ഒടുവില്‍ ഉസ്താദ് സമ്മതിച്ചു; കേരള സുന്നികള്‍ ബറേല്‍വികള്‍ തന്നെ

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2019 മാര്‍ച്ച് 16 1440 റജബ് 11
ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി വല്‍ക്കരണത്തെ എതിര്‍ക്കാന്‍ ശക്തമായ നേതൃത്വം നല്‍കിയ 'വഹാബി'കളടക്കമുള്ള മുസ്‌ലിം ജന സാമാന്യത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് വ്യാജ പ്രവാചകത്വ വാദവുമായി മിര്‍സാ ഗുലാമിനെ ബ്രിട്ടീഷുകാര്‍ എഴുന്നള്ളിക്കുന്നത്. എന്നാല്‍ രിസാലത്തിലുള്ള മുസ്‌ലിംകളുടെ ദൃഢബോധ്യം ഈ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തി. അത്തരമൊരു സാഹചര്യത്തെ മറികടന്ന് മുസ്‌ലിംകളെ ഭിന്നിപ്പിക്കാനാണ് ബറേല്‍വിയെ കൂട്ട് പിടിച്ച് ബ്രിട്ടീഷുകാര്‍ പുതിയ ചിന്താധാര ഇറക്കുമതി ചെയ്യുന്നത്. ഈ ബറേല്‍വികളുടെ ഗ്രാന്റ് മുഫ്തിയായി 'അവരോധിതനായ'തിലൂടെ കാന്തപുരത്തിന്റെ ഇരട്ടത്താപ്പ് ലോകത്തിന് ബോധ്യപ്പെട്ടിരിക്കുകയാണ്.

ബറേല്‍വി ആശയക്കാരായ വ്യത്യസ്ത ഗ്രൂപ്പുകള്‍ 2019 ഫെബ്രുവരിയില്‍ ദില്ലിയിലെ രാംലീലാ മൈതാനിയില്‍കൂടിയ ഗരീബ്‌നവാസ് പീസ് കോണ്‍ഫ്രന്‍സില്‍ കേരളത്തിലെ മര്‍ക്കസ് സ്ഥാപകനും സുന്നികളെന്നവകാശപ്പെടുന്ന ബറേല്‍വി വിഭാഗത്തിന്റെ ആത്മീയ നേതാവുമായ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ അവരുടെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു. മുന്‍ ഗ്രാന്റ് മുഫ്തി അഖ്തര്‍ രിളാഖാന്‍ ബറേല്‍വിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കാന്തപുരത്തെ ഈ സ്ഥാനത്തേക്ക് അവരോധിച്ചത്.(1) ഉത്തരേന്ത്യന്‍ ബറേല്‍വികളുടെ ആത്മീയ നേതാവ് മന്നാന്‍ഖാന്‍ രിസ്‌വി ബറേല്‍ലവി പരമ്പരാഗത അടയാളമായ കാവി തലപ്പാവ് കാന്തപുരം മുസ്‌ലിയാരെ അണിയിച്ചു.(2)

കാന്തപുരത്തിനെപ്പോലെയുള്ള ഒരാള്‍ ഈ പദവിയിലേക്ക് എത്തുന്നതോടെ സങ്കീര്‍ണ ഘട്ടത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം പകരാന്‍ കാരണമാകുമെന്നുമാണ് കേരളത്തിലെ ബറേല്‍വി വിഭാഗത്തിന്റെ നിഗമനം.(3)

കാലങ്ങളായി തിരശ്ശീലക്ക് പിന്നില്‍നിന്ന് രംഗം കൊഴുപ്പിച്ചുകൊണ്ടിരുന്ന ഒരു ആത്മീയ നേതാവും അദ്ദേഹത്തിന്റെ അണികളും സ്വീകരിച്ചുവരുന്ന സങ്കീര്‍ണമായ ചില നിലപാടുകളെപ്പറ്റി ഏറെ ആശങ്കയിലും നിരാശയിലും കഴിഞ്ഞുവന്ന മുസ്‌ലിം സമൂഹത്തിന് കൃത്യമായ തിരിച്ചറിവും ജാഗ്രതയും മുന്‍കരുതലും നല്‍കുന്നതാണ് ദില്ലിയിലെ രാംലീലാ മൈതാനിയില്‍ നടന്ന ഈ കിരീടധാരണ ചടങ്ങെന്ന് ആരെങ്കിലും നിരീക്ഷിച്ചാല്‍, ആ നിരൂപണത്തെ തല്‍ക്കാലം അധിക്ഷേപിക്കാന്‍ ചാന്‍സില്ലെന്നതാണ് വാസ്തവം.

കേരളത്തിലെ സുന്നികള്‍ എന്നവകാശപ്പെടുന്ന ഈ വിഭാഗങ്ങള്‍ അക്ഷരാര്‍ഥത്തില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ബറേല്‍വി വിഭാഗത്തിന്റെ യഥാര്‍ഥ പതിപ്പാണെന്ന് തുറന്നുപറയുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന അവസ്ഥക്ക് തിരശ്ശീല വീഴുകയാണ് കാന്തപുരം മുസ്‌ലിയാരുടെ ഈ തുറന്ന പ്രഖ്യാപനത്തോടെയെന്ന സന്തോഷകരമായ മറുവശം പ്രകടമായിട്ടുണ്ട്. ഇവര്‍ യഥാര്‍ഥത്തില്‍ അഹ്മദ് രിളാഖാന്‍ ബറേല്‍വിയുടെ പിന്‍ഗാമികളും തായ്‌വഴികളുമാണെന്ന് തുറന്നുപറഞ്ഞാല്‍, ആ പറയുന്നവരെ സംശയത്തോടെ വീക്ഷിക്കുന്ന ഒരവസ്ഥ കേരളത്തിലെ ബറേല്‍വി സുന്നികള്‍ക്കിടയില്‍തന്നെ സാധാരണമായിരുന്നു. 

എന്നാല്‍ ഞങ്ങള്‍ ബറേല്‍വികളാണെന്നും അഹ്മദ് രിളാഖാന്‍ ബറേല്‍വി ഞങ്ങളുടെ ആത്മീയ നേതാവും സനദും മുര്‍ഷിദും ശൈഖുമാണെന്ന് സധൈര്യം തുറന്നുപറഞ്ഞ 'സുസുന്നി'കളും ഇല്ലാതെയില്ല. കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ബറേല്‍വി ബന്ധം സ്ഥാപിച്ചുകൊണ്ടും അഹ്മദ് രിളാഖാന്‍ ബറേല്‍വിയും അഹ്മദ് കോയാ ശാലിയാത്തിയും തമ്മിലുണ്ടായിരുന്ന ഗുരുശിഷ്യബന്ധം ഉയര്‍ത്തിക്കാട്ടിയും പ്രമുഖ ബറേല്‍വി-സുന്നി നേതാവും കാരന്തൂര്‍ വിഭാഗത്തിന്റെ മുഖ്യപ്രചാരകനുമായ ഷാഹുല്‍ഹമീദ് ബാഖവി ശാന്തപുരം എഴുതുന്നു: ''ആരാണ് ബറേല്‍വികളെന്ന ചോദ്യത്തിന് നാം തന്നെയാണെന്ന് ഒറ്റവാക്കില്‍ ഉത്തരം നല്‍കും. നൂറുശതമാനം ശരിയായ ഉത്തരം. ഇത് പറയുമ്പോള്‍ പലര്‍ക്കും ദഹനക്കേട് സംഭവിച്ചേക്കാം. പക്ഷേ, നിഷ്പക്ഷ മനസ്‌കതയോടെ സത്യം മനസ്സിലാക്കുവാന്‍ ശ്രമിക്കുക. ഈ ഗ്രന്ഥം ഒരാവര്‍ത്തിയെങ്കിലും വായിക്കുക.'''

''കൂടുതലൊന്നും വിശദീകരിക്കേണ്ട. കേരളീയ സുന്നികളുടെ ആധികാരിക മതസംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. അതിന്റെ കീഴ്ഘടകമായ എസ്.വൈ.എസ്സും വിദ്യാഭ്യാസ ബോര്‍ഡും മറ്റും ഉപയോഗിച്ചുവരുന്ന റൗളാങ്കിത ത്രിവര്‍ണ പതാകയുടെ അടിസ്ഥാനം നാം അറിഞ്ഞിട്ടില്ല. അതിനെക്കുറിച്ചറിയുമായിരുന്നുവെങ്കില്‍ ബറേല്‍വികളുടെ കൊടിപിടിച്ച് സുന്നികളുടെ ശബ്ദം മുഴക്കി അവരെ എതിര്‍ക്കുമായിരുന്നില്ല.'''

''പൂര്‍വകാല സമസ്ത നേതാക്കളോട് ചോദിക്കൂ. അഹ്മദ് കോയാ ശാലിയാത്തിയുടെ ചരിത്രം വായിക്കൂ! അവിടുത്തെ മഹത്തായ ഗ്രന്ഥശേഖരങ്ങള്‍ പരിശോധിക്കൂ. അപ്പോള്‍ മനസ്സിലാകും നമുക്ക് ഇതുവരെ മനസ്സിലായിട്ടില്ലാത്ത പലതും. സുന്നി യുവജനസംഘം സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ ഈ വിനീതന്‍ അങ്ങോട്ടു ക്ഷണിക്കപ്പെട്ടു. എന്നോട് ആദ്യമായി ചോദിക്കപ്പെട്ടത് സമസ്തയുടെ കൊടിയില്‍ ചന്ദ്രക്കലക്ക് പുറമെ നക്ഷത്രമുണ്ടോ എന്നായിരുന്നു. ആദ്യമായി ഒരു സംഘടനയുടെ മീറ്റിംഗില്‍ പങ്കെടുക്കുന്ന നവാഗതനോട് സംഘടനയുടെ ഉത്ഭവകാലം മുതല്‍ക്കുള്ള ഒരു സംശയം ചോദിക്കുകയോ? ആരും അത്ഭുതപ്പെടും.''' 

''എന്നാല്‍ ഒരുവര്‍ഷത്തോളം 'ബറേല്‍ലി' എന്ന സ്ഥലത്ത് കഴിഞ്ഞുകൂടിയ എനിക്കതിന്ന് ഉത്തരം ചെയ്യാന്‍ നിഷ്പ്രയാസം കഴിഞ്ഞു. കാരണം എസ്.വൈ.എസ് അംഗീകരിച്ച കൊടി ബറേല്‍വി ശരീഫിലെ ഇമാം അഹ്മദ് റസാഖാന്റെ ദര്‍ഗാ ശരീഫിനുള്ളിലും പുറത്തും ബോംബെയിലും ലോകത്തിന്റെ നാനാ ഭാഗത്തുള്ള ബറേല്‍വികളുടെ ഓഫീസുകളിലും സദസ്സുകളിലും പുണ്യസ്ഥലങ്ങളിലുമെല്ലാം കാണുന്ന പതാകതന്നെയാണ് നമ്മുടെ പതാക. അവരും നമ്മളും കര്‍മ്മപരമായി ഹനഫി, ശാഫിഈ എന്ന വ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ വിശ്വാസപരമായി ഒന്ന് തന്നെയാണ്.'''

''തബ്‌ലീഗ്, വഹാബി, മൗദൂദി തുടങ്ങിയ അവാന്തര വര്‍ഗങ്ങളെ തുറന്നെതിര്‍ക്കാനും സുന്നിസം തുറന്ന് പറയാനും നമുക്ക് ഊര്‍ജ്ജവും ആര്‍ജ്ജവവും നല്‍കിയ അബുസആദാത്ത് ശൈഖ് ശിഹാബുദ്ദീന്‍ അഹ്മദ് കോയാ ശാലിയാത്തി അതിനുള്ള അറിവും ആവേശവും നേടിയെടുത്തത് ഇമാമെ അഹ്‌ലുസ്സുന്ന: അഅ്‌ലാ ഹസ്രത്ത് ഇമാം അഹ്മദ് രിളാഖാന്‍ ഫാസില്‍ ബറേല്‍വിയുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ടാണ്. ഹനഫി ഫിഖ്ഹിലുള്ള കിതാബുകള്‍ ഓതി മഹാനവര്‍കള്‍ സനദ് വാങ്ങിയത് ഇമാം അഹ്മദ് റസായില്‍ നിന്നാണെന്ന് തന്റെ സനദുകള്‍ വിവരിക്കുന്ന ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്''(ഫതാവാ അസ്ഹരിയ്യ: പേജ്: 15).' 

''മര്‍ഹൂം ശാലിയാത്തി ആ കാലഘട്ടത്തില്‍ ദയൂബന്ദില്‍നിന്നും മറ്റും പൊട്ടിപ്പുറപ്പെട്ട പുത്തനാശയക്കാരെ ഖണ്ഡിക്കുവാന്‍ അഹ്മദ് രിളായില്‍നിന്ന് പ്രത്യേക പരിശീലനം നേടി. ചാലിയത്തെ അസ്ഹരിയ്യ ഖുതുബ്ഖാനയില്‍ ഇമാം അഹ്മദ് രിളാഖാന്റെ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു സൂക്ഷിച്ചിട്ടുണ്ട്. അതോടൊപ്പം പുത്തന്‍വാദികളുടെ പുസ്തകങ്ങള്‍ക്ക് പ്രസ്തുത കിതാബുകളുടെ വെളിച്ചത്തില്‍ മറുപടിയും എഴുതിവെച്ചു. ആ ഫത്‌വകളും അവിടുന്ന് എഴുതിവെച്ച ഖണ്ഡനഭാഗങ്ങളുമാണ് നാം ഉത്പതിഷ്ണുക്കളെ എതിര്‍ക്കാനും സുന്നിസം നിലനിര്‍ത്താനും ഉപയോഗിക്കുന്നത്. എന്നു പറഞ്ഞാല്‍ കേരളത്തില്‍ സുന്നത്തു ജമാഅത്തിന് കോട്ടമേല്‍ക്കാതെ, സംരക്ഷിച്ച് നിലനിര്‍ത്തിയതില്‍ ഇമാം അഹ്മദ് രിളാഖാന്റെ പങ്ക് നിഷേധിക്കാവുന്നതല്ല. ഇതൊന്നും ചിന്തിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ ദയൂബന്ധികളും മറ്റും കുപ്രചരണം നടത്തിയ പച്ചക്കളവ് കേട്ട് സ്വന്തം കഴുത്തില്‍ കത്തി താഴ്ത്തുന്ന പണി, പ്രിയപ്പെട്ട സുന്നി കേരളമേ! നമുക്ക് ക്ഷന്തവ്യമല്ല.''(4)

അഹ്മദ് രിളാഖാന്‍ ബറേല്‍വിയെപ്പറ്റി ആധികാരികമായും ആദ്യമായും മലയാളത്തില്‍ പ്രത്യക്ഷപ്പെട്ട രചനയെന്ന നിലയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട് ഈ പുസ്തകം. മാത്രവുമല്ല, രചയിതാവ് ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ കര്‍മപരമായും വിശ്വാസപരമായും ബറേല്‍വി നെറ്റ്‌വര്‍ക്കുമായി വ്യക്തമായ പൊക്കിള്‍കൊടി ബന്ധം കേരളത്തിലെ സുന്നികളെന്നവകാശപ്പെടുന്ന ബറേല്‍വികള്‍ക്ക് തുടക്കംമുതല്‍ ഉണ്ടെങ്കിലും ഞങ്ങള്‍ ആദര്‍ശപരമായി അഹ്മദ് രിളാഖാനെ ആത്മീയ നേതാവായി സ്വീകരിച്ചവരാണെന്ന് അങ്ങോട്ട് സധൈര്യം തുറന്നുപറയാനുള്ള ചങ്കൂറ്റം ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നില്ല. അതിന്റെ മുഖ്യകാരണം, ബറേല്‍വി നേതാവ് സ്വീകരിച്ചുവന്ന തികച്ചും വികലവും ബാലിശവുമായ ചില നിലപാടുകള്‍ ആയിരുന്നു. ബറേല്‍വികള്‍ അല്ലാത്ത എല്ലാ മുസ്‌ലിം വിഭാഗത്തെയും അവരുടെ നേതാക്കളെയും കാഫിറുകളും മുര്‍ത്തദ്ദുകളുമായി മുദ്രയടിക്കുന്ന ബറേല്‍വി സംസ്‌ക്കാരത്തെ തുറന്നമനസ്സോടെ സ്വാഗതം ചെയ്യാനുള്ള മനസ്സ് കേരളത്തിലെ ആദ്യകാല മുസ്‌ലിംകള്‍ക്ക് ഇല്ലായിരുന്നുവെന്ന് സാരം.

ബറേല്‍വി ആശയ ആദര്‍ശങ്ങള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും പ്രചരിപ്പിക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച 'അഅ്‌ലാ ഹസ്രത്ത് ഇമാം അഹ്മദ് രിളാഖാന്റെ ശിഷ്യത്വം സ്വീകരിച്ച് കേരളത്തില്‍ സുന്നത്ത് ജമാഅത്ത് പ്രചരിപ്പിച്ച ശിഹാബുദ്ദീന്‍ അഹ്മദ് കോയാ ശാലിയാത്തി, ബറേല്‍വി സാഹിബിനെ മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്ത അണ്ടോണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ബാഖവി' എന്നിവരുടെ പാവനസ്മരണക്ക് മുമ്പിലാണ് ഈ ക്ഷുദ്രകൃതി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്!

അന്ധകാര നിബിഢമായ ജീവിതം നയിച്ചിരുന്ന വടക്കേ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ സംസ്‌ക്കരിക്കാനും പരിഷ്‌ക്കരിക്കാനും പ്രമുഖന്മാരായ അഹ്‌ലുല്‍ഹദീഥ് പണ്ഡിത കേസരികള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് ബറേല്‍വി സാഹിബ് എഴുന്നുള്ളിയത്. ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്തവരും അതിന്റെ വക്താക്കളും പ്രചാരകരുമായിരുന്ന ഷാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവി(റഹ്)യും ശിഷ്യന്മാരും പ്രചരിപ്പിച്ച തൗഹീദി ആദര്‍ശങ്ങളെ വികലമാക്കുകയും ഭരണവര്‍ഗമായ ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചക്ക് അനുകൂലമായി മതവിധികള്‍ പതിച്ചുനല്‍കുകയും ചെയ്ത ബറേല്‍വി സാഹിബിനെ കേരള മുസ്‌ലിംകള്‍ പരിചയപ്പെടാന്‍ വൈകിയതില്‍ ആമുഖക്കാരന് ഏറെ ഖേദവും പ്രയാസവും ഉള്ളതായും 'പണ്ഡിതന്മാരില്‍ പലരും തെറ്റുധാരണയോടെയായിരുന്നു ആ മഹാനെ വീക്ഷിച്ചതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളുമായി നൂറുശതമാനം യോജിപ്പുള്ള പ്രസ്ഥാനമാണ് ബറേല്‍വി'മൂവ്‌മെന്റ്' എന്നും ആമുഖക്കാരന്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. 

ബറേല്‍വിസം: മിര്‍സാ ഖാദിയാനിക്ക് ശേഷം ബ്രിട്ടണ്‍ കണ്ടെത്തിയ മുത്ത് 

ഇന്ത്യാ മഹാരാജ്യത്ത് സ്വാതന്ത്ര്യസമരം കൊടുമ്പിരികൊള്ളുമ്പോള്‍ വഹാബികളായി മുദ്രയടിക്കപ്പെട്ടവരുടെ നിലപാട് എന്തായിരുന്നുവെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. കിരാതമായ ബ്രിട്ടീഷ് രാജിനെതിരില്‍ ജനങ്ങളെ സംഘടിപ്പിക്കുകയും ശക്തമായ പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ചെയ്ത മുസ്‌ലിം യോദ്ധാക്കള്‍ ബ്രിട്ടന്റെ കണ്ണിലെ കരടായിരുന്നു. വഹാബികളെന്ന് മുദ്രയടിക്കപ്പെട്ട മുസ്‌ലിം നേതാക്കളെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിക്കപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ഇതിനുമുമ്പ് ചില ലേഖനങ്ങളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതിനാല്‍ ഒരു വിശദീകരണം കൂടി ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ഏറനാട്ടിലെ പ്രമുഖ വഹാബി നേതാവായി മുദ്രയടിക്കപ്പെട്ട തയ്യില്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ (കെ.എം.മൗലവി സാഹിബ്) തെക്കന്‍ കേരളത്തിലേക്ക് പലായനം ചെയ്യാനുണ്ടായ സാഹചര്യംതന്നെ ബ്രിട്ടീഷ് ഭീഷണിയായിരുന്നു. വഹാബികളാണ് ഇന്ത്യയിലെ തങ്ങളുടെ ഒന്നാമത്തെ പ്രതിസന്ധിയെന്ന് വിവിധകാലങ്ങളില്‍ ഇവിടെ ഗവര്‍ണര്‍മാരായി പദവി അലങ്കരിച്ചിരുന്ന ബ്രിട്ടീഷ് ജനറലുമാര്‍ തങ്ങളുടെ നേതാക്കള്‍ക്ക് അയച്ചിരുന്ന ആധികാരിക രേഖകളിലും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇതേസമയംതന്നെ ബ്രിട്ടീഷ് അധികാരികളെ തൃപ്തിപ്പെടുത്തി അവരുടെ പൊരുത്തവും ഗുരുത്വവും നേടി സാമ്പത്തികമായും ഭൗതികമായും തങ്ങളുടെ അധികാരക്കസേരകളും സ്ഥാനമാനങ്ങളും സുരക്ഷിതമാക്കിയ ചില വക്രബുദ്ധികളും ചരിത്രത്തിന്റെ ഭാഗമാണ്. കൊട്ടാര സമാനമായ ജീവിത സൗകര്യങ്ങള്‍, ഖാന്‍ ബഹാദൂര്‍, സര്‍ പദവികള്‍, സര്‍ക്കാര്‍ ഖജനാവിലെ പെന്‍ഷന്‍, വീട്ടിലേക്ക് രാജവീഥി തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ ഇക്കൂട്ടര്‍ സ്വീകരിച്ചുവന്ന വഞ്ചനാപരമായ നിലപാടുകളിലൂടെ സമ്പാദിച്ചെടുത്തു.

എങ്ങനെയും ഇന്ത്യയില്‍ അധികാരം നിലനിര്‍ത്തുകയെന്നതായിരുന്നു ബ്രിട്ടന്റെ ലക്ഷ്യം. കാരണം അധിനിവേശത്തിന്റെ പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയെപ്പോലെ നാനാരംഗത്തും ആദായകരമായ ഒരു ചക്കരക്കുടത്തില്‍ അവര്‍ ഇതിന് മുമ്പ് കൈ ഇട്ടിട്ടില്ലായിരുന്നു. അതിനാല്‍ ഈ നാടിനെ പരമാവധി ചൂഷണം ചെയ്ത് ബ്രിട്ടനെ തടിച്ചുകൊഴുപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. ഇസ്‌ലാമിക വിശ്വാസവും ജിഹാദിന്റെ അഭിനിവേശവും ജന്മനാതന്നെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാരുടെ പലനിലപാടുകളും വിശ്വാസപരമായി തന്നെ യോജിക്കാന്‍ സാധിക്കാത്ത തരത്തിലുള്ളവയായിരുന്നു. പന്നിയുടെ കൊഴുപ്പ് ആയുധങ്ങളില്‍ ഉപയോഗിക്കുന്നതും മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന സായിപ്പിന്റെ നികൃഷ്ടമായ നടപടികളും അനുനയത്തിന്റെ മാര്‍ഗം സ്വീകരിക്കാതിരിക്കാന്‍ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്. 

അതിക്രമികളായ ബ്രിട്ടീഷുകാരുടെ കിരാതവാഴ്ചക്കെതിരില്‍ എറ്റവും ശക്തമായി രംഗത്തുണ്ടായിരുന്നത് ഇസ്‌ലാംമത വിശ്വാസികളായിരുന്നു. മുസ്‌ലിംകളുടെ പ്രേരണയും താല്‍പര്യവുമനുസരിച്ചാണ് മറ്റുള്ള സമൂഹങ്ങളും വൈദേശിക ആധിപത്യത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ മുന്നോട്ടുവരുന്നതെന്ന് മനസ്സിലാക്കിയ വൈദേശിക ശക്തികള്‍ക്ക് മുസ്‌ലിം സമൂഹത്തിനിടയില്‍ ഒരു ഭിന്നിപ്പ് അനിവാര്യമായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് തേടിയവള്ളി കാലില്‍ ചുറ്റിയ മാതിരി മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി കടന്നുവരുന്നത്. താന്‍ നബിയാണന്നും വഹ്‌യും ഇല്‍ഹാമും തനിക്കും ലഭിക്കുന്നുണ്ടെന്നും മിര്‍സാഗുലാം പരസ്യമായി വാദിച്ചു. നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ്‌രാജിന് അനുകൂലസാഹചര്യം സൃഷ്ടിക്കാന്‍ സഹായകമാകുന്ന നിലയില്‍ മിര്‍സാ നിരവധി മതവിധികള്‍ നല്‍കി ബ്രിട്ടീഷ് ഭരണകൂടത്തെ സപ്പോര്‍ട്ട് ചെയ്തു. ഭരണകൂടത്തിനെതിരിലുള്ള വിപ്ലവങ്ങളും സമരങ്ങളും റദ്ദുചെയ്തുകൊണ്ടുള്ള ഫത്‌വ മിര്‍സാഗുലാം നല്‍കി. തനിക്ക് ദിവ്യബോധനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നായിരുന്നു മിര്‍സയുടെ പ്രഖ്യാപനം!

ശക്തമായ മുസ്‌ലിം പ്രതിരോധത്തെ അഭിമുഖീകരിച്ച് ശ്വാസംമുട്ടി കഴിഞ്ഞിരുന്ന ബ്രിട്ടീഷുകാര്‍ക്ക് ഒരുപരിധിവരെ സഹായകമായിരുന്നു മിര്‍സായുടെ പുതിയ വഹ്‌യുകളും ഇല്‍ഹാമുകളും. പക്ഷേ, ഹനഫി മദ്ഹബിന് ഭൂരിപക്ഷമുണ്ടായിരുന്ന ഇന്ത്യന്‍ ഭൂമികയില്‍ വ്യാജപ്രവാചകത്വവുമായി ഏറെ നാള്‍ പിടിച്ച് നില്‍ക്കാന്‍ മിര്‍സാക്കോ, മിര്‍സായുടെ വ്യാജവാദങ്ങളെ കോളനിവല്‍ക്കരണത്തിന് അനുകൂലമാകുന്ന നിലയില്‍ ഉപയോഗപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ക്കോ സാധിച്ചില്ല. ജന്മനായുള്ള ഇസ്‌ലാമിക ആവേശവും പരിമിതമെങ്കിലും അവര്‍ കരസ്ഥമാക്കിയിരുന്ന മതപരമായ അറിവുകളൂം മിര്‍സായുടെ വ്യാജവാദങ്ങള്‍ക്കെതിരില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചു. പ്രഗത്ഭമതികളായ ഇന്ത്യന്‍ പണ്ഡിതന്മാരുടെ ദാര്‍ശനികമായ വിമര്‍ശനങ്ങള്‍ കൂടി ശക്തമായപ്പോള്‍ അവസാനം സായിപ്പിന് മിര്‍സായെ കയ്യൊഴിയേണ്ടിവന്നു.

പ്രവാചകന്മാര്‍ക്ക് മാത്രം ലഭ്യമാകുന്ന നുബുവ്വത്തും രിസാലത്തും ഇനി മറ്റൊരാള്‍ക്കും ഒരിക്കലും ലഭ്യമാകില്ലെന്ന് മുസ്‌ലിംസമൂഹം ഐക്യകണ്‌ഠേന വിശ്വസിക്കുന്ന സാഹചര്യത്തില്‍ ആ വാദവുമായി രംഗത്തുവരുന്ന വ്യക്തി എത്രകണ്ട് ഉന്നതനായിരുന്നാലും ശരി അയാളെ മുസ്‌ലിം സമൂഹം ലവലേശം അംഗീകരിക്കില്ലെന്ന് വൈകിയാണെങ്കിലും ബ്രിട്ടീഷ് അധികാരികള്‍ക്ക് മനസ്സിലായി. ഇതിനെ തുടര്‍ന്നാണ് തികഞ്ഞ ആത്മീയതയുടെ മറപിടിച്ചുകൊണ്ട് ബറേല്‍വിയെ ഉയര്‍ത്തിക്കാട്ടി കാര്യലാഭമുണ്ടാക്കാന്‍ ബ്രിട്ടന്റെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ ആരംഭിച്ചത്. ആത്മീയതയുടെ മേല്‍കുപ്പായമണിയുന്നവരെ, ജാറപൂജയിലും ജാഹിലിയ്യാ സംസ്‌ക്കാരത്തിലും മുങ്ങിത്തപ്പിക്കഴിയുന്ന ഇന്ത്യന്‍ സമൂഹം ഹാര്‍ദമായി സ്വാഗതം ചെയ്യുമെന്നും അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. 

ഈ സാഹചര്യത്തിലാണ് ബ്രിട്ടണ് ഏറ്റവും പറ്റിയ ഏജന്റായി അവര്‍ ബറേല്‍വി സാഹിബിനെ തെരഞ്ഞെടുത്തത്. മിര്‍സാഗുലാമിനെക്കാള്‍ ഒരുപടികൂടി കടന്ന് വ്യാപകമായ നിലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ആശയങ്ങളുമായി കടന്നുവന്ന അഹ്മദ് രിളാഖാന്‍ ബറേല്‍വിയെ(1865-1921) ബ്രിട്ടണ്‍ ചുവന്ന പരവതാനി വിരിച്ച് എതിരേറ്റു. ക്വബ്‌റുകള്‍, മക്വാമുകള്‍, ത്വരീകത്ത്, സ്വൂഫിസം തുടങ്ങിയ ബ്രിട്ടീഷ്/ക്രൈസ്തവ സമൂഹത്തിനനുകൂലമായ എല്ലാ മാറാലകളും ബറേല്‍വിയുടെ ഭണ്ഡാരത്തിലുണ്ടായിരുന്നതിനാല്‍ അവര്‍ ബറേല്‍വിയുടെ കടന്നുവരവിനെ ഹാര്‍ദമായി സ്വാഗതം ചെയ്തു. ബറേല്‍വികളോട് അനുകൂല മനഃസ്ഥിതിയില്ലാത്ത നദ്‌വത്തുല്‍ ഉലമ, ദാറുല്‍ഉലൂം ദയൂബന്ദ്, അഹ്‌ലുല്‍ ഹദീഥ്തുടങ്ങിയ വിഭാഗത്തില്‍പെട്ട എല്ലാവരെയും കാഫിറുകളും മുര്‍തദ്ദുകളുമായി മതവിധിനല്‍കിയ ബറേല്‍വിയുടെ കടന്നുവരവിനെ ബ്രിട്ടന്‍ ശരിക്കും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്തു. 

ബ്രിട്ടന്റെ കിരാതമായ നടപടികള്‍ക്കെതിരില്‍ സന്ധിയില്ലാതെ സമരംചെയ്ത അഹ്‌ലുല്‍ ഹദീസ്/വഹാബി പണ്ഡിതന്മാര്‍ ഇസ്‌ലാമിന് പുറത്താണെന്ന ബറേല്‍വിയുടെ മതവിധിക്ക് ഇന്ത്യക്കകത്തും പുറത്തും വ്യാപകമായ പ്രചാരണം നല്‍കാന്‍ ബ്രിട്ടന്‍ തന്നെ മുന്‍കയ്യെടുത്തു. ഇത് തന്നെയാണ് കാത്തിരുന്ന 'മിശിഹ'യെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടന്‍, ബറേല്‍വിയുടെ സമഗ്രവളര്‍ച്ചക്ക് ആവശ്യമായ വെള്ളവും വളവും വെളിച്ചവും നല്‍കി. നല്‍കിയ ഉപകാരങ്ങള്‍ക്ക് യഥാസമയങ്ങളില്‍ ആവശ്യമായ പ്രത്യുപകാരം നല്‍കാന്‍ ബറേല്‍വികളും ശ്രദ്ധാലുക്കളായിരുന്നു. ബ്രിട്ടനുമായി മുഷിഞ്ഞുനില്‍ക്കുന്നവരെയെല്ലാം മതപരിത്യാഗികളാക്കി മുദ്രയടിച്ചുകൊണ്ടുള്ള ബറേല്‍വികളുടെ മതവിധികള്‍ ബ്രിട്ടീഷ് സിംഹാസനത്തിന് ആവശ്യമായ മൈലേജ് സമ്മാനിച്ചു.

റഫറന്‍സസ്:

1. http://www.sirajlive.com/2019/02/28/356030.html 

2. http://www.sirajlive.com/2019/03/01/356154.html 

3. മാര്‍ച്ച്1, 2019; സിറാജ് ദിനപ്പത്രം, മുഹമ്മദ് മുനീബ് എഴുതിയ ലേഖത്തില്‍നിന്ന്.

4. ഷാഹുല്‍ ഹമീദ് ബാഖവി, ശാന്തപുരം എഴുതി എസ്.വൈ.എസ് ബുക്‌സ് പ്രസിദ്ധീകരിച്ച അഹ്മദ് റസാഖാന്‍ ബറേല്‍വി എന്ന പുസ്തകത്തില്‍നിന്നും. അച്ചടി: ഏപ്രില്‍: 1995. (അവസാനിച്ചില്ല)