അന്ത്യനാള്‍: ക്വുര്‍ആനിലും ശാസ്ത്രത്തിലും

ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി

2019 ആഗസ്ത് 24 1440 ദുല്‍ഹിജ്ജ 22
ആവര്‍ത്തിക്കപ്പെടുന്ന ഉരുള്‍പൊട്ടലുകളും ഭൂകമ്പങ്ങളും... നിരന്തരമായ പ്രളയങ്ങളും പേമാരികളും... അന്ത്യനാളിനോടനുബന്ധിച്ച് പ്രവാചകന്‍ സൂചന നല്‍കിയ ഒട്ടുമിക്ക അടയാളങ്ങളും പുലര്‍ന്നു കഴിഞ്ഞു. പ്രപഞ്ചത്തിന് അവസാനമുണ്ടെന്ന ദൈവിക പ്രഖ്യാപനത്തെ പരിഹസിച്ചവര്‍ പോലും അക്കാര്യത്തെ അംഗീകരിച്ചു കഴിഞ്ഞു. ലോകാവസാനത്തെ കുറിച്ചുള്ള പ്രവാചകാധ്യാപനങ്ങള്‍ എന്തെല്ലാമാണ്? അതില്‍ ശാസ്ത്രവും ചരിത്രവും രേഖപ്പെടുത്തിയത് ഏതെല്ലാമാണ്? വസ്തുനിഷ്ഠമായ പഠനം.

ഈ പ്രപഞ്ചത്തിന് ഒരു അന്ത്യമുണ്ടോ?

ഏറെക്കുറെ എല്ലാ മതങ്ങളും ലോകത്തിന് ഒരു അന്ത്യമുണ്ട് എന്ന് അംഗീകരിക്കുന്നുണ്ട്. ശാസ്ത്രവും ഈ കാര്യം അംഗീകരിക്കുന്നുണ്ട്. അത് എങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. ലോകത്തിന് ഒരു അന്ത്യമുണ്ട് എന്ന് ഇസ്‌ലാം വ്യക്തമായി തന്നെ പറയുന്നു. അത് പിന്നീട് ചര്‍ച്ച ചെയ്യാം.

ശാസ്ത്രം പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ച് എന്ത് പറയുന്നു? രണ്ട് നിഗമനങ്ങളാണ് ഇക്കാര്യത്തില്‍ ശാസ്ത്രത്തിനുള്ളത്.

1. Physical cosmology അഥവാ ഭൗതിക പ്രപഞ്ചശാസ്ത്ര പ്രകാരം ഇന്ത്യന്‍ ശാസ്ത്രജ്ഞരായ ഡോ.ജയന്ത്.വി.നര്‍ളിക്കര്‍ (1938ല്‍ ജനിച്ചു) അവതരിപ്പിച്ച ഒരു സിദ്ധാന്തമാണ്സ്ഥിരാവസ്ഥാ സിദ്ധാന്തം (Quasi steady state theory). മില്യന്‍ കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പ്രപഞ്ചത്തിന്റെ വികാസം (Expanding) തിരിച്ച് വരും. അങ്ങനെ വീണ്ടും ഒരു ആദിമ പിണ്ഡമായി വീണ്ടും മഹാ വിസ്‌ഫോടനം ഉണ്ടാകും എന്നാണ് ഈ സിദ്ധാന്തത്തിലൂെട അദ്ദേഹം അവതരിപ്പിച്ചത്.

2. പ്രപഞ്ച വികാസം ഇനിയും 500 കോടി വര്‍ഷം തുടരും. അപ്പോഴേക്കും താപനില കുറഞ്ഞ് കുറഞ്ഞ് പ്രപഞ്ചം മരവിച്ചു പോകും. ചലനം നില്‍ക്കും. സൂര്യന് ചുറ്റുമുള്ള പ്രപഞ്ചത്തില്‍ സമയം പോലും നിശ്ചലമാകും. ഈ നിഗമനത്തിന് Big freeze (വമ്പിച്ച മരവിപ്പ്) അല്ലെങ്കില്‍ Big crunch(വന്‍തകര്‍ച്ച) എന്നാണ് പറയുന്നത്.

പ്രപഞ്ചത്തിന് ഒരു അന്ത്യമുണ്ട് എന്ന് ശാസ്ത്രവും സമ്മതിക്കുന്നു എന്നര്‍ഥം. എന്നാല്‍ അതില്‍ നിന്ന് വളരെ വിഭിന്നമായ ഒരു ലോകാവസാനമാണ് ക്വുര്‍ആനും പ്രവാചകവചനങ്ങളും (ഹദീഥുകള്‍) മനസ്സിലാക്കിത്തരുന്നത്. ഈ വിഷയം നമുക്ക് ചര്‍ച്ച ചെയ്യാം.

അന്ത്യനാളിന്റെ തീയതിയും സമയവും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയില്ല. അല്ലാഹു ആര്‍ക്കും അത് അറിയിച്ച് കൊടുത്തിട്ടുമില്ല. അല്ലാഹു പറയുന്നു:

''അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. പക്ഷേ, അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല'' (ക്വുര്‍ആന്‍ 7:187).

അന്ത്യനാളിനോടടുത്ത് ഇനി സംഭവിക്കാനുള്ളവ

ഇനി സംഭവിക്കാനുള്ളവയില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍:

ജൂതവിമോചകനായി മസീഹുദ്ദജ്ജാല്‍ എന്ന നാശകാരി മക്കയും മദീനയും ഒഴിച്ചുള്ള നാടുകളിലെല്ലാം സഞ്ചരിക്കും. താന്‍ മസീഹ് ഈസാ(അ) ആണെന്ന് വ്യാജമായി വാദിക്കുന്നവന്‍ എന്നതിന് അറബിയില്‍ പറയുന്ന പദമാണ് മസീഹുദ്ദജ്ജാല്‍ എന്നത്. അവന്‍ മുടി ജഡകുത്തിയ യുവാവാണ്. വലങ്കണ്ണിന് കാഴ്ചയുണ്ടാവില്ല. പല വിക്രിയകളും അവന്‍ കാണിക്കും. അത് കാണാന്‍ പോകരുത്. കാരണം അവന്‍ കറാമത്തുള്ള ദിവ്യനാണെന്ന് തെറ്റിദ്ധരിച്ച് പോകും. അവനെ കണ്ടുമുട്ടിയാല്‍ സൂറതുല്‍ കഹ്ഫിലെ ആദ്യത്തെ പത്ത് വചനങ്ങള്‍ വിശ്വാസപൂര്‍വം ഓതുക എന്നതാണ് അവനില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം.

എഴുപതിനായിരം ജൂതന്മാര്‍ ഉള്‍പ്പെടുന്ന ഒരു സൈന്യവുമായിട്ടാണ് അവന്‍ മുന്നേറുക. അങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കെ, സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ പള്ളിയില്‍ മഹ്ദി എന്ന് സ്ഥാനപ്പേരുള്ള നീതിമാനും മഹാനുമായ ഭരണാധികാരി സ്വുബ്ഹി നമസ്‌കാരത്തിന് നേതൃത്വം കൊടുക്കും. അപ്പോള്‍ രണ്ട് മലക്കുകളുടെ ചിറകില്‍ കൈ വെച്ച്‌കൊണ്ട്, രണ്ട് നിറത്തിലുള്ള വസ്ത്രം ധരിച്ച നിലയില്‍ ആ പള്ളിയുടെ വെള്ള മിനാരത്തിനരികിലൂടെ ഈസാ(അ) ഭൂമിയില്‍ ഇറങ്ങി വരുമെന്ന് നബി ﷺ  മദീന പള്ളിയില്‍ വെച്ച് പ്രവചിച്ചു. (ഈ പള്ളി 2011 ന് മുമ്പ് 3 പ്രാവശ്യം ഞാന്‍ ടൂര്‍ ഗൈഡ് എന്ന നിലക്ക് സന്ദര്‍ശിച്ചിട്ടുണ്ട്).

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അദ്ദേഹം (ഈസബ്‌നുമര്‍യം) അന്ത്യസമയത്തിനുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) നിങ്ങള്‍ സംശയിച്ച് പോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക, ഇതാകുന്നു നേരിന്റെ പാത.'' (ക്വുര്‍ആന്‍ 43:61).

സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ മസ്ജിദുല്‍ ഉമവി എന്ന പള്ളിയിലെ 'മനാറതുഈസാ' എന്ന 'ഈസാ നബിയുടെ മിനാരം''ആണ് ഇവിടെ സൂചിപ്പിക്കുന്നത് എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. മാത്രമല്ല, പള്ളികള്‍ക്ക് മിനാരങ്ങള്‍ പോലും ഉണ്ടാക്കിത്തുടങ്ങിയത് ഉമവിയാ ഭരണകാലത്താണ്. മഹ്ദിയുടെ നേതൃത്വത്തില്‍ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടാല്‍ ഈസാ(അ) മസീഹുദ്ദജ്ജാലിനെ പിടികൂടാന്‍ അവനെ പിന്തുടരും. അവന്‍ തനിക്ക് സുരക്ഷിതമാണ് എന്ന് തോന്നുന്ന ലുദ്ദ് നഗരത്തിന്റെ കവാടത്തില്‍ എത്തുമ്പോള്‍ അവനെ ഈസാ(അ) പിടികൂടി കൊന്നു കളയും. ജൂത രാഷ്ട്രമായ ഇസ്‌റാഈല്‍ 1948ല്‍ സ്ഥാപിതമായപ്പോള്‍ അവര്‍ ഉണ്ടാക്കിയ ബെന്‍ഗുറിയന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പുറത്ത് നിന്ന് എത്താനുള്ള കവാടമാണ്. അഥവാ ബാബിലുദ്ദ് (ലുദ്ദിന്റെ കവാടം) അതായിരിക്കാനാണ് സാധ്യത. ജറൂസലമില്‍ നിന്നും ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍ അവീവ് നഗരത്തിലേക്ക് പോകുന്ന നാഷണല്‍ ഹൈവേയില്‍ ടെല്‍ അവീവിന്റെ 15 കിലോമീറ്റര്‍ മുമ്പ് കാണുന്ന സ്ഥലമാണത്.

പിന്നീട് ഈസാ(അ) ഭരണം തുടങ്ങും. അപ്പോള്‍ മംഗോളിയ താര്‍ത്താരി വര്‍ഗക്കാരായ ജനങ്ങളില്‍പെട്ട യഅ്ജൂജ് മഅ്ജൂജുകാരായ ലക്ഷക്കണക്കിന് പേര്‍ ആര്‍ത്തലച്ച് വന്ന്, സോവിയറ്റ് ജോര്‍ജിയായുടെ വടക്ക് ഭാഗത്തുള്ള കാക്കസ് പര്‍വത നിരയിലെ ദാരിയാല്‍ മലയിടുക്കില്‍ ദുല്‍ഖര്‍നൈനി കെട്ടിയ ഇരുമ്പ് മതില്‍ തകര്‍ത്ത് മുന്നേറി ഈസാ(അ)യെ തടവിലാക്കി ഉപരോധം തുടരും. ഈസാ(അ) വളരെ കഷ്ടപ്പെടുമ്പോള്‍ അല്ലാഹു യഅ്ജൂജ് വര്‍ഗക്കാരുടെ കഴുത്തുകളില്‍ ഒരു തരം രോഗം ബാധിപ്പിച്ച് അവരെ കൂട്ടത്തോടെ മരിപ്പിക്കും. ഈസാ(അ) തടവില്‍ നിന്ന് പുറത്ത് വരും. ഒട്ടകത്തിന്റെത് പോലെ കഴുത്തുള്ളവ (കഴുകന്മാര്‍ ആയിരിക്കാം) ആ ശവങ്ങള്‍ കൊത്തിത്തിന്നും. പിന്നീട് ഭൂമിയെ ശുദ്ധീകരിക്കുന്ന ഒരു മഴ പെയ്യും. ഈസാ(അ)യുടെ ഭരണം ഏഴ് വര്‍ഷം തുടരും. നികുതികള്‍ ഇല്ലാതാകും. യേശു കുരിശില്‍ തറക്കപ്പെട്ടു എന്ന വിശ്വാസത്തിന്റ പേരില്‍ നാട്ടിയതാണല്ലോ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലെ കുരിശുകള്‍. അത് തെറ്റാണ് എന്ന് കാണിച്ചു കൊടുക്കാന്‍ കുരിശുകള്‍ തകര്‍ക്കും. ഈസാ(അ)യുടെ അനുയായികളും വിശ്വാസികളുമാണ് എന്ന് പറയുന്നവരാണല്ലോ ലോകത്ത് പന്നിമാംസം കഴിക്കുന്നവര്‍. താന്‍ പന്നിമാംസം കഴിക്കുന്നതിന് എതിരാണ് എന്ന് കാണിക്കാന്‍ ഏതാനും പന്നികളെയെങ്കിലും കൊല്ലും.

ഏഴ് വര്‍ഷം ഈസാ(അ) ഭരണം തുടരുമ്പോള്‍ ശാമിന്റെ ഭാഗത്ത് നിന്ന് സുഗന്ധം നിറഞ്ഞ ഒരു കാറ്റടിക്കും. അതില്‍ സത്യവിശ്വാസം അല്‍പമെങ്കിലും ഉള്ളവരെല്ലാം ശാന്തമായി മരണപ്പെടും. പിന്നീട് ദുഷ്ടര്‍ മാത്രമെ ലോകത്ത് ബാക്കിയുണ്ടാവുകയുള്ളൂ.

സംസാരിക്കുന്ന ജന്തു പുറപ്പെടല്‍

അല്ലാഹു പറയുന്നു: ''ആ വാക്ക് അവരുടെ മേല്‍ വന്ന് ഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടിവിക്കും. മനുഷ്യന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത് അവരോട് സംസാരിക്കുന്നതാണ്.'' (ക്വുര്‍ആന്‍ 27:82).

സൂര്യന്‍ പടിഞ്ഞാറുദിക്കല്‍

ഇപ്പോള്‍ ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് തിരിയുന്നത്. ഇനി അന്ത്യനാളിന്റെ മുമ്പായി (ഭൂമിയെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് തിരിച്ചാല്‍) സൂര്യന്‍ പടിഞ്ഞാറുദിക്കും. അത് കാണുമ്പോള്‍ ദൈവിക സത്യം ബോധ്യപ്പെടുന്ന അനേകം ആളുകള്‍ ഉണ്ടാകും. പക്ഷേ, സൂര്യന്‍ പടിഞ്ഞാറുദിക്കുന്നത് കണ്ട് വിശ്വസിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞു കൊണ്ട് നബി ﷺ  ക്വുര്‍ആനിലെ ആറാം അധ്യായമായ അല്‍അന്‍ആമിലെ 158ാം വചനം ഓതി:

''തങ്ങളുടെയടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്റെ രക്ഷിതാവ് തന്നെ വരുന്നതോ അല്ലാതെ മറ്റെന്താണ് അവര്‍ കാത്തിരിക്കുന്നത്? നിങ്ങളുടെ രക്ഷിതാവിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ വിശ്വാസത്തോട് കൂടി വല്ല നന്മയും ചെയ്ത് വെക്കുകയോ ചെയ്തിട്ടില്ലാത്തയൊരാള്‍ക്കും തന്റെ വിശ്വാസം പ്രയോജനപ്പെടുകയില്ല. പറയുക. നിങ്ങള്‍ കാത്തിരിക്കുക. ഞങ്ങളും കാത്തിരിക്കുകയാണ്.'''

സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുന്നതോടെ മനുഷ്യവര്‍ഗത്തിന്ന് പശ്ചാതപിച്ച് മടങ്ങാനുള്ള അവസാന സമയം കഴിയും. അതിനാല്‍ അത് കണ്ട് വിശ്വസിച്ചിട്ട് യാതൊരു കാര്യവുമില്ല. ആ വിശ്വാസം സ്വീകരിക്കപ്പെടുകയില്ല. (സ്വഹീഹ് മുസ്‌ലിം-വിവിധ വിഷയങ്ങള്‍ എന്ന അധ്യായം).

മുസ്‌ലിം-ജൂത യുദ്ധം

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''മുസ്‌ലിംകള്‍ ജൂതന്മാരുമായി യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാള്‍ വന്നെത്തുകയില്ല. അങ്ങനെ ജൂതന്‍ കല്ലിന്റെയും മരത്തിന്റെയും പിന്നില്‍ ഒളിച്ചിരിക്കുകയും ആ കല്ലും മരവും (ഇപ്രകാരം) പറയുകയും ചെയ്യും: 'ഓ... മുസ്‌ലിം! ഇതാ ജൂതന്‍ എന്റെ പിന്നില്‍. വരൂ, അവനെ കൊല്ലൂ.' ഗര്‍ഖദ് മരം ഒഴികെ. കാരണം അത് ജൂതന്മാരുടെ വൃക്ഷമാവുന്നു'' (ബുഖാരി, മുസ്‌ലിം).

(Gharqad എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ആ മരം കാണാം).

ഇസ്‌റായീലില്‍ ടെല്‍അവീവിനോട് ചേര്‍ന്ന് യാഫാ ബീച്ചിനടുത്ത് ഇസ്‌റായീലീ സര്‍ക്കാര്‍ വെച്ചുപിടിപ്പിച്ചതും ഇസ്രായീലിലെ നേഗേവ് മരുഭൂമിയില്‍ വെറുതെ വളര്‍ന്നുണ്ടാവുന്നതുമായ ഗര്‍ഖദ് മരം കാണാം.

''മദീനാ നഗരം കാടുപിടിക്കും'' (ബുഖാരി, മുസ്‌ലിം).

സ്വര്‍ണത്തിന്റെ സക്കാതുമായി ചുറ്റിനടന്നാല്‍ പോലും അത് സ്വീകരിക്കാന്‍ ആളുണ്ടാകില്ല. സ്ത്രീകളുടെ എണ്ണം വര്‍ധിക്കും. പുരുഷന്മാരെക്കാളും 40 ഇരട്ടിയായി സ്ത്രീകളുടെ എണ്ണം കൂടും.

യൂഫ്രട്ടീസ് നദിയില്‍ ഒരു സ്വര്‍ണ പര്‍വതം പ്രത്യക്ഷപ്പെടും. അത് ഉടമപ്പെടുത്താന്‍ വേണ്ടി യുദ്ധം ചെയ്യുന്ന സൈന്യത്തിലെ 99 ശതമാനം പേരും മരിക്കും.

എത്യോപ്യയില്‍ നിന്ന് ദുസ്സുവയ്ഖതൈന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ വന്ന് കഅ്ബ പൊളിക്കും.

കഅ്ബയിലെ നിധി അവര്‍ എടുത്ത് കൊണ്ട് പോകുമെന്ന് നബി ﷺ പറഞ്ഞു. (ഒരു പക്ഷേ, കഅ്ബയുടെ സ്വര്‍ണവാതില്‍ എടുത്ത് കൊണ്ട് പോകുമായിരിക്കാം. അല്ലാഹുവിന്നറിയാം).

യമനിലെ ഹളറമൗത്ത് പ്രദേശത്ത് ഒരു അഗ്നിപര്‍വതം പ്രത്യക്ഷപ്പെടും. ജനങ്ങള്‍ പടിഞ്ഞാറന്‍ യമനിലേക്ക് പലായനം ചെയ്യും. ഭൂമിയില്‍ ഗര്‍ത്തങ്ങള്‍ പ്രത്യക്ഷപ്പെടും. കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും അറേബ്യന്‍ അര്‍ധദ്വീപിലും (മുസ്‌ലിം).

അന്ത്യനാള്‍ സംഭവിക്കുന്നു

മുന്നറിയിപ്പ് നല്‍കിയിട്ടും മനുഷ്യര്‍ പിന്നീട് അശ്രദ്ധരായി ലോകത്ത് ജീവിക്കും. അതിനിടയിലാണ് ഇസ്‌റാഫീല്‍(അ) എന്ന മലക്കിനോട് അന്ത്യനാളിന്റെ കാഹളം മുഴക്കാന്‍ കല്‍പിക്കുക.

നബി ﷺ  പറഞ്ഞു: ''രണ്ട് പേര്‍ വസ്ത്രം (വാങ്ങാന്‍ വേണ്ടി) ചുരുളഴിച്ച് പിടിച്ചിരിക്കെ അന്ത്യനാള്‍ സംഭവിക്കുന്നു. അപ്പോള്‍ അത് മടക്കി വെക്കാനോ കച്ചവടം ചെയ്യാനോ അവര്‍ക്ക് കഴിയില്ല. ഒരാള്‍ ഒട്ടകത്തെ കറന്ന് പാലുമായി വരവെ അന്ത്യനാള്‍ വരുന്നു. അത് കുടിക്കാന്‍ അവന് സാധിക്കില്ല (അതിന് മുമ്പ് അന്ത്യദിനം വന്നെത്തും). ഒട്ടകത്തിനായി കുഴിയില്‍ വെള്ളം നിറച്ചുകൊണ്ടിരിക്കെ അന്ത്യനാള്‍ സംഭവിക്കുന്നു. അത് (തന്റെ മൃഗത്തിന്) കുടിപ്പിക്കാന്‍ അവന് അവസരം കിട്ടുകയില്ല. ഉരുള വായിലേക്കെത്തിക്കൊണ്ടിരിക്കെ (അന്ത്യനാളിന്റെ സൂചനയൊന്നുമില്ല) അത് വായില്‍ എത്തി ഭക്ഷിക്കുന്നതിന് മുമ്പ് അന്ത്യനാള്‍ സംഭവിക്കും. അഥവാ തൊട്ട് മുമ്പത്തെ സെക്കന്റില്‍ പോലും അന്ത്യനാളിനെപ്പറ്റി ഒരു സൂചനയും ഉണ്ടാവില്ല.'' (21-ാം അധ്യായം സൂറത്തുല്‍ അമ്പിയാഅ് 40)

''വളരെപ്പെട്ടെന്നാണത് സംഭവിക്കുന്നത്. തട്ടിനീക്കാന്‍ സാധിക്കാത്ത വിധം അതവരെ പിടികൂടുന്നു. ഒരു നിമിഷ നേരത്തേക്കെങ്കിലും (അവര്‍ക്ക്) അവധി ലഭിക്കുകയില്ല'' (ക്വുര്‍ആന്‍ 21:40).

''അപ്പോള്‍ യാതൊരു വസ്വിയ്യത്തും നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല'' (ക്വുര്‍ആന്‍ 36:50).

കണ്ണടച്ച് തുറക്കുന്നതിനെക്കാള്‍ വേഗത്തിലാണ് അന്ത്യസമയം സംഭവിക്കുക. പക്ഷേ, അത് തുടങ്ങിയാല്‍ വളരെപ്പെട്ടെന്ന് അവസാനിക്കുകയുമില്ല. ഭയാനകമായ ഒരു ഘോരശബ്ദദമാണ് ആദ്യം സംഭവിക്കുക. അതോടെ ഭൂമിക്ക് എന്ത് സംഭവിക്കുമെന്ന് 22-ാം അധ്യായം സൂറതുല്‍ ഹജ്ജ് 1,2 വചനങ്ങളില്‍ പറയുന്നു:

''മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും അന്ത്യസമയത്തെ പ്രകമ്പനം ഭയാനകമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോവും. ഗര്‍ഭവതിയായ എല്ലാ സ്ത്രീകളും തന്റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചുപോകും. ജനങ്ങളെ ലഹരി പിടിച്ചവരായി നിനക്ക് കാണാം.  യഥാര്‍ഥത്തില്‍ അവര്‍ ലഹരി ബാധിച്ചവരല്ല. പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ കഠിനമാകുന്നു.'''

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം ചൈനയിലെ ഷെന്‍സി പ്രവിശ്യയില്‍ 1556ല്‍ ഉണ്ടായ എട്ട് ലക്ഷത്തി മുപ്പതിനായിരം ആളുകള്‍ മരണപ്പെട്ട ഭൂകമ്പമാണ്. എന്നാല്‍ അന്ത്യനാളിലെ ഭൂകമ്പം സങ്കല്‍പിക്കാന്‍ കഴിയാത്തവിധം അതിഭയാനകമായിരിക്കും. പര്‍വതങ്ങള്‍ പോലും ഭൂകമ്പത്തെ തുടര്‍ന്ന് വിറച്ച് പൊടിയാക്കപ്പെടും.

''പര്‍വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും; അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും'' (ക്വുര്‍ആന്‍ 56:5,6).

9 കിലോമീറ്റര്‍ വരെ ഉയരമുള്ള ഹിമാലയത്തിലെ പര്‍വതങ്ങളും എവറസ്റ്റ് കൊടുമുടിയുമൊക്കെ ഏറ്റവും ഉയരം കൂടിയവയാണ്. എന്നാല്‍ അന്ത്യനാളില്‍ ഇവയെന്നല്ല എല്ലാ പര്‍വതങ്ങളും പാറിപ്പറന്ന് ധൂളികളായിമാറും.

''പര്‍വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും'' (ക്വുര്‍ആന്‍ 78:20).

2004 ഡിസംബര്‍ 26ന് ഇന്തോനേഷ്യയിലെ സുമാത്രാ ദീപിന് സമീപം കടലിനടിയില്‍ ഉണ്ടായ ചെറിയ ഒരു ഭൂകമ്പം കാരണം ആഞ്ഞടിച്ച വമ്പന്‍ തിരമാലകള്‍ സുനാമിയായി അയ്യായിരം കിലോമീറ്റര്‍ ദൂരം വരെ എത്തി. രണ്ട് ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ആളുകള്‍ മരണപ്പെട്ടു.

അന്ത്യസമയത്തുള്ള ഭൂകമ്പത്തിലും ഭയാനകമായ തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിച്ച് കയറും:

''സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍''(ക്വുര്‍ആന്‍ 82:3).

2004ലെ സുനാമിയിലും ജപ്പാന്‍ സുനാമിയിലും കടലില്‍ തീ ആളിപ്പടരല്‍ സംഭവിച്ചിരുന്നു. അന്ത്യനാളിലും കടലുകള്‍ക്ക് തീ പിടിക്കുമെന്ന് ക്വുര്‍ആന്‍ 81:6ല്‍ പറയുന്നു:

''സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍.''

''വന്യമൃഗങ്ങള്‍ (ശത്രുത മറന്ന്) ഒരുമിച്ച് കൂട്ടപ്പെടുമ്പോള്‍'''(ക്വുര്‍ആന്‍ 81:5).

കരയും പര്‍വതങ്ങളും ഇടിഞ്ഞുനികന്ന് മഹാസമുദ്രങ്ങള്‍ നിലനിന്നിരുന്ന വന്‍കുഴികളില്‍ നിറയുന്നതോടെ ഭൂമി നിരപ്പായി മാറുമെന്ന് 20ാം അധ്യായം 106ാം വചനത്തില്‍ പറയുന്നു:

''എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്. ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല.'''

ചന്ദ്രനില്‍ പോയാല്‍ രക്ഷയുണ്ടാകുമോ?

ഒരിക്കലുമില്ല!

സൂര്യനും ചന്ദ്രനും തമ്മില്‍ ഒരുമിച്ച് കൂടും'(ക്വുര്‍ആന്‍ 75:9).

സൂര്യന്‍ ഒരു സാധാരണ നക്ഷത്രമാണ്. അത് പോലും ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടി വലുപ്പമുള്ളതും തുടര്‍ച്ചയായി ആറ്റം ഹൈഡ്രജന്‍ ബോംബ് വിസ്‌ഫോടനങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നതുമായ വന്‍ നിലയവുമാണ്. അത്തരം ശതകോടിക്കണക്കിന് നക്ഷത്രങ്ങളുണ്ട്. സൂര്യന്റെ കോടിക്കണക്കിന് ഇരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളും ഉണ്ട്. ഗുരുത്വാകര്‍ഷണം നഷ്ടപ്പെടുന്നതോടെ ഗ്രഹങ്ങളും നക്ഷത്രങ്ങളും സ്ഥാനം തെറ്റിത്തെറിക്കും.

''നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍'' (81:2).

ആകാശം തീപിടിച്ച അവസ്ഥയില്‍ കാണപ്പെടും. ചുകന്ന തോല്‍ പോലെ തുടുത്ത ആകാശം!

''ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!'' (ക്വുര്‍ആന്‍ 70:8).

ഭയാനകമായ അഗ്നി പര്‍വത വിസ്‌ഫോടനമോ, ഉല്‍ക്കകള്‍ എയ്ത് വിടുന്ന ഷൂട്ടിംഗ് സ്റ്റാറുകളോ ഏത് വിധത്തിലായാലും ആകാശത്ത് നിന്ന് ഭൂമിയിലേക്ക് തീയുണ്ടകള്‍ പതിക്കും.

''നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല'' (ക്വുര്‍ആന്‍ 55:35).

പ്രപഞ്ച പരിധികള്‍ക്കപ്പുറത്തേക്ക് പറന്ന് രക്ഷപ്പെടാന്‍ കഴിയുമോ? അല്ലാഹുവിന്റെ പ്രത്യേക സഹായം കൊണ്ടല്ലാതെ മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും ഭൂമിയില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കുകയില്ലെന്ന് ക്വുര്‍ആന്‍ പറയുന്നു:

''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല'' (55:33).

ഭൂമിയിലുള്ള സര്‍വ്വ ജീവജാലങ്ങളും നശിച്ച ശ്മശാനമൂകത.    

ഉന്നതനും മഹത്വമുള്ളവനുമായ അല്ലാഹു മാത്രം ബാക്കിയാവുന്നു.

''അവിടെ(ഭൂമുഖത്ത്)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു. മഹത്ത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്'' (ക്വുര്‍ആന്‍ 55: 26,27).

ഭൂമിയുടെ ഗോളാകൃതി മാറ്റി പരന്ന ഭൂമിയാക്കുമെന്ന് നബി ﷺ  പറഞ്ഞതായി കാണാം.

''ഭൂമി നീട്ടപ്പെടുമ്പോള്‍'' (ക്വുര്‍ആന്‍ 84:3).

''ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം'' (ക്വുര്‍ആന്‍ 14:48).

ഭൂമിയും ആകാശങ്ങളും ആകൃതി മാറ്റപ്പെടും. പതിനായിരം കോടി നക്ഷത്രങ്ങള്‍ ചേര്‍ന്ന് നമ്മുടെ മില്‍ക്കിവെ ഗ്യാലക്‌സിയും അങ്ങനെ ശതകോടി ഗ്യാലക്‌സികളുമെല്ലാം അടിമുടി ഉടച്ച് വാര്‍ക്കുന്ന ഭയാനക സംഭവമാണ് അന്ത്യനാള്‍. അതോടു കൂടെ അന്ത്യനാള്‍ അവസാനിക്കുന്നു. ആ നിശ്ശബ്ദതയില്‍ അല്ലാഹുവിന്റെ ചോദ്യം പ്രപഞ്ചം മുഴുവന്‍ മാറ്റൊലി കൊള്ളും.

''ആര്‍ക്കാണ് ഇന്നത്തെ ഉടമാധികാരം?'' (40:16).

ഉത്തരം പറയാന്‍ ആരുമില്ല. അല്ലാഹു തന്നെ മറുപടി പറയും: 'എല്ലാത്തിനെയും അടക്കി ഭരിക്കുന്ന ഏകനായ അല്ലാഹുവിന്ന് മാത്രം'(40:16).

അന്ത്യനാളിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്് നാളിന്റെയും ഇടയില്‍ '40 ഉണ്ട്' എന്ന് നബി ﷺ  പറഞ്ഞു. നാല്‍പത്ത് ദിവസമോ നാല്‍പത് വര്‍ഷമോ എന്നൊന്നും പറഞ്ഞിട്ടില്ല. പിന്നീട് ഭൂഗോളം മുഴുവന്‍ പരക്കുന്ന ഒരു മഴപെയ്യിക്കും. ആ മഴയില്‍ ജീവനുകള്‍ കിളിര്‍ക്കും. (തുടരും)