കോപച്ചൂടില്‍ ഉരുകുന്ന ബന്ധങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

2019 ജനുവരി 12 1440 ജുമാദല്‍ അവ്വല്‍ 06
പെരുമാറ്റത്തിലും ഇടപെടലുകളിലും അത്രമേല്‍ മേല്‍ക്കൈ നേടിയ ദുഃസ്വഭാവമാണ് കോപം. പകര്‍ച്ചവ്യാധിപോലെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ ദുഃസ്വഭാവം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. അങ്ങാടിയില്‍ മുതല്‍ കിടപ്പറയില്‍വരെ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലവിധമാണ്. ദമ്പതികള്‍ തമ്മിലുള്ള സല്ലാപം മുതല്‍ ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ വരെ ഇത് കലുഷിതമാക്കുന്നു. ദാമ്പത്യബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു. തൊഴിലിടങ്ങളില്‍ സദാ സംഘര്‍ഷഭരിതമാക്കുന്നു. നടുറോട്ടില്‍ ചോര ചിതറിക്കുന്നു. കോപം എങ്ങനെ നിയന്ത്രിക്കാം? പ്രവാചകന്‍ ഈ രംഗത്ത് നല്‍കുന്ന ഉപദേശങ്ങള്‍ എന്തെല്ലാം?

''...നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ 

കായക്കഞ്ഞിക്കരിയിട്ടില്ല 

ആയതുകേട്ടുകലമ്പിച്ചെന്ന-

ങ്ങായുധമുടനേ  കാട്ടിലെറിഞ്ഞു.

ചുട്ടുതിളക്കും വെള്ളമശേഷം 

കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു. 

കെട്ടിയ പെണ്ണിനെ മടികൂടാതെ

കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു. 

ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു, 

ഉരലുവലിച്ചു കിണറ്റില്‍ മറിച്ചു,

ചിരവയെടുത്തത് തീയിലെരിച്ചു, 

അരകല്ലങ്ങു കുളത്തിലെറിഞ്ഞു; 

അതുകൊണ്ടരിശം തീരാഞ്ഞവന-

പ്പുരയുടെ ചുറ്റും മണ്ടി നടന്നു...'' 

ദേഷ്യം പിടിച്ച പടയാളിയുടെ പരാക്രമങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞു കൊണ്ട് കുഞ്ചന്‍ നമ്പ്യാര്‍ ഇങ്ങനെ മൂന്ന് നൂറ്റാണ്ടു മുമ്പ് പാടിയപ്പോള്‍ സദസ്സ്യര്‍ ഇളകിച്ചിരിച്ചിട്ടുണ്ടാകും. എന്നാല്‍ 'അതുകൊണ്ടരിശം തീരാതെ...' മണ്ടിനടക്കുന്ന മലയാളിക്കിന്ന് ഇതു കേട്ടാല്‍ ചിരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.

ഒരുപാട് ദുരന്തങ്ങളെ വിളിച്ചുവരുത്തുന്ന, മനുഷ്യനെ അന്ധനും ബധിരനുമാക്കുന്ന, വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയുംവരെ നശിപ്പിക്കാന്‍ കാരണമായേക്കാവുന്ന ഒരു ദുഃസ്വഭാവമാണ് അമിതമായ കോപം.

ഇന്ന് എല്ലാവര്‍ക്കും എല്ലാവരോടും ദേഷ്യമാണ്. ഭാര്യക്ക് ഭര്‍ത്താവിനോട്, ഭര്‍ത്താവിന് ഭാര്യയോട്, മാതാപിതാക്കള്‍ക്ക് മക്കളോട്, മക്കള്‍ക്ക് മാതാപിതാക്കളോട്, തൊഴിലാളിക്ക് മുതലാളിയോട്, മുതലാളിക്ക് തൊഴിലാളിയോട്, വീട്ടുകാര്‍ക്ക് അയല്‍പക്കക്കാരോട്, ഒരു മതക്കാരന് മറ്റു മതക്കാരനോട്, മതരഹിത മതവിശ്വാസിയോട്, ഒരു രാഷ്ട്രീയപാര്‍ട്ടിക്കാരന് മറ്റു പാര്‍ട്ടിക്കാരോട്, നേതാവിന് അനുയായികളോട,് അനുയായികള്‍ക്ക് നേതാവിനോട്, ജനങ്ങള്‍ക്ക് സര്‍ക്കാറിനോട്, സര്‍ക്കാറിന് ജനങ്ങളോട്... എന്തിനേറെ ഓരോരുത്തര്‍ക്കും അവരവരോട് തന്നെ ദേഷ്യമാണിന്ന്!

പെരുമാറ്റത്തിലും ഇടപെടലുകളിലും അത്രമേല്‍ മേല്‍ക്കൈ നേടിയ ഒരു ദുഃസ്വഭാവമാണ് കോപം എന്നത്. ഒരു പകര്‍ച്ചവ്യാധിപോലെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ ദുഃസ്വഭാവം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. അങ്ങാടിയില്‍ മുതല്‍ കിടപ്പറയില്‍വരെ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലവിധമാണ്. ദമ്പതികള്‍ തമ്മിലുള്ള സല്ലാപം മുതല്‍ ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ വരെ ഇത് കലുഷിതമാകുന്നു. ദാമ്പത്യബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു. തൊഴിലിടങ്ങളില്‍ സദാ സംഘര്‍ഷഭരിതമാകുന്നു. നടുറോട്ടില്‍ ചോര ചിതറിക്കുന്നു. നാലാളു കേട്ടാല്‍ നാണക്കേടാകുമെന്ന് കരുതി കോപം നിയന്ത്രിച്ചിരുന്നവര്‍ പോലും ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും നിസ്സാരകാര്യങ്ങള്‍ക്കുപോലും തല്ലു കൂടുകയാണ്. 

കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റോഡപകടങ്ങളില്‍, ആത്മഹത്യകളില്‍, വിവാഹമോചനക്കേസുകളില്‍, മദ്യപാനത്തില്‍, ഗാര്‍ഹിക അതിക്രമങ്ങളില്‍, ജീവിതശൈലീരോഗങ്ങളില്‍ ഒക്കെയാണ് നാമിന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഒട്ടും അഭിമാനകരമല്ലാത്ത ഈ 'നേട്ടങ്ങള്‍ക്ക്' പിന്നില്‍ അമിത കോപത്തിനും എടുത്തുചാടിയുള്ള പ്രതികരണങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. 

അമിതകോപം എന്നത് ഒരു ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ടെന്നും ആഗോളതാപനം പോലെ കോപതാപവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സാമൂഹ്യശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നുണ്ട്. ദേഷ്യം പോലുള്ള വൈകാരികപ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ സാമൂഹിക മാറ്റങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് നേരത്തെ തന്നെ നിരീക്ഷണങ്ങളുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാശ്ചാത്യ ജീവിതത്തെ പഠനവിധേയമാക്കിയ ബ്രിട്ടീഷ് ഗ്രന്ഥകാരന്മാരായ ഒലിവര്‍ ജെയിംസും റിച്ചാര്‍ഡ് ലേയാഡും പറയുന്നത് 50 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച മനുഷ്യരെ കൂടുതല്‍ സന്തോഷവാന്മാരാക്കുകയല്ല,  മറിച്ച്  അവരില്‍ ദേഷ്യം വര്‍ധിപ്പിക്കുകയാണ് ചെയ്തത് എന്നാണ്. നാഗരിക ജീവിതത്തിലെ പിരിമുറുക്കങ്ങള്‍, നിരാശ, ശബ്ദമലിനീകരണം, ആള്‍ക്കൂട്ടങ്ങള്‍, ലഹരിയുപയോഗം തുടങ്ങിയവയൊക്കെ അമിതകോപത്തിന് കാരണമാകുന്നു എന്നാണ്. 

ഭൗതികനേട്ടങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളുടെ ലോകത്താണ് മനുഷ്യന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. തൊട്ടടുത്ത നിമിഷം നേടിയെടുക്കേണ്ട ലാഭത്തെ കുറിച്ചുള്ള ആലോചനകളാണ് ഊണിലും ഉറക്കിലുമൊക്കെ. ഈ കണക്കുകൂട്ടലുകള്‍ തെറ്റാനുള്ള സാധ്യത എപ്പോഴും ഏറെയാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ അവര്‍ വേഗം അസ്വസ്ഥരാകും. ദേഷ്യമായി അത് പുറത്തേക്ക് വരും.

ആണിന്റെയും പെണ്ണിന്റെയും ദേഷ്യപ്രകടനങ്ങള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ദേഷ്യത്താല്‍ പുരുഷന്‍ പലപ്പോഴും ആക്രമണസ്വഭാവം കാണിക്കും. അട്ടഹസിക്കും. എന്നാല്‍ സ്ത്രീ പൊതുവെ വിഷാദവതിയാവുകയാണ് ചെയ്യുക. കണ്ണീരായിട്ടോ അവഗണനയായിട്ടോ ഒക്കെയാകും അവരത് പ്രകടമാക്കുക. എന്നാല്‍ കൗമാരക്കാരില്‍ എടുത്തുചാട്ട പ്രവണതയായിട്ടായിരിക്കും ദേഷ്യം പ്രകടമാവുക. 

ദേഷ്യം പിടിക്കാനും കലിതുള്ളാനുമൊക്കെ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാവും. അഥവാ ഓരോരോ കാരണങ്ങളാല്‍ അവര്‍ കോപാന്ധരായി മാറും. തന്റെ വാഹനത്തെ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിച്ചാല്‍, അല്ലെങ്കില്‍ തനിക്ക് വഴിമാറിത്തരാതിരുന്നാല്‍ പൊട്ടിത്തെറിക്കുന്നവരെയും അസഭ്യം പറയുന്നവരെയും നാം കാണാറുണ്ട്. മക്കള്‍ അനുസരണക്കേട് കാണിച്ചാല്‍, കറിയില്‍ അല്‍പം ഉപ്പ് കുറയുകയോ എരുവ് കൂടുകയോ ചെയ്താല്‍... അങ്ങനെയങ്ങനെ പലതും മനുഷ്യനെ കോപാകുലനാക്കി മാറ്റാറുണ്ട്. വിളിച്ചയുടന്‍ വിളിപ്പുറത്തെത്താത്തതിനാല്‍ ഭാര്യയുടെ കയ്യില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി എറിഞ്ഞുതകര്‍ക്കുന്ന ഭര്‍ത്താക്കന്‍മാരും ഇല്ലാതില്ല. ഭാര്യയോടുള്ള ദേഷ്യം മൊബൈലിനോട് പ്രകടിപ്പിക്കുമ്പോള്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയ കാശാണ് നശിച്ചുപോകുന്നതെന്ന് ചിന്തിക്കാന്‍ കോപാന്ധത അവനെ അനുവദിക്കില്ല.

ദേഷ്യത്തിനുള്ള കാരണം എന്തായാലും, അത് പ്രകടിപ്പിക്കുന്ന രീതി എത്ര വ്യത്യസ്തമായാലും അതിന്റെ അനന്തരഫലം എല്ലായ്‌പ്പോഴും മോശമായിരിക്കും എന്നതില്‍ സംശയമില്ല. അമിതമായ കോപം  കോപിക്കുന്നയാള്‍ക്കും കോപത്തിന് ഇരയാകുന്നവര്‍ക്കും അപകടമേ വരുത്തൂ. 

'ദേഷ്യം ഒരുതരം ആസിഡാണ്. അത് പ്രയോഗിക്കപ്പെടുന്ന വസ്തുവിനെക്കാള്‍ പരിക്കേല്‍പിക്കുക ശേഖരിച്ചുവെച്ച പാത്രത്തിനായിരിക്കും' എന്ന മാര്‍ക്ട്വയ്‌നിന്റെ വാക്കുകള്‍ അര്‍ഥഗര്‍ഭമാണ്. ദേഷ്യത്തിന്റെ  പ്രധാന ഇര ദേഷ്യപ്പെടുന്നവന്‍ തന്നെയാണ്. അമിതദേഷ്യം വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കും. ദേഷ്യപ്പെടുമ്പോള്‍ രക്തത്തിലേക്ക് സ്രവിക്കപ്പെടുന്ന അഡ്രിനാലിന്‍  രക്തസമ്മര്‍ദം കൂട്ടും. സ്ഥിരമായ കോപം ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും, രോഗപ്രതിരോധശേഷി ക്ഷയിപ്പിക്കും എന്നെല്ലാം കണ്ടെത്തിയിട്ടുണ്ട്. അത് വിഷാദം പോലുള്ള പലതരം മാനസിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും. വ്യക്തിബന്ധങ്ങള്‍ തകര്‍ക്കും. തെറ്റായ തീരുമാനങ്ങളെടുക്കാന്‍ ഇടയാക്കും. 

'ദേഷ്യപ്പെടാന്‍ ആര്‍ക്കും കഴിയും; അത് എളുപ്പമാണ്. എന്നാല്‍ ആവശ്യമുള്ളവരോട് ആവശ്യമുള്ള അളവില്‍ വേണ്ട സമയത്ത് ശരിയായ ഉദ്ദേശ്യത്തോടെ ശരിയായ രീതിയില്‍ ദേഷ്യപ്പെടാന്‍ എല്ലാവര്‍ക്കും കഴിഞ്ഞുകൊള്ളണമെന്നില്ല; അത്ര എളുപ്പമല്ല' എന്ന് അരിസ്‌റ്റോട്ടില്‍ പറഞ്ഞത് എത്ര ശരിയാണ്. 

ദേഷ്യം ഒരു അടിസ്ഥാന മാനുഷിക വികാരമാണ്; സങ്കടം, സന്തോഷം, ഭയം പോലുള്ള ഒന്ന്. മിതവും മാന്യവുമായ ദേഷ്യത്തിന് അതിന്റെതായ ഗുണമുണ്ടായിരിക്കും. നല്ല കാര്യങ്ങളിലേക്ക് ദേഷ്യം പ്രചോദനമാകാം. അനീതിക്കും അന്യായത്തിനും അക്രമത്തിനുമെതിരെ അത് വ്യക്തികള്‍ക്ക് ധൈര്യമേകും. ആക്രമിക്കപ്പെടുമ്പോള്‍ അത് നമ്മുടെ നിലനില്‍പിന് തന്നെ ആവശ്യമായിവരും. 

ദേഷ്യത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ, അപകടകാരിയായ ദേഷ്യത്തെ നിയന്ത്രിക്കാന്‍ സത്യവിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ദേഷ്യത്തിന്റെ ഒരു നിമിഷത്തില്‍ ക്ഷമിച്ചാല്‍ ദുഃഖത്തിന്റെ അനേകം ദിവസങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകൂം. കുറ്റബോധത്തിന്റെ നാളെകളില്‍ നിന്ന് മുക്തരാവാന്‍ കഴിയും. അനിയന്ത്രിതമായി പുറത്തേക്ക് പ്രകടിപ്പിക്കലോ പൂര്‍ണമായും അടക്കി വെക്കലോ അല്ല ദേഷ്യത്തോട് സ്വീകരിക്കേണ്ട ആരോഗ്യകരമായ സമീപനം. ദേഷ്യത്തെ അടിച്ചമര്‍ത്തുമ്പോള്‍ ദേഷ്യമല്ല ഇല്ലാതാകുന്നത;് അതിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. ദേഷ്യത്തെ സ്വയം തിരിച്ചറിയുകയും അതിനെ ഇല്ലാതാക്കുകയുമാണ് ചെയ്യേണ്ടത്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍. മറിച്ച്, കോപം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കുന്നവനാണ് ശക്തന്‍'' (ബുഖാരി, മുസ്‌ലിം).

കോപിക്കുവാനും കഴിവനുസരിച്ച് അക്രമം കാണിക്കുവാനും ആര്‍ക്കും കഴിയും. എന്നാല്‍ കോപത്തെ അടക്കിനിര്‍ത്തുവാനും മാപ്പ് നല്‍കാനും കഴിവുള്ളവര്‍ വളരെ വിരളമാണ്. എതിരാളിയെ എന്ത് ചെയ്യുവാനും ശേഷിയുണ്ടായിരിക്കെ കോപം അടക്കിനിര്‍ത്താനും മാപ്പ് നല്‍കാനും കഴിയുന്നവനാണ് യഥാര്‍ഥത്തില്‍ ശക്തന്‍. അവന് ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയും. വേഗം കോപത്തിന് അടിമപ്പെടുകയും അക്രമാസക്തനാവുകയും ചെയ്യുന്നവന്‍ ദുഃഖിക്കേണ്ടിവരും. അവന്റെ ജീവിതം ദുരന്തമയമായിരിക്കും.

വിശുദ്ധ ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: 

''വന്‍പാപങ്ങളും നീചകൃത്യങ്ങളും വിട്ടകന്ന് നില്‍ക്കുന്നവരും കോപംവന്നാല്‍ മാപ്പ് നല്‍കുന്നവരും (പ്രതിഫലാര്‍ഹരാണ്)'' (42: 37).

യൂനുസ് നബി(അ) തന്റെ പ്രബോധനംകൊണ്ട് ഫലം കാണാതെവന്നപ്പോള്‍ ജനങ്ങളോട് ദേഷ്യപ്പെട്ടുകൊണ്ട് നാടുവിട്ടുപോയ സംഭവം വിവരിക്കെ ക്വുര്‍ആനില്‍ ഇങ്ങനെ കാണാം:

 ''അദ്ദേഹം കോപിഷ്ഠനായിപോയ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു....'' (21:87).

അല്ലാഹുവിന്റെ അനുവാദംകിട്ടാതെ ജനങ്ങളെ വിട്ടേച്ചുകൊണ്ടു പോയത് ഒരു പ്രവാചകന് യോജിച്ചതായിരുന്നില്ല. അതിനാല്‍ അല്ലാഹു അദ്ദേഹത്തെ പരീക്ഷണത്തിന് വിധേയനാക്കി. കപ്പലില്‍ കയറിയ അദ്ദേഹത്തിന് കടലില്‍ ചാടേണ്ടിവന്നു. ഒരു മത്സ്യം അദ്ദേഹത്തെ വിഴുങ്ങുകയും  ഏതാനും ദിവസങ്ങള്‍ക്കുശേഷം മത്‌സ്യം അദ്ദേഹത്തെ കരയിലെത്തിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു ഞെരുക്കത്തിലും പരീക്ഷണത്തിലും അദ്ദേഹം അകപ്പെടാന്‍ ഹേതു അദ്ദേഹം ദേഷ്യപ്പെട്ടുപോയതാണ്.

ഒരിക്കല്‍ ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നുകൊണ്ട് എനിക്ക് ഒരു ഉപദേശം നല്‍കിയാലും എന്ന് പറഞ്ഞപ്പോള്‍ 'നീ കോപിഷ്ഠനാകരുത്' എന്നായിരുന്നു അദ്ദേഹത്തിന് നല്‍കിയ ഉപദേശം. അതേ അപേക്ഷ പലതവണ ആവര്‍ത്തിച്ചപ്പോഴും 'നീ കോപിഷ്ഠനാകരുത്' എന്നായിരുന്നു നബി ﷺ  നല്‍കിയ ഉപദേശം.(ബുഖാരി).

ഒരു സായാഹ്‌നത്തില്‍ ജനങ്ങളോട് പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രവാചകന്‍ ﷺ  പറഞ്ഞു: ''ആദം സന്തതികള്‍ വിവിധ തരക്കാരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അറിയുക, സാവധാനം മാത്രം കോപം വരുന്നവരും വേഗം അത് ശമിക്കുന്നവരും അവരിലുണ്ട്. വേഗം ദേഷ്യം വരികയും ശമിക്കുകയും ചെയ്യുന്നവരുമുണ്ട്. സാവകാശം കോപിക്കുന്നവരും സാവധാനം അത് ശമിക്കുന്നവരുമുണ്ട്. അത് രണ്ടും അങ്ങനെ ഒത്തുപോകും. എന്നാല്‍ അറിയുക; വേഗം കോപിക്കുന്നവരും സാവകാശം ശമിക്കുന്നവരും മനുഷ്യനിലുണ്ട്. അതിനാല്‍ അവരിലേറ്റവും നല്ലവര്‍ സാവധാനം കോപം വരികയും വേഗം ശമിക്കുകയുംചെയ്യുന്നതാണ്. എളുപ്പം കോപിക്കുകയും മെല്ലെ മാത്രം ശമിക്കുന്നവരുമാണ് ഏറ്റവും കൊള്ളരുതാത്തവര്‍.''

ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ഇടവരുത്തുന്ന ഒരു ദുഃസ്വഭാവമാണ് അനിയന്ത്രിതമായ കോപം. അതിനാല്‍ കോപത്തെ അടക്കിനിര്‍ത്താന്‍ ശ്രമിക്കുക. ശ്രദ്ധിക്കുക. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളില്‍നിന്ന് രക്ഷനേടുക.  

പ്രവാചകസന്നിധിയില്‍വെച്ച് ഒരാള്‍ കോപാകുലനായി; അയാളുടെ മുഖം കോപത്താല്‍ ചുവന്നു. അന്നേരം നബി ﷺ  പറഞ്ഞു: നിശ്ചയമായും എനിക്ക് ഒരു വാചകമറിയാം. അയാള്‍ അത് അത് പറയുകയാണെങ്കില്‍ അയാളുടെ കോപം നീങ്ങിപ്പോകുന്നതാണ്. 'ശപിക്കപ്പെട്ട പിശാചില്‍നിന്ന് ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു' എന്ന് അയാള്‍ പറയുകയാണെങ്കില്‍ (ദേഷ്യം ഇല്ലാതാകുന്നതാണ്). (മുസ്‌ലിം).

അനിയന്ത്രിതമായ കോപമെന്ന ദുര്‍വികാരം പൈിശാചികമാണ്. കോപം വരുമ്പോള്‍ വിവേകത്തെ അടിച്ചമര്‍ത്തി വികാരത്തെയാണ് പിശാച് പരിപോഷിപ്പിക്കുക. അതുകൊണ്ട് കോപം വരുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ രക്ഷതേടുവാന്‍ നാം കല്‍പിക്കപ്പെട്ടിരിക്കുന്നു. കോപത്തിലെ പൈശാചികത മനസ്സിലാക്കുന്ന ഒരു വിശ്വാസി അതിനനുസരിച്ചാവണം തന്റെ ജീവിതം പാകപ്പെടുത്തേണ്ടത്.

അബൂബക്കര്‍(റ) തന്റെ മകനെ ഉപദേശിച്ചുകൊണ്ട് ഇപ്രകാരം എഴുതി: 'നീ കോപാകുലനായിരിക്കെ ആളുകള്‍ക്കിടയില്‍ തീരുമാനമെടുക്കരുത്. കാരണം നബി ﷺ  അപ്രകാരം വിലക്കുന്നതായി ഞാന്‍ കേട്ടിരിക്കുന്നു' (ബുഖാരി, മുസ്‌ലിം). 

കോപം വരുമ്പോള്‍ മൗനം പാലിക്കുക, അംഗശുദ്ധി വരുത്തുക, നില്‍ക്കുകയാണെങ്കില്‍ ഇരിക്കുക, ഇരിക്കുകയാണെങ്കില്‍ കിടക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിക്കുവാന്‍ നബി ﷺ  നിര്‍ദേശിച്ചതായി കാണാം. 

കോപാന്ധതയാല്‍ കരുത്ത് പ്രകടിപ്പിക്കുന്നത് പക്വതയാര്‍ന്ന നിലപാടല്ലെന്നും സഹജീവികളില്‍ നിന്നും വന്നുപോകുന്ന അബദ്ധങ്ങള്‍ ക്ഷമിക്കാനും പൊറുക്കാനും കഴിയുക എന്നതാണ് മഹത്ത്വത്തിന്റെയും പക്വതയുടെയും ലക്ഷണമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നമുക്ക് നല്‍കിയ സ്രഷ്ടാവ് നാം ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ക്ക് നമുക്കു മാപ്പുനല്‍കണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്ക് മാപ്പുകൊടുക്കല്‍ നമ്മുടെയും ബാധ്യതയാണ്. 

'''നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 24:22).

അനസ്ബ്‌നുമാലിക്(റ)വില്‍ നിന്ന് നിവേദനം: ''ക്വബ്‌റിന്നരികില്‍ നിന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ നബി ﷺ  നടന്ന് പോകുകയുണ്ടായി. അന്നേരം നബി ﷺ   ആ സ്ത്രീയോട് പറഞ്ഞു: 'നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ ക്ഷമിക്കുക.' അപ്പോള്‍ അവള്‍ പറഞ്ഞു: 'എന്നെ ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല, നിനക്കതിനെപ്പറ്റി അറിയുകയുമില്ല.' അവളോട് അത് പ്രവാചകനാണെന്ന് പറയപ്പെട്ടപ്പോള്‍ അവള്‍ പ്രവാചകന്റെ വാതിലിനടുത്ത് ചെന്ന് പറഞ്ഞു- പ്രവാചകന്റെ അടുത്ത് അവള്‍ പാറാവുകാരെ കണ്ടില്ല- താങ്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു.' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'നിശ്ചയമായും ക്ഷമ അതിന്റെ പ്രഥമ ഘട്ടത്തിലാകുന്നു'' (ബുഖാരി, മുസ്‌ലിം).