സ്വഹീഹുല്‍ ബുഖാരി: വിമര്‍ശനങ്ങളും വസ്തുതയും

അബ്ദുല്‍ മാലിക് സലഫി

2019 ജൂണ്‍ 15 1440 ശവ്വാല്‍ 12
ഇസ്‌ലാമികാധ്യാപനങ്ങളെ തമസ്‌കരിക്കാനായി വിമര്‍ശകര്‍ കണ്ടെത്തിയ മാര്‍ഗമാണ് പ്രമാണങ്ങളെ വില കുറച്ച് കാണിക്കുക എന്നത്. ക്വുര്‍ആനിനെയും ഹദീസിനെയും താരതമ്യം ചെയ്ത്, ഹദീസിനെ ഇകഴ്ത്തിയുംതുടര്‍ന്ന് അതിനെ അപ്പാടെ തള്ളിക്കളഞ്ഞും വിമര്‍ശകര്‍ ഒരുക്കിയ കെണിയില്‍ അറിഞ്ഞും അറിയാതെയും മുസ്‌ലിം നാമധാരികളും ഭാഗഭാക്കായി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സ്വഹീഹുല്‍ ബുഖാരിക്കെതിരെയുള്ള അര്‍ഥരഹിതമായ ആരോപണങ്ങള്‍.

പ്രവാചകന്റെ ഹദീസുകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് കുറെയേറെ പഴക്കമുണ്ട്. ഹദീസുകളെ വിമര്‍ശിക്കുന്നവര്‍ ഹദീസ് ഗ്രന്ഥങ്ങളെയും മുഹദ്ദിസുകളെയുമാണ് പ്രഥമമായി വിമര്‍ശന ശരങ്ങള്‍ ഏല്‍പിക്കുക. അതില്‍ തന്നെ സ്വഹീഹുല്‍ ബുഖാരിയാണ് പലരുടെയും ഒന്നാമത്തെ ലക്ഷ്യം. അതിന് പലതുണ്ട് കാരണങ്ങള്‍.

മുസ്‌ലിംലോകം ഒന്നടങ്കം വിശുദ്ധ ക്വുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികമായി കണക്കാക്കുന്ന ഗ്രന്ഥമാണ് ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ മുഴുവനും സ്വീകാര്യയോഗ്യ(സ്വഹീഹ്)മാണെന്നതിന് മുസ്‌ലിം സമൂഹത്തിന്റെ ഏകോപിത അഭിപ്രായം ഉള്ളതായി പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വഹീഹുല്‍ ബുഖാരിയിലും ദുര്‍ബല ഹദീസുകളുണ്ടെന്ന പിഴച്ച വാദം ചിലര്‍ ഉന്നയിച്ചുവരുന്നുണ്ട്. ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകാര്യമാണെന്ന് പറയണമെങ്കില്‍ അതിന് പ്രമാണം വേണമെന്നും അതിലെ മുഴുവന്‍ ഹദീസുകളും സ്വീകരിക്കുന്നവന്‍ അന്ധവിശ്വാസിയായി തീരുമെന്നുമുള്ള ചില അപശബ്ദങ്ങള്‍ നമ്മുടെ നാട്ടിലും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

അതുകൊണ്ട് ആരാണ് ഇമാം ബുഖാരി, എന്താണ് സ്വഹീഹുല്‍ ബുഖാരി, അതിന് മുസ്‌ലിം ലോകത്തുള്ള സ്ഥാനമെന്താണ്, അതിലെ ഹദീസുകളെ വിമര്‍ശിക്കുന്നവര്‍ ആരൊക്കെയാണ്, അവരുടെ ഗൂഢലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിഞ്ഞിരിക്കല്‍ നല്ലതാണ്. അത്തരം ഒരു അന്വേഷണമാണിവിടെ ഉദ്ദേശിക്കുന്നത്.

അബൂഅബ്ദില്ലാ മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ അല്‍ബുഖാരി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഖുറാസാനിലെ 'ബുഖാറ' എന്ന സ്ഥലത്ത് ഹിജ്‌റ 19ല്‍ ശവ്വാല്‍ 13ന് ജനിച്ചു. പത്താം വയസ്സില്‍തന്നെ അദ്ദേഹം ഹദീസ് പഠനം ആരംഭിച്ചു. തന്റെ ജന്മനാടായ ബുഖാറയില്‍ നിന്നു തന്നെയാണ് ഇമാം ബുഖാരി(റഹി) വിജ്ഞാനത്തിന്റെ വഴിയിലേക്കുള്ള ആദ്യ കാല്‍വയ്പ് നടത്തുന്നത്. നാട്ടിലെ വിജ്ഞാന സമ്പാദനത്തിന് ശേഷം അറിവ് അന്വേഷിച്ച് ഇമാം ബുഖാരി(റഹി) ഹിജാസിലേക്കാണ് പോയത്. ഹിജ്‌റ 210ല്‍ മാതാവിനോടും സഹോദരനോടുമൊപ്പം പതിനാറാം വയസ്സില്‍ ഹജ്ജിനായി മക്കയില്‍ എത്തി. ഹജ്ജിന് ശേഷം അദ്ദേഹം മക്കയില്‍ തന്നെ കഴിച്ചു കൂട്ടി. മക്കയില്‍ നിന്നുള്ള വിജ്ഞാന സമ്പാദനമായിരുന്നു ലക്ഷ്യം. മക്കയില്‍ നിന്നും വിജ്ഞാനം നേടിയ ശേഷം ഹിജ്‌റ 212 ല്‍ അദ്ദേഹം മദീനയില്‍ എത്തി.

വിജ്ഞാനം അന്വേഷിച്ച് ഇമാം ബുഖാരി പിന്നീട് ബസ്വറയിലേക്കാണ് നീങ്ങിയത്. അതിനുശേഷം കൂഫയിലേക്കും പിന്നീട് ബാഗ്ദാദിലേക്കും യാത്ര ചെയ്തു. ബാഗ്ദാദിലെ അദ്ദേഹത്തിന്റെ ഉസ്താദുമാരില്‍ ഏറ്റവും പ്രഗല്‍ഭനാണ് ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍(റഹി).

ഏതെങ്കിലുമൊരു നാട്ടില്‍ ഹദീസ് അറിയുന്ന പണ്ഡിതന്‍ ഉണ്ടെന്നറിഞ്ഞാല്‍ ആ പണ്ഡിതന്റെ അടുത്ത് ചെന്ന് പഠിക്കുകയായിരുന്നു ഇമാം ബുഖാരി(റഹി)യുടെ രീതി. 16 വര്‍ഷം കൊണ്ടാണ് അദ്ദേഹം സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥം തയ്യാറാക്കിയത്. അതിലെ ഓരോ ഹദീസും സ്വയം പഠിച്ചു. അതിന്റെ പരമ്പര (സനദ്) ശരിയാണെന്ന് ഉറപ്പുവരുത്തി. പിന്നീട് രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിച്ച്, പിഴവുകള്‍ വരാതിരിക്കാന്‍ അല്ലാഹുവോടു പ്രാര്‍ഥിച്ച ശേഷമാണ് ഹദീഥുകള്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്. ഇമാം ബുഖാരി തന്റെ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയ ശേഷം ഇമാം അഹ്മദ്, ഇബ്‌നുല്‍ മഈന്‍, ഇബ്‌നുല്‍ മദീനി തുടങ്ങിയ അക്കാലത്തെ ഏറ്റവും പ്രമുഖ പണ്ഡിതന്മാര്‍ക്ക് അത് വായിച്ചു കേള്‍പ്പിക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തു. ഹിജ്‌റ 256ല്‍ അറുപത്തിരണ്ടാമത്തെ വയസ്സില്‍ അദ്ദേഹം മരണപ്പെട്ടു.

മറ്റു ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് 'സ്വഹീഹുല്‍ ബുഖാരി'യെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. അദ്ദേഹത്തിന് മുമ്പ് ജീവിച്ചവരും സമകാലികരുമായ ഹദീസ് പണ്ഡിതന്മാര്‍ സ്വീകാര്യമാണെന്ന് ഏകകണ്ഠമായി അംഗീകരിച്ച ഹദീസുകള്‍ മാത്രമാണ് 'സ്വഹീഹുല്‍ ബുഖാരി'യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹദീസുകള്‍ സ്വഹാബിയില്‍നിന്ന് പ്രബലരായ രണ്ടു താബിഉകളും അവരില്‍നിന്ന് ഇമാം ബുഖാരിയില്‍ എത്തുന്നത് വരെയുള്ള ഘട്ടങ്ങളില്‍ വിശ്വസ്തരായ രണ്ടു പ്രാമാണികരും റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്ന കര്‍ശനമായ നിബന്ധന അദ്ദേഹം പുലര്‍ത്തിയിരുന്നു. മാത്രമല്ല, റിപ്പോര്‍ട്ടു ചെയ്ത വ്യക്തിയും (റാവി) ആരില്‍നിന്നാണോ റിപ്പോര്‍ട്ടു ചെയ്തത് ആ വ്യക്തിയും ഒരേ കാലത്ത് ജീവിച്ചവരാണെന്ന് മാത്രമല്ല, തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ടെന്ന് കൂടി സംശയലേശമന്യെ സ്ഥാപിതമാവുകയും ചെയ്താല്‍ മാത്രമെ ഇമാം ബുഖാരി(റഹി) ആ റിപ്പോര്‍ട്ട് സ്വീകരിക്കുമായിരുന്നുള്ളൂ. ഇത്രയധികം സൂക്ഷ്മത പാലിച്ചതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഹദീസ് ഗ്രന്ഥം എന്ന ബഹുമതി നേടാന്‍ സ്വഹീഹുല്‍ ബുഖാരിക്ക് സാധിച്ചത്.

സ്വഹീഹുല്‍ ബുഖാരിക്ക് എണ്‍പതില്‍ അധികം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രശസ്തമായ വ്യാഖ്യാനമാണ് ഇമാം ഇബ്‌നുഹജര്‍ അസ്‌ക്വലാനിയുടെ 'ഫത്ഹുല്‍ ബാരി'.

സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകളെല്ലാം സ്വഹീഹാണെന്ന് പറയുമ്പോള്‍ ഈ ഗ്രന്ഥത്തില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ മുഴുവനും സ്വഹീഹാണെന്നാണ് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഹദീസ് ഗ്രന്ഥമെന്ന ബഹുമതി നേടിയ സ്വഹീഹുല്‍ ബുഖാരിയിലും ദുര്‍ബലമായ ഹദീസുകളുണ്ടെന്നാണ് ചില പിഴച്ച കക്ഷികള്‍ പറയുന്നത്! സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകളോടുള്ള അരിശം ഹദീസ് വിരോധികള്‍ക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറ്റാണ്ടുകളുടെ പഴക്കം അതിനുണ്ട്. ഖവാരിജുകളില്‍ തുടങ്ങി മുഅ്തസിലികളിലൂടെയും ശിയാക്കളിലൂടെയും കടന്നുവന്ന് ഇന്ന് ഇത്തരം അക്വ്‌ലാനികളില്‍ എത്തിനില്‍ക്കുകയാണത്. സ്വഹീഹുല്‍ ബുഖാരിയില്‍ പലതും കൊള്ളാത്തതുണ്ട് എന്ന് വരുത്തിത്തിര്‍ക്കലാണ് ഈ കക്ഷികളുടെയെല്ലാം ഉന്നം. ഇത്തരമൊരു അവസ്ഥയില്‍ പൂര്‍വസൂരികളുടെ അടുക്കല്‍ സ്വഹീഹുല്‍ ബുഖാരിക്ക് എന്ത് സ്ഥാനമാണുണ്ടായിരുന്നതെന്നും അതിലെ ഹദീസുകളോട് മുസ്‌ലിം ഉമ്മത്തിലെ പൗരാണികരും ആധുനികരുമായ പണ്ഡിതന്മാര്‍ എന്തു നിലപാട് സ്വീകരിച്ചെന്നും അന്വേഷിക്കുന്നത് നന്നായിരിക്കും.

ഇമാം അബൂഇസ്ഹാഖ് അസ്ഫറാഈനി(റഹി) (ഹിജ്‌റ 18) പറയുന്നു: 'ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളും സനദിന്റെയും (പരമ്പര) മത്‌നിന്റെയും (ആശയം) അടിസ്ഥാനത്തില്‍ പൂര്‍ണമായും ശരിയാണെന്ന കാര്യത്തില്‍ മുഹദ്ദിസുകള്‍ ഏകാഭിപ്രായക്കാരാണ്. ഈ അഭിപ്രായത്തില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ല' (അന്നൂകത്ത് അലാ ഇബ്‌നിസ്‌സ്വലാഹ്: സര്‍കശി, പേജ് 13).

ഇമാം ഇബ്‌നു സ്വലാഹ്(റഹി) പറയുന്നു: 'ബുഖാരിയും മുസ്‌ലിമും ഏകോപിച്ച് നിവേദനം ചെയ്ത ഹദീസുകളും ഒരാള്‍ സ്വന്തം ഉദ്ധരിച്ച ഹദീസുകളും എല്ലാം തന്നെ സ്വഹീഹാണെന്ന കാര്യം ഖണ്ഡിതമാണ്' (മുക്വദ്ദിമതു ഇബ്‌നു സ്വലാഹ്, പേജ് 28).

ക്വാദി അബൂയഅ്‌ല അല്‍ഫറാഅ്(റഹി) പറയുന്നു: 'മുസ്‌ലിം ഉമ്മത്ത് ഏകോപിച്ച് ഒരു കാര്യം സ്വീകരിച്ചാല്‍ അത് കൊണ്ട് തെളിവെടുക്കല്‍ നിര്‍ബന്ധമാണ് (ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളെ പോലെ). കാരണം മുസ്‌ലിം സമൂഹം ഒരു തിന്മയില്‍ യോജിക്കില്ല. ഉമ്മത്തിന്റെ സ്വീകരണം അവയിലുള്ളത് മുഴുവന്‍ സ്വഹീഹാണെന്ന കാര്യമാണ് അറിയിക്കുന്നത്' (അല്‍ഉദ്ദ ഫീ ഉസ്വൂലില്‍ ഫിക്വ്ഹ്: 3/900).

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറയുന്നു: 'ക്വുര്‍ആനിന് ശേഷം ആകാശത്തിന് ചുവട്ടില്‍ ബുഖാരി, മുസ്‌ലിമിനെക്കാള്‍ ശ്രേഷ്ഠകരമായ മറ്റൊരു ഗ്രന്ഥമില്ല' (മജ്മൂഉല്‍ ഫതാവാ:18/74).

ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: 'അറിയുക, ശൈഖുല്‍ ഇസ്‌ലാം അബൂഅംറിനെ പോലെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ അബൂത്വാഹിറിനെ പോലെയുമുള്ള പണ്ഡിതന്‍മാര്‍ പറഞ്ഞതുപോലെ ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകള്‍ ഈ ഗണത്തില്‍പെടും. അവയെ മുഹദ്ദിസുകള്‍ പൂര്‍ണമായും സ്വീകരിച്ച് സത്യപ്പെടുത്തിയിട്ടുണ്ട്. അവമൂലം ഖണ്ഡിതമായ ജ്ഞാനം ലഭിക്കുന്നതാണ്. അവയിലെ ഹദീസുകളെ കുറിച്ച് ഉസ്വൂലികളും അഹ്‌ലുല്‍ കലാമിന്റെ ആളുകളുമായ ചിലര്‍ ചില എതിര്‍പ്പുകള്‍ പറഞ്ഞത് ഒട്ടും പരിഗണനീയമല്ല. കാരണം മതകാര്യങ്ങളിലെ ഇജ്മാഇല്‍ പരിഗണിക്കുന്നത് മതപണ്ഡിതരുടെ വാക്കിനെയാണ്; ഇത്തരക്കാരുടെയല്ല' (മുഖ്തസ്വറുസ്സവാഇക്വില്‍ മുര്‍സല: 2/374).

ഹാഫിള് സ്വലാഹുദ്ദീന്‍ അല്‍അലാഇ(റഹി) (ഹിജ്‌റ 761) പറയുന്നു: 'ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളും സ്വഹീഹാണെന്നതില്‍ മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഅ് ഉണ്ട്' (തഹ്ക്വീക്വുല്‍ മുറാദ് ഫീ അന്നന്നഹ്‌യാ യക്തദി അല്‍ഫസാദ്: പേജ് 114).

അല്ലാമാ അബ്ദുല്‍ ഫൈദ് അല്‍ഫാരിസി(റഹി) (ഹിജ്‌റ 837) പറയുന്നു: 'ബുഖാരിയും മുസ്‌ലിമും യോജിച്ച് ഉദ്ധരിച്ചതോ അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ ഉദ്ധരിച്ചതോ ആയ മുഴുവന്‍ ഹദീഥുകളും സ്വഹീഹാണെന്ന കാര്യം ഖണ്ഡിതമാണ്' (ജവാഹിറുല്‍ ഉസ്വൂല്‍: 20,21).

അല്ലാമാ മുല്ല അലിയ്യുല്‍ ക്വാരി(റഹി) പറയുന്നു: 'ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളെ പൂര്‍ണമായും സ്വീകരിക്കേണ്ടതാണെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിരിക്കുന്നു' (അല്‍ മിര്‍ക്വാത്ത്: 1/15).

നവാബ് സ്വിദ്ദീക്വ് ഹസന്‍ഖാന്‍(റഹി) പറയുന്നു: 'ബുഖാരിയും മുസ്‌ലിമും ഏറ്റവും സ്വഹീഹായ ഗ്രന്ഥങ്ങളാണ്. ആരെങ്കിലും അവയെ ആക്ഷേപിക്കുകയോ അവയിലെ ഹദീസുകളെ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്താല്‍ അവന്‍ മുബ്തദിഉം (നൂതനവാദി) വിശ്വാസികളുടെ മാര്‍ഗത്തില്‍ നിന്ന് തെറ്റിയവനുമാണ്. മുഴുവന്‍ പണ്ഡിതന്‍മാരും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്' (അസ്സിറാജുല്‍ വഹ്ഹാജ്: പേജ് 3).

അല്ലാമാ അഹ്മദ് മുഹമ്മദ് ശാകിര്‍(റഹി) പറയുന്നു: 'ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളും സ്വഹീഹാണ്. ദുര്‍ബലമോ ആക്ഷേപാര്‍ഹമായതോ ആയ ഒന്നുംതന്നെ അവയിലില്ല' (അല്‍ബാഇസുല്‍ ഹസീസിന്റെ ഹാശിയ: പേജ് 22).

ഇബ്‌നു കസീര്‍(റഹി) പറയുന്നു: 'അതിലുള്ളത് (സ്വഹീഹുല്‍ ബുഖാരിയില്‍) സ്വഹീഹാണെന്നതിലും അവ സ്വീകരിക്കണമെന്നതിലും പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു.അതുപോലെ ഇസ്‌ലാമിലെ മുഴുവന്‍ ആളുകളും' (അല്‍ബിദായ വന്നിഹായ).

ഇബ്‌നു സുബ്കി(റഹി) പറയുന്നു: 'അദ്ദേഹത്തിന്റെ (ഇമാം ബുഖാരി) ഗ്രന്ഥം അല്‍ജാമിഉ സ്വഹീഹ് അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ ഏറ്റവും മഹത്തായ ഗ്രന്ഥമാകുന്നു' (ത്വബകാതുശ്ശാഫിഈയതുല്‍ കുബ്‌റാ).

അബൂഅംറ് ഇബ്‌നു സ്വലാഹ് (റഹി) പറയുന്നു: 'അവര്‍ രണ്ടാളുടെയും (ഇമാം ബുഖാരി, ഇമാം മുസ്‌ലിം) ഗ്രന്ഥങ്ങള്‍ (സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം) പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങളാകുന്നു.' അതിന് ശേഷം അദ്ദേഹം പറയുകയുണ്ടായി: 'ആ രണ്ട് ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപകാരവും ശരിയായതും ഇമാം ബുഖാരിയുടെ ഗ്രന്ഥമാകുന്നു' (ഉലൂമുല്‍ ഹദീഥ്).

ഇമാം നവവി(റഹി) പറയുന്നു: 'പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങള്‍ രണ്ട് സ്വഹീഹുകളായ സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്‌ലിമുമാകുന്നു എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. മുസ്‌ലിം സമുദായം അത് സ്വീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആ രണ്ട് ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്രദവും ശരിയായതും ഇമാം ബുഖാരിയുടെ ഗ്രന്ഥമാകുന്നു'(സ്വഹീഹ് മുസ്‌ലിമിന്റെ വിശദീകരണത്തിന്റെ മുഖവുരയില്‍ നിന്ന്).

ആധുനികനായ മുഹദ്ദിസ് ശാഹ് വലിയുല്ലാഹി അദ്ദഹ്‌ലവി(റഹി) പറയുന്നു: 'ബുഖാരിയിലെയും മുസ്ലിമിലെയും മുഴുവന്‍ ഹദീസുകളെ സംബന്ധിച്ച്, അവ പൂര്‍ണമായും സ്വഹീഹാണ് എന്നതിലും അവ രണ്ടും അതിന്റെ ഗ്രന്ഥകാരന്മാരിലേക്ക് മുതവാത്വിറായിത്തന്നെ എത്തിച്ചേരുന്നു എന്ന വിഷയത്തിലും മുഴുവന്‍ ഹദീസ് പണ്ഡിതന്മാരും യോജിച്ചിരിക്കുന്നു. ആരെങ്കിലും ആ ഗ്രന്ഥങ്ങളിലെ ഹദീസുകള്‍ക്കെതിരെ നിസ്സാര സ്വഭാവത്തില്‍ സംസാരിച്ചാല്‍ അവന്‍ പുത്തന്‍വാദിയും വിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്‍പറ്റിയവനുമാണ്' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ:1/134).

സ്വഹീഹുല്‍ ബുഖാരിയില്‍ ഉള്‍പ്പെടുത്തേണ്ട ഓരോ ഹദീസും സുക്ഷ്മമായി പഠിച്ച് അതിന്റെ പരമ്പര (സനദ്) ശരിയാണെന്ന് ഉറപ്പുവരുത്തി പിന്നീട് രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിച്ച്, പിഴവുകള്‍ വരാതിരിക്കാന്‍ അല്ലാഹുവോടു പ്രാര്‍ഥിച്ചശേഷമാണ് അദ്ദേഹം ഹദീസുകള്‍ തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം ബുഖാരി(റഹി) തന്റെ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ സമകാലികരായ ഹദീസ് വിജ്ഞാന രംഗത്തെ കുലപതികളായ ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍(റഹി), യഹ്യബിന്‍ മഈന്‍ തുടങ്ങിയവര്‍ ആദ്യന്തം പരിശോധിച്ചു. അവര്‍ പറഞ്ഞ തിരുത്തുകള്‍ നടത്തിയ ശേഷമാണ് ഇമാം ബുഖാരി താന്‍ ക്രോഡീകരിച്ച കാര്യങ്ങള്‍ സമൂഹത്തിന് നല്‍കിയത്. പിന്നീട് വന്ന പണ്ഡിതന്മാരും ഹദീസ് വിജ്ഞാനത്തിന്റെ സകല മേഖലകളും മുന്നില്‍ വെച്ചുകൊണ്ട് ഈ ഹദീസുകളെ പരിശോധിച്ചു. എന്നിട്ടവര്‍ എത്തിച്ചേര്‍ന്ന അഭിപ്രായമാണ് മുകളില്‍ ഉദ്ധരിച്ചത്. അഹ്‌ലുസ്സുന്നത്തിന്റെ സുസമ്മതരും തലയെടുപ്പുള്ളവരുമായ ഇമാമീങ്ങളുടെ ഈ ഉദ്ധരണികള്‍ തട്ടിക്കളയാന്‍ അവരുടെ സമകാലികരോ പില്‍കാലക്കാരോ ആയ ഒരാള്‍ക്കും കഴിയില്ല; അവര്‍ എത്ര മഹാന്മാരാണെങ്കിലും. കാരണം, ഇവര്‍ ഹദീസുകളില്‍ അഗാധമായ പാണ്ഡിത്യമുള്ളവരും ഇല്‍മുല്‍ ഹദീസെന്ന വിജ്ഞാന ശാസ്ത്രത്തില്‍ അങ്ങേയറ്റം അവഗാഹമുള്ളവരുമാണ്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറയുന്നു: 'സ്വഹീഹുല്‍ ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീഥുകള്‍ അവര്‍ രണ്ടുപോര്‍ മാത്രമല്ല നിവേദനം ചെയ്തിട്ടുള്ളത്. മറിച്ച് എണ്ണമറ്റ പണ്ഡിതരും മുഹദ്ദിസുകളും അതിന്റെ നിവേദകരാണ്. അവരുടെ പൂര്‍വികരും സമകാലികരും ശേഷക്കാരുമായ നിരവധിപേര്‍ അത് നിവേദനം ചെയ്തുവെന്ന് മാത്രമല്ല അവയെ സസൂക്ഷമം പരിശോധിച്ചിട്ടുമുണ്ട്. അന്നത്തെ ഹദീസ് നിരൂപകന്‍മാര്‍ നിരൂപണത്തില്‍ അഗ്രേസരന്‍മാരായിരുന്നു. ചുരുക്കത്തില്‍, ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീഥുകളെ റിപ്പോര്‍ട്ട് ചെയ്യുന്നതിലും അതിനെ സ്വഹീഹെന്ന് വിധിയെഴുതുന്നതിലും അവര്‍ രണ്ടുപേര്‍ മാത്രമല്ല ഉള്ളതെന്ന് സാരം' (മിന്‍ഹാജുസ്സുന്ന).

അല്ലാമാ സ്വിദ്ദീക്വ് ഹസന്‍ഖാന്‍(റ) പറയുന്നു: 'ബുഖാരിയും മുസ്‌ലിമും തങ്ങള്‍ ഉദ്ധരിക്കുന്ന ഓരാ ഹദീസും തങ്ങളുടെ ശൈഖുമാരെക്കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷമല്ലാതെ അവരുടെ ഗ്രന്ഥത്തില്‍ അവയെ ചേര്‍ത്തിട്ടില്ല' (ഇത്തിഹാഫുന്നുബലാഅ്, പേജ്: 138).

ഈ വിഷയത്തിലും മുസ്ലിം ഉമ്മത്തിന്റെ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുക എന്നല്ലാതെ മറിച്ചൊരു നിലപാട് കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ ആദ്യകാല സലഫീ പണ്ഡിതന്മാര്‍ എഴുതിയ ചില വരികള്‍ നമുക്ക് വായിക്കാം.1950 മെയ് മാസത്തിലെ അല്‍മനാര്‍ മാസികയില്‍ (മൂന്നാം ലക്കം) എന്‍.വി. അബ്ദുസ്സലാം മൗലവി(റഹി) എഴുതി: 'മുസ്ലിം ലോകത്ത് മുഴുവനും ശ്രുതിപ്പെട്ടിരിക്കുന്ന സ്വഹീഹുല്‍ ബുഖാരി ഇദ്ദേഹം രചിച്ചതത്രെ. ഈ കിതാബില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുസ്ലിം പണ്ഡിതന്മാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ചു വരാറുണ്ട്' (പേജ്: 11).

കെ.എന്‍.എം പുറത്തിറക്കിയ 'ഹദീഥ് ഗ്രന്ഥങ്ങള്‍ ഒരു പഠനം' എന്ന ശൈഖ് മുഹമ്മദ് മൗലവിയുടെ കൃതിയില്‍ ഇപ്രകാരം കാണാം: 'അതിലെ (സ്വഹീഹുല്‍ ബുഖാരിയിലെ) മുസ്നദായ (സനദോടുകൂടി പറയുന്ന) ഹദീഥുകളെല്ലാം സ്വഹീഹും ലക്ഷ്യത്തിനു പറ്റുന്നതുമാകുന്നു' (പേജ്: 10).

ഇവിടെ സ്വാഭാവികമായും ചില സംശയങ്ങളും ഉയര്‍ന്നു വരാം. ബുഖാരിയിലെ ചില ഹദീഥുകളെ ചിലര്‍ വിമര്‍ശിച്ചിട്ടുണ്ടെന്നത് ശരിയല്ലേ? വിമര്‍ശിച്ചെന്നത് ശരിയാണ്. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ എത്രമാത്രം ശരിയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. ഇമാം ദാറക്വുത്‌നി, ഇമാം നസാഈ എന്നിവര്‍ ബുഖാരിയിലെ ചില ഹദീസുകളെ സനദിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിച്ചെന്നത് ശരിയാണ്. എന്നാല്‍ ബുഖാരിക്കെതിരെയുള്ള മുഴുവന്‍ വിമര്‍ശനങ്ങള്‍ക്കും സമ്പൂര്‍ണ മറുപടികള്‍ പണ്ഡിതന്‍മാര്‍ നല്‍കിയിട്ടുണ്ട്. വിമര്‍ശനങ്ങളെ ആറ് ഭാഗങ്ങളായി തിരിച്ച് അവയ്ക്ക് ഓരോന്നിനും ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹി) മറുപടി പറയുകയും വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. (ഹദ്‌യുസ്സാരി: 346-484)

ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹി) പറയുന്നു: 'ഇമാം ദാറക്വുത്‌നി ബുഖാരിയിലെ ചില ഹദീസുകളെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെല്ലാം തന്നെ മുഹദ്ദിസുകളുടെ നിയമത്തിനെതിരും വളരെ ദുര്‍ബലവും ഭൂരിപക്ഷത്തിന്റെ നിലപാടിന് വിരുദ്ധവുമാണ്' (ഹദ്‌യുസ്സാരി:346).

ഇമാം നവവി(റഹി) പറയുന്നു: 'ബുഖാരിയും മുസ്‌ലിമും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ തെളിവ് പിടിച്ച ആളുകളെ ചിലര്‍ വിമര്‍ശിച്ചത് അവ്യക്തവും ദുര്‍ബലവുമാണ്' (ശറഹുമുസ്‌ലിം:1/25).

ബുഖാരിക്കും മുസ്‌ലിമിനും എതിരെയുള്ള ദാറക്വുത്‌നിയുടെ വിമര്‍ശനങ്ങള്‍ ഒന്നുപോലും ശരിയല്ലെന്ന് ഇമാം ഖത്വീബ് ബാഗ്ദാദി (റഹി) (ക്വവാഇദു തഹ്ദീസ്:190), ഇമാം സൈലഇ (റഹി) (നസ്ബുര്‍റായ്യ:1/3ര്‍1), ഇമാം അലാഇ (റഹി) (ജാമിഉ തഹ്‌സീല്‍, പേജ്:81), ഇമാം ശൗകാനി (റഹി) (ഖത്‌റുല്‍ വലിയ്യ, പേജ്:230), അല്ലാമാ ഇബ്‌നു ദഖീഖ് അല്‍ഈദ് (റഹി) (ഇഖ്തിറാഹ്:325), അല്ലാമാ ബദ്‌റുദ്ദീനുല്‍ ഐനി (റഹി) (ഉംദത്തുല്‍ ക്വാരി:1/1819, 2/54, 4/147, 10/120) എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയത്തിലും മുസ്ലിം ഉമ്മത്തിന്റെ നിലപാട് തന്നെയാണ് കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിനുമുള്ളത്. 1972 ഫെബ്രുവരി മാസത്തിലെ അല്‍മനാറില്‍ ശൈഖ് മുഹമ്മദ് മൗലവി എഴുതിയ ഒരു ലേഖനത്തിന്റെ തലവാചകം തന്നെ 'സ്വഹീഹുല്‍ ബുഖാരി സ്ഥിരപ്പെട്ട നബിവചനങ്ങളുടെ വിലപ്പെട്ട സമാഹാരം' എന്നായിരുന്നു. പ്രസ്തുത ലേഖനത്തില്‍ ഇപ്രകാരം കാണാം: 'ദിവ്യവചനങ്ങളായ പരിശുദ്ധ ക്വുര്‍ആനിന് ശേഷം ഏറ്റവും സ്വീകാര്യവും സ്വഹീഹുമായ ഹദീസ് ശേഖരം, അതത്രെ സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരിയുടെ സ്വീകാര്യതയും പാവനത്വവും അംഗീകരിക്കാത്ത ഒരൊറ്റ പണ്ഡിതനും മുസ്ലിം ലോകത്തുണ്ടായിട്ടില്ല. സ്വഹീഹുല്‍ ബുഖാരിയെപ്പറ്റി ഒട്ടേറെ ആക്ഷേപങ്ങളുണ്ട്. എല്ലാം ഈയിടെ പൊങ്ങിവന്നവ. യുക്തിയുടെ പേരില്‍ സ്വന്തം അഭിപ്രായങ്ങള്‍ക്കും തോന്നലുകള്‍ക്കും യോജിക്കാത്തതെല്ലാം തള്ളിപ്പറയുന്ന കുത്സിത ബുദ്ധികള്‍ ഞൊടിഞ്ഞുണ്ടാക്കുന്ന കള്ളപ്രചാരണങ്ങള്‍ വാസ്തവത്തില്‍ മറുപടിയേ അര്‍ഹിക്കുന്നില്ല. ഇക്കൂട്ടത്തില്‍ സ്വഹീഹുല്‍ ബുഖാരിയെ പറ്റിയുള്ള ആക്ഷേപങ്ങളും പെടുത്താം. തന്റെ ചില നിഗമനങ്ങളോട് വിയോജിച്ചതിനാല്‍ മാത്രം സ്വഹീഹുല്‍ ബുഖാരി തോട്ടിലെറിയണമെന്നു പറയുന്നവര്‍, നാടുനീളെ നാക്കിട്ടടിച്ചു നടക്കുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്.'