നിലതെറ്റുന്ന നിയമപാലനം

നബീല്‍ പയ്യോളി

2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17
നാടിന്റെകാവല്‍സേനയാണ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. മാറിവരുന്ന അധികാരകേന്ദ്രങ്ങളെ തൃപ്തിപ്പെടുത്തുക എന്നതിനപ്പുറം പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ളവരാണവര്‍. അന്യായമായ കാര്യങ്ങളെ നേരിടുന്നതോടൊപ്പം തന്നെ സമൂഹത്തിന്റെ ന്യായമായ അവകാശങ്ങളെ പരിഗണിക്കാന്‍ കൂടി തയ്യാറാവുമ്പോഴേ പോലീസുകാരന് താന്‍ ധരിക്കുന്ന യൂണിഫോമിനോട് നീതി പുലര്‍ത്താനാവൂ.

വാഹന പരിശോധനയ്ക്കിടെ പോലീസ് ലാത്തിയേറില്‍ നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ ദിശയില്‍ വന്ന വാഹനത്തില്‍ ഇടിച്ച് യുവാവിന് ഗുരുതരമായ പരിക്കു പറ്റിയത് പോയവാരത്തില്‍ വലിയ ചര്‍ച്ചയായി മാറിയത് നാം കണ്ടു. കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദീഖ് സുലൈമാന്‍ ആണ് സാരമായ പരുക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. അദ്ദേഹം പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി തിരിച്ചു വരുന്ന വഴിയിലാണ് ഈ ഹെല്‍മെറ്റ് വേട്ട നടന്നത്. ജോലിയാവശ്യാര്‍ഥം വിദേശത്തേക്ക് പോകാനൊരുങ്ങിയ ചെറുപ്പക്കാരന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളാണ് പോലീസ് എറിഞ്ഞുവീഴ്ത്തിയത്. റോഡിലേക്ക് ചാടിയിറങ്ങി പിന്നാലെ പാഞ്ഞ് ചെന്നുള്ള ഹെല്‍മറ്റ് വേട്ട പാടില്ലെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം വന്ന് ദിവസങ്ങള്‍ക്കകമാണ് ഈ സംഭവം അരങ്ങേറിയത്. പരിക്ക് പറ്റിയ സിദ്ദീഖിനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ച് പോലീസ് സ്ഥലം വിടുകയാണത്രെ ചെയ്തത്! അദ്ദേഹത്തിന്റെ പിതാവ് എത്തിയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത് എന്നത് ആ പോലീസുകാര്‍ക്ക് നീതിബോധം എത്രമാത്രമുണ്ട് എന്നതിന്റെ തെളിവാണ്. നാട്ടുകാര്‍ പ്രകോപിതരായി ശക്തമായ നടപടിക്ക് വേണ്ടി ശബ്ദിച്ചത് കൊണ്ടാണ് കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ പോലീസ് അധികാരികള്‍ തയ്യാറായത്. കാരണക്കാരനായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും  സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു.

വാഹന പരിശോധനയുമായി ബന്ധപ്പെട്ട് നിരവധി അപകടങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്; ഹൈക്കോടതി ഇടപെടലുകളും. അതെല്ലാം അവഗണിച്ചുകൊണ്ട് പോലീസ് സേനയില്‍ ചിലര്‍ ഈ ക്രൂരത തുടരുകയാണ്. ഗതാഗത  നിയമങ്ങള്‍ പാലിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്. അത് ഉറപ്പുവരുത്തേണ്ടത് നിയമ പാലകരുടെയും. എന്നാല്‍ പാവങ്ങളുടെ പോക്കറ്റടിക്കാനുള്ള മാര്‍ഗമായി ഇത്തരം നിയമ പാലനങ്ങളെ കാണരുത്. മാസത്തില്‍ ഉന്നതങ്ങളില്‍ നിന്ന് നല്‍കുന്ന ടാര്‍ഗെറ്റ് പൂര്‍ത്തിയാക്കാന്‍ വഴിയോരങ്ങളില്‍ പതിയിരുന്ന്  വാഹന പരിശോധന നടത്തുന്ന പോലീസുകാരുടെ മാനസികാവസ്ഥ മാറേണ്ടതുണ്ട്. ബോധവല്‍ക്കരണവും സൗമ്യമായ പെരുമാറ്റവും ഉണ്ടാവണം. വാഹന ഉടമയെ വിളിച്ചു വരുത്തി പോലീസ് വാഹനത്തിനടുത്തേക്ക് വിളിച്ചു ചോദ്യം ചെയ്യുന്ന രീതിക്കെതിരെ ഹൈക്കോടതി മുമ്പും രൂക്ഷമായി വിമര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. വാഹന പരിശോധന എങ്ങനെയാവണം എന്നത് വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്തവര്‍ക്ക് ബോധ്യമാകും. മാന്യമായ പെരുമാറ്റവും ഇടപെടലുകളും നിയമം പാലിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കലുമാണ് വിദേശ രാജ്യങ്ങളില്‍ കാണാനാവുക. കണ്ണുരുട്ടിക്കാണിച്ച് ആരെയും ശരിയാക്കാന്‍ സാധ്യമല്ല. മാന്യമായ പെരുമാറ്റവും ഇടപെടലുകളും മാറ്റങ്ങള്‍ക്ക് കാരണമാകും.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തലസ്ഥാന നഗരിയില്‍ ഐ.എ.എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമനും യുവതിയും സഞ്ചരിച്ച കാറിടിച്ച് പത്രപ്രവര്‍ത്തകന്‍ ബഷീര്‍ മരിച്ചത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് ആ യുവ ഐ.എ.എസ് ഓഫീസര്‍ തകര്‍ത്തത്. അദ്ദേഹം മദ്യലഹരിയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളില്‍ പലരും പറഞ്ഞത്. ചോരക്കറ മാറും മുമ്പ് കേസ് അട്ടിമറിക്കാനും പ്രതിയെ രക്ഷിക്കാനുമുള്ള പോലീസ് നീക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ പോലീസ് നീക്കത്തിന് തിരിച്ചടിയാവുകവും പോലീസ് നിയമ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തു.

കേരളത്തിലെ ഭരണ സിരാകേന്ദ്രം എന്ന നിലയില്‍ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരെ അറിയാത്ത രാഷ്ട്രീയക്കാരോ ഉദേ്യാഗസ്ഥരോ ഉണ്ടാവുകയില്ല. പലരുമായും വലിയ അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു ബഷീര്‍ എന്നതാണ് അന്ന് വന്ന പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ശ്രീറാമിന്റെ രക്ത പരിശോധന നടത്തുന്നതില്‍ ഉണ്ടായ വീഴ്ച കുറ്റപത്രം നല്‍കാന്‍ വൈകുന്നതിന് വരെ കാരണമായി. ഒരു ജീവന്‍ ഹനിച്ച ഐ.എ. എസ് ഉദേ്യാഗസ്ഥന്‍ പെട്ടെന്നു തന്നെ ജാമ്യം ലഭിച്ചു പുറത്തിറങ്ങി. ഉന്നത സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട സ്വഭാവ മര്യാദകള്‍ കാറ്റില്‍ പറത്തി അയാള്‍ നിയമത്തെ വെല്ലുവിളിച്ചു. തിരുവനന്തപുരത്ത് അധികാര കേന്ദ്രങ്ങളില്‍ വലിയ സൗഹൃദ വലയങ്ങളുള്ള മാധ്യമ പ്രകവര്‍ത്തകന്റെ കുടുംബത്തിന് നീതി ലഭിക്കും എന്ന് നാം കരുതിയ ഈ കേസില്‍ ഉന്നത ഉദേ്യാഗസ്ഥരും പോലീസും കാണിച്ച കൃത്യവിലോപം ഗുരുതരമാണ്. മാധ്യമ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനെ വേഗം മറന്നതും സെന്‍സേഷന്‍ വാര്‍ത്തകള്‍ക്കപ്പുറം ബന്ധങ്ങള്‍ക്ക് വിലയില്ലെന്ന് ബോധ്യപ്പെടുത്തുന്നു

നടേ സൂചിപ്പിച്ച രണ്ട് സംഭവങ്ങളും ഗതാഗത നിയമങ്ങളുടെ ലംഘനമാണ്. എന്നാല്‍ ഉന്നത ഉദേ്യാഗസ്ഥന് ഒരു നീതിയും സാധാരണക്കാരന് മറ്റൊരു നീതിയും! ഹെല്‍മെറ്റ് വെക്കാത്തതിന്റെ പേരില്‍ ലാത്തിയെറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്ന അതേ പോലീസ് തന്നെ ഒരു മനുഷ്യജീവന്‍ കവര്‍ന്ന ഉദേ്യാഗസ്ഥനെ രക്ഷപ്പെടുത്താന്‍ വ്യഗ്രത കാണിക്കുന്നു! നീതി നിര്‍വഹണമല്ല അനീതി നിര്‍വഹണമാണ് തങ്ങളുടെ ദൗത്യം എന്ന് പോലീസുകാര്‍ തെറ്റിദ്ധരിച്ചോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധ്യമല്ല. നിരന്തരമായ വീഴ്ചകള്‍ പോലീസ് സേനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ഏതൊരു നാടിന്റെയും പുരോഗതിയുടെ അടയാളമാണ് ഗതാഗത സൗകര്യങ്ങള്‍. മികച്ച ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭരണകൂടവും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പോലീസും ഗതാഗത വകുപ്പും തയ്യാറാകുമ്പോള്‍ മാത്രമെ നല്ല  ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

പ്രത്യക്ഷമായും പരോക്ഷമായും പോലീസ് അക്രമങ്ങളില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 38ല്‍ അധികം പേരാണ്  കൊല്ലപ്പെട്ടത്. വാളയാര്‍ പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കാണിച്ച കുറ്റകരമായ അനാസ്ഥ പ്രതികള്‍ രക്ഷപ്പെടുന്നതിന് കാരണമായി എന്നത് വിവാദമായി തുടരുന്നു. തലസ്ഥാന നഗരിയില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട് ശാഫി പറമ്പില്‍ എം.എല്‍.എക്ക് നേരെ നടന്ന പോലീസ് അതിക്രമം, പി.എസ്.സി പരീക്ഷ തട്ടിപ്പിന്റെ കുറ്റപത്രം സമര്‍പ്പിക്കാതെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഉണ്ടായ സാഹചര്യം, വരാപ്പുഴ ശ്രീജിത്ത് മുതല്‍ നെടുങ്കണ്ടത്തെ രാജ്കുമാര്‍ വരെ പോലീസ് കസ്റ്റഡിയില്‍ പൊലിഞ്ഞ ജീവനുകള്‍...അടിയന്തരാവസ്ഥ കാലത്ത് കക്കയം ക്യാമ്പില്‍ രാജന്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവം കെ.കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ വെല്ലുവിളിയും പ്രതിസന്ധിയുമായി മാറുകയുണ്ടായി. എന്നാല്‍ കുറച്ചുകാലമായി പോലീസ് കസ്റ്റഡി മരണങ്ങള്‍ സാധാരണ സംഭവമായി മാറിയിരിക്കുന്നു. സെന്‍സേഷണല്‍ ന്യുസുകള്‍ക്കപ്പുറം അതിന്റെ ചര്‍ച്ചകള്‍ക്ക് ആയുസ്സുണ്ടാകാറില്ല. രാജന്റെ പിതാവായ ഈച്ചര വാര്യരെ പോലെ പൊരുതാനുറച്ച ഒരു ബന്ധു ഈ കൊലപാതങ്ങളിലെ ഇരകള്‍ക്ക് ഇല്ലാതെ പോയതാവാം കാരണം; പിന്നെ സമൂഹത്തിന്റെ നിസ്സംഗതയും.

എറണാകുളത്ത് ഭരണകക്ഷിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി. ഐയുടെ എം.എല്‍.എ എല്‍ദോ എബ്രഹാമിനെയും ജില്ലാ നേതാക്കളെയും പോലീസ് മര്‍ദിച്ചതും പോലീസിന് വീഴ്ചപറ്റിയെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും ഈ രംഗത്ത് തുടര്‍ന്ന് കൊണ്ടിരിക്കുന്ന വീഴ്ചകളുടെ നേര്‍ചിത്രമാണ്. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ മാവോ വാദികളെ വെടിവെച്ചു കൊല്ലുന്നത് തുടരുന്ന പോലീസ് നടപടിയും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഭരണകൂടത്തിന്റെ ചട്ടുകമായി പോലീസ് മാറുന്നു എന്ന വിമര്‍ശനങ്ങള്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ഏതൊരു ഭരണകൂടവും തങ്ങളുടെ അധികാരം കാണിക്കാന്‍ പോലീസ് സംവിധാനങ്ങളെ ദുരുപയോഗം ചെയ്യാറുണ്ട്. സേനയിലെ ഉയര്‍ന്ന ഉദേ്യാഗസ്ഥരുടെ മാനസികമായ പീഡനം മൂലം ഒരു പോലീസുകാരന്‍ നാടുവിട്ടതും പിന്നീട് തിരിച്ചുവന്ന് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതുമായ സംഭവം പോലീസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

കേരളത്തില്‍ വര്‍ഗീയയുടെ വിത്ത് പാകാന്‍ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികളെ സഹായിക്കുന്ന നിലപാടുകള്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നു എന്ന വിമര്‍ശനവും ശക്തമാണ്. കള്ളനോട്ടുമായി ബി.ജെ.പി നേതാവ് പിടിയിലാകുന്നത് മൂന്നാം തവണയാണ് എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. നിയമത്തെ വെല്ലുവിളിച്ച് ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ഇവര്‍ക്ക് എങ്ങനെ സാധ്യമാകുന്നു?  ഒരു കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത പ്രതി അതേ കുറ്റത്തിന് വീണ്ടും രണ്ട് തവണ പിടിക്കപ്പെടുന്നു എന്നത് നിയമപാലനത്തിലെ വിശ്വാസ്യതയ്ക്ക് തെല്ലൊന്നുമല്ല പോറലേല്‍പിക്കുന്നത്. ആരാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത്? വര്‍ഗീയ വിഷം വമിക്കുന്ന പ്രസ്താവനകളും പോസ്റ്റുകളും ഇടപെടലുകളും നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ക്കനുകൂലമായി പോലീസ് പുലര്‍ത്തുന്ന നിസ്സംഗത നിയമ ലംഘകര്‍ക്ക് വളമേകാനെ കാരണമാകൂ. അതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുമുണ്ട്. വാദി പ്രതിയാകുന്ന നിരവധി സംഭവങ്ങള്‍ അടുത്തകാലത്ത് കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

പോലീസ് സേനയിലേക്കുള്ള പി.എസ്.സി പരീക്ഷയില്‍ നടന്ന ക്രമക്കേടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിമിനലുകളെ സേനയിലേക്ക് തിരുകിക്കയറ്റാന്‍ ആസൂത്രിത നീക്കം നടത്തുന്നുണ്ടോ എന്ന സംശയത്തിന് ബലം നല്‍കുന്നതാണ്. പോലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കാനും നിലയ്ക്ക് നിര്‍ത്താനും ഭരണകൂടവും പോലീസിന്റെ തലപ്പത്തുള്ളവരും ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. നിയമ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം നാടിന്റെ സമാധാനത്തിനും സ്വസ്ഥതക്കും വിഘാതമാവും. ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നിടത്താണ് വര്‍ഗീയ, ഭീകര സംഘടനകള്‍ക്ക് വളര്‍ച്ചയുണ്ടാകുന്നതും അശാന്തി പരക്കുകയും ചെയ്യുന്നത്. അതിന് സമൂഹം വലിയ വിലകൊടുക്കേണ്ടി വരും.

ഈയിടെ കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ തന്റെയും സഹോദരന്റെയും സൈക്കിള്‍ റിപ്പയര്‍ ചെയ്ത് തന്നില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ അഞ്ചാം ക്ലാസുകാരന്റെ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ആ വിഷയം കൈകാര്യം ചെയ്ത പോലീസ് ഉദേ്യാഗസ്ഥരുടെ സമീപനവും നിലപാടും മാതൃകാപരനും അഭിനന്ദനീയവുമാണ്. നീതിക്ക് വേണ്ടി നിയമ സംവിധാനങ്ങളെ സമീപിക്കാന്‍ തക്ക വിശ്വാസ്യത കാത്ത് സൂക്ഷിക്കേണ്ടത് നിയമ സംവിധാങ്ങളിലെ ഓരോ തലങ്ങളിലും ഉള്ളവരുടെ ബാധ്യതയാണ്. ജനങ്ങളുമായി നേരിട്ട് ഇടപെട്ടുകൊണ്ടിരിക്കുന്നവര്‍ എന്ന നിലയില്‍ പോലീസ് സേനക്ക് ഇതില്‍ വലിയ ഉത്തരവാദിത്തം ഉണ്ട്. അത് നിര്‍വഹിക്കാന്‍ തയ്യാറാവണം. മദ്യവും മയക്ക് മരുന്നും വര്‍ഗീയതയും നാടിന്റെ സ്വസ്ഥത തകര്‍ക്കുന്ന സാഹചര്യം അതീവ ഗൗരവതരമാണ്. പോലീസും ജനങ്ങളും ഒരുമിച്ചുനിന്ന് ഇത്തരം സാമൂഹ്യ ദുരന്തങ്ങളെ വിപാടനം ചെയ്യാന്‍ പരിശ്രമിക്കണം. ജനങ്ങളെ ചേര്‍ത്ത് പിടിച്ചാല്‍ ഇത്തരം പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയും.

ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് ജനങ്ങളെ നിലയ്ക്ക് നിര്‍ത്താം എന്ന് വിചാരിക്കുന്നത് വങ്കത്തമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നീതിയുക്തമായ നിയമപാലനം ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. പോലീസ് സേന അത് തിരിച്ചറിയാതെ പോകരുത്. അതുകൊണ്ടു തന്നെയാണ് 1949 നവംബര്‍ 29ന് ഭരണഘടനാ അസംബ്ലി മുമ്പാകെ നടത്തിയ പ്രസംഗത്തില്‍ അംബേദ്കര്‍ ഇങ്ങനെ പറഞ്ഞത്: ''എത്ര നല്ല ഭരണഘടനയായായലും അത് നടപ്പാക്കുന്നവര്‍ മോശക്കാരാണെങ്കില്‍ ആ ഭരണഘടനയും മോശമാവും.''

ഭരണഘടനാ ശില്‍പിയുടെ ഈ വാചകം എന്നും എല്ലാവരും ഓര്‍ക്കണം. സമാധാനപൂര്‍ണമായ സമൂഹ സൃഷ്ടിക്ക് അത് അനിവാര്യമാണ്.