കത്വ: ജുഡീഷ്യറിയുടെ ആത്മാവുയര്‍ത്തിയ വിധി

സുഫ്‌യാന്‍ അബ്ദുസ്സലാം

2019 ജൂണ്‍ 22 1440 ശവ്വാൽ 19
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചതും രാജ്യത്തെയൊന്നാകെ കണ്ണീരണിയിച്ചതുമായ ഒന്നായിരുന്നു കത്വയില്‍ കഴിഞ്ഞ വര്‍ഷം പിഞ്ചു ബാലികയെ കൊല ചെയ്ത ദാരുണ സംഭവം. പറക്കമുറ്റാത്ത ഒരു പെണ്‍കുഞ്ഞിനോട് ചെയ്ത മഹാപാതകം എന്നതിനപ്പുറം വംശീയവും വര്‍ഗീയവുമായ നിരവധി മാനങ്ങളുണ്ടായിരുന്നു പ്രസ്തുത കേസിന്. ഭരണകക്ഷിയുടെ ഒത്താശയോടെ കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമുള്ള നിരന്തര ശ്രമങ്ങളെ അതിജീവിച്ച് നിശ്ചയദാര്‍ഢ്യത്തോടെ വിധിപ്രസ്താവിച്ച ജുഡീഷ്യറിയുടെ നിലപാട് ന്യൂനപക്ഷ-മതേതര വിശ്വാസികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. സുപ്രീം കോടതിവിധിയും അതിലേക്കെത്തിയ സാഹചര്യങ്ങളും വിശകലന വിധേയമാക്കുന്നു.

കത്വ കോടതി വിധി രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥിതിയുടെ തിളക്കത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ജമ്മുകശ്മീരിലെ കത്വയില്‍ 2018 ജനുവരിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത എട്ടുവയസ്സുകാരിയുടെ കാര്യത്തില്‍ പ്രതികള്‍ക്കെതിരെ മരണം വരെ തടവ് വിധിച്ച പഠാന്‍കോട്ട് കോടതി വിധി ആശ്വാസകരമാണ്. തികച്ചും വര്‍ഗീയമായ കാരണത്താല്‍ മാത്രം കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി രാജ്യത്തെ മതേതര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുകയും നിയമപോരാട്ടം നടത്തുകയും ചെയ്തപ്പോള്‍ വര്‍ഗീയ ശക്തികള്‍ക്ക് പത്തി താഴ്‌ത്തേണ്ടിവന്നുവെന്നതാണ് വാസ്തവം. മോഡി അധികാരത്തിലിരിക്കുമ്പോള്‍ സംഘ്പരിവാരത്തിന് എന്തുമാകാം എന്ന നിലപാടിനേറ്റ കനത്ത പ്രഹരമാണ് ഈ വിധി. ന്യൂനപക്ഷങ്ങളും മതേതര സമൂഹവും രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കയോടെ ഭയവിഹ്വലരായി കഴിയുമ്പോള്‍ ഇന്ത്യന്‍ ജുഡീഷ്യറി കാണിച്ച ഈ നെഞ്ചൂക്ക് തന്നെയാണ് രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുകയെന്ന കാര്യത്തില്‍ സംശയം വേണ്ട. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയത്തിന്റെ വിത്ത് പാകുകയും അതോടൊപ്പം അപകര്‍ഷത വളര്‍ത്തുകയും ചെയ്യുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയുടെ വിചാരധാര തകര്‍ന്നടിയുകയാണിവിടെ.

2018 ജനുവരി 10ന് ജമ്മുകശ്മീരിലെ കത്വയിലെ രസന ഗ്രാമത്തില്‍ കുതിരയെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതാവുകയും പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയും ഒരാഴ്ചയ്ക്ക് ശേഷം കൂട്ടബലാല്‍സംഗത്തിന് വിധേയമായ പെണ്‍കുട്ടിയുടെ മൃതദേഹം വനത്തില്‍ വെച്ച് കണ്ടെടുക്കുകയുമായിരുന്നു. കേസ് കശ്മീര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഏകതാ മഞ്ച് പ്രതികള്‍ക്ക് വേണ്ടി പ്രത്യക്ഷപ്പെടുകയും കടുത്ത വര്‍ഗീയ നിലപാടുകളുമായി രംഗത്തുവരികയും ചെയ്തു. അവര്‍ നടത്തിയ പ്രകടനത്തില്‍ ജമ്മുകശ്മീരിലെ ബി. ജെ. പി. മന്ത്രിമാരായ ചൗധരി ലാല്‍ സിംഗും ചന്ദ്ര പ്രകാശ് ഗംഗും പങ്കെടുക്കുകയും ചെയ്തു. അതോടെ വിഷയത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാവുകയും ചെയ്തു. രാജ്യത്ത് പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയും ഒരു സമുദായത്തെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് കത്വയിലെ പെണ്‍കുട്ടി വര്‍ഗീയതയുടെ പേരില്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. സംഘപരിവാരത്തിന്റെ മൃഗീയ വേട്ടകള്‍ക്കെതിരെ ശബ്ദിച്ചിരുന്ന പല സാഹിത്യകാരന്മാരും പൊതുപ്രവര്‍ത്തകരും കൊലചെയ്യപ്പെടുകയുണ്ടായി. അത്യന്തം ഭീതിജനകമായ സാഹചര്യത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിക്ക് പോലും സൈ്വര്യമായി ജീവിക്കാന്‍ സാധിക്കില്ലെന്ന സന്ദേശം സംഘ്പരിവാരങ്ങള്‍ പരത്തുകയായിരുന്നു.

ബാലികയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ പാര്‍പ്പിച്ച് മയക്കുമരുന്ന് നല്‍കി കൂട്ടബലാല്‍സംഗം ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബലാല്‍സംഗത്തിന് ശേഷം മരിച്ചെന്നുറപ്പിക്കാന്‍ വേണ്ടി കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. ഏപ്രില്‍ 9ന് ഏഴുപേരെ പ്രതികളാക്കിക്കൊണ്ട് കത്വ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. പ്രായപൂര്‍ത്തിയാവാത്ത എട്ടാം പ്രതിക്കെതിരെയും പിറ്റേദിവസം കുറ്റപത്രം നല്‍കി. വളരെ നാടകീയമായ സംഭവങ്ങള്‍ കത്വ കോടതിയില്‍ അരങ്ങേറി. കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ അതേ കോടതിയില്‍ അഭിഭാഷക വേഷത്തിലെത്തിയ ചിലര്‍ അക്രമാസക്തമായി.

സംഭവത്തില്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി പ്രതികരിച്ചതോടെ കേന്ദ്ര സര്‍ക്കാരും ജമ്മുകശ്മീര്‍ സര്‍ക്കാരും പ്രതിക്കൂട്ടിലായി. പ്രകടനത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും മന്ത്രിപരിവാരങ്ങളും ഒരുപോലെ കൊലയാളികള്‍ക്ക് കൂട്ടായി നിന്നപ്പോള്‍ രാജ്യത്തെ ജുഡീഷ്യറി ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ഏപ്രില്‍ 16ന് കത്വ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. കൊലയാളികള്‍ കുറ്റം നിഷേധിക്കുകയും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തില്‍ ജുഗുപ്‌സാവഹമായ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തതോടെ കത്വ കോടതിയിലെ വിചാരണ നീതിയുക്തമാവില്ലെന്നു സുപ്രീം കോടതിക്ക് തന്നെ ബോധ്യപ്പെടുകയുണ്ടായി. കത്വ കോടതിയില്‍ കേസ് വാദിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടതോടെ മെയ് 7ന് കേസ് മറ്റൊരു സംസ്ഥാനമായ പഞ്ചാബിലെ പഠാന്‍കോട്ടിലെ കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ പരമോന്നത നീതിപീഠം കാണിച്ച ഈ ജാഗ്രതയാണ് കേസിന്റെ നടത്തിപ്പിനെ ശരിയായ ദിശയിലേക്ക് നയിച്ചത്.

പെണ്‍കുട്ടിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭിഭാഷകര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ശക്തമായ നിര്‍ദേശം നല്‍കിയതോടെ ഭരണകൂടത്തിന് നില്‍ക്കക്കള്ളിയില്ലാതെയായി. അനുസരിച്ചേ പറ്റൂവെന്ന കോടതിയുടെ ശക്തമായ താക്കീതിന് മുമ്പില്‍ സര്‍ക്കാരിന് മുട്ടുവിറച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ പോലീസ് അകമ്പടിയോടെ വേണം പഠാന്‍കോട്ടിലേക്ക് എത്തിക്കാനെന്നും കോടതി ഉത്തരവിട്ടു. കത്വ കോടതിയിലെ നടപടികള്‍ തടസ്സപ്പെടുത്താന്‍ അവിടുത്തെ അഭിഭാഷക വേഷം ധരിച്ചവര്‍ തന്നെ ശ്രമിച്ച കാര്യം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് സുപ്രീംകോടതി വളരെ ശക്തമായ നിലപാടിലേക്ക് പ്രവേശിച്ചത്. കത്വയിലെ അഭിഭാഷകര്‍ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിച്ചുകൊണ്ട് നടത്തിയ പ്രവൃത്തികള്‍ക്കെതിരെ ഡല്‍ഹിയിലെ അഭിഭാഷകര്‍ സുപ്രീം കോടതി മുതല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ കാര്യം പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. കത്വ കോടതിയില്‍ നീതിപൂര്‍വം വിചാരണ നടക്കില്ലെന്നു പെണ്‍കുട്ടിയുടെ പിതാവ് തന്നെ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. മുഖ്യപ്രതികള്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തതോടെ കത്വ കോടതിയില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെടുകയായിരുന്നു. ജൂണ്‍ 3ന് രഹസ്യവിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതികളെ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജയിലിലേക്ക് മാറ്റി. പഠാന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ ജൂണ്‍ ആദ്യവാരത്തില്‍ തന്നെ പരസ്യവിചാരണ ആരംഭിച്ചു.

ഒരു കോടതിക്ക് ചെയ്യാവുന്ന വേഗതയോടെയും സൂക്ഷ്മതയോടെയും കേസ് പഠാന്‍കോട്ടില്‍ മുമ്പോട്ടുപോയി. ഒടുവില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ക്ഷേത്രത്തിന്റെ നടത്തിപ്പുകാരന്‍ സഞ്ജി റാം, പ്രത്യേക പോലീസ് ഉദ്യോഗസ്ഥന്‍ ദീപക് ഖജൂരിയ, നാട്ടുകാരനായ പര്‍വേസ് കുമാര്‍ എന്നിവര്‍ക്കാണ് പഠാന്‍കോട്ട് കോടതി മരണം വരെ ജയില്‍ശിക്ഷ വിധിച്ചിരിക്കുന്നത്. സബ് ഇന്‍സ്‌പെക്റ്റര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പ്രത്യേക പോലീസ് ഉദ്യോഗസ്ഥന്‍ സുരീന്ദര്‍ വര്‍മ എന്നിവര്‍ക്ക് അഞ്ചുവര്‍ഷം വീതം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ ഏഴാം പ്രതി വിശാല്‍ ജാംഗോത്രയെ 'സംശയത്തിന്റെ ആനുകൂല്യത്തില്‍' വിട്ടയച്ചു. മുഖ്യപ്രതി സഞ്ജി റാമിന്റെ മകനാണിയാള്‍. കേസ് വിധി പറഞ്ഞ ജഡ്ജ് തേജ്വീന്ദര്‍ സിംഗ് പറഞ്ഞത് വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: 'സമൂഹത്തില്‍ കാട്ടുനിയമമാണ് പ്രബലം എന്ന് തോന്നും വിധമാണ് ഈ കുറ്റകൃത്യത്തിന്റെ ആസൂത്രകന്‍ പെരുമാറിയത്. ഈ കേസില്‍ പല വസ്തുതകളുമുണ്ട്. എന്നാല്‍ സത്യം ഒന്നുമാത്രമാണ്. ഒരു ക്രിമിനല്‍ ഗൂഢാലോചനയിലൂടെ നിഷ്‌കളങ്കയായ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മയക്കുമരുന്നു നല്‍കി ബലാല്‍സംഗം ചെയ്യുകയും ഒടുവില്‍ കൊന്നുകളയുകയും ചെയ്തു.'

പെണ്‍കുട്ടിയുടെ അഭിഭാഷക ദീപികസിംഗ് രജാവത്തിന്റെ കൃത്യനിര്‍വഹണത്തിലെ ആത്മാര്‍ഥതയും സത്യസന്ധതയും സൂക്ഷ്മതയും എടുത്തുപറയേണ്ടതാണ്. സംഘ്പരിവാര്‍ ശക്തികള്‍ അവരെ നിരന്തരം ഭീഷണിപ്പെടുത്തിയപ്പോഴും അവര്‍ക്ക് വഴങ്ങാതെ കേസിന്റെ കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അവര്‍. വിധി വന്നപ്പോള്‍ ഏറ്റവുമധികം സന്തോഷം രേഖപ്പെടുത്തിയതും അവരായിരുന്നു. കേസിന്റെ വഴികളില്‍ അവരനുഭവിച്ച മാനസിക സംഘര്‍ഷത്തെ ആധാരമാക്കി 'ഭീഷണിക്കിടയിലൂടെ ഒരു അഭിഭാഷകയുടെ യാത്ര' വിവരിക്കുന്ന ഒരു പുസ്തകം ഇറക്കാന്‍ അവര്‍ ആലോചിക്കുന്നുവെന്നും വ്യക്തമാക്കി. 'ഇത് നമ്മുടെ വിജയമാണ്; ഇന്നൊരു മഹത്തായ ദിനമാണ്' അവര്‍ പറഞ്ഞു.

കത്വയിലെ സംഭവം കേവലം ഒരു പെണ്‍കുട്ടിക്കെതിരെ നടന്ന അതിക്രമം മാത്രമല്ല. അവള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന് നേരെയുള്ള വംശീയവും വര്‍ഗീയവുമായ കടന്നുകയറ്റം കൂടിയായിരുന്നു അത്. ബകര്‍വാള്‍ (ആട്ടിടയ) വിഭാഗത്തില്‍ പെട്ട നാടോടി മുസ്‌ലിംകളെ പ്രദേശത്ത് നിന്നും ഓടിക്കുന്നതിനായി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു അത്. അതിനവര്‍ തെരഞ്ഞെടുത്തത് എട്ടും പൊട്ടും തിരിയാത്ത നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ ആയിരുന്നുവെന്ന് മാത്രം. സ്‌നേഹം ഭാവിച്ച പ്രതികളെ വിശ്വസിച്ച കുട്ടിയുടെ പുഞ്ചിരിയിലെ നിഷ്‌കളങ്കതയെ അവര്‍ ചൂഷണം ചെയ്തു. ലഹരി നല്‍കി മുറിയില്‍ ഒരാഴ്ച അടച്ചിട്ടു. ഭക്ഷണം പോലും നല്‍കാതെ മൃഗീയമായി അവര്‍ ആ പിഞ്ചുപൈതലിനെ പീഡിപ്പിച്ചു. മൃതപ്രായയായ കുട്ടിയെ ക്ഷേത്രത്തിനടുത്തുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു. കൊലപ്പെടുത്തും മുമ്പ് പോലും ആ മനുഷ്യപ്പിശാചുക്കള്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ മറന്നില്ല. അതുകൊണ്ടുതന്നെ മനുഷ്യത്വത്തെ നടുക്കുന്ന ഈ കുറ്റകൃത്യത്തെ അതീവ ഗൗരവത്തോടെയും വെറുപ്പോടെയുമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാല്‍സംഗം, തെളിവുനശിപ്പിക്കല്‍, ഇരയുടെ മേല്‍ മയക്കുമരുന്നു പ്രയോഗിക്കാന്‍, കൂട്ടമായി കുറ്റകൃത്യത്തില്‍ പങ്കാളിയാവല്‍, വിഷം കുത്തിവെച്ച് വേദനയുണ്ടാക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിന് പകരം കശ്മീരിലെ രണ്‍ബീര്‍ പീനല്‍ കോഡിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.

രാജ്യത്ത് ഇതിനുമുമ്പും ന്യൂനപക്ഷ വിഭാഗങ്ങള്‍ വേട്ടയാടപ്പെട്ടപ്പോഴൊക്കെയും വൈകാരികമായ ചില പ്രതിഷേധങ്ങളില്‍ അവയെല്ലാം എരിഞ്ഞില്ലാതാവുകയായിരുന്നു പതിവ്. എന്നാല്‍ കത്വ വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗിന്റെയും നാഷണല്‍ ഗ്രീന്‍ പവറിന്റെയും നേതാക്കള്‍ നടത്തിയ പക്വവും അവസരോചിതവുമായ ഇടപെടല്‍ കേസിനെ യഥാര്‍ഥ ദിശയിലൂടെ കൊണ്ടുപോകുവാന്‍ സഹായകമായിട്ടുണ്ട്. സംഭവം നടന്നയുടനെ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി ജമ്മുകശ്മീരില്‍ പോയി കുട്ടിയുടെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രതീക്ഷയുണര്‍ത്തുകയുണ്ടായി. ഡല്‍ഹിയില്‍ നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച കേസില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ചു. നിയമപോരാട്ടത്തിന്റെ മുഴുവന്‍ ചെലവും മുസ്ലിം യൂത്ത് ലീഗ് ഏറ്റെടുത്തതായി ദേശീയ സെക്രട്ടറി സി. കെ. സുബൈര്‍ അറിയിക്കുകയും ചെയ്തു.

സി. കെ. സുബൈര്‍, അഡ്വ. വി. കെ. ഫൈസല്‍ ബാബു, ഷിബു മീരാന്‍ തുടങ്ങിയ യൂത്ത് ലീഗ് നേതാക്കള്‍ 2018 ജൂണ്‍ ഒമ്പതിന് പഠാന്‍കോട്ടിലെത്തി നിയമസഹായം ഒരുക്കുന്നതിന് നടപടി തുടങ്ങി. ദീപികാസിംഗ് രജാവത്ത് കേസില്‍ ഹാജരാവാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ പരിഹരിച്ചത് ഇവരുടെ ഇടപെടല്‍ മൂലമായിരുന്നു. അഡ്വ. മുബീന്‍ ഫാറൂഖിയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഗുരുദാസ്പൂരിലെ പ്രമുഖ അഭിഭാഷകരായ കെ.കെ.പുരി, ഹര്‍ജ്ജന്‍ സിംഗ് എന്നിവരുടെ സേവനം കേസില്‍ ലഭ്യമാക്കി. മുസ്ലിം യൂത്ത് ലീഗിനെ ഇക്കാര്യത്തില്‍ ഏറെ സഹായിച്ചത് നാഷണല്‍ ഗ്രീന്‍ പവറായിരുന്നു. നാഷണല്‍ ഗ്രീന്‍ പവറിന്റെ നേതാക്കളുടെ സമയോചിതമായ ഇടപെടലാണ് യൂത്ത് ലീഗിനെ ചലനാത്മകമാക്കി നിര്‍ത്തിയത്. അഖ്ലാക്ക്, ജുനൈദ്, രോഹിത് വെമുല തുടങ്ങിയവരുടെ വിഷയങ്ങളിലും താങ്ങും തണലുമായി പ്രവര്‍ത്തിക്കാന്‍ ഗ്രീന്‍ പവറിനു സാധിച്ചു. മതേതരകക്ഷികളെ പരിപോഷിപ്പിക്കുന്നതിനും ന്യൂനപക്ഷങ്ങളില്‍ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതിനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗ്രീന്‍ പവറിന്റെ നേതൃത്വത്തില്‍ വളരെ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത് ആശാവഹമാണ്.

കേസില്‍ വധശിക്ഷ ഉറപ്പാക്കേണ്ടതായിരുന്നെങ്കിലും വിധി ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആത്മാവിനെ ഉയര്‍ത്തിപ്പിടിക്കുന്നത് തന്നെയാണ്. മുഖ്യപ്രതികള്‍ക്ക് വധശിക്ഷ ലഭിക്കാതെ പോയതും ഒരു പ്രതിയെ വെറുതെ വിട്ടതുമടക്കമുള്ള കാര്യങ്ങള്‍ ഇനിയും ഉന്നത കോടതികളില്‍ ചര്‍ച്ചയാവേണ്ടതുണ്ട്. നിയമപോരാട്ടം തുടരുമെന്നുതന്നെയാണ് അഭിഭാഷകരും കുടുംബവും വ്യക്തമാക്കിയിട്ടുള്ളത്. പോരാട്ടം അവസാനിപ്പിക്കാന്‍ പാടില്ല. നരാധമന്മാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. ഇനിയും ഒരു കത്വ ആവര്‍ത്തിച്ചുകൂടാ.

കത്വയിലെ പെണ്‍കുട്ടിയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതം ഹോമിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മരണാനന്തര നീതിയെങ്കിലും ലഭ്യമാവേണ്ടതുണ്ട്. മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ചെയ്യുന്നവരെ ജാതിയും മതവും രാഷ്ട്രീയവും പരിഗണിക്കാതെ ഒറ്റപ്പെടുത്താന്‍ ജനാധിപത്യ ഇന്ത്യ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. നീതിയുടെ തുലാസിന് മുമ്പില്‍ ഒരു ഫാസിസ്റ്റും രക്ഷപ്പെടരുത്. അവന്‍ എത്ര ഉന്നതനായാലും.

കത്വയിലെ പെണ്‍കുട്ടിയെ കുറിച്ച ദാരുണമായ ഓര്‍മകള്‍ പങ്കിടുമ്പോള്‍ തന്നെ കഴിഞ്ഞ ദിവസം കേവലം പതിനായിരം രൂപയ്ക്ക് വേണ്ടി അതി ഭീകരമായി കൊലചെയ്യപ്പെട്ട മൂന്നുവയസ്സുകാരി 'ട്വിങ്കിള്‍ ശര്‍മ്മ'യുടെ ദാരുണമരണം നാം മറന്നുപോവരുത്. കത്വയിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി പോരാടിയ പോലെ തന്നെ അലീഗറിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി നാം ശബ്ദിക്കേണ്ടതുണ്ട്. പിശാചുക്കളെക്കാള്‍ അധഃപതിച്ച ഈ നരാധമന്മാരെ ഒരിക്കലും വെറുതെ വിട്ടുകൂട. ഒരു മനുഷ്യന്റെ ജീവന്‍ എടുത്തുകളയുന്ന വന്‍പാപം ചെയ്യുന്നവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമില്ല എന്നതാണ് കാവ്യനീതി. ഭൂമിക്കും മാനവകുലത്തിനും അപമാനമായ ഇത്തരം ക്ഷുദ്രജീവികളെ വെച്ചുപൊറുപ്പിക്കാതെ പരമാവധി ശിക്ഷ നടപ്പാക്കുകയാണ് വേണ്ടത്.