കുറ്റകൃത്യങ്ങളും മാധ്യമ അത്യുക്തിയും

സുഫ്‌യാന്‍ അബ്ദുസ്സലാം

2019 ഒക്ടോബര്‍ 26 1441 സഫര്‍ 27
സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കായി കുറ്റകൃത്യങ്ങള്‍ ആഘോഷിക്കുന്ന പ്രവണത മലയാള പത്രപ്രവര്‍ത്തനരംഗത്തും സജീവമാവുകയാണ്. പ്രതികളുടെയും പ്രതിസ്ഥാനത്ത് ആരോപിക്കുന്നവരുടെയും ആത്മാഭിമാനത്തെ പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യുന്ന സമീപനം എന്ത് മാധ്യമ നൈതികതയുടെ പേരിലായാലും നീതീകരിക്കത്തക്കതല്ല തന്നെ.

പതിനാറു വര്‍ഷങ്ങളില്‍ വ്യത്യസ്ത കാലങ്ങളിലായി കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ഒരു കുടുംബത്തില്‍ സംഭവിച്ച മരണങ്ങളുടെ കാരണങ്ങള്‍ തേടി കേരളപോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് കണ്ടെത്തിയ നിരീക്ഷണങ്ങള്‍ വളരെയധികം ഞെട്ടലുളവാക്കുന്നതാണ്. 2002 മുതലുള്ള മരണങ്ങള്‍ എല്ലാം തന്നെ സ്വാഭാവിക മരണങ്ങളാണെന്നാണ് കരുതപ്പെട്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പോലീസിന്റെ പ്രാഥമികാന്വേഷണ രേഖകള്‍ അവയെല്ലാം കൊലപാതകങ്ങളായിരുന്നുവെന്നാണ് പറയുന്നത്. കൊലപാതക കുറ്റകൃത്യത്തിന്റെ കേന്ദ്രബിന്ദു കുടുംബത്തില്‍ പെട്ട ഒരാള്‍ തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. പോലീസിന്റെ കണ്ടെത്തലുകള്‍ സത്യമാണെങ്കില്‍ സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണ്. കേരളത്തിന്റെ കുടുംബ സാമൂഹിക വ്യവസ്ഥിതികളില്‍ സംഭവിച്ച വിള്ളലുകളും വ്യക്തികളുടെ അപചയവും എത്രമാത്രം വലുതായിരിക്കുന്നുവെന്ന് അത് ബോധ്യപ്പെടുത്തുന്നുണ്ട്.

സ്വന്തം ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ പിതാവ്, മാതാവ് മറ്റു അടുത്ത ബന്ധുക്കള്‍ തുടങ്ങിയ വളരെ പ്രിയപ്പെട്ടവരെയും കൊന്നൊടുക്കുവാന്‍ ഒരു സ്ത്രീ മാനസികമായി തയ്യാറായതും സ്വന്തം കൈകള്‍ കൊണ്ട് തന്നെ കൃത്യം നിര്‍വഹിക്കുകയും ചെയ്തത് കൊണ്ട് മാത്രമല്ല; ഒന്നിന് പിറകെ ഓരോന്നായി അത് നിര്‍വഹിക്കാന്‍ മാത്രം ആ മനസ്സ് കരിമ്പാറയെക്കാള്‍ ഉറച്ചുപോയതും ഒരിക്കല്‍ പോലും കുറ്റകൃത്യത്തെ കുറിച്ച് അവര്‍ക്ക് മനസ്താപം തോന്നുകയും ചെയ്തില്ല എന്നതും അറിയുമ്പോള്‍ ദൈവം കനിഞ്ഞരുളിയ മനുഷ്യത്വം എന്ന സവിശേഷഗുണം ഒരു തരിമ്പ് പോലും ആ വ്യക്തിയില്‍ ഉണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലാക്കാന്‍ കഴിയുക?

ആസൂത്രിത കൊലപാതകങ്ങള്‍ കേരളത്തില്‍ ധാരാളം നടന്നിട്ടുണ്ട്. ചില കേസുകളില്‍ ഇതുവരെയും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ചില കേസുകളില്‍ പിടികൂടപ്പെട്ട പ്രതികളില്‍ ചിലര്‍ അപ്രത്യക്ഷരായ സംഭവങ്ങളുമുണ്ട്. മറ്റുചിലതില്‍ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുമുണ്ട്. മിക്ക കൊലപാതകങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് സാമ്പത്തിക ലക്ഷ്യങ്ങളാണ്. 1984ലെ വളരെ പ്രമാദമായ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ വധക്കേസില്‍ പ്രതിയായ സുകുമാരക്കുറുപ്പിനെ ഇന്നുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. മരണപ്പെട്ടത് സുകുമാരക്കുറുപ്പാന്നെന്നു വരുത്തിത്തീര്‍ത്ത് ഇന്‍ഷൂറന്‍സ് തുകയായ എട്ടു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. കേരളത്തില്‍ ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് എന്ന സ്ഥലത്തുകാരനായ സുകുമാരക്കുറുപ്പ് തന്റെ ഭാര്യയോടൊപ്പം ജോലിസ്ഥലമായ അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കേ, വേഗത്തില്‍ വലിയൊരു പണക്കാരനാകാനുള്ള പദ്ധതി അയാളുടെ മനസ്സില്‍ ഉദിച്ചു. ഇതിനോടനുബന്ധിച്ച്, അബുദാബിയില്‍ വച്ച് 301616 ദിര്‍ഹമിനുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസി അയാള്‍ എടുത്തു. തുടര്‍ന്ന്, താന്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്താന്‍ അയാള്‍ തീരുമാനിച്ചു. അങ്ങനെയാകുമ്പോള്‍, ഇന്‍ഷുറന്‍സ് തുക മുഴുവന്‍ അയാളുടെ ഭാര്യയ്ക്ക് കൈപ്പറ്റാമെന്നും തുടര്‍ന്ന് അവര്‍ക്ക് എവിടെയെങ്കിലും സുഖമായി ജീവിക്കാന്‍ സാധിക്കുമെന്നും കണക്കുകൂട്ടിയാണ് സുകുമാരക്കുറുപ്പിനോട് ഏകദേശം രൂപസാദൃശ്യം തോന്നിക്കുന്ന ചാക്കോയെ കാറില്‍ കയറ്റുകയും കാര്‍ പെട്രോള്‍ ഒഴിച്ച് ഒരു നെല്‍വയലിലേക്ക് തള്ളിയിടുകയും ചെയ്തത്. കാര്‍ കത്തി ചാക്കോ വെന്തുചാമ്പലായി. ഈ കേസില്‍ ഇപ്പോഴും സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

1980കളുടെ അവസാനത്തില്‍ ഉത്തരകേരളത്തില്‍ അരങ്ങേറിയ കൊലപാതകപരമ്പരയില്‍ കേരളം വിറങ്ങലിച്ചു. 'റിപ്പര്‍ ചന്ദ്രന്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുതുകുറ്റി ചന്ദ്രന്‍ പതിനഞ്ചോളം കൊലപാതകങ്ങള്‍ നടത്തിയത് തനിക്ക് നേരത്തെ പരിചയമുള്ളവരെയോ മറ്റെന്തെങ്കിലും ശത്രുതയുള്ളവരെയോ ആയിരുന്നില്ല. രാത്രിയുടെ മറവില്‍ പുരുഷന്മാരെ തലക്കടിച്ചു കൊല്ലും. സ്ത്രീകളെയാണെങ്കില്‍ തലക്കടിച്ചു വീഴ്ത്തി മദ്യം കുടിപ്പിച്ച് ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തും. ഇതായിരുന്നു ഒരു സൈക്കോ കൊലപാതകിയായിരുന്ന ചന്ദ്രന്റെ കൊലപാതക രീതി. 1888ല്‍ അമേരിക്കയില്‍ നിരവധി പേരെ തലക്കടിച്ചുകൊന്നു കുപ്രസിദ്ധി നേടിയ 'ജാക്ക് ദ റിപ്പര്‍' എന്ന അജ്ഞാത കൊലയാളിയുടെ കൊലപാതക രീതിയോട് സാമ്യമുള്ളതിനാലായിരുന്നു മുതുകുറ്റി ചന്ദ്രന്‍ 'റിപ്പര്‍ ചന്ദ്രന്‍' എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്. ചന്ദ്രനെയും ആദ്യം പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചന്ദ്രന്‍ തളിപ്പറമ്പിലെ ഒരു സ്ത്രീയെ നിഷ്ഠൂരമായി വധിച്ചത് നേരില്‍ കണ്ട സ്ത്രീയുടെ പിഞ്ചുബാലന്‍ പോലീസിന് നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ചന്ദ്രന്‍ പിടിക്കപ്പെടുന്നത്. 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചന്ദ്രനെ തൂക്കിലേറ്റി. പക്ഷേ, അതിനുമുമ്പ് നടന്ന ചില നാടകീയ സംഭവങ്ങള്‍ ചന്ദ്രനെപ്പോലുള്ളവര്‍ എങ്ങനെയാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് പ്രവേശിക്കുന്നതെന്ന് നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. തൂക്കിക്കൊല്ലുന്നതിനു മുമ്പായി അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോള്‍ അമ്മയെ കാണണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍ കോടതി അക്കാര്യം സാധിപ്പിച്ചുകൊടുത്തു. കരഞ്ഞുകൊണ്ട് അടുത്തുവന്ന അമ്മയെ ചന്ദ്രന്‍ വാരിപ്പുണര്‍ന്നു. പിടുത്തം മുറുകി. അമ്മയുടെ നിലവിളികേട്ട് ഓടിവന്ന പോലീസുകാര്‍ കണ്ടത് അമ്മയുടെ ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നതായിരുന്നു. താന്‍ സ്വന്തം അമ്മയോടെന്തിനിത് ചെയ്തുവെന്ന ചോദ്യത്തിന് കലങ്ങിയ കണ്ണുകളോടെ, ഇടറിയ ശബ്ദത്തോടെ ചന്ദ്രന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: 'ഈ തള്ളയാണ് എന്റെ ഈ അവസ്ഥയ്ക്ക് കാരണം. ചെറുപ്പത്തില്‍ ഞാന്‍ ചെയ്ത കൊച്ചു കൊച്ചു കള്ളത്തരങ്ങള്‍ ഇവര്‍ പ്രോത്സാഹിപ്പിച്ചു. കൂട്ടുകാരുടെ പേനയും പുസ്തകവും മോഷ്ടിച്ചുകൊണ്ടുവരുമ്പോള്‍ അവര്‍ എന്നെ തിരുത്തിയില്ല. പകരം പ്രോത്സാഹിപ്പിച്ചു. അന്നവര്‍ എന്നെ വിലക്കി നേര്‍വഴിക്ക് നടത്തിയിരുന്നുവെങ്കില്‍ എനിക്കിന്നീ ഗതി വരുമായിരുന്നില്ല.''അയാള്‍ ഏങ്ങലടിച്ചു കരഞ്ഞു.

1996 ജൂലൈ 11നായിരുന്നു കണ്ണൂര്‍ പയ്യന്നൂരിലെ കരാറുകാരനായിരുന്ന മുരളീധരനെ കാമുകി ഡോ. ഓമന കൊലപ്പെടുത്തുന്നത്. ഊട്ടിയിലെ റെയില്‍വേസ്റ്റേഷനിലെ വിശ്രമമുറിയില്‍ വെച്ച് വിഷം കുത്തിവെക്കുകയും പിന്നീട് ലോഡ്ജില്‍ വെച്ച് രക്തം കട്ടിയാവാനുള്ള മരുന്ന് കുത്തിവെക്കുകയും ചെയ്തുകൊണ്ടാണ് ഓമന മുരളീധരനെ വധിക്കുന്നത്. മുരളീധരന്‍ മറ്റൊരു വിവാഹം ചെയ്യുമെന്ന ധാരണയായിരുന്നു ഓമനയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. വധിച്ചതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി കേരളത്തിന്റെ പലഭാഗങ്ങളിലായി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുന്നതിനിടയില്‍ ടാക്‌സി ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഓമന പിടിക്കപ്പെടുന്നത്. 2001ല്‍ ജ്യാമത്തിലിറങ്ങിയ ഓമന പിന്നെ അപ്രത്യക്ഷയായി. ഇതുവരെയും ഓമനയെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

ഈ മൂന്നു സംഭവങ്ങള്‍ ഇവിടെ എടുത്തുപറയാനുള്ള കാരണം, കുറ്റകൃത്യങ്ങളിലേക്ക് കുറ്റവാളികളെന്ന് നാം വിളിക്കുന്നവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ ചൂണ്ടിക്കാണിക്കുവാനാണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍, ജീവിതാസ്വാദനം, രക്ഷിതാക്കളുടെ കുറ്റകരമായ അലംഭാവം, സമൂഹത്തോടുള്ള പക, വഴിവിട്ട ബന്ധങ്ങള്‍ തുടങ്ങിയവയാണ് പ്രേരകഘടകങ്ങളായി കാണാന്‍ കഴിയുക. ഭൗതികജീവിതത്തിലെ നൈമിഷിക സുഖങ്ങള്‍ നേടിയെടുക്കാനും ജീവിതകാലം മുഴുവനും സാമ്പത്തിക ഭദ്രത നേടിയെടുക്കാനും സുഖിച്ചുല്ലസിച്ച് ജീവിക്കുവാനുമുള്ള മനുഷ്യന്റെ പ്രകൃതിപരമായ ത്വരയാണ് ഇവിടെ യഥാര്‍ഥ കുറ്റവാളി. ഈ ഒരു ത്വര മനുഷ്യനില്‍ സ്വാഭാവികമായി ഉടലെടുക്കുന്നതാണ്.

മാനവചരിത്രത്തിലെ വിവിധ ദശാസന്ധികളെ പരിശോധിച്ചാല്‍ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനകാരണം ഭൗതികജീവിതത്തോടുള്ള മനുഷ്യന്റെ വീക്ഷണവും ജീവിതത്തിനു ശേഷമുള്ള പരലോകത്തെ കുറിച്ചുള്ള അറിവില്ലായ്മ, സംശയം, അവിശ്വാസം തുടങ്ങിയവയുമാണെന്നു നിരീക്ഷിക്കാന്‍ സാധിക്കും. മനുഷ്യനില്‍ അന്തര്‍ലീനമായിക്കിടക്കുന്ന കുറ്റകൃത്യങ്ങളെ ശമിപ്പിക്കുവാനും നിയന്ത്രിക്കുവാനും ശാന്തമായ മനസ്സുകൊണ്ട് മാത്രമെ സാധിക്കൂ. ശാന്തമായ മനസ്സ് നേടിയെടുക്കണമെങ്കില്‍ സ്രഷ്ടാവിനെ കുറിച്ചുള്ള സ്മരണയാണ് അനിവാര്യമായിട്ടുള്ളത്. ജീവിതത്തെ കുറിച്ചുള്ള യഥാര്‍ഥ വീക്ഷണം മനുഷ്യന് ലഭ്യമാവുന്നത് സ്രഷ്ടാവില്‍ നിന്നാണ്. സ്രഷ്ടാവായ ജഗന്നിയന്താവ് അവന്റെ ദൂതന്മാര്‍ വഴി മനുഷ്യരെ നന്മ തിന്മകളും ശരിതെറ്റുകളും എന്തെന്ന് പഠിപ്പിക്കുന്നു. ഭൗതികജീവിതത്തില്‍ വഴിതെറ്റിപ്പോവാതിരിക്കാനും വലിയ നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനും ഈ നിയമങ്ങള്‍ പാലിച്ചേ മതിയാവൂ. ധര്‍മചിന്തകള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ സമൂഹത്തെ സംസ്‌കരിച്ചെടുക്കാന്‍ സാധിക്കൂ.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ആക്ഷേപിച്ചും അവരുടെ ചെയ്തികളെ ഊഹങ്ങളിലൂടെ പെരുപ്പിച്ചും മാധ്യമങ്ങളിലൂടെ നിറം പിടിപ്പിച്ച വാര്‍ത്തകള്‍ സൃഷ്ടിച്ചും കഥകളും സീരിയലുകളും സിനിമകളും ഉണ്ടാക്കിയും ആഘോഷിക്കാനാണ് ഇന്ന് ഭൂരിപക്ഷവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. റിപ്പര്‍ ചന്ദ്രന്റെയും സുകുമാരക്കുറുപ്പിന്റെയും ഡോ. ഓമനയുടെയുമെല്ലാം സംഭവങ്ങള്‍ കേരളീയസമൂഹം സ്വയം തിരുത്തുവാനുള്ള ഉപകരണമായെടുത്തില്ല. മറിച്ച് അവയെ സെന്‍സേഷണലായി ആഘോഷിച്ച് ഇക്കിളിവാര്‍ത്തകളും പൈങ്കിളിക്കഥകളും മെനഞ്ഞുണ്ടാക്കുന്നതിലായിരുന്നു താല്‍പര്യം. കൂടത്തായി സംഭവത്തിലും മാധ്യമങ്ങള്‍ അമിതോത്സാഹം കാണിച്ച് 'ജോളിയടിക്കുവാനാണ്' താല്‍പര്യപ്പെടുന്നത്. പോലീസും കോടതിയുമെല്ലാം ഇക്കാര്യം തുറന്നു പറഞ്ഞുകഴിഞ്ഞു. പോലീസ് നടത്തുന്ന അന്വേഷണം പോലെ സംശയിക്കപ്പെടുന്നവരെയെല്ലാം ഇന്റര്‍വ്യൂ ചെയ്ത് പോലീസ് താല്‍കാലികമായി അന്വേഷണത്തിന്റെ ഭാഗമായി രഹസ്യമാക്കി വെക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ പുറത്തുവിട്ട് അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നിരപരാധികളായ പലരെയും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ അവരുടെ വീടുകളില്‍ വന്ന് അന്വേഷിക്കുകയോ പതിവുള്ള കാര്യമാണ്. ഇങ്ങനെ പോലീസ് അന്വേഷിക്കുന്നവരെപ്പോലും സമൂഹത്തിന്റെ മുമ്പില്‍ ഇടിച്ചുകാണിക്കുന്ന രീതി അനീതിയാണ്. മാധ്യമങ്ങള്‍ പെരുപ്പിക്കുന്ന ഊഹക്കഥകള്‍ വഴി പലപ്പോഴും തകര്‍ന്നടിയുന്നത് പാവങ്ങളായ പലരുടെയും ഭാവിജീവിതമാണ്. വര്ഷങ്ങളോളം മാനസികപീഡ അനുഭവിച്ച നമ്പി നാരായണന്റെയും മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും നിരപരാധിത്വവും യഥാര്‍ഥ ചിത്രവും നാം മനസ്സിലാക്കുന്നത് പതിറ്റാണ്ടുകള്‍ പിന്നിട്ട ശേഷമാണ്. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന മഹത്തായ കാഴ്ചപ്പാട് ലോകത്തിന് സമ്മാനിച്ച രാജ്യമാണ് ഇന്ത്യ. പോലീസ് നടപടികളില്‍ അഴിമതിയോ പക്ഷപാതിത്വമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ തുറന്നു കാണിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട് എന്നതിനെ നിഷേധിക്കുന്നില്ല.

കുറ്റവാളികളോടാണെങ്കില്‍ പോലും സ്വീകരിക്കേണ്ട ചില മാന്യതയും മര്യാദയുമുണ്ട്. കുറ്റകൃത്യത്തെയാണ് വെറുക്കേണ്ടത്; കുറ്റവാളിയെയല്ല. 99 പേരെ കൊന്ന ആളുടെ മുമ്പില്‍ പോലും പശ്ചാത്താപത്തിന്റെ വാതില്‍ തുറന്നുകിടപ്പുണ്ടെന്നാണ് മതം പഠിപ്പിക്കുന്നത്. അതേസമയം അവര്‍ ഭൂമിയില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തമായ ഭൗതിക ശിക്ഷകളും ആവശ്യമാണ്. ശിക്ഷകള്‍ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും കോടതിയും ഭരണകൂടവുമാണ്. മാധ്യമങ്ങളോ രാഷ്ട്രീയ പ്രതിയോഗികളോ കുടുംബവിരോധമുള്ളവരോ അല്ല.  പത്രങ്ങള്‍ വായിച്ചും ദൃശ്യമാധ്യമങ്ങള്‍ കണ്ടുരസിച്ചും അറിയാത്ത കാര്യങ്ങളെ കുറിച്ച് വിധിപറയുന്ന പ്രേക്ഷകനുമല്ല. ട്രോളുകളുണ്ടാക്കി വ്യക്തിയെ അധിക്ഷേപിക്കാനും പരിഹസിക്കാനും ഒരു മതവും ഭരണഘടനയും അനുമതി നല്‍കുന്നില്ല. ട്രോളുകളും പരിഹാസങ്ങളും കുറ്റകൃത്യങ്ങളുടെ ഗൗരവം സമൂഹത്തില്‍ കുറച്ച് കാണിക്കുക മാത്രമാണ് ചെയ്യുന്നത്.

ഒരു സ്ത്രീ ചെയ്ത കുറ്റത്തിന്  മുഴുവന്‍ സ്ത്രീകളെയും ഭാര്യമാരെയും പരിഹസിക്കുന്ന തരത്തിലുള്ള ക്രൂരമായ വിനോദങ്ങള്‍ നിര്‍ത്തേണ്ടതുണ്ട്. പുരുഷസമൂഹത്തില്‍ എത്രയോ പേര്‍ നിത്യേന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഒരു സ്ത്രീയും തന്റെ ഭര്‍ത്താവിനെ 'ട്രോളി'യതായി കണ്ടിട്ടില്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പുരുഷന്മാര്‍ക്ക് 'വീരചക്രം' പലരും സമ്മാനിക്കുന്നത് സ്ത്രീകള്‍ക്ക് കൂടി ലഭിക്കുന്നതിനുള്ള അസഹ്യതയാണോ ഈ പുരുഷ ട്രോളുകളുടെ പിന്നിലെന്നും സംശയിക്കേണ്ടതുണ്ട്!

പരിഹാസങ്ങളും ആക്ഷേപങ്ങളും അവസാനിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന് സര്‍ക്കാര്‍ മിഷനറികള്‍ സഗൗരവം മുന്നോട്ട് വരികയാണ് വേണ്ടത്. ഉത്തരവാദപ്പെട്ട മതസംഘടനകള്‍ പോലും ഇങ്ങനെയുള്ള കാര്യങ്ങളെ ഗൗനിക്കുന്നില്ല. സംഘടനാ പ്രതിബദ്ധതയെക്കാള്‍ സാമൂഹിക, മാനവിക, പ്രതിബദ്ധത വളര്‍ത്താന്‍ സംഘടനകളും തയ്യാറാവണം. വ്യക്തികളോടും സമൂഹങ്ങളോടും കലഹിക്കാതെ അവരില്‍ സ്‌നേഹവും അനുകമ്പയും വളര്‍ത്തിയെടുത്ത് കുറ്റകൃത്യങ്ങളില്‍ നിന്നും അവരെ  സംരക്ഷിച്ചെടുക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മത നേതൃത്വങ്ങള്‍ തയ്യാറായാല്‍ ഒരു പരിധി വരെ കുറ്റകൃത്യങ്ങളുടെ തോത് കുറക്കാന്‍ കഴിയും. അറ്റുപോകുന്ന അയല്‍പക്കബന്ധമാണ് കുറ്റകൃത്യങ്ങള്‍ പെരുകുവാനുള്ള മറ്റൊരു കാരണം. സ്വന്തം വീടിനപ്പുറത്ത് ജീവിക്കുന്നത് തങ്ങളെ പോലുള്ള മനുഷ്യരാണെന്ന ബോധമില്ലാതെ വലിയ വലിയ മതിലുകള്‍ സൃഷ്ടിച്ച് 'സ്വന്തം കാര്യം സിന്ദാബാദ്' എന്ന ചിന്താഗതിയുമായി നടക്കുന്നവര്‍ മാറിച്ചിന്തിക്കേണ്ടതുണ്ട്. തെറ്റായ കാര്യങ്ങള്‍ കാണുമ്പോള്‍ ഉപദേശിക്കുവാനും തിരുത്തുവാനും ശക്തമായി ശാസിക്കുവാനും വീട്ടുകാരും അയല്‍പക്കങ്ങളും നാട്ടുകാരും ഭരണ പ്രതിനിധികളും മതനേതൃത്വങ്ങളും ശ്രദ്ധിച്ചാല്‍ എത്രയോ അനാശാസ്യങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും നാടിനെ സംരക്ഷിക്കാന്‍ സാധിക്കും.

മാധ്യമങ്ങള്‍ക്ക് വലിയൊരു ധര്‍മമുണ്ട്. അവരത് മറന്നുകൂടാ. റേറ്റിംഗ് കൂട്ടാനും കോപ്പികള്‍ വര്‍ധിപ്പിക്കാനും വളരെ വിലകുറഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്. കുറ്റകൃത്യങ്ങളെ ദയവു ചെയ്ത് ആഘോഷിക്കരുത്. വാര്‍ത്തകളില്‍ 'ത്രെ' എന്ന വാക്ക് ചേര്‍ത്താല്‍ ഏതു കളവിനെയും സത്യമായി അവതരിപ്പിക്കാന്‍ സാധിക്കുമെന്ന മാധ്യമമിടുക്ക് ഒരിക്കലും സംസ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കാം. പക്ഷേ, അതോടൊപ്പം സമൂഹത്തെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയാണ് വേണ്ടത്. വ്യക്തികളുടെ അന്തസ്സും അഭിമാനവും പിച്ചിച്ചീന്തുകയല്ല, മറിച്ച് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സ്വദേശാഭിമാനിയുടെയും വക്കം മൗലവിയുടെയും പിന്മുറക്കാരായ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്.