മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും പരിഷ്‌ക്കരണ ചിന്തകളും

ഇ.യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2019 ഫെബ്രുവരി 16 1440 ജുമാദല്‍ ആഖിര്‍ 11

(മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി: 01)

കേരളത്തിലെ മുസ്‌ലിം സമുദായത്തെ വിശ്വാസപരമായും വിദ്യാഭ്യാസപരമായും പിന്നോട്ട് നയിച്ചതില്‍ ഇവിടുത്തെ പുരോഹിത-പണ്ഡിത വര്‍ഗത്തിന്റെ പങ്ക് തുല്യതയില്ലാത്തതാണ്. നവോത്ഥാനത്തിന്റെ കണക്കെടുപ്പ് നടക്കുമ്പോഴെല്ലാം പുരോഗമന പ്രസ്ഥാനങ്ങളില്‍ മാത്രം പേരുകള്‍ വന്ന് നിറയുന്നത് ഇവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇതിനെ മറികടക്കാന്‍ പുരോഹിതവര്‍ഗം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് മണ്‍മറഞ്ഞ നവോത്ഥാന നായകരുടെ ചരിത്രത്തിന് പുനര്‍രചന നിര്‍വഹിക്കുക എന്നത്.അതില്‍ ഏറ്റവും പ്രധാനിയാണ് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ചാലിലകത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ചരിത്രപരമായ അവലോകനം.

മലപ്പുറം ജില്ലയിലെ മുട്ടിപ്പടിയിലെ സമസ്തയുടെ സ്ഥാപനത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിക്കൊണ്ട് പുതുവര്‍ഷത്തലേന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വസ്തുതാപരമായ ചില പരാമര്‍ശങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. മുസ്‌ലിം നവോത്ഥാനത്തിന്റെ വക്താക്കളായി അദ്ദേഹം തെളിവുകള്‍ സഹിതം സമര്‍ഥിച്ചത് വക്കം അബ്ദുല്‍ഖാദിര്‍ മൗലവി, സയ്യിദ് സനാഉല്ലാ മക്വ്ദി തങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ്ഹാജി തുടങ്ങിയവെരയാണ്. ശുദ്ധമായ മലയാള ഭാഷക്ക് വേണ്ടി ഇവര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ സംസാരം അക്ഷരാര്‍ഥത്തില്‍ സദസ്സില്‍ ഉണ്ടായിരുന്ന സമസ്ത ബറെലവി വിഭാഗം പുരോഹിതന്മാരെ പ്രതിസന്ധിയിലാക്കി. കാരണം ചരിത്രപരമായ ഈ യാഥാര്‍ഥ്യങ്ങളെ തമസ്‌കരിക്കാന്‍ പാടുപെടുന്നവരായിരുന്നു അവര്‍. പ്രസംഗിക്കുന്നത് മുഖ്യമന്ത്രിയായതിനാല്‍ തുണ്ട് കൊടുത്ത് പ്രസംഗം അവസാനിപ്പിക്കാനും മൈക്ക് ഓഫ് ചെയ്ത് തടസ്സപ്പെടുത്താനും സാധിക്കാത്ത അവസ്ഥ. 

തനിക്ക് ലഭിച്ച സമയത്തിനുള്ളില്‍ കേരള മുസ്‌ലിം നവോത്ഥാനത്തിനും ശുദ്ധമായ മലയാള ഭാഷക്കും സ്ത്രീ വിദ്യാഭ്യാസത്തിനും മറ്റുമായി ഇസ്വ്‌ലാഹി കേരളത്തിന്റെ പ്രബുദ്ധരായ പൂര്‍വകാല നേതാക്കള്‍ നല്‍കിയ സേവനങ്ങളും അവരുടെ നാമങ്ങളും ഒന്നിനുപുറമെ ഒന്നായി മുഖ്യമന്ത്രി എണ്ണിയെണ്ണിപ്പറഞ്ഞപ്പോള്‍, സുന്നി കൈരളിയുടെ അമരക്കാരെന്ന് 'ഇമ്മിണി ബല്യ' ഗമയില്‍ കൂകിപ്പാടി കൊണ്ടുനടക്കുന്ന ഒരൊറ്റ സുന്നി/ബറെലവി നേതാക്കളുടെ നാമങ്ങളോ സേവനങ്ങളോ ഈ വേദിയില്‍ മരുന്നിനുപോലും പറഞ്ഞുകേട്ടില്ല. അങ്ങനെയൊരു നവോത്ഥാന പാരമ്പര്യം ഈ പുരോഹിതന്മാര്‍ക്കില്ല എന്നതു തന്നെയാണ് സത്യം. ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്ന ക്ഷുഭിതരായ പുരോഹിതന്മാര്‍ ഒന്നുംചെയ്യാനാവാതെ, പ്രതികരിക്കാന്‍പോലും കഴിയാതെ വേദിയിലിരുന്ന് ഞെരിപിരികൊള്ളുന്ന കാഴ്ച ലൈവായി മലയാളികള്‍ കണ്ടു. സംശയരഹിതമായ നിലയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരങ്ങളെ സാക്ഷിയാക്കി നടത്തിയ ഈ തുറന്നുപറച്ചിലോടെ വിണ്ടും ഒരു ചര്‍ച്ചക്ക് തുടക്കമിടുകയാണ്;

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ യഥാര്‍ഥ അവകാശികള്‍ ആരാണ്?

ആധുനിക മദ്‌റസാ സംവിധാനത്തിന്റെ കേരളത്തിലെ പ്രഥമ ആവിഷ്‌ക്കാരകന്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്.(1) ഇസ്വ്‌ലാഹി പ്രസ്ഥാനം കേരളത്തിന്റെ മണ്ണില്‍ അതിന്റെ തനതായ വേരുകള്‍ ഉറപ്പിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ സംഭാവനകളും ചിന്തകളും സമര്‍പ്പിച്ച മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന മഹാമനുഷ്യനെ വിസ്മരിച്ചുകൊണ്ട് ഒരു മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രം ഇവിടെ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. മൂന്നുമുഴത്തിനപ്പുറം മുസ്‌ലിം മനസ്സുകളുടെ ചിന്തകള്‍ കടന്നുപോകാന്‍ സാഹചര്യമില്ലാതെയിരുന്ന ഒരുകാലത്ത്, മദ്‌റസയുടെ 'മീം' എന്ന അക്ഷരം പോലും പരിചയമില്ലാത്ത ഒരു സമൂഹത്തിലാണ് ചാലിലകത്ത് ആദ്യമായി തന്റെ പരിഷ്‌ക്കരണത്തിന്റെ വിത്തുകള്‍ പാകിയത്. 

തന്റെ ശിഷ്യഗണങ്ങളില്‍ പ്രമുഖനായ കെ.എം മൗലവിയുടെ സഹായത്തോടെ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഉഴുത് മറിച്ച് പാകപ്പെടുത്തിയ കേരള ഭൂമികയില്‍ വിത്ത് വിതച്ച് നൂറുമേനി വിളവെടുത്തത് അദ്ദേഹത്തിന്റെ ജീവിതകാലത്ത് ശക്തരായ വിമര്‍ശകരായി നിലകൊണ്ടിരുന്ന പ്രതിപക്ഷമുന്നണിയിലെ പിന്‍തലമുറക്കാരായിരുന്നുവെന്നതും അനിഷേധ്യമാണ്. 1883ല്‍ തുടക്കമിട്ട വെല്ലൂര്‍ ബാക്വിയാതുസ്സ്വാലിഹാത്ത് അറബിക്കോളേജില്‍ 1887ല്‍ ഉപരിപഠനം നടത്തിയ പ്രതിഭയാണ് ചാലിലകത്ത്. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലും സ്ഥാപകനുമായിരുന്ന അബ്ദുല്‍ വഹാബ് ഹസ്രത്ത് അവര്‍കളുമായുള്ള വ്യക്തി ബന്ധം ചാലിലകത്തിന്റെ ജീവിതത്തില്‍ ഒട്ടനവധി നവീന ചിന്തകള്‍ക്ക് വഴിതുറക്കാന്‍ കാരണമായിട്ടുണ്ട്. 

1924ല്‍ ആലുവയില്‍ നടന്ന കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് അബ്ദുല്‍ജബ്ബാര്‍ ഹസ്രത്ത് അവര്‍കള്‍ ആയിരുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി കേരള ജംഇയ്യത്തുല്‍ ഉലമയെന്ന പണ്ഡിതസംഘടനക്കും ഈ യോഗത്തില്‍വെച്ച് രൂപംനല്‍കി. കേരള മുസ്‌ലിം ഐക്യസംഘവും കേരള ജംഇയ്യത്തുല്‍ഉലമയും യോജിച്ച് പ്രവര്‍ത്തിക്കാനും ഈ യോഗത്തില്‍ തീരുമാനമായത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. 

കേരളത്തിന്റെ ഭൂമികയില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനം അതിന്റെ പടയോട്ടം ആരംഭിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ചാലിലകത്ത് തന്റെ വ്യക്തിഗതമായ പരിശ്രമങ്ങള്‍ ആരംഭിച്ചത്. ഇസ്വ്‌ലാഹി സംഘടനകള്‍ക്ക് പുതിയ രൂപവും ഭാവവും പ്രത്യക്ഷപ്പെടുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ രംഗത്ത് ചില പുതുപുത്തന്‍ ചിന്തകള്‍ സമര്‍പ്പിച്ച പരിഷ്‌ക്കര്‍ത്താവ് എന്ന നിലയില്‍ ചാലിലകത്തിന്റെ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും. എന്നാല്‍ നിലവിലുള്ള എതെങ്കിലും ഇസ്വ്‌ലാഹി സംഘടനകളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തുന്നത് ന്യായമല്ലെന്ന പക്ഷത്തിനാണ് കൂടുതല്‍ പിന്‍ബലം. കേരളത്തിലെ ബറെലവി സുന്നികള്‍ അവരുടെ നേതാവായി ചാലിലകത്തിനെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കാറുണ്ട്. ഇതും നീതികരിക്കാനാവില്ല. ചാലിലകത്തിന്റെ കര്‍മശാസ്ത്ര പുസ്തകത്തില്‍ ക്വുനൂത്ത് ഉണ്ട്, അദ്ദേഹം മരണപ്പെട്ടപ്പോള്‍ കത്തപ്പുരകെട്ടി ക്വുര്‍ആന്‍ പാരായണം നടത്തി... തുടങ്ങിയവയാണ് അദ്ദേഹെത്ത 'സുന്നിയാക്കാന്‍' ശ്രമിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. 

ചോക്കും ബോര്‍ഡും ഡെസ്‌ക്കും ബഞ്ചും മാപ്പും ഗ്ലോബും ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ ആധുനിക മദ്‌റസാ സംവിധാനങ്ങള്‍ക്കെതിരില്‍ ശക്തമായ പ്രതിഷേധവും അപവാദപ്രചാരണങ്ങളുമായി രംഗം കലുഷിതമാക്കിയ ബറെലവി മുസ്‌ല്യാക്കള്‍ ചാലിലകത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നതിന്റെ ഗുട്ടന്‍സ് ഇനിയും മനസ്സിലായിട്ടില്ല. വക്വ്ഫ് സ്വത്ത് ഉപയോഗപ്പെടുത്തി അത്യാധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് രഹസ്യമായും പരസ്യമായും മദ്‌റസാ മാനേജര്‍ കൊയപ്പത്തൊടി മുഹമ്മദ് കുട്ടി ഹാജിയെ സമ്മര്‍ദത്തിലാക്കിയ പുരോഹിതന്മാര്‍ക്ക് എങ്ങനെയാണ് ചാലിലകത്തിന്റെ ഗുരുത്വവും പൊരുത്തവും അവകാശപ്പെടാനാവുക? ചാലിലകത്ത് തവസ്സുല്‍/ ഇസ്തിഗാസയെ അനുകൂലിച്ച, ദിക്ര്‍ ഹല്‍ക്വയില്‍ പങ്കെടുത്ത സുന്നിയായിരുന്നുവെന്ന വാദമുന്നയിച്ച് അദ്ദേഹത്തെ 'ബറെലവിയ്യത്തില്‍' തളച്ചിടാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹത്തെ കണക്കിന് ദ്രോഹിച്ചവരാണ്. കേരള മുസ്‌ലിം നവോത്ഥാനത്തിന് 'സുന്നി കൈരളിയുടെ സമഗ്ര സംഭാവനകള്‍' അവകാശപ്പെടാന്‍ ചാലിലകത്തെ മുന്നില്‍നിര്‍ത്തി ജാഥ നയിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ചിരിക്ക് വകനല്‍കുന്നുണ്ട്.

ബ്ലാക്ക് ബോര്‍ഡില്‍ ചോക്ക്‌കൊണ്ട് ക്വുര്‍ആന്‍ വചനങ്ങളും അറബിഭാഷയും എഴുതുമ്പോള്‍ ചോക്ക്‌പൊടി താഴെവീണതില്‍ ചവിട്ടുന്നത് 'ഹുറുമത്ത് കേടാ'ണെന്ന് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി ചാലിലകത്തിനെ വിമര്‍ശിച്ചവരുടെ പിന്‍ഗാമികള്‍ക്ക് ഇന്ന് ചോക്കും ബോര്‍ഡും പ്രാണവായുവിന് സമാനമാണ്. ബോര്‍ഡില്‍ ക്വുര്‍ആന്‍ വചനങ്ങള്‍ എഴുതുക, സ്ത്രീ അക്ഷരവിദ്യ അഭ്യസിക്കുക തുടങ്ങിയതിന്റെ മതവിധികള്‍ അന്വേഷിച്ച് പരക്കം പാഞ്ഞവരുടെ പിന്‍ഗാമികള്‍ ഇന്ന് എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിച്ചുകിട്ടാന്‍ തലസ്ഥാന നഗരിയില്‍ മന്ത്രിഭവനങ്ങള്‍ക്ക് മുന്നില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് കാത്തുകെട്ടിക്കിടക്കുന്ന കാഴ്ചയാണ്!

മതവിദ്യാഭ്യാസ രംഗത്ത് പുതുവിപ്ലവത്തിന് തുടക്കമിട്ട വാഴക്കാട് ദാറുല്‍ഉലൂമില്‍ ചാലിലകത്ത് പ്രയോഗവത്ക്കരിച്ച നവീന പരിഷ്‌ക്കരണങ്ങളെ അന്നുണ്ടായിരുന്ന പുരോഹിതന്മാര്‍ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്ത സംഭവം ബറെലവി സുന്നികളും രേഖപ്പെടുത്തിയിട്ടുണ്ട്: ''ഒരു പുതിയ സംരംഭം എന്ന നിലക്ക് സ്വാഭാവികമായും ഇതേക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും ഉടലെടുത്തു. ചില പണ്ഡിതന്മാരും സാധാരണക്കാരും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. അന്ധമായ എതിര്‍പ്പ് ചിലരെ നയിച്ചിരിക്കാമെങ്കിലും സൂക്ഷ്മശാലികളായ പണ്ഡിതന്മാര്‍ക്കുണ്ടായ ആശങ്ക മറ്റൊന്നായിരുന്നു. ഉന്നതമായ ഒരു ദര്‍സിനുവേണ്ടി വഖഫ് ചെയ്യപ്പെട്ട സ്വത്ത് ഇത്തരം സ്ഥാപനവത്ക്കരണത്തിനുപയോഗിക്കാമോ? ആദരവോടെ കാണേണ്ട ക്വുര്‍ആന്‍ വചനങ്ങള്‍ ബോര്‍ഡിലെഴുതിയാല്‍ അത് മായ്ക്കുമ്പോള്‍ പൊടിനിലത്തുവീഴുന്നതും അദബ്‌കേടാകില്ലേ? അനുവദനീയമാണെങ്കില്‍ പോലും അനഭിലഷണീയമായ കാര്യങ്ങളെ നിര്‍ബന്ധപൂര്‍വ്വം മാറ്റിനിര്‍ത്തിയിരുന്ന സൂക്ഷ്മശാലികളായ പണ്ഡിതന്മാരുടെ ഇത്തരം ആശങ്കകളാണ് എതിര്‍പ്പുകള്‍ രൂപപ്പെടാന്‍ കാരണം.''(2)

ഇന്ത്യയിലെ അറിയപ്പെടുന്ന മതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ മാതൃക പിന്‍തുടര്‍ന്നുകൊണ്ട് വാഴക്കാട് ദാറുല്‍ഉലൂം മദ്‌റസയെ നവീകരിക്കാന്‍ ഇറങ്ങിത്തിരിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ അപവാദങ്ങളും കുപ്രചരണങ്ങളുംകൊണ്ട് വീര്‍പ്പുമുട്ടിച്ചവരാണ് നിലവിലെ പൗരോഹിത്യ സമൂഹത്തിന്റെ മുന്‍തലമുറക്കാര്‍. ചാലിലകത്തിന്റെ സകലമാന പരിഷ്‌ക്കരണങ്ങളെയും സംശയത്തിന്റെ കണ്ണുകള്‍കൊണ്ടായിരുന്നു അവര്‍ വീക്ഷിച്ചിരുന്നത്. 'പാരമ്പര്യ ഇസ്‌ലാമിന്റെ തനിമ നഷ്ടപ്പെടുമോയെന്ന ആശങ്കയാണ്' ചാലിലകത്തിനെ ശ്വാസം മുട്ടിച്ച് പുകച്ചു ചാടിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കുണ്ടായിരുന്നതെന്ന് ഇവര്‍ ആലങ്കാരികമായി പറയാറുണ്ടെങ്കിലും അജ്ഞതയും അസൂയയുമായിരുന്നു ഈ കോലാഹലത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്ന് നമുക്ക് ഗ്രഹിക്കാവുന്നതേയുള്ളു. ചാലിലകത്തിന്റെ അത്യാധുനിക പരിഷ്‌ക്കാരങ്ങളെപ്പറ്റി പൊടിപ്പും തൊങ്ങലും വെച്ച അപവാദങ്ങളും കല്ലുവെച്ച നുണകളും പൗരോഹിത്യം വ്യാപകമായി പ്രചരിപ്പിച്ചു. 

പ്രമുഖ മതവിദ്യാഭ്യാസ കേന്ദ്രമായിരുന്ന പൊന്നാനിയിലെ, പണ്ഡിത സമൂഹത്തെക്കൊണ്ട് ചാലിലകത്തിന്റെ പരിഷ്‌ക്കാരങ്ങളെ പരിശോധിപ്പിച്ച് അംഗീകാരം വാങ്ങിക്കാന്‍ സ്ഥാപനത്തിന്റെ മാനേജര്‍ നിര്‍ബന്ധിതനായി: ''പുതിയ മദ്‌റസയെക്കുറിച്ച് അന്വേഷിച്ച് പഠിക്കാന്‍ അന്നത്തെ പ്രഗത്ഭന്മാരായ പണ്ഡിതന്മാര്‍ വാഴക്കാട്ടെത്തി. പൊന്നാനി മഖ്ദൂം ചെറിയബാവ മുസ്‌ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, കട്ടിലശ്ശേരി ആലിമുസ്‌ലിയാര്‍, രായിന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. അവര്‍ മദ്‌റസയെക്കുറിച്ച് ശരിക്കും പഠനം നടത്തി. കുട്ടികളെ പരിശോധിക്കുകയും സിലബസ് ചെക്കുചെയ്യുകയും ചെയ്തു. കുഴപ്പമൊന്നുമില്ലായെന്ന് കണ്ടപ്പോള്‍ അവര്‍ അത് സമൂഹത്തോട് തുറന്നുപറഞ്ഞു. അതോടെ, ദാറുല്‍ ഉലൂമിലേക്ക് പഠിക്കാനായി വിദ്യാര്‍ഥികളുടെ പ്രവാഹമായിരുന്നു...''(3)

അപവാദ പ്രചാരണം കൊണ്ട് ചാലിലകത്തിനെ പുറത്ത് ചാടിക്കാനുള്ള കരുക്കള്‍ പൗരോഹിത്യം നീക്കിയെന്നത് 'വഹാബികളുടെ' വക കെട്ടുകഥയല്ലെന്ന് ഒരിക്കല്‍കൂടി വ്യക്തം. ചാലിലകത്തിന്റെ നവോത്ഥാനത്തിന്റെ യഥാര്‍ഥ പിന്‍ഗാമികളെ തേടിയിറങ്ങുന്നവര്‍ ഈ സംഭവങ്ങളുടെ പിതൃത്വം കൂടി ഉറപ്പുവരുത്തുന്നത് ഉചിതമാണന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ.

മൗലാനാ ചാലിലകത്ത് നായകനായിരുന്ന വാഴക്കാട് ദാറുല്‍ഉലൂമിന്റെ യഥാര്‍ഥ സ്വഭാവവും അവിടെ നടന്നുവന്നിരുന്ന പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് പ്രമുഖ പണ്ഡിതനും പ്രതിഭയുമായിരുന്ന, ചാലിലകത്തിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ ശിഷ്യനായി വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിച്ചുവളര്‍ന്ന കുറ്റ്യാടിയിലെ അബ്ദുറഹീം മൗലവി ഇങ്ങനെ രേഖപ്പെടുത്തുന്നതായി വായിക്കാം: ''ഈയുള്ളവന്‍ കെ.എം മൗലവിയെ ഒന്നാമതായി കണ്ടതും പരിചയപ്പെട്ടതും വാഴക്കാട് ദാറുല്‍ഉലൂം മദ്‌റസയില്‍ വെച്ചാണ്. അന്ന് ഞാന്‍ പ്രാഥമിക വിദ്യാലയത്തിലെ ഒരു വിദ്യാര്‍ഥി ആയിരുന്നു. വാഴക്കാട് പുരാതനകാലം മുതല്‍ ദര്‍സ് നടന്നുവരുന്ന ഒരു കുഗ്രാമമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. പേരും പെരുമയുമുള്ള കൊയപ്പത്തൊടി തറവാട്ടുകാരാണ് അതിന്റെ ഭാരവാഹികള്‍. ഇടക്കാലത്ത് അതിന്റെ മാനേജര്‍ പരേതനായ മുഹമ്മദ്കുട്ടി ഹാജി ആയിരുന്നു. അദ്ദേഹം വലിയ ധര്‍മിഷ്ഠനും ധനികനുമായിരുന്നു. അദ്ദേഹത്തിന് മദ്‌റസ നല്ലനിലയില്‍ നടത്താന്‍ ആശവന്നു. ഒരു മഹാപണ്ഡിതനെ കുറിച്ച് അന്വേഷിച്ചു. അക്കാലത്ത് കേരളത്തില്‍ വിവിധ കലകളില്‍ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അവര്‍കളെ വരുത്തി ദാറുല്‍ ഉലൂമിന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനം നല്‍കി. അന്ന് തൊട്ട് ദര്‍സിന്റെ നില ശ്രുതിപ്പെട്ടു.

കേരളത്തിലെ മറ്റ് ദര്‍സുകളിലൊന്നും ഇല്ലാത്ത അനേകം സഹായ ഫണ്ടുകള്‍ വാഴക്കാട് തുടങ്ങിയിട്ടുണ്ടെന്ന് കേട്ട് അനേകം വിദ്യാര്‍ഥികള്‍ വന്നുചേര്‍ന്നു. കൂട്ടത്തില്‍ കെ.എം.മൗലവിയും ഉണ്ടായിരുന്നു. ഉയര്‍ന്ന പണ്ഡിതന്മാരായിരുന്ന സുലൈമാന്‍ മൗലവി, ചെറുശ്ശേരി അഹ്മദ് മൗലവി, ഖുത്തുബി മുഹമ്മദ് മൗലവി മുതലായ അനേകം പേര്‍ ഉയര്‍ന്ന ക്ലാസ്സില്‍ വന്നുചേര്‍ന്നു. കെ.എം.മൗലവി, പി.കെ.മൂസാ മൗലവി, ഇ.മൊയ്തു മൗലവി, ഇ.കെ മൗലവി, പി.പി ഉണ്ണീന്‍ കുട്ടി മൗലവി, പി.കെ. യൂനുസ് മൗലവി ആദിയായവര്‍ രണ്ടാം നിരയിലും പഠിപ്പ് തുടങ്ങി. നൂറില്‍പരം വിദ്യാര്‍ഥികള്‍ ഉള്ള അന്നത്തെ നില എത്ര സ്തുത്യര്‍ഹം! തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, തസ്വവ്വുഫ്, മആനി, ബദീഅ് ആദിയായവക്ക് പുറമെ തര്‍ക്ക ശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമി ശാസ്ത്രം, സയന്‍സ്, ഗണിതശാസ്ത്രം മുതലായവ പഠിപ്പിക്കുന്നത് കാണാന്‍ പല ഭാഗത്ത് നിന്നും സന്ദര്‍ശകര്‍ വന്നുകൊണ്ടിരുന്നു. 

ഇക്കാലത്ത് കെ.എം മൗലവി സാഹിബ് പ്രിന്‍സിപ്പാളിന്റെ ഒരു പ്രൈവറ്റ് സെക്രട്ടറി എന്നോണം നിലകൊണ്ടിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്നുകൊണ്ടിരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി അയക്കുന്ന കാര്യത്തില്‍ മൗലാനയെ സഹായിച്ചത് കെ.എം മൗലവി ആയിരുന്നു. പരിഷ്‌കൃതാശയക്കാരനായ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ നവീനാശയക്കാരായ ശിഷ്യന്മാരോട് കൂടിയുള്ള പഠനം പുരോഗതിയില്‍നിന്നും പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരുന്നു. വാഴക്കാടും പരിസരപ്രദേശങ്ങളുമെല്ലാം ഉണര്‍ന്നു.

നവീന ശാസ്ത്രങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ആധുനിക ഉപകരണങ്ങള്‍ അത്യന്താപേക്ഷിതമാണല്ലോ. മൗലാനായുടെ നിര്‍ദേശമനുസരിച്ച് ഗ്ലോബുകളും അറ്റ്‌ലസുകളും വിവിധ മേഖലകളിലുള്ള ജന്തുക്കളുടെയും ജീവികളുടെയും ഫോട്ടോകളോടുകൂടിയുള്ള ചാര്‍ട്ടുകളും ഫറായിദ്-മുന്‍ജിദ്-ഖാമൂസുല്‍ അസ്‌രി തുടങ്ങിയ ഡിക്ഷ്ണറികളും കുതുബുഖാനക്ക് ആവശ്യമായ സര്‍വത്ര കിതാബുകളും മാനേജര്‍ വരുത്തിക്കൊടുത്തു. എന്നാല്‍ ഇതെല്ലാം സെലക്ട് ചെയ്യുന്ന പ്രധാനകൃത്യം നിര്‍വഹിച്ചിരുന്നത് കെ.എം മൗലവി സാഹിബായിരുന്നു. മൗലാനായുടെ ശിഷ്യഗണങ്ങളില്‍ ഒരു വിഭാഗത്തിന് ലൗകിക വിജ്ഞാനം കുറവാണെന്നും ചിലര്‍ക്ക് മലയാളം എഴുത്തും വായനയും അറിഞ്ഞുകൂടെന്നും മൗലാനക്ക് അനുഭവപ്പെട്ടു. 

ഈ ന്യൂനത ഉടനടി പരിഹരിക്കണമെന്നുറച്ച് സിലബസ്സില്‍ ചില മാറ്റങ്ങള്‍ വരുത്തി. കണക്കും മലയാളവും മറ്റ് അത്യാവശ്യ വിവരങ്ങളും പഠിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്തു. വലിയ പണ്ഡിതന്മാര്‍ മലയാളത്തിലെ ബാലപാഠങ്ങള്‍ പഠിക്കുന്നതും സ്ലേറ്റെടുത്ത് കണക്കുചെയ്യുന്നതും കൗതുകമുള്ള കാഴ്ചയായിരുന്നു. അധ്യാപനത്തില്‍ ഒരുപങ്ക് വഹിച്ചിരുന്നതും കെ.എം മൗലവി അവര്‍കളായിരുന്നു എന്ന വസ്തുത വിസ്മരിക്കാവതല്ല. കാലക്രമത്തില്‍ എല്ലാ വിദ്യാര്‍ഥികളും മലയാള സാഹിത്യത്തില്‍ നൈപുണ്യം സിദ്ധിച്ചവരായി തീര്‍ന്നു; പത്രവായനയില്‍ അഭിരുചിയുള്ളവരും.

മദ്‌റസയുടെ ക്രമപ്രവൃദ്ധമായ അഭിവൃദ്ധിയിലും ഉയര്‍ച്ചയിലും സന്തുഷ്ടനായിത്തീര്‍ന്ന മാനേജര്‍ ഒരുദിവസം പ്രിന്‍സിപ്പാളുമായുള്ള അഭിമുഖസംഭാഷണത്തില്‍ നാട്ടിലെ സാധാരണക്കാരായ ബാലികാ ബാലന്മാര്‍ക്ക് കൂടുതല്‍ ഫലവത്തായ ഒരു വിജ്ഞാന സമ്പാദന മാര്‍ഗം എന്താണ് എന്നന്വേഷിച്ചു. തന്നെ ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന ഒരുചിന്താവിഷയമാണ് അതെന്ന് മൗലാനാ പ്രതിവചിച്ചു. എന്നാല്‍ നിങ്ങള്‍ അനുകൂലിക്കുന്ന പക്ഷം ഞാന്‍ ഒരു പ്ലാന്‍ തയ്യാറാക്കി പഠനം ആരംഭിക്കാം എന്ന് മൗലാനാ പറഞ്ഞു. അതനുസരിച്ച് മദ്‌റസയില്‍ ബോര്‍ഡുകളും ഡസ്‌ക്കുകളും ബഞ്ചുകളും മറ്റും ഏര്‍പ്പെടുത്തി. ആസൂത്രിതമായ പദ്ധതിയനുസരിച്ച് പഠനം തുടങ്ങി. ഇതിനാവശ്യമായ പുസ്തകങ്ങളും രചിച്ചുതുടങ്ങി. വിശ്വാസപരമായ അത്യാവശ്യ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരുപുസ്തകം, ക്വുര്‍ആന്‍ എളുപ്പത്തില്‍ പഠിക്കാനുതകുന്ന ഒരു കൃതി, അറബി ഭാഷാ പഠനത്തിന് മൂന്ന് പുസ്തകം, കര്‍മശാസ്ത്രത്തില്‍ ഒന്ന്, നഹ്‌വില്‍(വ്യാകരണം)രണ്ട്... ഇത്രയും എഴുതി. പലതും വേഗം പ്രസിദ്ധീകരിച്ചു. 

ഇവയെല്ലാം കെ.എം മൗലവി സാഹിബിന്റെ കയ്യാല്‍ എഴുതിയുണ്ടാക്കിയതായിരുന്നു. തന്നിമിത്തം അദ്ദേഹത്തിന് കാതിബ്(എഴുത്തുകാരന്‍)എന്നുകൂടി ഒരുപേര് പ്രചരിച്ചിരുന്നു. മിക്ക രാത്രികളിലും മറ്റുള്ളവര്‍ സുഖനിദ്രകൊള്ളുമ്പോള്‍ മൗലാനായും കെ.എം മൗലവിയും ഉറക്കമൊഴിച്ച് ഗ്രന്ഥരചനയില്‍ വ്യാപൃതരായിക്കൊണ്ടിരുന്ന കാഴ്ച വിസ്മരിക്കാവതല്ല. വാഴക്കാട് മദ്‌റസയിലെ വിദ്യാര്‍ഥികളെ നാലുതരക്കാരായി തിരിച്ച് പഠനം ഊര്‍ജ്ജിതമായി നടത്തിവന്നു. ഈ പരിഷ്‌ക്കരണ വൃത്താന്തം നാടെങ്ങും പരന്നു. അത്തരം മദ്‌റസകള്‍ തങ്ങള്‍ക്കും വേണമെന്ന് പലനാട്ടുകാരും വന്ന് ആവശ്യപ്പെട്ടു. ഈ അഭ്യര്‍ഥന വടക്കേമലബാറുകാരില്‍നിന്നും ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ പരിശീലനം സിദ്ധിച്ച അധ്യാപകര്‍ തുലോം കുറവായിരുന്നു. ഇതിനുള്ള പരിഹാര മാര്‍ഗങ്ങളും മൗലാനാ ആരാഞ്ഞുകൊണ്ടിരുന്നു. വാഴക്കാട് മദ്‌റസയില്‍ അന്നത്തെ പ്രധാന അധ്യാപകര്‍ കെ.എം.മൗലവി, പി.കെ മൂസ മൗലവി, പി.എന്‍ മുഹമ്മദ് മൗലവി, ഇ.കെ മൗലവി, ഇ.മൊയ്തു മൗലവി, സി.എ അബ്ദുറഹ്മാന്‍ ഹാജി മുതലായവരായിരുന്നു.

താമസംവിനാ അയല്‍പ്രദേശങ്ങളിലും ഓരോ മദ്‌റസകള്‍ സ്ഥാപിതമായി. ഈ പുതിയ പഠന സമ്പ്രദായത്തില്‍ ജനങ്ങള്‍ ആകൃഷ്ടരായിത്തീര്‍ന്നു. അപ്പോഴേക്ക് യാഥാസ്ഥിതികരായ മുസ്‌ലിയാക്കള്‍ ഇളകിയാട്ടമായി. പല കുസൃതികളും പറഞ്ഞുപരത്തി. മദ്‌റസാ മാനേജറെ ദുര്‍ബോധപ്പെടുത്തി. വഖ്ഫിന്റെ സ്വത്ത് അതിന് ചെലവ് ചെയ്യാന്‍ പാടില്ലായെന്ന് വിധിച്ചു. ഒരുദിവസം മാനേജര്‍ മൗലാനയെ സമീപിച്ച് മുസ്‌ലിയാക്കളുടെ ആവലാതികള്‍ ഉണര്‍ത്തി. അതിന് മൗലാന പറഞ്ഞ മറുപടി ഇതായിരുന്നു: 'വളരെ നിലയും വിലയുമുള്ള ആലിമുകളെ വരുത്തി അവരെക്കൊണ്ട് പാഠപുസ്തകങ്ങള്‍ പരിശോധിപ്പിക്കുകയും പഠിക്കുന്ന കുട്ടികളെ പരീക്ഷിക്കുകയും ചെയ്യാം. തെറ്റുണ്ടെങ്കില്‍ നമുക്ക് ഈ സംരംഭം നിര്‍ത്താം. ഇല്ലെങ്കില്‍ തുടരാം.' മാനേജര്‍ സമ്മതിച്ചു. 

അടുത്തമാസത്തില്‍ മാനേജറുടെ വീട്ടില്‍ പൊന്നാനി മഖ്ദൂം ബാവ മുസ്‌ലിയാര്‍, കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, രായന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങി അനേകം ആലിമുകളെ വിളിച്ചുകൂട്ടി. അതൊരു വമ്പിച്ച സദസ്സായിരുന്നു. ആദ്യം കെ.എം മൗലവി സാഹിബ് ഒരു പ്രസ്താവനയോട്കൂടി പാഠപുസ്തകങ്ങള്‍ ആലിമുകള്‍ക്ക് സമര്‍പ്പിച്ചു. അവരില്‍ പലരും ഓരോന്നും പരിശോധിച്ചു. ഇതില്‍ തെറ്റില്ലെന്ന് മുക്തകണ്ഠം ഘോഷിച്ചു. അനന്തരം കുട്ടികളെ പരിശോധിക്കുവാന്‍ തുടങ്ങി. അന്ന് ഞാനും എം.സി.സി സഹോദരന്മാരും രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. ഞങ്ങളെ വിവിധ വിഷയങ്ങളില്‍ പരീക്ഷിച്ച് അവര്‍ സംതൃപ്തരായി. ഇത് വളരെ എളുപ്പമുള്ള രീതിയാണെന്നും അറബി വാചകങ്ങള്‍ നല്ല ഭാഷയില്‍ പരിഭാഷപ്പെടുത്താനും മലയാള വാചകങ്ങളെ അറബിയിലാക്കാനും എളുപ്പത്തില്‍ സാധിക്കുന്നുണ്ടെന്നും ഇത് പള്ളിദര്‍സുകളില്‍ നിന്നും ലഭിക്കുകയില്ലെന്നും മറ്റും അവര്‍ ഉച്ചൈസ്തരം പ്രസ്താവിച്ചു. സന്തോഷത്തോടെ യോഗം പിരിഞ്ഞു.

ഇതോടേ പുതിയ രീതിയുടെ ഖ്യാതി എങ്ങും പരന്നു. മൗലാനയെ വളപട്ടണത്ത് മദ്‌റസ സ്ഥാപനാര്‍ഥം ക്ഷണിച്ചുകൊണ്ടുപോയി. കൂട്ടത്തില്‍ കെ.എം മൗലവിയും ഉണ്ടായിരുന്നു. കണ്ണൂരിലും ഒരു മദ്സ തുടങ്ങാന്‍ ഏര്‍പ്പാട് ചെയ്തു. വളപട്ടണത്ത് ക്ലാസുകള്‍ തുടങ്ങാന്‍ ആദ്യം കെ.എം മൗലവി തന്നെ താമസിക്കേണ്ടിവന്നു. അക്കാലത്ത് ചില പ്രത്യേക കാരണങ്ങളാല്‍ മൗലാനാ വാഴക്കാട് ദര്‍സ് വിട്ടു. പിന്നെ മണ്ണാര്‍ക്കാട്ടാണ് ദര്‍സ് നടത്തിയത്.(4) (അവസാനിച്ചില്ല)

റഫറന്‍സ്:

1. ജനനം: 1866/1283 മരണം: 1919/1338 സഫര്‍ 5

2. പി.എ സ്വാദിഖ് ഫൈസി താനൂര്‍, പേജ്: 56 മൗലാനാ ചാലിലകത്ത്, മക്തി തങ്ങള്‍, നവോത്ഥാനത്തിന്റെ ദ്വിമാനങ്ങള്‍, ഇസ്‌ലാമിക് സാഹിത്യ അക്കാദമി, ഇസ്‌ലാമിക് സെന്റെര്‍, കോഴിക്കോട്- പ്രസാധനം: 2015

3. മോയിന്‍ ഹുദവി മലയമ്മ, പേജ്: 84, ചാലിലകത്തിന്റെ വിദ്യാഭ്യാസ പരിഷ്‌ക്കരണം

4. കെ.എം മൗലവി സ്മാരക ഗ്രന്ഥം, പേജ്: 74-78, ലേഖനം: സംഭവബഹുലമായ ജീവിതം, എം.അബ്ദുള്ളക്കുട്ടി മൗലവി കുറ്റ്യാടി, പ്രസാധനം: കെ.എം മൗലവി മെമ്മോറിയല്‍ ട്രസ്റ്റ് കമ്മിറ്റി, തിരൂരങ്ങാടി, പ്രിന്റ്: ചന്ദ്രികാ പ്രസ്സ്, കോഴിക്കോട്.