പുല്‍വാമയും ബാലാകോട്ടും തിരഞ്ഞെടുപ്പും പിന്നെ മൗനികളായ ജ്യോത്സ്യന്മാരും

ഉസ്മാന്‍ പാലക്കാഴി

2019 ഏപ്രില്‍ 20 1440 ശഅബാന്‍ 15
തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പണം മുതല്‍ റോക്കറ്റ് വിക്ഷേപിക്കാനുള്ള സമയം വരെ നിശ്ചയിച്ചു കൊടുക്കുന്നത് ജോത്സ്യന്മാരും ജ്യോതിഷികളുമാണ്, ഇന്ന് ഇന്ത്യയില്‍. ഭരണകൂടം വരെ ചെല്ലും ചെലവും കൊടുത്ത് ഇത്തരക്കാരെ തീറ്റിപ്പോറ്റുന്നുണ്ട്. എന്നാല്‍ പ്രളയവും ഭീകരാക്രമണവും പോലെരാജ്യത്തെ ബാധിക്കുന്ന ഒരു ദുരന്തത്തെയും മുന്‍കൂട്ടി കാണാനോ പ്രവചിക്കാനോ ഈ 'ദിവ്യന്മാര്‍ക്ക്' കഴിയുന്നില്ല. ഭാവി കാര്യങ്ങള്‍ കാണാന്‍ കഴിയില്ലെങ്കില്‍ എന്തിനിവരെ ആനയിച്ചു കൊണ്ടു നടക്കുന്നു? ഇനി മനഃപൂര്‍വം പറയാതിരുന്നതാണെങ്കില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കേണ്ടതില്ലേ?

പുല്‍വാമയിലെ ചാവേറാക്രമണത്തില്‍ പൊലിഞ്ഞത് ഇന്ത്യയുടെ 50 സൈനികരുടെ ജീവനാണ്. അതോടെ കുറെ മാതാപിതാക്കള്‍ അശരണരായി, സ്ത്രീകള്‍ വിധവകളായി, മക്കള്‍ അനാഥരായി... അവരുടെ കണ്ണുനീരിന് പകരമാകാന്‍ ഒരു സാമ്പത്തിക സഹായത്തിനും ആശ്വാസവചനങ്ങള്‍ക്കും കഴിയില്ല എന്നത് യാഥാര്‍ഥ്യം.

ഇന്ത്യയില്‍ വ്യക്തികളുടെയും കുടുംബത്തിന്റെയും രാജ്യത്തിന്റെയുമൊക്കെ ഭാവി പ്രവചിച്ച്  ഉപജീവനം കണ്ടെത്തുന്ന ഒട്ടനേകം ജ്യോത്സ്യന്മാരുണ്ട്. അതീവ സുരക്ഷാമേഖലയില്‍ നടന്ന ചാവേറാക്രമണത്തെ മുന്‍കൂട്ടി മനസ്സിലാക്കാനും ചെറുക്കാനും നിരീക്ഷകര്‍ക്കോ നിരീക്ഷണ യന്ത്രങ്ങള്‍ക്കോ ചെക്ക്‌പോസ്റ്റുകളിലുള്ള ചൗക്കിദാര്‍മാര്‍ക്കോ കഴിഞ്ഞില്ല എന്നത് തല്‍ക്കാലം നമുക്ക് മറക്കാം; ശാസ്ത്രീയ സംവിധാനങ്ങള്‍ക്കും പരിധിയും പരിമിതികളുമുണ്ടല്ലോ. എന്നാല്‍ പരിമിതികളില്ലാത്ത വിധം ഗണിച്ചും ഗുണിച്ചും വരാന്‍പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്ന ജ്യോതിഷികളാരും എന്തേ ഇങ്ങനെയൊരു ഹീനമായ ആക്രമണ വിവരം മുന്‍കൂട്ടി കണ്ട് ഭരണകൂടത്തെ അറിയിച്ചില്ല? 

പാകിസ്ഥാനിലെ ബാലാകോട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ വിന്യസിച്ച എഫ്-16 വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചു വീഴ്ത്തിയെന്ന് കേന്ദ്ര സര്‍ക്കാരും ഈ അവകാശവാദം പൊള്ളയാണെന്ന് പാകിസ്ഥാനും പറയുന്നു. പാകിസ്ഥാന്‍ പറയുന്നതാണ് ശരി എന്നും അമേരിക്ക പാകിസ്ഥാന് നല്‍കിയ എല്ലാ എഫ്-16 വിമാനങ്ങളും പാകിസ്ഥാന്റെ പക്കല്‍ ഇപ്പോഴുമുണ്ടെന്നും ഒന്നും കാണാതായിട്ടില്ലെന്നും അമേരിക്കയിലെ രണ്ട് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച അമേരിക്കന്‍ പ്രസദ്ധീകരണമായ 'ഫോറിന്‍ പോളിസി' വെളിപ്പെടുത്തിയിരിക്കുന്നു. ഇതിന് മറുപടിയായി എഫ്-16 വിമാനം തങ്ങള്‍ തകര്‍ത്തതിന് തെളിവുണ്ടെന്ന് ഇന്ത്യന്‍ സൈന്യവും പറയുന്നു. വ്യോമാക്രമണത്തില്‍ തീവ്രവാദികളുടെ കേന്ദ്രത്തെയും നൂറുകണക്കിന് തീവ്രവാദികളെയും തങ്ങള്‍ നശിപ്പിച്ചു എന്നും ഇന്ത്യന്‍ സൈന്യം പറയുന്നു. ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് പാകിസ്ഥാനും പറയുന്നു. ഇതിന്റെയൊക്കെ നിജസ്ഥിതി പ്രഗത്ഭരായ ജ്യോതിഷികള്‍ക്കൊന്ന് വ്യക്തമാക്കിക്കൂടേ? എങ്കില്‍ അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ ഒഴിവാക്കാമല്ലോ.

കേരളത്തെ പിടിച്ചുലച്ച പ്രളയത്തിനു മുമ്പ് പേരുകേട്ട ഒരു ജ്യോത്സ്യന്‍ ഇക്കുറി മഴ നന്നേ കുറയുമെന്ന് പ്രവചിച്ചതും തൊട്ടു പിന്നാലെ പേമാരിയും പ്രളയവുമുണ്ടായതും നമുക്കറിയാം. 

ഈ സന്ദര്‍ഭത്തില്‍ പ്രസക്തമായ ഒരു ചോദ്യമുണ്ട്; എവിടെപ്പോയി നാട്ടിലെ ആള്‍ദൈവങ്ങളും സിദ്ധന്മാരും? ഉരുള്‍പൊട്ടലിന്റ കുത്തൊഴുക്കില്‍ മണ്ണിനടിയിയിലായവര്‍ എവിടെ ഏത് ഭാഗത്ത് കിടക്കുന്നു എന്ന് 'ദിവ്യദൃഷ്ടി' കൊണ്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതായി അവകാശവാദമുന്നയിച്ച തങ്ങളും, ആത്മീയശുശ്രൂഷയില്‍ പങ്കെടുക്കുന്ന അപരിചിതരോട് അങ്ങോട്ട് അവരുടെ നാടിന്റെയും വീടിന്റെയും പേരും മുറികളുടെ എണ്ണവും ബെഡ്‌റൂമിലെ വടക്കെ മൂലയിലുള്ള അലമാരയുടെ ഉള്ളിലെ പേഴ്‌സിലെ സ്വര്‍ണാഭരണത്തിന്റെ തൂക്കവും പറഞ്ഞുകൊടുത്ത് അദൃശ്യജ്ഞാനത്തിന്റെ വിസ്മയച്ചെപ്പ് തുറന്നുവെക്കുന്ന പാസ്റ്റര്‍മാരും എവിടെ? എന്തുപറ്റി ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ എണ്ണമറ്റ ജ്യോതിഷികള്‍ക്ക്? വ്യക്തികളുടെയും രാജ്യങ്ങളുടെയുമൊക്കെ നാളും നാഴികയും നോക്കി ഭാവി കാര്യങ്ങള്‍ പ്രവചിച്ച് ധനം സമ്പാദിക്കുന്ന ജ്യോതിഷികള്‍ക്കൊന്ന് പ്രവചിച്ചുകുടാമായിരുന്നില്ലേ പ്രളയത്തക്കുറിച്ചും ഭീകരാക്രമണത്തെക്കുറിച്ചും? എന്ത് സംഭവിച്ചു എന്ന് ഇപ്പോഴും വ്യക്തമാക്കാമല്ലോ! 

ആത്മീയ വാണിഭക്കാരെക്കുറിച്ച് ഇടയ്ക്കിടെ സ്‌പെഷ്യല്‍ പതിപ്പുകളും ഫീച്ചറുകളും പുറത്തിറക്കി സാമ്പത്തിക ലാഭമുണ്ടാക്കുന്ന, അവര്‍ക്കെതിരെ ഉയരുന്ന രൂക്ഷമായ ആരോപണങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന, വാരഫലങ്ങളും ജ്യോത്സ്യന്മാരുടെ അത്ഭുത സിദ്ധികളും പ്രസിദ്ധീകരിച്ച് ജനങ്ങളെ മായാവലയത്തില്‍ അകപ്പെടുത്തുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും പ്രസക്തവും ചിന്താര്‍ഹവുമായ ഈയൊരു ചോദ്യം ചോദിക്കാന്‍ ഒരിക്കലും 

ൈധര്യമുണ്ടാകില്ല. 'ദീപ സ്തംഭം മഹാശ്ചര്യം...'

ആസന്നമായ 17ാം ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏതൊക്കെ സ്ഥാനാര്‍ഥികള്‍ ജയിക്കും? ഏതു മുന്നണി അധികാരത്തില്‍ വരും? പ്രവചന വീരന്മാരായ ജ്യോതിഷികളൊക്കെ ഉറക്കത്തിലാണ്. ആര്‍ക്കും മിണ്ടാട്ടമില്ല. 2004ല്‍ നടന്ന പതിനാലാം ലോകസഭാതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ എങ്ങനെയാവുമെന്ന് ഇന്ത്യയിലെ പ്രഗത്ഭരായ ജ്യോതിഷികള്‍ പ്രവചിച്ചതെല്ലാം പൊട്ടാത്ത പടക്കംപോലെ ചീറ്റിപ്പോയിരുന്നു. അതിനാലാകണം പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പ്രവചിക്കുന്നതില്‍നിന്ന് മിക്ക ജ്യോതിഷികളും അകന്നു നില്‍ക്കുകയാണ് ഉണ്ടായിട്ടുള്ളത്. 

2004 മാര്‍ച്ച് 17ന് പുറത്തിറങ്ങിയ ഇന്ത്യാടുഡേയില്‍ പ്രഗത്ഭരായ ചില ജ്യോതിഷികളുടെ പ്രവചനങ്ങള്‍ കൊടുത്തിരുന്നു. ജയലളിതയുടെയും ശ്രീലങ്കന്‍ പ്രസിഡന്റ്ചന്ദ്രിക കുമാരതുംഗെയുടെയും സ്വകാര്യജ്യോതിഷിയായ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അസ്‌ട്രോളജിക്കല്‍ സയന്‍സസിന്റെ ദേശീയ വൈസ് പ്രസിഡന്റ് വിദ്വാന്‍ വി. ലക്ഷ്മണന്‍, ദ അസ്‌ട്രോളജിക്കല്‍ മാഗസിന്റെ എഡിറ്റര്‍ ഗായത്രി ദേവി വാസുദേവ്, അഹമ്മദാബാദിലെ ജ്യോതിഷപണ്ഡിതന്‍ സനത്കുമാര്‍ ദയാശങ്കര്‍ ശാസ്ത്രി, ദല്‍ഹിയിലെ ഭാവിസമ്പന്നരുടെ ജ്യോതിഷിയായ എല്‍.ഡി.മദന്‍, വാജ്‌പേയിയുടെയും മറ്റു മുതിര്‍ന്ന നേതാക്കളുടെയും വ്യക്തിജ്യോതിഷിയായ ഗീതാസെന്‍, മഹാരാഷ്ട്രയിലെ പ്രബലര്‍ക്ക് പ്രിയങ്കരിയായ വസുധാവാഗ്, കൊല്‍ക്കത്തയിലെ ജ്യോതിഷ അധ്യാപിക കുസും ഭണ്ഡാരി തുടങ്ങിയ ജ്യോതിഷികളുടെ പ്രവചനങ്ങളാണ് പ്രസ്തുത വാരികയില്‍ കൊടുത്തിരുന്നത്.

ഇവരില്‍ ഗായത്രിദേവി ഒഴികെയുള്ളവരെല്ലാം അടുത്ത പ്രധാനമന്ത്രി വാജ്‌പേയിയായിരിക്കുമെന്ന് സംശയാതീതമായി പ്രവചിച്ചവരാണ്! പ്രധാനമന്ത്രിയായതാകട്ടെ മന്‍മോഹന്‍സിംഗും!

സ്വക്ഷേത്രത്തില്‍ രണ്ടില്‍ വ്യാഴവും ബുധനും സൂര്യനും ചേര്‍ന്നുനില്‍ക്കുന്ന അതീവ ഭാഗ്യവാനും അപൂര്‍വ ഭാഗ്യവാനുമാണ് വാജ്‌പേയി, അദ്ദേഹം വീണ്ടും പ്രധാനമ്രന്തിയാകും, മാത്രമല്ല 2006 വരെ അദ്ദേഹത്തിന് അധികാരം നഷ്ടപ്പെടാനിടയില്ല എന്ന, പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ പ്രവചനവും അന്ന് ചീറ്റിപ്പോയി! 

ജയലളിതയെക്കുറിച്ച് 'കൂടുതല്‍ കരുത്താര്‍ജിക്കും, പ്രശസ്തിയും പ്രാധാന്യവും വര്‍ധിക്കും, സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കും' എന്നൊക്കെയാണ് പ്രവചിച്ചത്! തോറ്റുതുന്നംപാടിയത് യാഥാര്‍ഥ്യവും! ചന്ദ്രബാബു നായിഡു 'നല്ല പ്രകടനം കാഴ്ചവെക്കും, തിരിച്ചുവരും' എന്നൊക്കെയുള്ള പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് അദ്ദേഹം വട്ടപ്പൂജ്യമായി മാറുകയായിരുന്നു. 

ബി.ജെ.പി അധികാരത്തില്‍ വിണ്ടും എത്തുമെന്നും പാര്‍ട്ടിയുടെ ഗ്രഹനില വെച്ച് നോക്കുമ്പോര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും പ്രവചിച്ച ഗായത്രിദേവി വാസുദേവിന് സ്വന്തം ഗൃഹത്തിന്റെ 'നില'യെണ്ണാനും ജ്യോതിഷത്തിലുള്ള നിലപാട് മാറ്റാനുമുള്ള വിധിയാണുണ്ടായത്. പവാര്‍ പരാജയപ്പെടുമെന്നും ചിലനീക്കുപോക്കുകളെല്ലാം നടത്തി വാജ്‌പേയിക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിയുമെന്നും, 2004 ജൂലൈയിലോ ഓഗസ്റ്റിലോ അദ്വാനിക്ക് അദ്ദേഹത്തിന് വഴിമാറേണ്ടി വന്നേക്കുമെന്നും പ്രവചിച്ച ദയാശങ്കര്‍ ശാസ്ത്രിക്ക് ജ്യോതിഷത്തിന്റെ വഴിമാറി നടക്കേണ്ട അവസ്ഥയാണ് സംജാതമായത്.  

മനുഷ്യരുടെ സകലവിധ പ്രശ്‌നങ്ങള്‍ക്കും 'ശാസ്ത്രീയമായ' വിധിപ്രകാരം തയ്യാറാക്കിയ മാന്ത്രിക ഏലസ്സുകള്‍ റീട്ടെയിലായും ഹോള്‍സെയിലായും സ്വദേശത്തും വിദേശങ്ങളിലും വില്‍പന നടത്തിക്കൊണ്ടിരിക്കുന്ന, 'ഭൂതം-ഭാവി-വര്‍ത്തമാനം കിറുകൃത്യം പ്രവചിക്കുന്ന' സാക്ഷാല്‍ ആറ്റുകാല്‍ രാധാകൃഷ്ണനെന്ന ജ്യോതിഷി പ്രവചിച്ചില്ലേ, തിരുവനന്തപുരത്ത് രാജഗോപാല്‍ ജയിക്കുമെന്ന്! എന്നിട്ടെന്തായി?! 2004ല്‍ തിരുവനന്തപുരത്ത് തോറ്റ രണ്ടു പ്രമുഖ സ്ഥാനാര്‍ഥികളും ജ്യോതിഷികളുടെ ഉപദേശപ്രകാരം വിജയസമയം നോക്കി പത്രികാസമര്‍പ്പണത്തിന് വരണാധികാരിയുടെ മുന്നില്‍ തള്ളുണ്ടാക്കിയത് പത്രത്തിലൂടെ നമ്മള്‍ വായിച്ചറിഞ്ഞതാണ്. നവഗ്രഹങ്ങളുടെ 'നില'യും നിലപാടുമൊക്കെ നോക്കി 'മഹത്തുക്കള്‍' പ്രവചിച്ചതെല്ലാം ജലരേഖകളായി മാറിയതെന്തേ? ഗ്രഹങ്ങളും കാലുമാറാന്‍ തുടങ്ങിയോ? ഗ്രഹങ്ങള്‍ക്കിടയില്‍ വല്ല വില്ലനും ഇടപെട്ടുവോ? 

പതിനേഴാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യമിന്ന്. ഒരുപാട് മാധ്യമസ്ഥാപനങ്ങളും വ്യക്തികളും സര്‍വേ നടത്തി ഓരോ സംസ്ഥാനത്തും ഏത് പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് കിട്ടുമെന്നും കേന്ദ്രത്തില്‍ ഏത് മുന്നണി അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നു.  എന്നാല്‍, വ്യക്തികളും രാജ്യങ്ങളും ഭരണാധികാരികളും അനുഭവിക്കുന്ന അനേകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും ആശങ്കകള്‍ക്ക് അറുതിവരുത്താനും  കഴിയുമെന്ന് അവകാശപ്പെടുന്ന ജ്യോത്സ്യമാരെല്ലാം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പറ്റിയ മുഹൂര്‍ത്തം നിശ്ചയിച്ചു കൊടുത്ത ശേഷം അണിയറയില്‍ ഒതുങ്ങിക്കൂടുന്നതെന്തേ? ജ്യോതിഷാനുകൂലികള്‍ ചിന്തിക്കുക. 

ജ്യോതിഷവും ഭരണാധികാരികളും

ഇന്ത്യയില്‍ രാജഭരണകാലത്ത് രാജാക്കന്മാര്‍ക്ക് 'കൊട്ടാരം ജ്യോത്സ്യന്മാര്‍' ഉണ്ടായിരുന്നു. അവരുടെ ഉപദേശങ്ങളും മുന്നറിയിപ്പുകളും രാജാക്കന്മാര്‍ക്ക് വളരെ വലപ്പെട്ടതായിരുന്നു. ഇന്ന് രാജാക്കന്മാരില്ല. പ്രസിഡന്റും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയാണുള്ളത്. എന്നാല്‍ ജ്യോത്സ്യന്മാരുടെ സാന്നിധ്യം മന്ത്രി മന്ദിരങ്ങളിലും മറ്റും പഴയതു പോലെത്തന്നെയുണ്ട് എന്നതാണ് വസ്തുത. തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതു മുതല്‍ ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍വരെ ജ്യോത്സ്യന്‍മാരോട് ആലോചിക്കുന്നവരാണ് മിക്ക രാഷ്ട്രീയക്കാരും ഭരണാധികാരികളും എന്നത് പരസ്യമായ രഹസ്യമാണ്. അധികാരം ഏറ്റെടുക്കുന്നതിനു മുമ്പ് ജ്യോത്സ്യന്മാരോട് ആലോചിച്ച് ശുഭമുഹൂര്‍ത്തം കുറിപ്പിക്കുന്ന പതിവും പലര്‍ക്കുമുണ്ട്!

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍

ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 15 എന്ന് നിശ്ചയിച്ചു. ജേ്യാതിഷികളോട് ആേലാചിക്കാതെയാണ്

അങ്ങനെ തീരുമാനിച്ചത്. 1947 ആഗസ്റ്റ് 15ാം തീയതി വെള്ളിയാഴ്ചയായിരുന്നു. അന്നത്തെ നാള്‍ പൂയം. കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശിയാണ് തിഥി. സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ കര്‍ക്കിടകം രാശിയില്‍. ജ്യോതിഷക്കാര്‍ കണക്കുകൂട്ടി. ഏറ്റവും അശുഭസൂചകമായ ഒരു ദിവസം. അവര്‍ ബഹളമുണ്ടാക്കി. ജ്യോത്സ്യന്മാരുടെ പ്രവചനങ്ങളെ അതര്‍ഹിക്കുന്ന പുഛത്തോടുകൂടി അവഗണിച്ചിരുന്ന പണ്ഡിറ്റ് നെഹ്‌റുവിനുപോലും അതിനു കീഴടങ്ങേണ്ടിവന്നു. അവസാനം ഒരു യോജിപ്പിലെത്തി. ആഗസ്റ്റ് പതിനഞ്ചാം തീയതി ആകുന്നതിനുമുമ്പ് പതിനാലാം തീയതി അര്‍ധരാത്രിക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ചുകൊണ്ട് ആ 'കുഴപ്പം' ഒഴിവാക്കി! അങ്ങനെയാണ് ഇന്ത്യക്ക് പാതിരാക്ക് സ്വാത്രന്ത്യം കിട്ടാനിടയായത്. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' (എൃലലറീാ മ േങശറിശഴവ)േ എന്ന പുസ്തകം ഇക്കാര്യം വിവരിക്കുന്നുണ്ട്.

വൈജ്ഞാനിക വികാസത്തോടൊപ്പം പിടിച്ചു നില്‍ക്കാന്‍ ഗതിമുട്ടിയ ജ്യോതിഷത്തെ ആധുനികീകരിക്കുവാനുള്ള പാഴ്ശ്രമങ്ങള്‍ ജ്യോതിഷികള്‍ നടത്തിവരുന്നുണ്ട്. മനഃശാസ്ത്രത്തെയും മറ്റു ചില ശാസ്ത്രശാഖകളെയും അതിനുവേണ്ടി കൂട്ടുപിടിച്ച് വിശ്വാസ്യത നിലനിര്‍ത്തുവാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചുവരുന്നു. എന്തു തന്ത്രം പ്രയോഗിച്ചും തങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കേണ്ടത് ജ്യോത്സ്യം തൊഴിലായി കൊണ്ടുനടക്കുന്നവരുടെ ആവശ്യമാണല്ലോ.

പ്രവചനങ്ങളിലെ പൊള്ളത്തരം

ആര്‍ക്കും പ്രവചനം നടത്താം. അവയില്‍ ചിലതെല്ലാം ഒത്തുവന്നെന്നും വരാം. അതിന് ജ്യോത്സ്യം അറിഞ്ഞിരിക്കണമെന്നില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും ആകില്ലെന്നും മോദി തന്നെവരുമെന്നും വരില്ലെന്നും പ്രവചിക്കാം. അത് സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുണ്ട്. സംഭവിച്ചാല്‍ പ്രവചനം പുലര്‍ന്നുവെന്ന് കൊട്ടിഘോഷിക്കും. മാധ്യമങ്ങള്‍ അതിന് വലിയ പ്രാധാന്യം നല്‍കുകയും ചെയ്യും. മറിച്ചാണെങ്കില്‍ പ്രവചനം ശ്രദ്ധിക്കപ്പെടാതെ പോകും. അതിന് യാതൊരു വാര്‍ത്താപ്രാധാന്യവും ലഭിക്കുകയുമില്ല. 2020 ദുരന്തങ്ങളുടെ വര്‍ഷമായിരിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാം. കാരണം ലോകത്ത് പലരൂപത്തിലുള്ള ദുരന്തങ്ങള്‍ എല്ലാ വര്‍ഷവും സംഭവിക്കാറുണ്ട്. ഇത്തരം പ്രവചനങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കി അതില്‍നിന്ന് അകന്നു നില്‍ക്കുവാനാണ് ബുദ്ധിയുള്ളവര്‍ ശ്രദ്ധിക്കേണ്ടത്.

സ്വാമി ദയാനന്ദ സരസ്വതിയും ജ്യോതിഷവും

''ചോദ്യം: ജാതകം തീരെ നിഷ്ഫലമാണോ?

ഉത്തരം: അതെ; അതിന് ജാതകമെന്നല്ല ശോകദം എന്നാണ് പറയേണ്ടത്. സന്താനം ഉണ്ടാകുമ്പോള്‍ സകലര്‍ക്കും ആനന്ദം ഉണ്ടാകാറുണ്ട്. എന്നാല്‍ ആ ആനന്ദം സന്താനത്തിന്റെ ജാതകം എഴുതി ഗ്രഹഫലം പറഞ്ഞുകേള്‍ക്കുന്നതുവരെ മാത്രമെ നിലനില്‍ക്കുന്നുള്ളൂ. ജാതകം എഴുതിക്കേണ്ടതാണെന്ന് ജ്യോത്സ്യന്‍ പറയുമ്പോള്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ ജ്യോത്സ്യനോട് 'വളരെ വിശേഷപ്പെട്ട ജാതകമായിരിക്കണം' എന്ന് പറയുന്നു. പറഞ്ഞേല്‍പിച്ചത് ധനികനാണെങ്കില്‍ ചുകപ്പും മഞ്ഞയും വരകള്‍ കൊണ്ടും ചിത്രങ്ങള്‍കൊണ്ടും മോടിപിടിപ്പിച്ചും, ദരിദ്രനാണെങ്കില്‍ സാധാരണ സമ്പ്രദായത്തിലും ഒരു ജാതകം എഴുതിയുണ്ടാക്കിക്കൊണ്ടുവരും. അപ്പോള്‍ കുട്ടിയുടെ മാതാപിതാക്കന്മാര്‍ ജ്യോത്സ്യന്റെ മുമ്പില്‍ ഇരുന്ന് ചോദിക്കുന്നു: 'ഇവന്റെ ജാതകം നല്ലതുതന്നെയല്ലേ?' ജ്യോത്സ്യന്‍ പറയുന്നു: 'ഉള്ളത് മുഴുവന്‍ പറഞ്ഞുകേള്‍പ്പിച്ചേക്കാം. കുഞ്ഞിന്റെ ജന്മഗ്രഹവും മിത്രഗ്രഹവും ശുഭങ്ങളാകുന്നു. അതിന്റെ ഫലമായി കുട്ടി വലിയ ധനികനും കീര്‍ത്തിമാനും ആയിത്തീരും. ഏതു സഭയില്‍ ചെന്നാലും ഇവന്റെ തേജസ്സ് മറ്റുള്ളവരുടേതിനെക്കാള്‍ മികച്ചുനില്‍ക്കും. നല്ല ആരോഗ്യമുള്ളവനും രാജാക്കന്മാര്‍കൂടി ബഹുമാനിക്കുന്നവനും ആയിത്തീരും.' ഈ വാക്കുകള്‍ കേട്ട് കുട്ടിയുടെ അച്ഛനമ്മമാര്‍ പറയും:'കൊള്ളാം അങ്ങ് നല്ല ജ്യോത്സ്യരാണ്.' എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ കാര്യം സാധിക്കുകയില്ലെന്ന് ജ്യോത്സ്യനറിയാം. അതുകൊണ്ട് ജ്യോത്സ്യന്‍ പിന്നെയും പറയുന്നു: 'ഈ പറഞ്ഞ ഗ്രഹങ്ങളെല്ലാം വളരെ അനുകൂലങ്ങള്‍ തന്നെ. എന്നാല്‍ ഈ ശുഭഗ്രഹങ്ങള്‍ വേറെ ചില ക്രൂരഗ്രഹങ്ങളോട് കൂടിച്ചേര്‍ന്നാണിരിക്കുന്നത്. അത് നിമിത്തം ഈ കുട്ടിക്ക് എട്ടാമത്തെ വയസ്സില്‍ മൃത്യുയോഗം കാണുന്നു.' ഇത് കേള്‍ക്കുമ്പോഴേക്കും അച്ഛനമ്മമാര്‍ പുത്രനുണ്ടായ ആനന്ദമെല്ലാം ത്യജിച്ച് ദുഃഖിതരായി ജ്യോത്സ്യനോട് പറയുന്നു:'ജ്യോത്സ്യരേ! ഞങ്ങള്‍ എന്ത് ചെയ്യണം?' ജ്യോത്സ്യന്‍ ഉടനെ പറയും: 'അതിന് പരിഹാരം ചെയ്യണം.' പരിഹാരമാര്‍ഗം എന്താണെന്ന് ഗൃഹസ്ഥന്‍ ചോദിക്കുമ്പോള്‍ ജ്യോത്സ്യന്‍ വീണ്ടും പറയും:'ദാനങ്ങള്‍ കൊടുക്കണം. ഗ്രഹശാന്തിക്കുള്ള മന്ത്രങ്ങള്‍ ജപിക്കണം. ദിവസംതോറും ബ്രാഹ്മണരെ കാല്‍കഴുകിച്ചൂട്ടണം. എങ്കില്‍ ഗ്രഹപ്പിഴ തീരുമെന്നാണ് അനുമാനിക്കേണ്ടത്.' ജ്യോത്സ്യന്‍ ഇവിടെ അനുമാനമെന്ന് പറഞ്ഞത് വളരെ മുന്‍കരുതലോടുകൂടിയാണ്. ഒരുപക്ഷേ, കുട്ടി മരിച്ചുപോകുന്നതായാല്‍ അയാള്‍ പറയും: 'ഞങ്ങള്‍ എന്ത് ചെയ്യും? ഈശ്വരനുപരി ആരുമില്ല. ഞങ്ങള്‍ വളരെ പ്രയത്‌നിച്ചു. നിങ്ങളും പലതും ചെയ്യിച്ചു. പക്ഷേ, അവന്റെ കര്‍മഫലം അങ്ങനെയാണ്.' കുട്ടി ജീവിച്ചെങ്കില്‍ അപ്പോഴും അയാള്‍ക്ക് പറയാം: 'നോക്കുക! ഞങ്ങളുടെ മന്ത്രങ്ങളുടെയും ഞങ്ങള്‍ ഉപവസിക്കുന്ന ദേവതമാരുടെയും ബ്രാഹ്മണരുടെയും ശക്തതി എത്ര വലുതാണ്! നിങ്ങളുടെ കുട്ടിയെ രക്ഷിച്ച് തന്നില്ലേ!' വാസ്തവത്തില്‍ ജപംകൊണ്ട് ഫലമൊന്നുമുണ്ടായില്ലെങ്കില്‍ ആ ധൂര്‍ത്തന്മാരുടെ കയ്യില്‍നിന്ന് അവര്‍ക്ക് കൊടുത്തതില്‍ രണ്ടോ മൂന്നോ ഇരട്ടി പണം മടക്കി വാങ്ങേണ്ടതാണ്. കുട്ടി ജീവിച്ചിരിക്കുന്നതായാലും അങ്ങനെ മടക്കിമേടിക്കുക തന്നെയാണ് വേണ്ടത്. എന്തെന്നാല്‍, അത് അവന്റെ കര്‍മഫലമാണ്. 'ഈശ്വരന്റെ നിയമത്തെ ലംഘിക്കുവാന്‍ ആര്‍ക്കും ശക്തിയില്ല' എന്ന് ജ്യോത്സ്യന്‍ പറയുന്നതുപോലെ 'അവന്റെ കര്‍മഫലവും ഈശ്വരന്റെ നിയമമാണ്. അവനെ രക്ഷിച്ചത് നിങ്ങളുടെ പ്രവൃത്തിയല്ല' എന്ന് ഗൃഹനാഥന് അയാളോട് പറയാം. ദാനങ്ങളും മറ്റു കര്‍മങ്ങളും അനുഷ്ഠിപ്പിച്ച് പ്രതിഫലം വാങ്ങിയിട്ടുള്ള ഗുരു മുതലായവരോടും ജ്യോത്സ്യനോട് പറഞ്ഞതുപോലെതന്നെ പറയേണ്ടതാണ്'' (മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 'സത്യാര്‍ഥ പ്രകാശം,' മലയാളപരിഭാഷ: ആചാര്യ നരേന്ദ്രഭൂഷണ്‍, പേജ് 63,64).


ഇസ്‌ലാം പഠിപ്പിക്കുന്നത്

'ഇസ്‌ലാമിക ജ്യോതിഷ'മെന്ന പേരിലും ഈ തട്ടിപ്പ് വ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നത് ജാഗ്രതയോടെ നോക്കിക്കാണേണ്ടതുണ്ട്. തൗഹീദിന് കടക വിരുദ്ധമായ, വിശ്വാസത്തെ ചൂഷണം ചെയ്യുന്ന 'ഇസ്‌ലാമിക ജ്യോതിഷികളു'ടെയും 'അറബിക് മാന്ത്രിക'ക്കാരുടെയും കെണിയിലകപ്പെടുന്ന വികല വിശ്വാസികള്‍ നാളത്തെ കാര്യമറിയാനും ജാതകം കുറിക്കുവാനും മറ്റും ജാതി മത വ്യത്യാസമില്ലാതെ തങ്ങന്‍മാരുടെയും പണിക്കന്മാരുടെയും മറ്റും വീടുകള്‍ക്കു മുമ്പില്‍ ക്യൂനില്‍ക്കുവാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് ഭീതിതമായ സത്യമാണ്. 

ഇസ്‌ലാം ഇത്തരം ദൈവനിഷേധാത്മകമായ വിശ്വാസങ്ങളെ പാടെ നിരാകരിക്കുന്നു. അവനവന്റെ പ്രവര്‍ത്തന ഫലമായായുണ്ടാകുന്ന ഗുണദോഷങ്ങളെ അവരിലേക്കല്ലാതെ ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും ചേര്‍ത്തിപ്പറയുന്നത് അര്‍ഥമില്ലാത്ത പ്രവൃത്തിയാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ് ഫലവും അവരവരുടെ മേല്‍ തന്നെ'' (2:286).

'മനുഷ്യ ജീവിതത്തിലെ അഭിവൃദ്ധിക്കും അധഃപതനത്തിനും ആധാരം' അനേകം കോടി നക്ഷത്രങ്ങള്‍ക്കിടയിലെ 27 നക്ഷത്രങ്ങളാണെന്ന മൂഢധാരണയെ ഇസ്‌ലാം നിരാകരിക്കുന്നു. തിന്മകളെ തടുക്കാന്‍ രത്‌നക്കല്ലുകള്‍ പതിച്ച മോതിരങ്ങള്‍ ധരിക്കാനല്ല സല്‍കര്‍മങ്ങള്‍ ചെയ്യുവാനാണ് ഇസ്‌ലാം കല്‍പിക്കുന്നത്.

നാളെ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ അറിയുവാനായി ജ്യോത്സ്യന്മാരെയും കൈനോട്ടക്കാരെയും സിദ്ധന്മാരെയും തേടിച്ചെല്ലുന്നവര്‍ സ്രഷ്ടാവിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക:

''അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല'' (ക്വുര്‍ആന്‍ 6:59).