ഭൗതികവാദികളും ക്വുര്‍ആനിന്റെ പുനര്‍വായനയും

ഉസ്മാന്‍ പാലക്കാഴി

2019 ഫെബ്രുവരി 09 1440 ജുമാദല്‍ ആഖിര്‍ 04
കാലോചിതമായ വായനക്ക് ഇസ്‌ലാമിക പ്രമാണങ്ങളും അന്യമല്ല എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ആസ്വാദനപ്രദാനമായ രചനകളെ മാത്രം വിശകലനം ചെയ്ത് പരിചയമുള്ള നവോത്ഥാനനാട്യക്കാരാണ് ഇതിന് മുന്‍പന്തിയിലുള്ളത്. സ്രഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതില്‍ സൃഷ്ടികളുടെ മസ്തിഷ്‌കത്തെ കൂടി പരിഗണിക്കേണ്ടതുണ്ടോ? ദൈവികവചനങ്ങള്‍ മനുഷ്യബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിലെ സാംഗത്യമെന്ത്?

ഇസ്‌ലാമിനെ അല്ലെങ്കില്‍ ക്വുര്‍ആനിനെ പുനര്‍വായനക്ക് വിധേയമാക്കണമെന്നും കാലോചിതമായ പരിഷ്‌കരണം ഇസ്‌ലാമിക നിയമങ്ങളില്‍ നടപ്പിലാക്കമെന്നുമൊക്കെ ഇടയ്ക്കിടെ ചില ബുദ്ധിജീവി നാട്യക്കാര്‍ പ്രസ്താവിക്കാറുണ്ട്. ആ പ്രസ്താവനകള്‍ പ്രത്യേകിച്ചും ശ്രദ്ധിക്കപ്പെടും; നവോത്ഥാന ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്ന വര്‍ത്തമാന കാലത്ത് പ്രത്യേകിച്ചും. എന്താണ് ഇസ്‌ലാം, എന്താണ് ക്വുര്‍ആന്‍ എന്ന് കൃത്യമായി മനസ്സിലാക്കിയവര്‍ക്ക് ഈ വാദത്തിന്റെ അപ്രസക്തി ബോധ്യപ്പെടാതിരിക്കില്ല. എം.ടിയുടെ 'നാലുകെട്ടി'നെ അല്ലെങ്കില്‍ അഴീക്കോടിന്റെ 'തത്ത്വമസി'യെ അതുമല്ലെങ്കില്‍ തകഴിയുടെ 'കയറി'നെ പുനര്‍വായിക്കണമെന്നു പറയുന്ന ലാഘവത്തോടെയാണ് ചില ബുദ്ധിജീവി നാട്യക്കാര്‍ ഇസ്‌ലാമിനെ അല്ലെങ്കില്‍ ക്വുര്‍ആനിനെ പുനര്‍വായിക്കണമെന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്. 

വിശുദ്ധ ക്വുര്‍ആന്‍ തകഴിയുടെ നോവല്‍ പോലെയുള്ള ഒരു ഗ്രന്ഥമല്ല. ഇസ്‌ലാം മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ പോലുള്ള ഒരു മാനിഫെസ്‌റ്റോയുമല്ല. എങ്കില്‍ പുനര്‍വായനയും വേണ്ടിവന്നാല്‍ പൊളിച്ചെഴുത്തുമൊക്കെ നടത്താമായിരുന്നു. എന്നാല്‍ ഇസ്‌ലാം പ്രപഞ്ച സ്രഷ്ടാവിന്റെ മതമാണ്. വിശുദ്ധ ക്വുര്‍ആന്‍ ആ സ്രഷ്ടാവിന്റെ വപനങ്ങളും. ഇക്കാര്യം ആത്മാര്‍ഥമായി അംഗീകരിക്കുന്ന ഒരാള്‍ക്കും ഇതിനെയൊക്കെ കാലത്തതിനനുസരിച്ച് വളച്ചും വിളക്കിയും ഒടിച്ചും മുറിച്ചും നേരെ പിടിച്ചും തലകുത്തനെ പിടിച്ചും കാലാനുസൃതമായി രൂപം മാറ്റുവാനും വായിക്കുവാനും ആവശ്യപ്പെടാന്‍ കഴിയില്ല. അപ്രായോഗികവും അര്‍ഥശൂന്യവുമാണ് ഈ പുനര്‍വായനാവാദം. ആരാണീ പുനര്‍വായന നടത്തേണ്ടത്? അതിന്റെ ദൈവികതയില്‍ ഒട്ടും വിശ്വാസമില്ലാത്ത 'ദേശീയ മുസ്‌ലിം' എന്ന 'ഉന്നത സോപാന'ത്തിലിരിക്കുന്നവരോ? ഇസ്‌ലാമിക പണ്ഡിതന്മാരോ? ഒറ്റയ്‌ക്കൊറ്റയ്ക്കാണോ പുനര്‍വായിക്കേണ്ടത് അഥവാ പുനര്‍വ്യാഖ്യാനിക്കേണ്ടത്? അതോ കൂട്ടമായിട്ടോ? ഇതിനൊരുമ്പെട്ടാല്‍ ഇസ്‌ലാമിന്റെയും ക്വുര്‍ആനിന്റെയും എന്ത് അടയാളമാണ് ഭൂമുഖത്ത് ബാക്കിയുണ്ടാവുക? 

ഇസ്‌ലാമിന് നിശ്ചിതമായ ്രപമാണങ്ങളുണ്ട്. ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് കൃത്യമായ ചില മാനദണ്ഡങ്ങളുമുണ്ട്. ക്വുര്‍ആനിലെ ഒരു പദത്തിനോ സൂക്തത്തിനോ ക്വുര്‍ആനികാശയങ്ങള്‍ക്ക് വിരുദ്ധമായ അര്‍ഥവും വ്യാഖ്യാനവും എത്ര വലിയ പണ്ഡിതന്‍ നല്‍കിയാലും അത് മുസ്‌ലിംകളാല്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യാറുണ്ട് എന്നത് അനിഷേധ്യമാണ്. ആയിരത്തി നാനൂറ് വര്‍ഷം മുമ്പ് അവതരിച്ച ഒരു ഗ്രന്ഥം ഇന്ന് അതേ രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, അതിലെ കല്‍പനാനിര്‍ദേശങ്ങള്‍ അന്നത്തെയാളുകള്‍ മനസ്സിലാക്കി പ്രാവര്‍ത്തികമാക്കിയതുപോലെ ഇന്നത്തെയാളുകളും പ്രാവര്‍ത്തികമാക്കുന്നുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നത് ആ ഗ്രന്ഥത്തിന്റെ ദൈവികതയും പ്രായോഗികതയുമാണ്. 

അറേബ്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചല്ല പ്രവാചകന്‍ﷺ ക്വുര്‍ആന്‍ വ്യാഖ്യാനിച്ചുകൊടുത്തത്; സ്രഷ്ടാവ് അറിയിച്ചുകൊടുത്തതനുസരിച്ചാണ്. കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് പലരും പലതും മനസ്സിലാക്കുന്നത് സ്വാഭാവികം. മൊബൈല്‍ ഫോണിനെക്കുറിച്ച് ക്വുര്‍ആനില്‍ പറഞ്ഞിട്ടില്ല എന്നത് ക്വുര്‍ആനിന്റെ ദൈവികതയെ ചോദ്യം ചെയ്യാന്‍ മുസ്‌ലിം നാമധാരിയായ ഒരു ഭൗതികവാദി ആയുധമാക്കിയത്  ഓര്‍മവരുന്നു. ആറാം നൂറ്റാണ്ടിലെ പടച്ചവന്‍ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പടച്ചവന്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന്‍ മൊബൈല്‍ കണ്ടുപിടിക്കുമെന്ന അറിവ് സര്‍വജ്ഞനായ അവന് ഇല്ലാതിരിക്കുകയുമില്ല. എന്നാല്‍ അതിനെക്കുറിച്ച് പറഞ്ഞില്ല എന്നതിലാണ് ക്വുര്‍ആനിന്റെ മഹത്ത്വം. കാരണം ക്വുര്‍ആന്‍ അന്ത്യനാള്‍ വരെയുള്ള മാനവരാശിക്കുള്ളതാണ്. ഏതാനും ദശകങ്ങള്‍ കഴിഞ്ഞാല്‍ അല്ലെങ്കില്‍ അടുത്ത നൂറ്റാണ്ടില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാകുമെന്നതിന് എന്താണുറപ്പ്? മൊബൈല്‍ എന്നല്ല എല്ലാ ആധുനിക ഉല്‍പന്നങ്ങളും മാറിക്കൊണ്ടേയിരിക്കുന്നു. ഒന്ന് മറ്റൊന്നിന് വഴിമാറിക്കൊണ്ടേയിരിക്കുന്നു. അപ്പോള്‍ ഇതില്‍ ഏതിനെക്കുറിച്ചാണ് ക്വുര്‍ആനില്‍ പറയുക? അന്ത്യനാള്‍വരെയുള്ള മുഴുവന്‍ കണ്ടുപിടുത്തങ്ങളെക്കിറിച്ചും പറയേണ്ടിവരില്ലേ? ഇനി ഇരുപതാം നൂറ്റാണ്ടില്‍ മൊബൈല്‍ ഫോണ്‍ എന്ന സാധനം കണ്ടുപിടിക്കും എന്ന് ക്വുര്‍ആനില്‍ പരാമര്‍ശമുണ്ടായി എന്നു സങ്കല്‍പിക്കുക. അടുത്ത നൂറ്റാണ്ടില്‍ അല്ലെങ്കില്‍ അതിനടുത്ത നൂറ്റാണ്ടില്‍ മൊൈബല്‍ അപ്രത്യക്ഷമാകുന്നു. മൊൈബല്‍ ഫോണ്‍ കണ്ടുപിടിക്കുമെന്നും പിന്നീട് അത് ഇല്ലാതായി മാറുമെന്നും എന്തുകൊണ്ട് പ്രവചിച്ചില്ല എന്നായിരിക്കില്ലേ അടുത്ത ചോദ്യം? പുനര്‍വായനാവാദികള്‍ക്ക് മൊബൈലിനെ പുനര്‍വായിക്കണം എന്നു പറയാനുള്ള സൗകര്യമുണ്ടാകുമെന്നു മാത്രം! 

അരുവികളും സ്വര്‍ഗവും

'ക്വുര്‍ആനില്‍ പറയുന്ന സ്വര്‍ഗത്തെ സംബന്ധിച്ചുള്ള സങ്കല്‍പം പോലും ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന അറേബ്യന്‍ സമൂഹത്തിന് മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തിലുള്ളതാണ്. അന്നത്തെ ജനതക്ക് ആവശ്യമെന്ന് അന്ന് ജീവിച്ചിരുന്ന ആളുകള്‍ കണ്ടിരുന്ന കാര്യങ്ങളാണ് അതില്‍ പറയുന്നത്. സ്വര്‍ഗത്തില്‍ അരുവികളുണ്ട്, പൂങ്കാവനങ്ങളുണ്ട,് അതുപോലുള്ള ഒരുപാട് സൗഭാഗ്യങ്ങളുണ്ട്. ഒരു മരുഭൂമിയില്‍ ജീവിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ കാമ്യമായിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ സ്വര്‍ഗത്തിലുണ്ട്'- ഇതും ഒരു ഭൗതികവാദിയുടെ ആരോപണമാണ്.

സത്യത്തില്‍ ചിന്തിക്കാതെയുള്ള ഒരു കാടടച്ച് വെടിവെക്കലാണിത്. പണ്ടുമുതലേ പലരും ഉന്നയിച്ച ആേരാപണം! പുഴകള്‍, പൂങ്കാവനങ്ങള്‍, പച്ചിലക്കാടുകള്‍... ഇവയെല്ലാം എപ്പോഴും കണ്‍നിറയെ കാണുവാനും ആസ്വദിക്കുവാനും മരുഭൂവാസികള്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ അവര്‍ക്കിതെല്ലാം കാമ്യമാണ്. ശരിയാണ്. എന്നാല്‍ പുഴകളും തോടുകളും കടലും കായലുകളും കാടുകളും പൂങ്കാവനങ്ങളുമെല്ലാമുള്ള കേരളക്കാര്‍ക്കോ? ഇവിടെ ഇതെല്ലാമുള്ളതുകൊണ്ട് നമുക്ക് കാമ്യമായത് മരുഭൂമിയാണോ? 

നമ്മുടെ നാട്ടില്‍  നിന്ന് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോകുന്നു. നവദമ്പതികള്‍ മധുവിധുയാത്ര പോകുന്നു. കുടുംബാംഗങ്ങള്‍ ഉല്ലാസയാത്ര പുറപ്പെടുന്നു. എങ്ങോട്ടാണ് പോകാറുള്ളത്? സൗദി അറേബ്യയിലെ മരുഭൂമിയിലേക്കോ? രാജസ്ഥാനിലെ മണല്‍ക്കാടുകളിലേക്കോ? മരുഭൂവാസികള്‍ക്ക് പുഴയും പൂക്കളുമാണ് കാമ്യമെങ്കില്‍ പുഴയും പൂക്കളുമുള്ള നാട്ടില്‍ ജീവിക്കുന്ന നമുക്ക് താല്‍പര്യമുണ്ടാകേണ്ടത് മരുഭൂമിയോടാണല്ലോ! എന്നാല്‍ നമ്മുടെ ടൂറെല്ലാം ജലാശയങ്ങളും പൂങ്കാവനങ്ങളും കാടുകളും കാണാനല്ലേ? സഹാറ മരുഭൂമിയിലേക്കല്ല ബാംഗ്ലൂരിലെയും മൈസൂരിലെയും പൂങ്കാവനങ്ങളിലേക്കാണ് നമ്മുടെ കണ്ണ്. നമ്മുടെ നാട്ടില്‍ കായലിനരികത്തോ പുഴവക്കത്തോ മലിനജലമൊഴുകുന്ന കൃത്രിമ തോടുകളുടെ വക്കിനോ പോലും ഉയരുന്ന പല ഫ്‌ളാറ്റുകളുടെയും പരസ്യത്തിലെ പ്രധാന വാചകം 'ഗ്രേറ്റ് വാട്ടര്‍ ഫ്രണ്ട് ലൈഫ്' എന്നാണ്. പുഴകളും കായലും കടലുമെല്ലാം കണ്ട് മതിയായവരായിട്ടും ഒരു നീരുറവയ്ക്കു സമീപമുള്ള ഫ്‌ളാറ്റിലെ ജീവിതത്തെ 'മഹത്തായത്' എന്നു വിശേഷിപ്പിച്ച് ആകര്‍ഷിപ്പിക്കുന്നതെന്തിനാണ്? ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കു മാത്രമാണോ പുഴയോടും പൂക്കളോടും താല്‍പര്യം? 

അനന്തരസ്വത്തും സ്ത്രീയും  

പുനര്‍വായനാവാദികളുടെ മറ്റൊരു ആരോപണം ഇങ്ങനെയാണ്: ''അനന്തരസ്വത്തില്‍ യാതൊന്നും നല്‍കപ്പെടാതിരുന്ന ഒരു സമൂഹത്തില്‍ സ്ത്രീകള്‍ക്കും അവകാശം നല്‍കണമെന്ന് പ്രവാചകന്‍, അല്ലെങ്കില്‍ ക്വുര്‍ആന്‍ പറയുന്നു. പക്ഷേ, ഇന്ന് അത്ര മതി എന്നു പറയുന്നത് ശരിയല്ല. അവിടെയാണ് ഒരു പുനര്‍വായന ആവശ്യമായിത്തീരുന്നത്. അന്ന് പുരുഷന് കിട്ടുന്നതന്റെ പകുതി സ്ത്രീകള്‍ക്ക് കിട്ടണമെന്ന് പറഞ്ഞുവെങ്കില്‍ ഇന്ന് നമ്മള്‍ എങ്ങനെയാണതിനെ കാണേണ്ടത്? ഇന്നെത്ത കാലത്ത് പുരുഷന്മാര്‍ക്ക് കിട്ടുന്നിന്റെ പകുതി തന്നെ കൊടുത്താല്‍ മതിയോ? അല്ലെങ്കില്‍ ക്വുര്‍ആനും പ്രവാചകനും മുന്നോട്ടു വെക്കുന്ന വീക്ഷണം സാമൂഹിക നീതിയാണെന്നു മനസ്സിലാക്കിയിട്ട് ഈ അനന്തര സ്വത്തവകാശത്തില്‍ സ്ത്രീപുരുഷ സമത്വം അംഗീകരിക്കുകയാണ് ചെേയ്യണ്ടത്.''

ഇവര്‍ പുനര്‍വായന കൊണ്ട് ഉദ്ദേശിക്കുന്നത് പൊളിച്ചെടുക്കലോ പൊളിച്ചടുക്കലോ ആണെന്ന് വ്യക്തം. സാമൂഹ്യനീതി എന്ന തുലാസിലിട്ട് തൂക്കമൊപ്പിക്കാന്‍ അല്ലാഹുവിന്റെയും പ്രവാചകന്റെയും കൃത്യമായ നിര്‍ദേശങ്ങളെ നിരാകരിക്കുന്നതിനോട് വിശ്വാസികള്‍ക്കെന്തായാലും യോജിക്കാന്‍ കഴിയില്ല. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ മുഴുവന്‍ കാര്യങ്ങളെയും ഈ രൂപത്തില്‍ വേണമെങ്കില്‍ സാമൂഹ്യനീതി എന്നു പറഞ്ഞുെകാണ്ട് പാടെ നിഷേധിക്കുകയോ അവയുടെ അന്തസ്സത്ത നഷ്ടപ്പെടുത്തുന്ന രൂപത്തില്‍ പുനര്‍വായിക്കുകയോ ചെയ്യാമല്ലോ! ഓരോരുത്തരും അവരവരുടെ ജീവിത പശ്ചാത്തലത്തിനനുസരിച്ച് ക്വുര്‍ആനിനെ വ്യാഖ്യാനിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഭയാനകമായിരിക്കുമെന്നതില്‍ സംശയമില്ല. 

ഇസ്‌ലാമിന് ഒരു അവസാന വ്യാഖ്യാനം മുഹമ്മദ് നബിﷺ നല്‍കിയിട്ടുണ്ട്. അതിനെ അവലംബിക്കുകയാണെങ്കില്‍ സാമൂഹ്യനീതി പുലരുകയേയുള്ളൂ; തകരുകയല്ല ചെയ്യുക. ഇസ്‌ലാമിനെ പ്രമാണബദ്ധമായി പഠിച്ചാല്‍ അതിലൊരാള്‍ക്കും പുരുഷ പക്ഷ വ്യാഖ്യാനം കണ്ടെത്തുവാന്‍ കഴിയില്ല. ഇസ്‌ലാം സ്ത്രീപക്ഷത്തിന്റെയൊ പുരുഷ പക്ഷത്തിന്റെയോ മതമല്ല. മനുഷ്യപക്ഷത്തിന്റെ മതമാണ്. ഏതെങ്കിലും ഒരു പക്ഷത്തിന്റെ നിറമുള്ള കണ്ണടവെച്ച് ഇസ്‌ലാമിനെ വായിച്ചാലും മറ്റെന്തിനെ വായിച്ചാലും ആ കണ്ണടയുടെ നിറമുള്ള വായനാനുഭവമാണുണ്ടാവുക എന്നു മാത്രം. ആ കണ്ണട ഒഴിവാക്കിയാല്‍ സത്യം ഗ്രഹിക്കാം.  

സ്ത്രീക്ക് പുരുഷനു കിട്ടുന്നതിന്റെ പകുതി കിട്ടുന്നതാണ് സാമൂഹ്യനീതി എന്നും അനന്തര സ്വത്തവകാശത്തിലെ സ്ത്രീപുരുഷ സമത്വം അനീതിയാണെന്നും മനസ്സിലാക്കാന്‍ അത്രവലിയ ബുദ്ധിയൊന്നും വേണ്ട.

സത്യത്തില്‍, സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കുവാന്‍ ആഹ്വാനം ചെയ്യുന്ന ഏക മതഗ്രന്ഥമാണ് ക്വുര്‍ആന്‍. പരിഷ്‌കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത്. ക്വുര്‍ആനാകട്ടെ ഏഴാം നൂറ്റാണ്ടില്‍തന്നെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു: ''മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്''(4:7).

ബൈബിള്‍ പുതിയ നിയമത്തിലാകട്ടെ ദായക്രമത്തെക്കുറിച്ച് പുതിയ നിയമങ്ങളൊന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ക്രൈസ്തവസഭ പൊതുവെ ഇക്കാര്യത്തില്‍ പഴയ നിയമത്തിലെ കല്‍പനകള്‍ അനുസരിക്കുകയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഈ അടുത്ത കാലംവരെ അനന്തരാവകാശം മാത്രമല്ല, സ്വത്തു സമ്പാദിക്കുവാന്‍ വരെ സ്ത്രീകള്‍ക്ക്  അവകാശം നല്‍കപ്പെട്ടിരുന്നില്ല. സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍ ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848ലാണ്. 1850ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കുന്ന നിയമം പ്രാബല്യത്തിലായത്.

പുരുഷന്റെ സ്വകാര്യസ്വത്തായി സ്ത്രീയെ കണക്കാക്കുകയും അതുപ്രകാരമുള്ള നിയമങ്ങളാവിഷ്‌കരിക്കുകയും ചെയ്യുന്ന ഹൈന്ദവഗ്രന്ഥങ്ങള്‍ അവളെ അനന്തര സ്വത്തില്‍ പങ്കാളിയാക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുപോലുമില്ല. ഭര്‍ത്താവിനു ദാനം ചെയ്യാനും വില്‍ക്കാനും ഉപയോഗിക്കുവാനുമെല്ലാം അവകാശമുള്ള സ്വകാര്യ സ്വത്താണ് ഭാര്യ എന്നാണ് ഇതിഹാസ കഥകള്‍ വായിച്ചാല്‍ നമുക്ക് ബോധ്യപ്പെടുക. അതിഥി പൂജക്കുവേണ്ടി സ്വന്തം ഭാര്യയെ നല്‍കുന്ന സുദര്‍ശനനും (മഹാഭാരതം അനുശാസനപര്‍വം) ഭാര്യയെ വസിഷ്ഠന് നല്‍കുന്ന മിത്രസഹനും (ശാന്തിപര്‍വം) നല്‍കുന്ന സൂചനയിതാണ്. പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് അവകാശമുള്ളതായി സൂചിപ്പിക്കുന്ന വചനങ്ങളൊന്നും ഹിന്ദുമതഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയില്ല. പുത്രന്മാരാണ് അനന്തര സ്വത്തില്‍ അവകാശികളായിട്ടുള്ളവരെന്നാണ് മനുസ്മൃതിയുടെ നിയമം.

മാതാപിതാക്കളുടെ സ്വത്തില്‍ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കുമുള്ള അവകാശം ക്വുര്‍ആന്‍ അംഗീകരിക്കുന്നു. പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും മാത്രമല്ല, മാതാപിതാക്കള്‍ക്കും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും സഹോദരീസഹോദരന്മാര്‍ക്കുമെല്ലാം മരണപ്പെട്ടയാളുടെ സ്വത്തിലുള്ള അവകാശം എത്രയാണെന്നും എങ്ങനെയാണെന്നുമെല്ലാം ക്വുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ ഭാഗം മാത്രമാണ് പുത്രന്റെയും പുത്രിയുടെയും അവകാശം. അനന്തരാവകാശത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങളുടെ (4:11,12) തുടക്കം ഇങ്ങനെയാണ്: ''നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്  നിര്‍ദേശം നല്‍കുന്നു. ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്'' (4:11). മരിച്ചയാളുടെ പുത്രന് പുത്രിക്കു ലഭിക്കുന്നതിന്റെ ഇരട്ടി സ്വത്ത് അനന്തരമായി ലഭിക്കുമെന്ന് സാരം.

ഇത് സ്ത്രീകളോടുള്ള അവഗണനയാണോ? പുരുഷ പക്ഷപാതം പ്രകടിപ്പിക്കുന്ന നിയമമാണോ? വിധി പറയുന്നതിനുമുമ്പ് താഴെ പറയുന്ന വസ്തുതകള്‍ മനസ്സിലാക്കുക: 

ഒന്ന്: സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ക്വുര്‍ആന്‍ അംഗീകരിക്കുന്നു. എത്ര വേണമെങ്കിലും സമ്പാദിക്കാം. പ്രസ്തുത സമ്പാദ്യത്തില്‍ പുരുഷന് യാതൊരു അവകാശവുമില്ല. അവളുടെ സമ്പാദ്യം അവളുടേതു മാത്രമാണ്.

രണ്ട്: സ്ത്രീയുടെയോ കുട്ടികളുടെയോ മാതാപിതാക്കളുടെയോ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം ഒരു പരിതസ്ഥിതിയിലും സ്ത്രീയുടെ ബാധ്യതയായിത്തീരുന്നില്ല. 

മൂന്ന്: വിവാഹാവസരത്തില്‍ വരനില്‍നിന്ന് വിവാഹമൂല്യം നേടിയെടുക്കുവാന്‍ സ്ത്രീക്ക് അവകാശമുണ്ട്. പ്രസ്തുത വിവാഹമൂല്യം (മഹ്ര്‍) അവളുടെ സമ്പത്തായാണ് ഗണിക്കപ്പെടുന്നത്.

നാല്: കുടുംബത്തിന്റെ സംരക്ഷണം പുരുഷന്റെ ബാധ്യതയാണ്. ഭാര്യയുടെയും കുട്ടികളുടെയും ചെലവുകള്‍ വഹിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സംരക്ഷിക്കേണ്ട ബാധ്യതയും പുരുഷന്റെതു തന്നെ. എല്ലാവിധ സാമ്പത്തിക ബാധ്യതയും പുരുഷനാണുള്ളതെന്നര്‍ഥം.

അഞ്ച്: ഭാര്യ എത്രതന്നെ വലിയ പണക്കാരിയാണെങ്കിലും അവളുടെ സ്വത്തില്‍നിന്ന് അവളുടെ അനുവാദമില്ലാതെ ഒന്നും എടുത്തുപയോഗിക്കുവാന്‍ ഭര്‍ത്താവിന് അവകാശമില്ല.

ഇനി പറയൂ, സ്ത്രീയോട് നീതി പുലര്‍ത്തുകയാണോ അതല്ല വിവേചനം കാണിക്കുകയാണോ എന്താണ് ക്വുര്‍ആന്‍ ചെയ്തിട്ടുള്ളത്?

സ്ത്രീക്ക് ലഭിക്കുന്ന അനന്തരസ്വത്ത് അവളുടേത് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ല. പുരുഷന് ലഭിക്കുന്നതോ? അവന്‍ വിവാഹമൂല്യം നല്‍കണം, സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കണം, അവള്‍ക്കും കുട്ടികള്‍ക്കുമുള്ള ചെലവുകള്‍ വഹിക്കണം. എല്ലാം പുരുഷന്റെ ഉത്തരവാദിത്തം. അപ്പോള്‍ സ്ത്രീയെയാണോ പുരുഷനെയാണോ ക്വുര്‍ആന്‍ കൂടുതല്‍ പരിഗണിച്ചിരിക്കുന്നത്?

സാമ്പത്തിക ബാധ്യതകള്‍ പുരുഷനില്‍ നിക്ഷിപ്തമാക്കുന്ന മറ്റു മതഗ്രന്ഥങ്ങളെല്ലാം പ്രസ്തുത ബാധ്യതകള്‍ക്കു പകരമായി അനന്തരാവകാശം പുരുഷനില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ക്വുര്‍ആനാകട്ടെ എല്ലാ സാമ്പത്തിക ബാധ്യതകളും പുരുഷനാണെന്ന് പഠിപ്പിക്കുന്നതോടൊപ്പം തന്നെ സ്ത്രീക്ക് അനന്തരാവകാശം നല്‍കുകയും ചെയ്യുന്നു. പുരുഷന്റെ പകുതി അനന്തരസ്വത്ത് നല്‍കിക്കൊണ്ട് അത് അവളെ ബഹുമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.

ക്വുര്‍ആനിന്റെതല്ലാത്ത ഏത് നിര്‍ദേശമാണ് ഈ രംഗത്ത് പുനര്‍വായനക്കാരുടെ കൈവശമുള്ളത്? രണ്ട് നിര്‍ദേശങ്ങള്‍ ഉന്നയിക്കപ്പെടാം.

1. സ്ത്രീക്ക് പുരുഷന്റെ ഇരട്ടി സ്വത്ത് നല്‍കുക. സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ നിക്ഷിപ്തമാക്കുക.

2. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യാവകാശം നല്‍കുക. സാമ്പത്തിക ബാധ്യതകള്‍ തുല്യമായി വീതിച്ചെടുക്കുക.

ഈ രണ്ട് നിര്‍ദേശങ്ങളിലും സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ കെട്ടിയേല്‍പിക്കുകയാണ് ചെയ്യുന്നത്. സ്‌ത്രൈണപ്രകൃതിക്ക് വിരുദ്ധമായ ഒരു ആശയമാണിത്. ഗര്‍ഭകാലത്തും പ്രസവകാലത്തുമെല്ലാം പുരുഷന്റെ പരിരക്ഷയും സഹായവുമാണ് അവള്‍ കാംക്ഷിക്കുന്നത്. സാമ്പത്തിക ബാധ്യതകള്‍ ഒരു നിയമമെന്ന നിലയില്‍ സ്ത്രീയുടെ ചുമലില്‍ വെക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് സ്ത്രീക്ക് ഏറ്റവും അനുഗുണമായ നിയമംതന്നെയാണ് സ്വത്തവകാശത്തിന്റെ വിഷയത്തില്‍ ക്വുര്‍ആന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.