പൗരത്വത്തിന്റെ മതവും രാഷ്ട്രീയവും

സുഫ്‌യാന്‍ അബ്ദുസ്സലാം

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24
രാജ്യത്തിന്റെ മതേതര സങ്കല്‍പത്തിന്റെയും സഹിഷ്ണുതാ മനോഭാവത്തിന്റെയും കടയ്ക്കല്‍ കത്തിവെച്ചു കൊണ്ട് പൗരത്വ ഭേദഗതി ബില്‍ ലോകസഭ പാസാക്കിയിരിക്കുകയാണ്. എണ്ണബലവും തിണ്ണബലവുമുപയോഗിച്ച്പൗരന്മാരുടെ അടിസ്ഥാനവകാശങ്ങള്‍ ഭരണാധികാരികള്‍ തന്നെ നിഷേധിക്കാന്‍ മുന്‍കയ്യെടുക്കുമ്പോള്‍ തലമുറകളായി കാത്തു സൂക്ഷിച്ച നാടിന്റെ അന്തസ്സും ആഭിജാത്യവും തകര്‍ന്ന് തരിപ്പണമാവുകയാണെന്ന സത്യം പറയാതെ വയ്യ.

രാജ്യത്തിന്റെ മതേതരത്വത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചും മുസ്ലിം വിരുദ്ധ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചും പൗരത്വ ഭേദഗതി ബില്‍ ലോകസഭ പാസാക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ കരുത്തുറ്റ എതിര്‍പ്പുകളെ മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ മറികടന്നുകൊണ്ടാണ് ബില്‍ പാസാക്കാനായത്. പ്രതിപക്ഷ എംപിമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ സാധിക്കാതെ രാജ്യത്തിന്റെ ഭരണ സാരഥ്യം വഹിക്കുന്നവര്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്ച അതിദയനീയമായിരുന്നു. എണ്ണബലവും തിണ്ണബലവുമുപയോഗിച്ച് ബില്‍ പാസാക്കാന്‍ ഭരണപക്ഷത്തിന് സാധിച്ചുവെങ്കിലും ആശയപരമായ വിജയം പ്രതിപക്ഷം ഉള്‍ക്കൊള്ളുന്ന മതേതരത്വത്തിന് തന്നെയായിരുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നു.

ലോകത്തിന്റെ മുമ്പില്‍ എക്കാലവും മാനവികതയുടെ കുപ്പായമണിഞ്ഞ് ജാതി, മത, വര്‍ഗ പരിഗണനകളില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാനുള്ള സന്മനസ്സും സന്നദ്ധതയും കാണിച്ച മഹത്തായ ഇന്ത്യയുടെ നെഞ്ചകത്തിലൂടെ വര്‍ഗീയതയുടെ കഠാര ഇറക്കി രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള നേരത്തെ തയ്യാറാക്കപ്പെട്ട തിരക്കഥയുടെ ആവിഷ്‌കാരമാണ് ലോകസഭയുടെ വെള്ളിത്തിരയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. ലോകത്തെ ഏതു മണ്ണില്‍ ജനിച്ചാലും അവരെ സ്വീകരിക്കാനുള്ള വിശാലമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുകയും സകല മതങ്ങളുടെയും കളിത്തൊട്ടിലായും പൂങ്കാവനമായും ലോകം പാടിപ്പുകഴ്ത്തുകയും ചെയ്ത മഹാ രാജ്യത്തിന്റെ യശസ്സും ആഭിജാത്യവും നൈര്‍മല്യവും തകര്‍ന്നടിയുന്ന പരിതാപകരമായ കാഴ്ചയാണ് ഡിസംബര്‍ 10 തിങ്കളാഴ്ച ലോകസഭയില്‍ കണ്ടത്. 'പൗരത്വ ഭേദഗതി ബില്‍' എന്ന പേരിനെക്കാള്‍ 'വര്‍ഗീയ പൗരത്വ ബില്‍' എന്നായിരിക്കും ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ ഏറ്റവും മിതമായ രീതിയില്‍ വിശേഷിപ്പിക്കാന്‍ സാധിക്കുക.

മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കടന്നുവരുന്ന അഭയാര്‍ഥികളും അല്ലാത്തവരുമായ ആളുകള്‍ക്ക് രാജ്യത്തെ അംഗീകൃത നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യയുടെ പൗരത്വം നല്‍കുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്കോ രാജ്യം അംഗീകരിച്ചുവന്ന മൂല്യങ്ങള്‍ക്കോ എതിരല്ല. അഭയാര്‍ഥികളെ ഒട്ടേറെ സ്വീകരിച്ച പാരമ്പര്യമാണ് നമ്മുടെ ഇന്ത്യക്കുള്ളത്. പക്ഷേ, അത് അഭയാര്‍ഥികളുടെ മതമോ ജാതിയോ വര്‍ണമോ വര്‍ഗമോ നോക്കിയിട്ടല്ല. എല്ലാവരെയും ഒറ്റക്കെട്ടായി കണ്ടുകൊണ്ട് തന്നെ പൗരത്വം നല്‍കണോ അഭയം നല്‍കണോ തുടങ്ങിയ കാര്യങ്ങളില്‍ വിവേചനപരമായ യാതൊന്നും തന്നെ ഇക്കാലമത്രയും രാജ്യം അടിസ്ഥാന നിബന്ധനകളായി സ്വീകരിച്ചിട്ടില്ല. ഇപ്പോഴത്തെ പൗരത്വ ഭേദഗതിക്ക് പിന്നിലുള്ള അജണ്ട വളരെ വ്യക്തമാണ്. ആര്‍. എസ്. എസ്. എന്നും ശത്രുക്കളായി കണ്ടുവരുന്ന മുസ്ലിം സമുദായത്തിനിടയില്‍ ഭീതി ജനിപ്പിക്കുകയും അവര്‍ ഇന്ത്യക്കാരല്ലെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തുകൊണ്ട് അന്യതാബോധം മുസ്ലിം സമൂഹത്തില്‍ വളര്‍ത്തിയെടുക്കുകയാണ് ആര്‍. എസ്. എസും മോഡി-അമിത്ഷാ അച്ചുതണ്ടുകളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഹിന്ദു സമുദായത്തെ പ്രീണിപ്പിച്ച് അധികാരം എക്കാലത്തേക്കും നിലനിര്‍ത്താനുള്ള കുതന്ത്രവും ഇതിന്റെ പിന്നിലുണ്ട്. എന്നാല്‍ ഹൈന്ദവ സമുദായത്തില്‍ പെട്ട മതേതരത്വത്തെ മുറുകെപ്പിടിക്കുന്ന മഹാഭൂരിപക്ഷത്തിന്റെ പിന്തുണ ഈ ബില്ലിന് ഇല്ലെന്നു വ്യക്തമാക്കുന്ന പ്രകടനങ്ങളാണ് ലോകസഭക്ക് അകത്തും പുറത്തും ദര്‍ശിക്കാന്‍ സാധിച്ചത്.

മുസ്ലിം ലീഗ് അതിന്റെ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചപ്പോള്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി, ഡി.എം.കെ, ആര്‍.എസ.്പി, സി. പി.എം തുടങ്ങിയ പാര്‍ട്ടികളിലെ പ്രമുഖരായ പാര്‍ലമെന്റ് അംഗങ്ങള്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളിലൂടെ അമിത്ഷായുടെ വാ മൂടിക്കെട്ടുകയായിരുന്നു. പ്രതിപക്ഷത്തിന്റെ മികച്ച പ്രകടനം വ്യക്തമാക്കുന്നത് ഹൈന്ദവ സമുദായത്തിലെ മഹാഭൂരിപക്ഷത്തിന്റെ പിന്തുണ ഈ ബില്ലിനില്ല എന്ന സത്യമാണ്. ഏറെക്കാലം ബി.ജെ.പിയുമായി ശയനം നടത്തിയ ശിവസേന പോലും ബില്ലിനെ അനുകൂലിക്കാന്‍ എത്തിയില്ല. അവരുടെ മുഖപത്രത്തില്‍ അതിശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഹിന്ദുക്കളെയും മുസ്‌ലിംകളെയും അദൃശ്യമായി വിഭജിക്കാനുള്ള ഗൂഢപദ്ധതിയാണ് ബില്ലിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ശിവസേന ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരിലെ ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്നത് വലിയ ഭവിഷ്യത്ത് വിളിച്ചുവരുത്തുമെന്നും ശിവസേന പറഞ്ഞു.

പൗരത്വത്തിനു മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മുഖമല്ല നല്‍കേണ്ടത്, മറിച്ച് അതിനു മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും സമസൃഷ്ടിസ്‌നേഹത്തിന്റെയും വര്‍ണങ്ങള്‍ നല്‍കുകയും ആര്‍ദ്രതയില്‍ അധിഷ്ഠിതമായ അടിത്തറകള്‍ പാകുകയുമാണ് വേണ്ടത്. മതവും ജാതിയും വര്‍ഗവും വര്‍ണവുമൊന്നും ഒരു ജാനാധിപത്യ മതേതര സംവിധാനത്തില്‍ പൗരത്വത്തിന് പരിഗണിക്കേണ്ട ഘടകങ്ങളല്ല. ഉദാത്തമായ മാനുഷിക ബന്ധങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ട വിവിധ വര്‍ണങ്ങളിലുള്ള മുത്തുമണികളായി ഓരോ പൗരനെയും കാണാന്‍ കഴിയണം. ഒരു മനുഷ്യനായി പിറന്നതിനു ശേഷം മാത്രമെ ഏതൊരാളും ഏതെങ്കിലും ഒരു രാജ്യത്തിലേക്ക് ചേര്‍ക്കപ്പെടുന്ന പൗരനായിത്തീരൂ. അതുകൊണ്ടുതന്നെ ഒരാള്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പൗരനായി രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ലെങ്കില്‍ പോലും ജീവിക്കാനും ജനിച്ച മണ്ണിനെ ഉപയോഗപ്പെടുത്താനുമുള്ള അവകാശം ഏതൊരു മനുഷ്യനുമുണ്ട് എന്ന അടിസ്ഥാന യാഥാര്‍ഥ്യം അംഗീകരിക്കപ്പെടേണ്ടതുണ്ട്. ജനിച്ച മണ്ണേതാണെന്നോ മാതാപിതാക്കള്‍ ആരാണെന്നോ ഒരാള്‍ക്ക് അറിയില്ല എന്ന കാരണത്താല്‍ ആ വ്യക്തിയുടെ അസ്തിത്വത്തെ നിഷേധിക്കുകയും ജീവിച്ചുവരുന്ന നാട്ടില്‍ നിന്നും അയാളെ ആട്ടിയോടിക്കുകയും ചെയ്യുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. അഡ്രസ് ഇല്ലാത്ത ആളുകള്‍ക്ക് അഡ്രസ് നല്‍കുകയും അവരുടെ ജീവിത നിലവാരവും സൗകര്യവും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുകയുമാണ് ഉത്തരവാദപ്പെട്ട ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രത്യേക പൗരത്വം ഇല്ലാത്ത ജനങ്ങളും ഗോത്രവിഭാഗങ്ങളുമുണ്ട്. പക്ഷേ, മിക്ക രാജ്യങ്ങളും അവര്‍ക്ക് പൗരത്വം നല്‍കിയില്ലെങ്കിലും ജീവിക്കുവാനും അധ്വാനിക്കുവാനും ജോലി ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുകയും അവരെ ആ നാട്ടുകാരായി അംഗീകരിക്കാനുമുള്ള സൗമനസ്യം കാണിക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന മുസ്‌ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം. പി മുസ്ലിംകളെ ഇതില്‍ നിന്നും ഒഴിവാക്കിയ നടപടി ഭരണഘടനാ വിരുദ്ധവും തുല്യതയും സമത്വവും പ്രഖ്യാപിക്കുന്ന പതിനാലാം അനുച്ഛേദവും എടുത്തുകാണിച്ചപ്പോള്‍ ആഭ്യന്തര മന്ത്രിയുടെ മറുപടി തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. മുസ്ലിം എന്ന ഒരു പ്രയോഗം പോലും ബില്ലില്‍ ഇല്ലെന്നാണ് അമിത്ഷാ പറഞ്ഞത്. വിവിധ മതവിഭാഗങ്ങളുടെ പേരുകള്‍ എണ്ണിപ്പറയുകയും മുസ്ലിം എന്ന പദം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്? ആഭ്യന്തര മന്ത്രിയുടെ മുഖത്ത് നോക്കി ചങ്കൂറ്റത്തോടെ മറുപടി കൊടുത്ത കുഞ്ഞാലിക്കുട്ടി മുസ്ലിം സമുദായത്തെ പ്രത്യേകമായി ഉദ്ദേശിച്ചുകൊണ്ട് തന്നെയാണ് ഈ ബില്ലെന്ന് തറപ്പിച്ചുപറഞ്ഞപ്പോള്‍ അമിത്ഷാക്ക് സീറ്റില്‍ ഇരിക്കേണ്ടി വരികയാണുണ്ടായത്. അമിത്ഷാ കണ്ണടച്ചാല്‍ അമിത്ഷാക്ക് മാത്രമെ ഇരുട്ടാവൂ എന്ന് തിരിച്ചറിയാന്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിക്ക് സാധിക്കേണ്ടതുണ്ട്.

രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസ്സത്ത എന്താണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഗൃഹപാഠം ചെയ്തു പഠിക്കേണ്ടതുണ്ട്. ഭരണഘടനയുടെ രണ്ടാം ഭാഗം പൗരത്വത്തെ കുറിച്ചാണ് വിശദീകരിക്കുന്നത്. ഇശശ്വേലിവെശു എന്ന തലക്കെട്ടില്‍ ആരംഭിക്കുന്ന 5 മുതല്‍ 11 വരെയുള്ള അനുച്ഛേദങ്ങളാണുള്ളത്. ഈ അനുച്ഛേദങ്ങള്‍ എപ്രകാരമാണ് ഒരാള്‍ പൗരത്വത്തിനു യോഗ്യനാവുന്നതെന്ന കാര്യങ്ങളാണ് വിശദീകരിക്കുന്നത്. ഇന്ത്യന്‍ പൗരത്വ നിയമം എന്നാണ് ഈ അനുച്ഛേദങ്ങള്‍ അറിയപ്പെടുന്നത്. മാതാപിതാക്കള്‍ ഏത് രാജ്യക്കാരാണെങ്കിലും ഇന്ത്യയില്‍ ജനിക്കുകയും വാസമുറപ്പിക്കുകയും ചെയ്തവര്‍ (5അ), ഇന്ത്യയില്‍ ജനിച്ച മാതാപിതാക്കളുടെ കുട്ടികള്‍ (5ആ), ഭരണഘടന നിലവില്‍ വരുന്നതിന് അഞ്ചു വര്‍ഷം മുമ്പ് മുതല്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ (5ഇ) എന്നിവരാണ് പൗരത്വത്തിനു യോഗ്യരായവര്‍. 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമങ്ങളിലെ പ്രധാന വകുപ്പുകളാണ് ഇവ. പൗരത്വ യോഗ്യതക്ക് മാനദണ്ഡമായി ഇവിടെയെവിടെയും ഒരു മതമോ ജാതിയോ വര്‍ഗമോ വര്‍ണമോ പരിഗണിച്ചിട്ടില്ല. കാരണം മനുഷ്യന്‍ എന്ന മാനദണ്ഡത്തിനപ്പുറം മറ്റൊരു മാനദണ്ഡവും പൗരത്വത്തെ നിര്‍വചിക്കാന്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്ന ഭരണഘടനാ ശില്‍പികള്‍ സ്വീകരിച്ച നിലപാടാണ് ഭരണഘടനയുടെ ആത്മാവ്. മാത്രവുമല്ല, ഭരണഘടനയുടെ മൂന്നാം ഭാഗമായ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും തന്നെ ഒരു പൗരന്റെ കാര്യത്തിലും അടിച്ചേല്‍പിക്കാന്‍ സാധിക്കില്ല. മൗലികാവകാശങ്ങളില്‍ അനുച്ഛേദം 14 തുല്യതയ്ക്കുള്ള അവകാശമാണ്. പൗരത്വ ഭേദഗതി ബില്‍ സമയത്ത് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത് ഈ അനുച്ഛേദമാണ്. എല്ലാവരെയും തുല്യരായി കാണുകയെന്നത് ഓരോ പൗരന്റെയും അവകാശത്തില്‍ പെട്ടതാണ്. അതുപോലെതന്നെ മൗലികാവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണ് അനുച്ഛേദം 15. ജാതി, മതം, വര്‍ഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ പേരില്‍ വേര്‍തിരിച്ച് കാണാതിരിക്കാനുള്ള അവകാശമാണത്. ഒരു പൗരനെ നിര്‍ണയിക്കുന്നതില്‍ മുകളില്‍ സൂചിപ്പിച്ച യാതൊന്നും പരിഗണിക്കാന്‍ പാടില്ലെന്ന ശക്തമായ നിര്‍ദേശങ്ങള്‍ പൗരന്റെ മൗലികാവകാശങ്ങളില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

വളരെ ശക്തമായ നിയമങ്ങള്‍ ഭരണഘടനയില്‍ നിലവിലിരിക്കെ അതൊന്നും പരിഗണിക്കാതെ മതത്തിന്റെയും ജാതിയുടെയും പേരില്‍ പൗരന്മാരെ വിഭജിക്കുകയെന്നത് ഭരണഘടനയോടും രാജ്യത്തോടും രാഷ്ട്ര ശില്‍പികളോടും ചെയ്യുന്ന അപരാധമാണ്. പാര്‍ലമെന്റില്‍ എത്ര വലിയ ഭൂരിപക്ഷത്തില്‍ ഇത് പാസായാലും സുപ്രീം കോടതിക്ക് ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി കേശവാനന്ത ഭാരതി കേസിലെ സുപ്രീം കോടതി നിരീക്ഷണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം സര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയുണ്ടായി.

അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നു വരുന്ന കുടിയേറ്റക്കാരില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് മാത്രം പൗരത്വം നല്‍കുവാനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ പറയുന്ന ന്യായീകരണം, പ്രസ്തുത രാജ്യങ്ങളെല്ലാം ഇസ്ലാമിക രാജ്യങ്ങളാണെന്നും അവിടങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രശ്നമില്ലെന്നും മറ്റു മതവിഭാഗങ്ങളില്‍ പെടുന്നവര്‍ക്കാണ് പ്രശ്‌നങ്ങളുള്ളതെന്നുമാണ്. യഥാര്‍ഥത്തില്‍, ഒരു സര്‍ക്കാരില്‍ നിന്നും നീതി നിഷേധിക്കപ്പെട്ടു രാജ്യം വിടേണ്ടിവരുവാന്‍ പല കാരണങ്ങളുണ്ടാവും. അതിലൊന്ന് മാത്രമാണ് വിശ്വാസ, ആചാര സ്വാതന്ത്ര്യം ഹനിക്കപ്പെടുകയെന്നത്. വിശ്വാസ ആചാര സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും അതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതിന്റെ പേരിലാണ് ഇന്ത്യയില്‍ അഭയം നല്‍കുന്നതെങ്കില്‍ അവിടങ്ങളിലുള്ള ശിയാ, അഹ്മദീയ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പൗരത്വം നല്‍കേണ്ടതില്ലേ?

അതിലേറെ സുപ്രധാനമായ കാര്യം; ഒരു പ്രധാനപ്പെട്ട ഭേദഗതി അവതരിപ്പിക്കുമ്പോള്‍ മൂന്നു അയല്‍ രാജ്യങ്ങളെ മാത്രം എന്തിനു പരിഗണിക്കുന്നുവെന്നതാണ്. നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല? മ്യാന്മറില്‍ മുസ്‌ലിംകളായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തിട്ടുള്ള എത്രയെത്ര മനുഷ്യരുണ്ട്. അവരെ മുന്‍കാലങ്ങളില്‍ ഇന്ത്യ സ്വീകരിച്ചു വന്നിരുന്നു. പൗരന്മാരായിട്ടല്ല, അഭയം നല്‍കിക്കൊണ്ട്. അതുപോലും നിഷേധിച്ച ഒരു സര്‍ക്കാരാണ് ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. മ്യാന്മറിനെയും ശ്രീലങ്കയെയും ഭൂട്ടാനിനെയുമെല്ലാം പരിഗണിക്കുമ്പോള്‍ സ്വാഭാവികമായും തങ്ങള്‍ ശത്രുക്കളായി കാണുന്ന മുസ്ലിം സമുദായത്തെയും പരിഗണിക്കേണ്ടി വരുമെന്ന ഒരൊറ്റ കാരണമില്ലാതെ മറ്റെന്താണുള്ളത്?

ഡി. എം. കെ നേതാവ് ദയാനിധി മാരന്‍ ലോകസഭയിലെ ചര്‍ച്ചാവേളയില്‍ ചൂണ്ടിക്കാണിച്ചത് പോലെ ഹൃദയശൂന്യമായ ബില്‍ ആണിത്. ബില്‍ എല്ലാ മത ന്യൂനപക്ഷങ്ങളെയും ഒരു പോലെ സംരക്ഷിക്കുന്നില്ല. വിവേചനനത്തില്‍ നിര്‍മിക്കപ്പെട്ട ബില്ലാണിത്. അതുകൊണ്ടാണ് അത് ഹൃദയശൂന്യവും യുക്തിരഹിതവുമായ ബില്‍ ആണെന്ന് പറയുന്നത്. മുസ്ലിം വിരോധമാണ് ഈ ബില്ലിന്റെ പ്രത്യക്ഷ മുഖം. അതോടൊപ്പം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ധിപ്പിക്കാനുള്ള കുടിലതന്ത്രം കൂടി ഈ ബില്ലിന് പിറകിലുണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ലോക സഭയിലെ ചര്‍ച്ച കേട്ട് അദ്ദേഹം ബോധരഹിതനാകുമായിരുന്നുവെന്ന് അഭിഷേക് ബാനര്‍ജി ചര്‍ച്ചയില്‍ പറയുകയുണ്ടായി. നല്ലവരായ ഹൈന്ദവ ജനതയുടെ മനസ്സാണ് ബാനര്‍ജി അവിടെ അവതരിപ്പിച്ചത്. നെഹ്‌റുവും പട്ടേലും ആസാദുമെല്ലാം രാജ്യത്തെ ജനങ്ങളെ ഐക്യത്തിലൂടെ നയിക്കാന്‍ ആവശ്യമായ നിയമങ്ങളുണ്ടാക്കിയ സമുച്ചയമാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. അവിടെയാണ് മോദിയും അമിത്ഷായും ചേര്‍ന്ന് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഒരു സമുദായത്തെ ഉന്മൂലനം ചെയ്യാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. അതോടോപ്പം ഭീതിയും പടരുന്നു.

പ്രതിപക്ഷ കക്ഷികളുടെ യോജിച്ചുള്ള മുന്നേറ്റം പ്രതീക്ഷക്ക് വക നല്‍കുന്നു. രാജ്യസഭയില്‍ ഇത് പാസാക്കിയെടുക്കാന്‍ എന്ത് വൃത്തികെട്ട രാഷ്ട്രീയ നാടകങ്ങള്‍ സംഘടിപ്പിക്കാനും അമിത്ഷായും ബി. ജെ.പിയും മടിക്കില്ല എന്ന കാര്യം വ്യക്തമാണ്. മഹാരാഷ്ട്രയില്‍ ശരത് പവാര്‍ കാണിച്ച ആര്‍ജവം പ്രതിപക്ഷ കക്ഷികള്‍ കാണിക്കാന്‍ തയ്യാറായാല്‍ രാജ്യസഭയുടെ കടമ്പ കടക്കാന്‍ അമിത്ഷായുടെ മണി-മസില്‍ പവറുകള്‍ക്ക് ഒരിക്കലും സാധിക്കില്ല. രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമായ പൗരന്‍ ആരെന്നു നിശ്ചയിക്കുന്നതില്‍ മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കുന്ന ഫാസിസ്റ്റ് പ്രവണതക്കെതിരെ ലോകസഭയില്‍ കണ്ടതുപോലെയുള്ള അതിശക്തമായ പൗരബോധം ഉയര്‍ന്നെങ്കില്‍ മാത്രമെ രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കൂ. മനുഷ്യത്വത്തില്‍ അധിഷ്ഠിതമായതും ജാതി മത ചിന്തകള്‍ ഇല്ലാത്തതുമായ പൗരത്വ കാഴ്ചപ്പാടുകളെ വളര്‍ത്തിയെടുക്കാന്‍ സമൂഹം ഉണരേണ്ടതുണ്ട്.