വൈദിക പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍...

അബ്ദുല്ല ബാസില്‍ സി.പി

2019 മാര്‍ച്ച് 08 1440 റജബ് 02
സ്രഷ്ടാവിന്റെ നിയമ നിര്‍ദേശങ്ങള്‍ പാലിക്കുമ്പോഴാണ് സൃഷ്ടികളായ മനുഷ്യരുടെ ജീവിതം അര്‍ഥപൂര്‍ണമാവുക. ദൈവപ്രീതിക്ക് വേണ്ടിയാണെങ്കില്‍ പോലും സ്വന്തമായി നിയമങ്ങളുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അത് പാലിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല മഹാ അബദ്ധങ്ങളില്‍ ചെന്ന് ചാടുമെന്ന കാര്യത്തിലും സംശയമില്ല. പ്രപഞ്ചനാഥന്‍ പരിപാവനമായി പരിചയപ്പെടുത്തിയ വിവാഹമെന്ന കരാറിനെ ഇല്ലാതാക്കി ആത്മീയോന്നതി പ്രാപിക്കാന്‍ ശ്രമിച്ച ക്രൈസ്തവ സഭകള്‍ക്ക് വന്നു ഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി ഈ വസ്തുതയാണ് വിളിച്ചോതുന്നത്.

2019 ഫെബ്രുവരി മാസം അവസാനവാരം ക്രൈസ്തവ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന ഒരു സുപ്രധാന സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. പുരോഹിതര്‍ക്ക് നേരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ലൈംഗിക, ബാലപീഡന ആരോപണങ്ങള്‍ മുഖ്യഅജണ്ടയാക്കി ചര്‍ച്ച ചെയ്യാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നാല് ദിവസത്തെ ഉച്ചകോടിയാണ് വിളിച്ചുചേര്‍ത്തത്. ചരിത്രത്തില്‍ ആദ്യമായാണ് ആഗോള തലത്തില്‍ മുതിര്‍ന്ന ബിഷപ്പുമാരെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ട് ഇങ്ങനെയൊരു യോഗം ചേരുന്നത്. വത്തിക്കാന്‍ വിളിച്ചുകൂട്ടിയ ഈ അസാധാരണ ഉച്ചകോടിയില്‍ ബിഷപ്പുമാരെ ലൈംഗിക ചൂഷണങ്ങളെ പറ്റി ബോധവല്‍ക്കരിച്ച് അവര്‍ തിരിച്ചു നാട്ടിലെത്തുമ്പോള്‍ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ കൃത്യമായ ദിശാബോധം നല്‍കുക എന്നതായിരുന്നു ലക്ഷ്യം.

കത്തോലിക്കാ സഭ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ബാലപീഡന, ലൈംഗിക ആരോപണങ്ങള്‍ സഭയെ ആഗോളതലത്തില്‍ തുടര്‍ച്ചയായി പ്രതിക്കൂട്ടിലാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മേല്‍പറഞ്ഞ ഉച്ചകോടി വിളിച്ചു ചേര്‍ക്കേണ്ടി വന്നത്. ഒരു കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് യു.എസ്സിലെ മുന്‍ കര്‍ദിനാളിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്താക്കിയത് ഏറ്റവും അവസാനത്തെ സംഭവങ്ങളില്‍ ഒന്ന് മാത്രം. സഭയിലെ ഭീഷണിയും ബഹിഷ്‌കരണങ്ങളും മറികടന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ പുറത്തു വരാതെ ഒതുങ്ങിക്കഴിയുന്നവയെ അപേക്ഷിച്ച് വളരെ തുച്ഛമാണ് എന്നതാണ് ഏറെ ഗൗരവകരം.

കേരളത്തില്‍ പോലും സമീപകാലത്ത് ഇത്തരത്തിലുള്ള ഒരുപാട് വാര്‍ത്തകള്‍ നാം കേട്ടു. വൈദികജീവിതത്തിന്റെ ഉള്ളറകള്‍ പുറംലോകത്തോട് വിളിച്ചുപറയുന്ന തരത്തിലുള്ള ഒരുപാട് പുസ്തകങ്ങള്‍ മലയാളത്തില്‍ തന്നെ ലഭ്യമാണ്. പുറമെ ദൈവത്തിന്റെ പ്രതിപുരുഷന്മാരും കര്‍ത്താവിന്റെ മണവാട്ടികളുമായി വേഷംകെട്ടുന്നവരുടെ യഥാര്‍ഥ മുഖം അനാവരണം ചെയ്യുന്ന പല സംഭവങ്ങളും തുറന്നെഴുത്തുകളും കന്യാസ്തീകളിലൂടെയും അല്ലാതെയും പുറംലോകമറിഞ്ഞിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് മുന്‍വൈദികനായ ഷിബു.കെ.പിയുടെ 'എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്, സഭാജീവിതത്തിലെ പൊരുത്തക്കേടുകളെ കുറിച്ച്' എന്ന പുസ്തകം.

കുമ്പസാര രഹസ്യമുപയോഗിച്ച് വൈദികര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതു മുതല്‍ സഭയില്‍ നിന്ന് പുറത്തു ചാടാനൊരുങ്ങിയ പെണ്‍കുട്ടിയെ ഒരു പെന്തക്കോസ്ത് വൈദികന്‍ കൊന്നതുവരെയുള്ള കാര്യങ്ങള്‍ അദ്ദേഹം തന്റെ പുസ്തകത്തില്‍ തുറന്നെഴുതുന്നുണ്ട്. നിരന്തര പീഡനങ്ങളും പുറത്തിറങ്ങിയാല്‍ ഏറ്റെടുക്കാനോ സ്വീകരിക്കാനോ ആരുമില്ലാത്തതുമാണ് എല്ലാം സഹിച്ച് ജീവിക്കാന്‍ കന്യാസ്തീകളെ പ്രേരിപ്പിക്കുന്നത്. ചിലരെങ്കിലും ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുമ്പോള്‍ മാത്രം വല്ലതുമൊക്കെ പുറംലോകമറിയുന്നു.

തീര്‍ത്തും അവിശ്വസനീയമായ, അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന സഭാപീഡന വിശേഷങ്ങള്‍ കേള്‍ക്കുമ്പോഴും നിരന്തരം ആവര്‍ത്തിക്കപ്പെടുമ്പോഴും അവസാനം അത് മുഖ്യഅജണ്ടയാക്കി ഒരു നാലുദിന ഉച്ചക്കോടി വരെ വിളിച്ചു ചേര്‍ക്കേണ്ട ഗതികേട് കത്തോലിക്കാ സഭയ്ക്കുണ്ടാകുമ്പോഴും ഇതിന്റെ മൂലകാരണത്തിലേക്കാണ് നാം ശ്രദ്ധകൊടുക്കേണ്ടത്. ക്വുര്‍ആന്‍ അക്കാര്യം പറയുന്നതിങ്ങനെയാണ്:

''പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്റെ പ്രീതി തേടേണ്ടതിന് (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു'' (ക്വുര്‍ആന്‍ 57:27).

സന്യാസത്തെ ഒരിക്കലും ദൈവം നിയമമാക്കിയിരുന്നില്ല. എന്നാല്‍ ചിലരെങ്കിലും ദൈവപ്രീതിക്ക് വേണ്ടിയെന്ന പേരില്‍ സന്യാസം സ്വീകരിച്ചു. എന്നാല്‍ അവര്‍ക്കത് പാലിക്കാന്‍ സാധിച്ചതുമില്ല. അത് സാധിക്കില്ല, സാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ലോകമെമ്പാടും തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വൈദിക പീഡന വാര്‍ത്തകള്‍.

മതത്തില്‍ ദൈവം നിശ്ചയിച്ചിട്ടില്ലാത്ത ഒരു കര്‍ശന നിയമം ദൈവപ്രീതിക്ക് വേണ്ടിയായാലും അല്ലെങ്കിലും പുതുതായി നിര്‍മിക്കുകയും അതില്‍ അതിരുകവിയുകയുമാണ് ക്രൈസ്തവര്‍ ചെയ്തത്. ഉദ്ദേശം നല്ലതായിരുന്നെങ്കിലും അല്ലാഹു നിയമമാക്കാത്ത ഒരു സമ്പ്രദായം മതത്തില്‍ കെട്ടിയുണ്ടാക്കിയ അവര്‍ക്ക് അത് പാലിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ഒട്ടേറെ വിനകള്‍ക്കും ഭവിഷ്യത്തുകള്‍ക്കും ഇടയാക്കുകയും എത്രയോ മനുഷ്യായുസ്സുകള്‍ മഠമാകുന്ന കാരാഗൃഹത്തിനുള്ളില്‍ എരിഞ്ഞുതീരാന്‍ കാരണമാവുകയും ചെയ്തു. എത്രയോ സ്ത്രീപുരുഷന്മാരും പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളും വരെ വമ്പിച്ച ദുഷ്‌കൃത്യങ്ങള്‍ക്ക് ഇരകളായി. ഇത്തരം ദുഷ്‌ചെയ്തികള്‍ക്ക് വഴിവെക്കുന്ന സമ്പ്രദായമാണ് ബ്രഹ്മചര്യം എന്നത് വിസ്തരിച്ചു പറയാതെ വളരെ മാന്യമായ രീതിയില്‍ 'അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചില്ല' എന്ന ഒരൊറ്റ വാചകത്തില്‍ അതെല്ലാം ക്വുര്‍ആന്‍ ഒതുക്കിയിരിക്കുകയാണ്.  

മുഹമ്മദ് അമാനി മൗലവി ഈ സൂക്തം വിശദീകരിച്ചു കൊണ്ട് പറഞ്ഞ ഈ വാചകങ്ങള്‍ ശ്രദ്ധേയമാണ്: ''തങ്ങളുടെ മറ പൊളിക്കാതെ കാര്യം തുറന്നുകാട്ടിയ ഈ വചനത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ സമുദായം വാസ്തവത്തില്‍ ക്വുര്‍ആനിനോട് കടപ്പെട്ടിരിക്കുകയാണ്.'' 

ഇവിടെയാണ് ലൈംഗികത ഒരു പാപമല്ലെന്നും പങ്കാളിയോടൊത്താണെങ്കില്‍ അത് പുണ്യമാണെന്നുമുള്ള ഇസ്ലാമിക അധ്യാപനത്തിന്റെ പ്രസക്തി. ലൈംഗിക വികാരങ്ങള്‍ മനുഷ്യന്റെ പ്രകൃതിയില്‍ പെട്ടതാണ്. ആതുകൊണ്ട് തന്നെ പ്രകൃതിമതമായ ഇസ്ലാം ഒരിക്കലും ലൈംഗികതയെ ഒരു പാപമായി ഗണിച്ചില്ല. മനുഷ്യപ്രകൃതിയുടെ ഭാഗമായി നിശ്ചയിച്ച കാര്യങ്ങളൊക്കെ പ്രാവര്‍ത്തികമാക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ നിയമം. ശരീര തൃഷ്ണയെ അവഗണിക്കുകയും സ്വശരീരത്തെ പീഡിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിവിരുദ്ധത കൊണ്ട് തന്നെയാണ് ഇസ്ലാം ബ്രഹ്മചര്യത്തെ അനുകൂലിക്കാത്തത്. ശരീരത്തിന്റെ തൃഷ്ണയെ പൂര്‍ണമായും അവഗണിക്കുകയല്ല, പ്രത്യുത അതിന് ഏറ്റവും പവിത്രമായ മാര്‍ഗമൊരുക്കുക എന്നതാണ് ഇസ്ലാം കാണിച്ചു തന്ന പരിഹാരം. ഉസ്മാന്‍ ഇബ്‌നു മള്ഊനിനെ പോലുള്ള സ്വഹാബിമാര്‍ ബ്രഹ്മചര്യം പ്രഖ്യാപിക്കുകയും മറ്റുള്ള സ്വഹാബിമാരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്ത വിവരമറിഞ്ഞ മുഹമ്മദ് നബി ﷺ അതിനോട് പ്രതികരിച്ചത് 'നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ നശിച്ചത് തീവ്രത കൊണ്ടാണ്. അവര്‍ തങ്ങളുടെ ശരീരങ്ങളെ പീഡിപ്പിച്ചു. അപ്പോള്‍ അല്ലാഹു അവരുടെ മേല്‍ കാര്‍ക്കശ്യം കാണിച്ചു. ആശ്രമങ്ങളിലും മഠങ്ങളിലുമുള്ളത് അവരുടെ അവശിഷ്ടങ്ങളാണ്'' എന്ന് പറഞ്ഞുകൊണ്ടാണ്.

ഒരിക്കല്‍ മൂന്ന് സ്വഹാബിമാര്‍ നബി ﷺയുടെ പത്‌നിമാരുടെ അടുക്കല്‍ ചെന്ന് അവിടുത്തെ ആരാധനകളെ പറ്റി അന്വേഷിച്ചറിഞ്ഞു. അവര്‍ക്കത് കുറച്ചേയുള്ളൂ എന്ന് തോന്നി. അദ്ദേഹം നബിയായതിനാല്‍ അത്ര മതിയാകും. എന്നാല്‍ നമ്മള്‍ സാധാരണക്കാര്‍, നമ്മള്‍ ഇതിലധികം ചെയ്യേണ്ടതുണ്ട് എന്ന് അവര്‍ ചിന്തിച്ചു. അങ്ങനെ അവരില്‍ ഒരാള്‍ ഞാന്‍ സ്ത്രീകളില്‍ നിന്ന് അകന്നുനില്‍ക്കുമെന്നും വിവാഹം കഴിക്കുകയില്ല എന്നും തീരുമാനമെടുത്തു. മറ്റൊരാള്‍ താന്‍ ഇനി മുതല്‍ എല്ലാ ദിവസവും രാത്രിമുഴുവന്‍ ഉറങ്ങാതെ നമസ്‌കരിക്കുമെന്നും മൂന്നാമത്തെ വ്യക്തി താനിനി എല്ലാ ദിവസവും നോമ്പ് പിടിക്കുമെന്നും തീരുമാനിച്ചു. ഈ വിവരമറിഞ്ഞ പ്രവാചകന്‍ അവരെ വിളിച്ചുവരുത്തുകയും 'ഞാന്‍ നോമ്പെടുക്കാറുണ്ട്, ഒഴിവാക്കാറുമുണ്ട്. രാത്രി നമസ്‌കരിക്കാറുണ്ട്, ഉറങ്ങാറുമുണ്ട്. ഞാന്‍ വിവാഹം കഴിച്ചിട്ടുമുണ്ട്' എന്നായിരുന്നു. ശേഷം നബി ﷺ 'എന്റെ ചര്യയോട് വിമുഖത കാണിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല' എന്ന താക്കീതും നല്‍കി. മൂന്നു പേരും കൂടുതല്‍ ആരാധനകള്‍ ചെയ്ത് അല്ലാഹുവിലേക്ക് അടുക്കുക എന്ന നല്ല ചിന്തയോടെയണ് ഈ തീരുമാനങ്ങള്‍ എടുത്തത്. എന്നാല്‍ ഇത് അതിരുകവിച്ചിലും സത്യവിശ്വാസിക്ക് യോജിക്കാത്ത പ്രവര്‍ത്തനവുമാണ് എന്ന് പറഞ്ഞ് നബി ﷺ അവരെ പിന്തിരിപ്പിക്കുകയായിരുന്നു.

ആത്മീയതയുടെ ഈ അതിരുകവിച്ചിലിനെ നിരുല്‍സാഹപ്പെടുത്തുക മാത്രമല്ല ഇസ്ലാം ചെയ്തത്. വിവാഹത്തെ ആത്മീയയോട് ഇഴചേര്‍ക്കുകയും 'വിവാഹം കഴിക്കുന്നതോടെ ഒരാളുടെ മതത്തിന്റെ പാതി പൂര്‍ത്തിയായി' എന്ന് പഠിപ്പിക്കുകയും ചെയ്തു. മനുഷ്യര്‍ ഇണകളായി ജീവിക്കണമെന്നതാണ് സൃഷ്ടിപ്പിന്റെ താല്‍പര്യമെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

''നിങ്ങള്‍ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 30:21).

കേവലം ഉപരിപ്ലവമായ നിയമങ്ങള്‍ക്കും അത്മീയാഭ്യാസങ്ങള്‍ക്കുമപ്പുറം മനുഷ്യന്റെ മനസ്സറിയുന്ന, പ്രകൃതിയറിയുന്ന സൃഷ്ടിച്ച നാഥന്റെ നിയമങ്ങളാണ്, അത്തരത്തിലൊരു സമഗ്ര വിശ്വാസ-ജീവിത പദ്ധതിയാണ് എന്നതാണ് ഇസ്‌ലാമിനെ വേറിട്ടുനിര്‍ത്തുന്നതും. 

മനുഷ്യനിര്‍മിതമായ ബ്രഹ്മചര്യം എത്രത്തോളം അപ്രായോഗികവും മനുഷ്യപ്രകൃതിക്ക് നിരക്കാത്തതുമാണെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. നിര്‍മിച്ച ആളുകള്‍ക്ക് തന്നെ പിന്തുടരാന്‍ പറ്റാത്ത തരത്തില്‍ അവരെത്തന്നെ തിരിച്ചു കൊത്തിക്കൊണ്ടിരിക്കുകയാണ് ആ നിയമങ്ങള്‍. ഇവിടെയാണ് മനുഷ്യന്റെ ശുദ്ധപ്രകൃതിയിലേക്ക് തിരിച്ചു വിളിക്കുന്ന ഇസ്ലാമിന്റെ ശബ്ദം കൂടുതല്‍ പ്രസക്തമാകുന്നത്

''ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിക്കൊണ്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (ക്വുര്‍ആന്‍ 30:30).