ഐ.ഐ.ടി ആത്മഹത്യ: യഥാര്‍ഥ പ്രതികള്‍ ആര്?

മുഹമ്മദ് അജ്മല്‍ സി

2019 നവംബര്‍ 30 1441 റബിഉല്‍ ആഖിര്‍ 03
ഐ.ഐ.ടി ക്യാമ്പസിലെ മലയാളിപ്പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം കനക്കുകയാണ്. മീഡിയയും വിദ്യാര്‍ഥി സംഘടനകളും ഇരവാദത്തിന്റെ പല തലങ്ങളും ചര്‍ച്ച ചെയ്തുകഴിഞ്ഞു. പഠന സമ്മര്‍ദമോ അധ്യാപക പീഡനമോ ബ്രാഹ്മണിക്കല്‍ വരേണ്യ ബോധമോ ഇസ്‌ലാമോഫോബിക്കോ... എന്താണ് യഥാര്‍ഥത്തില്‍, ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥീ പിരിമുറുക്കങ്ങള്‍ക്ക് കാരണം? പഠന കാലയളവിലെ അനുഭവങ്ങളെ മുന്‍നിര്‍ത്തി ഐ.ഐ.ടി ക്യാമ്പസിലെ മുന്‍ വിദ്യാര്‍ഥിയുടെ വിലയിരുത്തല്‍.

ഐഐടി മദ്രാസില്‍ ഞാന്‍ താമസിക്കുന്ന ജമുന ഹോസ്റ്റലിന്റെ മുമ്പില്‍ നില്‍ക്കുമ്പോഴാണ് കുറച്ച് പ്രൊഫസര്‍മാര്‍ മുന്നിലേക്കെത്തിയത്. 'റൂം നമ്പര്‍ 365 എവിടെയാണ്?' എന്നോട് ചോദ്യമുന്നയിക്കുമ്പോള്‍ അവരെല്ലാം അല്‍പം ഭീതിയിലാണെന്ന് വ്യക്തം. 365ാം മുറി എവിടെയെന്ന് പറഞ്ഞുകൊടുക്കുമ്പോള്‍ അവരുടെ കൂടെ ചെല്ലാനാവശ്യപ്പെട്ടു. റൂമിന് മുമ്പില്‍ ഞങ്ങളെത്തി. കൂടെയുള്ള പ്രൊഫസര്‍മാര്‍ മുട്ടിയിട്ടും റൂം തുറക്കുന്നില്ല. വാതിലിനടിയില്‍ വെളിച്ചം കാണാം, ഫാനിന്റെ ശബ്ദവും കേള്‍ക്കാം. കാര്യം മനസ്സിലാകാതെ ഒരല്‍പം അന്താളിച്ചുനിന്ന എന്നോട് വാതില്‍ തള്ളിത്തുറക്കാന്‍ സഹായിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അല്‍പം ബലം പ്രയോഗിച്ച് റൂം തുറന്നപ്പോഴുണ്ട് ഒരു വിദ്യാര്‍ഥി ബോധരഹിതനായി കട്ടിലിനോട് തല ചാരിവെച്ച് കിടക്കുന്നു. അടുത്ത് കിടക്കുന്ന ഗുളികക്കൂടില്‍ നിന്ന് ആവശ്യത്തിലധികം 'സ്ലീപിംഗ് പില്‍സ്' അവന്‍ കഴിച്ചിട്ടുണ്ടെന്ന് മനസ്സിലായി. ആത്മഹത്യക്കുള്ള ബോധപൂര്‍വമായ ശ്രമമെന്ന സൂചനകള്‍! അവനെയേറ്റിയെടുത്ത് ആംബുലന്‍സിലെത്തിച്ചു. ആംബുലന്‍സിന്റെ ശബ്ദം ദൂരേക്ക് പോകുമ്പോഴും ഇത്തരത്തിലുള്ള ആദ്യാനുഭവത്തിന്റെ അങ്കലാപ്പിലായിരുന്നു ഞാന്‍!

ഐഐടിയില്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കി തിരിച്ച് നാട്ടിലേക്ക് വണ്ടികയറാന്‍ ചെന്നൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനിലായിരുന്നു ഞാന്‍. മെയ് മാസത്തിലെ ഉരുകുന്ന 'കത്തിരിച്ചൂടിലും' (ഏപ്രില്‍, മെയ് മാസത്ത ചൂട്) മനസ്സ് നിറയെ കുളിരാണ്. കാരണം, ഒരു വര്‍ഷം പൂര്‍ത്തിയാക്കി, മാസങ്ങള്‍ക്ക് ശേഷം നാട്ടിലേക്കുള്ള യാത്രയാണ്. മൂന്ന് മാസത്തെ അവധിയും. മാംഗ്ലൂര്‍ എക്‌സ്പ്രസില്‍ കയറി ട്രെയിന്‍ എടുക്കുന്ന സമയത്ത് സുഹൃത്തിന്റെ മെസേജ് 'സ്വാമി ആത്മഹത്യ ചെയ്തു.' കത്തിരിച്ചൂടിനെ തോല്‍പിക്കുന്ന വിധം നെഞ്ചകമൊരു നെരിപ്പോടായി മാറി.

'സ്വാമി' എന്ന നിതിന്‍കുമാര്‍ റെഡ്ഢിയെ പരിചയപ്പെടുന്നത് ജമുന ഹോസ്റ്റലിന്റെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ചാണ്. ഐഐടിയില്‍ ചേര്‍ന്ന ആദ്യമാസം അനുഭവിക്കുന്ന ചില ലഘു 'റാഗിങ്' പരിപാടികള്‍ കാരണം സീനിയേഴ്‌സിനെ ഒരല്‍പം പേടിയാണ്. കളിക്കാന്‍ ബൂട്ട് കെട്ടുന്നതിനിടയില്‍ ആദ്യവര്‍ഷക്കാരനായ എന്റെ അടുത്ത് സ്വാമിയെന്ന അഞ്ചാം വര്‍ഷക്കാരന്‍ വന്നിരുന്നപ്പോള്‍ സ്വാഭാവികമായുമൊരല്‍പം ഭയം തോന്നി. എന്നാല്‍ എന്റെ ആശങ്ക കണ്ടറിഞ്ഞെന്ന് തോന്നുന്നു; എന്നോട് ഒരനിയനോടെന്ന പോലെ സ്വാമി സംസാരിച്ചു. പഠനത്തെ പറ്റി, പഠനേതര മേഖലകളില്‍ കൂടി കൈവെക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി, ഫുട്‌ബോളിനെ പറ്റി... അവസാനം നല്ല സുഹൃത്തുക്കളായാണ് ഞങ്ങള്‍ അവിടെ നിന്ന് പിരിഞ്ഞത്. പിന്നീടും പലതവണ സ്വാമിയെ കണ്ടു; ഹോസ്റ്റല്‍ സെക്രട്ടറി ബഡ്ജറ്റ് അവതരിപ്പിക്കുമ്പോള്‍ ശക്തമായ ചോദ്യങ്ങളുന്നയിക്കുന്ന പ്രതിപക്ഷമായി, ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കണ്ണടച്ച് ചീത്ത പറയുന്ന സീനിയര്‍ പ്ലെയര്‍ ആയി, ഇന്റര്‍ ഹോസ്റ്റല്‍ കോമ്പറ്റിഷനില്‍ ജമുനയെ മുമ്പില്‍ നിന്ന് നയിക്കുന്ന സീനിയര്‍ ആയി. സ്വാമി ശരിക്കും ഒരു ആള്‍റൗണ്ടര്‍ ആയിരുന്നു! സദാസമയം ചുണ്ടില്‍ ചിരിയുണ്ടായിരുന്ന, 'ഹോസ്റ്റലിന്റെ ഗോഡ്ഫാദര്‍' ആയ സ്വാമി ആത്മഹത്യ ചെയ്യാന്‍ കാരണം ഫൈനല്‍ ഇയര്‍ പ്രോജക്ടിന് ഗൈഡ് ആറ് മാസം എക്സ്റ്റന്‍ഷന്‍ കൊടുത്തതാണത്രെ!

സ്വാമിയുടെ പിതാവ് 'ഡിആര്‍ഡിഒ'യില്‍ ജോലി ചെയ്യുന്ന ലക്ഷ്മണ മൂര്‍ത്തി സംഭവത്തില്‍ ദുരൂഹത ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടു. അന്നത്തെ ഐഐടി മദ്രാസ് ഡീനി(സ്റ്റുഡന്റസ്)ന്റെ മറുപടി ആത്മഹത്യയെക്കാള്‍ എന്നെ ഞെട്ടിച്ചു: ''മീഡിയ അനാവശ്യമായ പബ്ലിസിറ്റിയാണ് ഇത്തരം നെഗറ്റീവ് ആയ സംഭവങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ എന്തുകൊണ്ട് ഐഐടി മദ്രാസിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പേറ്റന്റുകള്‍ നേടുന്നത് എന്നത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല? 5000 വിദ്യാര്‍ഥികളില്‍ 3 പേര്‍ ആത്മഹത്യ ചെയ്യുന്നത് സ്ഥിതിവിവരശാസ്ത്രക്കണക്ക് പ്രകാരം അപ്രധാനമാണ് (Statistically Insignificant). നിങ്ങള്‍ എന്തുകൊണ്ട് ഐഐടിയിലെ മാത്രം കണക്കെടുക്കുന്നു? മറ്റു എഞ്ചിനീയറിംഗ് കോളേജുകളില്‍ പോയി എന്തുകൊണ്ട് നിങ്ങള്‍ എത്ര പേര്‍ അവിടെ ആത്മഹത്യ ചെയ്തു എന്ന് നോക്കുന്നില്ല?'' ഒരു സ്ഥാപന മേധാവിയില്‍ നിന്ന് ഇതിലും അനുചിതമായത്, നിരുത്തരവാദപരമായത് എന്താണ് നമുക്ക് കേള്‍ക്കാനാവുക?

ഐഐടിയിലെ ഓരോ വര്‍ഷം കഴിയുന്തോറും ഞെട്ടല്‍ ഒരുതരം നിസ്സംഗതയിലേക്ക് വഴിമാറി. രണ്ടോ മൂന്നോ പേര്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നു. കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും സങ്കടത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മരണപ്പെട്ട വിദ്യാര്‍ഥികളുടെ പേര് പോലും വെക്കാത്ത ഒരു അനുശോചനക്കുറിപ്പ് ഇ-മെയില്‍ ആയി വരും. ചില മരണങ്ങളില്‍ പ്രണയനൈരാശ്യമോ പഠനഭാരമോ പ്രോജക്ട് എക്‌സ്റ്റന്‍ഷനോ കാരണമായി കേള്‍ക്കാം. ഭൂരിഭാഗവും കാരണങ്ങള്‍ പുറം ലോകമറിയാതെ എവിടെയോ കുഴിച്ച് മൂടപ്പെടും!

വര്‍ഷങ്ങള്‍ക്കിപ്പുറം ഫാത്തിമ ലത്തീഫ് എന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ വാര്‍ത്ത ഫോണില്‍ എത്തിയപ്പോഴും നിസ്സംഗത മാത്രമായിരുന്നു മനസ്സില്‍. എന്നാല്‍ എച്ച് എസ് ഇ പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായിരുന്നു ഫാത്തിമ എന്നറിഞ്ഞപ്പോള്‍ നിസ്സംഗത അത്ഭുതത്തിന് വഴി മാറി! പിന്നീട് പുറത്ത് വന്ന ആത്മഹത്യാ കുറിപ്പും ഫാത്തിമയുടെ കുടുംബാംഗങ്ങളുടെ പ്രസ്താവനകളും മറ്റു വിവരങ്ങളും ഐ ഐ ടി മദ്രാസില്‍ കാലങ്ങളായി നടക്കുന്ന ആത്മഹത്യ എന്ന ആചാരത്തെ സ്‌പോട്ട് ലൈറ്റിലേക്ക് കൊണ്ടുവന്നു. ഇന്ന് ലോകസഭയില്‍ അടിയന്തര പ്രമേയമായി വരെ വിഷയം ഉന്നയിക്കപ്പെട്ടു. ചില അന്വേഷണങ്ങള്‍ ആവശ്യമാണ്. നമ്മുടെ കുട്ടികളെ ആത്മഹത്യാമുനമ്പുകളിലേക്ക് തള്ളിവിടുന്നത് ആരാണ്? എന്തെല്ലാം അവസ്ഥകളാണ്?

ഫാത്തിമയുടെ ആത്മഹത്യ; ആരോപണങ്ങള്‍, വസ്തുതതകള്‍, അനുഭവങ്ങള്‍

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99%ല്‍ അധികം മാര്‍ക്ക് നേടിയ ഫാത്തിമ എന്ന പെണ്‍കുട്ടി എച്ച് എസ് ഇ എന്ന - അന്‍പത് പേരില്‍ കുറവ് സീറ്റുകള്‍ മാത്രമുള്ള പരീക്ഷയില്‍ നേടിയത് രണ്ടാം റാങ്കാണ്. ഹ്യുമാനിറ്റീസ് തിരഞ്ഞെടുത്ത് ഐഐടിയില്‍ ഇന്റഗ്രിറ്റഡ് എംഎ കോഴ്സിന് ചേര്‍ന്നത് തന്നെ ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ച് ചിലതെല്ലാം നമ്മോട് പറയുന്നുണ്ട്. പത്താം തരത്തില്‍ എല്ലാവിഷയത്തിലും എവണ്‍ നേടിയിട്ടും സയന്‍സ് തിരഞ്ഞെടുക്കാതെ, ഹ്യുമാനിറ്റീസ് എടുത്ത് സിവില്‍ സര്‍വീസിന് ചേരണം എന്നുറപ്പിച്ച ഫാത്തിമ സമൂഹത്തിന്റെ ഒഴുക്കിനെതിരെ നീന്തിയവളാണ്. ആ ഫാത്തിമയാണ് ജീവനൊടുക്കിയത്! 'എന്റെ പേര് പോലും പ്രശ്‌നമാണ് വാപ്പിച്ചീ' എന്ന് ഫാത്തിമ പറഞ്ഞതായുള്ള വെളിപ്പെടുത്തല്‍ ഈ വിഷയത്തിന് പുതിയ മാനം നല്‍കി. 'വിവേചനം നേരിടുമോ എന്ന ഭയത്താല്‍ തട്ടം ധരിക്കാറില്ലായിരുന്നു' എന്ന അര്‍ഥത്തിലുള്ള ഉമ്മയുടെ കരഞ്ഞുകൊണ്ടുള്ള ആ വാക്കുകള്‍ ഫാത്തിമയുടെ വിഷയത്തെ ആളിക്കത്തിച്ചു. ഫാത്തിമ തന്റെ മരണത്തിന് ഉത്തരവാദിയായി എഴുതിവെച്ച ആര്‍എസ്എസ് വേദികളിലെ സ്ഥിരം മുഖമായ അധ്യാപകന്റെ പേര് വിഷയത്തിന് വര്‍ഗീയ മുഖം നല്‍കി. അതോടൊപ്പം പൊടുന്നനെ രണ്ട് അധ്യാപകരുടെ പേര് കൂടി വെളിപ്പെടുത്തുന്ന ഒരു ഫോട്ടോ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു; അതിലൊരാള്‍ ഇടതുപക്ഷ സഹയാത്രികനാണെന്നത് ആത്മഹത്യാ ഹേതുവിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. ആത്മഹത്യ, മാനസികാരോഗ്യം, പഠന ഭാരം ഇസ്ലാമോഫോബിയ, വര്‍ഗീയ വിവേചനം, ജാതീയത... ഫാത്തിമയുടെ മരണഹേതുവിനെ സംബന്ധിച്ച് ഗൗരവതരമായ ചര്‍ച്ചകളും ആരോപണ പ്രത്യാരോപണങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

ചര്‍ച്ചകള്‍ ഈ വിഷയത്തെ സങ്കീര്‍ണമാക്കുന്നതിനിടയില്‍ ചില വസ്തുതതകള്‍ വേറിട്ട് മനസ്സിലാക്കേണ്ടതുണ്ട്:

1. തന്റെ പേര് പോലും പ്രശ്‌നമാണ് എന്ന് പിതാവിനോട് ഫാത്തിമ പറഞ്ഞതും തട്ടമിടാന്‍ മോള്‍ക്ക് ഭയമായിരുന്നു എന്ന് ഫാത്തിമയുടെ മാതാവ് പറഞ്ഞതുമാണ് ഐഐടി ക്യാംപസിലെ ഇസ്ലാമോഫോബിയയുമായി ഫാത്തിമയുടെ മരണത്തെ ബന്ധിപ്പിച്ചത്. ഇതില്‍ ഫാത്തിമയുടെ ഉമ്മ പറഞ്ഞ പോലെയല്ല കാര്യങ്ങള്‍ എന്നും ഫാത്തിമ പൊതുവെ ശിരോവസ്ത്രം ധരിക്കുന്ന ആളായിരുന്നില്ല എന്നും പിന്നീട് വെളിപ്പെട്ടു. ഉമ്മ ദിവസങ്ങളായി ഉറക്ക് മരുന്നുകളുപയോഗിക്കുകയാണ് എന്നും അങ്ങനെ പറഞ്ഞതാവാം ഇക്കാര്യം എന്നും ഫാത്തിമയുടെ ഇരട്ട സഹോദരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഫാത്തിമയുടെ മരണത്തെ ഇസ്ലാമോഫോബിയയുമായി ബന്ധപ്പെടുത്താന്‍ സാധ്യതയുള്ള എന്തെങ്കിലും ഇപ്പോള്‍ നമുക്കറിവുണ്ടെങ്കില്‍ അത് ഫാത്തിമയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍ മാത്രമാണ് എന്നതാണ് വസ്തുത.

2. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യം ബന്ധുക്കള്‍ പുറത്തുവിട്ട ആത്മഹത്യാ കുറിപ്പിലെ പേര് ആര്‍ എസ് എസ് അനുഭാവിയായിരുന്ന, ലോജിക് എന്ന വിഷയം പഠിപ്പിച്ചിരുന്ന സുദര്‍ശന്‍ പദ്മനാഭന്റെ പേരാണ്. എന്നാല്‍ പിന്നീട് ഇടത് സഹയാത്രികനും ഐഐടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ അഡൈ്വസറുമായ മിലിന്ദ് ബ്രഹ്മേ, ഹേമചന്ദ്ര കാര എന്നീ അധ്യാപകരുടെ പേരുകള്‍ കൂടി ആത്മഹത്യക്ക് കാരണമായി പറയുന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയിലും മനോരമ അടക്കമുള്ള ഓണ്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റുകളിലും പ്രസിദ്ധീകൃതമായി. എന്നാല്‍ ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത് അതൊരു വ്യാജ കുറിപ്പായിരുന്നു എന്നാണ്. ഒരുപക്ഷേ, ഈ വിഷയത്തിന് കൈവന്ന വര്‍ഗീയ വിവേചനത്തിന്റെ മാനം മറികടക്കാന്‍ സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ ആര്‍മി തയ്യാറാക്കിയ ഒന്നാന്തരം റെഡ്‌ഹെറിംഗ്.

ഐഐടി മദ്രാസ്:
ഇസ്ലാമോഫോബിയ, ജാതീയത

ഐഐടി മദ്രാസും ജാതീയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മുമ്പേ നിലനില്‍ക്കുന്നതാണ്. ഐഐടിയിലെ അധ്യാപക നിയമനങ്ങള്‍ സംവരണ നിയമങ്ങള്‍ പാലിച്ചല്ല എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഈയടുത്ത് പോലും വെളിച്ചത്ത് വന്നു. ഐഐടി അധ്യാപക നിയമനങ്ങളിലും 27% ഒബിസി, 15% ഷെഡ്യുള്‍ഡ് കാസ്റ്റ്, 7.5% ഷെഡ്യുള്‍ഡ് ട്രൈബ് എന്നിങ്ങനെയുള്ള നിയമങ്ങള്‍ പാലിക്കപ്പെടണം. എന്നാല്‍ ജൂണ്‍ 2019ല്‍ വിവരാവകാശ പ്രകാരം കിട്ടിയ രേഖകള്‍ അനുസരിച്ച് 684 അധ്യാപകരില്‍ 599 പേരും ഈ വിഭാഗങ്ങളില്‍ നിന്നല്ല! അതായത് 87% ശതമാനവും ജനറല്‍ കാറ്റഗറികളില്‍ നിന്ന്. SC അധ്യാപകരായി 16 പേരും OBC വിഭാഗത്തില്‍ നിന്ന് 66 പേരും STയില്‍ നിന്ന് 3 പേരും മാത്രമാണുള്ളത്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് യോഗ്യതയുള്ളവര്‍ ഇല്ല എന്ന പതിവ് സംവരണ വിരുദ്ധ ആരോപണവും ഇവിടെ നിലനില്‍ക്കുന്നതല്ല. 2019ല്‍ 271 പേര്‍ ദളിത്/ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ജോലിക്ക് അപേക്ഷിച്ചപ്പോള്‍ അവരില്‍ നിന്ന് ഇന്റര്‍വ്യൂവിന് ക്ഷണിക്കപ്പെട്ടവരുടെ എണ്ണം അഞ്ച് മാത്രം; തിരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ടും! 2018ല്‍ 682 പേര്‍ അപേക്ഷിച്ചതില്‍ നിന്ന് ഇന്റര്‍വ്യൂവിന് വിളിച്ചത് വെറും 16 പേരെ. അതായത് സാമൂഹിക നീതിയുടെ സകല സമവാക്യങ്ങളും തെറ്റിച്ചാണ് ഐഐടിയിലെ അധ്യാപക പ്രാതിനിധ്യം എന്നതില്‍ ഒരു സംശയവുമില്ല. പിന്നാക്ക വിഭാഗങ്ങളിലെ അധ്യാപകരുടെ പ്രൊമോഷന്‍ തടഞ്ഞു വെച്ചതിന് മദ്രാസ് ഹൈക്കോടതിയുടെ ശക്തമായ വിമര്‍ശനത്തിനും 2016 ല്‍ ഐഐടി മദ്രാസ് പാത്രമായിട്ടുണ്ട്.

ജാതീയത എന്നത് ഐഐടി മദ്രാസില്‍ നിലനില്‍ക്കുന്നുണ്ട് എന്നതില്‍ സംശയമൊന്നുമില്ല. ഇതിനര്‍ഥം ഐഐടി മദ്രാസിലെ അധ്യാപകര്‍ ഏവരും ജാതീയത സ്പഷ്ടമായി പ്രകടിപ്പിക്കുന്നവരാണ് എന്നല്ല. അല്ലെങ്കിലും 'സ്പഷ്ടമായ' രീതിയിലല്ലല്ലോ ജാതിവ്യവസ്ഥ ഇന്ന് ഇന്ത്യന്‍ ആക്കാദമിക സ്ഥലങ്ങളില്‍ പ്രതിഫലിക്കുന്നത്. 'ഉന്നതകുലജാത'രായ ചില അധ്യാപകര്‍ അറിഞ്ഞോ അറിയാതെയോ വളരെ സൂക്ഷ്മമായ രീതിയില്‍ തങ്ങളില്‍ ആഴത്തിലൂന്നിയ ജാതീയത പ്രകടിപ്പിക്കുന്നത് കാണാം. ഇസ്ലാം വിരുദ്ധതയും അങ്ങനെ തന്നെ. ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് ഐഐടികളും. അതിനാല്‍ സമൂഹത്തില്‍ നിന്ന് അല്‍പം ഏറിയോ കുറഞ്ഞോ ജാതീയതയും ഇസ്‌ലാമോഫോബിയയും ഇവിടെയുമുണ്ട് എന്നതില്‍ ഒരു സംശയവും വേണ്ട.

ഒരു വ്യക്തി എന്ന നിലയില്‍ ഇസ്‌ലാമോഫോബിക് ആയ അനുഭവം എന്റെ അധ്യാപകരില്‍ നിന്ന് ഉണ്ടായിട്ടില്ല. എന്ന് കരുതി ആര്‍ക്കെങ്കിലും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെ നിരാകരിക്കാനോ നിഷേധിക്കാനോ ഈയുള്ളവന് കഴിയില്ല. ഫാത്തിമക്ക് തന്റെ പേര് തന്നെ പ്രശ്‌നമായി തോന്നാന്‍ അവള്‍ ശിരോവസ്ത്രം ധരിക്കുകയോ ഏതെങ്കിലും തരത്തില്‍ തന്റെ മുസ്‌ലിം സ്വത്വം പ്രകടമായി വെളിപ്പെടുത്തുകയോ ചെയ്യേണ്ട ആവശ്യമില്ല എന്നത് തന്നെയാണ് സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യം. പേര് തന്നെ പ്രശ്‌നമാണ് എന്ന് മുമ്പു നടന്ന പ്ലേ സംഭവങ്ങളിലും വെളിപ്പെട്ടതാണ്. അതിനുള്ള സാഹചര്യങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഫാത്തിമയുടെ മരണത്തിന് പിന്നില്‍ ഇത്തരമൊരു കാരണമുണ്ടോ എന്ന് തെളിച്ച് പറയാന്‍ നിഷ്പക്ഷമായ ഒരു അന്വേഷണത്തിലൂടെയേ സാധ്യമാകൂ.

എന്നാല്‍ ഐഐടിയെ മൊത്തം ഒരു ഇസ്ലാമോഫോബിക് കേന്ദ്രമായി പ്രചരിപ്പിക്കുന്നത് ഒരിക്കലും നീതീകരിക്കാവതല്ല. ഇന്ത്യയില്‍ തന്നെ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ക്യാമ്പസിനുള്ളില്‍ പ്രാര്‍ഥനാ സംവിധാനങ്ങളുള്ള ചുരുക്കം ചില ക്യാമ്പസുകളില്‍ ഒന്നാണ് IIT Madras. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥനാമുറി ഒരുക്കി തന്നുകൊണ്ട് ഡയറക്ടര്‍ ഭാസ്‌കര്‍ രാംമൂര്‍ത്തിയും അന്നത്തെ ഡീന്‍ എല്‍.എസ് ഗണേഷും പറഞ്ഞത് കുട്ടികളുടെ spiritual well being കൂടി ഉറപ്പ് വരുത്തല്‍ തങ്ങളുടെ ബാധ്യതയാണ് എന്നായിരുന്നു. മോളെ ബനാറസില്‍ വിടാതിരിക്കാന്‍ കാരണം ഉത്തരേന്ത്യയില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളാണ് എന്ന് പറഞ്ഞ ഫാത്തിമയുടെ ഉമ്മയില്‍ കാണുന്നത് ആധുനിക ഇന്ത്യന്‍ മുസ്‌ലിം സ്ത്രീയുടെ ആകുലതയാണ്. ഐഐടിയെ ഒരു ഇസ്‌ലാമോഫോബിക് കേന്ദ്രമായി ചാപ്പ കുത്തുന്നത് കൂടുതല്‍ മുസ്‌ലിം കുടുംബങ്ങളെ ഐഐടി മദ്രാസ് എന്ന MHRD റാങ്കിംഗ് പ്രകാരം ഇന്ത്യയിലെ ഒന്നാം നമ്പര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് മക്കളെ പറഞ്ഞയക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയേ ഉള്ളൂ. ഇസ്‌ലാമോഫോബിയയെ ചെറുക്കേണ്ടത് ഐഐറ്റി ഫോബിയ സൃഷ്ടിച്ച് കൊണ്ടല്ല! ഐഐടിയില്‍ മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനാ സൗകര്യമുണ്ട്, ജുമുഅ നമസ്‌കാരം നടക്കുന്നുണ്ട്. ഇവിടെ ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ ഹ്യൂമാനിറ്റീസ് ഡിപ്പാര്‍ട്‌മെന്റില്‍ അടക്കം പഠിച്ചിട്ടുണ്ട്, പഠിക്കുന്നുമുണ്ട്. ഇതിനര്‍ഥം സ്വത്വധിഷ്ഠിതമായ യാതൊരു വിധ പ്രയാസങ്ങളും ഒരു മുസ്‌ലിം വിദ്യാര്‍ഥിയും നേരിടുന്നില്ല എന്നൊന്നുമല്ല. കൂടുതല്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ ഇവിടെ എത്തിച്ചേരുക എന്നതാണ് ഇത്തരം പ്രയാസങ്ങളെ ചെറുക്കാനുള്ള ഏറ്റവും പ്രായോഗിക മാര്‍ഗം!

ഐഐടി മദ്രാസ്:
ആത്മഹത്യകള്‍ പെരുകുമ്പോള്‍

ഐഐടി മദ്രാസിലെ അധികാരികളില്‍ നിന്ന് വിദ്യാര്‍ഥി ആത്മഹത്യയോടുള്ള പ്രതികരണം നേരത്തെ സ്വാമിയുടെ ആത്മഹത്യയില്‍ അന്നത്തെ ഡീന്‍ പ്രതികരിച്ചതില്‍ നിന്ന് വ്യക്തമാണ്. വിദ്യാര്‍ഥികളുടെ ജീവനിലുപരി അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലര്‍ക്കും പ്രശ്‌നം ഐഐടിയുടെ പേരും പ്രതിച്ഛായയുമാണ് എന്നത് സങ്കടകരമാണ്! ക്യാമ്പസില്‍ നടക്കുന്ന ആത്മഹത്യകളെ സംബന്ധിച്ച് ഗൗരവതരമായ അന്വേഷണങ്ങള്‍ നടക്കുന്നതായി അറിവില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ഇരുപതോളം ആത്മഹത്യകളാണ് ഐഐടി മദ്രാസില്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം നടന്നത് അഞ്ച് ആത്മഹത്യകളും! എന്ത് കൊണ്ട് ഇത്രയധികം ആത്മഹത്യകള്‍ എന്നൊരന്വേഷണം നടത്താനും കുട്ടികള്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കാനും പുറത്ത് നിന്ന് ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പിക്കാനുള്ള സ്റ്റുഡന്റ്‌സ് കൗണ്‍സിലിന്റെ ഏകകണ്ഠമായ തീരുമാനം, അത്ഭുതകരമെന്നു പറയട്ടെ; ഡീന്‍ (സ്റ്റുഡന്റ്) വീറ്റോ ചെയ്തു! ആര്‍ക്കെങ്കിലും അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നോട് സംസാരിക്കാം എന്ന വിചിത്രമായ നിലപാടാണ് ഡീന്‍ സ്വീകരിച്ചതത്രെ!

കേവലം അധ്യാപകനായ ഒരാള്‍ക്ക് എങ്ങനെയാണ് ഒരു മാനസികരോഗ വിദഗ്ധന്റെയോ കൗണ്‍സിലറുടെയോ ജോലിയെടുക്കാന്‍ സാധിക്കുക? ഫാത്തിമയുടെ മരണത്തിന് ശേഷവും ഡീന്‍ വിദ്യാര്‍ഥികള്‍ക്കയച്ച സന്ദേശത്തില്‍ 'നിങ്ങള്‍ എന്നോട് വന്ന് സംസാരിക്കൂ, നിങ്ങളുടെ ഏത് പ്രശ്‌നവും പങ്കുവെക്കാവുന്ന സുഹൃത്താണ് ഞാന്‍' എന്നാണ് പറയുന്നത്! ഈ സന്ദേശത്തിലെ സദുദ്ദേശം പരിഗണിച്ചാലും ഇത്രയധികം ആത്മഹത്യകള്‍ നടന്നിട്ടും വിദഗ്ധരുടെ അന്വേഷണവും സേവനം ലഭ്യമാക്കാതിരിക്കുന്നതില്‍ എന്ത് ന്യായമാണ് അധികൃതര്‍ക്ക് പറയാനാവുക? ഓരോ വിദ്യാര്‍ഥിയുടെ ജീവനും വിലപ്പെട്ടതാണ് എന്നും ഒരു മനുഷ്യനും േെstatistically insignificant അല്ല എന്നുമുള്ള ബോധം എത്ര പി.എച്ച്. ഡി നേടിയാലാണ് മുകളിലിരിക്കുന്നവര്‍ക്ക് മനസ്സിലാവുക?

ഫാത്തിമക്ക് ആത്മഹത്യ ചെയ്യാന്‍ തക്ക മാനസിക പ്രയാസങ്ങള്‍ സൃഷ്ടിച്ചതെന്ത്? മതപരമായ വിവേചനമാണോ? അധ്യാപകരുടെ മാനസിക പീഡനമാണോ? പഠന കാരണങ്ങളാണോ? മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാണോ? ഇക്കാര്യങ്ങള്‍ വ്യക്തമാവുക വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും. എത്ര അന്വേഷിച്ചാലും വ്യക്തത കിട്ടിയില്ല എന്നും വരാം. ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്; ഈ വിഷയത്തിലൂന്നി ഇസ്ലാമോഫോബിയ മാത്രം, അല്ലെങ്കില്‍ മാനസികാരോഗ്യം മാത്രം ചര്‍ച്ച ചെയ്യുന്നത് അന്ധന്‍ ആനയെ കണ്ട പോലെയാണ്. ഫാത്തിമ ആത്മഹത്യ ചെയ്തിരുന്നില്ലെങ്കിലും ഇസ്ലാം വിരുദ്ധതയും ജാതീയതയും നമ്മുടെ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍തന്നെയാണ്. നമ്മുടെ വ്യക്തിപരമായ രാഷ്ട്രീയമോ നിലപാടുകളോ സാധൂകരിക്കത്തക്കവണ്ണം മാത്രം അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ദോഷമേ വരുത്തൂ. ഒരു രാഷ്ട്രീയ മുതലെടുപ്പ് ഈ വിഷയത്തില്‍ ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്; ഒരുപാട് സംഘടനകള്‍ ഇടപെട്ട സ്ഥിതിക്ക് പ്രത്യേകിച്ചും.

ലോകത്ത് മുപ്പത് കോടി ജനങ്ങള്‍ വിഷാദ രോഗം ബാധിച്ചവരാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതില്‍ എട്ട് ലക്ഷം പേര്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നു! 15-29 പ്രായത്തിനിടയിലെ പ്രധാന മരണകാരണം ആത്മഹത്യയാണ്. ഇത്തരം പ്രയാസങ്ങള്‍ക്ക് കൃത്യമായ ചികിത്സാ രീതികള്‍ ഉണ്ടെങ്കിലും പ്രതിബന്ധങ്ങള്‍ അനവധിയാണ്. വിദഗ്ധരായ ആളുകളുടെ കുറവ്, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സോഷ്യല്‍ സ്റ്റിഗ്മ എന്നിവയാണ് പ്രധാനപ്രശ്‌നങ്ങള്‍.

നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതി കുട്ടികളുടെ മാനസികാരോഗ്യത്തിന് ഒരു പ്രാധാന്യവും നല്‍കുന്നതല്ല എന്നതാണ് വലിയ ദുരന്തം. സ്‌കൂളുകളില്‍ ഒന്നും തന്നെ കൗണ്‍സിലര്‍മാരുടെ സൗകര്യം ലഭ്യമല്ല. മാര്‍ക്കിന് അമിതമായ പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസ രീതി വിഷാദ രോഗം ബാധിച്ച ഒരുപാട് കുട്ടികളെയാണ് നമുക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഈയൊരവസ്ഥ തിരിച്ചറിയാനോ ആവശ്യമായ ചികിത്സ നല്‍കാനോ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ സാധിക്കുന്നില്ല.

വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെട്ട കാലത്ത് കുട്ടികള്‍ക്ക് മാനസിക പ്രയാസങ്ങള്‍ കടന്നുവരുന്നത് പല വിധേനയാണ്. വളരെ പ്രശസ്തമായ ഒരു വിദ്യാഭ്യാസ ആപ്പിന്റെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തിയതിന് ശേഷം മാതാപിതാക്കളെ സമീപിച്ച് കുട്ടിയുടെ പെര്‍ഫോമന്‍സ് ശരാശരിയിലും താഴെയാണ് എന്നും മറ്റു കുട്ടികളുടെ കൂടെയെത്താന്‍ തങ്ങളുടെ ആപ്പ് ഉപയോഗിക്കണം എന്നും പറയുന്നു! തന്റെ കുട്ടിയുടെ ഒരു മാര്‍ക്കിന് ആയിരങ്ങള്‍ ചെലവഴിക്കാന്‍ തയ്യാറാവുന്ന മാതാപിതാക്കളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന ഇവര്‍ അതിനായി ചെയ്യുന്നത് കുട്ടികളില്‍ 'അവര്‍ മോശക്കാരാണ്' എന്ന ചിന്ത കുത്തിവെക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നാം എങ്ങനെ പരിഹരിക്കും? ഈയിടെ ഒരു സുഹൃത്തിന്റെ പത്താം ക്ലാസില്‍ പഠിക്കുന്ന സഹോദരി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തുകയുണ്ടായി. അതിനുള്ള കാരണം അധ്യാപകര്‍ അവര്‍ക്ക് തോന്നിയ പോലെ കുട്ടികളെ ക്ലാസ് തിരിച്ചിരുത്തി എന്നതാണ്. ഏറ്റവും മികച്ച ക്ലാസില്‍ ഉള്‍പ്പെടാത്ത, എന്നാല്‍ തന്റെ കഴിവുകളെ കുറിച്ച് ബോധ്യമുള്ള വിദ്യാര്‍ഥിക്ക് ഈ വേര്‍തിരിവ് സൃഷ്ടിക്കുന്ന, തന്നെ തന്റെ അധ്യാപകര്‍ രണ്ടാം തരമായി കാണുന്നു എന്ന ചിന്തയുണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ല. സ്‌കൂള്‍ എന്നാല്‍ മാര്‍ക്ക് നേടാനുള്ള ഇടമായി മാത്രം പരിണമിക്കുമ്പോള്‍ നാം കുരുതി കൊടുക്കുന്നത് നമ്മുടെ കുട്ടികളെയും അവരുടെ വ്യത്യസ്തമായ കഴിവുകളെയുമാണ്! ഒരു കുട്ടിയുടെയും ആത്മഹത്യ നമുക്കൊരു രാഷ്ട്രീയ പ്രസ്താവനയായി മാറരുത്!

ഏതൊരു ഘട്ടത്തിലും ആത്മഹത്യ എന്നത് ചിന്തയില്‍ പോലും വരേണ്ടതില്ല എന്നും നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇസ്ലാം ആത്മഹത്യയെ ശക്തമായി വിലക്കുന്നു, വന്‍പാപങ്ങളിലൊന്നായി എണ്ണുന്നു. മനുഷ്യന്റെ മനസ്സിന് ഏതൊരു പ്രയാസകരമായ സമയത്തും ആശ്വാസമാകാന്‍ ഇസ്ലാമിക വിശ്വാസത്തിന് കഴിയുന്നുണ്ട്. നമുക്ക് തിന്മയെന്നു തോന്നുന്നത് ഭാവിയില്‍ നന്മയായി ഭവിക്കാം എന്ന് ക്വുര്‍ആന്‍ പറയുന്നു. അല്ലാഹു നല്‍കിയത് തടയാനോ തടഞ്ഞത് നല്‍കാനോ ആര്‍ക്കും കഴിയില്ല എന്ന ഇസ്ലാമികാധ്യാപനം ദൈവത്തില്‍ ഭരമേല്‍പിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു. സന്തോഷം വരുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുകയും ദുഃഖസന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുന്നത് വഴി സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ എന്നാണ് മുഹമ്മദ് നബി ﷺ പറഞ്ഞത്. നശ്വരമായ ഇഹലോക ജീവിതത്തിലെ പ്രയാസങ്ങള്‍ എത്ര കയ്പേറിയതായാലും മുറിവേല്‍പിക്കുന്നതായാലും ക്ഷമയവലംബിച്ചാല്‍ മരണശേഷം തങ്ങള്‍ക്ക് പ്രതിഫലവും നീതിയും നല്‍കപ്പെടും എന്ന ചിന്ത ശാശ്വതമായ പരലോക ജീവിതത്തെ മുന്നില്‍ കാണുന്നവരുടെ മനസ്സുകള്‍ക്ക് സമാധാനമേകുന്നതാണ്. ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല എന്ന ബോധം നമ്മുടെ വിദ്യാര്‍ഥികള്‍ക്കുണ്ടാവട്ടെ. അവരില്ലാത്ത ലോകത്തെക്കാള്‍ എത്രയോ മനോഹരമാണ് അവരുള്ള ലോകം എന്ന് അവരെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുക!