ശൈശവ വിവാഹം: ഇസ്‌ലാമിന്റെ സംഭാവനയോ?

മുഹമ്മദ് സ്വാദിഖ് മദീനി

2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16
ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ എക്കാലത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഷയമാണ് ശൈശവ വിവാഹം. ആയിശ(റ)യുമായുള്ള പ്രവാചകന്‍ ﷺ യുടെ വിവാഹം ഇതിന് തെളിവായി വിമര്‍ശകര്‍ ഉന്നയിക്കാറുമുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് ശൈശവ വിവാഹം? ഇസ്‌ലാമാണോ ഇത് ലോകത്തിന് സംഭാവന ചെയ്തത്? ഏറ്റവും കൂടുതല്‍ ശൈശവവിവാഹം നടക്കുന്നത് എവിടെയാണ്? കണക്കുകള്‍ നിരത്തിയുള്ള സമര്‍ഥനം.

ഇസ്ലാമിന്റെ അജയ്യതയും ജനമനസ്സുകളില്‍ അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും വിമര്‍ശകരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അത്കൊണ്ടുതന്നെ പലതരത്തിലുള്ള ദുരാരോപണങ്ങള്‍ ഉന്നയിച്ച് ഇസ്ലാമിനെ ഇകഴ്ത്തിക്കാണിക്കുവാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയുള്ള ദുരാരോപണങ്ങളില്‍ ഒന്നാണ് 'ഇസ്ലാം ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു' എന്നത്. വിവാഹത്തെ കുറിച്ചുള്ള ഇസ്ലാമിക അധ്യാപനങ്ങള്‍ എന്തെന്ന് കൃത്യമായി മനസ്സിലാക്കാത്തതും ചില മുസ്ലിം നാമധാരികളുടെ അപക്വമായ പ്രവര്‍ത്തനങ്ങളും വ്യക്തമായ മതവിരോധവും മാത്രമാണ് ഈ ആരോപണത്തിന്റെ പിന്നില്‍ ഉള്ളത്. ആരോപണങ്ങള്‍ പടച്ചുണ്ടാക്കുകയും തുടര്‍ന്ന് അത് മതത്തിന്റെ പേരില്‍ കെട്ടിവെക്കുകയും എന്നിട്ട് അതിനെ വിമര്‍ശിക്കുകയുമാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള ഇസ്ലാമിക അടിസ്ഥാന പാഠങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇസ്ലാമിക നിയമങ്ങളുടെ അജയ്യതയും ദൈവികതയും ബോധ്യമാകുമെന്നതില്‍ സംശയമില്ല. ശൈശവ വിവാഹത്തെ സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാക്കുവാനും ആരോപകരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാണിക്കുവാനുമാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

ശൈശവ വിവാഹം

മനുഷ്യ ജീവിതചക്രം; ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നിങ്ങനെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അഞ്ച് വയസ്സ് വരെയുള്ള കാലഘട്ടമാണ് ശൈശവം. സ്വാഭാവികമായും ശൈശവ വിവാഹം എന്ന് പറയുമ്പോള്‍ വിവാഹിതരാകുന്ന വധൂവരന്മാര്‍ക്ക് അഞ്ചോ അതില്‍ താഴെയോ പ്രായമാണ് ഉണ്ടായിരിക്കേണ്ടത്. അപ്പോള്‍ മാത്രമെ 'ശൈശവ വിവാഹം' എന്ന പ്രയോഗം ഭാഷാപരമായി അന്വര്‍ഥമാവുകയുള്ളൂ.

എന്നാല്‍ വിമര്‍ശകര്‍ ഇസ്ലാം ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പെരുമ്പറമുഴക്കുമ്പോള്‍ അവര്‍പോലും ഈ പ്രായപരിധിയല്ല അതുകൊണ്ട് ഉദ്ദേശിക്കാറുള്ളത്. മറിച്ച് ആ പ്രായപരിധി ഓരോ നാട്ടിലും വ്യത്യസ്തമാണ്. പുരുഷന്നും സ്ത്രീക്കും പ്രായപരിധി നിശ്ചയിക്കുമ്പോഴും  അളവുകോലുകള്‍ വ്യത്യസ്തമാണ്. നമ്മടെ നാട്ടിലെ നിലവിലുള്ള നിയമമനുസരിച്ച് പ്രായപൂര്‍ത്തി എത്തുന്നതിന് മുമ്പുള്ള വിവാഹത്തെയാണ് ശൈശവ വിവാഹം എന്ന് പറയപ്പെടുന്നത്. എങ്കില്‍ എന്ത് കൊണ്ട് ഇത്തരം വിവാഹങ്ങളെ ബാലവിവാഹമെന്നോ കൗമാരവിവാഹമെന്നോ യൗവന വിവാഹമെന്നോ പറയുന്നില്ല? ശൈശവ വിവാഹം എന്ന ഓമനപ്പേരില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന മിക്ക വിവാഹങ്ങളും നടക്കുന്നത് യൗവന വിവാഹങ്ങളാണ്. (യൗവനം 16നും 40നും മധ്യെ). എന്നിട്ടും  അതിനെ 'യൗവന വിവാഹം' എന്ന് പറയാതെ 'ശൈശവ വിവാഹം' എന്ന് വിശേഷിപ്പിക്കുന്നത് ഭാഷയോട് കാണിക്കുന്ന അനീതിയാണ്. ഇത് ഇസ്ലാമിന്റെ സംഭാവനയാണ് എന്ന് പ്രചരിപ്പിക്കുന്നതാകട്ടെ ഇസ്ലാമിനെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുവാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗവുമാണ്.

എന്താണ് പ്രായപൂര്‍ത്തി?

പ്രായപൂര്‍ത്തി എത്തുന്നതിന് മുമ്പ് നടത്തപ്പെടുന്ന വിവാഹത്തെയാണ് ശൈശവ വിവാഹമെന്ന് നിര്‍വചിക്കുന്നതെങ്കില്‍ തീര്‍ച്ചയായും എന്താണ് പ്രായപൂര്‍ത്തി എന്ന് വ്യക്തമാക്കേണ്ടതുണ്ട്. രാജ്യാതിര്‍ത്തികള്‍ മാറുമ്പോള്‍ മാറിമറിയേണ്ട ഒന്നാകരുത് ഹോമാസാപ്പിയന്‍സിന്റെ പ്രായപൂര്‍ത്തി.

ആരാധനകള്‍, ശിക്ഷാ സമ്പ്രദായങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് പ്രായപൂര്‍ത്തിക്ക് വലിയ സ്ഥാനമുണ്ട് എന്നതിനാല്‍ ദൈവിക മതമായ ഇസ്ലാം കൃത്യമായും പ്രായപൂര്‍ത്തി എന്ത് എന്ന് വ്യക്തമാക്കുന്നു. സ്ഖലനം, ആര്‍ത്തവം എന്നിവ തുടങ്ങുക, ഗുഹ്യാവയവത്തിന് ചുറ്റും കട്ടിയുള്ള രോമം പ്രത്യക്ഷപ്പെടുക, അല്ലെങ്കില്‍ പതിനഞ്ച് വയസ്സ് പൂര്‍ത്തിയാകുക എന്നീ അടയാളങ്ങളില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അത് പ്രായപൂര്‍ത്തിയായി പരിഗണിക്കപ്പെടും. സ്ഥലവും കാലവും മാറുന്നതിനനുസരിച്ച് പ്രായ പൂര്‍ത്തി നിര്‍ണയിക്കുന്നതില്‍ ദൈവിക മതത്തിന് മാറ്റത്തിരുത്തലുകള്‍ നടത്തേണ്ടി വന്നിട്ടില്ല. പ്രായപൂര്‍ത്തിയെ നിശ്ചിത വയസ്സിനുള്ളില്‍ ക്ലിപ്തപ്പെടുത്തുവാന്‍ കഴിയില്ല എന്നതിന് വ്യക്തമായ രേഖയാണ് ജനാധിപത്യ രാജ്യങ്ങളില്‍ വോട്ടവകാശം വിനിയോഗിക്കുവാന്‍ ഏകോപിതമായ ഒരു പ്രായം നിര്‍ണയിക്കുവാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്ന കാര്യം. വോട്ടവകാശത്തിന് പ്രായപൂര്‍ത്തി ആകണമെങ്കിലും അതിന് കൃത്യമായ ഒരു അളവുകോല്‍ നിലനിര്‍ത്താന്‍ രാജ്യങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇന്ത്യയില്‍ മുമ്പ് 21 വയസ്സ് ഉള്ളവര്‍ക്കേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. ഈ പ്രായപൂര്‍ത്തി വോട്ടവകാശം പിന്നീട് 18 വയസ്സിലേക്ക് ചുരുക്കി. ഇക്വഡോറില്‍ 16, അമേരിക്ക 17,18, ജപ്പാന്‍ 20, കുവൈത്ത്, ഫിജി, സിങ്കപ്പൂര്‍ 21 എന്നീ പ്രായപരിധിയാണ് വോട്ടവകാശം ലഭിക്കുവാനായി നിശ്ചയിച്ചിട്ടുള്ളത്.

പ്രായപൂര്‍ത്തി ആയ ശേഷമെ വിവാഹം കഴിക്കാവൂ എന്ന് പ്രസ്താവിക്കുന്നവര്‍ തന്നെയും പ്രായപരിധിയില്‍ ഭിന്നിക്കുന്നു! ഭൂരിഭാഗം രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ പ്രായ പരിധി 16 വയസ്സാണ്. 110 രാജ്യങ്ങളില്‍ പ്രായപരിധി പതിനാറോ അതില്‍ താഴയോ ആണ്. ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ മാത്രമാണ് പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള പരിധി 18 വയസ്സായി നിശ്ചയിച്ചിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്ക് 14 വയസ്സ് പ്രായപരിധി നിശ്ചയിച്ച രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന്‍, പരാഗ്വെ തുടങ്ങിയവ. വെനിസേല, മഡഗാസ്‌കര്‍, മെക്സികോ, ന്യൂയോര്‍ക്ക്, ഇറാന്‍, ഇറാഖ്, മാലിദീപ്, ജോര്‍ദാന്‍, എസ്തോണിയ, ജോര്‍ജിയ, യൂ.എസ് ലെ ഹവാലി, മിസിസിപ്പി മിസനരി എന്നിവിടങ്ങളിലും അവരുടെ പ്രായപരിധി 15 ആണ്. അമേരിക്കയിലെ പല സ്റ്റേറ്റുകളിലും പല വ്യവസ്ഥകളാണ് ഉള്ളത്.

പാകിസ്ഥാന്‍, ആസ്ത്രേലിയ, ബെല്‍ജിയം, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്പെയിന്‍, ന്യൂസിലന്റ്, സ്‌കോട്ലാന്റ്, അര്‍ജന്റീന, സൊമാലിയ, തുര്‍ക്കി, യൂ.കെ, തയ് വാന്‍ തുടങ്ങിയ എഴുപത്തി അഞ്ചോളം രാജ്യങ്ങളിലും യൂ.എസ് ലെ വാഷിംഗ്ടണ്‍, ഒഹിയോ തുടങ്ങിയ സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി 16 വയസ്സാണ്. മിക്കരാജ്യങ്ങളിലും ആണ്‍കുട്ടികളുടെ പ്രായപരിധി 18 ആണ്. ജോര്‍ദാന്‍, പരാഗ്വെ, സൈപ്രസ്സ്, സ്‌കോട്ട്ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി 16 വയസ്സാണ്.

18 തികയുന്നതിന്റെ രണ്ട് ദിവസം മുമ്പ് വിവാഹം കഴിഞ്ഞാല്‍ അത് ശൈശവവിവാഹവും നിയമ വിരുദ്ധവുമായി മാറുമ്പോള്‍ 15ലും 16ലും വിവാഹം കഴിക്കുന്നതിനെ നിയമപരമായി അംഗീകരിക്കുന്ന രാജ്യങ്ങളും ലോകത്ത്  നിലനില്‍ക്കുന്നു എന്നത് പ്രായപൂര്‍ത്തി നിശ്ചയിക്കുന്നതിലും വിവാഹപ്രായം നിശ്ചയിക്കുന്നതിലും മനുഷ്യന്റെ അളവുകോല്‍ തീര്‍ത്തും അപര്യാപ്തമാണ് എന്നാണ് അറിയിക്കുന്നത്.

ഇന്ത്യയില്‍ ഒരു കുറ്റവാളിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെങ്കില്‍ അയാള്‍ക്ക് 18 വയസ്സ് ആയിരിക്കണമെന്നാണ് നിയമം. അതിന് താഴെയുള്ളവര്‍ എത്ര കഠിനമായ കുറ്റം ചെയ്താലും  അര്‍ഹമായ ശിക്ഷ ലഭിക്കില്ല. ഈ നിയമം പുനഃപരിശോധിക്കേണ്ടതാണ് എന്ന് പ്രമാദമായ ഡല്‍ഹി കൂട്ടമാനഭംഗത്തിന് ശേഷം മുറവിളിയുയര്‍ന്നത് നാം കേട്ടതാണ്. ആ കേസിലെ ഒരു പ്രതി പതിനെട്ടു വയസ്സ് തികയാത്തവനായിരുന്നു. ഈ കാര്യത്തില്‍ എട്ട് ഹരജികള്‍ സുപ്രീം കോടതി നിരാകരിച്ചു. പ്രായപൂര്‍ത്തി നിര്‍ണയിക്കുന്നതിന് പ്രായം മാത്രം പരിഗണിച്ചാല്‍ പോരാ എന്നും മാനസികവും ബൗദ്ധികവുമായ ശേഷികൂടി പരിഗണിച്ച് നിയമ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ട് സുബ്രഹ്മണ്യ സ്വാമി സുപ്രീം കോടതിയില്‍ ഒരു ഹരജി ഫയല്‍ ചെയ്യുകയുണ്ടായി.

ദേശീയ ക്രൈം റികോര്‍ഡ്സ് ബ്യൂറോ(എന്‍.സി.ആര്‍.ബി)യുടെ ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ 2001-2012 പരിശോധിച്ചാല്‍ ഈ കാലയളവില്‍ പ്രായപൂര്‍ത്തി ആകാത്തവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ അളവ് മനസ്സിലാക്കാം. 2001ല്‍ ജുവനൈലുകള്‍ പ്രതികളായി 399 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2010ല്‍ അത് 858 കേസുകളായി വര്‍ധിച്ചു. 2012ല്‍ പുറത്തിറങ്ങിയ രേഖകള്‍ പ്രകാരം 2011ല്‍ അത് 1149 ആയി വര്‍ധിച്ചു.

നിയമ പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥ പ്രകാരം പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും ആവശ്യമായിവരുന്നത്. എന്നാല്‍ വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ക്ക് ഇത്തരം നിയമക്കുരുക്കുകള്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്! പരസ്പര സമ്മത പ്രകാരമാണെങ്കില്‍ പുരുഷന് 21 വയസ്സ് ആകേണ്ടതില്ലെന്നാണ് സുപ്രീം കോടതിവിധി. വിവാഹത്തിന് നിശ്ചിത പ്രായപരിധി നിയമവും എന്നാല്‍ വ്യഭിചാരത്തിന് ആ പ്രായപരിധിനിശ്ചയിക്കല്‍ നിയമ വിരുദ്ധവുമാകുന്നതിലെ യുക്തി നമുക്ക് പിടികിട്ടുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത സമയത്തെ വിവാഹത്തിലൂടെ സ്ത്രീ വഞ്ചിക്കപ്പെടാനും അവളുടെ ചാപല്യം ചൂഷണം ചെയ്യപ്പെടാനും ഇടയാകുമെന്നാണ് വാദമെങ്കില്‍ പ്രായപൂര്‍ത്തിയായി എന്നത് വഞ്ചിക്കപ്പെടാന്‍ ഒരു തടസ്സമല്ല എന്നാണ് ദൈനംദിന സംഭവവികാസങ്ങള്‍ വിളിച്ചോതുന്നത്. മൂന്നും നാലും മക്കളുള്ള വീട്ടമ്മമാര്‍ പോലും ഓണ്‍ലൈന്‍ പ്രണയത്തില്‍ അകപ്പെട്ട് ഒളിച്ചോടിപ്പോകുന്നതും വഞ്ചിക്കപ്പെട്ട് പെരുവഴിലാകുന്നതും ഇന്ന് നിത്യസംഭവങ്ങളാണ്. സ്ത്രീക്ക് പക്വതയും പാകതയും എത്തുക എന്നതാണ് പതിനെട്ട് വയസ്സ് നിശ്ചയിച്ചതിലൂടെ ലക്ഷ്യമാക്കുന്നതെങ്കില്‍ 18 വയസ്സിന് മുമ്പ് തന്നെ പക്വത കാണിക്കുന്ന, തന്റേടവും മനോധൈര്യവുമുള്ള സ്ത്രീകള്‍ക്ക് നിയമ പ്രകാരം വിവാഹം കഴിക്കാന്‍ അനുവാദം നല്‍കേണ്ടതല്ലേ?

ഇസ്ലാം ശിശുക്കളെ വിവാഹം കഴിക്കുവാന്‍ കല്‍പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു എന്ന രൂപത്തിലാണ് ഇസ്ലാം വിമര്‍ശകര്‍ പ്രചരിപ്പിക്കാറുള്ളത്. ഇസ്ലാം മനുഷ്യ മസ്തിഷ്‌കത്തില്‍ ഉരുത്തിരിഞ്ഞ ആശയമല്ല എന്നതിനും അത് ദൈവികമാണ് എന്നതിനും വ്യക്തമായ തെളിവാണ് വിവാഹ വിഷയത്തിലെ ഇസ്ലാമിന്റെ നിലപാട്. നിശ്ചിത പ്രായഗണനയല്ല, പക്വതയും പാകതയുമാണ് അതിന്റെ പരിധി എന്നാണ് ഇസ്ലാം അറിയിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പ്രായമാണ് പ്രായപൂര്‍ത്തിയുടെ അഥവാ വിവാഹത്തിന്റെ അളവുകോലായി നിശ്ചയിച്ചിരിക്കുന്നത് എന്നത് സലക്ഷ്യം മുമ്പ് വിശദമാക്കിയത് ഓര്‍ക്കുക.

ശൈശവവിവാഹം ലോകത്ത് പണ്ടുമുതലേ നിലനിന്നിരുന്നുവെന്നും അത് മുസ്ലിംകളുടെ സംഭാവനയല്ല എന്നും ചരിത്രം പഠിക്കുന്നവര്‍ക്ക് ബോധ്യമാകും. ഗാന്ധിജി ക്സതൂര്‍ഭായെ കല്ല്യാണം കഴിക്കുമ്പോള്‍ അവര്‍ക്ക് കളിപ്പാട്ടങ്ങളുമായി നടക്കുന്ന പ്രായമായിരുന്നുവത്രെ. ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 40%വും ബാല്യകാല വിവാഹങ്ങളാണ്. മലപ്പുറം ജില്ലയില്‍ പതിനെട്ട് വയസ്സ് ആകുന്നതിന് മുമ്പ് നടക്കുന്ന വിവാഹങ്ങളില്‍ ഗണ്യമായ കുറവ് വന്നിരിക്കുന്നു എന്നാണ് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്പ്മെന്റ് സര്‍വീസ് 2012 ലെ വാര്‍ഷിക സര്‍വേയില്‍ പറയുന്നത്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ നടക്കുന്ന വിവാഹങ്ങളില്‍ 47-56% വും ശൈശവവിവാഹമാണത്രെ. ഇതില്‍ മുമ്പില്‍ നില്‍കുന്നത് രാജസ്ഥാനിലെ 'മുന്തിയ വര്‍ഗ'ങ്ങളും ബീഹാറിലെയും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഗോത്രവിഭാഗങ്ങളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് നൈജീരിയയിലാണ്, 75%-68%. സെന്‍ട്രല്‍ ആഫ്രിക്ക റിപ്ലക്കില്‍ 66% വും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. സോമാലിയ 45%, നേപ്പാള്‍ 41%. ഈ പറയപ്പെട്ട രാജ്യങ്ങള്‍ അധികവും ഇസ്ലാമിക രാജ്യങ്ങളല്ല.

സ്ത്രീയുടെ വിവാഹപ്രായം 18 ആക്കണമെന്ന് ശഠിക്കുന്ന ഒരാളും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധ(വ്യഭിചാരം)ത്തിന്റെ പ്രായം 16 ആക്കിയതില്‍ പ്രതിഷേധിച്ചതായി കണ്ടിട്ടില്ല. വിവാഹപ്രായം 18 ആയിരിക്കണമെന്ന നിര്‍ബന്ധമേയുള്ളൂ എന്ന് സാരം.

ജപ്പാന്‍, കൊറിയ പോലുള്ള രാജ്യങ്ങളില്‍ 13 വയസ്സ് മുതല്‍ വ്യഭിചാരം നിയമവിധേയമാണ്. അപ്രകാരം  വ്യഭിചാരം നിയമ വിധേയമാക്കുന്ന പ്രായപരിധി ചില നാട്ടുകളില്‍ ഇപ്രകാരമാണ് മെക്സിക്കോ 12, ചൈന, ജര്‍മനി, ബള്‍ഗേറിയ, ബ്രസീല്‍, ചിലി, ബര്‍മ 14 വയസ്സ്. ഡെന്മാര്‍ക്ക്, ഗ്രീസ്, ഫ്രാന്‍സ് 15 വയസ്സ്. അമേരിക്ക, ബെല്‍ജിയം, ഫിന്‍ലാന്റ് 16 വയസ്സ്.

എന്നിട്ടും വിമര്‍ശകര്‍ പറയുന്നു ഇസ്‌ലാം ശൈശവ വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നു, എന്ന്!

ഇസ്ലാമിലെ വിവാഹം

കേവലം സുഖാസ്വാദനത്തിലേക്കുള്ള വഴി എന്നതിലപ്പുറം നിരവധി ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിന് വേണ്ടിയാണ് ഇസ്ലാം വിവാഹം നിയമമാക്കിയിട്ടുള്ളത്. പവിത്രമായ ബന്ധമായി ഇസ്ലാം വിവാഹത്തെ കാണുന്നു.

അടുത്ത തലമുറക്ക് ജന്മം നല്‍കുക. മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കുക, മനസ്സിനും ശരീരത്തിനും സുഖവും ശാന്തിയും സമാധാനവും പ്രദാനം ചെയ്യുക, കാരുണ്യവും സ്നേഹവും പങ്കുവെക്കുക, മരണാനന്തരം സ്വര്‍ഗത്തിലും ഒന്നിക്കാന്‍ സാധിക്കുന്ന രൂപത്തില്‍ മാതൃകകളായി ജീവിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ വിവാഹത്തിലൂടെ ഇസ്ലാം കാണുന്നു. അത് നിലനിര്‍ത്തിപ്പോരുന്നതില്‍ ചില ചിട്ടവട്ടങ്ങളും നിയമങ്ങളും നിര്‍ദേശങ്ങളുമൊക്കെയുണ്ട്. നൈമിഷിക സുഖത്തിനായി രഹസ്യമായി അടുക്കുകയും മടുക്കുമ്പോള്‍ ഒഴിവാക്കുകയും ചെയ്യാനുള്ള ബന്ധമല്ല ഇസ്ലാമിലെ വിവാഹം.

വിവാഹത്തിന്റെ ഒന്നാം തീയതി മുതല്‍ സ്ത്രീക്ക് മാന്യമായ സ്ഥാനവും അവകാശവും ഇസ്ലാം നല്‍കുന്നു. നീതിമാനായ രക്ഷിതാവിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ ഈ വിഷയത്തില്‍ കാണുവാന്‍ സാധിക്കും.

വലിയ്യ് അനിവാര്യം

ശാരീരികമായും ബുദ്ധിപരമായും സ്ത്രീ പുരുഷനെപ്പോലെയല്ല എന്ന കാര്യം സര്‍വസമ്മതമാണ്. അങ്ങനെയൊരു സമത്വം പ്രകൃത്യാ ഇല്ല എന്നത് അനിഷേധ്യമായ കാര്യമാണ്.

വിവാഹം എന്നത് താല്‍ക്കാലിക ബന്ധമല്ലെന്നും അല്ലാഹുവിനെ മുന്‍നിറുത്തി സ്ത്രീ പുരുഷനില്‍ നിന്ന് വാങ്ങുന്ന ശക്തമായ കരാറാണെന്നും അത് മരണംവരെയും ശേഷവും നീണ്ടുനില്‍ക്കേണ്ടതാണെന്നും ഇസ്ലാം അനുശാസിക്കുന്നു. ഒരു സ്ത്രീക്ക് അനുയോജ്യനായ ഇണയെ കണ്ടെത്താന്‍ അവളെക്കാള്‍ കൂടുതല്‍ യോഗ്യന്‍ അവളുടെ എല്ലാ നന്മയിലും ബദ്ധശ്രദ്ധനായ, അവള്‍ക്ക് ദോഷം വരുന്നത് സഹിക്കാന്‍ കഴിയാത്ത അവളുടെ പിതാവാണ് അഥവാ രക്ഷിതാവാണ്. 'സല്‍സ്വഭാവവും മതബോധവും യോജിച്ചവര്‍ വിവാഹാലോചനയുമായി വന്നാല്‍ നിങ്ങള്‍ പെണ്‍മക്കളെ വിവാഹം ചെയ്തുകൊടുക്കണം; എല്ലാവരും തങ്ങളുടെ കീഴിലുള്ള ഭരണീയരെക്കുറിച്ച് ചോദ്യംചെയ്യപ്പെടുന്നവരായിരിക്കും' എന്ന് നബി ﷺ  രക്ഷിതാക്കളെ ഉപദേശിക്കുകയും ഓര്‍മപ്പെടുത്തുകയും ചെയ്തായി കാണാം.  

ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുന്ന ഒരു രക്ഷിതാവ് തന്റെ മകളെ വില്‍പനച്ചരക്കായി കാണുകയില്ല. അതിനാല്‍ സ്ത്രീയുടെ വിവാഹം കൈകാര്യം ചെയ്യുന്ന പുരുഷന്‍ വലിയ്യായി ഉണ്ടാകണമെന്ന് ഇസ്ലാം നിര്‍ദേശിച്ചു. അത് അവളെ അടിച്ചമര്‍ത്താനോ സ്വാതന്ത്രത്തെ നിഷേധിക്കുവാനോ അല്ല, മറിച്ച് അവളുടെ സുരക്ഷിതത്വത്തിനും നന്മക്ക് മാത്രമാണ്. അത്തരം ചിന്തയുള്ള ഒരു രക്ഷിതാവ് ഒരിക്കലും തന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ അവളുടെ ഭാവി അസ്ഥിരമാകുന്ന ഒരു അവസ്ഥയിലേക്ക് തള്ളിവിടുകയില്ല.

വിവാഹാന്വേഷണം

ഇസ്ലാമിലെ വിവാഹത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു കാര്യമാണ് വധുവിന്റെയും വരന്റെയും സമ്മതം. വിധവയാകട്ടെ, കന്യകയാകട്ടെ വിവാഹത്തിന് അവരുടെ സമ്മതം അനിവാര്യമാണെന്നും കന്യകയുടെ സമ്മതം മൗനമാണെങ്കില്‍ വിധവ വ്യക്തമായി അത് പറയുക തന്നെ വേണമെന്നും നബി ﷺ  അരുളിയിട്ടുണ്ട്. ഇണകള്‍ക്ക് ഇഷ്ടമല്ലാത്ത വിവാഹത്തില്‍ നിന്ന് അവര്‍ക്ക് പിന്‍വാങ്ങാവുന്നതാണ്.

പരസ്പരം തൃപ്തിയുണ്ടെങ്കില്‍ പ്രായം കണക്കാക്കാതെ അവിഹിത ബന്ധത്തിന് അനുമതി കൊടുക്കുന്നവര്‍, ധാരാളം നിബന്ധനകള്‍ പാലിച്ച,് വിവാഹത്തിന് അനിവാര്യമായ പക്വതയും പാകതയും എത്തുകയും പരസ്പരം കണ്ട് ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്തിട്ടും പെണ്ണിന് 18 ആയില്ല എന്ന ഒരൊറ്റ കാരണം പറഞ്ഞ് ആ വിവാഹത്തെ എതിര്‍ക്കുന്നു. ഇത് നീതിയാണോ?

ഒരു സ്ത്രീ വിവാഹത്തിന് പ്രാപ്തയാണോ അല്ലയോ എന്ന് കൂടുതല്‍ അറിയുന്നത് അവള്‍ക്കു തന്നെയാണ്, പിന്നെ അവളുടെ രക്ഷിതാക്കളും.

പെണ്‍കുട്ടിയുടെ രക്ഷിതാവില്‍നിന്ന് അവളുടെ നന്മ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങളേ ഉണ്ടാവുകയുള്ളൂ. അതിനാല്‍ വിവാഹത്തിന് പ്രാപ്തനല്ലാത്ത ഒരാളെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ അയാള്‍ മുതിരുകയില്ല.

വിവാഹം സ്വീകാര്യമാകണമെങ്കില്‍ കേവലം സ്ത്രീയും പുരുഷനും തമ്മിലുള്ള തൃപ്തി മാത്രം പോരാ, മറിച്ച് സ്ത്രീയുടെ രക്ഷിതാവും രണ്ട് സാക്ഷികളും അംഗീകരിക്കുകയും അതിന് അവര്‍ സാക്ഷിയാകുകയും ചെയ്യേണ്ടതുണ്ട്.

വിവാഹത്തിലൂടെ കുടുംബ ജീവിതം നയിക്കാന്‍ കഴിയാത്ത ശിശുക്കളെ വിവാഹം ചെയ്തയക്കാന്‍ സുബോധമുള്ള, അവരുടെ നല്ല ഭാവി സ്വപ്നം കാണുന്ന വല്ല രക്ഷിതാവും തയ്യാറാകുമോ?

വിവാഹത്തോടനുബന്ധിച്ച് വധൂവരന്‍മാരെ ആശിര്‍വദിക്കുവാനും അവരുടെ സന്തോഷത്തില്‍ പങ്കെടുക്കുവാനും വേണ്ടി ഇസ്ലാം മതപരമാക്കിയ ഒന്നാണ് വലീമ അഥവാ വിവാഹ സല്‍ക്കാരം. സമൂഹ മനഃസാക്ഷി അംഗീകരിക്കാത്ത ശൈശവ വിവാഹത്തിന്റെ വലീമയില്‍ പ്രബുദ്ധരായ ആളുകള്‍ പങ്കെടുക്കുമോ?

വധു വിവേകവും കാര്യപ്രാപ്തിയും വകതിരിവും ഉള്ളവളായിരിക്കണം. വിവാഹത്തിന് വധുവിന്റെ സമ്മതം ആവശ്യമാണ് എന്ന് പറഞ്ഞല്ലോ. 'എട്ടുംപൊട്ടും തിരിയാത്ത' ഒരു ശിശുവിനോട് വിവാഹത്തിന് സമ്മതം ചോദിക്കാന്‍ ദൈവിക മതം കല്‍പിക്കും എന്ന് പറഞ്ഞുകൂടാ. എന്താണ് വിവാഹം, എന്താണ് കുടുംബ ജീവിതം, ഭര്‍ത്താവിനോടുള്ള കടമകള്‍ എന്ത് എന്നെല്ലാം അവള്‍ അറിഞ്ഞിരിക്കണം.

എന്നാല്‍ ഇത്തരം അറിവുകള്‍ 18 വയസ്സ് തികയുമ്പോള്‍ മാത്രമെ ലഭിക്കുകയുള്ളൂ എന്ന് പറയുന്നത് ശരിയല്ല. പതിനെട്ട് കഴിഞ്ഞവര്‍ക്കും ചിലപ്പോള്‍ ശാരീക വളര്‍ച്ചയും പക്വതയും ഉണ്ടായിക്കൊള്ളണം എന്നുമില്ലല്ലോ. അത്തരക്കാരെ പതിനെട്ട് വയസ്സായി എന്ന കാരണത്താല്‍ മാത്രം വിവാഹം കഴിപ്പിക്കാനൊക്കുമോ?

വിവാഹത്തോട് കൂടി ധാരാളം ചുതമലകള്‍ ഏറ്റെടുക്കുന്നവനാണ് പുരുഷന്‍. ഭാര്യക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, ചികിത്സ, ശാരീക ബന്ധം... തുടങ്ങിയവയെല്ലാം അവനില്‍ അര്‍പ്പിതമാണ് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. വരന്‍ ശിശുവാണെങ്കില്‍ ഇതെല്ലാം നിര്‍വഹിക്കുവാന്‍ അവന് കഴിയുമോ? അതിന് മതം ഒരിക്കലും അനുശാസിക്കുകയില്ല. എന്നാല്‍ കുടുംബ ജീവിതം ആരംഭിക്കുവാന്‍ പുരുഷന് 21 വയസ്സ് പൂര്‍ത്തിയായാലേ സാധിക്കൂ എന്ന് പറയുന്നതും യുക്തിക്ക് നിരക്കുന്നല്ല.