗ്രസിലെ എ.സി.ജോസും തമ്മിലായിരുന്നു പറവൂരിലെ പ്രധാന മത്സരം. ശിവന്‍പിള്ള തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ വോട്ടിംഗ് യന്ത്രത്തിനെതിരെ നല്‍കിയ പരാതി ഹൈക്കോടതി തള്ളി. കോണ്‍ഗ്രസ് വോട്ടിംഗ് യന്ത്രത്തെ അനുകൂലിക്കുകയായിരുന്നു. ശിവന്‍പിള്ള രണ്ടായിരത്തില്‍പരം വോട്ടുകള്‍ക്ക് വിജയിച്ചതോടെ കോണ്‍ഗ്രസ് വോട്ടിംഗ് യന്ത്രത്തിനെതിരെ രംഗത്തുവന്നു. വോട്ടിംഗ് യന്ത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്ത എ.സി.ജോസിന്റെ പരാതി ഹൈക്കോടതി തള്ളി. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കി. പുതിയ രീതി അവലംബിക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അധികാരമില്ലെന്നും പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിയമഭേദഗതി ആവശ്യമാണെന്ന് പറഞ്ഞ കോടതി ഇലക്ട്രോണിക് വോട്ടിംഗ് നടന്ന 50 ബൂത്തുകളിലും റീപോളിങ്ങിന് ഉത്തരവിട്ടു. രണ്ട് വര്‍ഷത്തിനുശേഷം ബാലറ്റ് ഉപയോഗിച്ച്‌നടന്ന റീപോളിങ്ങില്‍ ഫലം മാറി. 2000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എ.സി.ജോസിനായിരുന്നു വിജയം.

1983ല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എന്ന ആശയത്തെ പാര്‍ലമെന്റ് തിരസ്‌കരിച്ചിരുന്നു. പിന്നീട് 1989 മാര്‍ച്ച് 15നാണ് ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 61ല്‍ ഭേദഗതി വരുത്തിക്കൊണ്ട് ഇ.വി.എം ഉപയോഗിക്കാനുള്ള അനുമതി പാര്‍ലമെന്റ് പാസ്സാക്കുന്നത്. പിന്നീട് രാജ്യത്ത് നിരവധി തവണ തെരഞ്ഞെടുപ്പുകള്‍ നടന്നു. ഇ.വി.എമ്മിനെതിരെ ഒറ്റപ്പെട്ട പരാതികള്‍ കോടതികളില്‍ നേരത്തെ വന്നിരുന്നു. 2001ല്‍ മദ്രാസ് ഹൈക്കോര്‍ട്ടിലും പരാതി 2004ല്‍ കര്‍ണാടകയിലും സമര്‍പ്പിക്കപ്പെട്ട പരാതികള്‍ കോടതികള്‍ തള്ളി. അതുപോലെ 2001ല്‍ കേരളത്തിലെ ഇരവിപുരത്ത് ടി.എ.അഹമ്മദ് കബീറിനെതിരെ ആര്‍ എസ്.പി.യിലെ എ.എ.അസീസ് നേടിയ വിജയം വോട്ടിംഗ് യന്ത്രത്തിന്റെ തകരാറു മൂലം സംഭവിച്ചതെന്ന് ചൂണ്ടികാട്ടി ടി.എ.അഹമ്മദ് കബീര്‍ നല്‍കിയ പരാതി കേരള ഹൈക്കോടതിയും തള്ളിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ എന്താണ് എന്ന് വിശദീകരിക്കാന്‍ സാധിക്കാത്തത് മൂലമാണ് മിക്ക പരാതികളും തള്ളിപ്പോയത്. എന്നാല്‍ ഇപ്പോള്‍ വളരെ വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ ഇ.വി.എമ്മിനെതിരെയുള്ള വാര്‍ത്തകള്‍ പ്രചരിക്കപ്പെടുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷനുണ്ട്. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയും വളരെ ഗൗരവത്തോടെ ഈ വിഷയത്തെ സമീപിച്ചിട്ടില്ല എന്നതും ഇലക്ഷന്‍ കമ്മീഷന് രക്ഷപ്പെടാനുള്ള പഴുതായി അവശേഷിക്കുന്നുണ്ട്.

ഇ.വി.എമ്മിനെ കുറിച്ചുള്ള പ്രചാരണങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാക്കുന്നതിന്റെ പിന്നിലുള്ള ബുദ്ധികേന്ദ്രം ബി.ജെ.പി തന്നെയാണെന്നും ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ കാര്യമായ നടപടികളൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഇ.വി.എം പ്രശ്‌നത്തിലേക്ക് ചര്‍ച്ചകളെ ഒതുക്കിനിര്‍ത്തുക എന്ന തന്ത്രമാണ് ഇതിനു പിന്നിലെന്നും അവര്‍ പറയുന്നു. ഓരോ മണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട അഞ്ചു ബൂത്തുകളില്‍ വി.വി പാറ്റുകള്‍ എണ്ണിയപ്പോള്‍ വ്യത്യാസം കണ്ടെത്തിയതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുമില്ല. ഓരോ സംസ്ഥാനത്തെയും സര്‍ക്കാരുകള്‍ക്കാണ് അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല. അതുകൊണ്ട് തന്നെ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത് എങ്ങനെ എന്നതും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ബി.ജെ.പി ജയിച്ചു എന്നതിനര്‍ഥം മതേതരകക്ഷികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നാണ്. ഇത് അംഗീകരിക്കാന്‍ മതേതര കക്ഷികള്‍ക്ക് സാധിക്കണം. എല്ലാം ഇ.വി.എമ്മിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് രാജ്യത്തെ വരും നാളുകളില്‍ ബി.ജെ.പിക്ക് തീറെഴുതി കൊടുക്കുന്നതിനു തുല്യമായിരിക്കും. എന്‍.ഡി.എക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പി ഒറ്റക്കെട്ടായിരുന്നു. അവര്‍ക്കിടയില്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങളോ അസ്വസ്ഥതകളോ തര്‍ക്കങ്ങളോ കണ്ടില്ല. അവരുടെ മെഷിനറി വളരെ ശക്തമായിരുന്നു. ഹിന്ദി ബെല്‍റ്റിലെ സാധാരണക്കാരായ ആളുകള്‍ക്ക് മതേതരത്വമോ ഭരണഘടനയോ ഒന്നുമല്ല പ്രശ്‌നം. അവര്‍ക്ക് അതേകുറിച്ചൊന്നും അറിയുകയും വേണ്ട. കേരളത്തില്‍ പണിയെടുക്കാന്‍ വന്ന ഉത്തരേന്ത്യക്കാരോട് സംസാരിച്ചാല്‍ നമുക്കത് മനസ്സിലാവും. കേരളം പോലെ പ്രബുദ്ധമല്ലാത്ത ഭൂരിപക്ഷം ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ആരാണ് അവരുമായി ഒട്ടിനില്‍ക്കുന്നത് എന്നും അവരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയമായി ഇടപെടുന്നത് എന്നതുമാണ് മുഖ്യം. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എല്ലാ മേഖലകളിലും വ്യവസ്ഥാപിതമായ ആശയ പ്രചാരണം നടത്താനുള്ള സംവിധാനങ്ങള്‍ ആര്‍.എസ്.എസ് ശക്തമായ പ്രദേശങ്ങളിലുണ്ട്. കേരളത്തിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും ബി.ജെ.പിയുടെ തന്ത്രങ്ങള്‍ വിലപ്പോകാത്തതിന് പ്രധാന കാരണം ജനങ്ങളുടെ പ്രബുദ്ധതയും ബി.ജെ.പിക്ക് കയറിപ്പറ്റാന്‍ സാധിക്കാത്ത വിധമുള്ള രാഷ്ട്രീയ കക്ഷികളുടെ വിന്യാസവുമാണ്. കേരളത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ്, തമിഴ്നാട്ടില്‍ ഡി.എം.കെ-അണ്ണാ ഡി.എം.കെ, ആന്ധ്രയില്‍ വൈ.എസ്.ആര്‍-ടി.ഡി.പി എന്നിങ്ങനെയുള്ള ശക്തമായ ഭരണ പ്രതിപക്ഷങ്ങള്‍ വളരെ സജീവമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതുകാരണം ഒരു എന്‍ട്രി കിട്ടാന്‍ ബി.ജെ.പിക്ക് സാധിക്കുന്നില്ല എന്നതാണ്. ഹിന്ദി ബെല്‍റ്റിലെ ജനങ്ങള്‍ക്ക് പൊതുവില്‍ പരിചയം ഏകകക്ഷി ഭരണമാണ്. വളരെക്കാലം കോണ്‍ഗ്രസ്സ് ഭരിച്ച ഈ പ്രദേശങ്ങള്‍ കോണ്‍ഗ്രസ്സിന്റെ കൈകളില്‍ നിന്നും നഷ്ടമായത് ജനങ്ങളില്‍ നിന്ന് അകന്നത് കൊണ്ടും പരസ്പരമുള്ള കുതികാല്‍ വെട്ടുകൊണ്ടുമാണ്. ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനത്ത് അവര്‍ ബി.ജെ.പിയെ കാണുന്നു. ഒരു സ്ഥായിയായ മുന്നണി സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ ഇന്നേവരെ പരസ്പരം പോരടിക്കുന്ന മതേതരകക്ഷികള്‍ക്ക് സാധിച്ചിട്ടില്ല. ഈ പറഞ്ഞത് ബി.ജെ.പിയെ വെള്ള പൂശാന്‍ വേണ്ടിയാണ് എന്നാരും തെറ്റുധരിക്കേണ്ടതില്ല. ചില യാഥാര്‍ഥ്യങ്ങളെ നമ്മുടെ മതേതര പ്രസ്ഥാനങ്ങള്‍ കാണാതെ പോകരുത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ തട്ടിക്കൂട്ടി ഒരു പ്രകടനപത്രിക ഉണ്ടാക്കുകയും അപ്പോള്‍ വലിയ വലിയ റോഡ്‌ഷോകള്‍ നടത്തുകയും ചെയ്തത് കൊണ്ട് കാര്യമില്ല. പ്രകടനങ്ങളുടെ ആരവങ്ങള്‍ വോട്ടായി മാറുമെന്നൊന്നും ആരും വിചാരിക്കരുത്.

ഒരു ബി.ജെ.പിയെ നേരിടാന്‍ നമ്മുടെ രാജ്യത്ത് എത്രയെത്ര മതേതര കക്ഷികളാണുള്ളത്? ഇവര്‍ക്കിടയിലെ ഭിന്നതകളല്ലേ യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം? എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് വാര്‍ത്തകള്‍ വന്നപ്പോഴേക്കും മതേതര പാര്‍ട്ടികളില്‍ നിന്നും പ്രധാനമന്ത്രിയാവാന്‍ എത്ര പേര്‍ രംഗത്തുവന്നു? ഡല്‍ഹി പോലെയുള്ള സ്ഥലങ്ങളില്‍ ഒരുമിച്ച് നില്‍ക്കുവാന്‍ സാധിക്കാത്ത മതേതര പാര്‍ട്ടികള്‍ ഫാസിസ്റ്റ് ഭരണത്തെ താങ്ങിനിര്‍ത്താന്‍ വേണ്ടി മത്സരിക്കുകയായിരുന്നില്ലേ ചെയ്തത്? 'ഹിന്ദുത്വം' എന്ന ആര്‍.എസ്.എസ്സിന്റെ ആശയപ്രചാരണത്തിനെതിരെ മതേതരകക്ഷികള്‍ എന്ത് ബോധവല്‍ക്കരണമാണ് നടത്തിയത്. മതം വളരെ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ഒരായുധമാണെന്ന് എല്ലാവരെക്കാളും ബി.ജെ.പിക്ക് അറിയാം. ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ പ്രചാരണത്തെ അതിജയിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിലും മറ്റു മതേതര പ്രസ്ഥാനങ്ങളിലുമുള്ള ഹൈന്ദവ വിശ്വാസികളില്‍ നിന്നും ഉണ്ടായിട്ടുണ്ടോ? മതേതരത്വം കേവലം പ്രസംഗങ്ങളിലും എഴുത്തിലും മാത്രം പോരാ. മറിച്ച് വീടുവീടാന്തരം കയറി ജനങ്ങളില്‍ മനുഷ്യസൗഹാര്‍ദം വളര്‍ത്തിയെടുക്കാനും അന്യമതവിദ്വേഷം ഇല്ലായ്മ ചെയ്യാനുമുള്ള വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതില്ലേ? രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കല്ലല്ലോ അതിന്റെ ഉത്തരവാദിത്തം. ഹൈന്ദവ മത വിഭാഗങ്ങളില്‍ നിന്നും ശക്തരായ പരിഷ്‌കര്‍ത്താക്കള്‍ ഉടലെടുക്കേണ്ടതില്ലേ?

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പോലും ദേശീയ വിഷയങ്ങളെ സജീവമാക്കി നിര്‍ത്തി കപടദേശീയത വളര്‍ത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മിക്ക മാസങ്ങളിലും വ്യത്യസ്ത തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം ഹിന്ദുത്വ പ്രചാരണങ്ങളും ദേശീയ വിഷയങ്ങളും പാക്കിസ്ഥാനും രാജ്യസുരക്ഷയുമൊക്കെ വിഷയങ്ങളാക്കുകയാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഇതിനു മികച്ച ഒരു ഉദാഹരണമാണ്. പത്തുവര്‍ഷമായി ബി.ജെ.പി ഭരിച്ചുകൊണ്ടിരുന്ന ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണത്തെ കുറിച്ച് ജനങ്ങള്‍ക്ക് ഒരഭിപ്രായവും ഉണ്ടായിരുന്നില്ല. അവര്‍ നിരാശരായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന വിജയം ബി.ജെ.പി കൊയ്‌തെടുത്തു! അതിനവര്‍ ഉപയോഗിച്ച തന്ത്രം കപട ദേശീയതയായിരുന്നു. രാജ്യം വലിയ സുരക്ഷാ ഭീഷണിയിലാണെന്നും ബി.ജെ.പി മാത്രമാണ് ദേശീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതെന്നുമുള്ള തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലും അത്തരം വിഷയങ്ങള്‍ തിരുകിക്കയറ്റുന്നതില്‍ മോഡിയും ടീമും വിജയിച്ചു. രാമക്ഷേത്രം, ഇന്ത്യയുടെ കയ്യിലുള്ള അണുബോംബിനെ കുറിച്ചുള്ള പ്രസ്താവന, പുല്‍വാമ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ആളെ സ്ഥാനാര്‍ഥിയാക്കിയതും ബി.ജെ.പിയുടെ സ്വന്തം സ്ഥാനാര്‍ഥി ഗോഡ്‌സെയെ രാഷ്ട്രപിതാവെന്നു വിളിച്ചതുമൊക്കെ മനഃപൂര്‍വമായിരുന്നുവെന്നു വേണം കരുതാന്‍. എന്തിനേറെ സ്വന്തം തിരുനാവുകൊണ്ട് മോഡി നടത്തിയ 'മേഘപ്രസ്താവന' പോലും വിലക്കയറ്റം, നോട്ടുനിരോധനം, അഴിമതി, ന്യൂനപക്ഷ പീഡനം, പൗരത്വ നിഷേധം തുടങ്ങിയ മുഖ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ നടത്തിയ സമര്‍ഥമായ രാഷ്ട്രീയ നീക്കങ്ങളായിരുന്നു.

സാമൂഹിക മാധ്യമങ്ങളെ അതിശക്തമായി ഉപയോഗിച്ചുകൊണ്ട് സ്വന്തം ആശയങ്ങളെ സാധാരണ ജനങ്ങളിലെത്തിക്കാന്‍ ബി.ജെ.പിക്ക് ശക്തരായ സൈബര്‍ പോരാളികളുണ്ട്. ഇരുപത്തിനാലു മണിക്കൂറും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതേസമയം ഈ മേഖലയില്‍ മതേതര പ്രസ്ഥാനങ്ങളില്‍ പെട്ടവര്‍ അത്ര ശക്തമല്ല; സംഘടിതവുമല്ല. ടി.വി ചാനലുകളും ഇതര സോഷ്യല്‍ മീഡിയകളും ബി.ജെ. പി അനുകൂലമാക്കി നിര്‍ത്തുകയും ചെയ്യുന്നു. ഇതിന്റെ പിന്നില്‍ വലിയ അഴിമതികളുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. പക്ഷേ, ഇതിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ എന്തു നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് എന്ന് മതേതര കക്ഷികള്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

മറ്റൊരു കാര്യം, ബി.ജെ.പി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെറുതും വലുതുമായ നേതാക്കള്‍ക്ക് തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു എന്നതാണ്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടിന് ഇത് എതിരാണെന്ന പരിഹാസം നിലനില്‍ക്കുന്നുണ്ടെങ്കിലും അവരത് കാര്യമായി എടുക്കുന്നില്ല. ഇതര പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയില്‍ ചേരുന്നവര്‍ പിന്നീട് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ കാര്യങ്ങളില്‍ സ്വാധീനം ചെലുത്തില്ലേ എന്ന ആശങ്ക അവര്‍ക്കില്ല. കാരണം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര അജണ്ടകള്‍ രാഷ്ട്രീയ സ്വയം സേവക് സംഘില്‍ വളരെ ഭദ്രമാണ്. മതേതര പാര്‍ട്ടികളില്‍ ചേക്കേറുന്നവര്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ ബി.ജെ.പിയില്‍ ചേക്കേറുന്നവര്‍ക്ക് പരമാവധി പരിഗണന നല്‍കാന്‍ അവര്‍ തയ്യാറാവുന്നു.

രാജ്യത്തുടനീളം ന്യൂനപക്ഷ അടയാളങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ചൂണ്ടിക്കാട്ടി അവയെല്ലാം ദേശവിരുദ്ധമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് കപട ദേശീയത വളര്‍ത്തിയെടുക്കുകയാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനമനസ്സുകളില്‍ അത്തരമൊരു ചിന്ത വളര്‍ന്നുകഴിഞ്ഞാല്‍, ബി.ജെ.പി എന്ന പാര്‍ട്ടി ഭരണത്തില്‍ നിന്നും പുറത്തുപോയാലും ജനമനസ്സുകളില്‍ ബി.ജെ.പി വികസിപ്പിച്ചെടുത്ത ഈ കപട ദേശീയതയും വര്‍ഗീയതയും മായാതെ കിടക്കും. ഇതുതന്നെയാണ് ആര്‍.എസ്.എസ്സും സംഘപരിവാറും ലക്ഷ്യമാക്കുന്നതും. മതേതര കക്ഷികള്‍ക്ക് അധികാരത്തില്‍ വരണമെങ്കില്‍ ഇതേ കപട ദേശീയതയെ ആയുധമാക്കേണ്ടി വരും എന്ന സൂചനയാണിതെല്ലാം നല്‍കുന്നത്. അങ്ങനെ വന്നുകഴിഞ്ഞാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാതെ വരികയും ഇന്ത്യ സ്റ്റാലിനിസ്റ്റ് റഷ്യയെക്കാള്‍ മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇളക്കിവിടല്‍ മാത്രമല്ല, രാഷ്ട്രപിതാവിനെ പോലും അപമാനിക്കുന്ന തരത്തില്‍ ഗോഡ്‌സെയെ വാഴ്ത്തല്‍, ഭരണഘടനയെ വെല്ലുവിളിക്കല്‍ തുടങ്ങിയ ചര്‍ച്ചകളിലൂടെ ബി.ജെ.പി ഉദ്ദേശിക്കുന്ന ഒരു കാര്യമുണ്ട്. അതായത് ആടിനെ പട്ടിയാക്കുകയെന്ന തന്ത്രം. വിവാദങ്ങളുണ്ടാക്കി കുറെ കഴിയുമ്പോള്‍ ഗാന്ധിജിയെയും ഭരണഘടനയും തള്ളിപ്പറയുന്നത് പോലും ഒരു വലിയ കാര്യമല്ലാതാവുന്ന അവസ്ഥ സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതിവിധികളാണ് രാജ്യത്തെ സ്‌നേഹിക്കുന്ന മതേതര വിശ്വാസികളും ന്യായാധിപന്മാരും മാധ്യമ പ്രവര്‍ത്തകരും നിര്‍വഹിക്കേണ്ടത്.

ബഹുസ്വരതയും ബഹുമത ആഭിമുഖ്യവുമൊക്കെ ശക്തമായ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ബി.ജെ.പി വീണ്ടും അധികാരത്തിലേറി എന്നുള്ളതുകൊണ്ട് രാജ്യത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന ആധി വേണ്ടതില്ല. രാജ്യത്തിന്റെ ഭരണഘടന വളരെ ശക്തമാണ്. ജുഡീഷ്യറിയെ വരുതിയില്‍ നിര്‍ത്താനൊന്നും ഒരു സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കുകയുമില്ല. ചില അലോസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചേക്കും. നിയമനിര്‍മാണങ്ങള്‍ക്ക് ശ്രമങ്ങളുണ്ടാകും. എന്നാല്‍ അത് പൂര്‍ണാര്‍ഥത്തില്‍ വിജയിപ്പിച്ചെടുക്കല്‍ അത്രയെളുപ്പമല്ല. കേരളം കാണിച്ച ജാഗ്രത മഹനീയമാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും മതേതരത്വം നിലനില്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ട് ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഫാസിസത്തെ കേരളം പ്രതിരോധിച്ചു. വിജയിക്കുമെന്ന് ബി.ജെ.പി ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഈ പ്രബുദ്ധത രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികളാണ് ആവശ്യമായിട്ടുള്ളത്. ജനങ്ങളെ സാക്ഷരരാക്കുകയും വിദ്യാഭ്യാസവും രാഷ്ട്രീയബോധവും മതസൗഹാര്‍ദ ചിന്തകളും നല്‍കി സഹിഷ്ണുതയുടെ മഹനീയ മാതൃകകളാവാന്‍ അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. അന്യമതങ്ങളെയോ അന്യരാജ്യങ്ങളെയോ അന്യസംസ്‌കാരങ്ങളെയോ വെറുക്കുന്നതല്ല യഥാര്‍ഥ ദേശീയതയെന്നും, രാജ്യത്തെ സര്‍വ ജനങ്ങളെയും സ്വന്തം സഹോദരങ്ങളെ പോലെ സ്‌നേഹിക്കുകയും ഉള്‍ക്കൊള്ളുകയും അവര്‍ക്ക് നന്മകള്‍ ചൊരിഞ്ഞുകൊടുക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ ദേശീയതയുടെ പ്രകടഭാവങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തുകയുമാണ് വേണ്ടത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കുറച്ചുകൂടി അവരുടെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. മതവിശ്വാസവും പ്രബോധനവുമെല്ലാം ഭരണഘടനാപരമായ അവകാശമാണെന്നൊക്കെ ശക്തമായി വാദിക്കുമ്പോഴും രാജ്യത്ത് മതസൗഹാര്‍ദത്തിന് കോട്ടം തട്ടാത്ത വിധം പ്രവര്‍ത്തനങ്ങളെ ഏകീകരിക്കാനുള്ള പ്രായോഗികബുദ്ധി കാണിക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിയമനിര്‍മാണ സഭകളില്‍ ശക്തമായി വാദിക്കുന്ന ഭൂരിപക്ഷ സമുദായംഗങ്ങള്‍ ധാരാളമുണ്ട്. അവരുടെകൂടി പിന്തുണയും സംരക്ഷണവും നഷ്ടപ്പെടുത്തുന്ന വിധത്തിലായിരിക്കരുത് ന്യൂനപക്ഷങ്ങളുടെ നയപരിപാടികള്‍. സര്‍വശക്തന്‍ നമ്മുടെ രാജ്യത്തെ ഫാസിസ്റ്റുകളില്‍ നിന്നും സംരക്ഷിക്കുകയും രാജ്യത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്തി അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം.