ഇസ്‌ലാമും യുദ്ധവും: തിരുത്തപ്പെടേണ്ട ധാരണകള്‍

ശമീര്‍ മദീനി

2019 മെയ് 25 1440 റമദാന്‍ 20
അസഹിഷ്ണുതയുടെയും അതിക്രമത്തിന്റെയും മതമായിട്ടാണ്ഇസ്‌ലാമിനെ വിമര്‍ശകര്‍ പരിചയപ്പെടുത്താറുള്ളത്. മുസ്‌ലിംകള്‍ നേതൃത്വം നല്‍കിയ ചെറുതും വലുതുമായ യുദ്ധങ്ങളെയെല്ലാം ഇതിന് ഉദാഹരണമായി അവര്‍ എടുത്തുദ്ധരിക്കാറുമുണ്ട്. യുദ്ധെത്ത കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാടെന്താണ്? പ്രവാചക കാലഘട്ടത്തില്‍ എന്തെല്ലാം കാരണങ്ങളാലാണ് യുദ്ധങ്ങള്‍ അരങ്ങേറിയത്? ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് യുദ്ധങ്ങളെ കുറിച്ച് എന്തെല്ലാം പറയാനുണ്ട്?

ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. 'സമാധാനം' എന്ന് അര്‍ഥം വരുന്ന 'സില്‍മ്' എന്ന അറബി ധാതുവില്‍ നിന്നാണ് 'ഇസ്‌ലാം' എന്ന പദം നിഷ്പന്നമായിട്ടുള്ളത്. മുസ്‌ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യമര്‍പ്പിക്കുന്നതും താങ്കള്‍ക്ക്  'സലാം' അഥവാ സമാധാനമുണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ടാണ്.

ഇസ്‌ലാം സമാധാനത്തിന്റെ മതമാണെങ്കില്‍ ഇസ്‌ലാമിന്റെ പ്രവാചകന്‍ എന്തുകൊണ്ട് പത്തോളം യുദ്ധങ്ങള്‍ നയിച്ചു? അതിലെ നാശനഷ്ടങ്ങള്‍ക്കും കെടുതികള്‍ക്കും എന്ത് ന്യായീകരണങ്ങളാണുള്ളത്? ഇസ്‌ലാം വിമര്‍ശകരില്‍നിന്ന് ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. അത് കേള്‍ക്കുന്ന ചിലര്‍ക്കെങ്കിലും ചില തെറ്റുധാരണകള്‍ ഇത് സംബന്ധമായി ഉണ്ടാകാന്‍ സാധ്യതയുണ്ട്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ തെറ്റുധാരണകള്‍ തീരുമെന്നതില്‍ സംശയമില്ല. ഇസ്‌ലാം യുദ്ധത്തെക്കുറിച്ച് എന്താണ് പറയുന്നത്? പ്രവാചകന്റെ കാലത്ത് നടന്ന യുദ്ധങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവയുടെ കാരണങ്ങളും അനന്തര ഫലങ്ങളും എന്തൊക്കെയായിരുന്നു?

എന്തിനൊക്കെയാണ് യുദ്ധങ്ങള്‍?

പ്രതിരോധത്തിനും രാഷ്ട്ര സംരക്ഷണത്തിനും ഇസ്‌ലാമിക പ്രബോധനത്തിന്റെ മുമ്പിലുള്ള മാര്‍ഗതടസ്സങ്ങള്‍ നീക്കുന്നതിനും അക്രമകാരികളെ അമര്‍ച്ച ചെയ്യുന്നതിനുമൊക്കെയാണ് ഇസ്‌ലാം യുദ്ധം അനുവദിക്കുന്നത്. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ആദ്യത്തെ പതിനഞ്ച് വര്‍ഷങ്ങള്‍ കടുത്ത പീഡനങ്ങളും മര്‍ദനങ്ങളും മുസ്‌ലിംകള്‍ക്ക് ഏല്‍ക്കേണ്ടിവന്നിട്ടും യുദ്ധമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യം പോലുമുണ്ടായി. ഒട്ടേറെ വിശ്വാസികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അപ്പോഴൊക്കെയും സഹനത്തിന്റെയും ക്ഷമയുടെയും പാഠങ്ങളായിരുന്നു നബി ﷺ  അനുയായികള്‍ക്ക് പകര്‍ന്നു കൊടുത്തിരുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് സായുധമായ പോരാട്ടത്തിന് അനുവാദം നല്‍കപ്പെട്ടത്.

ആയുധബലം പ്രകടിപ്പിക്കാനോ 'കൈത്തരിപ്പ് മാറ്റാനോ' ശത്രുതാപരമായ കയ്യേറ്റങ്ങള്‍ക്കോ വേണ്ടിയായിരുന്നില്ല ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍; പ്രത്യുത, രാഷ്ട്രത്തിന്റെയും മതത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയും മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്ന മര്‍ദിതര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടിയായിരുന്നു.

സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളാകുന്ന ഇസ്‌ലാമിന്റെ സന്ദേശം സര്‍വരിലേക്കും എത്തണമെന്നതും ചൂഷണങ്ങളില്‍ നിന്ന് മനുഷ്യരെ മുഴുവന്‍ രക്ഷപ്പെടുത്തണമെന്നതും ഇസ്‌ലാമിന്റെ അഭിലാഷമാണ്. ഇസ്‌ലാമിന്റെ സൗരഭ്യവും അതിന്റെ പ്രകാശവും എല്ലാവര്‍ക്കും ലഭ്യമാകണം. അതിന്റെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരാള്‍ക്കും അത് നിഷേധിക്കപ്പെട്ടുകൂടാ. എന്നാല്‍ ബലാല്‍ക്കാരമായി ആരെയും മതത്തില്‍ ചേര്‍ക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു.

''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 2:256).

ഈ മൗലികമായ അവകാശത്തിന് മുമ്പില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിലും അനിവാര്യമായ ഘട്ടത്തിലുമാണ് ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍ നടന്നിട്ടുള്ളത്. സാമൂഹ്യനീതിയും സമാധാനവും ഉറപ്പാക്കുവാനും മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുവാനും ഇസ്‌ലാമും ഇസ്‌ലാമിക രാഷ്ട്രവും പ്രതിജ്ഞാബദ്ധമാണ്.

അല്ലാഹു പറയുന്നു: ''മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന് ) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല'' (2:193).

ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ബുഖാരി ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇബ്‌നു ഉമര്‍(റ) പറയുന്നത് കാണാം: ''നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക; 'ഫിത്‌ന' ഇല്ലാതിരിക്കുന്നത് വരെ'' ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ''ഞങ്ങള്‍ നബി ﷺ യുടെ കാലത്ത് അതനുസരിച്ച് യുദ്ധം ചെയ്തു. മുസ്‌ലിംകള്‍ കുറവായിരുന്നതിനാല്‍ മതത്തിന്റെ പേരില്‍ ആളുകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. ഒന്നുകില്‍ കൊന്നുകളയും. അല്ലെങ്കില്‍ ശക്തമായി ഉപദ്രവിക്കും. അങ്ങനെ മുസ്‌ലിംകള്‍ അധികരിച്ചു. അപ്പോള്‍ പിന്നെ ആ 'ഫിത്‌ന' ഉണ്ടായില്ല'' (ബുഖാരി).

ഹാഫിദ് ഇബ്‌നു കഥീര്‍(റഹി)യും ഈ സംഭവം ഈ വചനത്തിന്റെ വിവരണത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഇതാണ് യുദ്ധം അനിവാര്യമാകുന്നതിലെ പ്രധാന ഘടകം.

മതമെന്ന നിലയ്ക്ക് ഇസ്‌ലാമിനും ഒരു സമൂഹമെന്ന നിലയ്ക്ക് മുസ്‌ലിംകള്‍ക്കും അനിവാര്യ ഘട്ടത്തിലെ പ്രതിരോധം നിലനില്‍പിന്റെ അഥവാ അസ്തിത്വത്തിന്റെ പ്രശ്‌നം കൂടിയാണ്. നിലനില്‍ക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് അത് എന്ന് സാരം.

അതായത്, ഇസ്‌ലാം യുദ്ധം അനുവദിച്ച ഒരു സന്ദര്‍ഭം വിശ്വാസികളുടെയും മതത്തിന്റെയും ആദര്‍ശത്തിന്റെയും സംരക്ഷണത്തിനുമാണ്. ആ മാര്‍ഗത്തിലുള്ള പ്രതിരോധവുമാണത്.

അല്ലാഹു പറയുന്നു: ''യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്  അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും ക്രിസ്തീയദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു'' (ക്വുര്‍ആന്‍ 22:39,40).

അപ്രകാരം തന്നെ അന്യായങ്ങളെയും അതിക്രമങ്ങളെയും തടയുവാനും മര്‍ദിതരുടെ സംരക്ഷണത്തിന്നും നീതിയും നന്മയും നാട്ടില്‍ നിലനില്‍ക്കുവാനും ചിലപ്പോള്‍ സായുധപോരാട്ടങ്ങള്‍ ആവശ്യമായി വന്നേക്കാം.

അല്ലാഹു പറയുന്നു: ''വിലക്കപ്പെട്ട മാസത്തിലെ യുദ്ധത്തിന് വിലക്കപ്പെട്ട മാസത്തില്‍ തന്നെ  തിരിച്ചടിക്കുക. വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക്കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക'' (2:194).

''നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ'' (2:190).

അതോടൊപ്പം ശ്രദ്ധേയമായ ഒരു സംഗതി; നബി ﷺ  ഒരൊറ്റ യുദ്ധത്തിനും തുടക്കക്കാരനായിട്ടില്ല എന്നതാണ്. അപ്രകാരം തന്നെ ഭൗതികമായ ലാഭങ്ങള്‍ മോഹിച്ചോ ശത്രുക്കളുടെ സ്വത്ത് ആഗ്രഹിച്ചോ രാജ്യത്തിന്റെ വിസ്തൃതി കൂട്ടുവാനോ അധികാരം മോഹിച്ചോ ഒന്നുമായിരുന്നില്ല അവിടുത്തെ സൈനിക നീക്കങ്ങളില്‍ ഒന്നു പോലും. മറിച്ച് മനുഷ്യരുടെ മൗലികാവകാശങ്ങള്‍ക്കു വേണ്ടിയും അനീതിക്കും അക്രമങ്ങള്‍ക്കുമെതിരിലുമായിരുന്നു. അനിവാര്യഘട്ടത്തില്‍ നടന്നതാണ് അവയൊക്കെയുമെന്നത് നിഷ്പക്ഷമായി പ്രവാചക യുദ്ധങ്ങളുടെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്നതാണ്.

യുദ്ധത്തിലെ നാശനഷ്ടങ്ങള്‍

ഒരേയൊരു മനുഷ്യനല്ലാതെ പ്രവാചക കരം കൊണ്ട് കൊല്ലപ്പെട്ടിട്ടില്ല എന്നത് അതിന്റെ ഏറ്റവും വലിയ തെളിവാണ്. ഹിജ്‌റ മൂന്നാം വര്‍ഷം മദീനയെ ആക്രമിക്കാന്‍ വന്ന ശത്രുക്കളെ നേരിട്ട ഉഹ്ദിന്റെ സന്ദര്‍ഭത്തില്‍ കോല്ലപ്പെട്ട ഉബയ്യുബ്‌നു ഖലഫാണ് ആ വ്യക്തി.

നബി ﷺ യുടെ കാലത്ത് നടന്ന പത്തോളം വരുന്ന യുദ്ധങ്ങളില്‍ ഇരു പക്ഷത്തുനിന്നുമായി ആകെ കൊല്ലപ്പെട്ടത് 1018 പേര്‍ മാത്രമാണ്. എന്നാല്‍ ഇസ്‌ലാമിന് യാതൊരു പങ്കാളിത്തവുമില്ലാത്ത എത്രയോ യുദ്ധങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്. ഭീമമായ സാമ്പത്തിക നഷ്ടങ്ങള്‍ക്കുപരി ദശലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് അവയില്‍ ഹനിക്കപ്പെട്ടത്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഈ വസ്തുത ബോധ്യപ്പെടും.

1914-18 കാല ഘട്ടത്തില്‍ നടന്ന ഒന്നാം ലോകമഹായുദ്ധത്തില്‍ മാത്രം 60 ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. രണ്ട് കോടിയിലധികമാളുകള്‍ക്ക് പരിക്കു പറ്റിയിട്ടുമുണ്ട്. അത് വരുത്തിവെച്ച സാമ്പത്തിക നഷ്ടമാകട്ടെ കോടാനുകോടികളുടെതാണ്.

1939-45 കാലഘട്ടത്തില്‍ നടന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ കണക്ക് ഇതിലും അധികമാണ്. ഈ യുദ്ധങ്ങളിലൂടെ ലോകത്തിന് എന്ത് നേട്ടമാണുണ്ടായത്? എല്ലാവരും സമ്മതിക്കും; ഒരു നേട്ടവുമുണ്ടായിട്ടില്ല, നഷ്ടങ്ങളല്ലാതെ എന്ന്. എന്നാല്‍ ഇസ്‌ലാമിന്റെ യുദ്ധങ്ങളൊന്നും ഇങ്ങനെയായിരുന്നില്ല. അധിനിവേശം നടത്തലോ രക്തം ചിന്തലോ ആയിരുന്നില്ല അവ ഒന്നിന്റെയും പിന്നിലുള്ള ലക്ഷ്യവും പ്രേരകങ്ങളും. മറിച്ച് സാമൂഹിക നീതിയും ശാന്തിയും സമാധാനവും നടപ്പിലാക്കുക, മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുക, വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുക മുതലായ ലക്ഷ്യങ്ങളായിരുന്നു അവയ്ക്കു പിന്നില്‍. അവ നേടിയെടുക്കുന്നതില്‍ വിജയിക്കുവാന്‍ ഭീമമായ നഷ്ടങ്ങളില്ലാതെ തന്നെ ആ പോരാട്ടങ്ങള്‍ക്ക് സാധിച്ചു എന്നതാണ് സത്യം.

സാധാരണ യുദ്ധങ്ങളില്‍ സൈനികര്‍ മാത്രമല്ല കൊല്ലപ്പെട്ടിരുന്നത;് സിവിലിയന്മാരും തികച്ചും നിരാലംബരും ദുര്‍ബലരുമായ സ്ത്രീകളും കുട്ടികളും അടക്കം കൊലചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ പോരാട്ടങ്ങളില്‍ ശാരീരികമായോ ബൗദ്ധികമായോ യുദ്ധത്തില്‍ പങ്കാളികളാകാത്ത ഒരാളും ആക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. കര്‍ഷകരും ജോലിക്കാരുമായ സാധാരണ പൗരന്മാര്‍ യുദ്ധത്തിന്റെ പേരില്‍ ഒരുവിധ കയ്യേറ്റങ്ങള്‍ക്കും വിധേയരായിട്ടില്ല. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടില്ല.

സൈനികരോടുള്ള നബി ﷺ യുടെ ഉപദേശങ്ങള്‍ മാനവ ചരിത്രത്തില്‍ കിടയറ്റതാണ്. ആ ഉപദേശങ്ങള്‍ മനസ്സിലാക്കിയ ഒരാള്‍ക്കും ചാവേറായി പൊട്ടിത്തെറിച്ച് നിരപരാധികളെ കൊന്നൊടുക്കാന്‍ കഴിയില്ല, അങ്ങനെ ചെയ്യുന്നവരെ യഥാര്‍ഥ മുസ്‌ലിംകളായി അംഗീകരിക്കാനും കഴിയില്ല.

(അടുത്ത ലക്കത്തില്‍: സൈന്യത്തോടുള്ള പ്രവാചകോപദേശങ്ങള്‍)