കലാലയങ്ങളെ കലാപഭൂമിയാക്കരുത്

നബീല്‍ പയ്യോളി

2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02
ജനാധിപത്യമാര്‍ഗത്തിലൂടെ കയ്യെത്തിപ്പിടിക്കാന്‍ കഴിയാത്ത അവകാശങ്ങളെ കയ്യൂക്ക് കൊണ്ട് നേടിയെടുക്കാമെന്ന് വ്യാമോഹിച്ച് കാമ്പസിനെ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിവിട്ട വിദ്യാര്‍ഥി സംഘടനകള്‍ സ്വന്തക്കാരുടെ ഇടനെഞ്ചിലേക്ക് കഠാരയിറക്കുന്ന തരത്തിലേക്ക് തരംതാഴ്ന്ന അവസ്ഥയിലാണിപ്പോള്‍. കൊന്നും കൊലവിളിച്ചും നേടേണ്ടതല്ല അവകാശങ്ങള്‍ എന്ന തിരിച്ചറിവിലേക്ക് കുട്ടിരാഷ്ട്രീയക്കാരെ നയിക്കാന്‍ പുതിയ സംഭവവികാസങ്ങള്‍ ഉപകാരപ്പെടുമോ?

വിവാദങ്ങളില്‍ വീണ്ടും വിറങ്ങലിച്ച് നില്‍ക്കുകയാണ് അനന്തപുരി. കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന് വിവാദങ്ങള്‍ ഒരു പുത്തരിയല്ല. പക്ഷേ, ഇപ്പോള്‍ കേരളം മുഴുവന്‍ പുതിയ ചില സംഭവവികാസങ്ങള്‍ക്കും നിലപാടുകള്‍ക്കും സാക്ഷിയാവുന്നു എന്നതാണ് കേരള സര്‍വകലാശാല കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങളെ വ്യത്യസ്തമാക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അഖിലിന് കുത്തേറ്റതാണ് പുതിയ വിവാദങ്ങളുടെ തുടക്കം. എസ്.എഫ്.ഐ കോളേജ് യൂനിറ്റ് ഭാരവാഹികള്‍ അതേ സംഘടനയിലെ വിദ്യാര്‍ഥിയുടെ നെഞ്ചിലേക്ക് കഠാര കയറ്റിയതിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്.

കാലങ്ങളായി തങ്ങളുടെ ഉരുക്കുകോട്ടയായി വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനം കൊണ്ടുനടക്കുന്ന ക്യാമ്പസില്‍ നിന്ന് ആദ്യമായി തങ്ങള്‍ക്കെതിരെ കോളേജിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും രംഗത്ത് വന്നത് അവരെ ഞെട്ടിച്ചു. കണ്ണുരുട്ടിയും കത്തികാട്ടിയും തങ്ങളുടെ ചൊല്‍പടിയില്‍ നിര്‍ത്തിയയവര്‍ തങ്ങള്‍ക്കെതിരെ മുഷ്ടിചുരുട്ടി മുദ്രാവാക്യങ്ങളുമായി പരസ്യമായി ഇറങ്ങിയത് എസ്.എഫ്.ഐയെ പ്രതിരോധത്തിലാക്കി. 'എവിടെ എവിടെ സ്വാതന്ത്ര്യം, എവിടെ എവിടെ ജനാധിപത്യം, എവിടെ എവിടെ സോഷ്യലിസം' എന്ന മുദ്രാവാക്യം തെല്ലൊന്നുമല്ല ആ സംഘടനയുടെ നേതൃത്വത്തെ അമ്പരപ്പിച്ചത്. തങ്ങളുടെ ശുഭ്ര പതാകയില്‍ ഉല്ലേഖനം ചെയ്ത വാചകങ്ങളെ കേവലം വാചകങ്ങള്‍ക്കപ്പുറത്ത് പ്രായോഗിക തലത്തില്‍ തങ്ങള്‍ കണ്ടില്ലെന്ന് ആ സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് തുറന്ന് പറയേണ്ടിവന്നു.

സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും പുലരാനാണ് നാം പണിയെടുക്കുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞവര്‍ക്ക് അത് സ്വന്തം ആധിപത്യമുള്ള ഇടങ്ങളില്‍ പോലും നടപ്പാക്കാന്‍ പറ്റാത്തത് ആ സംഘടനയുടെ തന്നെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറി. ഇതിന്റെ അപകടം തിരിച്ചറിഞ്ഞ മുതിര്‍ന്ന കമ്യുണിസ്റ്റുകാരും മുന്‍ എസ്.എഫ്.ഐ ഭാരവാഹികളും തങ്ങളുടെ രോഷം പരസ്യമായി പ്രകടിപ്പിക്കുകയും സമൂഹത്തോട് തെറ്റ് ഏറ്റുപറയുകയും ചെയ്യുന്ന കാഴ്ച കേരള രാഷ്ട്രീയ ചരിത്രത്തില്‍ വേറിട്ടുതന്നെ നില്‍ക്കും. തങ്ങളുടെ അണികള്‍ പൊറുക്കപ്പെടാന്‍ പറ്റാത്ത അപരാധമാണ് ചെയ്തതെന്നും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുമൊക്കെ നേതാക്കള്‍ക്ക് തുറന്നുപറയേണ്ടിവന്നു. സി.പി.എം നേതൃത്വത്തിനും സംസ്ഥാന സര്‍ക്കാരിനു തന്നെയും ചെറിയ അപമാനമല്ല ഇത് വരുത്തിവെച്ചിരിക്കുന്നത്. കുത്തിയവനും കുത്തേറ്റവനും ഒരേ പതാകക്ക് കീഴില്‍ അണിനിരന്നവരാണെന്നത് ന്യായീകരിക്കാന്‍ പറ്റാത്തവിധം അവരെ പ്രതിരോധത്തിലാക്കി. അക്രമ രാഷ്ട്രീയത്തിനും അടിച്ചമര്‍ത്തലിനുമെതിരെ വ്യാപകമായ തോതില്‍ ശക്തമായ ഭാഷയില്‍ പ്രതികരണങ്ങള്‍ ഉണ്ടായി. ചാനലുകള്‍ എന്നും അന്തിച്ചര്‍ച്ചക്ക് ഇത് വിഷയമാക്കി.

കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം ഈ വിവാദങ്ങളില്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല ഇത്തരം ചെയ്തികള്‍ എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞു. എ.ഐ.എസ്.എഫ് അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളും അവര്‍ നേരിടുന്ന ഇത്തരം ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞു രംഗത്ത് വന്നു. തങ്ങള്‍ക്കും കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും നിര്‍ഭയം പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം എന്നവര്‍ പറഞ്ഞു. ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷം അനന്തപുരി യുവജന വിദ്യാര്‍ഥി സംഘടനകളുടെ പ്രക്ഷോഭങ്ങള്‍ക്ക് വേദിയാകുന്ന കാഴ്ചയും നാം കണ്ടു. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ഈ അക്രമത്തെ അപലപിക്കുകയും കോളേജ് യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

പ്രതികരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ഇടതുപക്ഷ ചിന്തകനും സാംസ്‌കാരിക നായകനുമായ സുനില്‍ പി. ഇളയിടത്തിന്റെതായിരുന്നു. കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംഘടനാ രീതിയെയും നിലപാടുകളെയും പുനര്‍വിചിന്തനത്തിന് വിധേയമാക്കണം എന്ന ശ്രദ്ധേയമായ നിരീക്ഷണമാണ് അദ്ദേഹം നടത്തിയത്. അതിന് അദ്ദേഹം പറഞ്ഞ ഉദാഹരണം ഇടത് മനസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

''എസ്.എഫ്.ഐ.യുടെ സംസ്ഥാന അധ്യക്ഷ പദവും എം.പി. സ്ഥാനവും ഒക്കെ കയ്യാളിയ ഒരാള്‍ ആദ്യം കോണ്‍ഗ്രസ് നേതാവും താമസിയാതെ ബി.ജെ.പി. നേതാവുമൊക്കെയായി പരിണമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതെങ്ങനെയാണ്? നിശ്ചയമായും അയാള്‍ ഒരാളല്ല. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ പലരും അയാളിലുണ്ട്; യൂണിവേഴ്‌സിറ്റി കോളേജിലെ 'നേതാക്കള്‍' ഉള്‍പ്പെടെ. അയാള്‍ എങ്ങനെ ബി.ജെ.പി.യിലെത്തി എന്നല്ല, അങ്ങനെയൊരാള്‍ എങ്ങനെ ഇടതുപക്ഷ നേതാവായി എന്നാണ് ഇടതുപക്ഷം അന്വേഷിക്കേണ്ടത്. അപ്പോഴേ ഇടതുപക്ഷ സംഘടനാ രാഷ്ടീയം പലയിടത്തും നേരിടുന്ന പ്രതിസന്ധി തിരിച്ചറിയാനും അതിനെ മറികടക്കാനും കഴിയൂ'' എന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജില്‍  കുറിച്ചു.

ഇടതുപക്ഷ സംഘടനകളുടെ സംഘടനാപരമായ നിലപാടുകളെയും രീതികളെയും നിശിതമായി  വിമര്‍ശിക്കുന്ന, അവര്‍ മാറ്റത്തിന് തയ്യാറാകണം എന്ന് ശക്തമായി ആവശ്യപ്പെടുന്ന ഒരു ഇടപെടല്‍ ആണ് ഇദ്ദേഹം നടത്തിയിട്ടുള്ളത്.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് ഈ രാജ്യത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. കേവലം ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ ഘോരഘോരം പ്രസംഗിക്കുന്നതിനപ്പുറം, ജനാധിപത്യത്തിന്റെ മഹത്ത്വവും അത് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെയും നാഴികക്ക് നാല്‍പത് വട്ടം വിളിച്ചുപറയുന്നതിനപ്പുറം ജനാധിപത്യ സംവിധാങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന രീതിയിലേക്ക് ഒരു സമൂഹം എങ്ങനെ മാറുന്നു എന്ന് പഠിക്കാനുള്ള ശ്രമം നടക്കേണ്ടതുണ്ട്. കേവലം തൊലിപ്പുറത്തുള്ള ചികിത്സക്കപ്പുറം കാരണങ്ങള്‍ കണ്ടെത്തി ശസ്ത്രക്രിയ നടത്തി രോഗത്തെ എന്നെന്നേക്കുമായി വിപാടനം ചെയ്യുവാന്‍ സാധിച്ചാലേ ഇത്തരം പ്രവണതകള്‍ അവസാനിക്കുകയുള്ളൂ.

എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് വളരെക്കാലം ജനപ്രതിനിധിയായി കേരള രാഷ്ട്രീയത്തില്‍ നിലകൊണ്ട ഒരു നേതാവിന് ഇരുട്ടി വെളുക്കുമ്പോഴേക്ക് ഫാസിസത്തിന്റെ വക്താവാകാന്‍ സാധിക്കുന്നത് എങ്ങനെ എന്നതാണ് ഈ വിഷയത്തില്‍ നാം ഏറെ ഗൗരവത്തോടെ ചിന്തിക്കേണ്ടത്. തങ്ങള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിലും അത് പകര്‍ന്ന് നല്‍കുന്നതിലും ഗുരുതരമായ വീഴ്ച സംഭവിക്കുന്നു എന്ന് വേണം കരുതാന്‍. തങ്ങള്‍ നിലകൊള്ളുന്ന ആദര്‍ശത്തില്‍ നിന്ന് പൊടുന്നനെ ഒരാള്‍ക്ക് മറുകണ്ടം ചാടാന്‍ സാധിക്കുന്നു എങ്കില്‍ ആ പ്രത്യയശാസ്ത്രം അയാളുടെ മനസ്സിനെ സ്വാധീനിച്ചില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്.

അഖിലിന് കുത്തേറ്റദിവസം ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പറഞ്ഞത് ഞങ്ങള്‍ ഇവിടെ പീഡനങ്ങളും പ്രയാസങ്ങളും സഹിച്ചു കഴിയുകയാണ്, ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ പറ്റാത്തവിധം ക്യാമ്പസ് എസ്.എഫ്.ഐ കയ്യടക്കിയിരുന്നു എന്നാണ്. തങ്ങളുടെ പ്രത്യയ ശാത്രവും ആദര്‍ശവും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നതും തങ്ങളുടെ അനുവാദമില്ലാതെ ആരും ഒന്നും ചെയ്യരുതെന്ന് തിട്ടൂരമിറക്കുന്നതും ഫാസിസമല്ലേ? മര്‍ദനവും ഭീഷണിയും കൊണ്ട് ആദര്‍ശത്തെയും പ്രസ്ഥാനത്തെയും വളര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്. തങ്ങളുടെ ആദര്‍ശം പരസ്യമാക്കുകയും ക്രിയാത്മകമായ സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും അതിന് വേരോട്ടമുണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യലാണ്  പരിപക്വവും ഫലപ്രദവുമായ മാര്‍ഗം. ഭീഷണിയും പ്രലോഭനവും നടത്തി ലോകത്ത് ഒരാദര്‍ശത്തിനും ജനമനസ്സുകളില്‍ വേരൂന്നാന്‍ കഴിയില്ല. താല്‍ക്കാലികമായ ചില വിധേയത്വപ്രകടനങ്ങള്‍ കാണാമെങ്കിലും ഒരുനാള്‍ പൊട്ടിത്തെറി ഉറപ്പാണ്. ഇതിന് കാലം സാക്ഷിയാണ്.

ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു എന്ന തത്ത്വശാസ്ത്രമാണ് പലപ്പോഴും വിപ്ലവകാരികള്‍ക്ക് ഏത് അനീതിയും അക്രമവും ചെയ്യാന്‍ പ്രേരണ നല്‍കുന്നത്. തങ്ങളുടെ ശത്രുവിനെ കുത്തിമലര്‍ത്തി താന്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തിന്റെ വിജയമുറപ്പാക്കാന്‍ പലരും ശ്രമിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. കേരള യൂണിവേഴ്സിറ്റി കോളേജിലും അത് തന്നെയാണ് സംഭവിച്ചതെന്ന് വേണം കരുതാന്‍. അക്രമങ്ങളും കൊലപാതകങ്ങളും തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമായി പുതുതലമുറ പഠിപ്പിക്കപ്പെടുകയും അവരുടെ ചെയ്തികള്‍ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. ഫാസിസത്തിനെതിരെ നിരന്തരം പ്രസംഗിച്ചും എഴുതിയും നടക്കുന്നവരില്‍നിന്നു തന്നെ ഫാസിസ പ്രവണത പുറത്തുചാടുന്നു എന്നത് വിരോധാഭാസമാണ്.

ജനാധിപത്യത്തെ സക്രിയമാക്കുന്നത് ക്രിയാത്മമായ പ്രതിപക്ഷവും ആശയ സംവാദങ്ങളുമാണ്. തങ്ങളുടെ എതിരാളികള്‍ക്ക് പ്രവര്‍ത്തിക്കാനും ആശയ സംവാദം നടത്താനുമുള്ള അവകാശം വകവെച്ച് നല്‍കാത്തവര്‍ക്കെങ്ങനെ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാനാവും? സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാനാകും? ഇല്ല! ശക്തമായ പ്രതിപക്ഷവും ആശയ സംവാദവും നടക്കാത്ത മണ്ണില്‍ ഒരിക്കലും ജനാധിപത്യം പുലരില്ല! കേരളത്തില്‍ മറ്റു വിദ്യാര്‍ഥി സംഘടനകളും തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനും ആശയപ്രചാരണം നടത്താനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നില്ല എങ്കില്‍ എന്തായിരിക്കും അവസ്ഥ?

ക്യാമ്പസ് പ്രതീക്ഷകളുടെ വിളനിലമാണ്

ഓരോ ക്യാമ്പസും പ്രതീക്ഷകളുടെ വിളനിലമാണ്. ഒരു വിദ്യാര്‍ഥി താന്‍ ഭാവിയില്‍ ആരാകണം എന്ന് തീരുമാനിക്കുന്നതും അതിലേക്ക് അവരെ നയിക്കുന്നതും കോളേജ് ക്യാമ്പസുകളാണ്. സ്വന്തമായി ചിന്തിക്കുവാനും തീരുമാനം എടുക്കുവാനുമുള്ള സമയമായി എന്ന് ചിന്തിക്കുന്ന കാലം. സ്‌കൂള്‍ ജീവിതത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അന്തരീക്ഷമുള്ള, കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന ഇടമാണ് കോളേജ് ക്യാമ്പസ്. ഇവിടേക്ക് ആദ്യമായി കടന്നുവരുന്ന വിദ്യാര്‍ഥികള്‍ പകച്ചുപോകും. തങ്ങള്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരും വേറെ ചിലര്‍ അമിതമായ സ്വാതന്ത്ര്യം അനുഭവിക്കുന്നവരുമാണെന്ന് അവര്‍ തിരിച്ചറിയും. സീനിയേഴ്‌സിന്റെ റാഗിംഗിന് പലര്‍ക്കും വിധേയരാകേണ്ടിവരും. വിവിധ സഥാപിത താല്‍പര്യക്കാരുടെ നീരാളിക്കൈകള്‍ അവരിലേക്ക് നീളും. വീടിന്റെയും നാടിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷയായ വിദ്യാര്‍ഥികളെ അവരുടെ ലക്ഷ്യത്തില്‍ നിന്ന് വഴിതിരിച്ചു വിട്ട് നശിപ്പിച്ച് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കും. ഈ അവസ്ഥക്ക് മാറ്റമുണ്ടായേ തീരൂ.  

വിദ്യാര്‍ഥികളും സമൂഹത്തിന്റെ ഭാഗമാണ്. ഭദ്രമായ സാമൂഹ്യ സൃഷ്ടിയിലും രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയിലും അവരുടെ ക്രിയാത്മകമായ ഇടപെടല്‍ അനിവാര്യമാണ്. അതിനുതകുന്ന പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത്. വിദ്യാര്‍ഥി സംഘടനകള്‍ അങ്ങനെയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാനാണ് തങ്ങളുടെ ശേഷി ഉപയോഗിക്കേണ്ടത്. പഠിപ്പ് മുടക്കലും മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കലും മാത്രമാണ് സംഘടനാ പ്രവര്‍ത്തനം എന്നാരും ധരിക്കരുത്. ഒരു വിദ്യാര്‍ഥിയുടെ സാംസ്‌കാരിക, വിദ്യാഭ്യാസ, സാമൂഹ്യ വളര്‍ച്ചക്ക് ഉതകുന്ന നയപരിപാടികളാണ് ക്യാമ്പസില്‍ നടപ്പിലാക്കേണ്ടത്. സമൂഹത്തിന് ഉപകാരപ്പെടുന്ന, സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി പുതുതലമുറ വളര്‍ന്നുവരണം.

അധ്യാപകര്‍ ദിശാബോധം നല്‍കുന്നവരാകണം

കേരള യുണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന അക്രമങ്ങളിലും ക്രമക്കേടുകളിലും അധ്യാപകര്‍ക്കും പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പരീക്ഷാ പേപ്പറുകളും സീലുകളും ക്യാമ്പസിനു പുറത്തുനിന്നും കണ്ടെടുത്തത് നമ്മുടെ വിദ്യാദ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. 'ടീച്ചര്‍ ഈസ് എ സോഷ്യല്‍ എഞ്ചിനീയര്‍' എന്ന് പറയാറുണ്ട്. ഒരു സമൂഹ സൃഷ്ടിയില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്. ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനപ്പുറം അവരുടെ സാമൂഹ്യ സാംസ്‌കാരിക വളര്‍ച്ചയിലും അധ്യാപകര്‍ക്ക് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കും. ഒരാള്‍ പഠിച്ചു വളര്‍ന്ന് രാജ്യത്തിന്റെ ഭരണാധികാരിയായാലും അയാള്‍ തന്നെ സ്വാധീനിച്ച അധ്യാപകന്റെ മുന്നില്‍ ആദരവോടെയും നന്ദിനിറഞ്ഞ മനസ്സോടെയും നില്‍ക്കാന്‍ മടിക്കില്ല. അത് ഒരു പക്ഷേ, അധ്യാപകര്‍ക്ക് മാത്രം ലഭിക്കുന്ന അംഗീകാരമാണ്. അത് നേടിയെടുക്കാന്‍ കഴിയുക എന്നത് അല്‍പം പ്രയാസകരമാണ്. അതിന് അധ്യാപകര്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഓരോ വിദ്യാര്‍ഥിയുമായും ആത്മാര്‍ഥമായ വ്യക്തിബന്ധം കാത്ത് സൂക്ഷിക്കുകയും അവരുടെ വ്യക്തിത്വ വികാസത്തിലും പഠനത്തിലും സ്വാധീനം ചെലുത്താന്‍ കഴിയുക എന്നത് പ്രധാനമാണ്. ഇതില്‍ കുറ്റകരമായ അനാസ്ഥയും വീഴ്ചയും വരുമ്പോഴാണ് തങ്ങളുടെ വിദ്യാര്‍ഥികള്‍ വഴി തെറ്റുകയും അക്രമങ്ങളിലേക്കും അധാര്‍മികതകളിലേക്കും വഴുതി വീഴുകയും ചെയ്യുന്നത്.

ഈ വിവാദങ്ങളില്‍ നമ്മെ അത്ഭുതപ്പെടുത്തിയത് അക്രമത്തിലെ പ്രതികള്‍ പി.എസ്.സി പരീക്ഷയില്‍ മികച്ച റാങ്ക് നേടിയിട്ടുണ്ട് എന്നുള്ളതാണ്. വ്യാജ രേഖകള്‍ ചമച്ചും മറ്റുമാണ് ഇത് സാധിച്ചെടുത്തത് എന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് പി.എസ്.സി മുഖേന സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. അത് കുറുക്കുവഴികളിലൂടെ നേടിയെടുക്കുന്നത് മറ്റുള്ള ഉദ്യോഗാര്‍ഥികളോട് കാണിക്കുന്ന അനീതിയും അക്രമവുമാണ്. പി.എസ്.സിയുടെ വിശ്യാസ്യത കൂടിയാണ് ഇതിലൂടെ തകര്‍ക്കപ്പെടുന്നത്.

ക്യാമ്പസുകളെ അക്രമികളെ വളര്‍ത്തിയെടുക്കാനുള്ള മണ്ണാക്കി മാറ്റരുത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ വിദ്യാര്‍ഥി വിഭാഗത്തെ പഠിപ്പിക്കേണ്ടത് പഠിക്കേണ്ട കാലത്ത് നന്നായി പഠിക്കുവാനാണ്. സ്വസ്ഥമായും സൈ്വര്യമായും പഠിക്കാനും തങ്ങളുടെ കഴിവുകളെ വളര്‍ത്തിയെടുക്കാനുമുള്ള സാഹചര്യം ക്യാമ്പസുകളില്‍ ഉണ്ടാവണം. അതിനായി എല്ലാവരും മനസ്സുവെക്കേണ്ടതുണ്ട്. ഇനിയൊരു വിദ്യാര്‍ഥിയുടെയും ചോര ക്യാമ്പസില്‍ വീഴരുത്.