വിശുദ്ധ ക്വുര്‍ആന്‍: ദൈവികം, കാലികം

ഉസ്മാന്‍ പാലക്കാഴി

2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10
ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗദര്‍ശനമായിക്കൊണ്ടാണ് ക്വുര്‍ആന്‍ അവതീര്‍ണമായത്. അതുകൊണ്ട് തന്നെ അത് എല്ലാ കാലത്തും പ്രസക്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മാറിവരുന്ന ജീവിതസാഹചര്യങ്ങളിലും ക്വുര്‍ആന്‍ വഴിനടത്തുന്നു എന്നതിന് ജനലക്ഷങ്ങള്‍ സാക്ഷിയാണ്; കാരണം അത് ദൈവത്തിങ്കല്‍ നിന്നുള്ളതാണ്.

മനുഷ്യരാശിയെ സന്‍മാര്‍ഗത്തിലേക്ക് നയിക്കുവാനും പാരത്രിക വിജയത്തിന്റെ പാത ലോകത്തിന് പഠിപ്പിച്ചുകൊടുക്കുവാനുമായി പ്രപഞ്ച സ്രഷ്ടാവ് കാലാകാലങ്ങളായി അയച്ചുകൊണ്ടിരുന്ന ദുതന്‍മാരുടെ പരമ്പര അവസാനിക്കുന്നത് മുഹമ്മദ് നബി ﷺ യോടു കൂടിയാണ്. ദൈവിക മാര്‍ഗദര്‍ശനത്തിന്റെ ഏറ്റവും പൂര്‍ണമായ രൂപം മുഹമ്മദ് നബി ﷺ യിലൂടെ ലോകര്‍ക്ക് നല്‍കപ്പെട്ടു. ഇനി മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി ഒരു ദൂതനും വരാനില്ല, വിശുദ്ധ ക്വുര്‍ആന്‍ അന്തിമ വേദഗ്രന്ഥമാണ്; മറ്റൊരു വേദഗ്രന്ഥം ഇനി അവതരിക്കാനുമില്ല എന്ന അടിസ്ഥാനപരവും സുപ്രധാനവുമായ അധ്യാപനം കൂടി മുഹമ്മദ് നബി ﷺ യിലൂടെ നല്‍കപ്പെട്ടിരിക്കുന്നു.

ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ അപരിഷ്‌കൃതരായ ജനസഞ്ചയത്തെ സംസ്‌കൃതചിത്തരും ഉല്‍കൃഷ്ട സ്വഭാവത്തിന്റെയും എല്ലാ മാനവിക ഗുണങ്ങളുടെയും വക്താക്കളുമാക്കി മാറ്റിയ വിശുദ്ധ ക്വുര്‍ആന്‍ അന്നുമുതല്‍ ഇന്നുവരെയുള്ള അതിന്റെ ജൈത്രയാത്രയില്‍ തളര്‍ന്നു പോയിട്ടില്ല. ലോകത്തിന്റെ മുക്കുമൂലകളില്‍ അത് എത്തിച്ചേര്‍ന്നു. അതിന്റെ വെളിച്ചം അറിവിന്റെയും അന്വേഷണങ്ങളുടെയും പഠനത്തിന്റെയും വിവിധ മേഖലകളിലേക്ക് ജനങ്ങളെ നയിച്ചു. അധര്‍മത്തിന്റെയും ദൈവനിരാസത്തിന്റെയും ബഹുദൈവവാദത്തിന്റെയും അക്രമത്തിന്റെയും ഇരുട്ടുകളില്‍നിന്ന് ക്വുര്‍ആന്‍ മനുഷ്യരെ മോചിപ്പിച്ചുകൊണ്ടിരുന്നു.

ക്വുര്‍ആനിന്റെ വെളിച്ചത്തെ ഊതിക്കെടുത്താനുള്ള ശ്രമം പ്രവാചകന്റെ കാലം മുതല്‍ തുടങ്ങിയതാണ്. ഇന്നും ആ ശ്രമം ലോക വ്യാപകമായി നടന്നുവരുന്നുണ്ട്. ആധുനിക വിവരസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇന്നത്തെ എതിരാളികള്‍ ക്വുര്‍ആന്‍ വിമര്‍ശനം നടത്തുന്നത് എന്ന വ്യത്യാസം മാത്രമേയുള്ളൂ.

ലോകത്ത് ധാരാളം മതങ്ങള്‍ നിലവിലുണ്ട്. വേദഗ്രന്ഥമുള്ളവയും ഇല്ലാത്തവയും അതിലുണ്ട്. ഒട്ടനേകം പ്രത്യയശാസ്ത്രങ്ങളും ചിന്താധാരകളും ദാര്‍ശനിക-സാഹിത്യ ഗ്രന്ഥങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്; ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍ ക്വുര്‍ആനിനെ പോലെ വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇരയായ മറ്റൊരു ഗ്രന്ഥവും ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല. ക്വുര്‍ആനിനെ പോലെ ജനകോടികള്‍ ജീവിതമാര്‍ഗദര്‍ശനമായി നെഞ്ചോടു ചേര്‍ത്ത മറ്റൊരു ഗ്രന്ഥവും കാണുവാന്‍ സാധ്യമല്ല.

എന്തുകൊണ്ട് ക്വുര്‍ആന്‍?

ക്വുര്‍ആന്‍ തികച്ചും ദൈവപ്രോക്ത ഗ്രന്ഥമാണ്. ഈ സവിശേഷത മറ്റൊരു ഗ്രന്ഥത്തിനുമില്ല. അങ്ങനെ അവയൊന്നും അവകാശെപ്പടുന്നുമില്ല. ക്വുര്‍ആന്‍ തന്നെ പറയട്ടെ:

''തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു''(26:192).

''ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. അതല്ല, ഇത് അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? അല്ല, അത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു''(32:2,3).

കാലപ്പഴക്കത്താല്‍ നശിച്ചുപോകുന്ന, ആശയങ്ങള്‍ അപ്രസക്തമായിത്തീരുന്ന, കാലത്തിനനുസരിച്ച് ഭാഷയില്‍ മാറ്റം വരുന്നതിനാല്‍ വായിച്ച് ഗ്രഹിക്കാന്‍ സാധിക്കാത്ത ഗ്രന്ഥങ്ങളുണ്ട്. എന്നാല്‍ ക്വുര്‍ആന്‍ 1400 വര്‍ഷങ്ങള്‍ക്ക് ശേഷവും ആശയത്തിലും അക്ഷരത്തിലും മാറ്റം വരാതെ നിലനില്‍ക്കുന്നു. ലോകാവസാനം വരെയും നിലനില്‍ക്കുകയും ചെയ്യും. കാരണം അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട്.

''തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്'' (15:9).

അവതരണ രീതി

 വിശുദ്ധ ക്വുര്‍ആന്‍ ഒറ്റത്തവണയായി ഒരു ഗ്രന്ഥരൂപത്തിലല്ല അവതരിക്കപ്പെട്ടത്; 23 വര്‍ഷത്തിനിടയില്‍ അല്‍പാല്‍പമായാണ്.

''നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ക്വുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു'' (17:106).

''സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ക്വുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്...'' (25:32).

ഇങ്ങനെ അവതരിപ്പിച്ചതില്‍ മഹത്തായ യുക്തിയും ലക്ഷ്യവുമുണ്ട്. മനുഷ്യന്റെ സ്രഷ്ടാവായ അല്ലാഹുവിനാണല്ലോ മനുഷ്യനെക്കുറിച്ച് ഏറ്റവും നന്നായി അറിയുക. ദീര്‍ഘകാലമായി സമൂഹത്തില്‍ നിലനിന്നുവരുന്ന ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും അധാര്‍മികതകളും ഒറ്റയടിക്ക് നിര്‍ത്തലാക്കുക പ്രയാസകരമാണ്. ഘട്ടങ്ങളായി മാത്രമെ അവ നിര്‍ത്തല്‍ ചെയ്യാനാകൂ. ഇതിന് ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നല്‍കുന്നു.

ജനങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്കും അപ്പപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും തദവസരത്തില്‍തന്നെ പരിഹാരമുണ്ടാകുന്ന രീതിയില്‍ ദൈവിക സന്ദേശങ്ങള്‍ ലഭിക്കുന്നത് പ്രബോധിത ജനതയില്‍ കൂടുതല്‍ ഫലപ്രദമായ പരിവര്‍ത്തനങ്ങളുണ്ടാകുന്നതിന് നിമിത്തമാകും.

ഒറ്റ പ്രാവശ്യമായി അവതരിപ്പിക്കപ്പെടുന്ന പക്ഷം അതിലെ നിയമനിര്‍ദേശങ്ങളെല്ലാം ഉടനടി തന്നെ നടപ്പിലാക്കേണ്ടതായി വരും. അത് പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഘട്ടങ്ങളായുള്ള അവതരണം വഴി ഈ പ്രയാസം ഇല്ലാതാക്കുവാനും ക്രമേണ പൂര്‍ണമായി സംസ്‌കരിക്കപ്പെട്ട ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുവാനും സാധിക്കും.

നിരക്ഷരനായ നബി ﷺ ക്ക് ക്വുര്‍ആന്‍ പഠിക്കുവാനും മനഃപാഠമാക്കുവാനും ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നല്‍കുന്നു. മറവിയോ അബദ്ധങ്ങളോ ഇല്ലാതിരിക്കുന്നതിനും ഇത് അവസരമൊരുക്കുന്നു. അതുപോലെ പ്രവാചകന്റെ അനുയായികള്‍ക്ക് ക്വുര്‍ആന്‍ മനഃപാഠമാക്കുന്നതിനും അതിലെ വിഷയങ്ങള്‍ വ്യക്തമായി പഠിക്കുന്നതിനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിനും അല്‍പാല്‍പമായുള്ള അവതരണം വഴി സാധിക്കും.

വൈരുധ്യമുക്തമായ ഗ്രന്ഥം

ക്വുര്‍ആനിന്റെ സവിശേഷത അതില്‍ അനേകം വിഷയങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്. അതില്‍ ചരിത്രകഥനങ്ങളുണ്ട്. ഉദ്‌ബോധനങ്ങളും ഉപദേശങ്ങളുമുണ്ട്. താക്കീതുകളും സന്തോഷവാര്‍ത്തകളുമുണ്ട്. സ്വര്‍ഗ-നരക വിവരണങ്ങളുണ്ട്. ശാസ്ത്രസൂചനകളുണ്ട്... വ്യത്യസ്ത വിഷയങ്ങള്‍ ഇടകലര്‍ന്ന് വരുന്നുണ്ടെങ്കിലും അവതരണകാലവും സ്ഥലവും വ്യത്യസ്തമാണെങ്കിലും വൈരുധ്യം ക്വുര്‍ആനില്‍ കാണപ്പെടുന്നില്ല എന്നത് അതിന്റെ ദൈവികത വ്യക്തമാക്കുന്നു.

''അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു'' (4:82).

വിമര്‍ശകര്‍ ക്വുര്‍ആനില്‍ വൈരുധ്യങ്ങളുണ്ടെന്ന് സ്ഥാപിക്കാന്‍ കിണഞ്ഞ് ശ്രമിക്കാന്‍ തുടങ്ങിയിട്ട് കാലമേെറയായെങ്കിലും അതില്‍ വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. വൈരുധ്യം തെളിയിക്കാനായി അവര്‍ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ അവ ഒന്നുകില്‍  വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി തെറ്റിദ്ധരിപ്പിക്കലാണ്. അല്ലെങ്കില്‍ വ്യത്യസ്ത സംഭവങ്ങളെ ഒരേ സംഭവങ്ങളായി തെറ്റിദ്ധരിപ്പിക്കലാണ്. അതുമല്ലെങ്കില്‍ വിവരണങ്ങളെ കൃത്യമായി മനസ്സിലാക്കാതെയുള്ളതോ പദപ്രയോഗത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ളതോ ആയ വിമര്‍ശനം മാത്രമാണ്.

ദൈവിക ഗ്രന്ഥം

ക്വുര്‍ആനിന്റെ ദൈവികതയില്‍ സംശയിക്കുന്നവരെ ക്വുര്‍ആന്‍ തന്നെ വെല്ലുവിളിച്ചത് 1400ല്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

''അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപോലെയുള്ള പത്ത് അധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍'' (11:13).

''നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റെത് പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്)''(2:23).

''അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍'' (10:38).

ഈ വെല്ലുവിളികള്‍ക്കൊന്നും ലോകത്ത് എവിടെനിന്നും കൃത്യമായ പ്രത്യുത്തരമുണ്ടായിട്ടില്ല എന്നത് തന്നെ ക്വുര്‍ആനിന്റെ ദൈവികത വ്യക്തമാക്കുന്നു. മുന്ന് ചെറുസൂക്തങ്ങള്‍ മാത്രമുള്ള 'അല്‍കൗസര്‍' എന്ന അധ്യായത്തോട് കിടപിടിക്കുന്ന ഒന്ന് കൊണ്ടുവരാന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല. അറബി സാഹിത്യത്തില്‍ പ്രശസ്തരായ പലരും പ്രവാചകന്റെ കാലത്ത് തന്നെ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ചരിത്രമാണുള്ളത്.

ക്വുര്‍ആന്‍ വചനങ്ങളുടെ വിപുലവും വിശിഷ്ടവുമായ അര്‍ഥപുഷ്ടിയും ഹൃദയാവര്‍ജകമായ ശൈലിയും ഈടുറ്റ വാചകഘടനയും അക്ഷരങ്ങളുടെ താളാത്മകമായ ക്രമീകരണവുമെല്ലാം അനുകരിക്കാന്‍ കഴിയാത്തവിധം വേറിട്ടു നില്‍ക്കുന്നതാണ്.

അത്‌കൊണ്ടു തന്നെ ക്വുര്‍ആനിന്റെ ദൈവികത നിഷേധിച്ച സാഹിത്യനായകന്മാരടങ്ങുന്ന എതിര്‍പക്ഷത്തോട്, നിങ്ങളെല്ലാവരും ഒത്തുചേര്‍ന്നിട്ട് ഇതുപോലെ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ കൊണ്ടുവരൂ എന്ന് ക്വുര്‍ആന്‍ വെല്ലുവിളിച്ചിട്ടും അവര്‍ക്ക് അതിന് സാധിച്ചില്ല.

''(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും'' (17:88).

ക്വുര്‍ആനിന്റെ സാഹിത്യഭംഗി

വിശുദ്ധ ക്വുര്‍ആന്‍ ഒരു സാഹിത്യ ഗ്രന്ഥമല്ല. എന്നാല്‍ ക്വുര്‍ആന്‍ പോലെ മികച്ച ഒരു സാഹിത്യ ഗ്രന്ഥം വേറെയില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ഉന്നതമായ സാഹിത്യ നിലവാരം പുലര്‍ത്തുന്നതാണ് ക്വുര്‍ആന്‍. ക്വുര്‍ആന്‍ ഏതു വിഷയത്തെക്കുറിച്ച് പറയുമ്പോഴും അതിന്റെ രചനാസൗഷ്ടവം നിലനിര്‍ത്തുന്നു. മനുഷ്യനിര്‍മിത സാഹിത്യ കൃതികളില്‍ കളവുകളും ഭാവനകളും സ്വാഭാവികമാണ്. എന്നാല്‍ ക്വുര്‍ആന്‍ വചനങ്ങള്‍ ഉയര്‍ന്ന സാഹിത്യനിലവാരം പുലര്‍ത്തുന്നതോടൊപ്പം സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തുന്നവയുമാണ്. അസത്യത്തിന്റെ ചെറിയൊരംശം പോലും അതില്‍ കാണുക സാധ്യമല്ല.

സാഹിത്യകൃതികള്‍ക്ക് വഴങ്ങാത്ത വിഷയങ്ങളാണ് ക്വുര്‍ആനില്‍ പ്രതിപാദിക്കപ്പെടുന്നതെങ്കിലും പ്രസ്തുത വിവരണങ്ങളിലെല്ലാം അത് ഉന്നതമായ നിലവാരം പുലര്‍ത്തുകയും മനോഹാരിത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ആയാസരഹിതമായി പാരായണം ചെയ്യുവാനും മനഃപാഠമാക്കുവാനും അനുയോജ്യമായ വിധത്തിലുള്ള വാചക ഘടനയാണ് ക്വുര്‍ആനില്‍ നാം ദര്‍ശിക്കുക.

ക്വുര്‍ആനിലെ ചരിത്ര വിവരണങ്ങളും പ്രവചനങ്ങളും ശാസ്ത്ര സൂചനകളുമെല്ലാം അവയുടെ സത്യതയും കൃത്യതയും കൊണ്ട് ദൈവികമാണ് ക്വുര്‍ആന്‍ എന്ന് വിളിച്ചു പറയുന്നു.

വെളിച്ചത്തിലേക്ക് നയിക്കുന്നത്

ക്വുര്‍ആന്‍ വെറുതെ വായിച്ച് രസിക്കുവാനുള്ള ഗ്രന്ഥമല്ല. അത് മാനവരാശിയുടെ വഴികാട്ടിയാണ്. എല്ലാ രംഗത്തും മനുഷ്യന് സത്യപാത കാണിക്കുന്ന ഗ്രന്ഥം. അപഥ സഞ്ചാരമാര്‍ഗങ്ങൡനിന്നും നേര്‍പഥത്തിലേക്ക് ക്വുര്‍ആന്‍ ക്ഷണിക്കുന്നു:

''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു'' (17:9).

 ''അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു'' (5:16).

ക്വുര്‍ആനിലെ വിധിവിലക്കുകളില്‍ അക്രമത്തിനോ അനീതിക്കോ വേണ്ടിയുള്ള കല്‍പനകളൊന്നും ഉള്‍ക്കൊള്ളുന്നില്ല. നീതി, ന്യായം, സത്യസന്ധത, ആദരവ്, അനുസരണം, നല്ല പെരുമാറ്റം തുടങ്ങി എല്ലാ സദ്ഗുണങ്ങളും ജീവിതത്തില്‍ പകര്‍ത്തുവാനും കളവ്, വഞ്ചന, കാപട്യം, മദ്യപാനം, വ്യഭിചാരം, അഹങ്കാരം, അക്രമം, അനീതി തുടങ്ങി എല്ലാ അധര്‍മങ്ങളും വെടിയുവാനുമാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്.

ക്വുര്‍ആനിന്റെ കാലികപ്രസക്തി

'ക്വുര്‍ആനിന്റെ സന്ദേശങ്ങള്‍ ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല, അതില്‍ മാനവവിരുദ്ധമായ ആശയങ്ങളുണ്ട്. ക്വുര്‍ആന്‍ സ്ത്രീവിരുദ്ധമാണ്. പുരുഷപക്ഷത്തുനിന്നാണ് അത് സംസാരിക്കുന്നത്. ആയതിനാല്‍ ക്വുര്‍ആനിനെ കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കേണ്ടതുണ്ട്. ഒന്നര സഹസ്രാബ്ദം മുമ്പുള്ള ക്വുര്‍ആനികാശയങ്ങള്‍ ആധുനിക മനുഷ്യന്‍ ഉള്‍ക്കൊണ്ട് ജീവിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല..' ചില ഭൗതികവാദികള്‍ ഇപ്രകാരം വാദിക്കാറുണ്ട്.

ഒരു ഭൗതികവാദി എഴുതിയത് കാണുക: ''മുസ്‌ലിംകള്‍ പൊതുവെ വിശ്വസിക്കുന്നത് ഇസ്‌ലാം അവസാനത്തെ മതവും മുഹമ്മദ് അവസാനത്തെ പ്രവാചകനും ഖുര്‍ആന്‍ അവസാനത്തെ വേദഗ്രന്ഥവും ആണെന്നാണ.് (ആദിമ മനുഷ്യനായി സെമിറ്റിക് മതങ്ങള്‍ കരുതുന്ന ആദംതൊട്ട് ദൈവം ലോകത്തിനു നല്‍കി പ്പോന്നത് ഇസ്‌ലാം ആണെന്നും മുഹമ്മദ് നബിയിലൂടെ ആ മതം പൂര്‍ണമാക്കപ്പെടുകയാണ് ചെയ്തത് എന്ന വിശ്വാസവും മുസ്‌ലിംകള്‍ക്കിടയിലുണ്ട്). ഈ വിശ്വാസത്തിന് പതിനാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ലോകത്തിനുള്ള അന്തിമ സന്ദേശം ദൈവം നല്‍കിയിട്ട് ഒന്നര സഹസ്രാബ്ദത്തോളമായി എന്ന് ചുരുക്കം. സുദീര്‍ഘമായ ഇൗ കാലയളവില്‍ ലോകം അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ക്ക് വിധേയമാവുകയുണ്ടായി. ഒരുകാലത്ത് അസങ്കല്‍പനീയമായിരുന്ന ഒട്ടനവധി പരിവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ പില്‍ക്കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. മധ്യശതക ഗോത്ര സമൂഹങ്ങള്‍ അഭിമുഖീകരിച്ചതിനെക്കാള്‍ എത്രയോ സങ്കീര്‍ണമായ സമസ്യകള്‍ പില്‍ക്കാല സമൂഹങ്ങള്‍ അഭിമുഖീകരിച്ചു. ഇവയ്ക്കും ഇനി വരാനിരിക്കുന്ന അനേകം സമസ്യകള്‍ക്കും ഉത്തരവും പരിഹാരവും നിര്‍ദേശിക്കാന്‍ ഇസ്‌ലാമിന്റെ വേദം പര്യാപ്തമാണെന്ന വിശ്വാസമാണ് പരമ്പരാഗത മുസ്‌ലിം പണ്ഡിതര്‍ വച്ചുപുലര്‍ത്തിയത്. അവരുടെ അഭിപ്രായത്തില്‍ ഖുര്‍ആന്‍ നല്‍കുന്ന ഉത്തരങ്ങള്‍ പിഴക്കില്ല. കാരണം അത് ദൈവികമാണ്'' (ഹമീദ് ചേന്ദമംഗല്ലൂര്‍, പാഠഭേദം മാസിക, 2003 ഡിസംബര്‍, പേജ് 18).

ക്വുര്‍ആനികാശയങ്ങള്‍ പഴഞ്ചനായിത്തീര്‍ന്നിട്ടുണ്ടെന്നും ഇന്നത്തെ കാലത്ത് അതിന് യാതൊരു പ്രസക്തിയുമില്ലെന്നും അത്‌കൊണ്ടുതന്നെ കാലത്തിനനുസരിച്ച രൂപത്തിലുള്ള വ്യാഖ്യാനം നല്‍കി ക്വുര്‍ആനിനെ പുനര്‍വ്യാഖ്യാനിക്കേണ്ടതുണ്ട് എന്നുമാണ് അദ്ദേഹം തന്റെ ലേഖനത്തില്‍ പറയുന്നത്.

മുഹമ്മദ് നബി ﷺ ക്കും ക്വുര്‍ആനിന്റെ അവതരണത്തിനും ശേഷം മാവരാശിക്ക് നൂതനമായ പല സമസ്യകളെയും നേരിടേണ്ടിവന്നിരിക്കാം. ഭൂമുഖത്ത് ആവിര്‍ഭവിക്കുന്ന എല്ലാ സമസ്യകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം ക്വുര്‍ആനിലുണ്ട് എന്ന കണ്ണടച്ചുള്ള പ്രഖ്യാപനം ക്വുര്‍ആനിലില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്റെയും സ്രഷ്ടാവിന്റെ താല്‍പര്യങ്ങള്‍ ശരിയായി മനസ്സിലാക്കി മനുഷ്യജീവിതത്തെ അര്‍ഥവത്താക്കി മുന്നോട്ട് പോകുന്നതിന്റെയും രൂപരേഖയാണ് ക്വുര്‍ആന്‍ നല്‍കുന്നത്. മനുഷ്യന്‍ എത്ര പുരോഗമിച്ചാലും അവന്‍ സ്രഷ്ടാവിന്റെ സൃഷ്ടിയല്ലാതാവുകയോ അവന്‍ ദൈവവുമായുുള്ള ബന്ധത്തിന്റെയും ചുമതലകളുടെയും തലത്തില്‍നിന്ന് മുക്തമാവുകയോ ചെയ്യുന്നില്ല. ആയതിനാല്‍ സാര്‍വകാലികവും സാര്‍വദേശീയവുമായ ഒരു വേദത്തിലൂടെ സൃഷ്ടി-സ്രഷ്ടാവ് ബന്ധത്തിന്റെ നിത്യനൂതനമായ മാര്‍ഗം മനുഷ്യര്‍ക്ക് നല്‍കുകയാണ് ക്വുര്‍ആന്‍ ചെയ്തിരിക്കുന്നത്. ഭൂമിശാസ്ത്രപരവും ആവാസവ്യവസ്ഥിതിയുമായി ബന്ധപ്പെട്ടതും ശാസ്ത്രീയ-വൈജ്ഞാനിക സ്വഭാവമുള്ളതുമായ, മനുഷ്യജീവിതത്തിലെ ബാഹ്യഘടകങ്ങള്‍ ക്വുര്‍ആനിന്റെയും പ്രവാചകത്വത്തിന്റെയും പ്രമേയങ്ങളല്ല. മനുഷ്യരാശിയില്‍ ഓരോ കാലത്തും ആവിര്‍ഭവിക്കുന്ന ഉപരിപ്ലവ പ്രശ്‌നങ്ങളുടെ പരിഹാര നിര്‍ദേശങ്ങള്‍ ക്വുര്‍ആനില്‍ അന്വേഷിക്കണമെന്ന ചിന്താഗതി ഒരു കാലത്തും മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിട്ടുമില്ല.

ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് കൃത്യമായ ചില മാനദണ്ഡങ്ങളുമുണ്ട്. ക്വുര്‍ആനിലെ ഒരു പദത്തിനോ സൂക്തത്തിനോ ക്വുര്‍ആനികാശയങ്ങള്‍ക്ക് വിരുദ്ധമായ അര്‍ഥവും വ്യാഖ്യാനവും എത്ര വലിയ പണ്ഡിതന്‍ നല്‍കിയാലും അത് മുസ്‌ലിംകളാല്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യാറുണ്ട് എന്നത് അനിഷേധ്യമാണ്. ആയിരത്തി നാനൂറ് വര്‍ഷം മുമ്പ് അവതരിച്ച ഒരു ഗ്രന്ഥം ഇന്ന് അതേ രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, അതിലെ കല്‍പനാനിര്‍ദേശങ്ങള്‍ അന്നത്തെയാളുകള്‍ മനസ്സിലാക്കി പ്രാവര്‍ത്തികമാക്കിയതുപോലെ ഇന്നത്തെയാളുകളും പ്രാവര്‍ത്തികമാക്കുന്നുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നത് ആ ഗ്രന്ഥത്തിന്റെ ദൈവികതയും പ്രായോഗികതയുമാണ്.

അറേബ്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചല്ല പ്രവാചകന്‍ ﷺ ക്വുര്‍ആന്‍ വ്യാഖ്യാനിച്ചുകൊടുത്തത്; സ്രഷ്ടാവ് അറിയിച്ചുകൊടുത്തതനുസരിച്ചാണ്. കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് പലരും പലതും മനസ്സിലാക്കുന്നത് സ്വാഭാവികം. മൊബൈല്‍ ഫോണിനെക്കുറിച്ച് ക്വുര്‍ആനില്‍ പറഞ്ഞിട്ടില്ല എന്നത് ക്വുര്‍ആനിന്റെ ദൈവികതയെ ചോദ്യം ചെയ്യാന്‍ മുസ്‌ലിം നാമധാരിയായ ഒരു ഭൗതികവാദി ആയുധമാക്കിയത്  ഓര്‍മവരുന്നു. ആറാം നൂറ്റാണ്ടിലെ പടച്ചവന്‍ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പടച്ചവന്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന്‍ മൊബൈല്‍ കണ്ടുപിടിക്കുമെന്ന അറിവ് സര്‍വജ്ഞനായ അവന് ഇല്ലാതിരിക്കുകയുമില്ല. എന്നാല്‍ അതിനെക്കുറിച്ച് പറഞ്ഞില്ല എന്നതിലാണ് ക്വുര്‍ആനിന്റെ മഹത്ത്വം. കാരണം ക്വുര്‍ആന്‍ അന്ത്യനാള്‍ വരെയുള്ള മാനവരാശിക്കുള്ളതാണ്. ഏതാനും ദശകങ്ങള്‍ കഴിഞ്ഞാല്‍ അല്ലെങ്കില്‍ അടുത്ത നൂറ്റാണ്ടില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാകുമെന്നതിന് എന്താണുറപ്പ്? മൊബൈല്‍ എന്നല്ല എല്ലാ ആധുനിക ഉല്‍പന്നങ്ങളും മാറിക്കൊണ്ടേയിരിക്കുന്നു. ഒന്ന് മറ്റൊന്നിന് വഴിമാറിക്കൊണ്ടേയിരിക്കുന്നു. അപ്പോള്‍ ഇതില്‍ ഏതിനെക്കുറിച്ചാണ് ക്വുര്‍ആനില്‍ പറയുക? അന്ത്യനാള്‍വരെയുള്ള മുഴുവന്‍ കണ്ടുപിടുത്തങ്ങളെക്കിറിച്ചും പറയേണ്ടിവരില്ലേ? ഇനി ഇരുപതാം നൂറ്റാണ്ടില്‍ മൊബൈല്‍ ഫോണ്‍ എന്ന സാധനം കണ്ടുപിടിക്കും എന്ന് ക്വുര്‍ആനില്‍ പരാമര്‍ശമുണ്ടായി എന്നു സങ്കല്‍പിക്കുക. അടുത്ത നൂറ്റാണ്ടില്‍ അല്ലെങ്കില്‍ അതിനടുത്ത നൂറ്റാണ്ടില്‍ മൊൈബല്‍ അപ്രത്യക്ഷമാകുന്നു. മൊൈബല്‍ ഫോണ്‍ കണ്ടുപിടിക്കുമെന്നും പിന്നീട് അത് ഇല്ലാതായി മാറുമെന്നും എന്തുകൊണ്ട് പ്രവചിച്ചില്ല എന്നായിരിക്കില്ലേ അടുത്ത ചോദ്യം?

ക്വുര്‍ആനിലെ ഏതെങ്കിലും കല്‍പനകളും നിര്‍ദേശങ്ങളും വിധികളും വിലക്കുകളും അപ്രായോഗികമോ അമാനവികമോ ആണെന്ന് തെളിയിക്കുവാന്‍ ഒരു ഭൗതികവാദിക്കും ഇന്നേവരെ സാധിച്ചിട്ടില്ല. പകരം പുകമറകള്‍ സൃഷ്ടിച്ച് തെറ്റുധാരണകള്‍ പരത്തുവാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

''അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 61:8).