അയോധ്യാ വിധി: അകവും പുറവും

സുഫ്‌യാന്‍ അബ്ദുസ്സലാം

2019 നവംബര്‍ 23 1441 റബിഉല്‍ അവ്വല്‍ 26
ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത അയോധ്യ കേസിലെ വിധി പുറത്തു വന്നിരിക്കുകയാണ്. കക്ഷികളുടെ ജയ പരാജയങ്ങള്‍ക്കപ്പുറത്ത് മതേതരഭാരതത്തിന് വിധി നല്‍കുന്ന സന്ദേശമെന്താണ്? നീതിയും സമാധാനവും ഉറപ്പു വരുത്തുന്നതില്‍ സുപ്രീം കോടതി വിധി എത്രത്തോളം വിജയിച്ചിട്ടുണ്ട്? നിഷ്പക്ഷമായ അവലോകനം.

ഇന്ത്യാ മഹാരാജ്യം പതിറ്റാണ്ടുകളോളം കാത്തിരുന്ന സുപ്രധാന വിധി പുറത്തുവന്നിരിക്കുന്നു. ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കോടതി തീര്‍പ്പു കല്‍പിച്ചിരിക്കുകയാണ്. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന് അത് നിലനിന്നിരുന്ന ഭൂമിയില്‍ ഇനി സ്ഥാനമില്ലെന്നും മറ്റൊരു അഞ്ച് ഏക്കര്‍ സ്ഥലം പള്ളിക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കണമെന്നും മസ്ജിദ് നിലനിന്നിരുന്ന സ്ഥലം പൂര്‍ണമായും ഒരു സര്‍ക്കാര്‍ ട്രസ്റ്റിന് കൈമാറുകയും അവിടെ ഹൈന്ദവ ക്ഷേത്രം പണിയാന്‍ അനുവദിക്കുകയും ചെയ്യണമെന്നതാണ് വിധിയുടെ രത്‌നച്ചുരുക്കം. വിധിയെ വിശകലനം ചെയ്ത നിയമ വിശാരദന്മാരില്‍ നിന്ന് തന്നെ വ്യത്യസ്ത നിരീക്ഷണങ്ങളും അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. വിധി വസ്തുതകളെ പ്രതിനിധാനം ചെയ്തുകൊണ്ടല്ലെന്നും മറിച്ച് വിധിയെ തുടന്നുണ്ടായേക്കാവുന്ന സംഘര്‍ഷങ്ങളെ ഒഴിവാക്കുന്ന തരത്തിലുള്ള 'വിവേക'പൂര്‍ണമായ ഒരു ഒത്തുതീര്‍പ്പ് മാത്രമാണെന്നുമാണ് അവരില്‍ പലരുടെയും നിഗമനം. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് അതേസ്ഥലത്ത് തന്നെ പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള വിധിന്യായം പ്രതീക്ഷിച്ച സംഘടനകള്‍ നിരാശരാണെങ്കിലും അവര്‍ വളരെ സൂക്ഷിച്ചു മാത്രമാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വിധിയെ തുടര്‍ന്ന് രാജ്യത്ത് ഒരിടത്തും സംഘര്‍ഷങ്ങള്‍ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസം നല്‍കുന്നു. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തോടുള്ള ആദരവും ബഹുമാനവും പൂര്‍ണമായും രേഖപ്പെടുത്തുകയും വിധിയോടുള്ള യോജിപ്പും വിയോജിപ്പും വിവേകത്തോടെ അവതരിപ്പിക്കുകയുമാണ് മുഖ്യധാരാ മുസ്ലിം സംഘടനകള്‍ ചെയ്തിട്ടുള്ളത്.

മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ അനുവദിച്ചുകൊണ്ടുള്ള വിധിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചതെങ്കിലും മുസ്ലിം വിഭാഗത്തിന്റെ അവകാശത്തെ തള്ളിക്കളയാന്‍ കോടതി തയ്യാറായില്ല എന്നത് വൈരുധ്യമായി നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേസില്‍ പ്രധാനമായും നാല് കക്ഷികളാണുണ്ടായിരുന്നത്. അതില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് ശിയാ വഖഫ് ബോര്‍ഡിന്റെയും ഹിന്ദു വിഭാഗത്തില്‍ നിന്ന് നിര്‍മോഹി അഖാഡയുടെയും സ്വകാര്യ അന്യായങ്ങള്‍ കോടതി തള്ളി. അതേസമയം സുന്നി വഖഫ് ബോര്‍ഡിന്റെയും രാം ലല്ലയുടെയും സ്വകാര്യ അന്യായങ്ങള്‍ കോടതി അംഗീകരിക്കുകയും ചെയ്തു. സുന്നി വഖഫ് ബോര്‍ഡിനും രാം ലല്ലയ്ക്കും തുല്യാവകാശമാണുള്ളത് എന്ന് ധ്വനിപ്പിക്കുന്ന വിധമാണ് വിധി വന്നിട്ടുള്ളത്. തര്‍ക്കഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് സാധിച്ചില്ലെന്ന് പറയുന്ന കോടതി അഞ്ചേക്കര്‍ സ്ഥലം അവര്‍ക്ക് പുറത്ത് നല്‍കണമെന്ന് നിര്‍ദേശിച്ചത് വഴി തര്‍ക്കഭൂമിയില്‍ അവര്‍ക്കുള്ള അവകാശത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. മുസ്ലിംകള്‍ക്ക് നമസ്‌കാരം

നിര്‍വഹിക്കാന്‍ പ്രത്യേകമായ ഒരു സ്ഥലം തന്നെ വേണ്ടതില്ലെന്നും എന്നാല്‍ ശ്രീരാമന്റെ ജന്മസ്ഥാനം മാറ്റാന്‍ സാധ്യമല്ലാത്തത് കൊണ്ട് ക്ഷേത്രം അവിടെത്തന്നെ നിര്‍മിക്കേണ്ടതുണ്ടെന്നുമുള്ള നിരീക്ഷണമാണ് കോടതി മുഖവിലക്കെടുത്തത് എന്നാണ് ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

കോടതിവിധിയെ പുറമെ നിന്ന് നിരീക്ഷിക്കുമ്പോള്‍ മതസൗഹാര്‍ദത്തിനും സാമുദായിക ഐക്യത്തിനും ഊന്നല്‍ നല്‍കുവാനാണ് കോടതി ശ്രമിച്ചതെന്ന് കാണാന്‍ സാധിക്കും. തര്‍ക്കഭൂമി തുല്യമായി വീതിച്ചു നല്‍കാനുള്ള അലഹബാദ് കോടതിയുടെ ഫോര്‍മുല തള്ളിയ സുപ്രീംകോടതി പല ഘട്ടങ്ങളിലും പുറത്തുനിന്നുള്ള ഒത്തുതീര്‍പ്പിനായി പരിശ്രമിച്ചിരുന്നു. പ്രശ്നം കോടതിക്ക് പുറത്ത് മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന നിര്‍ദേശം സുപ്രീം കോടതി ജസ്റ്റിസ് ജെ.എസ് കേഹാര്‍ 2017ല്‍ മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ കക്ഷികളും വിവിധ സംഘടനകളും ആ നിര്‍ദേശം തള്ളിക്കളയുകയായിരുന്നു. വാദം പൂര്‍ത്തിയായ ശേഷം അന്തിമവിധി വരുന്നതിന് മുമ്പ് വീണ്ടും ഒരു മധ്യസ്ഥ ശ്രമം നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിധി പ്രസ്താവിച്ചാലുള്ള പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി വിലയിരുത്തിയതുകൊണ്ടാവും വസ്തുതകളെയും ന്യായാന്യായങ്ങളെയും പരിഗണിക്കുന്നതിനപ്പുറം ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയിലേക്ക് പോകുവാന്‍ കോടതിയെ പ്രേരിപ്പിച്ചത്. മുസ്ലിം സമുദായത്തെ പൂര്‍ണമായും കോടതി വിശ്വാസത്തിലെടുത്തുവെന്നു വേണം കരുതാന്‍. രാജ്യത്ത് പതിറ്റാണ്ടുകളായി വര്‍ഗീയവും സാമുദായികവുമായ സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഹേതുവായിരുന്ന ഒരു പ്രശ്‌നത്തിന് ഇതോടെ തിരശ്ശീല വീഴുമെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ന്യായാധിപന്മാരുടെ പ്രതീക്ഷ.

കോടതി വിധി ഹിന്ദുക്കളെ ക്ഷേത്രം പണിയാന്‍ അനുവദിച്ചുവെന്നും വിധി പൂര്‍ണമായും ഹിന്ദുക്കള്‍ക്ക് അനുകൂലമാണെന്നും വ്യാഖ്യാനിക്കുമ്പോഴും വിധി സംഘ്പരിവാര്‍ ശക്തികള്‍ക്കേറ്റ കനത്ത പ്രഹരം കൂടിയാണെന്ന് മനസ്സിലാക്കപ്പെടേണ്ടതുണ്ട്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. 1857 മുതല്‍ മുസ്ലിംകള്‍ അവിടെ ആരാധന നടത്തിയിരുന്നതായി കൃത്യമായ തെളിവുണ്ടെന്നും അതുകൊണ്ട് മുസ്ലിംകള്‍ ആരാധന നടത്തിയിരുന്നില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞത് സംഘ്പരിവാറിനേറ്റ ശക്തമായ തിരിച്ചടിയാണ്. 1858ന് ശേഷം അകത്തെ മുറ്റം കൈവശംവച്ചതിനെ ചൊല്ലി പ്രശ്‌നങ്ങളുണ്ടായിട്ടും മുസ്ലിംകള്‍ പള്ളി ഉപേക്ഷിക്കുകയോ നമസ്‌കാരം നിര്‍ത്തിവയ്ക്കുകയോ ചെയ്തുവെന്ന സംഘപരിവാര്‍ വാദവും കോടതി തള്ളിക്കളഞ്ഞു. എല്ലാ കാലങ്ങളിലും മുസ്ലിംകള്‍ക്ക് അവിടെ ആരാധനാ സ്വാതന്ത്ര്യമുണ്ടായിരുന്നതായും കോടതി കണ്ടെത്തി. സ്വാതന്ത്ര്യത്തിനു ശേഷവും 1949 ഡിസംബര്‍ 22/23 വരെ മുസ്ലിംകള്‍ അവിടെ ആരാധന നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രസ്തുത ദിവസങ്ങളില്‍ പുറത്തെ മുറ്റത്ത് താമസിക്കുകയും ആരാധനകള്‍ നിര്‍വഹിക്കുകയും ചെയ്തിരുന്ന സന്യാസിമാര്‍ അകത്തെ മുറ്റത്തേക്ക് നമസ്‌കരിക്കാന്‍ വരുന്ന മുസ്‌ലിംകളെ തടസ്സപ്പെടുത്തിയുരുന്നതായി 1949ലെ വഖഫ് ഇന്‍സ്പെക്ടര്‍ രേഖപ്പെടുത്തിയ കാര്യം കോടതി പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. മാത്രവുമല്ല, ആ ദിവസങ്ങളില്‍ പള്ളിയുടെ നടുവിലെ താഴികക്കുടത്തിന് താഴെ 50-60 ആളുകള്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നിയമാനുസൃതമല്ലാതെ നടന്ന ഇത്തരം പ്രവൃത്തികളാണ് പള്ളി നശിപ്പിക്കുന്നതിലേക്കും മുസ്ലിംകള്‍ പുറത്താക്കപ്പെടുന്നതിലേക്കും നയിച്ചതെന്നും സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു. ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തത് നിലവിലുണ്ടായിരുന്ന സ്റ്റാറ്റസ്‌കോയെയും കോടതിക്ക് നല്‍കിയ ഉറപ്പിനെയും അതിലംഘിച്ചുകൊണ്ടായിരുന്നു. മസ്ജിദ് തകര്‍ത്തതും ഇസ്ലാമിക സമുച്ചയം നശിപ്പിച്ചതും നിയമവാഴ്ചയുടെ കടുത്ത ലംഘനം തന്നെയാണെന്നും കോടതി വ്യക്തമാക്കിയത് ഇക്കാലമത്രയും വലിയ പുണ്യപ്രവൃത്തിയായി സംഘ്പരിവാറുകാര്‍ കൊട്ടിഘോഷിച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടിയാണ്.

പള്ളി തകര്‍ത്തതിനെ സുപ്രീം കോടതി ഈ വിധിയിലൂടെ ശക്തമായി അപലപിച്ചതോടെ പ്രസ്തുത കേസിന്റെ ബലം വര്‍ധിച്ചിരിക്കുകയാണ്. സി.ബി.ഐ അന്വേഷിക്കുന്ന ഈ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മസ്ജിദ് തകര്‍ക്കലിന്റെ ബുദ്ധികേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാഭാരതി എന്നിവര്‍ക്കെതിരെയുള്ള ഗൂഢാലോചന കേസ് 1993ലാണ് സി.ബി.ഐ ഏറ്റെടുത്തത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു നീട്ടിക്കൊണ്ടുപോവുകയും ഒടുവില്‍ കേസ് അലഹബാദ് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2017 ഏപ്രിലില്‍ സുപ്രീംകോടതി അലഹബാദ് കോടതിയുടെ നടപടി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. ഈ കേസിന്റെ വിചാരണ വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം.

2003ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യുടെ ഉല്‍ഖനന റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് നേരത്തെ അവിടെ ഹൈന്ദവക്ഷേത്രത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കാന്‍ കോടതി ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഹൈന്ദവക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് പണിതതെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പരാമര്‍ശമില്ല. ഇക്കാര്യം വിധിന്യായത്തിലും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ രേഖകള്‍ നിയമത്തിന്റെ മുമ്പില്‍ തെളിവുകളല്ലെന്ന് വിധിന്യായത്തില്‍ പറയുന്നുമുണ്ട്. (Finding of title cannot be based in law on the archaeological findings which have been arrived at by ASI). പന്ത്രണ്ടാം നൂറ്റാണ്ടിലെ അടയാളങ്ങളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ കണ്ടെത്തിയതെന്നും അതിനും പള്ളി നിര്‍മിച്ചതിനുമിടയില്‍ നാല് നൂറ്റാണ്ടിന്റെ കാലദൈര്‍ഘ്യമുണ്ടെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിന്റെത് തന്നെയാണെന്ന് സ്ഥിരീകരിക്കാനും ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിന് സാധിച്ചിട്ടില്ല. ഒരു ക്ഷേത്രം തകര്‍ത്തുകൊണ്ടല്ല പള്ളി നിര്‍മിച്ചതെന്ന് സൂചിപ്പിക്കാനാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ളത്. ഇങ്ങനെയൊക്കെയായിരുന്നിട്ടും ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ പ്രസ്തുത സ്ഥലം ഹൈന്ദവക്ഷേത്രം നിര്‍മിക്കാന്‍ നല്‍കണമെന്നുമുള്ള നിര്‍ദേശത്തില്‍ പ്രത്യക്ഷത്തില്‍ പൊരുത്തക്കേടുകളും അവ്യക്തതകളും വൈരുധ്യങ്ങളുമുണ്ട് എന്ന കാര്യം മുന്‍ ന്യായാധിപന്മാര്‍ അടങ്ങുന്ന നിയമപണ്ഡിതരും സാമൂഹിക നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയും ശാസ്ത്രീയതയും ഇന്ത്യയിലെ പ്രമുഖരായ ചരിത്രകാരന്മാരും പുരാവസ്തു വിദഗ്ധരും നേരത്തെ തള്ളിക്കളഞ്ഞിരുന്നുവെന്നതും ഇതിനോടൊപ്പം വായിക്കേണ്ടതാണ്. ചരിത്രകാരന്മാരായ കെ.എം ശ്രീമാലി, ഇര്‍ഫാന്‍ ഹബീബ്, ആര്‍.എസ് ശര്‍മ, ഡി. മണ്ഡല്‍, റോമില ഥാപ്പര്‍, കെ.എന്‍ പണിക്കര്‍, ആര്‍.സി തകരന്‍, പുരാവസ്തു ഗവേഷകനായ പ്രൊഫ. സൂരജ് ബാന്‍ തുടങ്ങിയ പ്രമുഖരെല്ലാം റിപ്പോര്‍ട്ടിനെ നേരത്തെ തള്ളിയതാണ്. സുപ്രീം കോടതിയുടെ വിധിന്യായത്തിലും ഈ റിപ്പോര്‍ട്ടിനെ ആധാരമാക്കുന്നതിന്റെ നിയമപരമായ സാംഗത്യവും അംഗീകരിക്കുന്നില്ല. പിന്നെയെങ്ങനെ ഈ റിപ്പോര്‍ട്ടിനെ തന്നെ അടിസ്ഥാനമാക്കി ഭൂമി ഒരു വിഭാഗത്തിന് വിട്ടുകൊടുക്കുന്നുവെന്ന ചോദ്യമാണ് അവരെല്ലാം ചോദിക്കുന്നത്.

2G സ്‌പെക്ട്രം അഴിമതിക്കേസില്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി സുപ്രീം കോടതിയുടെ അയോധ്യ വിധിന്യായത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത് കൗതുകമുണര്‍ത്തുന്നു. വളരെക്കാലം ന്യൂനപക്ഷങ്ങള്‍ ആരാധിച്ചുവന്നിരുന്ന ഒരു മസ്ജിദ് തകര്‍ത്ത് അതിനു മീതെ ക്ഷേത്രം പണിയണമെന്ന് പറയുന്ന സുപ്രീം കോടതി വിധി എന്തുകൊണ്ടോ മനസ്സില്‍ ഒരു വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ''1949ല്‍ അവിടെ 'നമാസ്' നടന്നിട്ടുണ്ടെന്ന് കോടതി തന്നെ പറയുന്നു. നമ്മുടെ ഭരണഘടന സ്ഥാപിക്കപ്പെടുമ്പോള്‍ അതൊരു മുസ്ലിം ആരാധനാലയമായിരുന്നുവെന്നാണ് അത് സൂചിപ്പിക്കുന്നത്. നമസ്‌കാരം നടക്കുന്ന സ്ഥലങ്ങളെ പൊതുവെ മസ്ജിദുകളായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളില്‍ നിന്നുകൊണ്ട് തന്നെ ഇത് നേടിയെടുക്കപ്പെടേണ്ടതാണ്. ഭരണഘടനാ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിധി നടത്താതിരുന്നാല്‍ ഒരു പാട് പള്ളികളും അമ്പലങ്ങളും ബുദ്ധവിഹാരങ്ങളും ക്രിസ്ത്യന്‍ പള്ളികളും ഇനിയും ഭാവിയില്‍ തകര്‍ക്കപ്പെടും. പള്ളി അവിടെ ഉണ്ടായിരുന്നുവെന്ന് തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടാല്‍ താനായിരുന്നുവെങ്കില്‍ അവിടെ പള്ളി പുനര്‍നിര്‍മിക്കാന്‍ പറയുമായിരുന്നു. അത് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കില്‍ അവിടെ പള്ളിയോ ക്ഷേത്രമോ അനുവദിക്കുമായിരുന്നില്ല. അവിടെ കോളേജോ സ്‌കൂളോ ആശുപത്രിയോ പണിയുമായിരുന്നു''- ജസ്റ്റിസ് ഗാംഗുലി പറഞ്ഞു.

കോടതി വിധി അംഗീകരിച്ച് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്ന ഉപദേശമാണ് കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കിയത്. മുസ്ലിംകള്‍ അവകാശവാദങ്ങള്‍ ഉപേക്ഷിക്കുകയും ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാനുള്ള അവസരം നല്‍കുകയും പകരം മുസ്ലിംകള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് മറ്റൊരു സ്ഥലത്ത് പള്ളി നിര്‍മിക്കാനുള്ള ഭൂമി നല്‍കുകയും ഹൈന്ദവ സമൂഹം മുസ്‌ലിംകളുടെ മറ്റു പള്ളികള്‍ക്കും ചരിത്ര സ്മാരകങ്ങള്‍ക്കും മേലുള്ള അവകാശവാദം ഉപേക്ഷിക്കുകയും വേണമെന്ന് അദ്ദേഹം എട്ടു മാസങ്ങള്‍ക്ക് മുമ്പ് എഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ കോടതി വിധിയിലൂടെ ആര്‍.എസ്.എസ്സും സംഘ്പരിവാറും നോട്ടമിട്ടിരിക്കുന്ന മഥുര, കാശി തുടങ്ങിയ അനവധി പള്ളികള്‍ കൂടി മുസ്ലിംകള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന ആശങ്ക സമൂഹത്തില്‍ പടര്‍ന്നിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ അത്തരം അവകാശവാദങ്ങള്‍ക്ക് 1991ലെ ആരാധനാ സ്ഥലങ്ങളുടെ സംരക്ഷണ ബില്ലിന്റെ(Places of Worship Act) അടിസ്ഥാനത്തില്‍ നിയമത്തിന്റെ പരിരക്ഷ ഇല്ലെന്നു സൂചിപ്പിച്ചത് ശ്രദ്ധേയമായ കാര്യമാണ്. 1947 ഓഗസ്റ്റ് 15നോ അതിനു ശേഷമോ ആരുടെ കൈവശമാണോ ഓരോ ആരാധനാലയങ്ങളുമുള്ളത് അത് അവര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരിക്കുമെന്നും യാതൊരു കാരണവശാലും അത് മാറ്റം ചെയ്യപ്പെടാന്‍ പാടില്ലെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ വിധി മറ്റുള്ള കേസുകളില്‍ ഒരു കീഴ്‌വഴക്കമായി അംഗീകരിക്കപ്പെടില്ലെന്ന സൂചന സുപ്രീംകോടതി തന്നെ നല്‍കിക്കഴിഞ്ഞു. 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ സംരക്ഷണ ബില്ലിന്റെ ബുദ്ധികേന്ദ്രം മുസ്ലിം ലീഗ് നേതാവും പ്രമുഖ പാര്‍ലമെന്റേറിയനുമായിരുന്ന ഗുലാം മഹ്മൂദ് ബനാത്ത്വാലയായിരുന്നു.

ഒരു വലിയ പ്രതിസന്ധി രാഷ്ട്രം തരണം ചെയ്തുവെന്ന ആശ്വാസം രാജ്യത്താകമാനം നിലനില്‍ക്കുന്നുണ്ടെങ്കിലും നീതി ലഭിച്ചില്ലെന്ന നിരാശയും ആശങ്കയും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. സുന്നി വഖഫ് ബോര്‍ഡും മുസ്ലിം ലീഗും ജംഇയ്യത്ത് ഉലമാ ഇ ഹിന്ദും കോടതി വിധിയെ അംഗീകരിക്കുന്നതോടൊപ്പം വിധിയില്‍ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.

വിധി ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായിരുന്നുവെങ്കില്‍ സംഘര്‍ഷങ്ങളും കലാപങ്ങളും രാജ്യത്ത് വ്യാപകമാകുമായിരുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ തല്‍ക്കാലം പിന്‍വാങ്ങുകയാണ് നല്ലതെന്ന പ്രചാരണം കോടതിക്ക് പുറത്ത് ശക്തമായിരുന്നു. രാജ്യത്തെ മുഴുവന്‍ ഭ്രാന്താലയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് സംഘങ്ങള്‍ രാജ്യം ചുട്ടു ചാമ്പലാക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ വിധി പുറപ്പെടുവിക്കുന്നതില്‍ സൂക്ഷ്മതയും അവധാനതയും വേണ്ടതുണ്ടെന്ന ധാരണ ജുഡീഷ്യറിയിലും പ്രകടമായിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു കോടതിയ്ക്ക് പുറത്ത് പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ശാന്തിയും സമാധാനവും പോലെ തന്നെ സത്യവും നീതിയും പുലരേണ്ടതുണ്ടെന്ന കാര്യം വിസ്മരിക്കാന്‍ പാടുള്ളതല്ല. 'സത്യമേവ ജയതേ' (സത്യം മാത്രം ജയിക്കട്ടെ) എന്ന ആപ്തവാക്യം സുപ്രീം കോടതിയില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിരുന്നു. സത്യവും നീതിയുമാണ് ജയിക്കേണ്ടത്. അങ്ങനെ വിധിക്കാനാണ് ന്യായാധിപന്മാര്‍ ശ്രമിക്കേണ്ടത് എന്ന കാര്യം അവിതര്‍ക്കിതമാണ്. സത്യത്തിന്റെയും ന്യായത്തിന്റെയും പേരില്‍ പ്രഖ്യാപിക്കപ്പെട്ട കോടതി വിധികള്‍ നടപ്പാക്കാനുള്ള ചുമതല സര്‍ക്കാരുകള്‍ക്കുണ്ട്. ആവശ്യമായ കരുത്തും കരുതലും അവര്‍ ആര്‍ജിക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ രാജ്യം വലിയ അപകടാവസ്ഥയിലേക്കായിരിക്കും കൂപ്പുകുത്തുക.

കോടതിവിധികള്‍ അന്തിമമാണ്. അവയെ ആദരിക്കേണ്ടതുണ്ട്. വിധിക്കെതിരെ അപ്പീലുകള്‍ പോകുവാനുള്ള അവകാശം കക്ഷികള്‍ക്കുണ്ട്. അവ നിയമപരമായി ഉപയോഗിക്കാനാണ് വിയോജിപ്പുള്ളവര്‍ ശ്രമിക്കേണ്ടത്. വിയോജിപ്പുകളുടെ പേരില്‍ രാജ്യത്ത് സംഘര്‍ഷവും കലാപവും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവണതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. വ്യക്തികളും കൊച്ചുകൊച്ചു സംഘങ്ങളും അനാവശ്യ പ്രതികരണങ്ങളുണ്ടാക്കി പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. പ്രശ്‌നങ്ങള്‍ നേതൃത്വത്തിലേക്ക് മടക്കുക. രാജ്യത്തിനും സമുദായത്തിനും നേതൃത്വം നല്‍കുന്നവരുടെ വാക്കുകളെ വിശ്വാസത്തിലെടുത്ത് സമാധാനത്തോടെ ആത്മസംയമനം പാലിച്ചുകൊണ്ട് ക്ഷമയോടെ പ്രാര്‍ഥനയോടെ മുമ്പോട്ട് നീങ്ങുക.

ക്വുര്‍ആന്‍ പറയുന്നു: ''സമാധാനവുമായോ ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് ദൈവദൂതന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു''(4:83).