സാമൂഹ്യമാധ്യമങ്ങള്‍ തീര്‍ക്കുന്ന കുരുക്കുകള്‍

നബീല്‍ പയ്യോളി

2019 ഒക്ടോബര്‍ 05 1441 സഫര്‍ 06
വെള്ളവും വായുവും പോലെ മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളുടെ പട്ടികയിലേക്ക് ചേക്കേറിയിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളിലെ സാന്നിധ്യം. സമൂഹത്തില്‍ തന്റേതായ ഭാഗധേയം നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുന്നു എന്നതിനോടൊപ്പം തന്നെ ചുറ്റുപാടുകളിലെ ഭൗതിക സാന്നിധ്യം നിഷേധിക്കുക കൂടി ചെയ്യുന്നു, സോഷ്യല്‍ മീഡിയ. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളുടെ അമിതോപയോഗം ഇതിനേക്കാളേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങള്‍ ഇന്ന് ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. വായുവും വെള്ളവും പോലെ ഇന്റര്‍നെറ്റ് ഇല്ലാത്ത ജീവിതം അസാധ്യമായി മാറിക്കഴിഞ്ഞു. അല്‍പനേരം സാമൂഹ്യമാധ്യമങ്ങള്‍ നിശ്ചലമായാല്‍ ലോകം മുഴുവന്‍ അസ്വസ്ഥമാകുന്ന കാഴ്ച നാം കണ്ടു. എന്ത് മാത്രം അത് ജീവിതത്തെ ഗ്രസിച്ചിരിക്കുന്നു! കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ടുണ്ടായ മാറ്റമാണിത്. വാട്‌സാപ്പും ഫേസ്ബുക്കും ഇല്ലാത്തവര്‍ വളരെ വിരളം. പ്രായമുള്ളവര്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചുതുടങ്ങിയപ്പോള്‍ പുതുതലമുറ അതും വിട്ട് ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും ടെലിഗ്രാമിലും ചേക്കേറി. സാമൂഹ്യമാധ്യമങ്ങളിലെ നോട്ടിഫിക്കേഷന്‍ ശബ്ദം കേട്ടില്ലെങ്കില്‍ നാം അസ്വസ്ഥരാവുന്നു. എന്ത് പറ്റി, നെറ്റ് ഇല്ലേ, മൊബൈല്‍ കേടായോ എന്ന ചിന്ത! അതെ! നാം ആകെ മാറി; അല്ല ലോകം നമ്മെ മാറ്റി. ലോകത്തിന്റെ ചലനങ്ങള്‍ക്കൊത്ത് മാറിയില്ലെങ്കില്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുന്ന തരത്തിലേക്ക് കാലം മാറി. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി.

ഫോണ്‍ കോളുകള്‍ക്ക് വേണ്ടിയായിരുന്നു മൊബൈല്‍ കാര്യമായി ഉപയോഗിച്ചിരുന്നത് എങ്കില്‍ ഇന്ന് ക്യാമറകളുടെ ക്ലാരിറ്റിയും സ്പീഡും മെമ്മറി കപ്പാസിറ്റിയും എല്ലാമായിട്ടുണ്ട് പരിഗണനാ കാര്യങ്ങള്‍. ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച് കഴിഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തങ്ങളുടെ കാര്യങ്ങള്‍ കുറിച്ചുവെക്കുന്നതും രേഖകളുടെ പകര്‍പ്പ് സൂക്ഷിക്കുന്നതും മൊബൈല്‍ ഫോണിലായി. അത് നഷ്ടപ്പെട്ടാല്‍ എല്ലാം പോയി എന്ന അവസ്ഥ വന്നു. ലോകം നമ്മുടെ വിരല്‍തുമ്പിലേക്ക് ചുരുങ്ങി. ആശയ വിനിമയങ്ങള്‍ സുഗമമായി. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മുതല്‍ വലിയ കോര്‍പറേറ്റ് കമ്പനികള്‍ വരെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തങ്ങളുടെ വ്യവഹാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാലം. ഗുണത്തിനായും ദോഷത്തിനായും ഉപയോഗിക്കാവുന്ന ഈ ഉപകരണം വരുത്തിവയ്ക്കുന്ന ദുരന്തങ്ങള്‍ ചെറുതല്ല.

ആധുനിക മാധ്യമങ്ങള്‍ തീര്‍ക്കുന്ന ചതിക്കുഴികള്‍ തെല്ലൊന്നുമല്ല നമ്മെ അസ്വസ്ഥമാക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെ അതിന്റെ ഇരകളാകുന്നു. മൊബൈല്‍ ഗെയ്മുകള്‍ പലതും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതായിരുന്നു. മയക്കുമരുന്നിന്റെ മായാവലയത്തില്‍ കുട്ടികള്‍ പെട്ടുപോകുന്നതിലും സമൂഹ്യമാധ്യമങ്ങളുടെ പങ്ക് ചെറുതല്ല.

നൂറുകണക്കിന് ഉപകാരങ്ങള്‍ നാം എണ്ണിപ്പറയുമ്പോള്‍ തന്നെ നമ്മുടെ സ്വസ്ഥത തകര്‍ക്കുന്നതിലും വലിയ പങ്ക് ഈ ചെറിയ ഉപകരണത്തിനുണ്ടെന്നതല്ലേ വസ്തുത?

കളവ് പറയല്‍

മൊബൈല്‍ ഫോണുകള്‍ കളവ് പറയാന്‍ നമ്മെ പ്രാപ്തരാക്കിയിരിക്കുന്നു! കാത്തുനില്‍ക്കുന്ന സുഹൃത്തിനോട് ഇതാ ഇവിടെ എത്തി, സിഗ്‌നല്‍ കാത്ത് നില്‍ക്കുന്നു, അല്ലെങ്കില്‍ ബ്‌ളോക്കിലാണ് എന്ന് പലപ്പോഴും കളവ് പറയാറില്ലേ? യഥാര്‍ഥത്തില്‍ നാം വീട്ടില്‍ നിന്നോ ജോലിസ്ഥലത്ത് നിന്നോ ഇറങ്ങിയിട്ടു പോലും ഉണ്ടാവില്ല!

അല്ലാഹു പറയുന്നു: ''അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല'' (ക്വുര്‍ആന്‍ 50:18).

നമ്മുടെ വാക്കുകള്‍ നമ്മുടെ കര്‍മരേഖയില്‍ എഴുതപ്പെടും എന്ന സത്യം നാം മറക്കുന്നു. മനഃപൂര്‍വം കളവ് പറയുന്നു; അതിനപ്പുറം നമ്മെ വിശ്വസിച്ച് കാത്തിരിക്കുന്നവരെ കബളിപ്പിക്കുന്നു. എന്തേ നാം ഇങ്ങനെയായി? എട്ടു മണിക്ക് എത്താം എന്ന് വാക്കു കൊടുത്ത ഒരാളോട് പത്തു മണിക്കും എത്താന്‍ സാധ്യതയില്ലെങ്കിലും 'ഇതാ എത്തി... ഇപ്പോള്‍ എത്തും...' എന്ന് കള്ളം പറയാറില്ലേ പലരും? നമുക്ക് പാലിക്കാവുന്ന വാക്കുകള്‍ മാത്രം നല്‍കുക. അവിചാരിതമായി സംഭവിക്കുന്ന പ്രയാസങ്ങള്‍ സത്യസന്ധമായി അവരെ അറിയിക്കുകയും ചെയ്യുക. അപ്പോള്‍ മനസ്സ് സ്വസ്ഥമാകും; ബന്ധങ്ങള്‍ ദൃഢമാകും.

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''സത്യം പറയല്‍ നന്മയിലേക്കും നനന്മ സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്ന പക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തപ്പെടും. കള്ളം പറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും ദുര്‍വൃര്‍ത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും'' (ബുഖാരി).

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ)വില്‍ നിന്ന് നിവേദനം: ''നിശ്ചയം, നബി ﷺ  പറഞ്ഞു: 'നാലു കാര്യങ്ങള്‍ ആരിലെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ തനിച്ച കപടനായിരിക്കും. ആ കാര്യങ്ങളില്‍ ഏതെങ്കിലും ഒരു സ്വഭാവം ഉണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നതുവരെയും കാപട്യത്തിന്റെ ലക്ഷണം അയാളില്‍ ഉണ്ടായിരിക്കുന്നതാണ്. വിശ്വസിച്ചാല്‍ ചതിക്കുക, സംസാരിച്ചാല്‍ കളവ് പറയുക, വാഗ്ദത്തംചെയ്താല്‍ ലംഘിക്കുക, പിണങ്ങിയാല്‍ പൊറുതികേട് കാണിക്കുക'' (ബുഖാരി, മുസ്‌ലിം).

അഭിമാനത്തിന് ക്ഷതം ഏല്‍പിക്കുന്നു

പാസ്‌വേഡ് കൊണ്ട് മറച്ച ചിലരുടെ ഫോണ്‍ മറ്റാരെങ്കിലും ഒന്ന് നോക്കിയാല്‍ തന്നെ അവര്‍ അസ്വസ്ഥരാകുന്നു; അത്രക്ക് സ്വകാര്യതകളുടെ കേദാരമാണ് ആ ഫോണ്‍ എന്നര്‍ഥം.

വഞ്ചനയും കളവും ചൂഷണവും തട്ടിപ്പും വെട്ടിപ്പും വ്യക്തിഹത്യയും വിവാഹമോചനവും ആത്മഹത്യയും മാനഹാനി വരുത്തലുമൊക്കെ മൊബൈല്‍ ഫോണും സാമൂഹ്യ മാധ്യമങ്ങളും തീര്‍ത്ത വലയത്തില്‍ നിര്‍ബാധം നടന്നുകൊണ്ടേയിരിക്കുന്നു!

പരസ്പര വിശ്വാസം നഷ്ടമാകാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ കാരണമാകുന്നു എന്നത് ഗൗരവത്തോടെ ചിന്തിക്കണം. പരസ്പര വിശ്വാസം വളരെ പ്രധാനമാണ്. ഒരാളുടെ അഭിമാനത്തിന് യാതൊരുവിധ വിലയും കല്‍പിക്കാതെയാണ് പലപ്പോഴും ഇത്തരം മാധ്യമങ്ങളെ പലരും ഉപയോഗപ്പെടുത്തുന്നത്. അത് ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്ത വിധം വലിയ ദുരന്തങ്ങളിലേക്ക് നയിക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടായേ തീരൂ.

പ്രവാചകന്‍ ﷺ  തന്റെ വിടവാങ്ങല്‍ ഹജ്ജിലെ ചരിത്രപ്രധാനമായ അറഫാ പ്രസംഗത്തില്‍ തനിക്ക് മുന്നില്‍ തടിച്ചുകൂടിയ ലക്ഷത്തില്‍ പരം അനുയായികളെ സാക്ഷിനിര്‍ത്തി ലോകത്തോട് വിളിച്ചു പറഞ്ഞ ചില സുപ്രധാന കാര്യങ്ങളുണ്ട്. അത് ഓരോ വിശ്വാസിയും നെഞ്ചേറ്റേണ്ടതാണ്. അഭിമാനവുമായി ബന്ധപ്പെട്ട് ആ പ്രസംഗത്തില്‍ നബി ﷺ  പറഞ്ഞു:

''ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?'''അവര്‍ പറഞ്ഞു: ''അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.'' അവിടുന്ന് പറഞ്ഞു: ''ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.'' അവിടുന്ന് പറഞ്ഞു: ''പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.'' അവിടുന്ന് പറഞ്ഞു: ''പരിശുദ്ധമായ മാസം.'' പിന്നീട് അവിടുന്ന് പറഞ്ഞു: ''നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു''(ബുഖാരി).

മനുഷ്യന്റെ അഭിമാനത്തിന് അത്രമാത്രം വിലകല്‍പിക്കണം എന്ന് നമ്മെ പ്രവാചകന്‍ ﷺ  പഠിപ്പിക്കുന്നു. പക്ഷേ, അധികമാളുകളും ഇക്കാര്യം പരിഗണിക്കാറില്ല. പലരും ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് ലോകരെ കേള്‍പ്പിക്കുന്നു, സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ വന്നുപോയ സ്ഖലിതങ്ങളെ, അഭിപ്രായങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് മറ്റുള്ളവരെ അപമാനിക്കുമാനിക്കുന്നു. അടച്ചിട്ട മുറിയില്‍ വെച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടന്ന ചര്‍ച്ചകള്‍ സ്വകാര്യമായി റെക്കോര്‍ഡ് ചെയ്ത് മാലോകരെ കേള്‍പ്പിക്കുന്നു. ഒരാള്‍ തമാശക്ക് ചെയ്തതും പറഞ്ഞതും അയാള്‍ അറിയാതെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു. പണ്ഡിതന്മാരുടെ മണിക്കൂറുകള്‍ നീണ്ട പ്രസംഗങ്ങളില്‍ നിന്ന് ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പുണ്ടാക്കി അവരെ തേജോവധം ചെയ്യാന്‍ ഉപയോഗിക്കുന്നു. നാലാള്‍ കൂടുന്ന സൗഹൃദ ചര്‍ച്ചകള്‍ മുതല്‍ വലിയ സമ്മേളനങ്ങള്‍ വരെ സ്വന്തം ഫോണില്‍ റെക്കോര്‍ഡ് ചെയ്താലേ ചിലര്‍ക്കൊക്കെ സമാധാനമാകൂ. ജുമുഅ ഖുത്വുബ  റെക്കോര്‍ഡ് ചെയ്യുന്ന തിരക്കിലാണ് ജുമുഅയുടെ നേരത്ത് ചിലര്‍. എന്തൊരു കഷ്ടം! പ്രാദേശികമായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഖത്വീബ് പറഞ്ഞ കാര്യങ്ങള്‍ ആ സാഹചര്യം മനസ്സിലാക്കാത്തവര്‍ കേട്ടാല്‍ വലിയ പ്രയാസങ്ങള്‍ക്ക് കാരണമാകും എന്ന് ചിന്തിക്കാന്‍ പോലുമുള്ള സാമാന്യബുദ്ധി ഇക്കൂട്ടര്‍ക്ക് ഇല്ലാതെ പോകുന്നു.

സ്വകാര്യ സംഭാഷണങ്ങളും മറ്റും റെക്കോര്‍ഡ് ചെയ്ത് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നത് അത്യന്ത്യം അപകടകരമാണെന്ന് പറയാതെ വയ്യ. പ്രസംഗങ്ങളും ക്ലാസ്സുകളും ഖുത്വുബകളും സംഘാടകര്‍ റെക്കോഡ് ചെയ്യട്ടെ, ഉചിതമെങ്കില്‍ അവ പ്രചിപ്പിക്കട്ടെ.

കുടുംബ ശൈഥില്യം

ഒരു യാത്രയ്ക്കിടെ നടന്ന സംഭാഷണത്തില്‍ പ്രമുഖനായ ഒരു കൗണ്‍സിലര്‍ വിവരിച്ച അദ്ദേഹത്തിന്റെ കൗണ്‍സില്‍ അനുഭവങ്ങളില്‍ 'ഏറെ നീചം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് ഒരു ഭര്‍ത്താവ് തന്റെ ഭാര്യയുടെ സ്വകാര്യ സംഭാഷണം റെക്കോഡ് ചെയ്തത് തെളിവായി കൊണ്ടുവന്ന് കേള്‍പിക്കാന്‍ ശ്രമിച്ചതിനെയാണ്. അദ്ദേഹം അയാളെ അതിരൂക്ഷമായ ഭാഷയില്‍ താക്കീത് ചെയ്തു. ഇത് ഒരു മാന്യന് ചേര്‍ന്നതല്ലെന്ന് ഓര്‍മിപ്പിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വകാര്യതകള്‍ നിലനില്‍ക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ആണെന്നത്് പറയേണ്ടതില്ലല്ലോ. അത് രഹസ്യമായി റെക്കോഡ് ചെയ്തും വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്തും മറ്റും ഇണയുടെ അഭിമാനത്തിന് ക്ഷതം ഏല്‍പിക്കാന്‍ വേണ്ടി മറ്റുള്ളവരെ കേള്‍പിക്കുന്നതും വൃത്തിഹീനമായ മനസ്സിന്റെ അടയാളമാണ്.

ദാമ്പത്യ ജീവിതം ഒരു പരീക്ഷണം തന്നെയാണ് ദമ്പതികള്‍ക്ക് ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അവരെ വേര്‍പിരിക്കുകയും ചെയ്യുക എന്നത് പൈശാചിക പ്രവര്‍ത്തനം തന്നെയാണ്. അതുകൊണ്ട് തന്നെ പിശാച് ഒരുക്കിയ വലയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തണം. ഓരോരുത്തര്‍ക്കും അവരുടെ സ്വകാര്യത വകവെച്ച് കൊടുക്കുകയും നമ്മുടെ ജീവിതത്തില്‍ സുതാര്യത പുലര്‍ത്തേണ്ട കാര്യങ്ങളില്‍ ബന്ധങ്ങള്‍ക്കും ഇസ്‌ലാമിക നിയമങ്ങള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് സുതാര്യമാകാന്‍ ശ്രമിക്കുകയും ചെയ്യുക. ആരുടെയും രഹസ്യങ്ങള്‍ ചൂഴ്ന്ന് അന്വേഷിക്കല്‍ നമ്മുടെ സംസ്‌കാരം അല്ല.

ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകാതെ ഇണയില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച് ജീവിതം നയിക്കുക. വിശ്വാസം നഷ്ടപ്പെട്ടാല്‍ സമാധാനവും നഷ്ടപ്പെടും.

വാട്‌സാപ്പിലെ പ്രൊഫൈല്‍ ഫോട്ടോയും സ്റ്റാറ്റസും നോക്കിയല്ല ഇണയുടെ സ്‌നേഹവും കരുതലും മനസ്സിലാക്കേണ്ടത്. അത് നമ്മുടെ ഇടപെടലിലൂടെ ആവണം.

പ്രവാസികള്‍ കുടുംബത്തില്‍ നിന്നും അകന്ന് ജീവിക്കുന്നവരാണ്. അവരുടെ സ്വകാര്യതകള്‍ പലപ്പോഴും പിച്ചിച്ചീന്തപ്പെടുകയും അത് വിവാഹ മോചനത്തിന് വരെ കാരണമായിത്തീരാറും ഉണ്ട്. ദമ്പതികള്‍ സ്വകാര്യ ഫോട്ടോകള്‍ പരസ്പരം അയക്കുന്നതും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി സ്വകാര്യ സംഭാഷണങ്ങള്‍ നടത്തുന്നതുമൊക്കെ പല അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇത്തരം അവിവേകം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്ന്. സ്വന്തം ഇണക്ക് നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടാലും അയച്ചുകൊടുക്കരുത്; അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്യരുത്. അത് മൊബൈല്‍ ഫോണില്‍ നിന്ന് ഏതെങ്കിലും ഒരു സാഹചര്യത്തില്‍ പുറത്ത് പോകാനും അതോടെ വലിയ അനര്‍ഥം സംഭിക്കാനും സാധ്യതയുണ്ട്. അത് ഡിലീറ്റ് ചെയ്താലും തിരിച്ചെടുക്കാന്‍ പറ്റുന്ന സാങ്കേതിക സംവിധാനങ്ങള്‍ ലോകത്തുണ്ട് എന്ന് തിരിച്ചറിയാതെ പോകരുത്.

നമ്മുടെ സ്വകാര്യ സംഭാഷണങ്ങളും മെസ്സേജുകളും സര്‍വീസ് പ്രൊവൈഡര്‍മാരും അന്വേഷണ സൈബര്‍ സെല്ലും ഒക്കെ കേള്‍ക്കുന്നു എന്ന ബോധ്യം നമുക്ക് വേണം. എല്ലാം റെക്കോഡ് ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുന്ന സംസാരങ്ങളും ഇടപെടലുകളും പരമാവധി ഒഴിവാക്കുക. നാം ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ അന്യര്‍ക്ക് കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക, അത് നശിപ്പിച്ചു കളയുന്നതാവും നന്നാവുക.

ഗ്രുപ്പുകള്‍

വാട്‌സാപ്പിലും ഫേസ്ബുക്കിലും ഉള്ള പല ഗ്രുപ്പുകളും ചതിക്കുഴികളാണ്. അനിവാര്യമല്ലാത്ത ഗ്രുപ്പുകളില്‍ നിന്ന് അകന്ന് നില്‍ക്കുക. സ്ത്രീകള്‍ ഈ രംഗത്ത് നല്ല ജാഗ്രത പുലര്‍ത്തണം. ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തോന്നും വിധം സാമൂഹ്യ മാധ്യമങ്ങളുടെ ചതിക്കുഴികളില്‍ അകപ്പെട്ടവര്‍ നമുക്ക് ചുറ്റുമുണ്ട്. യാഥാര്‍ഥ്യങ്ങളോട് മുഖം തിരിക്കുന്നവര്‍ക്ക് പലപ്പോഴും ജീവിതം തന്നെ നഷ്ടമാകും. പഴയകാല സഹപാഠികള്‍ ചേര്‍ന്ന് ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സജീവമാണിന്ന്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ അവയില്‍ സജീവമായി ഇടപെടുന്നുമുണ്ട്. മിക്കവാറും എല്ലാ അംഗങ്ങളും കുടുംബജീവിതം നയിക്കുന്നവരും മക്കളും പേരക്കുട്ടികളുമൊക്കെ ഉള്ളവരുമായിരിക്കും. ചാറ്റിംഗ് എന്ന കെണിയില്‍ വീണ് പലതും പറഞ്ഞു പോകും. തമാശയായി പറഞ്ഞതാണെങ്കില്‍ പോലും ചില പരാമര്‍ശങ്ങള്‍ ഇണയുടെ ശ്രദ്ധയില്‍ പെട്ടാല്‍ സംശയം ഉടലെടുക്കും. സംശയത്തിന്റെ ഒരു പൊരിവീണാല്‍ ദാമ്പത്യം തകരും. അതിനാല്‍ വളരെ സൂക്ഷിച്ച് ഇടപെടുക.  

സാമൂഹ്യ മാധ്യമങ്ങള്‍ ഒളിച്ചോട്ടങ്ങള്‍ക്കുള്ള പാലമായി മാറുന്നു എന്നതാണ് പല വര്‍ത്തമാനകാല വാര്‍ത്തകളും നമ്മോട് വിളിച്ചു പറയുന്നത്. മുലകുടി മാറാത്ത കുഞ്ഞിനെ പോലും ഒഴിവാക്കി ഓണ്‍ലൈന്‍ കാമുകന്റെ കൂടെ ഒളിച്ചോടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. നൈമിഷിക സുഖങ്ങള്‍ തേടി സ്വന്തം കുടുംബത്തില്‍ നിന്നും പുറത്ത് ചാടുന്നവര്‍ ചെന്ന് വീഴുന്നത് വിനാശത്തിന്റെ പടുകുഴികളിലേക്കാണ് എന്നതാണ് വാസ്തവം. അങ്ങനെ വഞ്ചിക്കപ്പെട്ടവരും വഞ്ചനയില്‍ ചെന്ന് ചാടിയവരുമായ ധാരാളം സഹോദരിമാര്‍ ഇന്ന് ആര്‍ക്കും വേണ്ടാത്തവരായി അവഗണിക്കപ്പെട്ട് തെരുവിലും അഭയകേന്ദ്രങ്ങളിലും ജീവിതം തള്ളിനീക്കുന്നുണ്ട്. വികാരം വിവേകത്തെ മറികടക്കുന്നതിനെ സൂക്ഷിക്കുക.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍

മോഹന വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്താന്‍ ഇന്ന് ഏറ്റവും നല്ല സാഹചര്യം സാമൂഹ്യ മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. അതിന് ദിനേന നിരവധി ആളുകള്‍ വിധേയരവുകയും ചെയ്യുന്നു. പെട്ടെന്നുള്ള ധനസമ്പാദനത്തിന് കുറുക്കുവഴികള്‍ തേടുന്നവരാണ് ഇത്തരം ചതിയന്മാരുടെ ഇരകള്‍. സമ്പന്നനാകാന്‍ കുറുക്കുവഴികള്‍ ഇല്ലെന്നതാണ് സത്യം. അത്യധ്വാനം മാത്രമാണ് സമ്പാദിക്കാനുള്ള വഴി. മോഹനവാഗ്ദാനങ്ങളില്‍ ആഭ്യസ്തവിദ്യര്‍വരെ വീണുപോകുന്നു. വിവേകമില്ലായ്മ, അത്യാര്‍ത്തി എന്നല്ലേ ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റൂ. മറ്റുള്ളവരെ പറ്റിച്ച് നേടിയതൊന്നും ജീവിതത്തില്‍ ഉപകരപ്പെടുകയുമില്ല. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന ആപ്തവാക്യം നേരാണ് എന്ന് തട്ടിപ്പ് നടത്തുന്നവര്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് ഗുണം.

പരസ്യമാകുന്ന രഹസ്യം

സാമൂഹ്യ മാധ്യമങ്ങളിലെ രഹസ്യ ഗ്രുപ്പുകള്‍ എല്ലാം പരസ്യ ഗ്രുപ്പുകളാണ്. നമ്മള്‍ അറിഞ്ഞോ അറിയാതെയോ അത് അങ്ങനെയായിത്തീരുന്നു. അത്‌കൊണ്ട് രഹസ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പറയുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യരുത്. അത് ഭാവിയില്‍ നമുക്കു തന്നെ ദുരന്തങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ പരമാവധി  സുതാര്യത പുലര്‍ത്തുക. പരസ്പരം തെറ്റിയാല്‍ മുമ്പ് നടത്തിയ സ്വകാര്യ സംഭാഷണങ്ങളും ചാറ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വൃത്തികെട്ട സ്വഭാവം പലരിലും കണ്ടുവരുന്നു. ഇതൊന്നും സത്യവിശ്വാസിക്ക് യോജിച്ചതല്ല.

മൊബൈല്‍ ഫോണുകളും സാമൂഹ്യമാധ്യമങ്ങളും നന്മക്ക് വേണ്ടി ഉപയോഗിക്കുക. ഇഹപര ലോകങ്ങള്‍ നഷ്ടപ്പെടും വിധം ഉപയോഗിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക.