വര്‍ഗീയതക്കെതിരെ മതേതര കൂട്ടായ്മ

സുഫ്‌യാന്‍ അബ്ദുസ്സലാം

2019 ഫെബ്രുവരി 02 1440 ജുമാദുല്‍ അവ്വല്‍ 25
സ്വന്തം വര്‍ഗത്തില്‍ പെട്ടവര്‍ സത്യത്തിലും നീതിയിലും മാനവികതയിലും നില്‍ക്കുമ്പോള്‍ അതിനെ പിന്തുണക്കുന്നതല്ല വര്‍ഗീയത. മറിച്ച്, അന്യായത്തില്‍ സ്വന്തക്കാരെ സഹായിക്കുന്നതാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന വര്‍ഗീയത. നന്മ പുലര്‍ന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരെ വര്‍ഗീയതയുടെ ഉപാസകര്‍ വര്‍ഗീയവാദികളെന്ന് ആക്ഷേപിക്കുന്ന അത്യന്തം ഖേദകരമായ അവസ്ഥയാണിന്ന് രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്നത്. ആരാണ് നമുക്കിടയിലെ വര്‍ഗീയവാദികള്‍? എങ്ങനെയാണ് വര്‍ഗീയതയോട് പ്രതികരിക്കേണ്ടത്?

വര്‍ഗീയത; ഒരു പക്ഷേ, നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു പദമായിരിക്കുമിത്. മതത്തിന്റെയും സമുദായത്തിന്റെയും ജാതിയുടെയും പേരിലുള്ള ചേരിതിരിവുകളെയാണ് പൊതുവില്‍ വര്‍ഗീയത എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടാറുള്ളത്. സ്വന്തം വര്‍ഗത്തിനും വിഭാഗത്തിനും വേണ്ടി സംഘടിക്കുന്നതോ അത്തരം കൂട്ടായ്മകളുടെ ഭാഗമാകുന്നതോ അല്ല വര്‍ഗീയത. ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നതോ മത പ്രമാണങ്ങള്‍ക്ക് അനുസൃതമായി ജീവിതം ക്രമീകരിക്കുന്നതോ മതം പ്രബോധനം ചെയ്യുന്നതോ അല്ല വര്‍ഗീയത. ഒരു വര്‍ഗത്തിന്റെ കൂടെ നില്‍ക്കുന്നതിനെ വര്‍ഗീയതയെന്നു വിളിക്കാമെങ്കില്‍ തൊഴിലാളി വര്‍ഗത്തിന് വേണ്ടി സംഘടിക്കുന്നതും വര്‍ഗീയതയാവും. അവകാശ സംരക്ഷണത്തിന്റെ ഭാഗമായി വിവിധ വര്‍ഗങ്ങളും വിഭാഗങ്ങളും സംഘടിക്കുന്നതും സമരങ്ങള്‍ നയിക്കുന്നതുമെല്ലാം വര്‍ഗീയതയാവും. 

എന്താണ് വര്‍ഗീയത? എങ്ങനെയാണ് അതിനെ നിര്‍വചിക്കാന്‍ സാധിക്കുക? സ്വന്തം വര്‍ഗത്തിന് വേണ്ടി നീതിയിലും സത്യത്തിലും അധിഷ്ഠിതമായി നിലനില്‍ക്കുന്നത് വര്‍ഗീയതയല്ലെന്നു സൂചിപ്പിച്ചുവല്ലോ. അതിന്റെ മറുവശം അഥവാ സ്വന്തം വര്‍ഗത്തില്‍ പെട്ടവര്‍ സത്യത്തിനും നീതിക്കും മാനവികതക്കുമെതിരായി നില്‍ക്കുമ്പോള്‍ അവരെ സ്വന്തം വര്‍ഗത്തില്‍ പെട്ടവരെന്ന കാരണം കൊണ്ടുമാത്രം പിന്തുണക്കുന്നത് വര്‍ഗീയതയുടെ ഒരു വശമാണ്. വിശുദ്ധ ക്വുര്‍ആന്‍ ഈ വിഷയത്തില്‍ ശരിയായ ദിശ കാണിക്കുന്നുണ്ട്: 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതിനിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. കക്ഷി ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു''(4:135). 

മറ്റൊരു വചനം കാണുക: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു''(5:8).

പ്രവാചകന്‍ മൂസാൗയുടെ ചരിത്രം വിവരിക്കുമ്പോള്‍ ക്വുര്‍ആന്‍ ഒരു സംഭവം പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വര്‍ഗമായ ബനൂഇസ്റാഈല്‍ വിഭാഗത്തില്‍ പെട്ട ഒരാള്‍ കോപ്റ്റിക് വംശത്തില്‍ പെട്ട ഒരാളുമായി ശണ്ഠയില്‍ ഏര്‍പ്പെടുകയും മൂസാൗയെ കണ്ടപ്പോള്‍ സഹായം അര്‍ഥിക്കുകയും മൂസാൗ അയാളെ സഹായിക്കുകയും അതില്‍ കോപ്റ്റിക് വംശക്കാരന്‍ മരണപ്പെടുകയും ചെയ്തു. പിറ്റേ ദിവസം അതെ ബനൂഇസ്‌റാഈലുകാരന്‍ മറ്റൊരു കോപ്റ്റിക് വംശജനുമായി ശണ്ഠ കൂടുന്നത് കണ്ടപ്പോള്‍ മൂസാൗ യഥാര്‍ഥ അക്രമി സ്വന്തം വിഭാഗത്തില്‍ പെട്ടവനാണെന്നു മനസ്സിലാക്കി അയാള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയാണുണ്ടായത്. വര്‍ഗീയതയ്ക്ക് ഒരു വിശ്വാസിയില്‍ യാതൊരു സ്ഥാനവുമില്ലെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു. മുഹമ്മദ് നബിﷺ പറഞ്ഞതായി ഇമാം മുസ്ലിം രേഖപ്പെടുത്തുന്നു: 'വര്‍ഗീയതയിലേക്ക് ക്ഷണിക്കുകയോ വര്‍ഗീയതയെ സഹായിക്കുകയോ ചെയ്തുകൊണ്ടാണ് ഒരാള്‍ കൊല്ലപ്പെടുന്നതെങ്കില്‍ അയാളുടെ മരണം അജ്ഞാനകാലത്തെ മരണമാകുന്നു.''വര്‍ഗീയമായ മനസ്സുള്ള ഒരാള്‍ക്ക് ഇസ്ലാമിക ആദര്‍ശം സ്വീകരിച്ച് ജീവിക്കാന്‍ സാധ്യമല്ല എന്നാണ് ഇതെല്ലാം പഠിപ്പിക്കുന്നത്. 

ഇസ്ലാം വര്‍ഗീയതയെ അംഗീകരിക്കുന്നില്ലെന്ന് നാം മനസ്സിലാക്കിയതുപോലെ തന്നെ ഇന്ത്യയിലെ ഇതര മതങ്ങളും വര്‍ഗീയതയെ അംഗീകരിക്കുന്നില്ല. ഇന്ത്യയില്‍ മഹാഭൂരിപക്ഷം ഹൈന്ദവ ജനവിഭാഗങ്ങളാണ് ജീവിക്കുന്നത്. അവര്‍ വര്‍ഗീയമായി ചിന്തിക്കുന്നവരല്ല. വിവിധ മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ ജീവിക്കുന്ന നാടാണ് നമ്മുടേത്. വിവിധ മതങ്ങളുടെ സംഗമഭൂമിയാണത്. 'സകല ലോകങ്ങളെക്കാളും സുന്ദരമാണെന്റെ ഇന്ത്യ, നാം ആ പൂവാടിയിലെ രാപ്പാടികള്‍ മാത്രം, വൈവിധ്യമാര്‍ന്ന വിശ്വാസങ്ങള്‍ വിദ്വേഷമല്ല പഠിപ്പിക്കുന്നത്. നാമെല്ലാം ഇന്ത്യക്കാര്‍; ഇന്ത്യ നമ്മുടെ മാതൃഭൂമി' എന്ന ആശയം പഠിപ്പിക്കുന്ന 'സാരേ ജഹാം സേ അച്ഛാ, ഹിന്ദോസ്താം ഹമാരാ, ഹം ബുല്‍ബുലേം ഹേം ഇസ്‌കീ, യഹ് ഗുല്‍സിതാം ഹമാരാ, മസ്ഹബ് നഹീം സിഖാതാ, ആപസ് മേം ബൈര്‍ രഖ്നാ, ഹിന്ദീ ഹേം ഹം വതന്‍ ഹേം, ഹിന്ദോസ്താം ഹമാരാ' എന്ന ഇഖ്ബാലിന്റെ സുപ്രസിദ്ധമായ വരികള്‍ രാജ്യത്തിന്റെ ബഹുസ്വരവും വൈവിധ്യവും വിളിച്ചോതുന്നു. നൂറ്റാണ്ടുകള്‍ ഇന്ത്യ മുസ്ലിംകളും വിവിധ സാമ്രാജ്യത്വ ശക്തികളും ഭരിച്ചിട്ടും ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വമെന്ന സങ്കല്പത്തെ തകര്‍ക്കാനോ വര്‍ഗീയതയെ കുടിയിരുത്താനോ ആര്‍ക്കും സാധിച്ചിട്ടില്ല. അത്രമാത്രം സുശക്തമാണ് നമ്മുടെ രാജ്യത്തിന്റെ മതേതരമനസ്സ്.  

മത സംസ്‌കാര വൈവിധ്യങ്ങളെ നിരാകരിക്കാനോ അവയ്ക്ക് ഏകശിലാത്മകമായ നിയമങ്ങള്‍ ആവിഷ്‌കരിക്കാനോ ആയിരുന്നില്ല ഭാരതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ രാഷ്ട്രശില്‍പികള്‍ ശ്രമിച്ചിരുന്നത്. വിവിധ വര്‍ണങ്ങളും വര്‍ഗങ്ങളും അധിവസിക്കുന്ന പൂങ്കാവനത്തിലെ വൈജാത്യങ്ങളെ അംഗീകരിച്ചും പരസ്പരം നുകര്‍ന്നും പുണര്‍ന്നും പരസ്പര സഹകരണത്തോടെ രാജ്യം ലക്ഷ്യമാക്കുന്ന സമാധാനവും സുരക്ഷിതത്വവും നേടിയെടുക്കുകയും അതേ സമയം വര്‍ണങ്ങളും സുഗന്ധങ്ങളും വാരി വിതറുന്ന പൂവാടിയിലെ ഓരോ ചെടികളുടെയും അസ്തിത്വത്തിനു വളവും വെള്ളവും നല്‍കി അവയെ നിലനിര്‍ത്തുകയും ചെയ്യുകയെന്ന വലിയ ദൗത്യമാണ് അവര്‍ നിര്‍വഹിച്ചു വന്നിരുന്നത്. ഇന്ത്യ ലോകത്തിനു സമ്മാനിച്ച മതേതരത്വത്തിനുള്ള വ്യഖ്യാനം വളരെ മഹത്തരമായ ഒന്നാണ്. മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും കടയ്ക്കല്‍ കത്തി വെക്കുകയല്ല; മറിച്ച് അവയ്‌ക്കെല്ലാം വികസിക്കാനും വളര്‍ന്നു പന്തലിക്കുവാനുമുള്ള അവസരം നല്‍കുകയെന്നതാണ് ഇന്ത്യ പഠിപ്പിച്ച മതേതരത്വം. ആവിഷ്‌കാരത്തിനും അഭിപ്രായത്തിനുമുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ മൗലികമായ അവകാശമായി ഇന്ത്യ കാണുന്നു. 

രാഷ്ട്രശില്‍പികള്‍ രൂപകല്‍പന ചെയ്ത ഇന്ത്യ ഇതാണെങ്കില്‍ ഇന്ത്യയെ വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഒരു ഹിന്ദുത്വരാഷ്ട്രമാക്കാനുള്ള ഭഗീരഥ യത്‌നത്തിലാണ് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ ശക്തികള്‍. ഇതര മതങ്ങളെയും സംസ്‌കാരങ്ങളെയും ഇല്ലായ്മ ചെയ്തു ഏകശിലാത്മകമായ മതവും സംസ്‌കാരവും രാജ്യത്തിനുമേല്‍ അടിച്ചേല്‍പിക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങളും പദ്ധതികളും അവര്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മതേതര സംഘടനകളുടെ ദൗര്‍ബല്യങ്ങളും അനൈക്യവും മുതലെടുത്ത് ഒരു 'അച്ഛാ ദിന്‍' സ്വപ്‌നം കാണാന്‍ രാജ്യത്തെ പാമരന്മാരായ ജനങ്ങളെ പഠിപ്പിച്ച് ഇന്ത്യയെ സ്വര്‍ണം വിളയിക്കുന്ന രാജ്യമാക്കുമെന്നു പറഞ്ഞ് മോഹിപ്പിച്ചുകൊണ്ടാണ് സംഘപരിവാര്‍ മുന്നണി അധികാരത്തിലേറിയത്. സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ ന്യൂനപക്ഷങ്ങളും ദളിതുകളും വേട്ടയാടപ്പെട്ടു തുടങ്ങി. അവര്‍ക്ക് വേണ്ടി ശബ്ദിച്ച പല എഴുത്തുകാരും ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും കൊലചെയ്യപ്പെട്ടു. നിരപരാധികളായ മഹാഭൂരിപക്ഷം ഹിന്ദുക്കളുടെ പേരില്‍ ന്യൂനപക്ഷം വരുന്ന ഫാഷിസ്റ്റുകളുടെ നേതൃത്വത്തില്‍ 'ഹിന്ദുത്വം' അഴിഞ്ഞാടി. വര്‍ഗീയത ഫണം നിവര്‍ത്തി ആടിത്തിമിര്‍ത്തു. പിഞ്ചുകുട്ടികള്‍ പോലും മതത്തിന്റെ പേരില്‍ ക്രൂരമായി വധിക്കപ്പെട്ടു. 

രാജ്യത്തെ മഹാഭൂരിപക്ഷമായ മതേതര ജനതക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളാണ് ഫാഷിസ്റ്റുകളുടെ ഈ കുതിപ്പിന് കാരണം. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഭിന്നിച്ചു പോവുകയും കേവലം ചില ആശയപരമായ ഭിന്നതയുടെ പേരില്‍ പരസ്പരം സഹകരിക്കാതിരിക്കുകയും വ്യക്തികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കാരണം പിളര്‍ന്നു പിളര്‍ന്നു ഗ്രൂപ്പുകളായിത്തീരുകയും ചെയ്യുന്ന സ്ഥിതി വന്നപ്പോള്‍ ഫാഷിസ്റ്റുകള്‍ക്ക് പിടിച്ചുകയറാനുള്ള ഒരു ഏണിയായി അത് മാറി. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വ്യാപകമായ അഴിമതികള്‍ ഉണ്ടെന്നു സമര്‍ഥിക്കാന്‍ ഫാഷിസ്റ്റുകള്‍ക്ക് സാധിച്ചതോടെ മതേതര പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും തകര്‍ന്നു തരിപ്പണമായി. ഇന്ത്യയിലെ ഹൈന്ദവ സമുദായം ഉള്‍ക്കൊള്ളുന്ന മഹാഭൂരിപക്ഷം സുശക്തമായ ഒരു രാഷ്ട്രത്തിനു വേണ്ടി മതേതര ആശയങ്ങള്‍ അംഗീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഫാഷിസ്റ്റുകള്‍ക്ക് ശക്തമായ സ്വാധീനം ഉണ്ടെന്ന് അവര്‍ അവകാശപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഹൈന്ദവ സമുദായത്തിലെ മതേതരവിശ്വാസികളുടെ വോട്ടുകള്‍ ഛിന്നഭിന്നമായത് മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ ഈഗോ ക്ലാഷുകള്‍ നിമിത്തം മാത്രമാണ്. അത് പരിഹരിക്കപ്പെടണമെങ്കില്‍ രാഷ്ട്രശില്‍പികള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യബോധം ആദര്‍ശമായി സ്വീകരിച്ച നിഷ്‌കാമികളുടെ നേതൃത്വം മതേതര പ്രസ്ഥാനങ്ങള്‍ക്ക് അനിവാര്യമാണ്. പരസ്പരമുള്ള കുതികാല്‍വെട്ടും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും ഉപേക്ഷിച്ച് രാജ്യതാല്‍പര്യത്തിനു വേണ്ടി ഉറച്ചു നില്‍ക്കാനുള്ള മനക്കരുത്ത് നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് ഉണ്ടാവണം. 

രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം വര്‍ഗീയത നിറഞ്ഞാടിയ വളരെ ഭീതിതമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോയത്. മതേതര ജനാധിപത്യ കക്ഷികള്‍ ഭിന്നതകള്‍ മാറ്റിവെച്ച് സംഘപരിവാറിന്റെ ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയുക എന്ന ആത്യന്തിക ലക്ഷ്യം മുന്‍നിര്‍ത്തി വിശാലമുന്നണി രൂപീകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. മത സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അരാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മാറ്റിവെച്ച് ഇത്തരം വിശാലമുന്നണികളെ സക്രിയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ട് വരികയും വേണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയും എസ്.പിയും ചേര്‍ന്ന് മഹാസഖ്യം പ്രഖ്യാപിച്ചത് ആശാവഹമാണ്. കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത സീറ്റുകളില്‍ അവര്‍ക്കെതിരെ എസ്.പിയും ബി.എസ്.പിയും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതും വളരെ നല്ല കാര്യമാണ്. പക്ഷേ, യു.പിയിലെ 80 സീറ്റുകളിലും കോണ്‍ഗ്രസ്സ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മതേതര മുന്നണിയില്‍ വിള്ളലുണ്ടാക്കുമെന്നു തിരിച്ചറിഞ്ഞു യു.പി യിലെ മഹാസഖ്യത്തിന്റെ ഭാഗമായി നില്‍ക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടായേക്കാം. ഇടതു കക്ഷികളും ആം ആദ്മിയെ പോലെയുള്ള പാര്‍ട്ടികളും വിശാല മുന്നണിയുടെ ഭാഗമായി നില്‍ക്കാനാണ് ശ്രമിക്കേണ്ടത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.പി.യില്‍ ബി.ജെ.പിക്ക് ലഭിച്ചത് 42.3% വോട്ടുകള്‍ മാത്രമാണ്. അതേസമയം ബി. എസ്.പിയും എസ്.പിയും പരസ്പരം മത്സരിച്ച് നേടിയത് 41.8% വോട്ടുകളും. കോണ്‍ഗ്രസ്സും ഇടതുപക്ഷവും മറ്റു പാര്‍ട്ടികളും ഒരുമിച്ച് നിന്നാല്‍ വളരെ എളുപ്പം സംഘപരിവാര്‍ ശക്തികളെ തൂത്തെറിയാന്‍ സാധിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

എല്ലാ മതവിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള അനുച്ഛേദങ്ങള്‍ മതസ്വാതന്ത്ര്യത്തെ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. ഇഷ്ടമുള്ള മതം വിശ്വസിക്കുന്നതും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതും അത് പ്രബോധനം ചെയ്യുന്നതും അതിനുവേണ്ടി സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതുമെല്ലാം മൗലികാവകാശമായി ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അവകാശങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ എല്ലാ മതങ്ങള്‍ക്കും അവകാശം നല്‍കുകയും മതപരിഗണനകള്‍ കൂടാതെ പൗരന്മാര്‍ക്ക് അവകാശവും സ്വാതന്ത്ര്യവും സംരക്ഷണവും നല്‍കുന്ന ഒരു മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തണം. ഓരോരുത്തര്‍ക്കും അവര്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും മതമൊന്നും വേണ്ടെന്നു വിശ്വസിക്കുന്നവര്‍ക്ക് മതനിരാസത്തെ അംഗീകരിക്കാനും ദൈവവിശ്വാസികള്‍ക്ക് ദൈവ വിശ്വാസത്തെ പ്രചരിപ്പിക്കാനും നിരീശ്വരവാദികള്‍ക്ക് നിരീശ്വരത്വത്തെ പ്രബോധനം ചെയ്യാനും മതത്തിന്റെ മതില്‍കെട്ടുകളെ ഉള്‍കൊള്ളാന്‍ സാധിക്കാത്തവര്‍ക്ക് നിര്‍മതവാദത്തെ പ്രോത്സാഹിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. ഈ വൈവിധ്യം രാജ്യത്ത് നിലനിന്നെങ്കില്‍ മാത്രമെ നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെ പ്രഖ്യാപിത മുദ്രാവാക്യത്തിന് പ്രസക്തിയുണ്ടാവുകയുള്ളൂ. 

വര്‍ഗീയതക്കെതിരെ നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പോലെ തന്നെ ന്യൂനപക്ഷ വര്‍ഗീയതയെയും തുറന്നെതിര്‍ക്കേണ്ടതുണ്ട്. ഭൂരിപക്ഷ തീവ്രവാദം പോലെ തന്നെ ന്യൂനപക്ഷ തീവ്രവാദവും വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. രാജ്യം മുസ്‌ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് നീതിയും നിയമപരിരക്ഷയും നല്‍കുമ്പോള്‍ ഏതാനും ഫാഷിസ്റ്റുകള്‍ കാണിക്കുന്ന അതിക്രമങ്ങളെ നേരിടാന്‍ നിയമം കയ്യിലെടുത്ത് അരാജകത്വം സൃഷ്ടിക്കുന്നത് നീതീകരിക്കാന്‍ സാധിക്കില്ല. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും കുഴപ്പങ്ങള്‍ സൃഷ്ടിച്ചും ഭരണഘടനാ സ്ഥാപനങ്ങളെ പോലും വെല്ലുവിളിച്ചും ജുഡീഷ്യറിയെ അവഹേളിച്ചും കോടതികളിലേക്ക് മാര്‍ച്ച് നടത്തിയും നടത്തപ്പെടുന്ന പ്രതിഷേധ പരിപാടികള്‍ക്കെതിരെ ന്യൂനപക്ഷങ്ങളില്‍ നിന്ന് തന്നെ ശക്തമായ ബോധവല്‍ക്കരണവും എതിര്‍പ്പുമുണ്ടാവേണ്ടതുണ്ട്. ന്യൂനപക്ഷങ്ങളെ ഇളക്കിവിട്ടുകൊണ്ട് ചില തീവ്രസംഘടനകള്‍ കാണിക്കുന്ന ഹാലിളക്കങ്ങളും കോപ്രായങ്ങളും വഴി ഹിന്ദുത്വ ഭീകരര്‍ക്കാണ് നേട്ടമുണ്ടാവുക. 

തീവ്രതയെ എതിര്‍ക്കുന്നവരെയൊക്കെ ഹൈന്ദവ ഫാഷിസ്റ്റുകളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീരുക്കളായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇവരില്‍ നിന്നും സമുദായത്തെ രക്ഷപ്പെടുത്തി സാമുദായിക സങ്കുചിതത്വവും വര്‍ഗീയവൈരവും അതിക്രമങ്ങളും ഇസ്ലാമിന് തികച്ചും വിരുദ്ധമാണെന്ന യാഥാര്‍ഥ്യം മുസ്ലിം ബഹുജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം യഥാര്‍ഥ മതപ്രബോധകര്‍ക്കുണ്ട്. ഫാഷിസ്റ്റുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കേണ്ടത് ഇരുട്ടിന്‍ മറവിലല്ല. അതിക്രമങ്ങളിലൂടെയോ അപ്രഖ്യാപിത ഹര്‍ത്താലുകളിലൂടെയോ അല്ല. ജനങ്ങളില്‍ ഭീതി വളര്‍ത്തിയുമല്ല. മറിച്ച് സുതാര്യമായ ബോധവല്‍ക്കരണത്തിലൂടെ രാജ്യത്തെ ഹൈന്ദവ, ക്രൈസ്തവ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളിലെ മതനിരപേക്ഷതയെ നെഞ്ചിലേറ്റിയ ഭൂരിപക്ഷം വരുന്ന ജനതയുടെ ഏകീകരണത്തിലൂടെയാണ് വേണ്ടത്. മതങ്ങള്‍ക്കിടയിലും സമുദായങ്ങള്‍ക്കിടയിലും പരസ്പര സംശയങ്ങള്‍ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കി പരസ്പര വിശ്വാസം ഉണ്ടാക്കി അയല്‍പക്കങ്ങളിലും നാട്ടുകൂട്ടങ്ങളിലും ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായ സൗഹൃദങ്ങള്‍ വളര്‍ത്തിയെടുത്തും മതേതരത്ത്വത്തെ പ്രചരിപ്പിക്കാനുള്ള പദ്ധതികളാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ഉണ്ടാവേണ്ടത്. 

മതം പഠിപ്പിക്കുന്നത് സമാധാനവും സഹനവും സഹിഷ്ണുതയുമാണ്. അറിയുന്നവരോ അറിയാത്തവരോ ആയ ആരോടും നിങ്ങള്‍ക്ക് ശാന്തിയും സമാധാനവുമുണ്ടാകട്ടെ എന്ന് പറയാനാണ് മതം പഠിപ്പിക്കുന്നത്. മനസ്സില്‍ തട്ടാത്ത ഒരു ഉപചാര വചനമല്ല, ആത്മാര്‍ഥമായ പ്രാര്‍ഥനയാണത്. അവിവേകികളില്‍ നിന്നും മോശമായ പ്രവണതകള്‍ ഉണ്ടായാല്‍ അവരോട് മോശമായി പ്രതികരിക്കുന്നതിനു പകരം സമാധാനം ആശംസിക്കാനാണ് ക്വുര്‍ആന്‍ ഉല്‍ബോധിപ്പിച്ചത്. ഇസ്ലാം എന്ന പദം തന്നെ സമാധാനം എന്ന മഹത്തായ ആശയത്തെയാണ് പ്രതിനിധീകരിക്കുന്നത്. സ്രഷ്ടാവിന് പൂര്‍ണമായും സമര്‍പ്പിക്കുക എന്നതാണ് മറ്റൊരു ആശയം. ഇസ്ലാമിനെ ഒരു ആദര്‍ശമായി സ്വീകരിക്കുന്ന വ്യക്തി അതിലൂടെ സ്വയം സമാധാനം കൈവരിക്കുകയും ഇതരര്‍ക്ക് സമാധാനം ഉറപ്പ് വരുത്തുകയുമാണ് ചെയ്യുന്നത്. 

വര്‍ഗീയതയുടെ സകല ചങ്ങലക്കെട്ടുകളും പൊട്ടിച്ചെറിഞ്ഞ്, രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ ഭിന്നതകളും ചേരിതിരിവുകളും സൃഷ്ടിക്കുന്ന മുഴുവന്‍ മതില്‍കെട്ടുകളെയും തകര്‍ത്തെറിഞ്ഞ് സൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയതക്കെതിരെ മതേതര കൂട്ടായ്മകള്‍ സൃഷ്ടിക്കാന്‍ നാം തയ്യാറാവുക; നമ്മുടെ നാടിന്റെ സുരക്ഷക്ക് വേണ്ടി.