ധാര്‍മികതയുടെ പ്രവാചകന്‍; നീതിയുടെയും

ഉസ്മാന്‍ പാലക്കാഴി

2019 സെപ്തംബര്‍ 28 1441 മുഹര്‍റം 28
ലോകത്തിന് മുഴുവന്‍ വഴികാട്ടിയായാണ് പ്രവാചകന്‍ നിയോഗിതനായത്. നിലനില്‍ ക്കുന്ന സാമൂഹികക്രമത്തില്‍ ഗുണപരമായ മാറ്റം വരുത്താന്‍ പ്രവാചകന്റെ സാന്നിധ്യം കൊണ്ട് സാധ്യമായി. നേരും നെറിയും തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രാകൃത അറേബ്യന്‍ ജനസമൂഹത്തെ സംസ്‌കാരത്തിന്റെ ഉത്തുംഗതയിലെത്തിക്കാന്‍ പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് കഴിഞ്ഞു. നിത്യപ്രസക്തമായ ആ ഉപദേശങ്ങളും അതിന്റെ പ്രായോഗിക മാതൃകയായ സ്വന്തം ജീവിതവും ഇന്നും ലോകര്‍ക്ക് വഴികാട്ടുന്നു. അത് അന്ത്യനാള്‍ വരെ തുടരുക തന്നെ ചെയ്യും; കാരണം അത് സ്രഷ്ടാവിന്റെ പക്കല്‍ നിന്നുള്ളതാണ്.

ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃതരും അക്രമികളും താേന്താന്നികളും ധാര്‍മികമായി അങ്ങേയറ്റം അധഃപതിച്ചവരുമായ അറേബ്യന്‍ ജനതയെ രണ്ടു പതിറ്റാണ്ടിനുള്ളില്‍ സംസ്‌കാരസമ്പന്നരും ഉന്നതമായ ധാര്‍മികബോധമുള്ളവരും നീതിമാന്മാരും ലോകത്തിന് എന്നെന്നേക്കും മാതൃകായോഗ്യമായ സമൂഹവുമാക്കി പരിവര്‍ത്തിപ്പിച്ചത് നിരക്ഷരനായ മുഹമ്മദ് നബി ﷺ യാണ് എന്നത് ചരിത്രാന്വേഷികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള യാഥാര്‍ഥ്യമാണ്. മാനവരാശിയുടെ ഇന്നോളമുള്ള ചരിത്രത്തിനിടയില്‍ ഇങ്ങനെയൊരു വിപ്ലവം സൃഷ്ടിക്കുവാന്‍ മറ്റാര്‍ക്കും കഴിഞ്ഞതായി കാണാനാവില്ല. അധികാരത്തിന്റെ തിണ്ണബലത്തില്‍ ആയുധങ്ങള്‍കൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ എമ്പാടും കഴിഞ്ഞുപോയിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ജനലക്ഷങ്ങളെ കൊന്നൊടുക്കുവാനും ചോരപ്പുഴകളൊഴുക്കുവാനുമല്ലാതെ മനുഷ്യരെ നന്നാക്കിയെടുക്കുവാനും ഒരു ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തുവാനും അവര്‍ക്കാര്‍ക്കും സാധിച്ചിട്ടുമില്ല. ഇവിെടയാണ് മുഹമ്മദ്‌നബി ﷺ  വ്യതിരിക്തനാകുന്നത്. പൗര്‍ണമിരാവില്‍ താരനിബിഢമായ തെളിഞ്ഞ ആകാശത്തിലേക്ക് നോക്കുമ്പോള്‍ പൂര്‍ണചന്ദ്രന്‍ എങ്ങനെ വ്യതിരിക്തമായി കാണപ്പെടുന്നുവോ അതുപോലെ, ലോകം കണ്ട മഹാന്മാര്‍ക്കിടയില്‍ മുഹമ്മദ് നബി ﷺ  തെളിഞ്ഞുനില്‍ക്കുന്നു. ആ പൂര്‍ണചന്ദ്രന്റെ ജീവിതം മാനവസമൂഹത്തിന് സമ്മാനിച്ച പാല്‍നിലാവ് ലോകത്തിന് കുളിര്‍മ നല്‍കി പരന്നൊഴുകിക്കൊേണ്ടയിരിക്കുന്നു. കാലം മുന്നോട്ട് കുതിക്കുന്തോറും ആ നിലാവൊളി കൂടുകയല്ലാതെ അല്‍പം പോലും മങ്ങല്‍ അതിനെ ബാധിച്ചിട്ടില്ല. കറുത്ത കണ്ണടവെച്ചും വിരലുകള്‍ കണ്ണിനുമേല്‍ വെച്ചുമൊക്കെ അതിന്റെ ശോഭ കെടുത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ഇന്നും ശ്രമിച്ചുകൊണ്ടേയിരിക്കുന്നവരുണ്ട്. എല്ലാം വിഫലശ്രമങ്ങള്‍ മാത്രം.

നട്ടുച്ചക്ക് മുറ്റത്തിറങ്ങി സൂര്യനെ മുറംകൊണ്ട് മറച്ചുവച്ച് ഇരുട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നാം വിശേഷിപ്പിക്കുക 'വിഡ്ഢി' എന്നോ 'വട്ടന്‍' എന്നോ ആണ്. മലയാളനാട്ടിലെ ഇട്ടാവട്ടത്തില്‍ ബുദ്ധിജീവി ചമഞ്ഞ് പ്രവാചകനെ വിമര്‍ശിക്കുന്ന യുക്തിവാദികളെ ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. ഇസ്‌ലാമിനെയും പ്രവാചകനെയും ഇകഴ്ത്തുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന 'യുക്തന്മാര്‍' ഇസ്‌ലാം വിമര്‍ശകരുടെ രചനകളില്‍ നിന്ന് മാത്രം ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കി വിമര്‍ശനം നടത്തുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. വസ്തുനിഷ്ഠമായി, പ്രാമാണികമായി ഇസ്‌ലാമിനെയും പ്രവാചകനെയും പഠിച്ചറിഞ്ഞ് വിമര്‍ശിക്കുന്ന ഒറ്റ യുക്തിവാദിയെയും കാണാന്‍ കഴിയില്ല.

നീതിയുടെ പ്രവാചകന്‍

നീതിയും വിശ്വാസ്യതയും വിനഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. മാതാപിതാക്കള്‍ മക്കളോടും മക്കള്‍ മാതാപിതാക്കളോടും നീതി പാലിക്കുന്നതില്‍ പരാജയപ്പെടുന്നു. പലപ്പോഴും സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്നവര്‍ക്ക് നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ജനസേവനം, രാജ്യസേവനം എന്നൊക്കെ പറഞ്ഞ് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരില്‍ പലരും നേരും നെറിയുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അനീതിയുടെ ക്രൂരവിളയാട്ടങ്ങള്‍ അധികാരത്തിന്റെ ഓരോ തുടിപ്പിലും പ്രകടമാണ്.

എന്നാല്‍ സര്‍വാധികാരങ്ങളും തന്നില്‍ വന്നുചേര്‍ന്ന സമയത്തും അനന്യമായ നീതിബോധവും വിശ്വാസ്യതയും കാത്തുസൂക്ഷിച്ച മഹാനാണ്മുഹമ്മദ് നബി ﷺ . പ്രവാചക ജീവിതത്തിലെ ഏറ്റവും ആഹ്ലാദകമായ മുഹൂര്‍ത്തമാണ് മക്കാവിജയം. തന്നെയും അനുചരന്മാരെയും സത്യമതത്തിന്റെ വക്താക്കളായി എന്നതിന്റെ പേരില്‍ മാത്രം അങ്ങേയറ്റം ഉപദ്രവിച്ച, മക്കയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ച, പലായനത്തിലേക്ക് തള്ളിവിട്ട ജനങ്ങളുടെ മുന്നിലേക്ക് വര്‍ഷങ്ങള്‍ക്കുശേഷം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് നബിയും അനുചരന്മാരും എത്തിയപ്പോള്‍ യാതൊരുവിധ പ്രതികാര നടപടിക്കും തുനിഞ്ഞില്ല. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ തങ്ങള്‍ക്ക് മുമ്പ് ഭരിച്ചിരുന്നവരില്‍പെട്ട ഉന്നതനേതാക്കളെ ജയിലിലടച്ച് പ്രതികാരം ചെയ്യുന്ന സ്ഥിതിവിശേഷം ലോക രാജ്യങ്ങളില്‍ പലതിലും നാം കണ്ടുകൊണ്ടിരിക്കുന്നു. ആറാം നുറ്റാണ്ടിലെ പ്രവാചകന്റെ സംസ്‌കാരമാണോ വര്‍ത്തമാനകാല ഭരണകര്‍ത്താക്കളുടെ സംസ്‌കാരമാണോ മാനവിക-ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് ചിന്തിച്ചുനോക്കുക.

ഏത് പരിതസ്ഥിതിയലും നീതിയുടെ പക്ഷത്ത്ഉറച്ചുനില്‍ക്കുകയെന്ന അല്ലാഹുവിന്റെ കല്‍പന സ്വജീവിതത്തില്‍ പകര്‍ത്തുവാന്‍ നബി ﷺ  ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു.

പ്രവാചക പത്‌നിയായ ആഇശ(റ) പറയുന്നു: ഒരു മഖ്‌സൂം ഗോത്രക്കാരിയുടെ മോഷണക്കേസ് ക്വുറൈശികള്‍ക്ക് വിഷമപ്രശ്‌നമായി. ''അല്ലാഹുവിന്റെ ദൂതനോട് അവളുടെ പ്രശ്‌നം സംബന്ധിച്ച് ആരാണ് സംസാരിക്കുക?'' അവര്‍ തമ്മില്‍ തമ്മില്‍ അന്വേഷിച്ചു. ''തിരുമേനിയുടെ ഇഷ്ടനായ ഉസാമതുബ്‌നു സൈദിനല്ലാതെ മറ്റാര്‍ക്കാണ് അതിന് ധൈര്യം വരിക?''- ഇതായിരുന്നു അവരുടെയെല്ലാം അഭിപ്രായം. അങ്ങനെ ഉസാമ(റ) നബി ﷺ യോട് സംസാരിച്ചു. അപ്പോള്‍ തിരുമേനി ﷺ  ചോദിച്ചു: ''അല്ലാഹുവിന്റെ ശിക്ഷാവിധിയില്‍ നീ ശുപാര്‍ശയുമായി വരികയോ?'' തുടര്‍ന്ന് അവിടുന്ന് ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ''ഉന്നതര്‍ മോഷ്ടിച്ചാല്‍ വെറുതെ വിടുകയും ദുര്‍ബലര്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ് നിങ്ങളുടെ മുന്‍ഗാമികള്‍ക്കിടയില്‍ നിലനിന്നത് അവരുടെ നാശത്തിന് ഹേതുവായിട്ടുണ്ട്. അല്ലാഹുവിനെക്കൊണ്ട് സത്യം. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ ഞാന്‍ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും!'' (ബുഖാരി, മുസ്‌ലിം).

അത്യുജ്വലമായ ഈ പ്രഖ്യാപനം ലോകചരിത്രത്തില്‍ തുല്യതയില്ലാത്താണ്. ആധുനിക ലോകത്തെ ഭരണാധികാരികള്‍ക്ക് ചിന്തിക്കുകപോലും അസാധ്യമായ പ്രഖ്യാപനം. നീതിയില്‍ നിലകൊള്ളുകയും നീതിക്കുവേണ്ടി വാദിക്കുകയും സ്വന്തം ചെയ്തികള്‍ നീതിയില്‍ അധിഷ്ഠിതമാക്കിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും ചെയ്ത പ്രവാചകന്‍ മാനവരില്‍ മഹോന്നതനാണെന്ന് ബോധ്യപ്പെടാന്‍ ഈയൊരു പ്രഖ്യാപനം മാത്രം പോരേ?

സ്വജനപക്ഷപാതത്തിന്റെ പിടിയിലമര്‍ന്നവരാണ് ഇന്നത്തെ മിക്ക ഭരണാധികാരികളും. ഇസ്‌ലാം അത് അംഗീകരിക്കുന്നില്ല. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കുതന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിരുന്നാലും ശരി...'' (4:135).

കോടികള്‍ കട്ടവന്‍ മന്ത്രിയായി പോലീസ് അകമ്പടിയില്‍ സഞ്ചരിക്കുമ്പോള്‍, വിശപ്പടക്കാന്‍ റൊട്ടി മോഷ്ടിച്ചവന്‍ ജയിലഴികള്‍ക്കുള്ളില്‍ കഴിയുന്നു നമ്മുടെ നാട്ടില്‍. നീതിസമത്വം പ്രഖ്യാപനത്തിലേയുള്ളൂ; പ്രായോഗിക തലത്തിലില്ല. ക്വുര്‍ആന്‍ പറയുന്നു:

 ''...(കക്ഷി) ധനികനോ ദരിദ്രനോ ആകട്ടെ. ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു'' (4:135).

മാതാപിതാക്കളോടും ഇണകളോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടും അയല്‍ക്കാരോടും എന്നുവേണ്ട എല്ലാവരോടും നീതിപാലിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നു. വ്യക്തികളെ നോക്കി നിലപാടെടുക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. നബി ﷺ യെ കഠിനമായി വിമര്‍ശിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നവരായിരുന്നു ജൂതന്മാര്‍. അവരോട് കൈക്കൊള്ളേണ്ട നിലപാടി നെക്കുറിച്ച് അല്ലാഹു നബി ﷺ ക്ക് നല്‍കുന്ന ഉത്തരവില്‍ ഇപ്രകാരം കാണാം:

''...എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം തീര്‍പ്പുകല്‍പിക്കുക. നീതി പാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു''(ക്വുര്‍ആന്‍ 5:42).

വിഷയാധിഷ്ഠിതമായ തുറന്ന മനസ്സായിരിക്കണം ഓരോ പ്രശ്‌നത്തോടും മുസ്‌ലിംകള്‍ക്കുണ്ടായിരിക്കേണ്ടത്. ശത്രുക്കളോടുപോലും അനീതി കാണിച്ചുകൂടാ:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:8).

ബനൂ ദ്വഫര്‍ എന്ന അന്‍സ്വാരി ഗോത്രത്തിലെ ത്വഅ്മത്ബ്‌നു ഉബൈരിക്വ് എന്ന് പേരുള്ള ഒരു മുസ്‌ലിം തന്റെ അയല്‍ക്കാരനായ ഖതാദബിന്‍ നുഅ്മാന്‍ എന്ന മറ്റൊരു മുസ്‌ലിമിന്റെ വീട്ടില്‍ നിന്നും ഒരു അങ്കി മോഷ്ടിച്ചു. ഈ അങ്കി സൂക്ഷിച്ചിരുന്നത് ഗോതമ്പ് പൊടിയുള്ള ഒരു വലിയ തോല്‍സഞ്ചിയില്‍ ആയിരുന്നു. അങ്കി കൊണ്ടുപോയപ്പോള്‍ അതിന്റെ കൂടെ തോല്‍സഞ്ചി പൊട്ടിയ ഭാഗത്തുകൂടി പൊടിയും ചിതറി. ഇത് അയാളുടെ വീടുവരെ എത്തി. തുടര്‍ന്ന് ഇയാള്‍ ഈ അങ്കി ഒരു ജൂതന്റെ അടുക്കല്‍ ഒളിപ്പിച്ചുവെച്ചു. ഇദ്ദേഹത്തിന്റെ പേര് സൈദ്ബ്‌നു സമീന്‍ എന്നായിരുന്നു. അങ്ങനെ, അങ്കിയെ കുറിച്ച അന്വേഷണം ത്വഅ്മയുടെ അടുക്കല്‍ എത്തി. അദ്ദേഹം അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട് അത് നിഷേധിച്ചു. എന്നാല്‍ അങ്കിയുടെ ആളുകള്‍ പറഞ്ഞു: 'ഗോതമ്പ് പൊടിയുടെ അടയാളങ്ങള്‍ അയാളുടെ വീട്ടില്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്.'

അയാള്‍ വീണ്ടും സത്യം ചെയ്തു പറഞ്ഞതോടെ അയാളെ വിട്ടയച്ചു. പിന്നീടവര്‍ പൊടിയുടെ അടയാളം നോക്കി ജൂതന്റെ വീട്ടിലെത്തി. അങ്കി അവിടെ കണ്ടെത്തുകയും ചെയ്തു. ജൂതന്‍ പറഞ്ഞു: 'അത് ഇവിടെ ത്വഅ്മ കൊണ്ടുവച്ചതാണ്.' ത്വഅ്മയുടെ ഗോത്രക്കാരായ ബനൂ ദ്വഫര്‍കാര്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിനുവേണ്ടി വാദിക്കാന്‍ അനുമതി ചോദിച്ചു. നബിയാകട്ടെ ജൂതനെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. കളവുമുതല്‍ അവന്റെ പക്കല്‍ നിന്ന് കണ്ടുകിട്ടിയതിനെയും അവനെതിരില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകളെയും അടിസ്ഥാനമാക്കി യഹൂദന്റെ വാദം നബി ﷺ  തള്ളിക്കളയുകയും ഉബൈരിക്വിന്റെ മകന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ഉണ്ടായി.

യഥാര്‍ഥ മോഷ്ടാവായ ഉബൈരിക്വിന്റെ മകനെ നിരപരാധിയായി നബി ﷺ  പ്രഖ്യാപിച്ചതും അവന്റെ കക്ഷിയുടെ വാദത്തെ ന്യായീകരിച്ചതും ബാഹ്യമായ തെളിവുകള്‍ക്കനുസരിച്ചാണ്. അദൃശ്യ കാര്യങ്ങള്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയുകയില്ലല്ലോ. നബി ﷺ യും ഇതില്‍ നിന്ന് ഒഴിവില്ല.

അതുകൊണ്ടാണ് ഒരു സംഭവത്തില്‍ നബി ﷺ  ഇങ്ങിനെ പറഞ്ഞത്: ''അറിഞ്ഞേക്കുക: ഞാന്‍ ഒരു മനുഷ്യന്‍ തന്നെയാണ്. ഞാന്‍ കേള്‍ക്കുന്നതനുസരിച്ചേ ഞാന്‍ വിധികല്‍പിക്കുകയുള്ളൂ. നിങ്ങളില്‍ ചിലര്‍, ചിലരെക്കാള്‍ തന്റെ ന്യായം വ്യക്തമാക്കിയിട്ടുണ്ടായിരിക്കും. അങ്ങനെ, അവന് ഞാന്‍ ഗുണമായി വിധിച്ചു കൊടുത്തേക്കുകയും ചെയ്യും. ഒരു മുസ്‌ലിമിന്റെ (യഥാര്‍ഥ) അവകാശം ഞാന്‍ (വേറെ) ആര്‍ക്കെങ്കിലും വിധിച്ചു കൊടുത്താല്‍ (യഥാര്‍ഥത്തില്‍) അത്, നരകത്തില്‍ നിന്നുള്ള ഒരു കഷ്ണമായിരിക്കും. അതവന്‍ ഏറ്റെടുക്കുകയോ, ഉപേക്ഷിക്കുകയോ (ഇഷ്ടംപോലെ) ചെയ്തുകൊള്ളട്ടെ'' (ബുഖാരി, മുസ്‌ലിം).

മുകളില്‍ സൂചിപ്പിച്ച സംഭവത്തിന്റെ സന്ദര്‍ഭത്തില്‍ അവതരിച്ച ക്വുര്‍ആന്‍ സൂക്തങ്ങളാണ് നാലാം അധ്യായം 105 മുതല്‍ 112 വരെയുള്ളത്. ജൂതന്‍ നിരപരാധിയാണ് എന്ന് അല്ലാഹു അതിലൂടെ നബി ﷺ യെ അറിയിക്കുകയായിരുന്നു. അക്കാര്യം നബി ﷺ  ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ജൂതന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. തന്റെ വിധി ശരിയായിരുന്നില്ല എന്ന്സൂചിപ്പിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ മറച്ചുവെക്കുകയല്ല നബി ﷺ  ചെയ്തത്; അത് ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു.

അഭിമാനത്തിന് വിലകല്‍പിച്ച പ്രവാചകന്‍

ഇസ്‌ലാമിക നിയമത്തിന്റെ ദൃഷ്ടിയില്‍ ഒരു വ്യക്തിയുടെ അഭിമാനത്തിന്റെ മാനദണ്ഡം അയാളുടെ സാമൂഹ്യപദവിയോ സാമ്പത്തിക സ്ഥിതിയോ അല്ല. ഏതൊരു വ്യക്തിയുടെയും അഭിമാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ചെറിയവനും വലിയവനും ഉള്ളവനും ഇല്ലാത്തവനുമൊക്കെ തന്റെ മാനം നഷ്ടപ്പെടുന്നത് ചിന്തിക്കുവാന്‍ പോലും കഴിയാത്തവരാണ്. എന്നാല്‍ ഇതരരെ അവഹേളിക്കുവാനും അപമാനിക്കുവാനും പരിഹസിക്കുവാനും ആധുനിക ജനതക്ക് വല്ലാത്തൊരു ഭ്രമമാണ്. രാഷ്ട്രീയരംഗത്തും മാധ്യമ പ്രവര്‍ത്ത രംഗത്തും ഇതൊക്കെ അനുവദനീയമാണെന്ന നിലയാണ് ഇന്നുള്ളത്! ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്ന ഒരു ദുഷ്പ്രവൃത്തിയാണിത്.

അഭിമാനത്തിന്റെയും രക്തത്തിന്റെയും സമ്പത്തിന്റെയും നിലയും വിലയും വ്യക്തമാക്കിക്കൊണ്ട് ഹജ്ജിന്റെ വേളയില്‍ നബി ﷺ  പറഞ്ഞത് കാണുക: ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി ﷺ  മിനായില്‍വെച്ച് ചോദിച്ചു: ''ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?'''അവര്‍ പറഞ്ഞു: ''അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.'' അവിടുന്ന് പറഞ്ഞു: ''ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.'' അവിടുന്ന് പറഞ്ഞു: ''പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.'' അവിടുന്ന് പറഞ്ഞു: ''പരിശുദ്ധമായ മാസം.'' പിന്നീട് അവിടുന്ന് പറഞ്ഞു: ''നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു''(ബുഖാരി).

ഒരു വാക്ക് മതിയാകും മറ്റൊരാളുടെ അഭിമാനത്തിന് ക്ഷതം വരുത്താന്‍. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കല്‍ ദുഷ്‌ക്കരമാണ്. എന്തെങ്കിലും ഭൗതിക താല്‍പര്യത്തിന്റെ പേരില്‍ അല്ലെങ്കില്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ അന്യന്റെ അഭിമാനം നശിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ് സംസ്‌കാരസമ്പന്നരെന്ന് സ്വയം നടിക്കുന്നവരില്‍ പലരും. ഈ വിഷയത്തില്‍ നബി ﷺ  നല്‍കിയ പാഠത്തെക്കാള്‍ മാനവികവും മാന്യവുമായ പാഠം പകര്‍ന്നുനല്‍കാന്‍ ആര്‍ക്കാണ് കഴിഞ്ഞിട്ടുള്ളത്?  

സഹിഷ്ണുവായ പ്രവാചകന്‍

സല്‍സ്വഭാവത്തിന്റെ പ്രതീകമായിരുന്നു മുഹമ്മദ്‌നബി ﷺ . സഹിഷ്ണുതയും വിട്ടുവീഴ്ചയും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. ''നല്ലതും ചീത്തയും സമമാവുകയില്ല. അതിനാല്‍ നന്മയാല്‍ നീ തിന്മയെ തടയുക. അങ്ങെന ചെയ്താല്‍ നീയുമായി ശത്രുതയുള്ളവന്‍ നിന്റെ ആത്മമിത്രം പോലെ ആയിത്തീരും'' എന്ന വിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനം പ്രായോഗികമാണെന്ന് സ്വജീവിതത്തിലൂടെ ലോകര്‍ക്ക് കാണിച്ചുതന്ന മഹാനാണ് അദ്ദേഹം.  

വലിയ വലിയ ആശയങ്ങളും തത്ത്വങ്ങളും ആദര്‍ശങ്ങളുമൊക്കെ പ്രസംഗിക്കുവാന്‍ എളുപ്പമാണ്; അതിന് എമ്പാടും ആളുകള്‍ എന്നുമുണ്ടായിട്ടുണ്ട്, ഇന്നുമുണ്ട്. എന്നാല്‍ പറയുന്നത് പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുക്കാന്‍ പലര്‍ക്കും കഴിയാറില്ല; അതിന് ശ്രമിക്കാറില്ല എന്നതാണ് നേര്.

മത-രാഷ്ട്രീയ സംഘടനകളുടെ  നേതൃസ്ഥാനം വഹിക്കുന്ന അനവധിയാളുകള്‍ നമ്മുടെ നാട്ടിലുണ്ട്. സഹിഷ്ണുത, വിട്ടുവീഴ്ച, സാഹോദര്യം, സഹകരണം എന്നിത്യാതി എല്ലാ മാനുഷികഗുണങ്ങളെക്കുറിച്ചും വാചാലരാകുന്ന മിക്ക പണ്ഡിതന്മാരിലും നേതാക്കന്മാരിലും ഈ ഗുണങ്ങള്‍ കാണാറേയില്ല എന്നതാണ് വാസ്തവം.

ധര്‍മം ചോദിച്ചുവന്ന, സംസ്‌കാരമെന്തെന്നറിയാത്ത ഒരു ഗ്രാമീണ അറബി തന്റെ ചുമലില്‍ കിടക്കുന്ന മുണ്ടില്‍ ശക്തമായി പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടും നബി ﷺ  'കടക്കൂ പുറത്ത്' എന്നോ 'മാറിനില്‍ക്ക്' എന്നോ പറയുകയല്ല ചെയ്തത്. മറിച്ച് പുഞ്ചിരിയോടെ അയാളെ നോക്കുകയും അയാളുടെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ കല്‍പിക്കുകയുമാണ് ചെയ്തത്. ആ സംഭവം ഹദീഥ് ഗ്രന്ഥത്തില്‍ ഇങ്ങനെ വായിക്കാം:

അനസ്(റ)വില്‍ നിന്ന് നിവേദനം: ''ഒരിക്കല്‍ നബി ﷺ യോടൊത്ത് ഞാന്‍ നടന്നുപോകുകയായിരുന്നു. കട്ടിയുള്ള കരയോടുകൂടിയ നജ്‌റാന്‍ വസ്ത്രമാണ് തിരുമേനി ധരിച്ചിരുന്നത്. അങ്ങനെ ഒരു ഗ്രാമീണ അറബി നബി ﷺ യുമായി സന്ധിക്കുകയും അദ്ദേഹത്തിന്റെ മുണ്ട് പിടിച്ച് ശക്തിയായി വലിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ നബി ﷺ യുടെ പിരടിയിലേക്കു നോക്കി. പിടിച്ചുവലിച്ചതിന്റെ ശക്തി കാരണം മുണ്ടിന്റെ കരയുടെ പാടുകള്‍ അവിടെ പതിഞ്ഞിരിന്നു. 'മുഹമ്മദേ! താങ്കളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തില്‍നിന്ന് എനിക്ക് എന്തെങ്കിലും അനുവദിച്ചുതരാന്‍ ഉത്തരവിടുക'- ആ ഗ്രാമീണന്‍ പറഞ്ഞു. നബി ﷺ  അയാളെ തിരിഞ്ഞുനോക്കുകയും പുഞ്ചിരിക്കുകയും അയാള്‍ക്ക് ദാനം നല്‍കാന്‍ കല്‍പിക്കുകയും ചെയ്തു'' (ബുഖാരി).

ഇതാണ് മാനവരാശിക്കാകമാനമുള്ള മാതൃകാപുരുഷന്റെ  സ്വഭാവ വൈശിഷ്ഠ്യം! ഒരു ഗ്രാമീണന് ഇത്രയും ധിക്കാരമോ, അല്ലാഹുവിന്റെ ദൂതനും വിശ്വാസികളുടെ നേതാവും ഭരണാധികാരിയുമായ എന്നെ അപമാനിച്ച ഈ മനുഷ്യനെ വെറുതെ വിട്ടുകൂടാ എന്നൊന്നും ആ മഹാനുഭാവന്‍ പറഞ്ഞില്ല, ചിന്തിച്ചില്ല.

'ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉടനെ നബി ﷺ  പറഞ്ഞു: 'നിങ്ങള്‍ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തില്‍ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം എല്ലാം അനായാസകരമാക്കാനാണ് നിങ്ങള്‍ നിയോഗിതരായത്. പ്രയാസപൂര്‍ണമാക്കുന്നതിനല്ല''(ബുഖാരി).

അല്ലാഹു പറയുന്നു: ''വിട്ടുവീഴ്ചയുടെ മാര്‍ഗം സ്വീകരിക്കുക. നല്ലത് കല്‍പിക്കുക. അവിവേകികളെ അവഗണിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 7:199).

''...അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ! അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ?...''(ക്വുര്‍ആന്‍ 24:22).

വിശുദ്ധ ക്വുര്‍ആനിന്റെ ഇത്തരം കല്‍പനകള്‍ കൃത്യമായും ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു നബി ﷺ  ചെയ്തത്.

വൃദ്ധമാതാപിതാക്കളെ ചേര്‍ത്തുപിടിക്കാന്‍ കല്‍പിച്ച പ്രവാചകന്‍

വൃദ്ധരായ മാതാപിതാക്കള്‍ പല മക്കള്‍ക്കുമിന്ന് ഭാരമാണ്, വിഴുപ്പുഭാണ്ഡമാണ്! ചുക്കിച്ചുളിഞ്ഞ തൊലിയും കാഴ്ച മങ്ങിയ കണ്ണുകളും ഒട്ടും കേള്‍ക്കാത്ത കാതുകളൂം അള്‍ഷിമേഴ്‌സ് എന്ന ഓര്‍മക്കുറവുമൊക്കെയായി ചുമച്ചുതുപ്പി വീട്ടിന്റെയൊരു മൂലയില്‍ കൂനിക്കൂടിയിരിക്കുന്നത് തന്റെ ജനനത്തിന് കാരണക്കാരായ മാതാവോ പിതാവോ ആണെങ്കിലും അറപ്പോടെയും വെറുപ്പോടെയും അവരെ നോക്കിക്കാണുന്നവരുണ്ട്. സ്‌നേഹമസൃണമായ പെരുമാറ്റവും വാത്സല്യത്തിന്റെ  ഊഷ്മള സ്പര്‍ശവും അനിവാര്യമായ ഘട്ടത്തില്‍ മക്കളില്‍ നിന്ന് അവഗണനയും പരിഹാസവും മാത്രം ലഭിക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെയുള്ളിലെ വേദന വിവരണാതീതമായിരിക്കും. തന്നെ പെറ്റു വളര്‍ത്തിയ മാതാവ്; തനിക്കു വേണ്ടി ആരോഗ്യവും ആയുസ്സും വിനിയോഗിച്ച് തന്നെ ഉന്നതനിലയിലെത്തിച്ച പിതാവ്; വാര്‍ധക്യത്തിലെത്തിയ അവരെ പരിചരിക്കാനും സ്‌നേഹിക്കാനും തയ്യാറാകാതെ വൃദ്ധസദനത്തിലാക്കി 'ശല്യം' ഒഴിവാക്കുന്ന മക്കള്‍ ചെയ്യുന്നത് എന്തുമാത്രം വലിയ പാതകമാണ്!

നബി ﷺ  വളരെ ഗൗരവത്തില്‍ മാതാപിതാക്കളെ സംബന്ധിച്ച് ഉപദേശങ്ങളും കല്‍പനകളും നല്‍കിയത് കാണാനാകും. നബി ﷺ പറഞ്ഞു: ''വാര്‍ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗം നേടാന്‍ സാധിക്കാത്തവന് നാശം! അവന് നാശം! അവന് നാശം!'' (മുസ്‌ലിം)

മാതാപിതാക്കളോടുള്ള കടമകളെ ഇസ്‌ലാം വളരെ ഗൗരവകരമായാണു കാണുന്നത്. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്കു നാശമാണെന്നു പറഞ്ഞ പ്രവാചകന്‍, അവരോടുള്ള കടമകള്‍ നിറവേറ്റുന്നത് സ്വര്‍ഗപ്രവേശം സുസാധ്യമാക്കുമെന്നുകൂടി നമ്മെ പഠിപ്പിക്കുന്നു. മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നു മാത്രമല്ല, അവരോടുള്ള സംസാരവും പെരുമാറ്റവുമെല്ലാം മാന്യമായ നിലയ്ക്കായിരിക്കണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

 ''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടു നീ 'ഛെ'  എന്നു പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോടു നീ മാന്യമായ വാക്കു പറയുകയും ചെയ്യുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോടു നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 17:23,24).

ഇണയോട് മാന്യമായി പെരുമാറാന്‍ പഠിപ്പിച്ച പ്രവാചകന്‍

തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായിത്തീരണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നിട്ടും പലരുടെയും ദാമ്പത്യജീവിതം ദുസ്സഹവും കലഹങ്ങള്‍ നിറഞ്ഞതുമായിത്തീരുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊലചെയ്ത വാര്‍ത്തകള്‍ പത്രങ്ങളില്‍ പതിവ് വാര്‍ത്തയായി പ്രത്യക്ഷപ്പെടുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന ഭാര്യമാരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ദമ്പതികളുടെ പരസ്പര സഹകരണവും വിശ്വാസവുമാണ് ഒരു നല്ല കുടുംബത്തിന്റെ അടിത്തറ. അതിന്റെ അഭാവത്തില്‍ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുക സ്വാഭാവികം. എങ്ങനെ ഒരു നല്ല ഭര്‍ത്താവാകാം? എങ്ങനെ ഒരു നല്ല ഭാര്യയാകാം? ഇസ്‌ലാം വളരെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ രംഗത്ത് നല്‍കുന്നുണ്ട്. ഒരു നല്ല മനുഷ്യനായിത്തീരണമെങ്കില്‍ നല്ല ഭര്‍ത്താവായിത്തീരണമെന്നാണ് നബി ﷺ  പഠിപ്പിച്ചിട്ടുള്ളത്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''വിശ്വാസികളില്‍ വിശ്വാസം പൂര്‍ത്തിയായവനും ഏറ്റവും നല്ല സല്‍സ്വഭാവിയും ഏറ്റവും ഉത്തമനും തങ്ങളുടെ ഭാര്യമാരോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനാണ്'' (തുര്‍മുദി).

സമൂഹമധ്യെ മാന്യരും നല്ലവരുമായി അറിയപ്പെടുന്ന പലരും സ്വന്തം ഭാര്യമാരുടെയടുക്കല്‍ ചെന്നാല്‍ ക്രൂരരും മനുഷ്യത്വമില്ലാത്തവരുമായിരിക്കും. മാന്യതയുടെ മുഖംമൂടിയണിഞ്ഞവര്‍. സ്വന്തം ഭാര്യയോട് മാന്യമായി പെരുമാറാന്‍ കഴിയാത്തവന്റെസമൂഹമധ്യത്തിലുള്ള മാന്യതയ്ക്കും സല്‍പേരിനും എന്തുവില?

''നിങ്ങള്‍ അവരോട് നല്ല നിലയില്‍ പെരുമാറുക'' എന്ന ഭര്‍ത്താക്കന്മാരോടുള്ള ക്വുര്‍ആനിന്റെ കല്‍പനയും (4:129) ''സ്ത്രീ വാരിയെല്ലുപോലെയാണ്, ബലം പ്രയോഗിച്ച് നീ അവളെ നേരെയാക്കാനുദ്ദേശിക്കുന്നപക്ഷം പൊട്ടിക്കേണ്ടിവരും'' എന്ന് തുടങ്ങുന്ന നബിവചനവും വിശ്വാസികളായ എല്ലാ ഭര്‍ത്താക്കന്മാരും ശ്രദ്ധിക്കേണ്ടതാണ്.

സ്ത്രീ ഏറെ ക്ഷമിക്കുന്നവളാണെങ്കിലും പല വിഷയങ്ങളിലും അക്ഷമയും മുന്‍കോപവും അശ്രദ്ധയും മറ്റ് കൊച്ചുകൊച്ചു അപാകതകളും സ്ത്രീസഹജമായി അവളില്‍ കണ്ടേക്കാം. അതെല്ലാം പൂര്‍ണമായി മാറ്റിയെടുത്ത് താന്‍ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവവും ഇല്ലാത്തവളായി തന്റെ ഭാര്യയെ മാറ്റാമെന്നുള്ളത് വെറും വ്യാമോഹമാണ്. അതിനുശ്രമിച്ചാല്‍ ബന്ധം തകര്‍ന്നുപോവുകയായിരിക്കും ഫലം. നബി ﷺ  പറഞ്ഞു: ''ഒരു സത്യവിശ്വാസി തന്റെ ഇണയെ വെറുക്കരുത്. അവളില്‍ ഒരു സ്വഭാവത്തെ അവന്‍ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ തൃപ്തിപ്പെട്ടേക്കാം''.

തന്റെ ചരിത്ര പ്രധാനമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ നബി ﷺ  സ്ത്രീകളെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: ''അറിയുക, സ്ത്രീകളെ സംബന്ധിച്ച് നന്മ നിങ്ങള്‍ വസ്വിയ്യത്ത് ചെയ്യണം. അവര്‍ നിങ്ങളുടെ അടുക്കല്‍ ഏല്‍പിക്കപ്പെട്ട അമാനത്താണ് (സൂക്ഷിപ്പ് സ്വത്ത്). മറ്റൊരധികാരവും നിങ്ങള്‍ക്കില്ല. വ്യക്തമായ അസാന്മാര്‍ഗിക നടപടി അവര്‍ ചെയ്താലല്ലാതെ, അത് അവര്‍ ചെയ്താല്‍ (പോലും വിവാഹ മോചനം ചെയ്യാതെ) കിടപ്പറയില്‍നിന്ന് നിങ്ങളവരെ വെടിയുകയും പരുക്കേല്‍പിക്കാതെ അടിക്കുകയും ചെയ്യുക. അപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വഴിപ്പെട്ടാല്‍ പിന്നീട് അവര്‍ക്കെതിരില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്. അറിയുക. നിശ്ചയം നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യമാരില്‍നിന്നും ഭാര്യമാര്‍ക്ക് നിങ്ങളില്‍നിന്നും ചില അവകാശങ്ങള്‍ ഉണ്ട്. അവരില്‍നിന്ന് നിങ്ങള്‍ക്ക് ലഭിക്കുവാനുള്ള അവകാശം നിങ്ങളുടെ വിരിപ്പ് നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ (അന്യരെ) കൊണ്ട് ചവിട്ടിക്കാതിരിക്കുകയും നിങ്ങളുടെ ഭവനങ്ങളിലേക്ക് നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യലാണ്. അറിയുക; നിങ്ങളില്‍നിന്ന് അവര്‍ക്ക് ലഭിക്കുവാനുള്ള അവകാശങ്ങള്‍ വസ്ത്രത്തിലും ഭക്ഷണത്തിലും മറ്റും അവര്‍ക്ക് നന്മ ചെയ്യലാണ്'' (തുര്‍മുദി).

അധര്‍മങ്ങള്‍ക്കെതിരെ നിലകൊണ്ട പ്രവാചകന്‍

ശാന്തിയുടെ ദൂതുമായി, സമാധാനത്തിന്റെ സന്ദേശവുമായി ഈ ലോകത്തിലേക്ക് ഒട്ടേറെ പ്രവാചകന്‍മാര്‍ ആഗതരായിട്ടുണ്ട്. നൂഹ്(അ), ഇബ്‌റാഹിം(അ), മൂസാ(അ), ഈസാ(അ) എന്നിവര്‍ അവരില്‍ ചിലരാണ്. പ്രവാചകന്‍മാരുടെ നിയോഗമില്ലാതെ ഒരൊറ്റ സമുദായവുമുണ്ടായിട്ടില്ലെന്നാണ് ക്വുര്‍ആന്‍ അറിയിക്കുന്നത്:

''തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്; ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരുസമുദായവുമില്ല'' (ക്വുര്‍ആന്‍ 35:24).

അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി ﷺ . അദ്ദേഹത്തിനു ശേഷം മറ്റൊരു പ്രവാചകനുമില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

''മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു'' (ക്വുര്‍ആന്‍ 33:40).

മുഹമ്മദ് നബി ﷺ  കാരുണ്യത്തിന്റെ പ്രവാചകനായിരുന്നു. തികച്ചും മാതൃകാപരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. അല്ലാഹു പറയുന്നത് കാണുക:

''തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമു ള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം''(9:128).

അദ്ദേഹം ജനങ്ങളെ നന്മയിലേക്ക് ക്ഷണിച്ചു. തിന്മകള്‍ വിലക്കി.  ബഹുദൈവാരാധന, മദ്യം, ചൂതാട്ടം, വ്യഭിചാരം, പലിശ, കൊലപാതകം, കൊള്ള, മോഷണം, പിടിച്ചുപറി, കള്ളം പറയല്‍, വഞ്ചന, ഏഷണി, പരദൂഷണം, കൈക്കൂലി, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍, കരാര്‍ലംഘനം തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകൡ ഇടപെടുമ്പോള്‍ വന്നുഭവിക്കാവുന്ന എല്ലാവിധ അധര്‍മങ്ങള്‍ക്കുമെതിരെ നബി ﷺ  നിലകൊള്ളുകയും ശക്തമായ താക്കീത് നല്‍കുകയും ചെയ്തിയിട്ടുണ്ട്. സ്വജീവിതത്തിലൂടെ, അധര്‍മം വെടിഞ്ഞ് എങ്ങനെ ജീവിക്കാമെന്ന് മാതൃക കാണിച്ചിട്ടുണ്ട്. ഒരു സമൂഹത്തെ ധാര്‍മികാടിത്തറയില്‍ അവിടുന്ന് വാര്‍ത്തെടുത്തിട്ടുമുണ്ട്.

ഇതെല്ലാം ചരിത്ര സത്യമാണ്. എന്നിട്ടും, ജീവിതത്തില്‍ അങ്ങേയറ്റം സൂക്ഷ്മത കാണിച്ച്, പാപത്തിന്റെ കറ അല്‍പം പോലും പുരളാതെ ജീവിച്ച പ്രവാചകനെ ധാര്‍മിക വിശുദ്ധി പാലിക്കാത്ത വ്യക്തിത്വമായി പരിചയപ്പെടുത്തുവാന്‍ യുക്തിവാദികള്‍ പെടാപാട് പെടുന്നത് കാണുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്.