ഇസ്‌ലാം വിമര്‍ശകരുടെ ഇസ്‌ലാം ആശ്ലേഷണം

സുഫ്‌യാന്‍ അബ്ദുസ്സലാം

2019 ഫെബ്രുവരി 23 1440 ജുമാദല്‍ ആഖിര്‍ 18
എണ്ണമറ്റ വിമര്‍ശനങ്ങളാണ് ദിനംപ്രതിയെന്നോണം ഇസ്‌ലാമിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. കടുത്ത മതാന്ധത മൂലവും തെറ്റുധാരണകളുടെ അടിസ്ഥാനത്തിലുമാണ് ഇതില്‍ ഏറിയ പങ്കും വിരചിതമായിട്ടുള്ളത്. എന്നാല്‍ വസ്തുനിഷ്ഠവും സോദ്ദേശ്യപൂര്‍വവുമുള്ള വിമര്‍ശനങ്ങളെ ഇസ്‌ലാം എന്നും സ്വാഗതം ചെയ്തിട്ടേയുള്ളു. അത്തരം വിമര്‍ശകരില്‍ പലരും പിന്നീട് ഇസ്‌ലാം പുല്‍കിയിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്. കടുത്ത ഇസ്‌ലാം വിമര്‍ശകനും ഹോളണ്ടിലെ ഫ്രീഡം പാര്‍ട്ടിയുടെ മെമ്പറുമായിരുന്ന ജോറം വാന്‍ ക്ലാവെറെന്റെ ഇസ്‌ലാം ആശ്ലേഷണത്തിന്റെ പിന്നിലും ഈ വൈജ്ഞാനിക സത്യസന്ധത ദര്‍ശിക്കാനാവും.

ജോറം വാന്‍ ക്ലാവെറെന്റെ ഇസ്ലാം ആശ്ലേഷണം ഇസ്ലാം വിരുദ്ധ കേന്ദ്രങ്ങളില്‍ വലിയ ഞെട്ടലുളവാക്കിയിരിക്കുകയാണ്. കടുത്ത ഇസ്ലാം- മുസ്ലിം വിരുദ്ധ പ്രചാരണത്തിന്റെ വക്താവ് കൂടിയായിരുന്ന ഈ നാല്‍പതുകാരന്‍ ഹോളണ്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവും ഫ്രീഡം പാര്‍ട്ടിയുടെ പാര്‍ലമെന്റ് മെമ്പറുമായിരുന്നു. വിമോചനം, സമത്വവാദം, വര്‍ഗവിവേചനം ഇല്ലാതാക്കല്‍, തൊഴില്‍ ജനസംഖ്യ അനുപാതം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലായിരുന്നു ജോറം കേന്ദ്രീകരിച്ചിരുന്നത്. 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം ഫ്രീഡം പാര്‍ട്ടിയുടെ സമുന്നത നേതാവായ ഗീര്‍ട്ട് വില്‍ഡേഴ്‌സ് ഹോളണ്ടിലെ മൊറോക്കന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ജോറം പാര്‍ട്ടി വിടുകയായിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന ജോറം ഇസ്ലാം വിമര്‍ശനത്തിന് വേണ്ടിയുള്ള ഗവേഷണത്തിലും രചനയിലുമായിരുന്നു പിന്നീട് സമയം ചെലവഴിച്ചത്. 'ഇസ്ലാം കാപട്യമില്ലാത്ത കളവ്', 'ക്വുര്‍ആന്‍ വിഷമയം', 'മുഹമ്മദ് ഒരു വക്രബുദ്ധി' തുടങ്ങിയ കമന്റുകള്‍ നിരന്തരം ഉപയോഗിച്ചു വന്നിരുന്ന ജോറം ഇസ്ലാമിനെ ഭീകരതയുടെയും നാശത്തിന്റെയും പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചു. നേരത്തെ പ്രൊട്ടസ്റ്റന്റ് ചിന്താഗതി പിന്തുടര്‍ന്നു വന്നിരുന്ന ജോറം ഇസ്ലാം വിമര്‍ശനത്തിന് വേണ്ടി ധാരാളം സമയം ചെലവഴിച്ചിരുന്നുവെങ്കിലും 'മതം' എന്ന പ്രയോഗത്തിന്റെ അര്‍ഥതലങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലും മുഴുകിയിരുന്നു. ഇസ്ലാം മാനവികതയുടെ പ്രത്യയശാസ്ത്രമാണെന്നും മുഹമ്മദ് നബിﷺ  കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രവാചകനാണെന്നും മനസ്സിലാക്കി യഥാര്‍ഥ ദൈവിക മതത്തെ അദ്ദേഹം കണ്ടെത്തിയതോടെ മതത്തെ കുറിച്ചുള്ള ഗവേഷണം അവസാനിപ്പിക്കുകയാണുണ്ടായത്.

ഇസ്ലാമിനെതിരെ ഒരു സമ്പൂര്‍ണ പുസ്തകത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു ജോറം. ഇസ്ലാമില്‍ നില നില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, ജൂത വിരുദ്ധ നിലപാടുകള്‍, മുസ്ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ, ഇസ്ലാമിലെ സ്ത്രീ നിന്ദ തുടങ്ങിയ വിഷയങ്ങളാണ് ഇസ്ലാമിനെതിരെ പുസ്തകം രചിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഗ്രന്ഥരചന നിര്‍വഹിക്കാന്‍ വിവിധങ്ങളായ ഇസ്ലാമിക ഗ്രന്ഥങ്ങളും ലേഖനങ്ങളും ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളും പരിശോധിക്കേണ്ടി വന്നതോടെ എഴുത്തില്‍ അദ്ദേഹത്തിന് 'സംയമനം' പാലിക്കേണ്ടി വന്നു. ഇസ്ലാമിക തീവ്രവാദം എന്ന ഒന്നില്ലെന്നും അതെല്ലാം ശത്രുക്കളുടെ ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കണ്ടെത്തി. പുസ്തകരചനയില്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിരുന്ന പലരും പുസ്തകം ഉദ്ദേശിച്ച രൂപത്തില്‍ ആകുന്നില്ലെന്നു കണ്ടപ്പോള്‍ വിമര്‍ശനവുമായി കടന്നുവന്നു. ഈ എഴുത്ത് വളരെ വരണ്ടതാണെന്നും അല്പംകൂടി തീവ്ര സ്വഭാവത്തില്‍ എഴുതണമെന്നും പലരും നിര്‍ബന്ധിച്ചു. പക്ഷേ, സത്യസന്ധമായിട്ടല്ലാതെ അതിരുകവിഞ്ഞ എഴുത്തുകളെഴുതി തട്ടിപ്പുകള്‍ നടത്താന്‍ സാധ്യമല്ലെന്നു അദ്ദേഹം തീരുമാനിച്ചു. മുന്‍ധാരണയോടെ എഴുതിയത് പലതും തിരുത്തി കൃത്യമായ പോയിന്റുകളോട് കൂടി മാത്രം എഴുതി വന്നപ്പോള്‍ അതൊരു ഇസ്ലാം അനുകൂല എഴുത്തായി മാറി. ഈ എഴുതുന്നതെല്ലാം താന്‍ അംഗീകരിച്ചുകൊണ്ട് എഴുതുന്നതാണെങ്കില്‍ അതോടു കൂടി തന്നെ താനൊരു മുസ്ലിമായി മാറുമെന്ന് അദ്ദേഹം മനസ്സിലാക്കി. നിത്യേന ഉപയോഗിച്ചുവന്നിരുന്ന ബൈബിള്‍ മേശപ്പുറത്തു വെച്ചുകൊണ്ട് തന്നെയാണ് വളരെ വെറുപ്പോടു കൂടി കണ്ടിരുന്ന ഇസ്ലാമിക ഗ്രന്ഥങ്ങള്‍ അതേ മേശപ്പുറത്ത് വെച്ച് വിമര്‍ശന പഠനങ്ങള്‍ നടത്തിയിരുന്നതെന്നും അദ്ദേഹം പറയുന്നു. ഇസ്ലാമിനോട് തനിക്ക് കടുത്ത വിരോധം ഉണ്ടായിരുന്നെങ്കിലും താനൊരു യഥാര്‍ഥ ദൈവാന്വേഷി ആയിരുന്നുവെന്നും ആ അന്വേഷണത്തിന്റെ ഉത്തരമാണ് ഇസ്ലാമിലൂടെ തനിക്കിപ്പോള്‍ ലഭിച്ചതെന്നും ജോറം വ്യക്തമാക്കി. 

ജോറം ഇസ്ലാം സ്വീകരിച്ചെന്നറിഞ്ഞപ്പോള്‍ ഭാര്യയുടെ പ്രതികരണം വളരെ പോസിറ്റിവ് ആയിരുന്നു. ഇസ്ലാമിലാണ് താങ്കള്‍ സന്തോഷം കണ്ടെത്തുന്നതെങ്കില്‍ അതിനെ തടയില്ലെന്ന് അവര്‍ പറഞ്ഞതായി ജോറം മാധ്യമങ്ങളോട് പറഞ്ഞു. ഫ്രീഡം പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നപ്പോളും ഭാര്യ അത്ര സന്തോഷവതി ആയിരുന്നില്ലെന്നും ജോറം പറഞ്ഞു. തന്റെ പെണ്‍മക്കള്‍ക്ക് ഇപ്പോള്‍ ഇതിനെ കുറിച്ച് ചിന്തിക്കാനുള്ള പ്രായമായില്ലെന്നും അതിനുള്ള പക്വത കൈവരുമ്പോള്‍ അവര്‍ സ്വയം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സഹാദരന്മാര്‍ക്കും സഹോദരിമാര്‍ക്കും സമ്മിശ്ര പ്രതികരണമാണുള്ളത്. സുഹൃത്തുക്കളില്‍ പലരില്‍ നിന്നും പ്രോത്സാഹനജനകമായ നിലപാടല്ല ഉണ്ടായിട്ടുള്ളത്. മാധ്യമങ്ങളില്‍ ചിലര്‍ വളരെ രൂക്ഷമായ പ്രതികരണവുമായി പ്രത്യക്ഷപ്പെട്ടു. പക്ഷേ, എന്റെ നിലപാടുകള്‍ സ്വതന്ത്രമാണ്. ഫ്രീഡം പാര്‍ട്ടിയുടെ നേതാവായിരുന്നപ്പോളും പല കാര്യങ്ങളിലും പലരും വിമര്‍ശിച്ചിട്ടുണ്ടെന്നും അതുകൊണ്ട് വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

പേരുമാറ്റത്തെ കുറിച്ചല്ല താനിപ്പോള്‍ ചിന്തിക്കുന്നതെന്നും ക്വുര്‍ആന്‍ പഠിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും ഫാതിഹയും ഇഖ്ലാസും മാത്രമാണ് ഇപ്പോള്‍ അറിയാവുന്നത് എന്നും ജോറം പറയുന്നു. അതുകൊണ്ട് തന്നെ 'എനിക്കും ക്വുര്‍ആന്‍ പഠിക്കണം' (I learn Kuran) എന്ന ഒരു ചെറുപുസ്തകത്തിന്റെ രചന  ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പത്ത് വയസ്സ് വരെയുള്ള കുട്ടികളെ കൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഈ 'പിങ്ക് പുസ്തകം' എന്നും അദ്ദേഹം പറഞ്ഞു. 

കടുത്ത ഇസ്ലാം വിമര്‍ശകനായിരുന്നു ഒരാളെ പെട്ടെന്ന് ഡച്ച് മുസ്ലിംകള്‍ അംഗീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി വളരെ കൃത്യമായിരുന്നു. 'ഞാന്‍ മുസ്ലിമായത് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടി മാത്രമാണ്. ആരൊക്കെ എന്തൊക്കെ നിലപാട് എടുത്താലും എന്റെ നിലപാടില്‍ മാറ്റമില്ല'. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ: 'ക്രൈസ്തവതയില്‍ ഒരുപാട് നന്മകളുണ്ട്. പക്ഷേ, കുരിശുമരണം, ആദിപാപം, ത്രിയേകത്വം തുടങ്ങിയ വിഷയങ്ങളോട് എനിക്ക് ഒട്ടും സമരസപ്പെട്ടു പോവാന്‍ സാധ്യമല്ല. അവയില്‍ എനിക്കൊട്ടും വിശ്വാസമില്ല എന്നതുകൊണ്ട് തന്നെ എന്നെ ആരും ക്രിസ്ത്യന്‍ എന്ന് വിളിക്കേണ്ടതില്ല.'

ഹോളണ്ടിലെ മൊറോക്കന്‍ ജനതയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: 'ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അവരില്‍ തീവ്രതയുണ്ടെങ്കില്‍ അത് ഇസ്ലാമിന്റെ പ്രശ്‌നമല്ല. അതൊരു ജനതയുടെ മാത്രം പ്രശ്‌നമായി കാണണം. ഹോളണ്ടിനെതിരെ ഇസ്ലാമിന്റെ പേരില്‍ ആരെങ്കിലും ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇസ്ലാമിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏഴാം നൂറ്റാണ്ടില്‍ ഖവാരിജുകള്‍ തുടങ്ങിവെച്ചതാണ്. അതിനു ഇസ്ലാമല്ല കാരണം. ഖവാരിജുകളുടെ ചിന്താഗതികള്‍ അസ്തമിച്ചിട്ടില്ല, അതിന്റെ ആധുനിക രൂപമാണ് ഐ.എസ് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ അജ്ഞതകള്‍ കാരണം തീവ്ര നിലപാടുകള്‍ പുലര്‍ത്തുന്നവരുണ്ട്. അവരെ വിദ്യാഭ്യാസവല്‍ക്കരിക്കുകയാണ് പരിഹാരമാര്‍ഗം.'

മതസംഘര്‍ഷം, സ്ത്രീ നിന്ദ, ജൂത വിരോധം തുടങ്ങിയ വിഷയങ്ങളില്‍ കുറെ അതിശയോക്തികളാണുള്ളത്. ക്രിസ്തീയ മതം ഇസ്ലാം മതത്തോട് മത്സരിച്ചപ്പോള്‍ ഇസ്ലാം മതത്തിന്റെ മുഖത്തെ വികൃതമാക്കാന്‍ ചില 'അയോഗ്യതകള്‍' ഇസ്ലാമിന് നേരെ കൊണ്ടുവരികയും അത് ശക്തമായ പ്രചാരണമാക്കി മാറ്റുകയും ചെയ്തു. ഇസ്ലാം സംഘര്‍ഷമാണെന്നും മുസ്ലിം സ്ത്രീകള്‍ ഒട്ടും സ്വാതന്ത്ര്യമില്ലാത്തവരാണെന്നും തുടങ്ങിയ പ്രചാരണങ്ങള്‍ ഇങ്ങനെ വളര്‍ന്നു വന്നതാണെന്നും ജോറം പറഞ്ഞു. 

ഡച്ച് ഫ്രീഡം പാര്‍ട്ടിയില്‍ നിന്നും ഒരാള്‍ ആദ്യമായിട്ടല്ല ഇസ്ലാം സ്വീകരിക്കുന്നത്. ഇതിനു മുമ്പ് മറ്റൊരു എം.പി കൂടി ആയിരുന്ന ആര്‍നോഡ് വാന്‍ ഡൂണ്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലം അതേ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഗീര്‍ട്ട് വില്‍ഡേഴ്‌സ് ആവിഷ്‌കരിച്ച 'ഫിത്‌ന' എന്ന ഇസ്ലാം വിരുദ്ധ സിനിമയായിരുന്നു. ലോക മുസ്ലിംകളുടെ മുഴുവന്‍ പ്രതിഷേധവും അലയടിച്ച സിനിമയായിരുന്നു വില്‍ഡേഴ്സിന്റെ 'ഫിത്‌ന'. 2008 ല്‍ പുറത്തിറങ്ങിയ സിനിമക്കെതിരെ വന്ന മുസ്ലിം ലോകത്തിന്റെ രചനാത്മകമായ പ്രതികരണമായിരുന്നു ആര്‍നോഡിന്റെ മനം മാറ്റത്തിന്റെ പിന്നില്‍. സിനിമ വിതരണം ചെയ്തതില്‍ വലിയ ഖേദം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 

'ഫിത്‌ന' എന്ന സിനിമ യൂറോപ്പിലുണ്ടാക്കിയ അലയൊലികള്‍ വലുതായിരുന്നു. ഇസ്ലാം വിമര്‍ശനത്തിന്റെ പേരില്‍ ലോകം അതിനെ അറിഞ്ഞപ്പോള്‍ ആ സിനിമയുടെ ഉള്ളടക്കത്തെ അപഗ്രഥിക്കാനാണ് മുസ്ലിം പണ്ഡിതര്‍ ശ്രമിച്ചത്. ഇസ്ലാം വിമര്‍ശിക്കപ്പെടരുതെന്ന അഭിപ്രായം മുസ്ലിംകള്‍ക്കില്ല. പക്ഷേ, വിമര്‍ശനങ്ങള്‍ തെറ്റിദ്ധരിപ്പിക്കല്‍ മാത്രം ലക്ഷ്യമാക്കപ്പെട്ടുകൊണ്ടായിരിക്കരുത്. ഏതൊരു ആദര്‍ശവും വിമര്‍ശിക്കപ്പെടുക സ്വാഭാവികമാണ്. ആരോഗ്യകരമായ വിമര്‍ശനങ്ങളും നിരൂപണങ്ങളും ആവിഷ്‌ക്കാരങ്ങളും മനുഷ്യസമൂഹത്തിന്റെ ചിന്താ മണ്ഡലങ്ങളില്‍ ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിക്കും. ഇസ്ലാമിനെക്കുറിച്ചും ഇസ്ലാമികാദര്‍ശത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളെ മുസ്ലിംലോകം കണ്ണടച്ച് എതിര്‍ക്കാറില്ല. ഇസ്ലാമിനെതിരെ ആര്‍ക്കും ഒന്നും പറയാന്‍ അവകാശമില്ലെന്ന ധാരണയും മുസ്ലിംകള്‍ വെച്ചു പുലര്‍ത്താറില്ല. അബദ്ധധാരണകളില്‍ നിന്നും അജ്ഞതയില്‍ നിന്നും തെറ്റിദ്ധരിപ്പിക്കലുകളില്‍ നിന്നും ഉല്‍ഭൂതമാകുന്ന ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും ഇസ്ലാം ശത്രുതാപരമായി കാണാറില്ല. സദുദ്ദേശപരമായി അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിമര്‍ശിക്കുകയും ചെയ്തവരില്‍ പലര്‍ക്കും പിന്നീട് യഥാര്‍ഥ ദൈവിക മാര്‍ഗത്തെ പുല്‍കാന്‍ സാധിച്ചതായി നമുക്കു കാണാം. അതുതന്നെയാണ് ഇപ്പോള്‍ ആര്‍നോഡിന്റെയും ക്ലാവറെന്റെയും കാര്യത്തില്‍ നാം കണ്ടത്. 

സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തിന് മനുഷ്യനോളം പഴക്കമുണ്ട്. അസത്യം ചില സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക വിജയം നേടാറുണ്ടെന്നത് ശരിയാണെങ്കിലും അന്തിമ വിജയം എപ്പോഴും സത്യത്തിന്റെ കൂടെയാണ്. പരാജയപ്പെടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നത് അസത്യത്തിന്റെ മാത്രം സവിശേഷതയാണ്. ഭൂതകാലങ്ങളില്‍ ഇതുപോലെയുള്ള ഒട്ടനവധി ഗൂഢപദ്ധതികളെ ഇസ്ലാം അതിജീവിച്ചു. കാരണം അത് ദൈവികമതമാണ്. ഇസ്ലാമികാദര്‍ശത്തെ സംരക്ഷിക്കുകയെന്നത് ദൈവിക നിയമങ്ങളില്‍ പെട്ടതാണ്. 

യൂറോപ്പില്‍ ഇസ്ലാം ദ്രുതഗതിയില്‍ പടര്‍ന്നു പന്തലിക്കുന്നതിനെ തടയിടുന്നതിനാണ് ചിലര്‍ തെറ്റിദ്ധാരണാജനകമായ സിനിമകളും ആവിഷ്‌കാരങ്ങളും നിരന്തരം പടച്ചുവിടുന്നത്. മുസ്ലിം സമുദായത്തെ പ്രകോപിപ്പിക്കുകയും അതിലൂടെ മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. പതിനേഴ് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള 'ഫിത്‌ന' ഇത്തരത്തിലുള്ള ലക്ഷ്യങ്ങളോടെ പിറന്നുവീണ ക്ഷുദ്രാവിഷ്‌കാരമാണ്. 

ഇസ്ലാം വിമര്‍ശകര്‍ ഇത്തരത്തിലുള്ള ക്ഷുദ്രാവിഷ്‌കരണത്തിലൂടെ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന തെറ്റിദ്ധരിപ്പിക്കലുകളെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1. വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളെ അസാന്ദര്‍ഭികമായി ഉദ്ധരിക്കുകയും അര്‍ഥത്തില്‍ ഗുരുതരമായ കൃത്രിമങ്ങള്‍ നടത്തുകയും ചെയ്യുക.

ഉദാഹരണം: പ്രതിരോധ സന്നാഹങ്ങള്‍ ഒരുക്കുന്നതിന്നായി അവതരിക്കപ്പെട്ട വചനം:

'അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും കെട്ടി നിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതു മുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും അവര്‍ക്കു പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റു ചിലരെയും നിങ്ങള്‍ ഭയപ്പെടുത്താന്‍ വേണ്ടി' (ക്വുര്‍ആന്‍ 8:60). ഈ വചനത്തിലെ 'ഭയപ്പെടുത്താന്‍' എന്ന പദം അടര്‍ത്തിയെടുത്ത് ഇസ്ലാം ഭീകരതക്ക് പ്രേരിപ്പിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.

യഥാര്‍ഥത്തില്‍ ഇന്ന് ലോക രാഷ്ട്രങ്ങളെല്ലാം സ്വന്തം രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനു വേണ്ടിയും ശത്രു രാജ്യങ്ങളില്‍ നിന്നുള്ള അക്രമങ്ങളെ ചെറുക്കുന്നതിനു വേണ്ടിയും സൈന്യ സന്നാഹങ്ങള്‍ നടത്തുന്നതും ആയുധങ്ങള്‍ ശേഖരിക്കുന്നതും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ പ്രതിരോധ സംവിധാനങ്ങളുണ്ട്. അതിനെ ആരും ഭീകരവാദമായി കാണാറില്ല. അതിന്റെ ആവശ്യവുമില്ല. സമാധാനം ആഗ്രഹിക്കുന്നവരുമായി ഇസ്ലാം യുദ്ധം പാടില്ലെന്ന് പഠിപ്പിച്ചു. സമാധാനത്തിനു തയ്യാറായി വരുന്നവരുമായി ഉടനെ സമാധാന ഉടമ്പടികള്‍ ചെയ്യണമെന്ന് നടേ സൂചിപ്പിച്ച സൂക്തത്തിനു ശേഷം വരുന്ന വചനം പഠിപ്പിക്കുകയും ചെയ്യുന്നു. 'ഇനി അവര്‍ സമാധാനത്തിലേക്ക് ചായ്‌വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്‌വ് കാണിക്കുകയും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക.' (ക്വുര്‍ആന്‍ 8:61).

ഇസ്ലാം ഭീകരതായാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വില്‍ഡര്‍സ് ദുര്‍വ്യഖ്യാനിച്ച് അവതരിപ്പിച്ച മറ്റൊരു ക്വുര്‍ആനിക വചനം ഇപ്രകാരമാണ്: 'തീര്‍ച്ചയായും നമ്മുടെ തെളിവുകളെ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തു പോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ച് കൊണ്ടിരിക്കാന്‍ വേണ്ടിയാണത്.' (ക്വുര്‍ആന്‍ 4:56).

ഇസ്ലാമിന്റെ വിമര്‍ശകരെ മുഴുവന്‍ കത്തിച്ചു കളയണമെന്നാണത്രെ ഈ വചനം പഠിപ്പിക്കുന്നത് സത്യ നിഷേധികള്‍ക്ക് സര്‍വശക്തനായ തമ്പുരാന്‍ പരലോകത്ത് സമ്മാനിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഈ വചനത്തെ എത്ര ക്രൂരമായാണ് വില്‍ഡര്‍സ് ദുര്‍വ്യാഖ്യാനിച്ചിരിക്കുന്നത്! ഇസ്ലാമിന്റെ 'ക്രൂരതകളെ' മാത്രം അന്വേഷിച്ചിറങ്ങിയ വിമര്‍ശകന്‍ തൊട്ടടുത്ത വചനം കാണാതെ പോയത് അയാളിലെ ഇസ്ലാം വിരുദ്ധ വികാരത്തിന്റെ ആഴത്തെ നമുക്കു മനസ്സിലാക്കിത്തരുന്നു: 'വിശ്വസിക്കുകയും സല്‍ പ്രവൃത്തികളിലേര്‍പ്പെടുകയും ചെയ്തവരാകട്ടെ താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും. സ്ഥിരവും ഇടതൂര്‍ന്നതുമായ തണലില്‍ നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും.' (ക്വുര്‍ആന്‍ 4:57).

2. കല്‍പിത ചിത്രങ്ങളും കെട്ടിച്ചമയ്ക്കപ്പെട്ട കഥകളുമാണ് വിമര്‍ശകരുടെ മറ്റു ചില ആയുധങ്ങള്‍

ഉദാഹരണം: ശിയാക്കളിലെ റാഫിദ വിഭാഗത്തില്‍പ്പെട്ടവര്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് സ്വയം മുറിവേല്‍പിക്കുകയും അവരുടെ ശിരസ്സുകളില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുകയും ചെയ്യുന്ന ഒരു ചിത്രം ഇസ്ലാമിന്റെ ഭീകരതക്കുദാഹരണമായി വില്‍ഡര്‍സ് കാണിക്കുന്നു. ഒന്നാമതായി ഇസ്ലാമിക ശരീഅത്ത് ഇങ്ങനെ ഒരാചാരം പഠിപ്പിക്കുന്നില്ല. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരില്‍ നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അവയിലൊന്നാണിതെന്ന് വിമര്‍ശകന് അറിയാഞ്ഞിട്ടല്ല. മറ്റു മതസ്ഥരെ ഇസ്ലാം പഠിപ്പിക്കാത്ത ഈ അനാചരത്തിലൂടെ ശിയാക്കള്‍ കുത്തിപ്പരിക്കേല്‍പിക്കുന്നില്ല എന്ന കാര്യവും വിമര്‍ശകനറിയാഞ്ഞിട്ടല്ല. എങ്കിലും ഇതിലൂടെ സാമാന്യ ലോകത്തിനു മുമ്പില്‍ ഇസ്ലാമിനെ മോശമായി ചിത്രീകരിക്കാന്‍ സാധിക്കുമല്ലോ എന്ന ആത്മനിര്‍വൃതിയാണ് അയാള്‍ക്ക് പ്രേരണയാവുന്നത്.

3. മുസ്‌ലിംകളെയും ഇതര മതസ്ഥരെയും തമ്മിലടിപ്പിക്കാന്‍ വേണ്ടി മാത്രം നിര്‍മിച്ച ചില വീഡിയോ ക്ലിപ്പിംഗുകള്‍.

ഉദാഹരണം: വാളെടുത്ത് യുദ്ധത്തിന് പ്രേരിപ്പിക്കുന്ന ഒരു ഖത്വീബിന്റെ വീഡിയോ ചിത്രമാണ് മറ്റൊന്ന്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ലോകത്തുള്ള നിരവധി മുസ്ലിം പള്ളികളില്‍ ജുമുഅ നിര്‍വഹിക്കപ്പെടുന്നുണ്ട്. അവിടങ്ങളിലൊക്കെ പരലോകവിജയം കൈവരിക്കാന്‍ ഇഹലോകജീവിതത്തില്‍ ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നാണ് പഠിപ്പിക്കപ്പെടുന്നത്. സാമ്രാജ്യത്വ ശക്തികള്‍ പഠിപ്പിക്കുന്നതു പോലെ ലോകജനതയെ ആകമാനം കൊന്നൊടുക്കുവാന്‍ ഖത്വീബുമാര്‍ ആഹ്വാനം ചെയ്യാറില്ല. വിശുദ്ധ ക്വുര്‍ആന്‍ അപ്രകാരം ഉപദേശിക്കുന്നില്ല. മുഹമ്മദ് നബിﷺ  അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല. ധാരാളം മുസ്ലിംകള്‍ കൊന്നൊടുക്കപ്പെട്ടിട്ടും ഒട്ടനവധി പീഡനങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടും അങ്ങേയറ്റം അപഹാസിതനാവേണ്ടി വന്നിട്ടും പ്രവാചകന്‍ﷺ  പ്രതികാര നടപടി സ്വീകരിച്ചില്ല. പ്രവാചകനെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടവരോട് വിട്ടുവീഴ്ചയുടെ മന്ത്രധ്വനികളുയര്‍ത്തുകയാണ് ആ മഹാനുഭാവന്‍ ചെയ്തത്. 'നിങ്ങള്‍ക്ക് പോകാം; നിങ്ങള്‍ മോചിതരാണ്' എന്ന ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രഖ്യാപനമാണ് പ്രവാചകന്‍ നടത്തിയത്. അതാണ് ഇസ്ലാമിന്റെ മാര്‍ഗം. അതാണ് മുസ്ലിംകള്‍ മാതൃകയാക്കുന്നതും മാതൃകയാക്കേണ്ടതും.

'ഫിത്‌ന' പോലെയുള്ള സിനിമകള്‍ നിര്‍മിക്കുന്നവരുടെ ഉദ്ദേശം ഇപ്രകാരം നമുക്ക് വിലയിരുത്താം:

1. പ്രസിദ്ധി, തിരഞ്ഞെടുപ്പിലെ വിജയം തുടങ്ങിയ വ്യക്തിപരമായ നേട്ടം.

2. ജൂതന്മാരെ പ്രീതിപ്പെടുത്തല്‍. ദശലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കിയത് ക്രിസ്ത്യന്‍ സമുദായ ത്തില്‍പ്പെട്ട ഹിറ്റ്‌ലറാണെന്ന കാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ഹിറ്റ്‌ലര്‍ തന്റെ പുസ്തകത്തില്‍ ഇത് ദൈവികല്‍പനപ്രകാരമാണെന്ന് പറഞ്ഞതും ഇത്ര പെട്ടെന്നു മറക്കാന്‍ സാധിക്കുമോ? ഗാസയിലും മറ്റു പലസ്തീന്‍ പ്രവിശ്യകളിലും ജൂതന്മര്‍ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന മുസ്ലിം ജനതയുടെ എണ്ണത്തിന് വല്ല കണക്കുമുണ്ടോ? ഗാസയിലെ ഓപറേഷനെ 'പൂര്‍ണ നശീകരണം' (holocaust) എന്നു വിളിച്ച് ആത്മാഭിമാനം പ്രകടിപ്പിച്ചവരാണ് ജൂത വിഭാഗം എന്നതും എന്തിന് മറക്കുന്നു?

3. യൂറോപ്പിലാകമാനം ഇസ്ലാം പടര്‍ന്നു പന്തലിക്കുന്നു എന്നു പ്രചരിപ്പിച്ച് പാശ്ചാത്യന്‍ രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുക.

മുസ്ലിംകള്‍ എങ്ങനെ പ്രതിരോധിക്കണം?

ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവ കാര്യങ്ങളെ വിവേചിച്ചറിയാവുന്ന പണ്ഡിതന്മാരിലേക്കും നേതാക്കളിലേക്കും മടക്കുവാനാണ് വിശുദ്ധ ക്വുര്‍ആനിന്റെ നിര്‍ദേശം. 'സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നു കിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു.' (ക്വുര്‍ആന്‍ 4:83).

ഇസ്ലാം വിമര്‍ശകര്‍ 'ഫിത്‌നകള്‍' ആവിഷ്‌കരിച്ച് കുഴപ്പങ്ങള്‍ക്ക് മുതിരുമ്പോള്‍ അവയെ ബുദ്ധിപരമായും വൈജ്ഞാനികമായും നേരിടാനാണ് വിശ്വാസി സമൂഹം ശ്രമിക്കേണ്ടത്. സ്വന്തം നാടുകളില്‍ പ്രകടനങ്ങള്‍ നടത്തി സമാധാനാന്തരീക്ഷം തകര്‍ത്ത് രക്തച്ചൊരിച്ചിലുകള്‍ സൃഷ്ടിക്കുന്നത് വിശ്വാസികള്‍ക്ക് ഭൂഷണമല്ല. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ മാത്രം ഇസ്ലാമിക ആവേശവും പ്രവാചകസ്‌നേഹവും ഉണ്ടാവുന്നതിനു പകരം ചെറുതും വലുതുമായ മുഴുവന്‍ കാര്യങ്ങളിലും ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുകയും പ്രവാചക നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുകയാണ് വേണ്ടത്. 

ഇസ്ലാമിനെക്കുറിച്ച് സ്വയം പഠിക്കാന്‍ തയ്യാറാവുകയും ഇസ്ലാമിക പ്രബോധന നിര്‍വഹണത്തില്‍ നിരതരാവുകയും ചെയ്യുക. ഇസ്ലാമിനെക്കുറിച്ച് പ്രചരിച്ചു കൊണ്ടിരിക്കുന്ന തെറ്റിദ്ധാരണകള്‍ തിരുത്തുവാന്‍ ഇത്തരം നടപടികളിലൂടെ മാത്രമെ സാധ്യമാവൂ. വിമര്‍ശനങ്ങളെ വൈകാരികമായി നേരിടുന്നതിന് പകരം കൃത്യമായ പഠനങ്ങളിലൂടെ മറുപടികള്‍ കണ്ടെത്തി ജനസമൂഹങ്ങളെ ബോധവല്‍ക്കരിക്കുക. മറുപടികളിലും പ്രതികരണങ്ങളും പക്വതയും സഹിഷ്ണുതയും കാത്തു സൂക്ഷിക്കുക. ആവേശത്തോടെയുള്ള ആക്രോശങ്ങളോ ഇടിവെട്ട് പ്രസംഗങ്ങളോ അല്ല, മനസ്സുകളെ സ്വാധീനിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്‌നേഹവും സമാധാനവും വിജ്ഞാനവും ഒത്തു ചേര്‍ന്ന അവധാനതയോടെയുള്ള മറുപടികളാണ് കാലഘട്ടം തേടുന്നത്.