ആത്മഹത്യ പ്രശ്‌നമോ പരിഹാരമോ?

നബീല്‍ പയ്യോളി

2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17
ആത്മഹത്യാനിരക്ക് മുമ്പെങ്ങുമില്ലാത്ത വിധം കൂടിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. പ്രശ്‌നങ്ങളെ ധീരമായി നേരിടുന്നതിന് പകരം ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടാന്‍ ശ്രമിക്കുന്നത് ഭീരുത്വവും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കലുമാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മലയാളികളുടെ പ്രധാന ചര്‍ച്ചാവിഷയം ആത്മഹത്യയാണ്. അന്നംതേടി പിറന്ന നാടും വീടും കുടുബവും വിട്ട് വിദേശത്തക്ക് ചേക്കേറിയ ഒരു പ്രവാസി  സ്വന്തം നാട്ടില്‍ ഒരു ബിസിനസ്സ് സംരംഭം ആരംഭിക്കാന്‍ തന്റെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചു. എന്നാല്‍ ആരുടെയൊക്കെയോ ക്രൂരമായ മനസ്സിന് മുമ്പില്‍ തന്റെ സ്വപ്നങ്ങള്‍ തകര്‍ന്നടിയുന്നു എന്ന യാഥാര്‍ഥ്യം ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. വിവാഹാഭ്യര്‍ഥന നിരസിച്ച പൊലീസുകാരിയെ തീ കൊളുത്തി കൊന്നത് സഹപ്രവര്‍ത്തകനായിരുന്ന പൊലീസുകാരന്‍. അവളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ തീരുമാനം എന്നായിരുന്നത്രെ ആ പൊലീസുകാരന്റെ മൊഴി. കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 18 കാരന്‍ ചികിത്സയിലായിരിക്കെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. മാതാപിതാക്കള്‍ വിദേശത്ത്. നല്ല സാമ്പത്തിക ചുറ്റുപാട്. പഠിക്കാന്‍ മിടുമിടുക്കന്‍. എന്നിട്ടും അവന്‍ ഇളം വയസ്സിലേ മരണത്തെ പുല്‍കി. കാമുകി മറ്റൊരാളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതില്‍ മനംനൊന്ത് ഫേസ്ബുക്കില്‍ ലൈവ് നല്‍കി ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതും കഴിഞ്ഞ ദിവസമാണ്. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, ബാങ്ക് ജപ്തി ഭീഷണി, കുടുംബ കലഹം തുടങ്ങി പല കാരണങ്ങളാലും കുറെ പേര്‍ നമ്മുടെ മലയാള മണ്ണില്‍അടുത്ത കാലത്ത് ആത്മഹത്യയില്‍ അഭയം തേടി! പരീക്ഷയില്‍ തോറ്റതിനാല്‍ ആത്മഹ്യ ചെയ്യുന്ന കുട്ടികളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലം നാടുവിട്ട  എറണാകുളം സെന്‍ട്രല്‍ സി.ഐ. തിരിച്ചു വന്ന് മാധ്യമങ്ങളോട് പറഞ്ഞ കാര്യം ഏറെ ശ്രദ്ധേയമാണ്: 'എനിക്ക് ഒരു തീരുമാനം ഉണ്ടായിരുന്നു; സ്വയം ഇല്ലാതാവുന്ന അവസ്ഥയിലേക്ക് പോവുകയില്ലയെന്ന്. മനഃശാന്തി തേടിയുള്ള യാത്രയിലായിരുന്നു ഞാന്‍.'

ആത്മഹത്യയുടെ കാരണങ്ങള്‍ എന്തെന്നതിന് ഉത്തരമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മനഃസംഘര്‍ഷം അനുഭവിക്കുന്നവര്‍ അതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്നു!

യഥാര്‍ഥത്തില്‍ ആത്മാര്‍ഥമായി മരിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണോ ഇവര്‍ ആത്മഹത്യ ചെയ്യുന്നത്? അല്ല എന്നതാകാം വസ്തുത. തങ്ങളുടെ ജീവിതത്തില്‍ 'അപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്എന്തായിരുന്നാലും അത് അവസാനിപ്പിക്കാന്‍, അതില്‍നിന്ന് രക്ഷ നേടാന്‍' മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. 'ഇനി എനിക്കിതു സഹിക്കാന്‍ വയ്യ,' 'ഇനി ഞാന്‍ എന്തിനു ജീവിക്കണം?' എന്നൊക്കെ എഴുതിയ ആത്മഹത്യാ കുറിപ്പുകള്‍ അതാണ് സൂചിപ്പിക്കുന്നത്.

സ്വന്തം ജീവിതം അവസാനിപ്പിച്ച് മറ്റുള്ളവരെ തോല്‍പിക്കാം എന്ന് കരുതുന്നവരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ആത്മഹത്യാ പ്രവണതയുള്ളവരെ ചികിത്സിക്കുന്നതില്‍ വിദഗ്ധനായ ജപ്പാനിലെ 'ഹിരോഷി ഇനാമൂര' ഇങ്ങനെ എഴുതി: ''സ്വന്തം മരണത്തിലൂടെ, തങ്ങളെ പീഡിപ്പിച്ചവരെ ശിക്ഷിക്കാന്‍ കുട്ടികള്‍ ആഗ്രഹിക്കുന്നു.''

പല രാജ്യങ്ങളിലും മധ്യവയസ്‌കരിലും വൃദ്ധരിലും ആണ് ആത്മഹത്യാ നിരക്ക് കൂടുതല്‍. എന്നാല്‍ ആത്മഹത്യ ചെയ്യുന്നവരുടെ ആകെ കണക്കെടുത്താല്‍ 15 വയസ്സിന്റെയും 29 വയസ്സിന്റെയും ഇടയിലുള്ളവരാണത്രെ കൂടുതല്‍. കൗമാര പ്രായക്കാരില്‍ രണ്ടാമത്തെ പ്രധാന മരണകാരണമാണ് ആത്മഹത്യ. അപകടങ്ങള്‍ മൂലമുള്ള മരണമാണ് ഈ വിഭാഗത്തില്‍ ആത്മഹത്യയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. വികസിതരാജ്യങ്ങളിലെ യുവാക്കളില്‍ ഏകദേശം 30% മരണങ്ങളും ആത്മഹത്യ മൂലമാണുണ്ടാകുന്നത്.

മനുഷ്യന്‍ സമാധാനത്തിന് വേണ്ടി നെട്ടോട്ടമോടി ഊരാക്കുടുക്കുകളില്‍ കുടുങ്ങി ആത്മാഹുതി ചെയ്യുന്ന പ്രവണത കൂടിവരുന്നു എന്ന് വേണം കരുതാന്‍. 'മതത്തിന്റെ വേലിക്കെട്ടുകള്‍ തല്ലിത്തകര്‍ത്ത്' സ്വാതന്ത്ര്യത്തിന്റെ വിഹായസ്സില്‍ വട്ടമിട്ട് പറക്കുന്ന പറവകളിലാണ് ആത്മഹത്യ കൂടുതല്‍ എന്നത് കണക്കുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന മതങ്ങളല്ല, സ്വന്തന്ത്ര ചിന്തയും വ്യക്തിത്വവും ഉള്ള തലമുറയാണ് നാടിന്റെ പുരോഗതിക്കും സമാധാനത്തിനും ആവശ്യമെന്ന് നാഴികക്ക് നാല്‍പത് വട്ടം പ്രസംഗിക്കുന്ന യുക്തിവാദികള്‍ ആര്‍ക്കിടയിലാണ് ആത്മഹത്യാ നിരക്ക് കൂടുതലെന്ന് പഠിക്കാനൊരുങ്ങണമെന്നാണ് പറയാനുള്ളത്.

ലോകാരോഗ്യ സംഘടനയുടെ 2016ലെ കണക്കുകള്‍ പ്രകാരം സൗത്ത് അമേരിക്കന്‍ രാജ്യമായ ഗുയാനയിലാണ് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതല്‍. തൊട്ട് താഴെ ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയാണ്. റഷ്യയാണ് മൂന്നാം സ്ഥാനത്ത്. അമേരിക്കന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആണ് ആദ്യ പത്തില്‍ എട്ടും. നിസ്സീമമായ സ്വാന്തന്ത്ര്യത്തിന്റെ ആസ്വാദനം തേടിയുള്ള യാത്രയില്‍ മദ്യവും മയക്കുമരുന്നും തീര്‍ത്ത മായാലോകത്തെ ചതിക്കുഴികള്‍ മനസ്സിലാക്കാതെ ജീവിതം തകര്‍ന്ന അനേകായിരങ്ങള്‍ ലോകത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട് .

ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പ് 309 പ്രകാരം ആത്മഹത്യ കുറ്റകരമായി മുമ്പ് കണക്കാക്കിയിരുന്നു. എന്നാല്‍ മാനസികരോഗികള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനം ഇല്ലാതാക്കാനും അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും വേണ്ടി 2017ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ മാനസികാരോഗ്യ നിയമം ഈ വകുപ്പ് റദ്ദാക്കുകയുണ്ടായി

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യ ആത്മഹത്യാ നിരക്കില്‍ 16ാം സ്ഥാനത്താണ് (16.5).  നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്ക് പ്രകാരം പോണ്ടിച്ചേരിയില്‍ ആണ് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് (43.2). തൊട്ടു പിന്നില്‍ ഛത്തീസ്ഘട്ട് (37.5). ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (28.9). രാജ്യത്തെ ഏറ്റവും കുറഞ്ഞ ആത്മഹത്യാ നിരക്ക്  ബീഹാറിലാണ് (0.5).

പ്രസ്തുത പട്ടികയില്‍ 8ാം സ്ഥാനത്തുള്ള കേരളത്തില്‍ നിരക്ക് 21.6 ആണ്. ദേശീയ ശരാശരിയെക്കാന്‍ ഏകദേശം ഇരട്ടിയോളം വരുമിത്! കേരളത്തില്‍ കൊല്ലം ജില്ലയാണ് ആത്മഹത്യ നിരക്കില്‍ ഒന്നാം സ്ഥാനത്ത് (40.3). തിരുവനതപുരം (19.3). തൃശൂര്‍ (12.5) ആണ് രണ്ടും മൂന്നും സ്ഥാനത്ത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് (3.3).

ലോകാടിസ്ഥാനത്തില്‍ തന്നെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍  താരതമ്യേന ആത്മഹത്യാനിരക്ക് കുറവാണ് ഖത്തര്‍ (5.8), ബഹ്റൈന്‍ (5.7), ഇന്തോനേഷ്യ (3.7), ഒമാന്‍(3.5), സുഊദി അറേബ്യ(3.4), ടുണീഷ്യ(3.2), മൊറോക്കോ (3.1), യു.എ.ഇ (2.7), കുവൈറ്റ് (2.2) എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ ഇടമാണ് പ്രസ്തുത രാജ്യങ്ങള്‍ക്ക് ഉള്ളത് എന്നത് ഏതൊരാളുടെയും ചിന്തയെ തൊട്ടുണര്‍ത്തുന്നു.

 അതിന് ചില കാരണങ്ങളുണ്ട്. ഒന്നാമത്തേത് ഇസ്ലാമിക വിശ്വാസങ്ങളിലെ വിധി വിശ്വാസത്തിന്റെകരുത്ത് തന്നെയാണ്. തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഏതൊരു നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന വിശ്വാസം അതിന്റെ അനുയായികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്. നന്മയില്‍ സന്തോഷിച്ച് തന്റെ നാഥനെ സ്തുതിക്കുവാനും തിന്മയില്‍ ക്ഷമിച്ച് നാഥനോട് കാവല്‍ തേടാനും ഇസ്ലാം വിശ്വാസികളെ ഉണര്‍ത്തുന്നു.

ഇസ്ലാമിക വീക്ഷണത്തില്‍ ആത്മഹത്യ എന്നത് ഗുരുതരമായ ഒരു പാപമാണ്. അല്ലാഹു  പറയുന്നു:   ''നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്‌നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു'' (4:29,30).  

ഒട്ടേറെ പ്രവാചക വചനങ്ങള്‍ ആത്മഹത്യയുടെ ഗൗരവത്തെ കുറിച്ചും അതിന്റെ ശിക്ഷയെ കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ഒരാള്‍ മലമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്താല്‍, അവന്‍ നരകത്തില്‍ വെച്ചും അപ്രകാരം നിത്യവും വീണുകൊണ്ടേയിരിക്കും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തവന്‍ നരകത്തില്‍ എന്നെന്നും വിഷം കഴിച്ചുകൊണ്ടേയിരിക്കും. അവന്റെ കയ്യില്‍ വിഷം എപ്പോഴും ഉണ്ടായിരിക്കും. ഒരാള്‍ ആയുധം ഉപയോഗിച്ച് സ്വശരീരത്തെ വധിച്ചാല്‍ അവന്‍ കാലാകാലവും നരകത്തില്‍ വെച്ച് ആയുധംകൊണ്ട് തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. ആ ആയുധം അവന്റെ കയ്യില്‍ എപ്പോഴും ഉണ്ടായിരിക്കും'' (സ്വഹീഹുല്‍ ബുഖാരി).

ഇതെല്ലം വിശ്വാസിയെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കാരണമായിത്തത്തീരുന്നു. ലക്ഷ്യബോധം ഇല്ലാത്ത മനുഷ്യര്‍ ജീവിതം വഴിയിലുപേക്ഷിച്ച് 'രക്ഷപ്പെടാന്‍' ശ്രമിക്കുന്നു. എന്നാല്‍ ഇസ്ലാം മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യവും ആ ലക്ഷത്തിലേക്ക് എത്താനുള്ള മാര്‍ഗവും മാനവ സമൂഹത്തിന് വരച്ചു കാണിച്ച് കൊടുത്തു. അത് പ്രായോഗികമാണെന്ന് തന്റെ 23 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിലൂടെ പ്രയോഗവത്കരിച്ച് കാണിച്ചു എന്നതാണ് മുഹമ്മദ് നബി ﷺ യെ ലോകത്തിന് മുന്നില്‍ വത്യസ്തനാക്കുന്നത്.

അധാര്‍മികതയുടെ കൂത്തരങ്ങായിരുന്ന ഒരു നാടിനെ ലോകത്തിന്റെ മുഴുവന്‍ നന്മയുടെ കേന്ദ്രമാക്കിയും അവിടുത്തെ ജനതയെ ലോകജനതക്ക് മാതൃകയാക്കിയതും വിശുദ്ധ ക്വുര്‍ആനും പ്രവാചക ചര്യയും വരച്ചുകാണിച്ച ലക്ഷ്യബോധത്തിലൂടെയായിരുന്നു. ഈലോക ജീവിതം നൈമിഷികമാണെന്നും മരണത്തിനപ്പുറമുള്ള യഥാര്‍ഥ ജീവിതത്തിന് വേണ്ടി തയ്യാറെടുക്കുക എന്നുമുള്ള ഇസ്ലാമികാധ്യാപനം പ്രതിസന്ധികളെ തരണം ചെയ്ത്, നല്ലൊരു നാളേക്ക് വേണ്ടി, ജീവിതത്തെ കൂടുതല്‍ കരുതലോടെ മുന്നോട്ട് നയിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

ആത്മഹത്യയുടെ കാരണങ്ങള്‍ പലതാണ്. അവ കണ്ടെത്തി ചികിത്സിക്കലാണ് ആവശ്യം. നമുക്ക് ചുറ്റും നടക്കുന്ന ആത്മഹത്യകളില്‍ അറിഞ്ഞോ അറിയാതയോ നാം കാരണക്കാരായിക്കൂടാ എന്ന തിരിച്ചറിവാണ് ഇത്തരം ദുരന്തങ്ങളില്‍ നിന്ന് സമൂഹത്തെ കരകയറ്റാന്‍ അടിസ്ഥാനപരമായി ഉണ്ടാവേണ്ടത്,

കുടുംബ ജീവിതത്തിലെ തകര്‍ച്ചയാണ് ആത്മഹത്യയുടെ പ്രധാന കാരണമായി പഠനങ്ങള്‍ തെളിയിക്കുന്നത്. ദേശീയ ശരാശരി 23.7% ആണെങ്കില്‍ കേരളത്തില്‍ അത് 40.2%. ആണ്!

ദമ്പതികളോട്

അല്ലാഹു പറയുന്നു: ''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 4:1).

മനുഷ്യന്റെ ഇഹലോക ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാന്‍ അല്ലാഹു സംവിധാനിച്ചതാണ് വിവാഹജീവിതം. ഇണകള്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ആത്മത്യയിലേക്ക് നയിക്കുന്നു. ഇരുവരും പരസ്പരം അറിഞ്ഞും കൊണ്ടും കൊടുത്തതും ജീവിതയാത്രയില്‍ മുന്നോട്ട് പോകാന്‍ തയ്യാറാവണം. ദാമ്പത്യ ജീവിതത്തിലെ കയ്പ്പും മധുരവും ആസ്വദിച്ച് ജീവിക്കാന്‍ തയ്യാറാവുക. അതിലുപരി അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ശിരസ്സാവഹിച്ചു മാതൃകാ ജീവിതം നയിക്കുക. എങ്കില്‍ നാളെ പരലോകത്തും അവര്‍ക്ക് ദമ്പതികളായി അനശ്വര ജീവിതം നയിക്കാനാകും. ആല്ലാഹുവിന്റെ ഈ വാഗ്ദാനം പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് ജീവിതം നയിക്കുവാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല.

മാതാപിതാക്കളോട്

ആത്മഹത്യ ചെയ്യുന്നവരുടെ ആകെ കണക്കെടുത്താല്‍ 15 മുതല്‍ 29 വയസ്സിനുള്ളിലുള്ളവരാണ് കൂടുതല്‍ എന്ന് കാണാനാവും എന്ന് നേരത്തെ സൂചിപ്പിച്ചു. മക്കള്‍ എന്നത് അല്ലാഹു നമുക്ക് ഒരേ സമയം അനുഗ്രഹവും പരീക്ഷണവുമായി നല്‍കിയതാണ്.

''നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 8:28).

ആ മക്കളെ ശരിയായ ധാര്‍മിക ചിട്ടയോടെ വളര്‍ത്തല്‍ മാതാപിതാക്കളുടെ  കടമയാണ്. അമിത വാത്സല്യവും പാടെ അവഗണിക്കലും മക്കളെ തിന്മയിലേക്ക് നയിക്കാന്‍ കാരണമാകും. ഈയിടെ കൊല്ലത്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി മാതാപിതാക്കളുടെ അത്യാഗ്രഹത്തിന്റെ ഇരയാണെന്നാണ് വാര്‍ത്ത. തനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് രണ്ടാമതും മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലാക്കിയതാണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഓരോ കുട്ടിക്കും അവരുടെതായ വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും ഉണ്ടെന്ന് നാം തിരിച്ചറിയാതെ പോകരുത്. ബലപ്രയോഗത്തിലൂടെ ഒരു കാര്യവും നേടാന്‍ സാധിക്കുകയില്ലെന്നും സ്‌നേഹവും ധാര്‍മിക ബോധവും നല്‍കിയാല്‍ മാത്രമെ മക്കളെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നുമുള്ള തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടാകണം. പത്ത് വയസ്സ് വരെ കളിയിലൂടെ മാത്രമെ കുട്ടികളെ പഠിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് ആധുനിക വിദ്യാഭ്യാസ രീതി നമ്മോട് പറയുന്നത്. ഓരോ കുട്ടിയിലും ഉള്ള കഴിവുകളെ തിരിച്ചറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നമ്മുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടും എന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടാവേണ്ടത് അനിവാര്യമാണ്. ജനിച്ച നാടിനോടും സമൂഹത്തോടും കടപ്പാടും പ്രതിബദ്ധതയുമുള്ളവരായി മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറാവണം.

അമിത വാത്സല്യവും മക്കളെ തകര്‍ക്കും. 'പ്രോബ്ലം സോള്‍വിങ് സ്‌കില്‍' എന്നത് ജീവിതത്തിലെ അനുഭവങ്ങളിലൂടെ നേടിയെടുക്കേണ്ട ഒന്നാണ്. പലപ്പോഴും നമ്മുടെ മക്കളെ ചെറിയ പ്രയാസങ്ങളും പ്രശ്‌നങ്ങളും അനുഭവിക്കാന്‍ നാം അനുവദിക്കാറില്ല. ഇത് അവരുടെ വക്തിത്വത്തെ കാര്യമായി ബാധിക്കുകയും ചെറിയ പ്രതിസന്ധികളില്‍ പോലും പിടിച്ചു നില്‍ക്കാനാവാത്തവരായി അവര്‍ മാറുകയും ചെയ്യുന്നത് കാണുന്നു. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ കാണിക്കുന്ന ഗുരുതരമായ വീഴ്ചയാണ് ഉത്തരം അവസ്ഥയ്ക്ക് കാരണം.

എല്ലാറ്റിനും ഉപരി ഭൗതിക ഭ്രമത്തിനിടയില്‍ ധാര്‍മിക മൂല്യങ്ങള്‍ മക്കള്‍ക്ക് കൈമാറാന്‍ നാം മറക്കരുത്. ജീവിതത്തിന്റെ ലക്ഷ്യത്തെ കുറിച്ചും മരണാന്തര ജീവിതത്തെ കുറിച്ചും ദൃഢവിശ്വാസം ഉള്ളവരായി നമ്മുടെ മക്കളെ വളര്‍ത്താന്‍ നാം ശ്രമിക്കുക.

മക്കളോട്

അമേരിക്കന്‍ ഐക്യനാടുകളില്‍ 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരിലാണ് ആത്മഹത്യാനിരക്ക് ഏറ്റവും ഉയര്‍ന്നത് എന്ന പഠനങ്ങള്‍ നമുക്ക് ചില സന്ദേശങ്ങള്‍ നല്‍കണം.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മാതാപിതാക്കള്‍ക്ക് വേണ്ട പരിഗണന നല്‍കാതിരിക്കുകയും ഒരുവേള അവര്‍ ഒരു ഭാരമാണ് മക്കള്‍ക്ക് എന്ന് തോന്നിത്തുടങ്ങുകയും ചെയുമ്പോള്‍ ഒന്നുകില്‍ വൃദ്ധ സദാനങ്ങളിലോ വീട്ടിലെ ജയിലുകളിലോ കഴിയേണ്ടി വരുന്ന മാതാപിതാക്കള്‍ പലപ്പോഴും ജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അല്ലാഹു അവനെ മാത്രമെ ആരാധിക്കാവൂ എന്ന് പറഞ്ഞതിന്റെ കൂടെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും അവരോട് പെരുമാറേണ്ട രീതിയും നമുക്ക് പഠിപ്പിച്ച് തരുന്നുണ്ട്.

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട്‌പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക'' (ക്വുര്‍ആന്‍ 17:23).

നാട്ടില്‍ വര്‍ധിച്ചുവരുന്ന വൃദ്ധസദനങ്ങള്‍ പുരോഗതിയുടെ അടയാളമെല്ലെന്നും അത് സമൂഹത്തിലെ മൂല്യച്യുതിയുടെ നേര്‍ക്കാഴ്ചയാണെന്നും നാം തിരിച്ചറിയണം.

ചുരുക്കത്തില്‍ സമാധാനം നഷ്ടപ്പെടുന്നു, മനഃസംഘര്‍ഷം അനുഭവിക്കുന്നു എന്നതാണ് ആത്മഹത്യയിലേക്ക് ഒരാളെ തള്ളിവിടുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം നമ്മുടെ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്നതും  നമ്മെ അലോസരപ്പെടുത്തുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി നമുക്ക് മുന്നില്‍ പറന്നിറങ്ങുന്ന കൗണ്‍സിലര്‍മാരും ആത്മീയ ചൂഷകരും കപട സ്‌നേഹിതരും നമ്മെ എന്നെന്നേക്കുമായി  അസമാധാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു എന്നതാണ് യാഥാര്‍ഥ്യം. സര്‍വത്ര സ്വാര്‍ഥത വാഴുന്ന ലോകത്ത് സമാധാനം തേടി അലയുന്നവര്‍ക്ക് സമാധാനത്തിന്റെ അമൃതുമായി, ലോകത്തിന് കാരുണ്യമായി അല്ലാഹു നിയോഗിച്ച മുഹമ്മദ് നബി ﷺ യുടെ ജീവിത സന്ദേശങ്ങള്‍ വെളിച്ചമാകേണ്ടതുണ്ട്.

''അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്'' (ക്വുര്‍ആന്‍ 13:28).